കവിത ഒരിക്കലുമൊരു വാക്കായിരുന്നിട്ടില്ല
വാക്കുകളുടെ അതിരുകള്‍ തകര്‍ക്കുന്ന ജീവിതമാണത്
സഹ്യന്റെ മകന്‍ വൈലോപ്പിള്ളിയുടെ കവിതയില്‍നിന്ന്
കാടിറങ്ങി കൊമ്പുകുലുക്കി ചിന്നംവിളിച്ച്
മനുഷ്യരുടെ ദുരാഗ്രഹത്തിന്റെ നഗരമോഹങ്ങളില്‍
അലറിപ്പായുന്നു
അവനിന്ന് പേര് അരിക്കൊമ്പനെന്ന്
അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച്
മനുഷ്യക്കോലംകെട്ടിയ ദുരന്തങ്ങള്‍
വെടിക്കോപ്പും പന്തങ്ങളും പടക്കങ്ങളുമായി
സഹ്യന്റെ ഹരിതഗൃഹങ്ങളില്‍
പലനിറമുള്ളകൊടികള്‍ കെട്ടിയ കുന്തങ്ങളുംപേറി
ആര്‍ത്തുവിളിക്കുന്നു-
അരിക്കൊമ്പനെക്കൊല്ലുക
ആനകളെ കൂട്ടത്തോടെ നാടുകടത്തി
ഞങ്ങളുടെ ദുരയുടെ ഒടുങ്ങാത്ത ആര്‍ത്തി തീര്‍ക്കുക
കാടുകള്‍ തെളിച്ച് മലകളിടിച്ച് നിരത്തി
ഞങ്ങളുടെ വോട്ട്ബാങ്ക് കൃഷിക്കായി
നിലമൊരുക്കുക…
അരിക്കൊമ്പന്‍ വെറുമൊരാനയല്ല
അവന്‍ കാടിന്റെ പുരാവൃത്തമാണ്