ജഗന്നാഥ ക്ഷേത്രത്തിന്റെ മുഖ്യ കവാടം സിംഹ ദ്വാരം എന്ന പേരിലാണ് അറിയപ്പെടുന്നത്. കവാടത്തിന്റെ ഇരുഭാഗങ്ങളിലും ശിലാ നിര്‍മ്മിതമായ ഒഡീഷ ശില്പ ശൈലിയിലുള്ള രണ്ട് സിംഹങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ സിംഹ ശില്പങ്ങള്‍ ഇതേ മാതിരി ഉള്ളവയാണ്. അതിപുരാതന കാലം മുതല്‍ ശ്രീലങ്കയ്ക്ക് ഒഡീഷയുമായി വ്യാപാര-സാംസ്‌കാരിക ബന്ധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വന്ന സാമ്യമായിരിക്കണം ഇത്. പുരി ജഗന്നാഥന്റെ കിഴക്കെ നടയാണ് സിംഹ ദ്വാരം എന്നറിയപ്പെടുന്നത്. മറ്റ് നടകള്‍ ഹാത്തി ദ്വാര്‍, അഥവാ ഗജ ദ്വാര്‍ എന്നും അശ്വ ദ്വാര്‍ വ്യാഘ്ര ദ്വാര്‍ എന്നും യഥാക്രമം അറിയപ്പെടുന്നു. ആന, കുതിര, കടുവ എന്നീ മൃഗശില്പങ്ങള്‍ മറ്റ് കവാടങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പുരി ജഗന്നാഥന് പതിത പാവന്‍ എന്നുകൂടി പേരുണ്ട് എന്ന് കേളു പാണ്ഡ പറഞ്ഞപ്പോഴാണ് മനസ്സിലായത്. പതിതന്റെ രക്ഷകനാണത്രെ ഇവിടുത്തെ ഭഗവാന്‍. പതിത പാവനസീതാറാം എന്നു ഗാന്ധിജി പാടാറുള്ള രാംധുന്‍ ആണ് എനിക്ക് ഓര്‍മ്മ വന്നത്. കിഴക്കെ നടയില്‍ സിംഹ ദ്വാരത്തിനു മുന്നില്‍ ഭക്തജനങ്ങള്‍ക്ക് കാല്‍ കഴുകി ശുദ്ധമാക്കി പ്രവേശിക്കാന്‍ വേണ്ടി കൃത്രിമമായ ജലധാര ഒരുക്കിയിട്ടുണ്ടായിരുന്നു. സിംഹ ദ്വാരത്തിനു മുന്നില്‍ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച അരുണ സ്തംഭം സ്ഥാപിച്ചിരിക്കുന്നത് കേളു പാണ്ഡ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കൊടിമരം പോലെ തോന്നുന്ന ഈ ശിലാസ്തംഭം ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചത് ഛത്രപതി ശിവാജി മഹാരാജാവാണെന്ന് കരുതുന്നു. സൂര്യന്റെ തേരാളിയായ അരുണന്റെ ശില്പം ഈ സ്തംഭത്തിനു മുകളില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അക്കാലത്ത് കടല്‍ത്തീരത്ത് നാശോന്മുഖമായി കിടന്നിരുന്ന കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിനു മുന്നില്‍ നിന്നിരുന്ന അരുണ സ്തംഭത്തെ എങ്കിലും സംരക്ഷിക്കാം എന്നു കരുതിയാവാം ശിവാജി ഇത് ജഗന്നാഥ ക്ഷേത്രത്തിനു മുന്നില്‍ കൊണ്ടുവന്നു സ്ഥാപിച്ചത്. അരുണ സ്തംഭത്തിന്റെ മുന്നില്‍ നിന്നും 22 പടിക്കെട്ടുകള്‍ കയറിയാല്‍ ക്ഷേത്രത്തിലേക്കുള്ള കരിങ്കല്‍ കവാടത്തിനു മുന്നിലെത്താം. ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ശനി ശിലയില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് പുരി ക്ഷേത്രത്തിലെ സവിശേഷമായ അനുഷ്ഠാനമാണ്. ശനിദോഷം മാറാന്‍ ഇത് നല്ലതാണത്രെ. ചെങ്ങന്നൂര്‍ ക്ഷേത്ര മുറ്റത്ത് അഗ്‌നിബാധയാല്‍ നശിച്ചതെന്നു കരുതുന്ന വൃത്തശ്രീകോവിലിന്റെ തറയോട് ചേര്‍ന്ന് ഒരു ശിലയില്‍ കയറി നിന്ന് പ്രാര്‍ത്ഥിക്കുന്ന അനുഷ്ഠാനമാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. കരിങ്കല്‍ കവാടത്തിന്റെ ഇരുവശങ്ങളിലുമായി ജയ വിജയന്മാരുടെ വിഗ്രഹങ്ങള്‍ ദ്വാരപാലകരായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വൈകുണ്ഠത്തില്‍ ഭഗവാന്‍ വിഷ്ണുവിന്റെ ദ്വാരപാലകരാണ് ജയവിജയന്മാര്‍. അതായത് പുരി ജഗന്നാഥ ക്ഷേത്രം ഭൂലോക വൈകുണ്ഠമാണെന്ന സൂചനയാണ് ഈ ദ്വാരപാലക ദര്‍ശനത്തില്‍ നിന്നും ഭക്തന് പകര്‍ന്നു കിട്ടുന്നത്. ഉള്ളിലേക്ക് കടന്നാല്‍ ആദ്യം കാണുന്ന മണ്ഡപങ്ങളില്‍ ഒന്നാണ് മുക്തിമണ്ഡപം. ഇവിടെ ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ ബ്രഹ്‌മഹത്യാദി പാപങ്ങളില്‍ നിന്നു വരെ മോചനം കിട്ടുമത്രെ. ക്ഷേത്ര മതില്‍ കെട്ടിനുള്ളില്‍ ജഗന്നാഥനെ കൂടാതെ നിരവധി പ്രതിഷ്ഠകള്‍ വേറെയുണ്ട്. ഏറ്റവും രസകരമായ ഒരു കാര്യം വൈഷ്ണവ ഭക്തിയുടെ കേന്ദ്രമായ പുരി ശാക്‌തേയ ആരാധകര്‍ പവിത്രമായി കരുതുന്ന ഒരു ശക്തിപീഠം കൂടി ആണ് എന്നതാണ്. ഇത് എനിക്ക് പുതിയ അറിവായിരുന്നു. മതില്‍ക്കെട്ടിനുള്ളിലെ വിമലാദേവി മന്ദിറാണ് ശക്തി പീഠമായി കരുതിപ്പോരുന്നത്. ഇത് ദക്ഷയാഗഭൂമിയില്‍ അഗ്‌നിപ്രവേശം ചെയ്ത സതീദേവിയുടെ പൊക്കിള്‍പ്രദേശം വന്നു വീണ സ്ഥലമായി ഭക്തര്‍ കരുതുന്നു. കുങ്കുമാഭിഷിക്തയായ പരാശക്തിയുടെ വിഗ്രഹം പ്രാചീനമായ ഒരു ശാക്‌തേയ കേന്ദ്രമായിരുന്നോ പുരി എന്നു തോന്നിപ്പിക്കുന്നതായിരുന്നു. കാമാഖ്യയും കാളീഘട്ടവുമൊക്കെ ഭാരതത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ശക്തിപീഠങ്ങള്‍ മാത്രമായല്ല, പ്രാചീനമായ ഒരു ഉപാസനാ സമ്പ്രദായത്തിന്റെ അടയാളങ്ങള്‍ കൂടിയായാണ് കണക്കാക്കി പോരുന്നത്. ഇവയുടെ സാമീപ്യ സ്വാധീനം ഒഡീഷയിലേയ്ക്കും വ്യാപിച്ചിരുന്നു എന്നതിന്റെ തെളിവായി തോന്നി പുരിയിലെ ഈ ശക്തിപീഠ സങ്കേതം. വൈഷ്ണവ ഭക്തി പ്രസ്ഥാനം ഒഡീഷയിലും ബംഗാളിലും ആസ്സാമിലുമെല്ലാം ഒരു കാലത്ത് ശക്തമായിരുന്നു. ശക്തിപീഠമായ വിമലാ ദേവി മന്ദിറില്‍ നിന്നും ഞങ്ങള്‍ നേരെ പോയത് മഹാലക്ഷ്മി മന്ദിറിലേക്കായിരുന്നു. സ്വര്‍ണ്ണാഭരണവിഭൂഷിതയായ മഹാലക്ഷ്മീ വിഗ്രഹം സാമാന്യം വലിപ്പമുള്ള ഒന്നാണ്. ക്ഷേത്ര മതില്‍ക്കകത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പേരാലിന്റെ ചോട്ടില്‍ ഉള്ള വട ജഗന്നാഥനും അതുപോലെ കല്‍പ്പവൃക്ഷ ഗണേഷും ഇവിടുത്തെ സവിശേഷ പ്രതിഷ്ഠകളാണ്. ഭുവനേശ്വരിയുടെയും നരസിംഹത്തിന്റെയും ഉപദേവാലയങ്ങളും ഇവിടെ ദര്‍ശന പ്രാധാന്യത്തോടെ നിലകൊള്ളുന്നു. ഇത്രയെല്ലാം ചുറ്റി നടന്നു കണ്ടപ്പോള്‍ പകല്‍ ദര്‍ശനത്തിനു വരാന്‍ നിശ്ചയിക്കാതിരുന്നത് നന്നായെന്നു തോന്നി. കാരണം കരിങ്കല്‍ പാകിയ മതില്‍ക്കകത്തു കൂടി വെയിലത്തു നടന്നാല്‍ ചൂടു കൊണ്ട് തളര്‍ന്നു പോകുമായിരുന്നു. രാത്രി ക്ഷേത്രപരിസരം മുഴുവന്‍ വൈദ്യുത വെളിച്ചം കൊണ്ട് പകല്‍ പോലെ ആക്കിയിട്ടുണ്ടായിരുന്നു. ഇതിനുള്ളിലെ പ്രകാശ വിന്യാസം വളരെ ശാസ്ത്രീയമായി തോന്നി.
ആഹാരത്തിലെ അദ്വൈതം
കേളു പാണ്ഡ ഞങ്ങളെ ക്ഷേത്രപരിസരം മുഴുവന്‍ കൊണ്ടു നടന്നു കാണിക്കുന്നതിനിടയില്‍ ഒരു കാര്യം പറഞ്ഞു. ഒഡീഷയിലെ ഏറ്റവും വലിയ ഹോട്ടല്‍ പുരി ജഗന്നാഥ ക്ഷേത്രമാണത്രെ! ആദ്യം പറഞ്ഞതിന്റെ പൊരുള്‍ ഞങ്ങള്‍ക്ക് മനസ്സിലായില്ല – പിന്നീട് കേളു പാണ്ഡകാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ സംഗതി സത്യമാണെന്നു തോന്നി. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കെല്ലാം സൗജന്യ അന്നദാനം നടത്തി വരുന്നു. പ്രതിദിനം പതിനായിരങ്ങളെയാണ് ജഗന്നാഥന്‍ ഊട്ടുന്നത്. ആ നിലയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലാണ് പുരി ജഗന്നാഥ ക്ഷേത്രം എന്നു പറഞ്ഞാലും അതിശയോക്തി ഇല്ല. പുരി ക്ഷേത്രത്തിലെ തിടപ്പള്ളിയാണ് ലോകത്തിലെ ഏറ്റവും വലിയ അടുക്കള. ജഗന്നാഥന് ദിവസം ആറുനേരമാണ് നേദ്യം സമര്‍പ്പിക്കുന്നത്. ജഗന്നാഥനുള്ള പ്രസാദം തയ്യാറാക്കുന്നത് മഹാലക്ഷ്മി നേരിട്ടാണ് എന്നൊരു വിശ്വാസമുണ്ട്. ഈ ഐതിഹ്യമൊക്കെ കേട്ടപ്പോള്‍ വൈക്കത്തപ്പന്റെ പ്രാതല്‍ ആണ് ഓര്‍മ്മ വന്നത്. പ്രാതല്‍ വിളമ്പുമ്പോള്‍ ഉണ്ണുന്ന ഭക്തരില്‍ ഒരുവന്‍ ഭഗവാനായിരിക്കുമെന്ന വിശ്വാസം എത്ര ഉദാത്തമായതാണ്. അതു തന്നെയല്ലേ പുരി ജഗന്നാഥന്റെ ഭക്തരെയും ഭഗവാനായി കണ്ട് ഊട്ടുന്നതിന്റെ പിന്നിലുള്ള തത്ത്വം. ആഹാരത്തിലൂടെ പോലും അദ്വൈത വേദാന്തം പറയുന്ന ആരാധനാലയങ്ങള്‍ ഉള്ള ഭാരതത്തില്‍ ജനിക്കാന്‍ കഴിഞ്ഞവര്‍ എത്ര ധന്യരാണ്.
പുരി ജഗന്നാഥന്റെ പ്രസാദം തയ്യാറാക്കുന്നത് അതീവ ഭക്തി യോടെയും ശുദ്ധിയോടെയുമാണ്. ഒരു തരത്തിലുള്ള അശുദ്ധിയും ഭഗവാന്‍ പൊറുക്കില്ല എന്ന വിശ്വാസം ഇവിടുത്തെ പൂജാരിമാര്‍ക്കുണ്ട്. അഥവാ എന്തെങ്കിലും അശുദ്ധി സംഭവിച്ചാല്‍ തിടപ്പള്ളിയില്‍ ഒരു പട്ടിയുടെ നിഴല്‍ വരുമത്രെ! ഇത് മഹാലക്ഷ്മിയുടെ അതൃപ്തിയുടെ ലക്ഷണമായിക്കണ്ട് അശുദ്ധമായ നേദ്യം കുഴിച്ചുമൂടി പുതിയ നേദ്യം വീണ്ടും ഉണ്ടാക്കും. ഭഗവദ്ഗീതയില്‍ പറയും പ്രകാരമുള്ള ആഹാര ശുദ്ധിയില്‍ നമ്മുടെ പൂര്‍വ്വികര്‍ എത്രമാത്രം ജാഗ്രതപ്പെട്ടിരുന്നു എന്നതിന്റെ സൂചനയാണ് ഈ വിശ്വാസങ്ങളില്‍ നിഴലിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലും നേദ്യം ഉണ്ടാക്കുമ്പോള്‍ അങ്ങേയറ്റം ശുദ്ധി പാലിക്കാന്‍ ഒരു കാലത്ത് ശ്രദ്ധ വെച്ചിരുന്നു. ഇന്നും ഗുരുവായൂരില്‍ ഈ നേദ്യശുദ്ധി അങ്ങേയറ്റം പാലിക്കാറുണ്ടെന്നാണ് മനസ്സിലാകുന്നത്. ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ക്കാത്ത അമ്പത്താറിനം ഭക്ഷ്യപദാര്‍ത്ഥങ്ങളാണ് പുരി ജഗന്നാഥന് സാധാരണ നേദിക്കാറ്. വൈഷ്ണവര്‍ പൊതുവെ ഉള്ളി കഴിക്കാത്തവരാണ്. ജഗന്നാഥന്റെ നേദ്യവിശേഷങ്ങള്‍ കേട്ടപ്പോള്‍ അല്പം പ്രസാദം കിട്ടിയാല്‍ കൊള്ളാമെന്ന് മനസ്സില്‍ തോന്നാതിരുന്നില്ല. ഞങ്ങളുടെ മനസ്സറിഞ്ഞതുപോലെ കേളു പാണ്ഡ താന്‍ ഇപ്പോള്‍ തന്നെ പ്രസാദവുമായി വരാമെന്ന് പറഞ്ഞ് പോയി. ഞങ്ങളെ അദ്ദേഹം ഭുവനേശ്വരിദേവിയുടെ നടയില്‍ ഇരുത്തിയിട്ടാണ് പോയത്. അമ്മയുടെ മുന്നില്‍ ഉണ്ണാനിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ പ്രസാദവും കാത്ത് ഒരു പത്തു പതിനഞ്ച് മിനിറ്റ് ഇരുന്നിട്ടുണ്ടാവണം. കാട്ടിലയില്‍ നേദ്യച്ചോറുമായി കേളു പാണ്ഡ വന്നു. കൂടെ ഭഗവാനു നേദിച്ച ജിലേബിയുമുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ കിട്ടുന്ന ജിലേബിയുമായി രൂപത്തിലോ രുചിയിലോ നിറത്തിലോ ഒന്നും യാതൊരു സാമ്യവും ഇതിനുണ്ടായിരുന്നില്ല. ഏതാണ്ട് ഏത്തയ്ക്ക ബോളിയുടെ ആകൃതിയുള്ള ഈ പലഹാരം പുരി നഗരത്തിലെങ്ങും വില്‍പ്പനയ്ക്കു വച്ചിരിക്കുന്നതിന്റെ പൊരുള്‍ അപ്പോഴാണ് മനസ്സിലായത്. പൊങ്കാല നേദ്യം പോലൊരു മധുരചോറാണ് നേദ്യങ്ങളില്‍ പ്രധാനം. കേളു പാണ്ഡയെ ഞങ്ങള്‍ക്ക് സഹായി ആയി കിട്ടിയിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ജഗന്നാഥന്റെ മഹാപ്രസാദം കഴിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടാകുമായിരുന്നില്ല. ഒരു മുന്‍ വ്യവസ്ഥയുമില്ലാതെ തുടങ്ങിയ ഞങ്ങളുടെ യാത്രയെ ജഗന്നാഥന്‍ നേരിട്ട് നയിക്കുന്നതുപോലെ തോന്നിയ മുഹൂര്‍ത്തമായിരുന്നു മഹാപ്രസാദം ലഭിച്ചപ്പോള്‍ ഉണ്ടായത്. അയ്യായിരത്തിലധികം പാണ്ഡകള്‍ പുരോഹിതരായി പ്രവര്‍ത്തിക്കുന്ന മഹാക്ഷേത്രത്തില്‍ ഒരു സംഘ സ്വയംസേവകനായ പുരോഹിതന്‍ കാതങ്ങള്‍ക്കപ്പുറത്തു നിന്നുമെത്തിയ അജ്ഞാതരായ യാത്രികര്‍ക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിന്റെ ചേതോവികാരത്തെ സംഘ ഭക്തി എന്ന ഒറ്റവാക്കിലൂടെ അടയാളപ്പെടുത്താം എന്നു തോന്നുന്നു.
പുരിയില്‍ വെളുപ്പിന് അഞ്ചു മണിക്ക് നട തുറന്നാല്‍ രാത്രി പതിനൊന്നു മണിക്കാണ് നട അടയ്ക്കാറ്. എന്തായാലും രാത്രി ഒമ്പതര മണി ആയതിനാല്‍ ഇന്നത്തെ ക്ഷേത്ര സന്ദര്‍ശനം മതിയാക്കി ഞങ്ങള്‍ താമസസ്ഥലത്തേയ്ക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്ക് ആവശ്യമായ ക്ഷേത്ര പ്രസാദങ്ങള്‍ എല്ലാം വാങ്ങി വന്ന കേളു പാണ്ഡ മതില്‍ക്കെട്ടിനു പുറത്തു വരെ ഞങ്ങളെ അനുഗമിച്ചു. ഒരുപക്ഷെ ജീവിതത്തില്‍ ഇനി ഒരിക്കലും കാണാനിടയില്ലാത്ത ഒരു സൗഹൃദം യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ തെല്ല് നൊമ്പരം തോന്നാതിരുന്നില്ല.
ചില ചരിത്ര സവിശേഷതകള്‍
ഭാരതത്തിന്റെ അതിര്‍ത്തിക്കല്ലുകള്‍ പോലെ സ്ഥാപിതമായ നാല് വൈഷ്ണവ കേന്ദ്രങ്ങളെയാണ് ചതുര്‍ധാമങ്ങള്‍ എന്ന് പറയുന്നത്. രാമേശ്വരം, ബദരി, ദ്വാരക എന്നിവയോടൊപ്പം പുരിയേയും ധാമമായി കണക്കാക്കുന്നു.
ഭാരതത്തില്‍ മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത വിധത്തിലുള്ള നിരവധി സവിശേഷതകളുള്ള ഒരു ആരാധനാകേന്ദ്രമാണ് പുരി ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിന്റെ താഴികക്കുടമായി ഉറപ്പിച്ചിരിക്കുന്ന കൂറ്റന്‍ സുദര്‍ശനചക്രം നഗരത്തില്‍ എവിടെ നിന്നു നോക്കിയാലും കാണാം. ഭഗവാന്റെ തിരുവായുധത്തെ ഭഗവാനായി തന്നെ കണ്ടാണ് ഭക്തര്‍ വണങ്ങുന്നത്. അഷ്ട ധാതുക്കള്‍ (എട്ട് ലോഹങ്ങള്‍) കൊണ്ടുണ്ടാക്കിയ സവിശേഷമായ സുദര്‍ശനത്തിന്റെ നിര്‍മ്മാണ വിദ്യ ഇന്നും അജ്ഞാതമാണ്. ലോഹ വിദ്യയില്‍ പുരാതന ഭാരതം എത്രമാത്രം പുരോഗമിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഈ സുദര്‍ശനചക്രം. 2010 ല്‍ ഈ ചക്രത്തിന്റെ പുരാവസ്തു പ്രാധാന്യം മനസ്സിലാക്കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇത് നവീകരിക്കുകയുണ്ടായി.
വൈഷ്ണവ ഭക്തി പ്രസ്ഥാനം ഭാരതത്തില്‍ അലയടിച്ച കാലത്താണ് ജഗന്നാഥപുരി ക്ഷേത്രത്തിന്റെ വളര്‍ച്ചയും വികാസവും ഉണ്ടായതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിന് നെടുനായകത്വം വഹിച്ച രാമാനുജാചാര്യര്‍, മാധവാചാര്യര്‍, നിമ്പാര്‍ക്കാചാര്യര്‍, വല്ലഭാചാര്യര്‍ തുടങ്ങിയവരുടെ ഒക്കെ സാധനാ സങ്കേതവും കര്‍മ്മഭൂമിയുമായിരുന്നു പുരി. വൈഷ്ണവ ഭക്തി പ്രചരണത്തിന് വലിയ പങ്കുവഹിച്ച ചൈതന്യ മഹാപ്രഭു ഇരുപത്തിനാല് വര്‍ഷം പുരിയില്‍ സാധനാനിര്‍ഭരമായ ജീവിതം നയിക്കുകയുണ്ടായതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അതു പോലെ ആസാമിലും മറ്റും വൈഷ്ണവ ഭക്തി തരംഗം സൃഷ്ടിച്ച ശങ്കരദേവനും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ശങ്കരാചാര്യര്‍ തന്റെ ദ്വിഗ്വിജയ യാത്രയുടെ ഭാഗമായി പുരിയില്‍ എത്തുകയും ചതുര്‍മഠങ്ങളിലൊന്നായ ഗോവര്‍ദ്ധന മഠം ഇവിടെ സ്ഥാപിക്കുകയും ഉണ്ടായി.
ഉത്തര ഭാരതത്തിലെ മറ്റ് പല മഹാക്ഷേത്രങ്ങള്‍ക്കുമുണ്ടായ ദുര്യോഗങ്ങള്‍ പുരി ജഗന്നാഥ ക്ഷേത്രത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. ഇസ്ലാമിക പടയോട്ടം കാശിയേയും മഥുരയേയും അയോദ്ധ്യയേയുമൊക്കെ തകര്‍ത്തെറിഞ്ഞതുപോലെ തന്നെ പുരി ക്ഷേത്രത്തെയും ആക്രമിക്കുകയുണ്ടായിട്ടുണ്ട്. ചരിത്രരേഖകള്‍ പറയുന്നതനുസരിച്ച് ക്ഷേത്രം പതിനെട്ടു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1692 ല്‍ ഔറംഗസേബിന്റെ കാലത്ത് ക്ഷേത്രം ദീര്‍ഘകാലം അടച്ചിടേണ്ടതായി വന്നു. വിഗ്രഹാരാധന തന്റെ രാജ്യത്ത് നിഷിദ്ധമാക്കിയ ഔറംഗസേബ് പുരി ക്ഷേത്രം തുറന്നു പ്രവര്‍ത്തിച്ചാല്‍ തനിക്ക് തകര്‍ത്തു കളയേണ്ടി വരുമെന്ന് കല്‍പ്പന പുറപ്പെടുവിച്ചു. 1707ല്‍ ഔറംഗസേബിന്റെ മരണശേഷമാണ് പിന്നീട് ക്ഷേത്രം തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്.
(തുടരും)