ബോട്ട് സാവധാനം മറുകരയില്‍ കടലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ദ്വീപിനോട് അടുക്കുകയാണ്. മറ്റ് ചില ബോട്ടുകളും അവിടെ അടുത്തിട്ടുണ്ട്. ആഹാരം കഴിക്കാനുള്ള ഇടത്താവളമാണിത്. രാജന്‍ഐലന്റെന്നാണ് ഈ ദ്വീപിന്റെ പേരെന്ന് ബോട്ട് ഡ്രൈവര്‍ അമോല്‍ പറഞ്ഞ് ഞാന്‍ മനസ്സിലാക്കിയിരുന്നു. കരയില്‍ അവിടവിടെയായി ഓല കെട്ടിയ ചില തട്ടുകടകള്‍ അതിഥികളെ കാത്ത് തപസ്സു ചെയ്യുന്നുണ്ടായിരുന്നു. കാര്യം തട്ടുകടകളാണെങ്കിലും ബിയര്‍ അടക്കം എല്ലാം അവിടെ ലഭിക്കുമായിരുന്നു. ചിലിക്കയില്‍ നിന്നും പിടിച്ച ചില മത്സ്യങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങളുടെ യാത്രാ സംഘത്തിലുള്ളവര്‍ക്ക് അതില്‍ താത്പര്യമായി. നിമിഷങ്ങള്‍ക്കകം മീന്‍ കറിയും ചോറും അവരുടെ മുന്നില്‍ ചൂടോടെ എത്തി. ഞാന്‍ ഒരു പാത്രം നൂഡില്‍സ് പറഞ്ഞെങ്കിലും അത് വല്ലാതെ സ്‌പൈസിയായതുകൊണ്ട് കഴിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ കായലിലെ മത്സ്യങ്ങള്‍ക്ക് നൂഡില്‍സ് കൊണ്ട് മത്സ്യ ഊട്ട് നടത്തിയ ഞാന്‍ ഒരു കരിക്കുകൊണ്ട് വിശപ്പാറ്റി. ബംഗാള്‍ ഉള്‍ക്കടലിന്റെ ഇരമ്പം കേട്ട് അല്‍പ്പം വിശ്രമിച്ച ഞങ്ങള്‍ വീണ്ടും ബോട്ടില്‍ കയറി. ബോട്ട് അടുത്ത കാഴ്ചയിലേക്ക് കുതിച്ചു. കുറച്ച് ദൂരം സഞ്ചരിച്ച ഞങ്ങളുടെ ബോട്ട് മറ്റൊരു തുരുത്തില്‍ നങ്കൂരമിട്ടു. ലാല്‍ വാലാക്രാബ് ഐലന്റെന്ന് പേരുള്ള ഈ ദ്വീപില്‍ ധാരാളം ചുവന്ന ഞണ്ടുകളുണ്ടത്രെ. എന്നാല്‍ ചെമ്പന്‍ ഞണ്ടുകള്‍ ഞങ്ങള്‍ക്കു മുന്നില്‍ കാര്യമായി പ്രത്യക്ഷപ്പെട്ടില്ല. ബോട്ട് ഡ്രൈവര്‍ അമോല്‍ പറഞ്ഞത് ഞണ്ടുകള്‍ക്കും സീസണ്‍ ഉണ്ടെന്നാണ്. അവയുടെ സീസണില്‍ ആയിരക്കണക്കിന് ചെമ്പന്‍ ഞണ്ടുകള്‍ ദ്വീപില്‍ മദിച്ചു നടക്കുമത്രെ. യാത്രക്കാരെ നിരാശപ്പെടുത്താതിരിക്കാനെന്നവണ്ണം കുറച്ച് ഞണ്ടുകളെ പാത്രത്തില്‍ ഇട്ട് വച്ചിട്ടുണ്ട്. അവ ചാടിപ്പോകാതിരിക്കാന്‍ പാത്രങ്ങള്‍ വല കൊണ്ട് മൂടിയിരുന്നു. കാഴ്ചയില്‍ ചെമ്പന്‍ ഞണ്ടുകള്‍ സുന്ദരന്മാരായിരുന്നു. കരയോട് ചേര്‍ന്ന് ഒരു വലിയ കൊക്ക് അതിന്റെ പതിവുള്ള ഞണ്ടുവേട്ട നടത്തുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ഞാന്‍ ശ്രമിക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ ബോട്ടിനെ സമീപിച്ചത്. ഞങ്ങള്‍ക്ക് ഹിന്ദിയാണോ ഇംഗ്ലീഷാണോ കൂടുതല്‍ വഴങ്ങുക എന്നു ചോദിച്ചുകൊണ്ട് അയാള്‍ ഒരിന്ദ്രജാലക്കാരനെപ്പോലെ തന്റെ കയ്യിലുണ്ടായിരുന്ന പാത്രത്തിന്റെ മൂടി തുറന്ന് ഏതാനും ചിപ്പികള്‍ (ഓയിസ്റ്റര്‍)പുറത്തെടുത്തു. തടാകത്തില്‍ നിന്നും ശേഖരിച്ചതെന്നു തോന്നുന്ന അവ ഓരോന്നായി അയാള്‍ ബോട്ടിന്റെ പടിയില്‍ വച്ച് അടിച്ച് പൊട്ടിക്കാന്‍ തുടങ്ങി. ആദ്യം കാര്യമെന്തെന്ന് മനസ്സിലായില്ലെങ്കിലും മൂന്നാമത്തെ ചിപ്പി പൊട്ടിച്ചപ്പോഴാണ് കാര്യം ബോധ്യമായത്. ചിപ്പിക്കുള്ളിലെ ഇറച്ചിയില്‍ നിന്ന് ഒരു വെളുത്ത മുത്ത് അയാള്‍ പുറത്തെടുത്തു. തുടര്‍ന്ന് വീണ്ടും ചില ചിപ്പികള്‍ കൂടി അടിച്ചുടച്ചപ്പോള്‍ ചിലതില്‍ നിന്ന് മുത്ത് ലഭിച്ചു. ആ മുത്തുകള്‍ വിറ്റ് ഉപജീവനം നടത്തുന്ന സൂര്യകാന്ത് ഞങ്ങളെ മുത്ത് വാങ്ങാന്‍ പ്രേരിപ്പിച്ച് തുടങ്ങി. മുത്തുച്ചിപ്പിയില്‍ നിന്നും മുത്ത് നേരിട്ടെടുക്കുന്നതിന്റെ കാഴ്ചയില്‍ വിസ്മയഭരിതരായി നിന്ന ഞങ്ങളുടെ മുന്നില്‍ ഒരു മുത്തിന് അയാള്‍ ആയിരം രൂപ പറഞ്ഞു. ബാലകൃഷ്ണന്‍ജിയും സതീശ്ജിയും മുത്തില്‍ വല്ലാതെ ആകൃഷ്ടരായിരുന്നു. വീട്ടില്‍ മടങ്ങിയെത്തി ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും മുത്ത് നല്‍കുന്ന ദൃശ്യം അവരുടെ മനസ്സിന്റെ തിരശ്ശീലയില്‍ ഓടുന്നത് മുഖത്ത് നോക്കിയാല്‍ കാണാന്‍ കഴിയുമായിരുന്നു. എനിയ്ക്കും അഖിലേഷിനും മുത്ത് കൊടുക്കാന്‍ പാകത്തില്‍ ആരും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ കച്ചവടം കണ്ടു നിന്നതേയുള്ളൂ. അവസാനം ഒരു മുത്തിന് അഞ്ഞൂറ് രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. പ്രാര്‍ത്ഥനാപൂര്‍വ്വം സൂര്യകാന്ത് മുത്തുകള്‍ കൈമാറി. ഞങ്ങള്‍ യാത്ര തുടരാന്‍ തയ്യാറാകുമ്പോള്‍ അയാള്‍ തന്റെ പാത്രത്തില്‍ നിന്നും മറ്റൊരു സാധനം പുറത്തെടുത്തു. അസ്ഥികള്‍ പോലെ തോന്നിച്ച ആ വസ്തു കോറല്‍ റീഫ്‌സ് എന്ന കടല്‍ ജീവികളുടെ ശേഷിപ്പായിരുന്നു. അതുടച്ച അയാള്‍ ചെറിയ ചക്ക കുരുവിന്റെ വലിപ്പമുള്ള രത്‌നം പോലെ വെട്ടിത്തിളങ്ങുന്ന ഒരു വസ്തു പുറത്തെടുത്തു. ചന്ദ്രകാന്തമെന്ന അതിവിശിഷ്ട വസ്തുവാണത്രെ അത്. അതിന്റെ തിളക്കത്തില്‍ എന്റെ കണ്ണ് മങ്ങിയെന്ന് കച്ചവടക്കാരന് മനസ്സിലായി. അയാള്‍ ആയിരത്തി അഞ്ഞൂറ് രൂപ പറഞ്ഞു തുടങ്ങി. എനിക്ക് ഒട്ടും താത്പര്യമില്ലാത്തതുപോലെ നിന്നെങ്കിലും ചന്ദ്രകാന്തത്തിന്റെ തിളക്കം എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. ഞാന്‍ തീരെ താത്പര്യമില്ലാത്തതുപോലെ അഞ്ഞൂറ് രൂപ പറഞ്ഞു. അയാള്‍ ആയിരത്തിനു വേണ്ടി പേശിയെങ്കിലും അവസാനം അഞ്ഞൂറ് രൂപയ്ക്ക് വഴങ്ങി. (നാട്ടില്‍കൊണ്ടുവന്ന് ചന്ദ്രകാന്തം വിദഗ്ദ്ധരെ കാട്ടിയപ്പോഴാണ് അത് വെറും ഗ്ലാസ് ആണെന്ന് മനസ്സിലായത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തട്ടിപ്പ് ഏതൊ ക്കെ രീതിയിലാകാമെന്നതിന്റെ നല്ല ഉദാഹരണമാണ് ഇത്തരം സംഗതികള്‍. എന്തായാലും മുത്തുവാങ്ങിയവര്‍ വിദഗ്ദ്ധരെ കാണിച്ചിട്ടുണ്ടാവില്ല. അത്രയും ആശ്വാസം) കാഴ്ചയുടെ മുത്തും രത്‌നവും മുങ്ങിയെടുത്ത ഞങ്ങളുടെ യാത്ര അസ്തമന ശോഭയില്‍ തീരമണഞ്ഞു. സമയം അഞ്ചര കഴിഞ്ഞിരുന്നു. സായാഹ്ന വെളിച്ചത്തില്‍ തടാകത്തിന്റെ വിദൂര തീരങ്ങളിലെങ്ങോ മിഴിയുറപ്പിച്ച് ഏകാന്തതയിലിരിക്കുന്ന ഒരു മുത്തശ്ശി എന്റെ ശ്രദ്ധയില്‍ പെട്ടു. ജീവിതയാത്രയുടെ ഏതോ കടവില്‍ അവസാന വഞ്ചി കാത്തിരിക്കുന്ന ഒരു പ്രതീതി അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാനായി. അവരുടെ അനുവാദത്തോടെ ഞാന്‍ ചില ചിത്രങ്ങള്‍ പകര്‍ത്തുന്നതു കണ്ട ഗ്രാമീണരില്‍ ചിലര്‍ എന്റെ ചുറ്റിനും വന്നു കൂടി. ഞാന്‍ ആ വൃദ്ധയുടെ ചിത്രം വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഒക്കെ ഇടണമത്രെ. കാരണം കുറെ മാസങ്ങളായി ചിലിക്ക തടാകത്തിന്റെ കരയില്‍ അലഞ്ഞു തിരിയുന്ന ആ മുത്തശ്ശി ആരാണെന്നോ എവിടെ നിന്നു വന്നെന്നോ ആര്‍ക്കുമറിയില്ല. ബോട്ട് ക്ലബ്ബിന്റെ തിണ്ണയില്‍ അന്തിയുറങ്ങുന്ന വൃദ്ധ ആരോടും അധികമൊന്നും സംസാരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ അവരുടെ ചിത്രമിട്ടാല്‍ ബന്ധുക്കളാരെങ്കിലും വന്ന് കൂട്ടിക്കൊണ്ടു പോകുമെന്നാണ് ഗ്രാമീണരുടെ പ്രതീക്ഷ. പുഷ്പ എന്നു പേരുള്ള ആ അനാഥ മുത്തശ്ശി ജീവിതത്തിന്റെ പൊരുളില്ലായ്മയുടെ ഒരു രൂപകം പോലെ സായാഹ്നനിഴല്‍ പരത്തി എന്റെ മനസ്സില്‍ ഇപ്പോഴുമിരിക്കുകയാണ്. കുറച്ച് രൂപ അവരുടെ കൈകളില്‍ വച്ച് കൊടുത്ത് ഞങ്ങള്‍ കാറിലേക്ക് നടന്നു.



അന്നദാതാവായ ജഗന്നാഥന്‍
ഒഡീഷയാത്രയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നായ പുരി ജഗന്നാഥ ദര്‍ശനം ചിലിക്ക തടാകത്തില്‍ നിന്നും മടങ്ങുന്ന വഴി തന്നെ നടത്തുന്നതാണ് നല്ലതെന്നു പറഞ്ഞത് സുമന്ത് പാണ്ഡേജി ആയിരുന്നു. ഞങ്ങള്‍ വൈകിട്ട് ഏഴുമണിയോടെ പുരിയില്‍ മടങ്ങി എത്തി. ക്ഷേത്രദര്‍ശനത്തിന് വേണ്ട ഏര്‍പ്പാടുകള്‍ സുമന്ത് പാണ്ഡേജി ചെയ്തിരുന്നു. കേളു പാണ്ഡ എന്ന ക്ഷേത്ര പുരോഹിതനെ ഞങ്ങളുടെ ദര്‍ശനം സുഗമമായി നടത്താന്‍ സുമന്ത്ജി ഏര്‍പ്പാടാക്കിയിരുന്നു. മുതിര്‍ന്ന സംഘ അധികാരിമാര്‍ ക്ഷേത്രദര്‍ശനത്തിനു വരുമ്പോള്‍ അവരെ ക്ഷേത്രം കൊണ്ടു നടന്ന് കാണിക്കുക എന്ന ദൗത്യം വര്‍ഷങ്ങളായി ഒരു വ്രതം പോലെ ചെയ്യുന്ന സ്വയംസേവകനായിരുന്നു കേളു പാണ്ഡ. ഒരു സ്വയംസേവകനെന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സംഘടനാ പ്രവര്‍ത്തനമായിരുന്നു അത്. ക്ഷേത്രത്തിലെ തിരക്കുകള്‍ക്കിടയില്‍ മറ്റ് രാഷ്ട്ര സേവന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല. രാജ്യത്തെ ഒട്ടുമിക്ക മഹാക്ഷേത്രങ്ങളിലും ഇതുപോലെ ആരെങ്കിലുമൊക്കെ ഉണ്ടാവുമെന്നത് എന്റെ അനുഭവമായിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചു കൊണ്ട് ഞാന്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരുന്ന സംഘ അധികാരിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടിരുന്ന കര്‍മ്മചാരി സംഘിലെ സ്വയം സേവകരെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോയി. രാത്രിയാണെങ്കിലും ക്ഷേത്രനഗരി വൈദ്യുത ദീപങ്ങളാല്‍ പകല്‍ പോലെ ശോഭിച്ചു. ജഗന്നാഥന്റെ പടുകൂറ്റന്‍ രഥമുരുളുന്ന വഴികളായതുകൊണ്ട് വൈദ്യുതകമ്പികളൊക്കെ മണ്ണിനടിയിലൂടെയാണ് പോയിരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ രാജവീഥിയെന്നു പറയാം. വളരെ ദൂരെ നിന്നു തന്നെ ജഗന്നാഥ ക്ഷേത്രത്തിന്റെ കുംഭ ഗോപുരങ്ങളും അതിന്റെ മേലെ പാറുന്ന കൊടിക്കൂറയും കാണാന്‍ കഴിയുമായിരുന്നു. ഉത്തര ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ കൊടിക്കൂറ കൊടിമരത്തിലല്ല ഉയര്‍ത്താറ്. കുംഭ ഗോപുരത്തിലാണ് കൊടി സ്ഥാപിക്കാറ്. ദ്വാരകാ ധീശ ക്ഷേത്രത്തിലൊക്കെ ദിവസം പലവട്ടം കൊടിമാറ്റി ഉയര്‍ത്തുന്ന അനുഷ്ഠാനം പോലുമുണ്ട്. അതുകൊണ്ട് മിക്ക ക്ഷേത്രങ്ങളിലും കേരളത്തിലേതുപോലെ കൊടിമരം പ്രതിഷ്ഠിച്ച് കാണാറില്ല. ജഗന്നാഥപുരിയിലെ വിദൂര ദൃശ്യത്തില്‍ തന്നെ നമ്മെ ആകര്‍ഷിക്കുന്നത് ക്ഷേത്രഗോപുരത്തിന്റെ ഉച്ചിയില്‍ സ്ഥാപിച്ചിരിക്കുന്ന സുദര്‍ശനചക്രമാണ്. ഏറെ സവിശേഷതകളുള്ള ഒരു വൈഷ്ണവ ചിഹ്നമാണ് ഇത്.
ഏതാണ്ട് രാത്രി ഏഴര ആയപ്പോള്‍ ഞങ്ങള്‍ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെത്തി. എല്ലാ ഇലക്ട്രോണിക് സാധനങ്ങളും ചെരുപ്പും പുറത്ത് സൗജന്യമായിസൂക്ഷിക്കാനുള്ള കൗണ്ടറുണ്ട്. ക്യാമറയടക്കം ഒന്നും ഉള്ളിലേക്ക് അനുവദിക്കില്ല. ഞങ്ങള്‍ സാധനങ്ങള്‍ സൂക്ഷിക്കാനേല്‍പ്പിച്ച് കേളു പാണ്ഡയെ ഫോണ്‍ ചെയ്തു. പാളത്താറുടുത്ത യുവാവായ പാണ്ഡ അഞ്ചു മിനിറ്റിനുള്ളില്‍ ഞങ്ങള്‍ നില്‍ക്കുന്നിടത്തെത്തി വിനീതവിധേയനായി ചിരിച്ചു നിന്നു. സാധാരണ ഗതിയില്‍ ഉത്തര ഭാരതത്തിലെ ക്ഷേത്ര പൂജാരിമാരായ പാണ്ഡകള്‍ ഭക്തജനങ്ങളെ പൂജകളുടെ പേരില്‍ കൊള്ളയടിക്കുന്നവരാണ്. അത്തരം പാണ്ഡകള്‍ ഞങ്ങള്‍ക്കു ചുറ്റിലും കഴുകന്‍ കണ്ണുകളോടെ പാറി പറക്കുന്നുണ്ടായിരുന്നു.എന്നാല്‍ കേളു പാണ്ഡയെ കണ്ടതോടെ അവരെല്ലാം ഞങ്ങളെ വിട്ടകന്നു. ക്ഷേത്രദര്‍ശനത്തിനായി വലിയ ക്യൂ ഉണ്ടായിരുന്നെങ്കിലും കേളു പാണ്ഡ അയാളുടെ സ്വാധീനമുപയോഗിച്ച് ഞങ്ങളെ സിംഹ ദ്വാരത്തിലൂടെ നേരെ ക്ഷേത്രത്തിനുള്ളിലേക്ക് ആനയിച്ചു. ക്ഷേത്രസംബന്ധമായ എല്ലാ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ച് തരുന്നുണ്ടായിരുന്നു.

ചതുര്‍ധാമങ്ങളില്‍ ഒന്നായ പുരിയുടെ ചരിത്രം മഹാഭാരത കാലം മുതല്‍ ആരംഭിക്കുന്നു. മഹാഭാരത കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇന്ദ്രദ്യുമ്‌ന മഹാരാജാവാണത്രെ പുരി ജഗന്നാഥ ക്ഷേത്രം നിര്‍മ്മിച്ചത്. ഇദ്ദേഹം ഭരതപുത്രനാണെന്ന് കരുതപ്പെടുന്നു. ഇന്ദ്രദ്യുമ്‌ന മഹാരാജാവിനും മുമ്പ് ഇവിടെ ജഗന്നാഥനെ ആരാധിച്ചിരുന്നത് വിശ്വവസു എന്ന ഗോത്ര വംശരാജാവായിരുന്നു. സ്‌കന്ദപുരാണം, ബ്രഹ്‌മപുരാണം എന്നിവ അനുസരിച്ച് വിശ്വവസുവില്‍ നിന്നും ഇന്ദ്രദ്യുമ്‌നന്‍ തന്ത്രത്തില്‍ കൈവശപ്പെടുത്തിയതാണ് ഈ ആരാധനാകേന്ദ്രം. പല മഹാക്ഷേത്രങ്ങളുടെയും ആദിമ അവകാശികള്‍ ഗോത്രവര്‍ഗ്ഗക്കാരായിരുന്നു എന്നതാണ് സത്യം. ഇന്ദ്രദ്യുമ്‌ന മഹാരാജാവിന് ഉണ്ടായ സ്വപ്‌നദര്‍ശനത്തില്‍ കടല്‍ തീരത്തടിഞ്ഞിരിക്കുന്ന ആര്യവേപ്പ് തടിയില്‍ വിഗ്രഹം നിര്‍മ്മിച്ച് പ്രതിഷ്ഠിക്കാന്‍ ആദേശം ലഭിച്ചുവത്രെ. വിഗ്രഹം പണിയാനെത്തിയ ശില്പി തന്റെ നിര്‍മ്മാണം മറ്റാരും കാണാന്‍ പാടില്ലെന്ന നിബന്ധന മുന്നോട്ടുവച്ചു. അടച്ചിട്ട പണിശാലയില്‍ നിന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ശബ്ദം ഒന്നും കേള്‍ക്കാത്തതിനാല്‍ രാജ്ഞി വാതില്‍ തുറന്നു നോക്കി പോലും. പാതി കഴിഞ്ഞ വിഗ്രഹനിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ശില്പി അന്തര്‍ധാനം ചെയ്തു.ശില്പിയുടെ വേഷത്തില്‍ എത്തിയത് സാക്ഷാല്‍ മഹാവിഷ്ണു തന്നെയായിരുന്നുവത്രെ. എന്തായാലും പുരിയിലെ മരവിഗ്രഹങ്ങള്‍ ഇന്നും പൂര്‍ണ്ണമായി പണിതീര്‍ത്തവയല്ല. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇവിടുത്തെ വിഗ്രഹങ്ങള്‍ അഗ്‌നിയില്‍ സമര്‍പ്പിച്ച് പുതിയവ ഉണ്ടാക്കി പ്രതിഷ്ഠിക്കും. ജഗന്നാഥന്‍, സുഭദ്ര, ബലഭദ്രന്‍ എന്നീ മൂര്‍ത്തികളെയാണ് ഇവിടെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്നത്. വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്ന പീഠത്തിന് രത്‌നവേദിക എന്നാണ് പറയാറ്. ശ്രീകോവിലില്‍ സുദര്‍ശനചക്രം, മദനമോഹനന്‍, ശ്രീദേവി, വിശ്വധാത്രി എന്നീ മൂര്‍ത്തികളുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
ഇന്നു കാണുന്ന ബൃഹത് ക്ഷേത്രസമുച്ചയം നിര്‍മ്മിച്ചത് 12-ാം നൂറ്റാണ്ടില്‍ ഗംഗാ രാജവംശത്തിലെ അനന്ത വര്‍മ്മന്‍ ചോദഗംഗാദേവന്റെ കാലത്താണെന്നു കരുതപ്പെടുന്നു. നാലു ലക്ഷം ചതുരശ്ര അടി വിസ്താരത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രത്തെ കോട്ട പോലുള്ള ചുറ്റുമതില്‍ കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. ചുറ്റുമതിലിന് ഏതാണ്ട് ഇരുപതടി ഉയരമുണ്ട്. ഒഡീഷയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം പുരി ജഗന്നാഥന്റെയാണ്. 214 അടി ഉയരമുണ്ട് പിരമിഡ് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്. വിമാനം അഥവാ ഗര്‍ഭഗൃഹം, മുഖശാല, നാട്യശാല, ഭോഗ മണ്ഡപം എന്നിങ്ങനെ നാലു ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഒഡീഷയിലെ ക്ഷേത്രങ്ങളുടെ വാസ്തു ഘടന. ഇതില്‍ ഭോഗ മണ്ഡപത്തില്‍ തര്‍പ്പണം പോലുള്ള അനുഷ്ഠാനങ്ങള്‍ നടക്കുന്നു. ജഗന്നാഥ ക്ഷേത്രത്തിന്റെ മുഖ്യ കവാടം സിംഹദ്വാരം എന്ന പേരിലാണ് അറിയപ്പെടുന്നത്. കവാടത്തിന്റെ ഇരുഭാഗങ്ങളിലും ശിലാനിര്‍മ്മിതമായ ഒഡീഷ ശില്പ ശൈലിയിലുള്ള രണ്ട് സിംഹങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ സിംഹ ശില്പങ്ങള്‍ ഇതേ മാതിരി ഉള്ളവയാണ്.
(തുടരും)