ഇസ്ലാമിനോടുള്ള സ്‌നേഹവും ഹിന്ദുധര്‍മ്മത്തോടുള്ള അവജ്ഞയും പുച്ഛവും ഒട്ടും കുറയാതെ തന്നെ ഉള്ളില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ പല തരത്തിലുള്ള കൗണ്‍സിലിങ്ങുകള്‍ നടത്തിയെങ്കിലും ഹിന്ദുധര്‍മ്മത്തിന്റെ മികവ് എനിക്ക് പറഞ്ഞു തരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പകരം അവര്‍ എന്നെ മന്ത്രവാദിയുടെ അടുത്തേക്കും ജോത്സ്യന്മാരുടെ അടുത്തേക്കും കൊണ്ടുപോയി കൊണ്ടിരുന്നു. ഒരു ജോത്സ്യന്‍ കയ്പ്പ് നിറഞ്ഞ ആരിവേപ്പിന്‍ നീര് കുടിപ്പിച്ച് ഉള്ളിലുള്ള കൈവിഷം ഛര്‍ദ്ദിപ്പിച്ച് കളയുവാനുമൊക്കെയായി നടന്നു. 15 ഗ്ലാസ് ആര്യവേപ്പിന്‍ നീരാണ് കൈവിഷ ചികിത്സക്കായി തന്നെക്കൊണ്ട് കുടിപ്പിച്ച് ഛര്‍ദ്ദിപ്പിച്ചത്. എത്ര പ്രാകൃതമാണ് ഈ രീതികള്‍. എങ്ങിനെയെങ്കിലും ഇവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് അള്ളായിലേക്ക് തിരിച്ച് പോകുവാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ഈ കാര്യം വീട്ടുകാര്‍ക്കും മനസ്സിലായിരുന്നു. അവര്‍ വിശ്രമമില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഞാന്‍ ആര്‍ഷവിദ്യാസമാജത്തിലെത്തി.
ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ അറിവുകള്‍ക്ക് മുകളില്‍ വെക്കാനുള്ള ജ്ഞാനമൊന്നും ആര്‍ഷവിദ്യാസമാജത്തിനില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഹിന്ദുവായി ജനിച്ച് ഹിന്ദുവായി ദീര്‍ഘകാലം ജീവിച്ച തനിക്ക് ആ മതത്തില്‍നിന്ന് യാതൊരുവിധ തത്വമോ ജ്ഞാനമോ കിട്ടിയില്ലെന്ന് മാത്രമല്ല മനസ്സിലാക്കിയതെല്ലാം മനുഷ്യനും ദൈവത്തിനും എതിരായ കാര്യങ്ങളും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളുമായിരുന്നു. കൈവിഷം കണ്ടെത്തുകയും ആര്യവേപ്പിന്‍ നീര് പ്രതിവിധിയായി കണ്ടെത്തുകയും ചെയ്ത ഇവര്‍ക്ക് ഈ ദിവസം വരെയായിട്ടും താന്‍ ചോദിച്ച ഒരു ചോദ്യത്തിനും മറുപടി തരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മറുഭാഗത്തോ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം റെഡി. ചോദിക്കുകയെ വേണ്ടു.
പഠിക്കുന്ന കാലത്തേ മുസ്ലിം സമൂഹവുമായിട്ടുള്ള അടുത്ത ബന്ധം. പഠിച്ച മൂന്ന് വിദ്യാലയങ്ങളും മുസ്ലിം മാനേജ്‌മെന്റ് വക. പഠനാനന്തരം അദ്ധ്യാപികയായി ജോലി കിട്ടിയതും മുസ്ലിം സഹോദരങ്ങള്‍ ധാരാളമുള്ള ഒരു വിദ്യാലയത്തില്‍.
പഠിക്കുന്ന കാലം മുതല്‍ തന്നെ ഇസ്ലാമിലേക്ക് നിരവധി പേര്‍ ക്ഷണിച്ചിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി ഏഴ് ലക്ഷം രൂപയാണ് ഇസ്ലാമിലേക്ക് മാറാന്‍ എനിക്ക് വാഗ്ദാനം നല്‍കിയത്. ഇസ്ലാമിനോട് തനിക്ക് എതിര്‍പ്പ് ഇല്ലായെന്ന് മനസ്സിലാക്കിയതോടെ മുസ്ലിം സഹോദരങ്ങള്‍ അവരുടെ മതപ്രചരണ സാമഗ്രികള്‍ എനിക്ക് നല്‍കുവാന്‍ തുടങ്ങിയിരുന്നു. സഹപ്രവര്‍ത്തകരായ മുസ്ലിങ്ങള്‍ തനിക്ക് ഇസ്ലാമിനെക്കുറിച്ച് പ്രബോധനം ചെയ്ത് തന്നു. അവര്‍ മത പ്രഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍ കേള്‍പ്പിച്ചു. ഇസ്ലാം പഠിപ്പിക്കുവാന്‍ ശ്രമിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കാരണം ഹിന്ദുമതമാണെന്നും ഹിന്ദുവിന്റെ സ്ത്രീ കാഴ്ചപ്പാട് മോശമാണെന്നും, ടി.വി കാണുന്ന ശീലം, വസ്ത്രധാരണ രീതി, തല ഉയര്‍ത്തി നടക്കുന്ന സ്വഭാവം ഇതൊന്നും ശരിയല്ലെന്നും അവര്‍ എന്നെ പഠിപ്പിച്ചു. നേരില്‍ കാണുമ്പോഴും ഫോണിലൂടെയുമുള്ള ഇവരുടെ മതപ്രഭാഷണ മതബോധനം എന്നെ ഇസ്ലാമിനോട് അടുപ്പിച്ചു.
ഞങ്ങള്‍ക്ക് ഒരു അള്ളാഹുവേയുള്ളൂ. നിങ്ങള്‍ക്കെന്തിനാ ഇത്ര ദൈവങ്ങള്‍? ആപത്തില്‍ ആരെ വിളിച്ച് പ്രാര്‍ത്ഥിക്കും? ആന, പാമ്പ്, കുരങ്ങ് എന്നിവയൊക്കെ ദൈവമാകുന്നതെങ്ങിനെയാണ്? ദിവസവും നേരിട്ടത് ഇത്തരം ചോദ്യ പ്രവാഹങ്ങളെയാണ്. ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെടുവാന്‍ തുടങ്ങിയിരുന്നു. ചോദ്യങ്ങള്‍ കേട്ട് കുറ്റബോധത്തോടെ തല താഴ്ത്തി ഇരിക്കും. അവരുടെ അള്ളാഹുവും ഖുറാനും. ഒരു ദൈവം ഒരു പുസ്തകം. നിങ്ങള്‍ക്ക് ഇങ്ങനെയൊരു ദൈവമോ പുസ്തകമോ ഉണ്ടോ? ഈ ചോദ്യങ്ങള്‍ എന്നെ വല്ലാതെ അലട്ടി.
ഞാന്‍ മെല്ലെ മെല്ലെ ഇസ്ലാമിലേക്ക് അടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിനെക്കുറിച്ച് ഒരുപാടുണ്ടായിരുന്നു. ഞാന്‍ വീട്ടുകാരറിയാതെ ഒന്നൊന്നായി പരതി എടുത്തു. യൂട്യൂബ് നോക്കി നിസ്‌കരിക്കുവാന്‍ പഠിച്ചു. ദിക്ക്‌റുകളും സ്വലാത്തും കാണാപ്പാഠമായി. പൊട്ട് തൊടല്‍, പൂജാമുറി, വിളക്ക് വെപ്പ്, അമ്പലത്തില്‍ പോക്ക് എന്നിവ ഹറാമായി. മാതാപിതാക്കള്‍ പോലും കാഫിറായി. കാഫിറുകള്‍ ഉണ്ടാക്കിത്തരുന്ന ഭക്ഷണം ഒഴിവാക്കാന്‍ തുടങ്ങി. അച്ഛനമ്മമാര്‍ക്ക് അസുഖം വന്നാലും പ്രാര്‍ത്ഥിക്കാതെയായി. കാരണം ഇസ്ലാം തന്നെ പഠിപ്പിച്ചത് അമുസ്ലിമുകളുടെ കാര്യമോര്‍ത്ത്, അവര്‍ മാതാപിതാക്കളായാലും ദുഃഖിക്കേണ്ടതില്ല എന്നാണ്. ഖുറാന്‍ പറയുന്നു. ‘സത്യവിശ്വാസികളെ, നിങ്ങളുടെ മാതാപിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങളുടെ രക്ഷിതാക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ ആരെങ്കിലും അവരെ രക്ഷകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെ ആണ് ആക്രമികള്‍.’ ഞാന്‍ മാതാപിതാക്കളോട് പരുഷമായി പെരുമാറുവാന്‍ തുടങ്ങി.
ഞാന്‍ മാനസികമായി പൂര്‍ണ ഇസ്ലാമായതായി മനസ്സിലാക്കിയ ഇസ്ലാം സുഹൃത്തുക്കള്‍ എന്നെ എത്രയും പെട്ടെന്ന് മതം മാറുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അധികം താമസിയാതെ മുസ്ലിമാകുന്ന കലിമ മന്ത്രം സ്വയം വീട്ടില്‍ വെച്ച് ചൊല്ലി ഞാന്‍ സ്വയം മുസ്ലിമായതായി പ്രഖ്യാപിച്ചു.
ഫുള്‍ സ്ലീവ് ചുരിദാര്‍ മാത്രം ധരിക്കുവാനും മതം പറയും പോലെ തല കുനിച്ച് നടക്കുവാനും തുടങ്ങി. ഇസ്ലാം പെണ്ണുങ്ങള്‍ അങ്ങിനെയാണ് നടക്കേണ്ടത്. നോമ്പ് അനുഷ്ഠിച്ചു. ഞാന്‍ സ്‌നേഹിച്ച് വളര്‍ത്തിയ പട്ടിയെ കാണുന്നത് പോലും ഹറാമായി. അള്ളാഹുവിനെ ഭയപ്പെട്ട് ഇമാനുള്ള മുസ്ലിമായി ജീവിക്കുവാനും മരണാനന്തരം നരക ശിക്ഷകള്‍ ഏല്‍ക്കാതിരിക്കുവാന്‍ അള്ളാഹുവിനും ദീനിനും എതിരായി ചിന്തിക്കാതിരിക്കുവാനും ശ്രദ്ധിച്ചിരുന്നു. ഈ ചിന്തയിലാണ് ഞാന്‍ പൊന്നാനിയിലെത്തുന്നത്, പിന്നീട് കോടതി വഴി ആര്‍ഷാവിദ്യാസമാജത്തിലും. ഒക്ടോബര്‍ 19 ന് ആര്‍ഷവിദ്യാ സമാജത്തിലെത്തി. അവിടത്തെ അദ്ധ്യാപകരുമായി രണ്ട് ദിവസത്തെ സഹവാസം. രണ്ട് ദിവസം കഴിഞ്ഞ് 21 നാണ് ഇവരെല്ലാവരും പറഞ്ഞിരുന്ന മനോജ് സാറ് വരുന്നത്. സനാതനധര്‍മ്മത്തില്‍ നിന്ന് മറ്റു മതങ്ങളിലേക്ക് പോയ നിരവധി പേരെ ഇദ്ദേഹം തിരിച്ച് കൊണ്ടുവന്നിട്ടുളളതായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അവിടെ സംസാരം ഉണ്ടായിരുന്നു.
അദ്ദേഹവുമായി ഉദ്ദേശം മൂന്ന് മണിക്കുറോളം നടത്തിയ സംവാദം എന്റെ എല്ലാ ധാരണകളെയും കടത്തി വെട്ടുന്നതായിരുന്നു. സനാതന ധര്‍മ്മത്തെക്കുറിച്ച് പറയുന്ന മനോജിന് ഖുറാനെക്കുറിച്ച് ഒന്നുമറിയിലെന്നായിരുന്നു എന്റെ ധാരണ. അതിനാല്‍ ഞാന്‍ ശ്രുതിയല്ല റഹ്‌മത്ത് ആണെന്നും ഖുറാനെക്കുറിച്ച് സംസാരിക്കുവാനേ താല്‍പര്യമുള്ളുവെന്നും തുടക്കത്തിലേ താന്‍ ഉപാധി വെച്ചു. അദ്ദേഹം അത് സമ്മതിച്ചു. ഖുറാനുകള്‍ തുറന്ന് വെച്ച് തന്നെക്കൊണ്ട് തന്നെ വായിപ്പിച്ച് അര്‍ത്ഥസംവാദവും ആശയ സമ്പുഷ്ടീകരണവും വരുത്തി. അങ്ങിനെ ഖുറാനില്‍ നിന്ന് തുടങ്ങിയ സംവാദം ഒടുവില്‍ എന്റെ ഖുറാന്‍ ധാരണകള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ എത്തി. ഞാന്‍ പോയത് ലോകത്ത് ഉള്ളതില്‍ ഏറ്റവും കുഴപ്പം പിടിച്ച ആശയത്തിലേക്കാണെന്ന് അദ്ദേഹം തന്നെ ബോധ്യപ്പെടുത്തി. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം ധാര്‍മ്മികതയെ ഉണര്‍ത്തുന്ന മറുപടികള്‍ തന്നു.
അലഞ്ഞു തിരിയുന്ന എന്റെ മനസ്സിനെയും നശിച്ചു പോകുമായിരുന്ന തന്റെ ജീവിതത്തേയും കൈ പിടിച്ചുയര്‍ത്തി വ്യക്തമായ ദിശാബോധം നല്‍കിയത് ഞാന്‍ ഒരിക്കല്‍ നിന്ദിച്ചു ചിന്തിച്ച ആചാര്യന്‍ മനോജ്ജി തന്നെയാണ്. ആചാര്യന്റെ ആദ്ധ്യാത്മിക ശാസ്ത്രവും, യോഗ ക്ലാസ്സുകളും സത്സംഗങ്ങളും എന്റെ കണ്ണ് തുറപ്പിച്ചു. ആചാര്യനില്‍ ഞാന്‍ കണ്ടത് ജ്ഞാനത്തിന്റെ മാതൃകയെയാണ്. അദ്ദേഹത്തിന്റെ നിഴലായി നിന്നുകൊണ്ട്, എന്നെപ്പോലെ വഴിതെറ്റിപ്പോയവരെ തിരികെ കൊണ്ടുവരണമെന്ന ആഗ്രഹം ഉണ്ടായി. ആചാര്യന്‍ പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും പറഞ്ഞ് എന്നെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ആര്‍ഷ വിദ്യാസമാജത്തിന്റെ ആദ്യത്തെ മുഴുവന്‍ സമയ ധര്‍മ്മ പ്രചാരകയാകുവാന്‍ എനിക്ക് കഴിഞ്ഞു.
അറിവില്ലായ്മ മൂലം വലിയൊരു ചതിക്കുഴിയില്‍പ്പെടുമായിരുന്ന എന്നെ മാതാപിതാക്കള്‍ ആര്‍ഷവിദ്യാ സമാജത്തില്‍ എത്തിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം ഇന്ന് എവിടെ ആയിരിക്കുമെന്ന് ഭയപ്പാടോടെ ഓര്‍ക്കാറുണ്ട്.
എല്ലാ മതങ്ങളും ഒന്നാണെന്ന് പഠിപ്പിച്ച സഖാവിന്റെ മകള്‍
അച്ഛന്‍ ഒരു കൊടികുത്തിയ സഖാവ്. വീട്ടില്‍ വരുത്തുന്നതും വീട്ടുകാര്‍ വായിക്കുന്നതും ദേശാഭിമാനി പത്രം. വാരിക ചിന്ത. ഇതിലൂടെ വായിക്കുന്നതാകട്ടെ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ അക്രമങ്ങളുടെയും പേക്കൂത്തുകളുടെയും വാര്‍ത്തകള്‍. ഇതാണ് ലോക വിവരം. സ്ഥിരമായി കേള്‍ക്കുന്ന ഒരു മൂല മന്ത്രം എല്ലാ മതങ്ങളും ഒന്നാണെന്നും നമ്മള്‍ മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് മതസൗഹാര്‍ദ്ദവുമാണെന്നാണ്. എല്ലാ മതങ്ങളും ഒന്നാണെങ്കില്‍ ഏതെങ്കിലും ഒരു മതം പോരെ. ചുറ്റിലും മുസ്ലിം കുടുംബങ്ങളും കൂട്ടുകാരും. അവരാരും അച്ഛന്‍ പറയുന്ന പോലെ എല്ലാ മതങ്ങളും ഒന്നാണെന്ന് ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല. അച്ഛന്‍ നാട്ടുകാര്‍ക്കെല്ലാം സര്‍വ്വാദരണീയനായ മാഷായതുകൊണ്ട് അച്ഛന്‍ പറയുന്നത് തന്നെയായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ശരി. അച്ഛന് ഒരു മതത്തെപ്പറ്റിയും ഒന്നുമറിയില്ലെന്നുള്ളത് ഞാന്‍ മനസ്സിലാക്കിയത് ഞാന്‍ സനാതന ധര്‍മ്മം പഠിക്കുവാന്‍ തുടങ്ങിയതോടെയാണ്. ചിത്ര ജി. കൃഷ്ണന്‍ എന്ന ചിത്ര ഗോപാലകൃഷ്ണന്‍ ഒരു ചെറുപുഞ്ചിരിയോടെ തന്റെ ജീവിതം പറയുവാന്‍ തുടങ്ങി.
ആലപ്പുഴ ജില്ലയിലെ ചാരുംമൂടിനടുത്ത് കോട്ടമുക്ക് ഗ്രാമത്തിലാണ് ജനനം. കാവും കുളവും നാഗദൈവങ്ങളും ഉള്ളതായിരുന്നു അച്ഛന്‍ ഗോപാലന്‍ ആചാരിയുടെ തറവാട്. വലിയ ആത്മീയ പാരമ്പര്യമുള്ള കുടുംബമാണെങ്കിലും അച്ഛന്‍ സഖാവായിരുന്നു. മികച്ച സംഘാടകനും പൊതു സമ്മതനുമായിരുന്നു അച്ഛന്‍. ഒപ്പം സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനും. എല്ലാവരും മാഷ് എന്നാണ് വിളിക്കുക. എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ മലപ്പുറത്തേക്ക് അച്ഛന് മാറ്റമായി. ഞങ്ങള്‍ കുടുംബ സമേതം പോന്നു. നിറയെ മുസ്ലിം കുടുംബങ്ങളുടെ നടുവിലായിരുന്നു ഞങ്ങളുടെ പിന്നീടുള്ള ജീവിതം. അധികം താമസിയാതെ ഞാന്‍ മുസ്ലിം സമൂഹവുമായി ഇഴുകിച്ചേര്‍ന്നു.
എല്‍.പി. വിദ്യാഭ്യാസം വീടിനടുത്തുള്ള മുസ്ലിം സ്‌കൂളില്‍. വിരലിലെണ്ണാവുന്ന ഹിന്ദുക്കള്‍ മാത്രം. അക്കാലത്തെ മുസ്ലിം കുട്ടി സുഹൃത്തുക്കള്‍ കളിയാക്കി ചോദിക്കുമായിരുന്നു. നിങ്ങള്‍ക്കെന്തിനാ ഇത്രയുമധികം ദൈവങ്ങള്‍ എന്ന്.
ഈ സംശയം ഞാന്‍ വീട്ടില്‍ ചോദിച്ചു. അവര്‍ക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല. പിന്നെ ആരോടും ചോദിക്കാനില്ല. പക്ഷെ മുസ്ലിം സഹോദരങ്ങള്‍ക്ക് അവരുടെ മതത്തെക്കുറിച്ചും ഏക ദൈവത്തെക്കുറിച്ചും ഒരുപാട് പറയുവാനുണ്ടായിരുന്നു. അവരുടെ വാക്കുകളിലൂടെ ഇസ്ലാമിനെക്കുറിച്ചുള്ള അറിവുകള്‍ ഓരോ ദിവസവും എനിക്ക് കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരുന്നു. പഠിക്കുന്ന സ്‌കൂളില്‍ വെച്ച് രാത്രികളില്‍ നടക്കുന്ന വയള് എന്നറിയപ്പെടുന്ന മത പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുവാന്‍ മുസ്ലിം കുടുംബങ്ങളോടൊപ്പം എന്നെയും അച്ഛന്‍ വിട്ടിരുന്നു. അച്ഛന്‍ സഖാവിന്റെ കാഴ്ചപ്പാടില്‍ ഇതൊക്കെ മത സൗഹാര്‍ദ്ദമുണ്ടാക്കുവാനുളള എളുപ്പവഴികളായിരുന്നു.
എനിക്ക് എന്റെ മതത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ആ വിടവ് ചുറ്റുമുള്ള മുസ്ലിം സഹോദരങ്ങള്‍ അവരുടെ മതത്തെക്കുറിച്ച് പറഞ്ഞ് തന്ന് നികത്തിക്കൊണ്ടിരുന്നു. തെറ്റ് ചെയ്താല്‍ പടച്ചോന്‍ തീയിലിടുമെന്ന് ചുറ്റുമുളള ഉമ്മമാരില്‍ നിന്ന് എപ്പോഴും കേട്ടിരുന്നു. ഇത് കേട്ട് കേട്ട് ഒരു പേടിയായി ഉള്ളില്‍ കയറിയിരുന്നു. തന്റെ ഒരു മുസ്ലിം കൂട്ടുകാരി നരകവര്‍ണ യാതനകള്‍ എന്ന ഖുറാനിലെ ഒരു ഭാഗം കൈപ്പുസ്തകമായി ഇറക്കിയത് എനിക്ക് ഒരു ദിവസം തന്നു. ഒരു അവിശ്വാസി – കാഫിര്‍ മരണാനന്തരം നരകത്തില്‍ അനുഭവിക്കുവാന്‍ പോകുന്ന ക്രൂരതകളാണ് ഇതിലെ പ്രതിപാദ്യം. ഞാനിത് വായിച്ച് പേടിച്ച് വിറച്ച് പനി പിടിച്ച് രണ്ട് ദിവസം കിടന്നു. ഈ നരകത്തെക്കുറിച്ചുള്ള പേടിയിലാണ് ഭൂരിപക്ഷം വിശ്വാസികളും ജീവിക്കുന്നത്. ഒരു വിശ്വാസിയെ മതത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ ഈ പേടിക്ക് വലിയ സ്ഥാനമുണ്ട്. അതുകൊണ്ടാണ് മതത്തിന് പറ്റാത്ത കാര്യം വരുമ്പോള്‍ വിശ്വാസികള്‍ ചോദിക്കുന്നത് നിനക്ക് മരിക്കണ്ടേയെന്ന്. ഇത് വളരെ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കും. വിശ്വാസിക്ക് മതം ഇട്ടു കൊടുക്കുന്ന മൂക്കു കയറാണ് നരക പേടി.
അങ്ങിനെയിരിക്കേ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ആദ്യമായി ഞാന്‍ റംസാന്‍ നോമ്പ് എടുത്തു. വീട്ടുകാര്‍ ഇതിനെ മതസൗഹാര്‍ദ്ദമായിട്ടാണ് കണ്ടത്. മലപ്പുറത്ത് റംസാന്‍ നോമ്പ് എടുക്കുന്ന ഒരുപാട് ഹിന്ദുക്കളുണ്ട്. ഞാന്‍ നോമ്പെടുക്കുന്നതില്‍ ആദ്യമൊക്കെ എതിര്‍പ്പുണ്ടായിരുന്ന എന്റെ അമ്മയെ മുസ്ലിം സ്ത്രീകള്‍ ശാസിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നോമ്പെടുക്കുന്ന ആളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് ദൈവത്തിന്റെ കണ്ണില്‍ തെറ്റാണെന്ന് അവര്‍ അമ്മയെ പറഞ്ഞ് മനസ്സിലാക്കി. അതോടെ എന്റെ നോമ്പിന്റെ കാര്യങ്ങള്‍ നോക്കണ്ടത് അമ്മയുടെ ഉത്തരവാദിത്തമായി. അമ്മ പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് എനിക്കുള്ള ആഹാരം ഉണ്ടാക്കിത്തരുവാന്‍ തുടങ്ങി. എല്ലാം മതസൗഹാര്‍ദ്ദത്തിന് വേണ്ടി.
ഒരു അമുസ്ലിം കുടുംബം (ഭൂരിപക്ഷവും ഹിന്ദുക്കള്‍) നോമ്പ് നോല്‍ക്കുന്നതോടെ ആ കുടുംബവും നോമ്പിന്റെ നിഷ്ഠയിലേക്ക് മാറുകയാണ്. മറ്റു മുസ്ലിം കുടുംബങ്ങളെപ്പോലെ ഈ കുടുംബവും പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി കഴിച്ച് നോമ്പ് തുടങ്ങണം. നോമ്പ് എടുക്കുന്ന ആളുടെ ഒരു ദിവസത്തെ സമയക്രമം നിശ്ചയിക്കുന്നത് വാങ്ക് വിളിയാണ്. അതിനാല്‍ ഈ വാങ്കിന് വേണ്ടി കാതോര്‍ത്തിരിക്കും. ഇത് ഉള്ളിലുള്ള ഇസ്ലാമിക ചിന്തയെ വളര്‍ത്തിക്കൊണ്ടുവരും. രാവിലെ മുതല്‍ രാത്രി വരെയുളള ഇസ്ലാമിക നിഷ്ഠകള്‍ അങ്ങോട്ടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും.
നോമ്പും കൂടി തുടങ്ങിയതോടെ എന്റെ ജീവിതം പൂര്‍ണ്ണമായും ഇസ്ലാമീകരിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ഇസ്ലാം മതഗ്രന്ഥങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവയാകുകയും ഞാന്‍ വാങ്ക് വിളികള്‍ക്കായി കാതോര്‍ത്തിരിക്കുകയും ചെയ്യുമായിരുന്നു.
എല്ലാത്തിനുമുണ്ട് മതനിര്‍ദ്ദേശങ്ങള്‍. അത് പാലിക്കണം. മതശാസനകള്‍ അനുസരിച്ചില്ലെങ്കില്‍ മരണാനന്തരം നരകത്തില്‍ വലിയ ശിക്ഷയാണ്. ഒരാളും സ്വന്തം ബുദ്ധികൊണ്ട് ഒന്നും കണ്ടുപിടിക്കണ്ട. എല്ലാം പടച്ചവന്‍ 1400 കൊല്ലം മുമ്പ് നിശ്ചയിച്ചിട്ടുണ്ട്. അത് അനുസരിച്ചാല്‍ മാത്രം മതി.
ഞാന്‍ ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കുവാന്‍ ആരംഭിച്ചു. അള്ളാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നു. അതാണ് ബിസ്മി. ബാത്ത്‌റൂമില്‍ പോകുമ്പോഴുമുണ്ട് ചിട്ട. വാതില്‍ മുട്ടിയിട്ടേ അകത്ത് കയറാവൂ. അകത്തുള്ള ജീനുകള്‍ ഓടിപ്പോകാനാണ് മുട്ടുന്നത്. അകത്ത് കയറിക്കഴിഞ്ഞാല്‍ അള്ളാഹുവിനെപ്പറ്റി ചിന്തിക്കുവാനേ പാടില്ല. ഇങ്ങനെ പറയുന്നത് കൊണ്ട് എപ്പോഴൊക്കെ ബാത്ത്‌റൂമില്‍ കയറുന്നുവോ അപ്പോഴൊക്കെ അല്ലാഹുവിനെപ്പറ്റി ചിന്തിക്കും. പിന്നെ മന്ത്രം ചൊല്ലി ക്ഷമ ചോദിക്കും. 15 വര്‍ഷം ഈ പേടിയും കൊണ്ട് ക്ഷമ ചോദിച്ച് ഞാന്‍ ജീവിച്ചു. കമ്മ്യൂണിസ്റ്റ് സഖാവിന്റെ മകള്‍ പറഞ്ഞു.
മതം തലയില്‍ കയറിയതോടെ വേറെ ചില പണികളും തുടങ്ങി. കൊലപാതകം. കോഴികളെ ആണെന്ന് മാത്രം. ഇസ്ലാമിന്റെ സമീപനം ചിലതിനെ ഒഴിച്ചാല്‍ പക്ഷിമൃഗാദികള എല്ലാത്തിനെയും അറുത്ത് തിന്നാമെന്നതാണ്. ഇതൊരു ബലിയാണ്. അതോടെ ജീവജാലങ്ങളോടുള്ള കരുണ നഷ്ടപ്പെട്ടു. നോമ്പ് സമയത്തും അല്ലാത്തപ്പോഴും വീട്ടില്‍ വളര്‍ത്തുന്ന കോഴികളെ ബിസ്മി ചൊല്ലി അറുക്കുവാന്‍ തുടങ്ങി. വീട്ടില്‍ തീറ്റ കൊടുത്ത് വളര്‍ത്തുന്ന കോഴികളെ ഇങ്ങനെ കൊല്ലുന്നതില്‍ അമ്മക്കും ചേട്ടനും എതിര്‍പ്പുണ്ടായിരുന്നു. എന്നാലും ബിസ്മി ചൊല്ലാന്‍ കിട്ടുന്ന ഒരു അവസരമായും അള്ളാഹുവിനുള്ള ബലിയായും ഇതിനെ കാണുവാന്‍ തുടങ്ങി. പ്രാണന് വേണ്ടി പിടക്കുന്ന കോഴിയുടെ തലയറ്റ് വീഴുന്ന ചോരയെ ബലി രക്തമായി കണ്ടു. ആത്മീയതയുടെ ഉന്മാദം.
ഇതിനിടയില്‍ കല്യാണാലോചന തുടങ്ങിയിരുന്നു. പക്ഷെ ജാതകത്തില്‍ ചൊവ്വാദോഷമുള്ളതുകൊണ്ട് കല്യാണങ്ങള്‍ നടന്നില്ല. പെണ്ണ് കാണലുകള്‍ നന്നായി നടന്നു. ചൊവ്വാദോഷം വില്ലനായി. അതോടെ പെണ്ണ് കാണല്‍ ചടങ്ങിനോട് തന്നെ വെറുപ്പായി. ഇത്തരം വിശ്വാസത്തെ മുസ്ലിം സുഹൃത്തുക്കള്‍ കളിയാക്കി. ഞങ്ങള്‍ക്ക് ഇല്ലാത്ത ഏത് ഗ്രഹമാണ് നിങ്ങള്‍ക്കുള്ളത്. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ ഒന്നുകൂടി അവര്‍ എന്നെ ബോദ്ധ്യപ്പെടുത്തി. അവര്‍ വാഗ്ദാനം ചെയ്തു. ഇസ്ലാമിലേക്ക് വന്നാല്‍ നല്ല ആളുകളെ കിട്ടും. ഒരു അനാചാരവും ഇല്ല.
(തുടരും)