നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളില്‍ വാഞ്ചിനാഥനും ‘മണിയാച്ചി’ സംഭവവും ഇടംപിടിക്കാതെ പോയത് അജ്ഞതകൊണ്ടോ അവഗണനകൊണ്ടോ എന്നറിയില്ല. അത് തീര്‍ച്ചയായും ചരിത്രത്തോട് ചെയ്ത ഒരു നീതികേടാണ്. വാഞ്ചിനാഥന്റെ ജന്മദേശമായ ചെങ്കോട്ടയിലോ സംഭവം നടന്ന മണിയാച്ചിയിലോ പോലും ഇന്ന് ആരും ഇത് ഓര്‍ക്കുന്നില്ല. സ്വാതന്ത്ര്യസമരചരിത്രത്തിലെ ഈ സംഭവത്തിന് അഭേദ്യമായ കേരളബന്ധം ഉണ്ടായിരുന്നിട്ടും എത്ര മലയാളികള്‍ ഈ ധീരദേശാഭിമാനിയെ സ്മരിക്കുന്നുണ്ട്?
1886-ല്‍ ചെങ്കോട്ടയിലാണ് വാഞ്ചിനാഥന്റെ ജനനം. ഇന്നത്തെ ദക്ഷിണ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പ്രവേശന കവടമാണ് തെങ്കാശി ജില്ലയിലെ ചെങ്കോട്ട. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ പൂജാരിയായിരുന്ന രഘുപതി അയ്യരുടെയും രുക്മിണി അമ്മാളിന്റെയും മകനായാണ് ജനനം. യഥാര്‍ത്ഥ പേര് ശങ്കരന്‍ എന്നായിരുന്നു. പില്‍ക്കാലത്ത് വാഞ്ചി, വാഞ്ചിനാഥ അയ്യര്‍ എന്നെല്ലാം വാഞ്ചിനാഥന്‍ അറിയപ്പെട്ടു. ചെങ്കോട്ടയില്‍ സ്‌കൂള്‍ പഠനവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദപഠനവും തിരുവനന്തപുരം മൂലംതിരുനാള്‍ മഹാരാജാസ് കോളേജില്‍ എം.എ ബിരുദപഠനവും പൂര്‍ത്തിയാക്കി. പഠനകാലത്തുതന്നെ പൊന്നമ്മാളിനെ വിവാഹം കഴിച്ചു.
പഠനാനന്തരം വാഞ്ചി സര്‍ക്കാരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി. വനംവകുപ്പിന്റെ പുനലൂര്‍ ഡിവിഷനില്‍ ഗാര്‍ഡ് ആയി ജോലി ലഭിച്ചാണ് പുനലൂരില്‍ എത്തുന്നത്. പുനലൂര്‍ പേപ്പര്‍ മില്ലിലും ജോലി ചെയ്തിട്ടുണ്ട്. വനംവകുപ്പില്‍ ജോലി ചെയ്യുമ്പോഴാണ് ദേശസ്‌നേഹിയായ നീലകണ്ഠബ്രഹ്‌മചാരി നേതൃത്വം നല്‍കിയ ‘ഭാരത് മാതാ അസോസിയേഷന്‍’ സംഘടനയില്‍ അംഗമാകുന്നത്. സ്വാതന്ത്ര്യസമര സേനാനികളിലെ വിപ്ലവകാരികളില്‍ പ്രമുഖനായ വരഹനേരിവെങ്കടേശ സുബ്രഹ്‌മണ്യ അയ്യര്‍ (വി.വി.എസ്.അയ്യര്‍) ഉള്‍പ്പെടെ ഒട്ടേറെ ചെറുപ്പക്കാര്‍ സംഘടനയില്‍ അംഗങ്ങളായിരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷുകാരെ കഴിയുന്നത്ര കൊന്നൊടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
1911 ജൂണ്‍ 17. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ഉജ്ജ്വല അധ്യായങ്ങളിലൊന്നിനായിരുന്നു അന്ന് മണിയാച്ചി റെയില്‍വെ സ്റ്റേഷന്‍ സാക്ഷ്യം വഹിച്ചത്. അതിനു മുമ്പോ ശേഷമോ ഇത്രയും ഉന്നതനായ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ദക്ഷിണേന്ത്യയില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു ജനതയുടെ മുഴുവന്‍ പ്രതികാര ചിന്തയും തോക്കിലേക്ക് ആവാഹിക്കുകയായിരുന്നു വാഞ്ചി.
കരിനിയമങ്ങള്‍കൊണ്ട് ജനജീവിതത്തെ തച്ചുടച്ച തിരുനെല്‍വേലി ജില്ലാ കളക്ടര്‍ ബ്രിട്ടീഷുകാരനായ റോബര്‍ട്ട് വില്യം എസ്‌കോര്‍ട്ട് ആഷെയെ വധിക്കാനുള്ള പദ്ധതിയുമായി നീലകണ്ഠബ്രഹ്‌മചാരി, വി.വി.എസ്.അയ്യര്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ചെങ്കോട്ടയില്‍ യോഗം ചേര്‍ന്നു. ആഷെ വധത്തിന് യോഗം തിരഞ്ഞെടുത്തത് വാഞ്ചിനാഥനെയായിരുന്നു. അദ്ദേഹത്തിന് ആയുധപരിശീലനം നല്‍കിയിരുന്നത് വി.വി.എസ് അയ്യര്‍ ആയിരുന്നു.
ജൂണ്‍ 17ന് ആഷെ ഭാര്യ മെരിലിലിയന്‍ പാറ്റേഴ്‌സണിനോടൊപ്പം കൊടൈക്കനാലിലെ ആഡംബര ബംഗ്ലാവില്‍ കഴിയുന്ന മക്കളെ കാണാന്‍ പുറപ്പെട്ടു. യാത്രാമദ്ധ്യേ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള മണിയാച്ചി റെയില്‍വേ സ്റ്റേഷനില്‍ എത്തി. 10.48ന് എത്തേണ്ട സിലോണ്‍ ബോട്ട് മെയില്‍ കാത്ത് ഒന്നാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കുകയായിരുന്നു ആഷെ. കൊടുംവെയിലില്‍ കണ്ണെത്താദൂരം വ്യാപിച്ചുകിടക്കുന്ന പാഴ്‌ച്ചെടികള്‍ മാത്രം വളര്‍ന്ന മരുഭൂമിയായ മണിയാച്ചിയില്‍ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ആഡംബര വസ്ത്രധാരികളായ രണ്ടുപേര്‍ കമ്പാര്‍ട്ട്‌മെന്റിനടുത്തെത്തി ഒരാള്‍ അകത്ത് കയറി. വാഞ്ചിനാഥന്‍ നേരെ കളക്ടര്‍ ആഷെയുടെ മുന്നിലെത്തി. അപരിചിതനെ കണ്ട് ആഷെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അരയില്‍നിന്ന് ബെല്‍ജിയന്‍ നിര്‍മ്മിത ബ്രൗണിംഗ് പിസ്റ്റള്‍ വലിച്ചെടുത്ത് വാഞ്ചി ആഷെയുടെ നെഞ്ചിലേക്ക് വെടി ഉതിര്‍ത്തു. വെടിയേറ്റ കളക്ടര്‍ സീറ്റുകള്‍ക്കിടയിലേക്ക് വീണ് മരിച്ചു. രണ്ട് വെടിയുണ്ടകള്‍ ഇടാവുന്ന തോക്കിലെ ശേഷിച്ചതുമായി തൊട്ടടുത്ത ശൗചാലയത്തിലേക്ക് ഓടിക്കയറിയ വാഞ്ചി ദൗത്യം പൂര്‍ത്തിയാക്കിയതിനാല്‍ വായ്ക്കുള്ളിലേക്ക് വെടിവെച്ച് ആത്മാഹുതി ചെയ്തു.
വാഞ്ചിനാഥന്റെ മൃതദേഹം ബ്രിട്ടീഷ് പട്ടാളം എന്തുചെയ്തു എന്ന് ഇന്നും നാട്ടുകാര്‍ക്ക് അറിയില്ല. അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ നിന്ന് പിന്നീട് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ”ഇംഗ്ലീഷുകാരായ മ്ലേച്ഛന്മാര്‍ നമ്മുടെ രാജ്യത്തെ കീഴ്‌പ്പെടുത്തി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷുകാരെ പുറത്താക്കി സ്വരാജ്യം നേടാനും സനാതനധര്‍മ്മം പുനഃസ്ഥാപിക്കാനും ഓരോ ഭാരതീയനും ശ്രമിക്കേണ്ടിയിരിക്കുന്നു. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് ഇന്ത്യയിലെത്തുമ്പോള്‍ അയാളെ വധിക്കാന്‍ 3000 മദ്രാസികള്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. നമ്മുടെ വികാരം പുറം ലോകത്തെ അറിയിക്കാനായി കൂട്ടത്തിലെ എളിയവനായ ഞാന്‍ ഇന്നൊരു കൃത്യം നിര്‍വ്വഹിക്കുന്നു. ഹിന്ദുസ്ഥാനിലെ ഓരോരുത്തരും തങ്ങളുടെ കടമയായി പരിഗണിക്കേണ്ട കൃത്യം. അവസാന നിമിഷം എഴുതിയ ഈ കത്തില്‍ ആരെയും വാഞ്ചി ഒറ്റുകൊടുക്കുന്നില്ല. പങ്കാളിയായ സുഹൃത്തിന്റെ പേരുപോലും പരാമര്‍ശിക്കുന്നില്ല. കേരളത്തില്‍ ജോലിക്കുവന്നപ്പോള്‍ ലഭിച്ച സുഹൃത്താണ് പങ്കാളി എന്നാണ് ജന്മനാട്ടിലുള്ളവര്‍ ഇന്നും വിശ്വസിക്കുന്നത്.
നാട്ടിലെ പുതുതലമുറയ്ക്ക് അദ്ദേഹം ഇപ്പോഴും അനന്യനാണ്. തന്റെ ജീവിതവും സ്വത്തും ജോലിയും ഒക്കെ ത്യജിച്ച് ജന്മനാടിന്റെ മോചനത്തിനായി പോരാട്ടത്തിനിറങ്ങുമ്പോള്‍ 25 വയസ്സ് മാത്രമാണ് വാഞ്ചിയുടെ പ്രായം എന്ന് ഓര്‍ക്കണം. ഭാര്യ എട്ടുമാസം ഗര്‍ഭിണിയും.
ചെങ്കോട്ട ടൗണില്‍ വാഞ്ചിനാഥന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്തൂപമാണ് അദ്ദേഹത്തിന്റെ ഏക സ്മാരകം. അദ്ദേഹം വീരാഹുതി ചെയ്ത മണിയാച്ചി റെയില്‍വേസ്റ്റേഷന് ”വാഞ്ചിമണിയാച്ചി” സ്റ്റേഷന്‍ എന്ന് നാമകരണം ചെയ്ത് ജന്മനാട് ആദരിച്ചു. ചെങ്കോട്ട സര്‍ക്കാര്‍ യു.പി. സ്‌കൂളിന് വാഞ്ചിനാഥന്‍ സ്‌കൂള്‍ എന്ന് പില്‍ക്കാലത്ത് പേര് നല്‍കപ്പെട്ടു. അതിന് സമീപത്തെ വീട് വാഞ്ചിയുടേതാണെന്ന് കരുതപ്പെടുന്നു. തൂത്തുക്കുടിയില്‍ മീനാക്ഷിപുരത്ത് ‘വാഞ്ചിനാഥന്‍ ജിം’ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. വാഞ്ചിക്ക് പുനലൂരില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വാതന്ത്ര്യ സമരചരിത്രത്തില്‍, കൊല്ലം പുനലൂരിന്റെ ചരിത്രത്തില്‍ ഇടം പിടിക്കാതെപോയതും എന്നാല്‍ പുനലൂരിനോട് ഏറെ ഹൃദയബന്ധം ഉള്ളതുമായ വ്യക്തിത്വത്തിനുടമയായിരുന്നു വാഞ്ചിനാഥന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം ‘വാഞ്ചിനാഥനി’ല്‍ ഈ മഹത് വ്യക്തിത്വത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. മേലാളന്മാരുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത പോലീസ് ഉദ്യോഗസ്ഥനായ പാര്‍ത്ഥിപന്‍ തന്റെ മകന് വാഞ്ചിനാഥന്‍ എന്ന പേര് നല്‍കുന്നത് ഈ സ്വാതന്ത്ര്യ സമരസേനാനിയുടെ സ്മരണാര്‍ത്ഥമാണ് എന്ന് സിനിമയില്‍ കാണാം.
സ്വാതന്ത്ര്യാനന്തരം കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ രൂപംകൊണ്ടപ്പോള്‍ കേരള സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്ന് വാഞ്ചിയും മണിയാച്ചിസംഭവവും ഒഴിവായിപ്പോവുകയാണുണ്ടായത്. ചരിത്രാന്വേഷികള്‍ക്ക് വീരവാഞ്ചി ഇനിയും പഠനം നടത്തേണ്ട പ്രഹേളികയായി തുടരുന്നു.