ജൂണ്‍ 25: അടിയന്തരാവസ്ഥ വിരുദ്ധദിനം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃത് മഹോത്സവമായി ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങു വീണ അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടത്തെ നാം ഒരിക്കലും മറക്കരുത്. വരുംതലമുറയും അത് മറക്കരുത്. അമൃത് മഹോത്സവം വിദേശ ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ കഥയെക്കുറിച്ച് മാത്രമല്ല, 75 വര്‍ഷത്തെ സ്വാതന്ത്ര്യാനന്തര പ്രയാണവും അത് നമ്മോട് പറയുന്നു.
നമ്മുടെ ചരിത്രത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് നാം മുന്നോട്ട് പോകുന്നതെന്ന്,’ മന്‍ കി ബാത്തിന്റെ ഒരു സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയായിരുന്നല്ലോ. അതോടെ ഇന്ത്യയൊട്ടാകെ 1,74,000 പേരും കേരളത്തില്‍ 7,134 പേരും ജയിലിലായി. ഇന്ദിരാഗാന്ധിക്കും കുടുംബാംഗങ്ങള്‍ക്കും സ്തുതിപാഠകര്‍ക്കും മാത്രമേ അന്ന് സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉണ്ടായിരുന്നുള്ളൂ. അടിയന്തരാവസ്ഥയുടെ കാരണം സുവിദിതമാണ്. 48 വര്‍ഷങ്ങളായി നാം അവയെ വിശകലനം ചെയ്തുകൊണ്ടേ ഇരിക്കുന്നു.
തെരഞ്ഞെടുപ്പു കേസില്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഇന്ദിരാഗാന്ധിയുടെ ലോകസഭാംഗത്വം നഷ്ടപ്പെടുത്തി. പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാനുള്ള ജനാധിപത്യ മര്യാദ ഇന്ദിരാഗാന്ധി കാണിച്ചില്ല. എങ്ങിനെയും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള അത്യാര്‍ത്തിയും ദുര്‍മോഹവുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
നാല്‍പത്തി എട്ട് വര്‍ഷം മുമ്പ് കണ്ട ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ, അടിയന്തരാവസ്ഥാ മനോഭാവം പിന്നീട് കോണ്‍ഗ്രസ്സിന്റെ സ്വഭാവം തന്നെയായി. അവരുടെ ധാര്‍ഷ്ട്യം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തില്‍ ഇരുണ്ട അധ്യായം രചിച്ചു. ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു, പാര്‍ലമെന്റും ജുഡീഷ്യറിയും മാധ്യമങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവിന്റെ അനുബന്ധമാക്കി മാറ്റി. അത് കോണ്‍ഗ്രസ്സിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ സഹജവാസനയായി.
വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അടിയന്തരാവസ്ഥയുടെ അന്തര്‍ധാര. കോണ്‍ഗ്രസ് വ്യാപാരം ചെയ്യുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്, അന്നും ഇന്നും. അതൊരു മാനസികാവസ്ഥയാണ്. ഇന്ദിര ഇന്ത്യയും ഇന്ത്യ ഇന്ദിരയുമാണെന്ന തോന്നല്‍. ഇന്ദിരയും വൈതാളികന്മാരും രൂഢമൂലമായി വിശ്വസിച്ചിരുന്ന മാനസികാവസ്ഥ. നെഹ്‌റു കുടുംബം എന്നും എപ്പോഴും ഈ മാനസികാവസ്ഥയെ താലോലിച്ചു പോന്നു. അധികാരം നെഹ്‌റു പരിവാറിന്റെ അവകാശമായി. നെഹ്‌റുവും ഇന്ദിരയും മുതല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വരെ ആ മാനസികാവസ്ഥ പിന്തുടരുന്നവരാണ്. നെഹ്‌റു പരിവാറിന്റെ ഇളമുറത്തമ്പുരാക്കന്മാരെയും തമ്പുരാട്ടിമാരെയും അരിയിട്ടു വാഴിക്കാന്‍ ഈ മാനസികാവസ്ഥയുള്ള കോണ്‍ഗ്രസ്സിലെ അടിമത്തം പേറുന്ന ഭൃത്യഗണങ്ങളും മത്സരിക്കുകയാണ്.
ഇന്ന് ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ലോക റാങ്കിങ്ങില്‍ 78 ശതമാനം പിന്തുണയാണ് മോദിക്ക് ലഭിച്ചത്. സമീപകാലത്ത് ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞത് ‘മോദി ഈസ് ദ ബോസ്’ എന്നാണ്. മോദി ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്‍ഗ്രസ്സേതര പ്രധാനമന്ത്രിയാണ്. ഏതിന്ത്യാക്കാരനാണ് ഇതിലെല്ലാം അഭിമാനമില്ലാത്തത്? പക്ഷേ കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധി മോദിയെ മരണത്തിന്റെ വ്യാപാരി എന്നാണ് വിളിച്ചത്.
ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ഇന്ത്യയാണ്. കോവിഡാനന്തര കാലത്ത് വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് ഐഎംഎഫും ലോക ബാങ്കും സാക്ഷ്യപ്പെടുത്തുന്നു. വലിയ വിദേശനാണ്യ ശേഖരം നമുക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം മാത്രമല്ല, ഏറ്റവും വലിയ യുവപ്രതിഭകളുമുള്ള നാടുമാണ് ഇന്ത്യ.
ജമ്മു കശ്മീര്‍ മുന്‍പ് വിഘടനവാദികളുടെ പറുദീസയായിരുന്നു, കല്ലേറ് മുഖമുദ്രയായിരുന്നു. 370-ാം വകുപ്പു റദ്ദാക്കിയശേഷം ഇന്ന് ജി-20 ആഗോള സമ്മേളനം നടത്താവുന്ന നിലയില്‍ കാശ്മീര്‍ ശാന്തമായിരിക്കുന്നു. പൗരത്വ ഭേദഗതിയും മുത്തലാക്ക് നിരോധനവും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. നൂറ്റാണ്ടുകളായി നീറിക്കൊണ്ടിരുന്ന അയോദ്ധ്യാ പ്രശ്‌നം പരിഹൃതമായി. 2024 ല്‍ മനോഹരമായ രാമവിഗ്രഹം കണ്ട് തൊഴാനാകും വിധം അവിടെ രാമക്ഷേത്രം ഉയരുന്നു. പല വിദേശ രാജ്യങ്ങളിലും സംഘര്‍ഷങ്ങളില്‍ കൂടുങ്ങിപ്പോയ ഭാരതീയരെ നാട്ടിലെത്തിക്കുന്നതില്‍ വിജയിച്ച രാജ്യമാണ് ഇപ്പോള്‍ ഭാരതം.
വിദ്യാര്‍ഥികളുടെ പഠനസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. സര്‍വകലാശാലകള്‍ 723ല്‍ നിന്ന് 1113 ആയി. 5,298 പുതിയ കോളേജുകള്‍ ആരംഭിച്ചു. പുതിയതായി അനേകം മെഡിക്കല്‍ കോളേജുകള്‍ കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കി. ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ റെക്കാഡ് വേഗത്തിലാക്കി. ലോകത്തെ 40 ശതമാനം ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്ത്യയിലാണ്. ആയുഷ്മാന്‍ ഭാരതിലൂടെ ദരിദ്രവിഭാഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ വൈദ്യസഹായം ലഭ്യമാക്കി. കോവിഡ് മഹാമാരിക്കെതിരെ വാക്‌സിനേഷന്‍ ഫലപ്രദമായി ഇന്ത്യയില്‍ നടപ്പാക്കുക മാത്രമല്ല, ലോകമെങ്ങും എത്തിക്കുകയും ചെയ്തു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ എല്ലാ വര്‍ഷവും 6,000 രൂപ കര്‍ഷകരിലെത്തിച്ചു.
63.73 ലക്ഷം കിലോമീറ്റര്‍ റോഡുകളുണ്ടായി. ഇത് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ റോഡ് നെറ്റ് വര്‍ക്ക് ആണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തി. ജല്‍ ജീവന്‍ മിഷനിലൂടെ ഗ്രാമം തോറും പൈപ്പ് വാട്ടര്‍ കണക്ഷനുകള്‍ ലഭ്യമാക്കി. പുതിയ വിമാനത്താവളങ്ങള്‍ അനേകമടങ്ങ് വര്‍ദ്ധിച്ചു. വിമാനയാത്ര സാധാരണക്കാര്‍ക്കും പ്രാപ്യമാക്കി. ഇന്ത്യന്‍ റെയില്‍വേ 90 ശതമാനവും വൈദ്യുതീകരിച്ചു. 20 നഗരങ്ങളിലായി 860 കിലോമീറ്റര്‍ മെട്രോ റെയില്‍ ആയി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കോടിക്കണക്കിനാളുകള്‍ക്ക് വീടു ലഭിച്ചു. 17 കോടി എല്‍പിജി ഉപഭോക്താക്കള്‍ കൂടി. രാജ്യം 70 വര്‍ഷംകൊണ്ട് നേടാനാകാതിരുന്ന നേട്ടങ്ങള്‍ നരേന്ദ്രമോദി ഒമ്പതു വര്‍ഷങ്ങള്‍കൊണ്ട് നേടി. എന്നാലും വിദ്വേഷം മനസ്സില്‍ പേറുന്നവര്‍ രാജ്യത്തിനകത്തും പുറത്തും ഭാരതത്തെ ഇകഴ്ത്തിക്കാട്ടാന്‍ മത്സരിക്കുകയാണ്. അത്തരം മാനസികാവസ്ഥയും വിദ്വേഷവും അടിയന്തരാവസ്ഥയില്‍ എങ്ങനെ പ്രവര്‍ത്തിച്ചു?
ഏകാധിപത്യത്തെ ചോദ്യം ചെയ്യാനിടയുള്ള ആര്‍എസ്എസ് പോലുള്ള സംഘടനകളെ അന്ന് നിരോധിച്ചു. ജയപ്രകാശ് നാരായണന്‍, അടല്‍ബിഹാരി വാജ്‌പേയി, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി, ആചാര്യ കൃപലാനി മുതലായ സമുന്നത നേതാക്കളെ അറസ്റ്റുചെയ്തു ജയിലിലടച്ചു. കര്‍ശനമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി ബഹുജനജിഹ്വകളായ മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടി. കേരളത്തില്‍ ജന്മഭൂമി സായാഹ്ന ദിനപത്രവും കേസരി വാരികയും ഉള്‍പ്പെടെ ഇരുപത്തിരണ്ടോളം പ്രസിദ്ധീകരണങ്ങള്‍ അടച്ചുപൂട്ടി.
അടിയന്തരാവസ്ഥയില്‍ പത്രപ്രവര്‍ത്തന രംഗത്തു നിന്ന് പി.വി.കെ. നെടുങ്ങാടി, പി.നാരായണന്‍, പി.രാജന്‍, ദക്ഷിണാമൂര്‍ത്തി എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി എഡിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന എം. രാജശേഖര പണിക്കരുടെ നേതൃത്വത്തില്‍ പത്രമാരണനിയമം, ജനാധിപത്യ ധ്വംസനം എന്നിവക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പള്ളുരുത്തി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ കൊണ്ടുപോയി ഭീകരമായി മര്‍ദ്ദിച്ചു. നിലവിലുള്ള ഭരണകൂടത്തിനെതിരെ സമരം സംഘടിപ്പിച്ചതിന് രാജശേഖര പണിക്കരെ കോടതി രണ്ട് മാസത്തേക്ക് ശിക്ഷിച്ചു.
അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തി മര്‍ദ്ദനമേറ്റ് ജയില്‍ വാസമനുഭവിച്ച പത്രപ്രവര്‍ത്തകനാകാനുള്ള ചരിത്ര നിയോഗം രാജശേഖരനുണ്ടായി. അന്നും ജനാധിപത്യത്തിലേക്ക് മടങ്ങാനുള്ള ത്വര ജനങ്ങളില്‍ ഉണ്ടായിരുന്നു. ജനാധിപത്യം ഭാരതീയ മൂല്യങ്ങളില്‍ അന്തര്‍ലീനമാണ്, നമ്മുടെ പൈതൃകമാണ്. ആയിരക്കണക്കിന് അറസ്റ്റുകളും അതിക്രമങ്ങളും ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ഇന്ത്യക്കാരുടെ വിശ്വാസത്തെ ഇളക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
എന്നാല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് അടിയന്തരാവസ്ഥയുടെ മാനസികാവസ്ഥ പോയില്ല. അതുകൊണ്ട് പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കും ദേശീയ താല്‍പ്പര്യങ്ങള്‍ക്കും ഉപരിയായി അവര്‍ കുടുംബതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു. ഈ പരിതാപകരമായ അവസ്ഥ ഇന്നും അവര്‍ തുടരുന്നു.
ഇന്ത്യന്‍ ജനത ജനാധിപത്യം, സംഘടനാസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയ്ക്കായി പൊരുതി. ഭാരതത്തിലും വിദേശത്തും ലോകനായക് ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കിയ ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ തികച്ചും ഗാന്ധിയന്‍ സഹനസമരത്തിലൂടെ അവര്‍ ജനാധിപത്യമൂല്യങ്ങള്‍ തിരിച്ചു പിടിച്ചു. സമരച്ചൂടില്‍ ഇന്ദിരാ ഗാന്ധി 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യം തിരിച്ചുപിടിച്ച് ഭാരതം ലോകത്തിനു മാതൃകയായി. അത് സാദ്ധ്യമായത് ഇന്ത്യന്‍ ജനതയുടെ ഉള്ളില്‍ രൂഢമൂലമായ ജനാധിപത്യ മൂല്യബോധം കൊണ്ടു മാത്രമാണ്.
1977 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാവിരുദ്ധതരംഗം ആഞ്ഞടിക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധിയേയും മകന്‍ സഞ്ജയ് ഗാന്ധിയേയുംവരെ ജനങ്ങള്‍ പരാജയപ്പെടുത്തി. കേന്ദ്രത്തില്‍ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ സിപിഐ നേതാവ് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു. അവര്‍ ചേര്‍ന്ന് നടത്തിയ നരനായാട്ടായിരുന്നു കേരളത്തിലെ അടിയന്തരാവസ്ഥയുടെ മുഖം. പട്ടിപ്പൂട്ടും ഉരുട്ടലും കാവടിയാട്ടവുമുള്‍പ്പെടെ കുപ്രസിദ്ധമായ മര്‍ദ്ദനമുറകള്‍ കൊണ്ട് മരിച്ചവരും ഇന്നും മരിച്ചുജീവിക്കുന്നവരുമായ ആയിരക്കണക്കിനാളുകളുണ്ട്.
ആര്‍എസ്എസ് ആലപ്പുഴ ജില്ലാ പ്രചാരകനായിരുന്ന വൈക്കം ഗോപകുമാറിനെപ്പോലുള്ളവരുടെ ദുരന്തം എക്കാലത്തും ഓര്‍മിക്കപ്പെടേണ്ടതാണ്. ”ഏറ്റവുമധികം രഹസ്യമര്‍ദ്ദനങ്ങള്‍ നടന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലെ മുഖ്യമന്ത്രി സിപിഐ നേതാവായിരുന്ന സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പരമഭക്തനായ കെ.കരുണാകരനുമായിരുന്നതാണ് കാരണം. കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്യൂണിസ്റ്റു പാര്‍ട്ടിയും ഒന്നിച്ചുചേര്‍ന്നാല്‍ ഇതേപോലുള്ള മഹാദുരന്തമായിരിക്കും ഇനിയും ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത് എന്ന സത്യംകൂടി ഇതിലൂടെ വെളിപ്പെടുന്നുണ്ട്. ഇവര്‍ ഒന്നിച്ചാല്‍ ജനാധിപത്യം അരുംകൊല ചെയ്യപ്പെടുമെന്ന്” യശ:ശരീരനായ ഗോപകുമാര്‍ അഭിപ്രായപ്പെടുകയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അടിയന്തരാവസ്ഥയുടെ മാനസികാവസ്ഥ തന്നെയാണ്. അടിയന്തരാവസ്ഥാവിരുദ്ധസമരത്തിന് നേതൃത്വം നല്‍കിയത് അതതു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ കക്ഷികളായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അവര്‍ അധികാരത്തില്‍ വരികയും ചെയ്തു. കേരളത്തില്‍ അടിയന്തരാവസ്ഥാവിരുദ്ധസമരം നയിക്കേണ്ടിയിരുന്ന പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന സിപിഎം അര്‍ദ്ധമനസ്സോടെയാണ് അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയത്. ആദ്യനാളുകളിലെ പ്രതിരോധത്തിനുശേഷം സിപിഎം സമരമുഖത്തുണ്ടായില്ല. പാര്‍ട്ടി നേതൃത്വം തന്നെ രണ്ട് തട്ടിലായിരുന്നു. ലോക സംഘര്‍ഷസമിതിയുമായി യോജിച്ച് സമരങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് സംഘര്‍ഷസമിതി സംസ്ഥാന സെക്രട്ടറി കെ.രാമന്‍പിള്ളയോട് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. എ.കെ.ഗോപാലനാകട്ടെ അടിയന്തരാവസ്ഥക്കെതിരെ കൂട്ടായ സമരം വേണമെന്ന അഭിപ്രായക്കാരനായിരുന്നു.
ലോകസംഘര്‍ഷസമിതിയുടെ ആഹ്വാനമനുസരിച്ച് കേരളത്തിലൊട്ടാകെ ആര്‍എസ്എസും ജനസംഘവും 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 16 വരെ സത്യഗ്രഹസമരം നടത്തി. സര്‍വോദയ പ്രവര്‍ത്തകരും അടിയന്തരാവസ്ഥക്കെതിരെ പോരാട്ടത്തിന് സന്നദ്ധരായി. നക്‌സലൈറ്റുകളടക്കം വലിയ വിപ്ലവകാരികള്‍ക്കൊന്നും അടിയന്തരാവസ്ഥക്കെതിരെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവരെ അടിച്ചമര്‍ത്താന്‍ കിട്ടിയ സന്ദര്‍ഭം പോലീസുകാര്‍ ക്രൂരമായി ഉപയോഗിച്ചു. സോഷ്യലിസ്റ്റുകള്‍, സംഘടനാ കോണ്‍ഗ്രസ്, പ്രതിപക്ഷ മുസ്ലിം ലീഗ് എന്നിവര്‍ അടിയന്തരാവസ്ഥക്ക് എതിരായിരുന്നെങ്കിലും സമരം നടത്താനുള്ള ആള്‍ബലമുണ്ടായിരുന്നില്ല.
അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷിയായ സിപിഎം പരാജയപ്പെട്ടത് അടിയന്തിരാവസ്ഥക്കെതിരെ ജനകീയാഭിപ്രായം രൂപീകരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതുകൊണ്ടാണ്. സിപിഎം സമരാഭാസങ്ങള്‍കൊണ്ട് പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ക്ക് മുന്നില്‍ അടിയന്തിരാവസ്ഥയിലെ ‘നിര്‍ബന്ധിത അച്ചടക്കം’ വലിയ നേട്ടമായി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. അതുകൊണ്ട് കോണ്‍ഗ്രസ് മുന്നണി തന്നെ കേരളത്തില്‍ അധികാരത്തില്‍ വന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക നേതാക്കളും അടിയന്തരാവസ്ഥക്കെതിരെയുള്ള സമരം രണ്ടാം സ്വാതന്ത്യസമരമെന്ന് പ്രകീര്‍ത്തിക്കാറുണ്ടെങ്കിലും അതിനെ സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. മാപ്പിള ലഹള, ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയ തര്‍ക്കവിഷയങ്ങളും പുന്നപ്ര വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി എന്നീ കമ്യൂണിസ്റ്റ് സമരങ്ങളും സ്വാതന്ത്ര്യസമരമായി പരിഗണിച്ച് അതിലുള്‍പ്പെട്ടവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വാങ്ങുന്നു എന്നതാണ് വിചിത്രമായ കാര്യം.
സ്വാതന്ത്ര്യത്തിനുശേഷം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഭരണഘടനയുടെ ശില്പികള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഗാന്ധിവധവുമായി ബന്ധപ്പെടുത്തി ആര്‍എസ്എസ്സിനെ നിരോധിച്ചു. 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി മുതല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ മുഴുവന്‍ ജയിലാക്കി. കുടുംബവാഴ്ചയുടെ തൂണുകളില്‍ നിലനില്‍ക്കുകയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിന്നുപോകുകയും ചെയ്ത പാര്‍ട്ടിക്ക് ജനാധിപത്യ തത്വങ്ങള്‍ സംരക്ഷിക്കാനാകില്ല. ‘കുടുംബം ആദ്യം’ എന്ന മനോഭാവമാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ച സ്വേച്ഛാധിപത്യത്തിന്റെ മൂലകാരണം.
അടിയന്തരാവസ്ഥ ഒരു കളങ്കമായിരുന്നു. ഭാവിയില്‍ ഒരു പാര്‍ട്ടിയും നേതാവും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളില്‍ ഇടപെടാനും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനും ധൈര്യപ്പെടില്ല. കോണ്‍ഗ്രസ്സിലാകട്ടെ അടിയന്തരാവസ്ഥ ഇന്നും നിലനില്‍ക്കുകയാണ്. ദേശീയ താല്‍പര്യങ്ങളെക്കാള്‍ കുടുംബതാല്‍പര്യങ്ങളാണ് കോണ്‍ഗ്രസ്സിനെ നയിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിപോലും രാജ്യവിരുദ്ധനിലപാടുകള്‍ എടുക്കുന്നത് അതുകൊണ്ടാണ്. ഇപ്പോള്‍ പ്രതിപക്ഷത്താണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സിനാവുന്നില്ല. വിദേശങ്ങളില്‍പോലും ഇന്ത്യാവിരുദ്ധ-മോദിവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ഇപ്പോഴും വിടാതെ നില്‍ക്കുന്ന അടിയന്തരാവസ്ഥാ മാനസികാവസ്ഥ കൊണ്ടാണ്. ‘എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദി എന്ന കുടുംബപ്പേരുള്ളത്?’ എന്ന രാഹുലിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ ശിക്ഷിക്കുകയുണ്ടായല്ലോ. പ്രതിപക്ഷ ബഹുമാനം നിര്‍ബന്ധമില്ലെങ്കിലും നിന്ദ ഒഴിവാക്കേണ്ടതുതന്നെയാണ്. മറ്റുള്ളവരെ ഫാസിസ്റ്റെന്നു വിളിക്കുമ്പോഴും ഉള്ളില്‍ പത്തിവിടര്‍ത്തിയാടുന്ന സ്വന്തം ഫാസിസ്റ്റു മുഖം അവര്‍ ഒളിപ്പിച്ചുവയ്ക്കുകയാണ്.
കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് പണിയാന്‍ തീരുമാനമെടുത്ത പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ സമയബന്ധിതമായി പണിതീര്‍ത്തതിനേയും കോണ്‍ഗ്രസ് എതിര്‍ത്തു. വിവിധ മന്ത്രാലയങ്ങളുടെ 30 മുതല്‍ 40 വരെ സെക്രട്ടേറിയറ്റുകള്‍ കോടിക്കണക്കിന് രൂപ പ്രതിമാസം കൊടുക്കേണ്ട വാടകക്കെട്ടിടങ്ങളിലാണ്. അതില്‍ ഏറെയും കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പറയപ്പെടുന്നു. ഓഫീസുകളെല്ലാം വിസ്ത സമുച്ചയത്തിലേക്ക് മാറുമ്പോള്‍ തല്‍പരകക്ഷികള്‍ക്ക് വാടകയിനത്തില്‍ നഷ്ടപ്പെടുന്നത് കോടിക്കണക്കിന് രൂപയാണ്. ഖജനാവിന് ഭീമമായ വാടകച്ചെലവ് ലാഭിക്കുന്നതിനോടൊപ്പം, എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുകയും ചെയ്യും. പുതിയ വിസ്ത കോംപ്ലക്‌സിന്റെ നിര്‍മാണച്ചെലവ് രണ്ട് വര്‍ഷത്തിനകം വാടക ലാഭത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയും. അതിനെതിരെയുള്ള അപ്പീല്‍ സുപ്രീം കോടതി തള്ളിക്കളയുകയുണ്ടായി.
ദേശത്തിന് ഹിതകരമായ ഭരണ പരിഷ്‌ക്കാരങ്ങളെയെല്ലാം പ്രതിപക്ഷം സുപ്രീം കോടതിയില്‍ പോയി എതിര്‍ത്തു. ആധാര്‍ കേസ്, മുത്തലാഖ്, റഫാല്‍ ഇടപാട്, നോട്ട് നിരോധനം, ഇവിഎം, ജിഎസ്ടി, സിഎഎ, രാം മന്ദിര്‍, പെഗാസസ്, ഗുജറാത്ത് കലാപം, സെന്‍ട്രല്‍ വിസ്റ്റ, പിഎംഎല്‍എ, യുഎപിഎ, പിഎം കെയര്‍സ് ഫണ്ട്, ആര്‍ട്ടിക്കിള്‍ 370, അദാനി കേസ് എന്നിവയിലെല്ലാം അവര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും പരാജയപ്പെട്ടു.
ഭരണകക്ഷി ചെയ്യുന്നതെന്തും എതിര്‍ക്കുന്ന പ്രതിപക്ഷം അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയുടെ മാനസികാവസ്ഥ പിന്‍പറ്റുന്നവരാണ്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല.