ഭാരതത്തില്‍ അനേകം മതങ്ങളുണ്ട്. അവയില്‍ ചിലത് ഭാരതത്തില്‍ ഉണ്ടായവയും മറ്റ് ചിലത് വിദേശത്തുനിന്നു വന്നവയും ആണ്. വിദേശത്തുനിന്നു വന്ന മതങ്ങളില്‍ അവരുടെ നാട്ടിലെ മതപീഡനങ്ങളില്‍നിന്നും രക്ഷ നേടാന്‍ അഭയാര്‍ത്ഥികളായി വന്നവരും ഭാരതത്തിന്റെ സമ്പല്‍സമൃദ്ധി കണ്ട് സമ്പത്ത് കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെ വന്നവരുമുണ്ട്. ഇതില്‍ അഭയാര്‍ത്ഥികളായി വന്നവര്‍ പൊതുവേ ഭാരതത്തിലെ ജനങ്ങളുമായി സമരസപ്പെട്ടു ജീവിച്ചു. യഹൂദന്മാര്, പാഴ്സികള്‍ തുടങ്ങിയവര്‍ ഇതിനുദാഹരണങ്ങളാണ്. എന്നാല്‍ സമ്പത്ത് കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെ കടന്നുവന്ന ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ ഭാരതത്തിലെ ജനങ്ങളുമായി നിരന്തരസംഘര്ഷത്തിലേര്പ്പെട്ടു. അവര്‍ നാടിനെ കൊള്ളയടിക്കുക മാത്രമല്ല ചെയ്തത്. മറിച്ച് ഭാരതത്തെ കീഴടക്കി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാന്‍ ശ്രമിച്ചു. അവരുടെ ദൃഷ്ടിയില് കീഴടക്കുക എന്നാല്‍ ഭരണാധികാരം പിടിച്ചെടുക്കല്‍ മാത്രമായിരുന്നില്ല. അവരുടെ കീഴടക്കല്‍ മതപരവും വിദ്യാഭ്യാസപരവും സാംസ്ക്കാരികപരവും ആയിരുന്നു. അതിനവര്‍ ഭാരതത്തിലെ ജനങ്ങളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കി, ക്ഷേത്രങ്ങള്‍ തകര്‍ത്തു, വിഗ്രഹങ്ങള്‍ ഉടച്ചു, വിദ്യാഭ്യാസകേന്ദ്രങ്ങള്‍ തീയിട്ടു നശിപ്പിച്ചു. ഭാരതത്തില്‍ അവരുടെ ഭാഷ, നീതിന്യായവ്യവസ്ഥ, വിദ്യാഭ്യാസപദ്ധതി തുടങ്ങിയവ അടിച്ചേല്‍പ്പിച്ചു. ഭാരതീയ ശില്പകല, സാഹിത്യം, ഭാഷ എന്നിവ നശിപ്പിക്കാന്‍ ശ്രമിച്ചു. ചുരുക്കത്തില്‍ വൈദേശികാക്രമണം ഭാരതത്തിന്റെ സാമ്പത്തിക, സാംസ്ക്കാരിക രംഗങ്ങളെയെല്ലാം അപ്പാടെ തകര്‍ത്തു. അവരുടെ ലക്ഷ്യം ഭാരതത്തെ വൈദേശികവല്ക്കരിക്കലായിരുന്നു.
എന്നാല്‍ ഭാരതം ഇതിന് വഴങ്ങിയില്ല. ക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും ഭാരതത്തെ കീഴടക്കുന്നതിന് പര്യാപ്തമായില്ല. ഭാരതത്തിന്റെ ആത്മാവില്‍ വൈദേശികത പിടിമുറുക്കുന്നതിനനുസരിച്ച് ചെറുത്തുനില്പിന്റെ ശക്തിയും രൂപവും മാറി. സത്യഗ്രഹം മുതല്‍ സായുധസമരം വരെ, സാഹിത്യപ്രവര്‍ത്തനം മുതല്‍ ഭക്തിപ്രസ്ഥാനം വരെ നീണ്ടു കിടക്കുന്ന ചെറുത്തുനില്‍പ്പിന്റെ ചരിത്രം അത്ഭുതാവഹവും അഭിമാനമുണര്ത്തുന്നതും ആണ്. ശത്രുവിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അത് തുടര്‍ന്നു. കാരാഗൃഹം മുതല്‍ കഴുമരം വരെ നമ്മുടെ പൂര്‍വ്വികര്‍ സസന്തോഷം സ്വീകരിച്ചു. ബാലന്മാരും സ്ത്രീകളും അടക്കം ആബാലവൃദ്ധം ജനങ്ങള്‍ ഈ ചെറുത്തുനില്‍പ്പില്‍ പങ്കാളികളായി. ഭാരതീയ ജനസമൂഹം ഒന്നടങ്കം ഈ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി.
സ്വാതന്ത്ര്യം നേടുന്നു
ഈ ചെറുത്തുനില്‍പ്പിന്റെ അവസാനം 1947 ആഗസ്റ്റ് 15 ന് ഭാരതം ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടി. അതോടൊപ്പം ഭാരതവിഭജനവും നടന്നു. വിഭജനം മൂലം വലിയ കെടുതികളാണ് ഉണ്ടായത്. ഭാരതത്തില്‍ മതമെന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നായിരുന്നു. എന്നാല്‍ അതേ ഭാരതം മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. ഇത് മതത്തെ രാജ്യത്തിന്റെ നിയതി നിര്‍ണ്ണയിക്കുന്ന ഘടകമാക്കി. മതാടിസ്ഥാനത്തിലുള്ള വിഭജനം ഭാരതീയ ജീവിതരീതിക്ക് യോജിക്കുന്നതായിരുന്നില്ല. വിഭജനത്തോടെ സ്വാതന്ത്ര്യം നേടുമ്പോള്‍ ഭാരതം അതിന്റെ ദീര്‍ഘമായ ജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ഒരു മൂല്യം താല്‍ക്കാലികമായി ബലികഴിക്കുകയായിരുന്നു. ഭാരതവിഭജനം നാടിന്റെ മൂല്യവ്യവസ്ഥയ്ക്ക് എതിരായിരുന്നു.
വിഭജിത ഭാരതത്തിന് ഒരു ഭരണവ്യവസ്ഥ ആവശ്യമായിരുന്നു. പ്രാചീനഭരണവ്യവസ്ഥ അതേപടി സ്വീകരിക്കുന്നത് ആധുനികലോകത്തിന് യോജിക്കുമായിരുന്നില്ല. മാത്രമല്ല ലോകത്ത് പല രാജ്യങ്ങളും സ്ഥാപനങ്ങളും പുതുതായി രൂപംകൊണ്ടിരുന്നു. അവയോടെല്ലാം സമരസപ്പെട്ടുവേണമായിരുന്നു ഭാരതത്തിന്റെ തുടര്‍ജീവിതം. അതുകൊണ്ട് ഒരു ലിഖിതമായ ഭരണഘടനയ്ക്ക് രൂപം നല്കി. ഭരണഘടനയുടെ അടിസ്ഥാനത്തിലായിരിക്കും ഭാരതത്തിന്റെ തുടര്‍ജീവിതം എന്ന് തീരുമാനിച്ചു.
ഭരണഘടനാലക്ഷ്യം
500 ലധികം നാട്ടുരാജ്യങ്ങളെ യോജിപ്പിച്ചാണ് ഇന്നത്തെ ഭാരതം രൂപംകൊണ്ടത്. അങ്ങനെ രൂപംകൊണ്ട ഭാരതത്തിന്റെ മൂല്യങ്ങളെ പരിരക്ഷിക്കുന്നതിനും കാലാനുസൃതമായി അവ നടപ്പാക്കുന്നതിനും വേണ്ടിയാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. വിവിധ മതങ്ങള്‍, ഭാഷകള്‍, വേഷഭൂഷാദികള്‍ എന്നിങ്ങനെ എല്ലാ കാര്യത്തിലും വൈവിദ്ധ്യം പുലര്‍ത്തിയ ഭാരത രാഷ്ട്രത്തെ ഏകഘടകമാക്കി നിലനിര്‍ത്തുക എന്നതായിരുന്നു ഭരണഘടനയുടെ ലക്ഷ്യം. അതായത് ഭാരതത്തിലെ വൈവിദ്ധ്യങ്ങളെ ഏകോപിപ്പിച്ച് ഏകരാഷ്ട്രമായി നിലനിര്‍ത്തുക എന്നതാണ് ഭരണഘടനയുടെ ഉദ്ദേശ്യം. ഇക്കാര്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഭാരതത്തിലെ ജനങ്ങളെ ഏകോപിപ്പിച്ച് നിര്‍ത്തലാണ് ഭരണഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനെതിരായി വരുന്ന എല്ലാ കാര്യങ്ങളും ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനാവിരുദ്ധമായ ഒരു കാര്യവും രാജ്യത്തിനാവശ്യമില്ല. ഏത് കാര്യവും രാഷ്ട്രത്തിന് ആവശ്യമുള്ളതാണോ എന്ന് വിലയിരുത്തുന്നത് അത് രാഷ്ട്രത്തെ ഏകോപിപ്പിക്കുന്നതിന് ഉതകുമോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകണം.
ഈ അടിസ്ഥാനത്തില്‍ 13 ഭാഷകള്‍ക്കും തുല്യപദവി, എല്ലാ പൗരന്മാര്ക്കും തുല്യാവകാശം എന്നിവയും സ്വീ കരിച്ചു. ഇന്ത്യന്‍ പൗരത്വം മതാടിസ്ഥാനത്തിലോ ജാതി അടിസ്ഥാനത്തിലോ ഭാഷ, സംസ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിലോ ആയിരുന്നില്ല. ഭാരതത്തിലെ എല്ലാ പൗരന്മാര്ക്കും തുല്യാവകാശങ്ങളും അംഗീകരിച്ചു. ഇങ്ങനെ ഭരണഘടന എല്ലാ പൗരന്മാര്ക്കും തുല്യത നല്കി.
തുല്യതയും പ്രത്യേകാവകാശങ്ങളും
എല്ലാ പൗരന്മാര്ക്കും തുല്യപരിഗണനയെന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ തുല്യതയെന്നത് തുല്യാവകാശമാണ്. ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. വിശാലമായ ഭാരതത്തില്‍ എല്ലായിടത്തും പട്ടികജാതി-പട്ടികവിഭാഗം ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നു. സാമ്പത്തികമായും സാമൂഹ്യമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന അവര്‍ക്ക് അവസരസമത്വം എന്നതുകൊണ്ട് പ്രയോജനമില്ല. ഇത് കണക്കിലെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് മുഴുവന്‍ സമൂഹത്തിന്റേയും കടമയായിരുന്നു. തുല്യാവസരം എന്നതിന് തുല്യനിലപാടുതറ ആവശ്യമാണ്. അതുകൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തി. തുല്യനിലപാടുതറയില് നിന്നുവേണം തുല്യത ഉണ്ടാക്കാന്‍. ഒരു റിലേ ഓട്ടത്തില്‍ ഒരാള്‍ വളരെ പിന്നിലും മറ്റുള്ളവര്‍ വളരെ മുന്നിലും നിന്നുകൊണ്ട് ഓടുന്നത് നീതികേടാണ്. പിന്നിലുള്ള ആളെക്കൂടി മറ്റുള്ളവര്‍ക്ക് ഒപ്പം നിര്‍ത്തുക എന്നതാണ് ആവശ്യം. സ്റ്റാര്‍ട്ടിംഗ് പോയിന്റ് എല്ലാവര്ക്കും തുല്യമായിരിക്കണം. ഇതിനാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. സാമൂഹ്യഏകത കൈവരിക്കുക എന്നതായിരുന്നു ഭരണഘടനയുടെ ലക്ഷ്യം എന്നതിനാല്‍ സമൂഹത്തിലെ ഒരു വിഭാഗം വളരെ പിന്നിലാകുന്നത് ഭാവിയില്‍ സാമൂഹ്യസംഘര്‍ഷത്തിന് കാരണമാകും. സാമൂഹ്യ സംഘര്‍ഷം ഒഴിവാക്കുക എന്ന ലക്ഷ്യം സംവരണത്തിലൂടെ ഭരണഘടനാനിര്മ്മാതാക്കള് ഉറപ്പുവരുത്തി.
എന്നാല്‍ ന്യൂനപക്ഷാവകാശങ്ങള്‍ ഇത്തരത്തിലുള്ളതല്ല. ഭാരതം വിഭജിച്ചത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരൊറ്റ രാഷ്ട്രമായി നിലനില്‍ക്കുന്നതിന് മതം തടസ്സമായിരുന്നു. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രത്തില്‍ തങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകുമോ എന്ന ഭയം ന്യൂനപക്ഷങ്ങള്ക്കുണ്ടായി. അതുവഴി തങ്ങള്‍ മതവിവേചനവും മതപീഡനവും നേരിടും എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് അസ്ഥാനത്താണെങ്കിലും ഈ ഭയത്തിനു പരിഹാരമായി ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഇതുപ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യവും മതപരമായ ആചാരങ്ങള്‍ പിന്തുടരുവാനുള്ള അവകാശവും ഭരണഘടനാപരമായി അനുവദിച്ചു. ഇങ്ങനെ ന്യൂനപക്ഷത്തിന്റെ സാംസ്ക്കാരിക പ്രത്യേകതകള്‍ നിലനിര്‍ത്താനായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനുമുള്ള അവകാശവും നല്കി. ഭാരതത്തില്‍ ഹിന്ദുക്കള്‍ ഒരിക്കലും ഒരു മതത്തോടും വിവേചനപൂര്‍വ്വം പെരുമാറിയിട്ടില്ല. ഹിന്ദുക്കള്‍ ഒരിക്കലും ന്യൂനപക്ഷങ്ങളെ മതപീഡനത്തിനിരയാക്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളാണ് (ക്രിസ്ത്യന്‍ – മുസ്ലീം) ഹിന്ദുക്കള്‍ക്കെതിരായി മതപീഡനം നടത്തിയത്. വസ്തുത ഇതായിരുന്നിട്ടും സാമൂഹ്യമായ ഏകത നിലനിര്‍ത്തണം എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.
ന്യൂനപക്ഷാവകാശവും മതസ്വാതന്ത്ര്യവും – വഴി തെറ്റുന്നു
ന്യൂനപക്ഷക്കാര്‍ക്ക് സ്വന്തം മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശം നല്‍കിയത് തുല്യത എന്ന മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പിന്നീടവര്‍, മതപ്രചരണമെന്നത് മതപരിവര്‍ത്തനത്തിനുള്ള ലൈസന്‍സ് ആയി കണക്കാക്കി. ഈ വ്യാഖ്യാനം ശരിയല്ല. മതപരിവര്‍ത്തനം ചെയ്യുന്നതിനടിസ്ഥാനം, പരിവര്‍ത്തനം നടത്തുന്ന മതം അതിന് വിധേയരാകുന്നവരുടെ മതത്തേക്കാള്‍ ശ്രേഷ്ഠമാണ് എന്നതാണ്. ഇത് മതങ്ങളുടെ തുല്യതയ്ക്കെതിരാവുന്നു. ഭാരതത്തിലെ ഭരണഘടനപ്രകാരം പൗരന്മാര്ക്ക് അവര്‍ക്കിഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാം. എന്നാല്‍ മതംമാറ്റം എന്നതും മതംമാറുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. മതംമാറ്റത്തില്‍ ബാഹ്യപ്രേരണയുണ്ട്. മതം മാറുന്നതില്‍ അതില്ല. അതുകൊണ്ട് മതംമാറല്‍ എന്നത് ഭരണഘടനയുമായി യോജിച്ചുപോകുന്നതാണ്. എന്നാല്‍ മതംമാറ്റല്‍ ഭരണഘടനയുടെ അന്തഃസത്തക്കെതിരാണ്. ഹിന്ദുക്കളെ മതംമാറ്റാന്‍ വിദേശത്തുനിന്ന് പണവും മറ്റ് സാമഗ്രികളും ഇന്ത്യയിലേക്ക് ഒഴുകിയെത്തി. അങ്ങനെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയ മതസ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ അസ്തിത്വത്തെ തകര്‍ക്കുന്നതായി മാറി. മാത്രമല്ല, തങ്ങളുടെ മതം അനുഷ്ഠിക്കാ (Practice)നും പ്രചരിപ്പിക്കാനു (propagate)മുള്ള അവകാശം മാത്രമേ അതിലൂടെ അവര്‍ക്ക് നല്‍കിയിട്ടുള്ളൂ. മതംമാറ്റുന്നതിനുള്ള അനുവാദം അവര്‍ക്ക് നല്കാന് ഭരണഘടനാനിര്മ്മാതാക്കള് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അനുഷ്ഠി (practice)ക്കാനും പ്രചരിപ്പിക്കാ(propagate)നും മതപരിവര്‍ത്തനം ചെയ്യാ(convert) എന്ന് കൃത്യമായി പറയുമായിരുന്നു. മതം അനുഷ്ഠിക്കാ(practice)നും പ്രചരിപ്പിക്കാനു(propagate)മുള്ള സ്വാതന്ത്ര്യം മാത്രമേ നല്‍കിയിട്ടുള്ളൂ. മതംമാറ്റത്തിനുകൂടി അനുവാദം നല്‍കുന്നില്ല. മതംമാറ്റല്‍ മതവിശ്വാസമാണെങ്കില്‍ മതംമാറിപ്പോയ ഹിന്ദുക്കളെ തിരികെകൊണ്ടുവരികയെന്നത് ഹിന്ദുക്കളുടെ സാമൂഹ്യമായ കടമയായി മാറുന്നു. ഇങ്ങനെ ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച മതസ്വാതന്ത്ര്യം ക്രമേണ അതിന്റെ പരിധി അതിക്രമിക്കുകയും മതങ്ങള്‍ തമ്മിലുള്ള തുല്യതയെ നിരാകരിക്കുകയും ചെയ്തു.
അപ്രഖ്യാപിത ജസിയ
ന്യൂനപക്ഷവിഭാഗങ്ങളുടെ ആരാധനാലയം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുടെ സ്വത്ത് അവര്‍ക്കുതന്നെ കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍ ക്ഷേത്രസ്വത്തുക്കള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ഭൂരിപക്ഷജനതയുടെ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷമതങ്ങളുടെ സ്ഥാപനങ്ങളുമായി മത്സരം നടത്തുന്നതിന് ഇത് തടസ്സമാകുന്നു. ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന മുറവിളി ഉയര്‍ത്തുന്നവര്‍ അവരുടെ ജനസംഖ്യ, സാമ്പത്തികശക്തി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ വര്‍ദ്ധിക്കുകയും ഉന്നതസ്ഥാനങ്ങളില്‍ അവര്‍ എത്തുകയും ചെയ്യുന്നു എന്ന കാര്യം മറച്ചുവെയ്ക്കുന്നു. മതപീഡനം നടക്കുന്നുണ്ടെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. എന്നാല്‍ കുറയുന്നത് ഹിന്ദുജനസംഖ്യയാണ്. സാമ്പത്തികമായും സ്ഥാപനങ്ങളുടെ നടത്തിപ്പിലും ഹിന്ദുക്കള്‍ പിന്നാക്കം പോകുന്നു. യഥാര്‍ത്ഥത്തില്‍ മതപരമായ പീഡനം അനുഭവിക്കുന്നത് ഹിന്ദുക്കളാണ്. കാശ്മീരില്‍ നിന്ന് ഹിന്ദുപണ്ഡിറ്റുകള്‍ പലായനം ചെയ്തത് നാമോര്‍ക്കേണ്ടതാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇതേരീതിയില്‍ ഒരിടത്തും പലായനം ചെയ്യേണ്ടിവന്നിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ജോലി സാദ്ധ്യതകള്‍, ആരാധനാലയങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍, ഹജ്ജ് സബ്സിഡി, മുസ്ലീം മതാധ്യാപകര്‍ക്ക് നല്കുന്ന ശമ്പളം, പെന്ഷന്, മറ്റാനുകൂല്യങ്ങള്‍, ന്യൂനപക്ഷക്കമ്മീഷന്‍, വഖഫ് സ്വത്തുക്കളുടെ നിലനിര്‍ത്തല്‍ തുടങ്ങി അനേകം ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇതൊന്നും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതല്ല. ഭരണഘടന അനുസരിച്ച് ഭരിക്കുകയാണെങ്കില്‍ ഇതെല്ലാം മതപ്രീണനമാണ് എന്നു കാണുന്നതിന് വലിയ അറിവൊന്നും ആവശ്യമില്ല. ഇങ്ങനെ ന്യൂനപക്ഷങ്ങള്‍ക്ക് പൊതുഖജനാവില്‍നിന്ന് അളവറ്റ പണം നല്കുന്നു. ഹിന്ദുക്കള്‍ക്കെതിരായ ഒരുതരം അപ്രഖ്യാപിത ജസിയ നികുതി ഇവിടെയുണ്ട്. ഹജ്ജിന് സബ്സിഡി, ശബരിമലയ്ക്ക് കെ.എസ്.ആര്.ടി.സി. അധികചാര്‍ജ്ജ് ഈടാക്കുന്നു. ഇത് വിവേചനമാണ്, മതേതരത്വം അല്ല. ഇവിടെ പരാധീനതയ്ക്കല്ല പരിഹാരം കാണുന്നത്. മുസ്ലീം-ക്രിസ്ത്യന്‍ മതത്തിനാണ് പരിഗണന. ഭാരതം മതേതരത്വത്തില്‍ വിശ്വസിക്കുന്നു എന്നത് പൊതുവേ എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഭാരതത്തിലെ മതേതരത്വം ന്യൂനപക്ഷപ്രീണനമാണ്, ഹിന്ദുക്കളെ വിവേചനപൂര്‍വ്വം കാണുന്നതാണ്. മതപരമായ തുല്യത ഭാരതത്തില്‍ ഇപ്പോഴില്ല.
പ്രീണനരാഷ്ട്രീയത്തിന്റെ ഫലമായി മുസ്ലിങ്ങള്‍ക്ക് ഒ.ബി.സി. സംവരണം. കേരളത്തില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിന്റെ അടിസ്ഥാനംതന്നെ ജാതിപരമായ വിവേചനമായിരുന്നു. മതങ്ങളുടെ അടിസ്ഥാനത്തില്‍ സംവരണം ഭരണഘടനയിലില്ല. കേരളത്തിലെ ജനസംഖ്യയില്‍ 26-28% വരുന്ന വിഭാഗമാണ് മുസ്ലീങ്ങള്‍. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഭാരതത്തിലെ മറ്റുഭാഗങ്ങളിലെ മുസ്ലീങ്ങളെക്കാള്‍ മുന്നിലാണ് അവര്‍. അതുകൊണ്ട് കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ഒ.ബി.സി. സംവരണം നല്‍കിയത് മതേതരത്വത്തിന് എതിരാണ്, ഭരണഘടനയുടെ താത്പര്യത്തിന് എതിരാണ്. ഇന്ത്യയില്‍ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ എന്ന പേരില്‍ സച്ചാര്കമ്മറ്റിയെ നിയോഗിക്കുകയുണ്ടായി. എന്നാല്‍ ഹിന്ദുക്കളായ പട്ടികജാതി വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയും അതിന് പരിഹാരങ്ങളും കാണാന്‍ സച്ചാര്‍ കമ്മറ്റി പോലെ വിപുലമായ അധികാരങ്ങളോടു കൂടിയ ഒരു കമ്മിറ്റി ഇന്നും രൂപീകരിച്ചിട്ടില്ല. മതപ്രീണനമാണ് ഇതിന്റെ അടിസ്ഥാനം. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പരാധീനതകള്‍ പുറത്തു വന്നാല്‍, അത് പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ മതപരിവര്‍ത്തനത്തിനുള്ള സാദ്ധ്യത കുറയും. പട്ടികജാ തി വിഭാഗങ്ങളുടെ പരാധീനതകള്‍ പഠിക്കാന്‍ കമ്മറ്റിയെ നിയമിക്കാത്തതിന് ഇതും ഒരു കാരണമാണോ?
പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം നിലനില്‍ക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അത് കാലാനുസൃതമായി പരിഷ്ക്കരിക്കണം. മതങ്ങള്‍ക്ക് സംവരണം ഇല്ല. പ്രത്യേക അവകാശങ്ങള്‍ മാത്രമേ നല്‍കാനാവൂ. അതും മതം പുലര്‍ത്താനും പ്രചരിപ്പിക്കാനും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനുമാണ്. ഇന്ന് ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള എതിര്‍പ്പിന്റെ അടിസ്ഥാനകാരണം സംഘടിതവിലപേശലിലൂടെ അവര്‍ നേടിയ അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങളാണ്. ഇത് നാടിന്റെ ഏകതയ്ക്കെതിരാണ്. ഈ പ്രീണനനയം രാഷ്ട്രത്തിനേക്കാള് പ്രാധാന്യം മതത്തിനു നല്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഭാരതം എന്നത് ഏകരാഷ്ട്രമാണ്. വിവിധ മതങ്ങള്‍, ഭാഷകള്‍, ജീവിതരീതികള്‍ എന്നിവയുള്ളവര്‍ ഇവിടെ സഹകരിച്ച് ജീവിക്കുവാന്‍ നിഷ്പക്ഷവും എല്ലാവര്ക്കും തുല്യനീതി നടപ്പാക്കുന്നതുമായ ഭരണകൂടമായിരിക്കണം ഉണ്ടാകേണ്ടത്.
ഇന്ന് ബിജെപി വര്‍ഗീയകക്ഷിയാണെന്ന് പ്രചരണം ശക്തമാണ്. എന്തുകൊണ്ടാണ് ഈ പറയുന്നത്? മതേതരത്വമെന്നാല്‍ സംഘടിതമതങ്ങളെ പ്രീണിപ്പിക്കലാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യാത്ത, ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളെയാണ് ബിജെപി എതിര്‍ക്കുന്നത്. അവ ഭരണഘടനാപരമായി ശരിയല്ല. എന്നാല്‍ അതിനെ ന്യായമായി കാണിക്കുന്നു. വിശപ്പ്, ദാരിദ്ര്യം, പിന്നോക്കാവസ്ഥ എന്നിവ എല്ലാവര്ക്കും ഒരേപോലെയാണ്. എന്നാല്‍ മുസ്ലീം വിധവയ്ക്ക് നല്കുന്ന വിധവാപെന്ഷന് തുല്യമായ തുക ഹിന്ദുവിധവയ്ക്കു നല്‍കുന്നില്ല എന്നത് യുക്തിരഹിതവും ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യങ്ങള്ക്ക് എതിരുമാണ്. ബി.ജെ.പി ഒഴികെയുള്ള കക്ഷികള്‍ സംഘടിതവോട്ടുബാങ്ക് നേടാനായി ഇതിനെ അനുകൂലിക്കുന്നു. ഇതിനെ എതിര്‍ക്കുന്ന ബിജെപിയെ വര്‍ഗീയകക്ഷി എന്നും പറയുന്നു. മുസ്ലീം വിധവയ്ക്ക് പെന്ഷന് കൊടുക്കരുതെന്ന് ബിജെപി പറയുന്നില്ല. തുല്യമായ തുക ഹിന്ദുവിധവകള്ക്കും നല്‍കണം എന്നാണ് ബിജെപിയുടെ അഭിപ്രായം. ഇത് വര്‍ഗീയമാകുന്നതെങ്ങനെ? ഈ മനോഭാവം തന്നെയാണ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായത്തിലും കാണിച്ചിട്ടുള്ളത്. ദരിദ്രരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തുച്ഛമായ തുക മാത്രം അനുവദിക്കുമ്പോള്‍ ധനികമുസ്ലീങ്ങള് അടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യമായി വന്‍തുക ലഭിക്കുന്നു. ഇത്തരത്തിലുള്ള പ്രീണനം രാഷ്ട്രത്തിന്റെ ഏകത ഊട്ടിയുറപ്പിക്കുന്നതിന് പകരം അതിനെ തകര്‍ക്കും. എല്ലാവരോടും തുല്യനീതി കാണിക്കേണ്ട ചുമതല ഭരണകൂടങ്ങള്‍ക്കാണ്. മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ പ്രഖ്യാപിക്കരുത്. ‘ആരോടും ഇല്ല പ്രീണനം എല്ലാവര്ക്കും തുല്യനീതി’ എന്നതായിരിക്കണം ഭരണകൂടത്തിന്റെ രീതി. പ്രീണനം എന്നത് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. പ്രീണനം കൊണ്ട് ആരാണോ ഗുണം അനുഭവിക്കുന്നത് അവര്‍ കൂടുതല്‍ കൂടുതല്‍ അവകാശങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തും. അത് അനുവദിക്കാത്ത പക്ഷം പ്രീണിപ്പിക്കുന്നവര്‍ക്ക് എതിരാകുകയും ചെയ്യും. ഇങ്ങനെ പ്രീണനരാഷ്ട്രീയം അത് അനുവദിക്കുന്നവരുടെ നാശത്തിന് കാരണമാകും. എന്നുമാത്രമല്ല പ്രീണനം അനുഭവിക്കുന്നവര്‍ തങ്ങളുടെ മതത്തോട് കൂടുതല്‍ കൂടുതല്‍ കൂറുള്ളവരാകുകയും രാജ്യത്തോട് അവര്‍ക്കുള്ള കൂറ് കുറയുകയും ചെയ്യുന്നു. അങ്ങനെ പ്രീണനം രാഷ്ട്രവിരുദ്ധമാകുന്നു, ഭരണഘടനാവിരുദ്ധമാകുന്നു. രാഷ്ട്രത്തിന്റെ സമ്പത്ത് ന്യൂനപക്ഷങ്ങള്‍ക്ക് അനധികൃതമായി നല്കുന്നതിനാല് ഇത് അഴിമതിയുമാണ്.
എന്താണിതിന് പരിഹാരം? ഒരു വിഭാഗത്തേയും പ്രീണിപ്പിക്കാന്‍ ശ്രമിക്കാതെ എല്ലാവര്ക്കും തുല്യനീതി നല്‍കലാണ് ഇതിനുപരിഹാരം. തുല്യനീതി നടപ്പിലാക്കുമ്പോള്‍ എല്ലാ മതവിഭാഗത്തില്‍പെട്ടവര്‍ക്കും ന്യായമായ അവകാശങ്ങള്‍ ലഭിക്കും. എന്നാല്‍ അത് രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയിലാണ് ലഭിക്കുക. മതത്തിന്റെ അടിസ്ഥാനത്തിലല്ല അത് കിട്ടുന്നത്. അവര്‍ മതത്തെ സര്‍വ്വപ്രഥമമായി പരിഗണിക്കുന്നില്ല. ആദ്യം രാജ്യം എന്ന സങ്കല്പത്തില് അവര്‍ ജീവിക്കും. ഭാരതീയപൗരന്മാരാണ് തങ്ങളെന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും എല്ലാം ആദ്യം ഭാരതീയരാകും. അതാണ് യഥാര്‍ത്ഥ മതേതരത്വം. ഭാരതത്തില്‍ ഏകത വളരാന്‍ ഈ നിലപാടാണ് ആവശ്യം. ഈ നിലപാടാണ് ഭരണഘടനാനിര്മ്മാതാക്കള് ലക്ഷ്യമാക്കിയത്. ആധുനികലോകത്ത് ഭരണകൂടം മതങ്ങള്ക്കതീതമായിരിക്കണം. പ്രീണനം നടത്തുന്ന രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷങ്ങളെ രാഷ്ട്രജീവിതത്തിന്റെ പൊതുധാരയില്‍നിന്ന് അകറ്റുകയാണ്. അവരെ മതത്തിന്റെ അഴിയാക്കുരുക്കില്‍ കുടുക്കുകയാണ്. ഇതിനൊരറുതിയുണ്ടാകണം. ഭാരതവിഭജനത്തിന് കാരണമായ മതദേശീയവാദം ഇല്ലാതാകണം. ഇവിടെ ജനിച്ച് വളര്‍ന്നവരെല്ലാം നാടിന്റെ പൗരന്മാരാണ് എന്ന ധാരണ ഉണ്ടാകണം. പൗരന്മാര്ക്കുണ്ടാകുന്ന പരാധീനതകള്‍ പരിഹരിക്കാന്‍ ഭരണകൂടം തയ്യാറാകണം. അതില്‍ ജാതി, മതം, ഭാഷ, സംസ്ഥാന, വംശവ്യതിയാനങ്ങള് ബാധകമാക്കരുത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിയ മുദ്രാവാക്യം ‘സബ് കേ സാഥ്, സബ് കാ വികാസ്’ എന്നാണ് (എല്ലാവരോടൊപ്പം എല്ലാവര്ക്കും വികസനം). ഇത് മതേതരവീക്ഷണത്തിലുള്ള ഒരു കാഴ്ചപ്പാടാണ്. അത് നടപ്പാക്കുക എന്നത് നാടിന്റെ ഏകതയ്ക്കും സമൂഹത്തിന്റെ ഒരുമയ്ക്കും ആവശ്യമാണ്.