1986-87 കാലഘട്ടത്തില്‍ യു.ജി.സി പദ്ധതി ആകാശത്തിന്റെ മുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഒരു വലിയ മാറ്റത്തിന് വിധേയമാകുമെന്ന് പല രും വിശ്വസിച്ചിരുന്നു. പക്ഷെ യു.ജി.സി പദ്ധതി ഏറ്റവും അശാസ്ത്രീയമായി നടപ്പിലാക്കിയ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയുടെ ശിരസ്സില്‍ ആണിതറച്ചാണ് കേരളം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ വികൃതമാക്കിയത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 65 ശതമാനം എയിഡഡ് (Aided) കോളേജുകളാണ് കേരളത്തിലുള്ളത്. 35 ശതമാനം മാത്രമാണ് സര്‍ക്കാര്‍ കോളേജുകള്‍. എയിഡഡ് കോളേജുകള്‍. പ്രധാനമായും, മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളുടെയും എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുടെയും കൈകളിലാണുള്ളത്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളും ജാതി, മത, സംഘടനകളുടെ കൈകളിലാണ്. എയിഡഡ് കോളേജുകളിലെ അധ്യാപക നിയമനം മാനേജ്‌മെന്റാണ് നടത്തുന്നത്. എയിഡഡ് റഗുലര്‍ കോളേജുകളില്‍ ഒരുകോടി രൂപ വരെ ക്യാപിറ്റേഷന്‍ ഫീ വാങ്ങുന്നു എന്നുള്ളത് പകല്‍ വെളിച്ചം പോലെ സത്യമാണ്. പണം വാങ്ങാതെ നിയമനം നടത്തുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ അത്യപൂര്‍വ്വമാണ്. അക്കാദമിക് ഗുണനിലവാരം എയിഡഡ് കോളേജുകളില്‍ കൂടുതലുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിലും എണ്ണയിട്ടയന്ത്രം പോലെ അധ്യാപകരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിലും വ്യവസ്ഥാപിതമായ പഠന രീതി പിന്തുടരുന്നതിലും കേരളത്തിലെ എയിഡഡ് കോളേജുകള്‍ പലതും ഏറെ മുന്‍പിലാണ്. കോഴിക്കോട് നഗരത്തില്‍ നാല് എയിഡഡ് കോളേജുകള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഗുരുവായൂരപ്പന്‍ കോളേജും, ദേവഗിരി കോളേജും,പ്രൊവിഡന്‍സ് കോളേജും, മലബാര്‍ ക്രിസ്ത്യന്‍ കോളേജും ഒക്കെ എല്ലാ അര്‍ത്ഥത്തിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതിനിടയില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് റിസല്‍ട്ടിലും മറ്റ് ആക്ടിവിറ്റീസിലും എത്രയോ പിറകിലായിരുന്നു. രക്ഷിതാക്കളില്‍ പലരും സമാന്തര കോളേജുകളില്‍ തങ്ങളുടെ കുട്ടികളെ അയച്ചാലും ഗവണ്‍മെന്റ് ആര്‍ട്‌സ് വേണ്ട എന്ന് ശഠിച്ചു പറഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നു. ഗവണ്‍മെന്റ് സ്‌കൂളുകളും, കോളേജുകളും, സ്ഥിതി മെച്ചപ്പെടുത്തിയത് അടുത്ത കാലത്താണ്.
ഈ ലേഖകന്‍ പ്രീഡിഗ്രിയും ഡിഗ്രിയും ചെയ്തത് വടകര ഗവണ്‍മെന്റ് മടപ്പള്ളി കോളേജില്‍ നിന്നാണ്. 1977-82 വരെയുള്ള മടപ്പള്ളി കോളേജ് തീര്‍ത്തും, അരാജകത്വം ഫണം വിടര്‍ത്തിയാടിയ ഒരു കാലഘട്ടമായിരുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ കോളേജിനെ കലുഷിതമാക്കി. വിജയശതമാനത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തലത്തില്‍ ഏറ്റവും പിറകിലുള്ള രണ്ട് സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജും, വടകര മടപ്പള്ളി കോളേജുമായിരുന്നു. അധ്യാപകരില്‍ മഹാഭൂരിപക്ഷവും ജോലിയില്‍ പ്രവേശിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ട്രാന്‍സ്ഫര്‍ വാങ്ങി പുതിയ അന്തരീക്ഷത്തിലേക്ക് ചേക്കേറുമായിരുന്നു. കലാസാഹിത്യരംഗത്ത് ഈ സ്ഥാപനം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഉന്നത വിദ്യാഭ്യാസവും യു.ജി.സി. സ്‌കെയിലും എന്ന വിഷയത്തെ കുറിച്ച് പഠിക്കാന്‍ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും, കന്നഡ നോവലിസ്റ്റും, ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വി.സിയുമായിരുന്ന ഡോക്ടര്‍ യു.ആര്‍. അനന്തമൂര്‍ത്തിയെ ചുമതലപ്പെടുത്തിയിരുന്നു. മൂര്‍ത്തി നടത്തിയ പഠനത്തിലും കേരളത്തില്‍ യു.ജി.സി പദ്ധതി ഉന്നത വിദ്യാഭ്യാസ രംഗത്ത് പറയത്തക്ക ചലനങ്ങള്‍ ഉണ്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. സമാന്തര കോളേജുകളുടെ നിലവാരം ഇല്ലാത്തവയാണ് കേരളത്തിലെ റഗുലര്‍ കോളേജുകളില്‍ ഏറെയും എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശരിയായിരുന്നു.
സമാന്തര കോളേജുകള്‍
1960കള്‍ തൊട്ട് 2010 വരെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയുടെ ശിരസ്സില്‍ കയറിയിരുന്നത് സമാന്തര കോളേജുകള്‍ ആയിരുന്നു. 1976ല്‍ ഇതെഴുതുന്ന ലേഖകന്‍ പ്രീഡിഗ്രി റഗുലര്‍ കോളേജില്‍ ചെയ്യുമ്പോള്‍ കേരളത്തിലെ 22 ശതമാനം കുട്ടികള്‍ മാത്രമേ റഗുലര്‍ കോളേജുകളില്‍ എത്തിയുള്ളൂ എന്ന് പത്രങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ വന്‍ നഗരങ്ങള്‍ തൊട്ട് ഗ്രാമപ്രദേശങ്ങള്‍ വരെയുള്ള സമാന്തര കോളേജുകള്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ അഭയകേന്ദ്രമായിരുന്നു. 75 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ നഗരങ്ങളില്‍ പിഡിസി വിദ്യാഭ്യാസം നടത്തിയത് സമാന്തര കോളേജുകള്‍ വഴിയായിരുന്നു. റഗുലര്‍ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളില്‍ വലിയൊരുഭാഗം ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ഫിസിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ ശനിയും, ഞായറും, സമാന്തര കോളേജുകളില്‍ എത്തിയിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ചിറകടിച്ച് ആകാശത്തിന്റെ അപാരത തേടി പറന്നത് ഗവണ്‍മെന്റ് ശമ്പളം നല്‍കുന്ന റഗുലര്‍ കോളേജ് അധ്യാപകരുടെ മിടുക്ക് കൊണ്ടല്ല, മറിച്ച് സമാന്തര കോളേജുകളില്‍ ചോര നീരാക്കി പണിയെടുത്ത അധ്യാപകരുടെ വിയര്‍പ്പിന്റെ വില കൊണ്ട് മാത്രമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, സമാന്തര കോളേജുകള്‍ വഴി നേടിയെടുത്തവരെ ഇന്ന് നാഷനലൈസ്ഡ് ബാങ്കിലും ഗവണ്‍മെന്റ് കോളേജിലും ഗവണ്‍മെന്റ് ഓഫീസുകളിലും ഒക്കെ കാണാം. 10 വര്‍ഷം മുന്‍പ് കേരളത്തിലെ ഒരു വൈസ് ചാന്‍സലര്‍ തിരുവനന്തപുരത്ത് വെച്ച് പറഞ്ഞത് ‘എന്നെ ഞാനാക്കിയത് തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരു സമാന്തര കോളേജായിരുന്നു’ എന്നാണ്. ഇന്നത്തെ അറിയപ്പെടുന്ന എഴുത്തുകാരില്‍ പലരും സമാന്തര കോളേജുകളില്‍ പഠിപ്പിച്ചവരാണ്. കവിയും ഇംഗ്ലീഷ് അധ്യാപന കലയുടെ ഇതിഹാസവുമായ ജി. കുമാരപിള്ള, നിരൂപകരായ വി.സി. ശ്രീജന്‍, എം.സോമന്‍, എം.പി.പോള്‍, ആര്‍.വിശ്വനാഥന്‍, ആര്‍.രാമചന്ദ്രന്‍, എം.പി.രാധാകൃഷ്ണന്‍, കടത്തനാട്ട് നാരായണന്‍, കെ.പി.വാസു തുടങ്ങിയ അനേകം പ്രതിഭകള്‍ ഈ രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ കുറിച്ച് പറയുന്ന വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ പലരും, ബോധപൂര്‍വ്വം, പിന്നിട്ട നാള്‍ വഴികളിലെ സമാന്തര സ്ഥാപനങ്ങളെ മറന്നുപോകുന്നു.
സ്വാശ്രയ കോളേജുകള്‍
ഇന്ന് സമാന്തര കോളേജുകള്‍ എഴുപത് ശതമാനവും സ്വാശ്രയ കോളേജുകളായി മാറി. ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ സ്വാശ്രയ കോളേജുകള്‍ അവസരമൊരുക്കുന്നു. കേരളത്തിലിന്ന് 40 ശതമാനം കുട്ടികള്‍ ഡിഗ്രിയും പി.ജിയും ചെയ്യുന്നത് റഗുലര്‍ കോളേജുകള്‍ വഴിയാണെങ്കില്‍ 60 ശതമാനം കുട്ടികള്‍ ഡിഗ്രിയും പി.ജിയും ചെയ്യുന്നത് സെല്‍ഫ് ഫൈനാന്‍സ് കോളേജുകള്‍ വഴിയും, സമാന്തരകോളേജുകള്‍ വഴിയുമാണ്. ശാസ്ത്രവിഷയങ്ങള്‍ പ്രത്യേകിച്ച് എം.എസ്.സി ബോട്ടണിയും, സുവോളജിയും കെമിസ്ട്രിയും മറ്റും റഗുലര്‍ കോളേജുകളില്‍ കിട്ടാതെ വന്നാല്‍ കുട്ടികള്‍ക്ക് ഏക ആശ്രയം സ്വാശ്രയ കോളേജുകളാണ്. സമാന്തര കോളേജുകള്‍ വഴി എം.എസ്.സി. ഗണിതശാസ്ത്രം മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ. കേരളത്തിലെ മിക്ക എയിഡഡ് കോളേജുകളും, ഏതാനും ക്ലാസ്സുമുറികള്‍ സ്വാശ്രയ കോഴ്‌സുകള്‍ക്കു വേണ്ടി മാറ്റിവെക്കുന്നു. ഈ ലേഖകന്റെ മകള്‍ എം.എസ്.സി ബോട്ടണി ചെയ്തത് തിരുവല്ലക്കടുത്തുള്ള ബിഷപ്പ് അബ്രഹാം മെമ്മോറിയല്‍ കോളേജിലെ സെല്‍ഫ് ഫൈനാന്‍സ് സെക്ഷനില്‍ നിന്നാണ്. ഇവിടെ അധ്യാപികമാര്‍ തീ തിന്നുകയാണ്. നരകത്തിലെ വിറകായി സ്വയം കത്തിയെരിയുന്ന അധ്യാപകരെ ഇവിടെ കാണാം. പി.ജിയും നെറ്റും ഡോക്ടറേറ്റും ഉള്ള അധ്യാപകര്‍ക്കിവിടെ പതിനായിരം അല്ലെങ്കില്‍ പതിനൊന്നായിരം രൂപയാണ് നല്‍കുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടക്കുന്ന ചൂഷണത്തിന്റെ പതിന്മടങ്ങാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ നടക്കുന്നത്. എം.എസ്.സിയും മറ്റും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വെറും പതിനായിരം രൂപ! എയിഡഡ് കോളേജിന്റെ ക്യാമ്പസ്സിലുള്ള സ്വാശ്രയ വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ച എല്ലാ യോഗ്യതയുമുള്ള അധ്യാപകര്‍ക്ക് പതിനായിരവും പതിനൊന്നായിരവും ശമ്പളം കൊടുക്കുമ്പോള്‍ അതേ ക്യാമ്പസ്സില്‍ റഗുലര്‍ കോളേജ് അധ്യാപകര്‍ക്ക് രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്പളം നല്‍കുന്നു. ഇത്രയും വലിയ അനീതി വിദ്യാഭ്യാസ രംഗത്ത് കേരളത്തിലുണ്ട് എന്ന് പലരും അറിയുന്നില്ല. ഇവിടെ മാനേജ്‌മെന്റ് പറയുന്ന കുട്ടികളുടെ അടുത്ത് നിന്ന് ഒരു നിശ്ചിത തുക മാത്രമേ ഓരോ സെമസ്റ്ററിലും പിരിക്കാന്‍ പാടുള്ളൂ എന്ന യൂനിവേഴ്‌സിറ്റി നിലപാടുമൂലം സ്വാശ്രയ കോളേജ് അധ്യാപകരുടെ ജീവിതം നരകത്തീയായി മാറുന്നു. സമാന്തര കോളേജുകളില്‍ കുട്ടികളില്‍ നിന്ന് എത്ര ഫീസ് വേണമെങ്കിലും, മാനേജ്‌മെന്റിന് പിരിക്കാം. ഒരു ക്ലാസ്സില്‍ എത്ര കുട്ടികളെ വേണമെങ്കിലും ഇരുത്താം, പക്ഷേ സ്വാശ്രയ കോളേജുകളിലെ ഫീസ് കൂട്ടി അധ്യാപകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പൈസ കൊടുക്കാന്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല.
ബോണ്‍സായ് മരങ്ങള്‍
ഇന്ന് ഇന്ത്യയില്‍ ഗവണ്‍മെന്റ് തലത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സ്‌കെയിലാണ് റഗുലര്‍ കോളേജ് അധ്യാപകര്‍ വാങ്ങുന്നത്. സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ആറാം പേ കമ്മീഷന്‍ നിലവില്‍ വന്നത് ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്താണ്. ഇന്ത്യാചരിത്രത്തിലാദ്യമായി മെഡിക്കല്‍ കോളേജിലേയും, എന്‍ജിനീയറിംഗ് കോളേജിലേയും അധ്യാപകരുടെ സ്‌കെയിലും റഗുലര്‍ കോളേജ് അധ്യാപകരുടെ സ്‌കെയിലും ഏകീകരിച്ചത് ഈ കാലത്താണ്. കോടികള്‍ കോഴകൊടുത്ത് എയ്ഡഡ് കോളേജുകളില്‍ അധ്യാപകരാകുന്നവര്‍ക്ക് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടെ ശമ്പളം നല്‍കുക എന്ന ആശയത്തെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഒരുപോലെ എതിര്‍ത്തിരുന്നു. കേരളത്തിലെ റഗുലര്‍ കോളേജുകളിലേയും സ്‌കൂളുകളിലെയും അധ്യാപകരില്‍ 95 ശതമാനവും ബോണ്‍സായ് മരങ്ങളെപ്പോലെയാണ്. ശിഖരങ്ങള്‍ വെട്ടിമാറ്റി വളര്‍ച്ചമുരടിച്ച ചെറുമരങ്ങളാണ് ബോണ്‍സായി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്നത്തെ യു.ജി.സി അധ്യാപകരില്‍ തങ്ങള്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുന്നവര്‍ വളരെ കുറച്ച് പേര്‍ മാത്രമാണ്. സിലബസ്സിന് വേലികെട്ടി എഴുതിയ ഗൈഡ് ബുക്കുകള്‍ മാത്രം വായിച്ച് ഡിഗ്രിക്കും, പി.ജിക്കും, ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ പൊട്ടകിണറ്റിലെ തവളകളെപ്പോലെയാണ്. ഒറിജിനല്‍ റഫറന്‍സുകള്‍ തേടിപ്പോയി വായന ഒരു സപര്യയാക്കി മാറ്റിയ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയുന്നു. കാരണം കുട്ടികള്‍ എഴുതിയ കാര്യങ്ങള്‍ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്കറിയില്ല. എം.എ. മലയാളം ക്ലാസ്സില്‍ റഗുലര്‍ കോളേജില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ ഈ ലേഖകനോട് പറഞ്ഞത് അദ്ദേഹം ഓ.വി. വിജയന്റെ ”ഖസാക്കിന്റെ ഇതിഹാസം” മാത്രമേ വായിച്ചിട്ടുള്ളൂ എന്നാണ്. ആനന്ദിനെ കുറിച്ച് ചോദിച്ചപ്പോള്‍ ”ആള്‍ക്കൂട്ടം” വായിച്ചിരുന്നു. സിലബസ്സില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ പരീക്ഷമാത്രം മുന്നില്‍ കണ്ട് പഠിച്ച ഇന്നത്തെ അധ്യാപകരുടെ തുരുമ്പ് പിടിച്ച മസ്തിഷ്‌കം ഒന്ന് കഴുകി വൃത്തിയാക്കിയാല്‍ പുതിയ തലമുറ രക്ഷപ്പെടും. സമാന്തര സ്ഥാപനങ്ങളില്‍ കുട്ടികള്‍ ഓരോ മാസവും പണം കൊടുക്കുമ്പോള്‍ അവര്‍ അധ്യാപകരെ വിലയിരുത്തും, ഇത്തരം വിലയിരുത്തലുകള്‍ റഗുലര്‍ കോളേജിലും ആവശ്യമാണ്. ബി.എ. ഇംഗ്ലീഷ് ക്ലാസ് മുറിയില്‍ വടകരയിലുള്ള ഒരു അദ്ധ്യാപിക പറഞ്ഞത് ഈ ലേഖകന്‍ ഇന്നും ഓര്‍ക്കുന്നു. ”ബി.എസ്.സി കഴിഞ്ഞ് എം.എസ്.സിക്ക് അഡ്മി ഷന്‍ കിട്ടാതെ വന്നപ്പോള്‍ ഇംഗ്ലീഷ് മെയിന്‍ എടുത്തതാണ് ഞാന്‍. തൃശ്ശൂര്‍ വിമലാ കോളേജില്‍ നോട്ട്സുകള്‍ പരീക്ഷക്ക് വേണ്ടി ക്യാപ്‌സൂള്‍ രൂപത്തില്‍ ആക്കി മാറ്റിത്തരുമായിരുന്നു. ഈ നോട്ട്‌സ് ആണ് എന്നെ ഗവണ്‍മെന്റ് സര്‍വ്വീസില്‍ എത്തിച്ചത്.” ടോള്‍സ്റ്റോയിയെയും, ഗോയ്‌ഥേയെയും, ഡസ്റ്റോവസ്‌ക്കിയെയും, ഖലീല്‍ ജിബ്രാനെയും കാളിദാസനെയും അറിയില്ലെങ്കിലും ഒരാള്‍ക്ക് യു.ജി.സി. ഇംഗ്ലീഷ് അധ്യാപകനായി തുടരാം, 2 ലക്ഷത്തില്‍ കൂടുതല്‍ ശമ്പളവും കിട്ടും. പ്രശസ്ത സാഹിത്യനിരൂപകന്‍ എം.കൃഷ്ണന്‍ നായര്‍ 25 വര്‍ഷം മുന്‍പ് സാഹിത്യ വാരഫലത്തില്‍ എഴുതിയിരുന്നു; നല്ല ഉച്ഛാരണ ശുദ്ധിയോടെ, ഇംഗ്ലീഷ് പറയാന്‍ പറ്റുന്ന ഒരു ശതമാനം ഇംഗ്ലീഷ് അധ്യാപകര്‍ പോലും കേരളത്തില്‍ കാണില്ല എന്ന്.” ഈ നിരീക്ഷണം ശരിയാണ്. ഇന്നത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സയന്‍സില്‍ ബിരുദമുള്ള പണ്ഡിതനാണ്, അദ്ദേഹം നല്ല ഒഴുക്കോടെ ഇംഗ്ലീഷ് പറയുമ്പോള്‍ നമ്മുടെ മാധ്യമരംഗത്തുള്ളവര്‍ വിയര്‍ത്ത് കുളിക്കുന്നു. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഭാഷാധ്യാപകരില്‍ നിലവാരമുള്ള ഒരു വാരിക പോലും വിലകൊടുത്ത് വാങ്ങാന്‍ കാശുമുടക്കാത്തവരാണ് കേരളത്തിലെ മഹാഭൂരിപക്ഷം അധ്യാപകരും. ഫിസിക്‌സും കെമിസ്ട്രിയും ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിക്കുന്ന അധ്യാപകരില്‍ മലയാളസാഹിത്യവും ഇംഗ്ലീഷ് സാഹിത്യവും നല്ലനിലയില്‍ കൈകാര്യം ചെയ്യുന്നവരുണ്ട്.
ഇറവെള്ളത്തില്‍ കുട്ടികള്‍ ഒഴുക്കുന്ന കടലാസുതോണികള്‍
ഇന്ന് ഒരു യു.ജി.സി അധ്യാപകന് രണ്ട് ലക്ഷത്തി മുപ്പത്തഞ്ചായിരം രൂപ വരെ ശമ്പളം കിട്ടുന്നു. ഇത് കൂടാതെ എവിടെ നിന്നെങ്കിലും ഒരു ഡോക്ടറല്‍ പ്രബന്ധം എന്ന അസംബന്ധത്തിന്റെ പേരില്‍ ഒരു ഡോക്ടര്‍ ബിരുദം കിട്ടിയാല്‍ നാല് ഇന്‍ക്രിമെന്റ് കൂടുതല്‍ കിട്ടും. അറിയപ്പെടുന്ന സാഹിത്യ നിരൂപകന്‍ ഡോക്ടര്‍ എം.എം. ബഷീര്‍, നാല് വര്‍ഷം മുമ്പ് ഒരു സാഹിത്യ മാസികയുടെ കവര്‍ സ്റ്റോറിയായി 30 പേജില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ”മലയാളസാഹിത്യത്തില്‍ എഴുതപ്പെടുന്ന, ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ ഏറെയും ചവറുകളാണ്” എന്നാണ്. വിളപ്പില്‍ശാലയിലെ മാലിന്യക്കൂമ്പാരത്തില്‍ കൊണ്ടുപോയി മലയാളത്തിലെ ഗവേഷണ പ്രബന്ധങ്ങള്‍ കത്തിച്ചുകളയണം എന്ന് പറഞ്ഞവരും ഉണ്ട്. ഗവേഷണ പ്രബന്ധങ്ങള്‍ പലരും പൈസകൊടുത്ത് എഴുതിപ്പിക്കുകയാണ്. ഗൈഡിന് പരിചിതമല്ലാത്ത വിഷയങ്ങളുമായി അവരെ സമീപിച്ചാല്‍ അവര്‍ അവര്‍ക്ക് പരിചയമുള്ള വിഷയങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കും. ഗൈഡിന് പുതിയ എന്തെങ്കിലും പഠിച്ചുണ്ടാക്കാന്‍ താല്‍പര്യമില്ല. ഗൈഡുകള്‍ പെണ്‍കുട്ടികളെ ‘ഡീ-മോറലൈസ്’ ചെയ്തതിന്റെ പേരില്‍ വലിയതോതില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതും കഴിഞ്ഞ കുറേകാലമായി കേരളീയര്‍ക്ക് പരിചിതമാണ്. ‘ഖലീല്‍ജിബ്രാനും, ഓറിയന്റല്‍ മിസ്റ്റിസിസവും’, എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യാന്‍ ഈ ലേഖകന്‍ ഗൈഡുകളെയും മാറിമാറി കണ്ടിരുന്നു. ഒടുവില്‍ ആര്‍. വിശ്വനാഥന്‍ മാസ്റ്ററാണ് എന്നെ ആ വിഷയവുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത്. മറ്റ് പലരും, ജിബ്രാനെ കുറിച്ച് കേട്ടിട്ട് പോലുമില്ല. കാലിക്കറ്റ്, കേരളാ സര്‍വ്വകലാശാലകളില്‍ മലയാളം വിഭാഗത്തിലും, ഇംഗ്ലീഷ് വിഭാഗത്തിലും സമര്‍പ്പിച്ച ഗവേഷണപ്രബന്ധങ്ങളില്‍ ഏറെയും ചവറുകളാണെന്ന് എം.എന്‍.കാരശ്ശേരി മാസ്റ്ററും ഡോക്ടര്‍ വി.രാജകൃഷ്ണനും സമ്മതിക്കുന്നു. അടുത്ത കാലത്ത് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അദ്ദേഹത്തിന്റെ കവിതകളെ കുറിച്ചെഴുതിയ ഗവേഷണ പ്രബന്ധം പുസ്തകമാക്കിയപ്പോള്‍ അതില്‍ കടന്നുകൂടിയ തെറ്റുകളുടെ ശവഘോഷ യാത്രയെക്കുറിച്ച് പരിഹസിച്ചിരുന്നു. ഈയിടെ ചിന്താജെറോം തന്റെ ഗവേഷണ പ്രബന്ധത്തില്‍ വരുത്തിയ ബാലിശമായ തെറ്റുകള്‍ അംഗീകരിക്കാന്‍പോലും തയ്യാറായില്ല. ‘വാഴക്കുല’ എന്ന കവിത ആരാണ് രചിച്ചതെന്ന് അറിയാത്ത ജെറോമിനും ഒരു മാസം ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ജെറോമിന്റെ ഗൈഡിനും മലയാള സാഹിത്യത്തെക്കുറിച്ച് ഒന്നും അറിയില്ലേ?
കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ തീരംതേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പറന്നടുക്കുകയാണ്. കേരളത്തില്‍ ജോലി ചെയ്തുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദവും, ബിരുദാനന്തരബിരുദവും ഓണ്‍ലൈന്‍ വഴി ചെയ്യുന്നവരുടെ എണ്ണം പെരുകി വരികയാണ്.
ജാതിയും, മതവും, രാഷ്ട്രീയവും കൂടിച്ചേര്‍ന്നതാണ് കേരളത്തിലെ വിദ്യാഭ്യാസരംഗം. വി.സി.മാരെ ഗവണ്‍മെന്റ് കോളേജുകളില്‍ നിന്ന് മാത്രമേ നിയമിക്കാവൂ എന്ന നിയമം നടപ്പില്‍ വരുത്താന്‍ സര്‍ക്കാറുകള്‍ക്ക് പേടിയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണും നട്ട് കഴിയുന്ന ഇടതുപക്ഷവും, വലതു പക്ഷവും എയിഡഡ് സ്‌കൂളുകളേയും എയിഡഡ് കോളേജുകളേയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ്. വി.സി.മാരെ നിയമിക്കുന്നതും ജാതിയും മതവും നോക്കിയാണ്. കണ്ണൂര്‍ വി.സി. മുസ്‌ലിം ആണെങ്കില്‍ കോട്ടയം വി.സി. ക്രിസ്ത്യന്‍, കേരളാ വി.സി. സവര്‍ണ്ണ ഹിന്ദു, ഗാന്ധി യൂണിവേഴ്‌സിറ്റി വി.സി ‘തിയ്യ’ വിഭാഗം തുടങ്ങിയ പരിഗണനകള്‍ക്കതീതമായി ചിന്തിക്കാന്‍ നമ്മുടെ ഗവണ്‍മെന്റുകള്‍ക്ക് കഴിയുന്നില്ല.