പ്രകൃതി വിഭവങ്ങളും മനുഷ്യശേഷിയും കൊണ്ടനുഗൃഹീതമായ കേരളം ഇന്ത്യയുടെ വികസന മാനദണ്ഡങ്ങളിലെല്ലാം തന്നെ വളരെ ഉയര്‍ന്ന നിലവാരത്തിലാണ്. ഉയര്‍ന്ന കൂലിയും ജോലി സാധ്യതയും ഉള്ളതുകൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഇരുപത്തിയഞ്ച് ലക്ഷത്തോളം യുവജനങ്ങള്‍ കേരളത്തില്‍ സ്ഥിരമായി ജോലി ചെയ്യുന്നു. മുപ്പതു ലക്ഷത്തോളം മലയാളികള്‍ കേരളത്തിന് പുറത്ത്‌പോയി കേരളത്തിലേക്ക് പണം അയക്കുന്നു. സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ ജനസംഖ്യ നിയന്ത്രണത്തിലും ആരോഗ്യ സംരക്ഷണത്തിലുമൊക്കെ മുന്നില്‍ തന്നെ.
ഇതൊക്കെയാണെങ്കിലും കേരളം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം കടം വാങ്ങുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം വന്നിരിക്കുന്നു എന്നതാണ് പോലും. കടം വാങ്ങുന്നത് മോശം കാര്യമൊന്നുമല്ലല്ലോ. എന്നാല്‍ അതിനും ഒരു ചിട്ടയും വ്യവസ്ഥയും ഒക്കെ ഇല്ലേ? അതൊന്നും പറ്റില്ലെന്ന വാദമാണ് കേരളം ഭരിക്കുന്ന സര്‍ക്കാരിനുള്ളത് എന്നു തോന്നുന്നു.
വായ്പ വാങ്ങുന്നതില്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നര ശതമാനത്തില്‍ അത് ഒതുക്കണം, അതില്‍ അര ശതമാനം ഊര്‍ജ്ജമേഖലയില്‍ നിക്ഷേപിക്കുന്നതുമാകണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന വ്യവസ്ഥ. ഇതു കേരളത്തിന് മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും ബാധകമായ പൊതു വ്യവസ്ഥയാണ്. ഇത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ചുള്ളതാണ്.
അതനുസരിച്ചു കേരളത്തിന് ഇക്കൊല്ലം 32,442 കോടി രൂപയുടെ വായ്പ എടുക്കാവുന്നതാണ്. ഇതിലൊന്നും ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ കേന്ദ്രം വായ്പ എടുക്കുന്നതിനു ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ വലിയ വിവാദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കിഫ്ബി അതായത് കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസെന്റ് ഫണ്ട് എന്ന പേരില്‍ വാങ്ങുന്ന വായ്പയ്ക്കുള്ള ഉറപ്പ് കേരള സര്‍ക്കാര്‍ ആണ് നല്‍കുന്നത്. സംസ്ഥാന ബജറ്റില്‍ പരാമര്‍ശിച്ചിട്ടുള്ളതും അല്ലാത്തതുമായ സര്‍ക്കാര്‍ ഉത്തരവാദിത്തമുള്ള എല്ലാ വായ്പകളും വായ്പാ പരിധിയില്‍ കൊണ്ടു വരും എന്നതാണ് കേന്ദ്ര നിലപാട്.
ധനകാര്യകമ്മീഷന്‍ നിര്‍ദ്ദേശങ്ങളില്‍ വന്നിരിക്കുന്ന ഇതേ കാര്യം തന്നെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും പലതവണ ഉന്നയിച്ച കാര്യമാണ്.
സി എ ജി റിപ്പോര്‍ട്ട്
വായ്പ വാങ്ങുന്നതിലും വിനിയോഗിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ഗൗരവതരമായ വീഴ്ചകള്‍ 2021 മാര്‍ച്ച് 31നുള്ള കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന റവന്യു കമ്മി 2016-17 മുതല്‍ 2018-19വരെ തുടര്‍ച്ചയായി ഉയര്‍ന്ന് 2019-20 ല്‍ കുറഞ്ഞു. 2019-20ല്‍ 14,495കോടി രൂപ ആയിരുന്നത് 2020-21ല്‍ 25,829.50കോടി രൂപയായി വീണ്ടും ഉയര്‍ന്നു.കേരള ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആക്ട് 2003ല്‍ പറയുന്ന ഒരു ലക്ഷ്യവും 2020-21ല്‍ കൈവരിച്ചില്ല.
2020-21ലെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് രണ്ടു ശതമാനം അധിക വായ്പക്ക് അനുമതി കിട്ടിയിരുന്നു. ധനകമ്മി 2016-17ല്‍ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) 4.17 ശതമാനത്തില്‍ നിന്നു 2020-21ല്‍ 6.65 ശതമാനം വരെയായി.
ഇക്കാലയളവില്‍ കേരളത്തിന്റെ വയ്പാ ബാധ്യത ജി എസ് ഡി പി യുടെ 29.89 ശതമാനത്തില്‍ നിന്ന് 39.87ശതമാനം ആയി ഉയര്‍ന്നു.
കേരള ധന ഉത്തരവാദിത്ത നിയമം 2003 പ്രകാരം വയ്പാ പരിധി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റ 29.67 ശതമാനത്തില്‍ കുറയണം. ആകെ കടബാധ്യത 3,24,855 കോടി രൂപയായി ഉയര്‍ന്നു.
2016-17ല്‍ 75,611.72 കോടി രൂപയായിരുന്നു കേരളത്തിന്റെ റവന്യു വരുമാനം. 2020-21ല്‍ ഇത് 97,616.83 കോടി രൂപയായി വര്‍ധിച്ചു. ഇതില്‍ നികുതി വരവ് 13ശതമാനം ആണ് കൂടിയത്. 2016-17 റവന്യു വരുമാനത്തില്‍ നികുതി 55.78 ശതമാനം ആയിരുന്നു. ഇത് 2020-21ല്‍ 48.82ശതമാനം ആയി കുറയുകയാണുണ്ടായത്.
2016-17ല്‍ റവന്യു ചെലവ് 91096.31കോടി രൂപ 2020-21ല്‍ 1,23,446 കോടിയായി 35.51ശതമാനം വര്‍ധിച്ചു.
ആകെ ചെലവില്‍ റവന്യു ചെലവ് 88ശതമാനം മുതല്‍ 92ശതമാനം വരെയായിരുന്നു ഇക്കാലയളവില്‍. 2020-21ല്‍ പലിശ മാത്രം 21.49 ശതമാനം വരുമായിരുന്നു.
എന്നാല്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടിയിരുന്ന മൂലധനച്ചെലവ് 2016-17ല്‍ 10,125.95കോടി എന്നത് 2020-21ല്‍ 12,889.65 കോടി രൂപയിലേക്ക് മാത്രമാണ് വര്‍ദ്ധിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ വിവിധ കോര്‍പ്പറേഷന്‍ കമ്പനികള്‍ മറ്റു മൂല ധന നിക്ഷേപ സംവിധാനങ്ങള്‍ എന്നിവക്ക് 10,064.70 കോടി രൂപ നല്‍കിയതിന് വരുമാനം 1.34 ശതമാനം മാത്രം. സര്‍ക്കാര്‍ വാങ്ങിയ പണത്തിനു 2016-17 മുതല്‍ 2020-21 വരെ മാത്രം നല്‍കിയ ശരാശരി പലിശ 7.33 ശതമാനം.
2020-21 ല്‍ കേരളത്തിന്റെ ബജറ്റിനു പുറത്തുള്ള വായ്പ 9273.24 കോടി രൂപ.
2019-20 കാലയളവില്‍ 8774 കോടി രൂപയുടെ ധനക്കമ്മി കണക്കില്‍ കാണിച്ചില്ല എന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ജനുവരിക്കും 2022 ഡിസംബറിനും ഇടക്ക് കേരള സര്‍ക്കാര്‍ 12062 കോടി രൂപയുടെ പുതിയ വായ്പ ഗ്യാരണ്ടിയും നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വയ്പ്പാ പരിധി മറികടക്കാനുള്ള സൂത്രപ്പണിയാണ് ഈ വായ്പ എന്ന് സി.എ.ജി പറഞ്ഞത്. സര്‍ക്കാര്‍ ഉടമയിലുള്ള കമ്പനി സ്റ്റാറ്റിയുട്ടറി ബോഡി തന്നെയാണ്. അതിന്റെ വായ്പകളും ബഡ്ജറ്റ് കമ്മികളെ ബാധിക്കും. ബജറ്റില്‍ പറയാതെ വാങ്ങുന്ന ഇത്തരം വായ്പകള്‍ സുതാര്യത, ഇന്റര്‍ ജനറേഷണല്‍ ഇക്യുറ്റി എന്നിവയെ ബാധിക്കുമെന്നുകൂടി അന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
ഡോ. തോമസ് ഐസക്കിന്റെ വാദങ്ങള്‍
കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുന്നതില്‍ കേരളം ഇതുവരെ ഭരിച്ചവര്‍ക്കൊക്കെ കൂട്ടായ ഉത്തരവാദിത്തമാണുള്ളത്. മുന്നണി ഏതായാലും സാമ്പത്തിക അച്ചടക്കം പാലിക്കാറില്ല. നികുതി പിരിക്കുന്നതില്‍ ശ്രദ്ധിക്കാതെ കിട്ടുന്ന വഴിക്കൊക്കെ കടമെടുത്ത് തോന്നുന്നപോലെയൊക്കെ ചിലവാക്കി, അഴിമതിയും ധൂര്‍ത്തും ആവോളം നടത്തി അടുത്ത ആള്‍ക്ക് സൗകര്യം ചെയ്തുകൊടുത്താണ് ഓരോ മുന്നണിയും ഇറങ്ങിപ്പോയത്.
ഇതില്‍ വായ്പ വാങ്ങുന്നത് ഒരു ആഘോഷമാക്കിയ ധനമന്ത്രി ഡോ.തോമസ് ഐസക് ആയിരിക്കും. ബഡ്ജറ്റ് പ്രസംഗങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തമാശ തോന്നും. ഒരിക്കല്‍ ബഡ്ജറ്റ് നിറയെ കുട്ടികളുടെ കവിത, അതിനു മുന്‍പ് വലിയ തത്വചിന്തകള്‍ അങ്ങനെ പലതുകൊണ്ടും സമ്പന്നമാക്കിയ ബജറ്റുകളില്‍ ഒന്നിലാണ് കിഫ്ബിയുടെ അനന്ത സാദ്ധ്യതകള്‍ കൊട്ടി ഘോഷിച്ചത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പൊതു വായ്പ പല പേരുകളില്‍ പറഞ്ഞാല്‍ പലതായി കരുതണം എന്നാണ്. ഓഫ് ബജറ്റ് ബോറോയിങ്, എക്‌സ്ട്രാ ബജറ്ററി വായ്പ എന്നൊക്കെ പേര് പറയുന്ന ബജറ്റിനു പുറത്തുള്ള വായ്പകള്‍ മിക്ക സംസ്ഥാനങ്ങളും നടത്തി വരുന്നതായിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ് ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവയാണ് 2022 -23 ല്‍ ബജറ്റിനു പുറത്ത് വായ്പ എടുത്ത പ്രധാന സംസ്ഥാനങ്ങള്‍, കേന്ദ്രം ഇതിനു നിയന്ത്രണം കൊണ്ടു വന്നതോടെ 2023-24ല്‍ ഇതില്‍ 72 ശതമാനം കുറവ് വന്നിരിക്കുന്നു. കമ്പനികള്‍, പ്രത്യേക ഉദ്ദേശ ഫണ്ട് എന്നിവ വഴി 2022-23 ല്‍ 66,640 കോടി രൂപ വിവിധ സംസ്ഥാനങ്ങള്‍ ബജറ്റിനു പുറത്ത് വായ്പ വാങ്ങിയതായി കേന്ദ്ര ധനകാര്യ മന്ത്രി പങ്കജ് ചൗധരി രാജ്യ സഭയില്‍ പറഞ്ഞിരുന്നു. തെലങ്കാന 2022 -23ല്‍ 35,258 കോടി രൂപ അങ്ങനെ വാങ്ങി എങ്കിലും 2023-24 ല്‍ അത് 800 കോടി രൂപയായി കുറച്ചു. ആന്ധ്ര 6,288 കോടിയില്‍ നിന്ന് 1301കോടി രൂപയാക്കി കുറച്ചു. കേരളവും ഇതുപോലെ 14,313 കോടി രൂപ 2770 കോടി രൂപ യാക്കി കുറച്ചു എന്നും മന്ത്രി പറഞ്ഞിരുന്നു. രണ്ടായിരത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഉണ്ടായിരുന്ന നാല് ലക്ഷം കോടി രൂപയുടെ ബജറ്റിനു പുറത്തുള്ള വായ്പ 2022 ആയപ്പോള്‍ 93ശതമാനം കുറച്ച് ബാക്കി തുക ബാലന്‍സ് ഷീറ്റില്‍ ഉള്‍കൊള്ളിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഓഫ് ബഡ്ജറ്റ് വായ്പ ഏറ്റവും കൂടുതല്‍ എടുക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഓഫ് ബഡ്ജറ്റ് വായ്പകള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബജറ്റിനു പുറത്ത് നിന്നു ഒരു വായ്പയും എടുക്കുന്നില്ല. നേരത്തെ എഫ് സിഐ വഴി ഭക്ഷ്യ ധാന്യ സംഭരണത്തിന് എടുത്ത വായ്പകള്‍ എല്ലാം കൊടുത്തു തീര്‍ത്തു.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.5ശതമാനത്തിനുള്ളില്‍ ആയിരിക്കണം ആകെ വായ്പകള്‍ എന്ന കേന്ദ്ര നിര്‍ദ്ദേശം വന്നതോടെ സംസ്ഥാനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അവര്‍ക്ക് നല്‍കിയ സമയപരിധി 2026 നുള്ളില്‍ എന്നത് ഒരു വര്‍ഷം കൂടി നീട്ടിയിരിക്കയാണ് ഇപ്പോള്‍.
ഇളവ് അനുവദിച്ചതോടെ ഈ വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 28ശതമാനം കൂടുതല്‍ വായ്പ വിപണിയില്‍ നിന്ന് എടുക്കാന്‍ സാധ്യത കാണുന്നു. ഇത് കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും വളര്‍ത്തും. അപ്പോള്‍ കേരളത്തോട് കേന്ദ്രം അതിക്രമം കാണിക്കുന്നു വിവേചനം കാണിക്കുന്നു എന്നൊക്കെ കേരളത്തിലെ ധനകാര്യ മന്ത്രി പറയുന്നത് പ്രതിപക്ഷ രാഷ്ട്രീയ ഐക്യത്തിനു ഒരാവേശം പകരട്ടെ എന്ന് കരുതി ആയിരിക്കും.
കേരളത്തിന്റെ സ്ഥിതി ഭയാനകം
2023-24 ലെ സംസ്ഥാന ബഡ്ജറ്റ് വസ്തുതകള്‍ മാത്രം ഉള്‍കൊള്ളിച്ചുള്ളതായിരുന്നല്ലോ. ആകെ പ്രതീക്ഷിക്കുന്ന ചെലവ് വായ്പ തിരിച്ചടവ് ഒഴിച്ച് 1,76,089 കോടി രൂപ. ഇതില്‍ എഴുപത് ശതമാനവും ശമ്പളം (30) പെന്‍ഷന്‍ (21) പലിശ (19) എന്ന വിധത്തില്‍ നിര്‍ബന്ധിത ചിലവുകള്‍. വായ്പ തിരിച്ചടവ് 49,551 കോടി. വായ്പ ഒഴികെ വരവ് 1,36,427 കോടി രൂപ. റവന്യു കമ്മി 23,942കോടി രൂപ. ധന കമ്മി 39,662 കോടി രൂപ. ജി.എസ്.ഡി.പിയുടെ 3.5 ശതമാനം.
2021-22ല്‍ വായ്പ എടുത്തത് 64932കോടിരൂപയായിരുന്നു. 2023-24ല്‍ അത് വര്‍ധിച്ച് 78,104കോടി രൂപ വരെ ആകും. 27.1ശതമാനം വര്‍ദ്ധന പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ ഇക്കൊല്ലത്തെ ബജറ്റില്‍ സംസ്ഥാന നികുതികളില്‍ 15 ശതമാനം വര്‍ദ്ധന, നികുതി ഇതര വരുമാനത്തില്‍ 11ശതമാനം വര്‍ധന, കേന്ദ്ര നികുതി യില്‍ 20 ശതമാനം വര്‍ദ്ധന ഒക്കെ പ്രതീക്ഷിക്കുന്നു. എന്നാല്‍ ജിഎസ്ടി നഷ്ട പരിഹാരത്തുക 2022 ജൂണ്‍ വരെ മാത്രമേ കിട്ടുകയുള്ളൂ എന്നതുകൊണ്ട് ആ ഇനത്തില്‍ 39 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ ആകെ റവന്യു വരുമാനത്തില്‍ 5 ശതമാനം വളര്‍ച്ച മാത്രമേ ഉള്ളു.
2021-22കാലയളവില്‍ നികുതി വര്‍ധിച്ചു എങ്കിലും 12,785 കോടി രൂപ അതായത് 64 ശതമാനം പിരിഞ്ഞു കിട്ടിയിട്ടില്ല. ഇതില്‍ 47 ശതമാനം തര്‍ക്കത്തിലാണ്.
2022 ല്‍ സ്റ്റേറ്റ് ജിഎസ്ടി പ്രതീക്ഷിച്ചതിലും 18ശതമാനം കുറവായിരുന്നു. 2023-24 സംസ്ഥാന ജി എസ് ടി 44ശതമാനം ഉയര്‍ന്നു.
കേരളത്തില്‍ ഇപ്പോള്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് 16.5 ശതമാനവും.2031ല്‍ ഇവര്‍ 20ശതമാനം ആകും.
2021-22ല്‍ കേരളം മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ഏടഉജ) 12.01ശതമാനം വളര്‍ന്നു. കൃഷി 6.5ശതമാനം, വ്യവസായം 17.3ശതമാനം.
2023-24ലെ മൂലധന നിക്ഷേപം 14,696കോടി രൂപ. 2022-23 നേക്കാള്‍ രണ്ടു ശതമാനം കുറവ്. ശമ്പളം പെന്‍ഷന്‍ എന്നിവക്ക് 2020-21ല്‍ 46754കോടി രൂപ ചെലവഴിച്ചു എങ്കില്‍ 2021-22ല്‍ അത് 53 ശതമാനം വര്‍ദ്ധിച്ച് 71,393 കോടിരൂപയായി. 2021-22ല്‍ നിര്‍ബന്ധ ചെലവ് 81 ശതമാനവും വികസന ചെലവ് 19ശതമാനവും.
2022 ലെ ആര്‍.ബി.ഐ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കടം പെരുകുന്ന പത്തു സംസ്ഥാങ്ങളില്‍ പ്രമുഖ സ്ഥാനത്താണ് കേരളം. ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പതിനഞ്ച് ശതമാനം ഡി.എ കിട്ടാനുണ്ട്. 50 ലക്ഷം പേര്‍ വിവിധ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്നു.
വരുമാനത്തില്‍ ഞെരുക്കം നേരിടുന്ന കേരളസര്‍ക്കാര്‍ വൈദ്യുതിബില്ല്, സ്റ്റാമ്പ് നികുതി, വാഹന നികുതി, ഭൂനികുതി എന്നിവ ഈ വര്‍ഷം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവക്ക് അധിക നികുതി കൂട്ടി. ഇനിയും പലതും കൂട്ടാനിരിക്കുന്നു. കേരളത്തില്‍ കാര്‍ഷിക ഉദ്പാദനം കൂടി എന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നെല്ല്, തെങ്ങ്, റബ്ബര്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ കൃഷിചെയ്യുന്നവരുടെ ജീവിതസാഹചര്യം അനുദിനം മോശമാവുകയാണ്. തേങ്ങ, നെല്ല് എന്നിവ ആര്‍ക്കും വേണ്ടാത്തവ ആയിരിക്കുന്നു.
2023-24 കേരളത്തിന്റെ ബജറ്റില്‍ കേരളത്തിലെയും മറ്റു 31 സംസ്ഥാനങ്ങളിലെയും ചില സുപ്രധാന പൊതു ചെലവ് ഇനം തിരിച്ചു പരിശോധിക്കുമ്പോള്‍ കേരളസംസ്ഥാനം ദേശീയ ശരാശരിയിലും താഴെ ആണ് ഇപ്പോള്‍ എന്നു കാണാം.
കേരളം വിദ്യാഭ്യാസത്തിന് 14ശതമാനം നീക്കിവെച്ചപ്പോള്‍ ദേശീയ ശരാശരി 14.8ശതമാനം. ആരോഗ്യത്തിന് 5.7ശതമാനം നീക്കിവെച്ചപ്പോള്‍ ദേശീയ ശരാശരി 6.3ശതമാനം ഗ്രാമ വികസനത്തിന് നാല് ശതമാനം, നീക്കി വെച്ചപ്പോള്‍ ദേശീയ ശരാശരി 5.7ശതമാനം, നഗര വികസനത്തിന് ഒരു ശതമാനം നീക്കി വെച്ചപ്പോള്‍ ദേശീയ ശരാശരി 3.5ശതമാനം, പോലീസ് സേനക്ക് 2.7ശതമാനം, നീക്കിവെച്ചപ്പോള്‍ ദേശീയ ശരാശരി 4.3ശതമാനം, റോഡ്, പാലം എന്നിവക്ക് 2.1ശതമാനം നീക്കി വെച്ചപ്പോള്‍ ദേശീയ ശരാശരി 4.5ശതമാനം.
ആകെ എടുത്ത് പറയാവുന്നത് കേരളത്തില്‍ ഇപ്പോള്‍ ദേശീയ പാത 66 നിര്‍മ്മിക്കുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആകെ 1931 കിലോ മീറ്റര്‍ ഇതിന് ആകെ ചെലവ് 1,33,000 കോടി രൂപ. അതില്‍ ഭൂമിയുടെ വിലയായി നല്ലൊരു തുക നഷ്ടപരിഹാരമായി നമ്മുടെ നാട്ടില്‍ വന്നു. അതിന്റെ തൊഴില്‍, മൂലധനം എന്നിവ ഭൂരിഭാഗവും കേരളത്തിന് പുറത്തേക്കാണ് പോകുന്നത്.
അതുപോലെയാണ് മിക്ക അടിസ്ഥാന വികസന പദ്ധതികളുടെയും സ്ഥിതി. എങ്കിലും ഇവ ഒന്നു രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലേക്ക് വന്‍ നിക്ഷേപങ്ങള്‍ വന്നേക്കാം.കേരളം അതിന് സജ്ജമാണെന്ന് തെളിയിക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട്. ഭരണത്തിലെ സുതാര്യതയില്ലായ്മയും അഴിമതി, ധൂര്‍ത്ത്, തൊഴില്‍ തര്‍ക്കങ്ങള്‍ എന്നിവയും നിക്ഷേപങ്ങളെ അകറ്റും. സുതാര്യവും സൗഹാര്‍ദ്ദപൂര്‍ണവുമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലനില്‍ക്കണം. വിദഗ്ധ തൊഴില്‍ നേടാന്‍ നമ്മുടെ യുവാക്കളെ പരിശീലിപ്പിക്കണം. വിദ്യാഭ്യാസ രംഗം ആകെ പരിഷ്‌കരിക്കണം. എങ്കില്‍ നിക്ഷേപം വളരും വിനോദ സഞ്ചരികള്‍ വരും. കേരളത്തിന് വരുമാന സ്രോതസ്സുകള്‍ കൂടും. ബജറ്റില്‍ കമ്മി നിയന്ത്രിതമാകും.