എല്ലാം ഒന്നാണ്, ഒന്നായിട്ടുള്ളതിനെ പലതായി കാണുമ്പോള്‍, കാണുന്നതെല്ലാം നമ്മില്‍ നിന്ന് അകലത്തില്‍ ആയിരിക്കും. അതുകൊണ്ട് അത് അന്യമായി തോന്നും. എന്നാല്‍, എല്ലാം ഒന്നായി കാണാന്‍ സാധിച്ചാല്‍ അകലം കുറയുകയും അടുപ്പം കൂടുകയും ചെയ്യും. പ്രപഞ്ചവും, അതിന്റെ സ്വഭാവമായ പ്രകൃതിയും തമ്മില്‍ ആധുനിക കാലത്തു, മനുഷ്യന്റെ അകലം കൂടുന്നു. അതിന്റെ ഫലമായി മനസ്സ് കൂടുതല്‍ ക്ഷുദ്രമാകുന്നു. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് വേറിട്ട ഒരു ജീവിയാണെന്നും, പ്രകൃതിയില്ലെങ്കിലും മനുഷ്യന്‍ നിലനില്‍ക്കുമെന്നും ഒക്കെയുള്ള വിഡ്ഢിത്തങ്ങളിലാണ് ആധുനിക ലോകം മുന്നേറുന്നത്.
പ്രപഞ്ചത്തെയും പ്രകൃതിയെയും തന്നില്‍ നിന്ന് അന്യമായി കാണുന്ന ഭാഗിക വീക്ഷണത്തില്‍ നിന്ന് (Partial View) എല്ലാം ഒന്നായി കാണുന്ന സാകല്യ ദര്‍ശനത്തിലേക്ക് (Holistic Vision) എത്തിയാല്‍ മാത്രമേ മനുഷ്യനും പ്രകൃതിയുമായുള്ള ഊഷ്മള ബന്ധം ശക്തിപ്പെട്ട്, മനുഷ്യന്റെ നിലനില്‍പ്പ് ഭദ്രമാകുകയുള്ളൂ.
പ്രകൃതിയേയും അതിന്റെ ഭാഗമായ പരിസ്ഥിതിയേയും സംരക്ഷിക്കുന്നത് മനുഷ്യനല്ല. മറിച്ചു, മനുഷ്യനെ സംരക്ഷിക്കുന്നത് പ്രകൃതിയാണ്. എങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരും പറഞ്ഞുകൊണ്ട്, മരം നടുന്നതും, സെമിനാറുകള്‍ സംഘടിപ്പിക്കുന്നതും, കവിതകള്‍ ചൊല്ലുന്നതും, ലേഖനങ്ങള്‍ എഴുതുന്നതും, അവാര്‍ഡുകള്‍ കൊടുക്കുന്നതും ഒക്കെ ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ നല്ലതു തന്നെ. എന്നാല്‍, വെറും ചടങ്ങുകളായി അവ അധപ്പതിച്ചാല്‍ ഒരു ഗുണവും ആര്‍ക്കും ഉണ്ടാവുകയുമില്ല. പ്രകൃതിയോടും പരിസ്ഥിതിയോടും മനുഷ്യമനസ്സ് താദാത്മ്യം പ്രാപിച്ചാല്‍ മാത്രമേ, ഇവ ഒന്നായി തോന്നിയാല്‍ മാത്രമേ, മനുഷ്യന് ഈ ഭൂമിയില്‍ സമാധാനമായി ജീവിക്കാന്‍ കഴിയുകയുള്ളൂ.
സുഖദുഃഖ സമ്മിശ്രമായ ഈ ലോകത്തിലെ ജീവിതാനുഭവങ്ങളെക്കുറിച്ച് നമുക്ക് സാമാന്യ വിവരം മാത്രമാണുള്ളത്. പൂര്‍ണമായ അറിവ് ഇക്കാര്യത്തില്‍ ഉണ്ടെന്ന് ആര്‍ക്കും പറയാനാവില്ല. ഇന്ദ്രിയങ്ങള്‍ കണ്ടും, കേട്ടും, മണത്തും, സ്പര്‍ശിച്ചും, രുചിച്ചും ലോകത്തെ കുറിച്ച് തരുന്ന വിവരം (Information), ആ വിവരങ്ങള്‍ക്കനുസരിച്ചു മനസ്സിലുണ്ടാകുന്ന വികാരങ്ങള്‍ (emotions), വികാരങ്ങള്‍ക്കനുസരിച്ചുള്ള ശാരീരിക പ്രവര്‍ത്തനം (Actions), ആ വികാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാന്‍ ബുദ്ധിയിലുദിക്കുന്ന വിചാരങ്ങള്‍ (thoughts), ഇവയെ ഒക്കെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ആത്മചൈതന്യ തലത്തിലുള്ള വിവേകം (Wisdom), വിവേകത്തിന്റെ സ്വഭാവമായ ഉള്‍ക്കാഴ്ച (Intuition) എന്നിവയെല്ലാം ചേര്‍ന്നതാണ് ജീവിതം.
സ്വന്തം കാര്യം സിന്ദാബാദ്
ലോകത്തിലുള്ള ബഹുഭൂരിപക്ഷം ആളുകളും അവനവന്റെ ആവശ്യത്തിന് ഭക്ഷണവും, വസ്ത്രവും, പാര്‍പ്പിടവും, ഒപ്പം തന്നെ അല്പം പേരും പ്രശസ്തിയുമൊക്കെ ലഭിച്ചാല്‍ തൃപ്തരാണ്. ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ അത് അകറ്റാന്‍ വേണ്ടിയാണ് ജീവിതം മുഴുവന്‍ കഷ്ടപ്പെടുന്നത്. അപ്പോള്‍ മറ്റൊന്നിനും സമയം കണ്ടെത്താനാകില്ല. ദാരിദ്ര്യം ഇല്ലാതായാല്‍ പിന്നെ, കൂടുതല്‍ പണം ഉണ്ടാക്കാനും, പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനുമുള്ള നെട്ടോട്ടമാണ്. ഇത്തരം കാര്യങ്ങള്‍ക്കു കുറെ വിവരവും, അല്പം അറിവും, സ്വല്പം ബുദ്ധിയും ഒക്കെ മതി. ലോകത്തില്‍ കൂടുതലും ഇത്തരത്തിലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് സമാധാനം നഷ്ടപ്പെടുന്നത്. ഓരോരുത്തരുടെയും സ്വാര്‍ത്ഥതയെ ചുറ്റിപ്പറ്റിയാണ് ഇത്തരം കാര്യങ്ങള്‍ സാധിക്കുന്നത്. തങ്ങള്‍ നേടുന്ന വിവരവും, അറിവും, ബുദ്ധിയുമെല്ലാം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രം നേടുവാന്‍ ബഹുഭൂരിപക്ഷവും വിനിയോഗിക്കുന്നു. അതുകൊണ്ടു തന്നെ സമാന സ്വാര്‍ത്ഥ താല്പര്യങ്ങളുള്ള മറ്റു വ്യക്തികളും പ്രസ്ഥാനങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്നു.
വളര്‍ച്ചയും വികസനവും
സ്വന്തം താല്പര്യങ്ങളോടൊപ്പം, കുടുംബകാര്യങ്ങളും, സമുദായ – രാഷ്ട്രീയ സംഘടനാ കാര്യങ്ങളും, മത-ആധ്യാത്മിക കാര്യങ്ങളും നിറവേറ്റാന്‍ നാം സന്നദ്ധരാകുമ്പോള്‍, അവ ഒരു തരത്തിലുള്ള മനുഷ്യ മനസ്സിന്റെ വളര്‍ച്ചതന്നെയാണ്. ഈ വളര്‍ച്ച പലപ്പോഴും അവനവന്റെ കാര്യലാഭത്തിനു വേണ്ടി മാത്രമാണ്. മതവും രാഷ്ട്രീയവും, എന്തിനു, ചിലപ്പോള്‍ കുടുംബം പോലും ഏതെങ്കിലും തരത്തിലുള്ള ലാഭത്തിനുള്ള ഉപകരണമാക്കുന്നതിനെ, വെറും വളര്‍ച്ചയായി കണക്കാക്കുന്നു. സ്വാര്‍ത്ഥതയുടെ ഈ വളര്‍ച്ചയില്‍ നിന്നും നിസ്വാര്‍ത്ഥതയുടെ വിശാലതയില്‍, മറ്റുള്ളവര്‍ക്ക് കൂടി സ്വന്തം ജീവിതം ഉപകാരപ്പെടുമ്പോഴാണ്, നാം വികസിക്കുന്നത്.
പ്രകൃതിയെ ഉള്‍ക്കൊണ്ടുകൊണ്ട്, പ്രപഞ്ചത്തോളം മനുഷ്യ മനസ്സ് വികസിതമായാല്‍, ആ മനസ്സ് സാര്‍വ്വലൗകിക – ശാശ്വത മൂല്യങ്ങള്‍ കൊണ്ട് നിറയും. ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും നന്മ മാത്രമായിരിക്കും ലക്ഷ്യം. ഇതാണ് മനുഷ്യ വികാസത്തിന്റെ പരമ ലക്ഷ്യം. അവസാനം പ്രപഞ്ചവും പ്രകൃതിയും താനും ഒന്നാണെന്ന ബോധം മനുഷ്യന് വരുമ്പോള്‍ പൂര്‍ണതയെ പ്രാപിക്കുന്നു. പക്ഷെ ഈ പ്രകൃതിക്കും പ്രപഞ്ചത്തിനും വേണ്ടി നിലകൊള്ളുന്ന തലത്തിലേക്കുയര്‍ന്നവര്‍ ലോകത്തില്‍ വളരെ കുറവാണ്.
ആധുനിക ശാസ്ത്ര വിദ്യാഭ്യാസം
ഇപ്പോള്‍ നമ്മള്‍ നല്‍കുന്ന മനുഷ്യ കേന്ദ്രീകൃത വിദ്യാഭ്യാസം (മനുഷ്യന്റെ അത്യാവശ്യങ്ങളും, ആവശ്യങ്ങളും, സുഖ സൗകര്യങ്ങളും, ആര്‍ത്തിയും നിറവേറ്റാന്‍ വേണ്ടിയുള്ള വിവരവും അറിവും നല്‍കുന്നത്) കൊണ്ട്, ജീവിതത്തെയോ, ഈ ഭൂമിയുടെ പ്രകൃതിയെയോ, ഇതെല്ലാമുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെയോ എത്രത്തോളം മനസ്സിലാക്കാന്‍ സാധിക്കും? വളരെയൊന്നും സാധിക്കുന്നില്ല എന്നുള്ളതിന് വ്യക്തമായ തെളിവാണ് അസ്വസ്ഥമായ സമൂഹവും, അപചയം സംഭവിക്കുന്ന ഭൂമിയുടെ പ്രകൃതിയും (പരിസ്ഥിതിയും). ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സാകല്യ ദര്‍ശനം അഥവാ സമഗ്ര ദര്‍ശനം (Holistic Vision) ഭാരതത്തിലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന ദര്‍ശനമാക്കിയത്.
കഷ്ടിച്ച് നാനൂറു വര്‍ഷം മാത്രം പഴക്കമുള്ള ആധുനിക ശാസ്ത്ര – മനുഷ്യനും, ശിലായുഗത്തിലെ മനുഷ്യനും, പ്രപഞ്ചത്തിലെ അനുകൂല അവസ്ഥയുടെ ഒരു ഉത്പന്നം മാത്രമാണ്. ഉല്‍പ്പന്നത്തിന് ഒരിക്കലും ഉല്‍പ്പാദന പ്രക്രിയയെ പൂര്‍ണമായും മനസ്സിലാക്കാനോ നിയന്ത്രിക്കാനോ സാധ്യമല്ല. മനുഷ്യന്‍ സൃഷ്ടിക്കുന്ന യന്ത്ര മനുഷ്യന്റെ മുഴുവന്‍ നിയന്ത്രണവും നമ്മുടെ കയ്യിലാണ്. ഒരിക്കലും യന്ത്ര മനുഷ്യന് ജൈവ മനുഷ്യനെ നിയന്ത്രിക്കാനാവില്ല, പക്ഷെ ഒരു ഉപകരണമായി സഹായിക്കാനാകും. ഇനി ഒരുപക്ഷെ, എന്നെങ്കിലും ഏതെങ്കിലും വിധത്തില്‍ നിര്‍മ്മിത ബുദ്ധി (Artificial Intelligence)നമ്മെ നിയന്ത്രിക്കുന്ന അവസ്ഥ വന്നാല്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെന്നാണ്, വിദഗ്ദ്ധര്‍ പറയുന്നത്.
2025 ആകുമ്പോഴേക്കും, സങ്കീര്‍ണ്ണമായ ഉല്‍പ്പാദന രംഗത്ത് മാത്രമല്ല, നിത്യ ജീവിതത്തിന്റെ മിക്കവാറും ജോലികളും റോബോട്ടുകള്‍ ഏറ്റെടുത്തു ചെയ്യുന്ന ‘മാജിക്കിന്’ ലോകം സാക്ഷിയാകുമെന്ന് ജൂഡിത്ത് ഡോണത് എന്ന ഹാര്‍വാര്‍ഡ് സര്‍വകലാശാലാ വിദഗ്ദ്ധ പറയുന്നു. അതിന്റെ ഫലമായി മനുഷ്യര്‍ തമ്മിലുള്ള പ്രതികരണം ഒരു ആഡംബരമായി മാറുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു (PEW Research Centre, Aug. 6.2014. 6, 2014).
ഇപ്പോള്‍ തന്നെ മനുഷ്യന്റെ പേശികള്‍ ചെയ്യുന്ന മിക്കവാറും ജോലികള്‍ യന്ത്രങ്ങള്‍ ഏറ്റെടുത്തപ്പോള്‍, അതിന്റെ പാര്‍ശ്വഫലമായി ജീവിതശൈലീ രോഗങ്ങളാണ് നമുക്ക് കിട്ടിയത്. ഇനി മനുഷ്യന്റെ വികാര- വിചാരങ്ങളും കൂടി മുഴുവന്‍ യന്ത്രം ചെയ്യാന്‍ തുടങ്ങിയാല്‍, അത് എന്ത് തരത്തിലുള്ള രോഗങ്ങളാണ് വരുത്തിവക്കുന്നതെന്ന് ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ കഴിയുമോ?
മനസ്സ് അപാരം തന്നെ
ഇതൊക്കെ ശരിയാണെങ്കിലും നാമോര്‍ത്തിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. മനുഷ്യ മനസ്സ് ഒരു അപാര പ്രതിഭാസം ആണെന്നുള്ളതാണ് അത്. മഹാഭാരതത്തില്‍ യക്ഷന്‍ യുധിഷ്ഠിരനോട് ലോകത്തില്‍ കാറ്റിനേക്കാള്‍ വേഗതയുള്ളത് ഏതിനാണെന്നു ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് മനസ്സിനാണെന്നാണ്. നിമിഷനേരം കൊണ്ട് ഭൂമിക്കൊരു വലം വച്ച് മനസ്സിന് തിരിച്ചുവരാനാകും. ചന്ദ്രനിലും, ചൊവ്വയിലും, സൂര്യനിലും, അനന്തകോടി നക്ഷത്രങ്ങളിലുമെല്ലാം മനസ്സിന് നിമിഷ നേരം മതി പോയി വരാന്‍. എന്നാല്‍ മനുഷ്യ നിര്‍മ്മിതമായ ഒരു യന്ത്രത്തിനും ഇത് സാധ്യമല്ല. വേഗത മാത്രമല്ല ഏറ്റവും കൂടുതല്‍ വിസ്തൃതി ഉള്ളതും മനസ്സിനാണ്. ഏറ്റവും ചെറിയ കണത്തെയും (Atom), ഏറ്റവും വലിയ നക്ഷത്രത്തെയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ മനസ്സിന് കഴിയും. നിമിഷ മാത്രയില്‍, സങ്കോചിക്കുവാനും, വികസിക്കുവാനും, നിറയുവാനും ശൂന്യമാകുവാനും, സന്തോഷിക്കുവാനും, സന്തപിക്കുവാനും, പ്രക്ഷുബ്ധമാകുവാനും, ശാന്തമാകുവാനും സാധിക്കുന്ന മനസ്സിന് പകരക്കാരന്‍ വരുമോ? കാത്തിരുന്നു കാണണം. ഈ പ്രപഞ്ചത്തെ മുഴുവന്‍ അറിവെന്ന പ്രതിഭാസത്തിലൂടെ മനസ്സ് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു.
പക്ഷെ, പലപ്പോഴും ഈ മനസ്സിനെ കുറിച്ചോ, പ്രകൃതിയെ കുറിച്ചോ, പ്രപഞ്ചത്തെ കുറിച്ചോ ചിന്തിക്കുന്നവര്‍ വളരെ വിരളമാണ് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. പ്രപഞ്ച-പ്രകൃതീ ബോധം ഉള്‍ക്കൊള്ളാന്‍ മാത്രം നമ്മില്‍ ബഹുഭൂരിപക്ഷം പേരും വികസിതമാകുന്നില്ല. ഇതാരുടെയും കുറ്റമല്ല. ദൈനംദിന ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അകറ്റാന്‍ വേണ്ടി, ഇന്നത്തെ നമ്മുടെ ലോക വ്യവസ്ഥിതിയില്‍, മുന്നൂറ്റി അറുപത്തഞ്ചു രാപ്പകലുകള്‍ മുഴുവന്‍ അധ്വാനിച്ച്, ഒരു ജന്മം മുഴുവന്‍ ചെലവഴിച്ചാലും, അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കാത്ത കോടിക്കണക്കിന് ആളുകളുണ്ട്. ഇത്, ഈശ്വരന്‍ സൃഷ്ടിച്ചെന്ന് വിശ്വസിക്കപ്പെടുന്നതോ, സ്വയം ഉരുത്തിരിഞ്ഞു വന്നതെന്ന് കരുതുന്നതോ ആയ ഈ പ്രപഞ്ചത്തിന്റെ ദോഷമല്ല, മറിച്ചു, മനുഷ്യന്‍ സൃഷ്ടിച്ച വ്യവസ്ഥിതിയില്‍ തെറ്റായ മുന്‍ഗണനകള്‍ കൊടുക്കുന്നത് കൊണ്ടാണ് ഇങ്ങനെ ആയിത്തീര്‍ന്നത്.
മഹാത്മാഗാന്ധി പറഞ്ഞതാണ് ശരി. നമ്മുടെയെല്ലാം ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ഈ ഭൂമിയിലുണ്ട്, പക്ഷെ ആരുടെയും ആര്‍ത്തിയെ പൂര്‍ത്തിയാക്കാനുള്ള വിഭവങ്ങള്‍ ഇവിടെയില്ല. അതുകൊണ്ടാണ്, ഏതാനും പേര് ആര്‍ത്തിയിലും, കുറെ അധികം പേര് അത്യാവശ്യങ്ങളിലും മുഴുകിക്കഴിയുന്നത്. മിതമായ ജീവിത ശൈലിയും, ശാന്തമായ ചുറ്റുപാടും ഉണ്ടെങ്കില്‍ മാത്രമേ, സാധാരണക്കാര്‍ക്കും ഉന്നത ചിന്തകളില്‍ വ്യാപാരിച്ചുകൊണ്ട് പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച് ചിന്തിക്കുവാന്‍ കഴിയുകയുള്ളൂ. അത്തരക്കാര്‍ ഒരിക്കലും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു, കാലാവസ്ഥാ മാറ്റമോ, ഭൗമതാപനമോ ഉണ്ടാക്കില്ല.