അടുത്ത ദിവസം രാവിലെ കണ്ണ് തുറന്നത് ഒഡീഷയിലാണ്. ട്രെയിന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ കണ്ട കാഴ്ചകള്‍ അവിശ്വസനീയമായി തോന്നി. കാരണം വിശാലമായ പാടങ്ങളും കുളങ്ങളും പാടവരമ്പില്‍ കുട നിവര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും എല്ലാം കണ്ടാല്‍ തീവണ്ടി പാലക്കാടിന്റെ മണ്ണിലെത്തിയ പ്രതീതിയാണ്.ലുങ്കിയും കൈലിയുമുടുത്ത് സഞ്ചരിക്കുന്ന ഇരുണ്ട മനഷ്യരും കൂടിയാകുമ്പോള്‍ എല്ലാം അതു തന്നെ. രാവിലെ അഞ്ചര ആയപ്പോള്‍ തന്നെ നന്നായി വെളിച്ചം വീണിരിക്കുന്നു. കൃഷീവലരായ ജനങ്ങള്‍ എന്തൊക്കെയോ തൊഴിലിനുള്ള പുറപ്പാടാണ്. വണ്ടിയില്‍ യാത്രക്കാരധികവും ഉറക്കത്തില്‍തന്നെയാണ്. ഞങ്ങളുടെ വണ്ടി ഏതാണ്ട് ഏഴരയാകുമ്പോള്‍ ഭുവനേശ്വറില്‍ എത്തും. പദ്ധതി അനുസരിച്ച് ഭുവനേശ്വറില്‍ ഇറങ്ങി അവിടെ നിന്നും ടാക്‌സി പിടിച്ച് ചിലിക്ക തടാകം കാണാന്‍ പോകാനാണ് തീരുമാനം. മാത്രമല്ല കോഴിക്കോട് നിന്നും ഞങ്ങളുടെ യാത്രയില്‍ ചേരാന്‍ പുറപ്പെട്ടിരിക്കുന്ന അഖിലേഷ് വെളുപ്പിനു തന്നെ ഭുവനേശ്വറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
കാഴ്ചകള്‍ കണ്ടിരിക്കുമ്പോള്‍ പെട്ടെന്നാണ് എനിക്കൊരു ഉള്‍വിളി ഉണ്ടായത്. ദുര്‍ഗ്ഗ്പുരി എക്‌സ്പ്രസിന്റെ അവസാന സ്റ്റേഷന്‍ പുരിയാണ് എന്ന ചിന്ത അപ്പോഴാണ് എന്നില്‍ ഉദിച്ചത്. ഭുവനേശ്വറി നേക്കാള്‍ ചിലിക്ക ലേക്കിനോട് കൂടുതല്‍ അടുത്ത സ്ഥലം പുരിയാണ് എന്ന് ഗൂഗിള്‍ മാപ്പ് നോക്കി ഇതിനോടകം ഞാന്‍ മനസ്സിലാക്കിയിരുന്നു. ഭുവനേശ്വറില്‍ കാത്തുനിന്ന അഖിലേഷിനെ വിളിച്ച് പുരിയിലേക്കുള്ള അടുത്ത വണ്ടി പിടിക്കാന്‍ പറഞ്ഞു. ഇതിനിടയിലെത്തിയ ടി.ടി.ആറുമായി ചര്‍ച്ച ചെയ്ത് ഞങ്ങളുടെ ടിക്കറ്റ് പുരിയിലേക്ക് നീട്ടി. ഛത്തീസ്ഗഡില്‍ വച്ച് പരിചയപ്പെട്ട സുമന്ത് പാണ്ഡേ ജിയെ ഫോണില്‍ വിളിച്ച് ഞങ്ങള്‍ രാവിലെ പത്തുമണിയോടെ ഭുവനേശ്വറില്‍ എത്തുന്ന വിവരം പറഞ്ഞു. ഫോറന്‍സിക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ അദ്ദേഹം ഒഡീഷ സംസ്ഥാനത്തിന്റെ സഹപ്രചാര്‍ പ്രമുഖ് എന്ന ചുമതല വഹിക്കുന്ന തിരക്കേറിയ മനുഷ്യനായിരുന്നു.എന്നിട്ടും അദ്ദേഹം ഞങ്ങളെ സ്വീകരിക്കാന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് കാര്‍ അയച്ചു. പുരി ജഗന്നാഥ ക്ഷേത്രത്തിന് സമീപമുള്ള സംഘ കാര്യാലയത്തില്‍ എത്തി കുളിയും മറ്റ് പ്രഭാതകൃത്യങ്ങളും കഴിച്ച് യാത്രക്ക് തയ്യാറായതോടെ അഖിലേഷ് റെയില്‍വേ സ്റ്റേഷനില്‍ എത്തി എന്നു പറഞ്ഞുകൊണ്ട് വിളിച്ചു. സപാനി എന്ന ടാക്‌സി ഡ്രൈവറെ ഞങ്ങള്‍ക്കു വേണ്ടി ഏര്‍പ്പാടാക്കിയത് സുമന്ത് പാണ്ഡേ ജി ആയിരുന്നു. ഞങ്ങള്‍ റെയില്‍വെ സ്റ്റേഷന്റെ മുന്നില്‍ നിന്നിരുന്ന അഖിലേഷിനെയും കയറ്റി ചിലിക്ക തടാകം കാണാനായി യാത്ര തിരിച്ചു.
ബാല്യകാല ഓര്‍മ്മകളിലെ ഒറീസ
ഇന്നത്തെ ഒഡീഷ പണ്ട് ഒറീസയെന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തെക്കുറിച്ചും അറിയുന്നതിനു മുന്നെ ഞാന്‍ കേട്ടു തുടങ്ങിയ പേരാണ് ഒറീസ. അതിനു കാരണം നാരായണന്‍ എന്ന ഒരു ബന്ധുവാണ്. ഒറീസയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ഉണ്ടായിരുന്ന നാരായണന്‍ ചേട്ടന്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോഴായിരുന്നു നാട്ടില്‍ വന്നിരുന്നത്. ഇന്ന് വിദേശത്തു പോയി സമ്പന്നരായ പലരും നാട്ടില്‍ വരുമ്പോഴുള്ള ഒരു പകിട്ടായിരുന്നു നാരായണന്‍ ചേട്ടന്‍ ഭാര്യയും കുട്ടികളുമായി മീനച്ചില്‍ എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ എത്തുമ്പോഴുണ്ടായിരുന്നത്. ഒറീസ കഥകളുമായി അദ്ദേഹം ഏതാനും ആഴ്ചകള്‍ ഗ്രാമവീഥികളെ ധന്യമാക്കിയിരുന്നു. കുട്ടികളും പ്രായമായവരും അദ്ദേഹത്തെ അല്പം ആരാധനയോടെയാണ് നോക്കിയിരുന്നത്. അദ്ദേഹം ഒറീസയില്‍ നിന്നും കൊണ്ടുവന്നിരുന്ന പലഹാരങ്ങളൊന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ലെങ്കിലും എല്ലാത്തവണയും കൊണ്ടു വന്നിരുന്ന കടുകെണ്ണയില്‍ നിന്ന് ഒരു പങ്ക് ഞങ്ങളുടെ വീട്ടിലും കിട്ടിയിരുന്നു. ആ കടുകെണ്ണയ്ക്ക് ഒരു കൈക്കൂലിയുടെ സ്വഭാവമുണ്ടായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല. കാരണം നാരായണന്‍ ചേട്ടന്റെ വൃദ്ധയായ അമ്മ (ഞങ്ങള്‍ പാറടീലെ അമ്മായി എന്നു വിളിക്കുമായിരുന്നു) മകനുള്ള കത്തുകള്‍ എഴുതിച്ചിരുന്നത് എന്റെ മൂത്തസഹോദരി രാധയെക്കൊണ്ടായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ രാത്രികാലങ്ങളിലായിരുന്നു കത്തെഴുത്ത് നടന്നിരുന്നത്. പരാതികളുടെയും പരിഭവങ്ങളുടെയും എല്ലാം കെട്ടുകള്‍ അഴിച്ച് കത്തു ചുരുക്കുന്നത് ഇപ്രകാരമായിരുന്നു. ‘മകനെ നീ വരുമ്പോള്‍ കടുകെണ്ണകൊണ്ടുവരാന്‍ മറക്കരുത്. അമ്മയ്ക്ക് വാതത്തിന്റെ വേദനയ്ക്ക് കാലില്‍ പുരട്ടാനുള്ളതാണ്.’ അങ്ങിനെ കടുകെണ്ണ വാതത്തിന്റെ വേദനയ്ക്കുള്ള സിദ്ധൗഷധമാണെന്ന് ഞാനും കുറച്ചു കാലം തെറ്റിദ്ധരിച്ചിരുന്നു. കടുകു വിളയുന്ന ഒറീസയിലെ പാടങ്ങള്‍ അന്നേ എന്റെ മനസ്സില്‍ ചേക്കേറിയതാണ്. എന്തായാലും ഒറീസയില്‍ ഒന്നു കറങ്ങണമെന്നു തീരുമാനിച്ചപ്പോഴെ നാരായണന്‍ ചേട്ടനെ വിളിച്ച് യാത്രാ പദ്ധതി തയ്യാറാക്കാമെന്ന് തീരുമാനിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്ത് താമസമാണ്. ഒറീസയുടെ യാത്രാപഥങ്ങള്‍ അറിയുന്ന അദ്ദേഹം അവിടുത്തെ അദ്ദേഹത്തിന്റെ പരിചയങ്ങളും ബന്ധങ്ങളുമെല്ലാം എന്റെ യാത്രയ്ക്ക് വേണ്ടി ഏര്‍പ്പാടാക്കിയെങ്കിലും ഒരു ദിവസം മാത്രമേ അദ്ദേഹം ഏര്‍പ്പാടാക്കിയ ഹോട്ടലില്‍ എനിയ്ക്ക് താമസിക്കാന്‍ കഴിഞ്ഞുള്ളൂ. അതിനു കാരണം ഛത്തിസ്ഗഡില്‍ വച്ച് ഞാന്‍ പരിചയപ്പെട്ട സുമന്ത് പാണ്ഡേ ഞങ്ങളുടെ യാത്രയ്ക്കു വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു എന്നു മാത്രമല്ല ഇടയ്ക്കിടെ വിളിച്ച് ക്ഷേമവും അന്വേഷിച്ചു കൊണ്ടിരുന്നു എന്നുള്ളതാണ്.
വേമ്പനാട് കായല്‍ പോലെ ചിലിക്ക തടാകം
കേരളം പോലെ തന്നെ തടാകങ്ങളും ജലസ്രോതസ്സുകളും കൊണ്ട് സമ്പന്നമാണ് ഒഡീഷയും.കേരളം ഭാരതത്തിന്റെ തെക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ കിടക്കുമ്പോള്‍ ഒഡീഷ വടക്കു കിഴക്കേ അതിര്‍ത്തിയില്‍ കിടക്കുന്നു എന്നു വേണമെങ്കില്‍ പറയാം. ബംഗാള്‍ ഉള്‍ക്കടലിന്റെ സാന്നിദ്ധ്യം ഒഡീഷയില്‍ മഴയായും വെള്ളപ്പൊക്കമായും എല്ലാ വര്‍ഷവും നാശം വിതയ്ക്കാറുണ്ട് എന്നതാണ് സത്യം. വേമ്പനാട്ടു കായലും അഷ്ടമുടി കായലും വെള്ളായണി കായലും ഒക്കെ കണ്ടും അവയില്‍ സഞ്ചരിച്ചും ശീലമുള്ള എനിയ്ക്ക് ഒഡീഷയില്‍ എത്തിയിട്ട് കായല്‍ കാണാന്‍ പോകേണ്ടതുണ്ടോ എന്ന് തോന്നാതിരുന്നില്ല. പക്ഷെ ഓരോ പുഴയ്ക്കും തടാകത്തിനും എന്തിന് കടല്‍ത്തീരത്തിനു പോലും വേറിട്ട സൗന്ദര്യവും അനുഭൂതിയും പകര്‍ന്നു നല്‍കാന്‍ കഴിയുമെന്നാണ് ഓരോ യാത്രാനുഭവങ്ങളും പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ഞങ്ങളുടെ കാര്‍ രാവിലെ പതിനൊന്നു മണിയോടെ ചിലിക്ക തടാകം തേടി യാത്ര തിരിച്ചു. മുഖ്യ മാര്‍ഗ്ഗത്തില്‍ നിന്നും മാറി പാടശേഖരങ്ങള്‍ക്കു നടുവിലൂടെ വിദൂരതയിലേക്ക് നീണ്ടുപോകുന്ന ടാറിട്ട വഴി വേമ്പനാട്ട് കായലിലേക്ക് നീളുന്ന കുമരകം റോഡിനെ അനുസ്മരിപ്പിച്ചു. സീസണില്‍ ദേശാടന പക്ഷികളുടെ താവളമായി മാറാറുള്ള കുമരകവും പാതിരാമണല്‍ ദ്വീപുമൊക്കെ യാത്രയില്‍ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തി. ചിലിക്ക തടാകവും ദേശാടന പക്ഷികളുടെ അറിയപ്പെടുന്ന ഒരു താവളമാണ്. സൈബീരിയന്‍ കൊക്കുകള്‍ വരെ ആയിരക്കണക്കിന് മൈലുകള്‍ താണ്ടി ഇവിടെയെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് മടങ്ങുന്നു. ചതുപ്പുകളും കണ്ടല്‍ചെടികളുടെ സാന്നിദ്ധ്യവും സമൃദ്ധമായ ആഹാര ലഭ്യതയുമൊക്കെയാണ് ദേശാടനക്കിളികളെ ഇത്തരം തടാകങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.

ചിലിക്കയിലേക്കുള്ള യാത്രയില്‍ ഒഡീഷയിലെ ഗ്രാമ ജീവിതം അടുത്തു കാണാനായി. കൃഷിയും മത്സ്യബന്ധനവും കാലിവളര്‍ത്തലുമാണ് ഗ്രാമീണ ജീവിതത്തെ സമ്പന്നമാക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയുമായി ഏറെ സമാനതകളുള്ള ഒഡീഷ മനുഷ്യരുടെ ശരീരഭാഷയില്‍ പോലും ആ സമാനത സൂക്ഷിക്കുന്നതായി തോന്നി. ആയിരക്കണക്കിന് കന്നുകാലികള്‍ പാതയോരങ്ങളിലും പാടവരമ്പുകളിലും മേഞ്ഞു നടക്കുന്ന കാഴ്ചയില്‍നിന്ന് ഈ പ്രദേശത്തിന്റെ ഗോ സമ്പത്ത് എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. കന്നുകാലികള്‍ ഗതാഗത തടസ്സമുണ്ടാക്കി കൊണ്ട് റോഡില്‍ നിറഞ്ഞു നില്‍ക്കുന്നത് പലപ്പോഴും ഞങ്ങളുടെ യാത്രയുടെ വേഗം കുറച്ചു. എന്നാല്‍ സാരഥി സപ്‌നി എന്ന മദ്ധ്യവയസ്‌ക്കന്‍ അല്‍പ്പം പോലും പരിഭവമില്ലാതെ പശുക്കള്‍ക്കിടയിലൂടെ അതിവിദഗ്ദ്ധമായി കാറോടിച്ച് മുന്നേറി.
ഒഡീഷ സംസ്ഥാനത്തിലെ പുരി, കുര്‍ദ്ദ, ഗന്‍ജം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു കടലോരകായലാണ് (ഘമഴീീി) ചിലിക്ക. 64.3 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന കായല്‍ ഒന്നര ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗമാണ്. ഏതാണ്ട് നാലായിരം വര്‍ഷങ്ങള്‍ക്കു മുന്നെ രൂപപ്പെട്ടതാണ് ഈ തടാകം എന്നാണ് ഫോസില്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പത്താം നൂറ്റാണ്ടിലുണ്ടായ ബ്രഹ്‌മാണ്ഡപുരാണത്തില്‍ ചിലിക്ക തടാകത്തെ സംബന്ധിച്ചുള്ള സൂചനകളുണ്ട്. പ്രാചീന കാലത്ത് സമുദ്ര സഞ്ചാരികളുടെ സുരക്ഷിത താവളമായിരുന്നു ഈ തടാകം. കടല്‍ പ്രക്ഷുബ്ധമാകുമ്പോള്‍ തങ്ങളുടെ മരക്കപ്പലുകള്‍ ഈ തടാകത്തിലേക്ക് കയറ്റി നങ്കൂരമിട്ടിരുന്നു പോലും. അക്കാലത്ത് ജാവ, മലയ, സിംഹള ( ശ്രീലങ്ക), ചീന യാത്രികരുടെ അഭയതീരമായിരുന്ന ചിലിക്ക അങ്ങിനെ ചരിത്ര പ്രാധാന്യമുള്ള ഒരു തടാകം കൂടിയായി മാറുന്നു. ദയ അടക്കം അമ്പത്തിരണ്ടു നദികള്‍ വന്നു ചേരുന്ന ഈ കായല്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തുറക്കുന്നു. അതിനാല്‍ നിരവധി കടല്‍ജീവികളുടെയും ആവാസ കേന്ദ്രമാണ് ചിലിക്ക. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പു തടാകങ്ങളില്‍ ഒന്നാണ്. ഭാരതത്തിലെ ഏറ്റവും വലിയ തടാകം ചിലിക്കയാണ്. ഭാരത ഉപഭൂഖണ്ഡത്തിലെ തന്നെ മഞ്ഞുകാല ദേശാടന കിളികളുടെ ഏറ്റവും വലിയ സങ്കേതമാണ് ചിലിക്ക. സീസണില്‍ 160 ല്‍ പരം വിദേശ ഇനം പക്ഷികള്‍ ഇവിടെ എത്തുന്നതായാണ് പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തുന്നത്. പന്ത്രണ്ടായിരത്തില്‍ അധികം കിലോമീറ്ററുകള്‍ വരെ താണ്ടി ഇവിടെ ദേശാടന പക്ഷികള്‍ എത്താറുണ്ടത്രെ. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ എത്തിയ നവംബര്‍ ദേശാടന പക്ഷികളുടെ സീസണ്‍ ആയിരുന്നില്ല.

ഞങ്ങള്‍ പുരിയില്‍ നിന്നും ഏതാണ്ട് ഒന്നര മണിക്കൂര്‍ കൊണ്ട് ചിലിക്ക തടാകതീരത്ത് എത്തിച്ചേര്‍ന്നു. അഞ്ച് കിലോമീറ്റര്‍ മുന്നേ തന്നെ തടാകത്തിന്റെ വിവിധ മടക്കുകള്‍ കണ്ടുതുടങ്ങിയിരുന്നു. യാതൊരു വികസനവും എത്തിനോക്കാത്ത ഒരു ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമമായിരുന്നു ചിലിക്ക തടാകത്തിന്റെ തീരം. കൊറോണ ഭീതി ഒഡീഷയിലെവിടെയും കണ്ടില്ല. ജനങ്ങള്‍ പൊതുവെ മാസ്‌ക്ക് ധരിച്ചിരുന്നില്ല. എങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊക്കെ യാത്രക്കാര്‍ കുറവായിരുന്നു. ഗവണ്‍മെന്റ് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുറെ ബോട്ട് ക്ലബുകള്‍ അവിടെ കാണാന്‍ കഴിഞ്ഞു. മദ്ധ്യാഹ്ന വെയില്‍ സ്ഫടിക സൂചികളായി തടാകത്തിന്റെ മാറില്‍ തറഞ്ഞു കയറുന്നുണ്ടായിരുന്നെങ്കിലും പരിസരത്തെല്ലാം ഒരു തണുത്ത കാറ്റിന്റെ സ്പര്‍ശമുണ്ടായിരുന്നു. ഞങ്ങള്‍ ഡോള്‍ഫിന്‍ മോട്ടോര്‍ ബോട്ട് ക്ലബ്ബ് എന്ന സ്ഥാപനത്തില്‍ നിന്നും ഒരു ബോട്ട് വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചു. ചിലിക്ക തടാകമാകെ ചുറ്റി സഞ്ചരിച്ച് അസ്തമനത്തോടെ മടങ്ങിവരുന്ന തരത്തിലുള്ള ഒരു പാക്കേജ് ഞങ്ങള്‍ തിരഞ്ഞെടുത്തു. അതിന് നാലായിരം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. ചിലിക്കയില്‍ മാത്രം കാണപ്പെടുന്നതും വംശനാശ ഭീഷണിയില്‍ ഉള്ളതുമായ ഇറവാഡി ഡോള്‍ഫിനുകളെ കാണുക എന്നതായിരുന്നു ഞങ്ങള്‍ തിരഞ്ഞെടുത്ത പാക്കേജിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഇനി അവശേഷിക്കുന്നത് 150 ല്‍ താഴെ ഡോള്‍ഫിനുകള്‍ മാത്രമാണെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു നൊമ്പരം നീറി.

ബോട്ടില്‍ കയറുന്നതിനു മുമ്പായി ഞങ്ങള്‍ കുടിവെള്ളവും ബിസ്‌ക്കറ്റും കടലയുമൊക്കെ വാങ്ങി കരുതിയിരുന്നു. ദേശാടന കിളികളെ അടുത്തു കാണുവാന്‍ വേണ്ടി അവയ്ക്കു നല്‍കേണ്ട പൊരിയും ഏതാനും പായ്ക്കറ്റ് വാങ്ങാന്‍ മറന്നില്ല. യമഹ എഞ്ചിന്‍ ഘടിപ്പിച്ച ബോട്ടില്‍ യാത്രക്കാര്‍ക്ക് വെയില്‍ കൊള്ളാതിരിക്കാനുള്ള ഒരു പ്ലാസ്റ്റിക്ക് മേല്‍ക്കൂര ഉണ്ടായിരുന്നു. ചെറുപ്പക്കാരനായ ഞങ്ങളുടെ ബോട്ട് ഡ്രൈവര്‍ അമോല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കി മെല്ലെ കായലിന്റെ ഓരോ മടക്കുകളിലേയ്ക്കും ഞങ്ങളെ നയിക്കാന്‍ ആരംഭിച്ചു. എതിരെ വരുന്ന ബോട്ടിന്റെ സാരഥിയോട് അയാള്‍ ഒഡിയ ഭാഷയില്‍ എന്തൊക്കെയോ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാളുമായി ഞങ്ങളുടെ ആശയവിനിമയം തികഞ്ഞ പരാജയമായിരുന്നു. കാരണം അയാള്‍ക്ക് ഒഡിയ അല്ലാതെ മറ്റൊരു ഭാഷയും അറിയുമെന്ന് തോന്നിയില്ല. ബോട്ട് കുറച്ചേറെ പോയതിനു ശേഷമാണ് നടുക്കുന്ന ഒരു വസ്തുത ഞങ്ങള്‍ ശ്രദ്ധിച്ചത്. ഞങ്ങളുടെ ബോട്ടില്‍ ലൈഫ് ജാക്കറ്റടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ യാതൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കെതിരെ വന്ന പല ബോട്ടുകളിലും ഇവയൊക്കെ ഉണ്ടായിരുന്നു എന്നത് ഞങ്ങള്‍ ശ്രദ്ധിക്കാതിരുന്നില്ല. കാര്യങ്ങള്‍ വരുന്നിടത്തു വച്ച് കാണാമെന്ന് നിശ്ചയിക്കുകയല്ലാതെ ഞങ്ങളുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. പ്രതിവര്‍ഷം ഏതാണ്ട് നാല്‍പ്പതിനായിരം സന്ദര്‍ശകരെത്തുന്ന ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ മതിയായ വികസനം എത്തിയിട്ടില്ല എന്നതാണ് സത്യം. ഇവിടെ എവിടെയും പോലീസുകാരെയോ ലൈഫ് ഗാര്‍ഡുകളെയോ കാണാന്‍ കഴിഞ്ഞില്ല. ബോട്ട് കായലിലൂടെ കുതിച്ച് പായുന്നതിനിടയില്‍ ഡ്രൈവര്‍ അമോല്‍ ബഹളം കൂട്ടി കൈ ചൂണ്ടിയ സ്ഥലത്തേയ്ക്ക് ഞങ്ങള്‍ നോക്കി. രണ്ട് ഡോള്‍ഫിനുകള്‍ വെള്ളത്തില്‍ ഉയര്‍ന്നു ചാടുന്നു. മറ്റ് ചില ബോട്ടുകളും ആ പരിസരത്തേയ്ക്ക് എത്തിക്കൊണ്ടിരുന്നു. ഡോള്‍ഫിനുകളെ കണ്ടതിന്റെ ആഹ്ലാദാരവം ആ ബോട്ടുകളില്‍ നിന്ന് ഉയരുന്നുണ്ടായിരുന്നു. ചിലപ്പോള്‍ എത്ര സഞ്ചരിച്ചാലും ഇവയെ കാണാന്‍ കഴിഞ്ഞെന്നു വരില്ല. ആ നിലയ്ക്ക് ഞങ്ങളൊക്കെ ഭാഗ്യവാന്മാരാണെന്നു തോന്നി. പക്ഷെ എനിക്ക് അല്‍പ്പം നിരാശയാണ് തോന്നിയത്. കാരണം പെട്ടെന്നുള്ള കാഴ്ചയായതുകൊണ്ട് എനിക്ക് ഡോള്‍ഫിനുകളെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. ഞാന്‍ എന്തായാലും ടെലി ലെന്‍സ് ക്യാമറയില്‍ ഉറപ്പിച്ച് അടുത്ത ദര്‍ശനത്തിനായി കാത്തിരുന്നു. എന്നാല്‍ പിന്നീട് രണ്ടു മൂന്നു തവണ കൂടി ഡോള്‍ഫിനുകള്‍ കായല്‍ പരപ്പില്‍ ചാടി മറിഞ്ഞെങ്കിലും അവയൊന്നും ക്യാമറയില്‍ പകര്‍ത്താന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. അതിവേഗം ഡോള്‍ഫിനുകള്‍ അപ്രത്യക്ഷമായതോടെ അമോല്‍ ബോട്ട് അടുത്ത കാഴ്ചകളിലേക്ക് തിരിച്ചുവിട്ടു. ഇതിനിടയില്‍ കുറച്ചുനീര്‍പക്ഷികള്‍ ഞങ്ങളുടെ ബോട്ടിനെ പിന്‍തുടരുന്നത് ശ്രദ്ധയില്‍ പെട്ടു. കൈവശം കരുതിയിരുന്ന പൊരിവാരി എറിഞ്ഞതോടെ പക്ഷികളുടെ എണ്ണം പെരുകി. ഇവയെല്ലാം പറക്കാനും വെള്ളത്തില്‍ നീന്താനും കഴിയുന്ന ഒരിനം ദേശാടന കിളികളാണ്. ക്യാമറയ്ക്ക് വിരുന്നൊരുക്കി കൊണ്ട് കുറെ ദൂരം അവ ഞങ്ങളെ അനുഗമിച്ചു. മുമ്പ് കാശിയില്‍ഗംഗാനദിയില്‍ ബോട്ട് യാത്ര നടത്തിയപ്പോഴും ഇത്തരം പക്ഷികള്‍ പറന്നെത്തിയത് ഞാനോര്‍മ്മിച്ചു. അന്ന് പിതൃശ്രാദ്ധമേറ്റുവാങ്ങി സംപ്രീതരായ ആത്മാവുകളുടെ പിന്‍തുടര്‍ച്ചയാവാം ഇവയെല്ലാം എന്ന് എനിക്ക് തോന്നി.