ജീവിതത്തിന്റെ താളം നിശ്ചയിക്കുന്നതില്‍ മനസ്സിനും ശരീരത്തിനും ഒരുപോലെ പങ്കുണ്ട്. മനസ്സും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കി, ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും, മനസ്സിലെ ആധി വ്യാധിയായി മാറാതിരിക്കുന്നതിനും ജീവിതശൈലി സൃഷ്ടിക്കുന്ന അസ്വസ്ഥതകളില്‍ നിന്നും മുക്തരായി മാനസിക ശാരീരിക ആത്മീയ ആരോഗ്യവും അതുവഴി ആത്യന്തികമായി മോക്ഷ പ്രാപ്തി കൈവരിക്കുന്നതിനുമായി, ഗുരുപരമ്പരകളിലൂടെ നമുക്കു പകര്‍ന്നു കിട്ടിയ ശ്രേഷ്ഠമായ മാര്‍ഗ്ഗമാണ് യോഗശാസ്ത്രം. ത്രികാലജ്ഞാനിയായ പതഞ്ജലി മഹര്‍ഷിയാണ് അഷ്ടാംഗ യോഗത്തിലൂടെ ഈ സാധനാപഥം ലോകത്തിന് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്‌മചര്യം, അപരിഗ്രഹം എന്നീ മനോനിയന്ത്രണപരമായ യമങ്ങളും ശൗചം, സന്തോഷം, തപസ്സ് സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നീ നിയമങ്ങള്‍ക്കുശേഷം ആസനാഭ്യാസത്തിലൂടെ ശരീരത്തെ നിയന്ത്രണവിധേയമാക്കി പ്രാണവായുവിന്റെ ശരിയായ ഉപയോഗത്തിലൂടെ ശരിയായ രക്തചംക്രമണം സാധ്യമാക്കി ഉയര്‍ന്നചിന്തയും ആത്മീയ ഉന്നതിയും നേടി യോഗ ഒരുവനെ പ്രത്യാഹാരത്തിലേക്ക് (ഇന്ദ്രിയ നിയന്ത്രണം) നയിക്കുന്നു. ഇത്തരം ബഹിരംഗ സാധനയ്ക്കു ശേഷം, സൂക്ഷ്മമായ അന്തരംഗ സാധനയായ ധാരണ, ധ്യാന, സമാധിയിലേക്ക് അയാള്‍ പ്രവേശിക്കുന്നു. രാജയോഗവിദ്യയിലേക്കുള്ള പാതയായ ഹഠയോഗ അഭ്യസിക്കുന്നതിലൂടെയും, ശരീര നിയന്ത്രണത്തിലൂടെയും മനോവികാസത്തിലേക്ക് എത്തിച്ചേരാനാകുന്നു.
ആധുനികകാലഘട്ടത്തില്‍ മനുഷ്യമനസ്സ് ഏറെ അസ്വസ്ഥമാണ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര-സാങ്കേതിക മേഖലയെ ആശ്രയിച്ച് കഴിയുന്ന ഓരോ മനുഷ്യനും അനിയന്ത്രിതമായി മാനസിക സംഘര്‍ഷങ്ങളില്‍ അകപ്പെട്ടു കഴിയുകയാണ്. ഇതിനെ ബോധതലത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തിരിച്ചറിയാനും അനുഭവജ്ഞാനത്താല്‍ നിയന്ത്രണവിധേയമാക്കാനും ബ്രഹ്‌മവിദ്യയായ യോഗശാസ്ത്രം ശരിയായ ഉപാധിയാണ്.
ഏത് പ്രായത്തിലുള്ളവര്‍ക്കും യോഗ ചെയ്യാമെന്നത് ഒരു പ്രത്യേകതയാണ്. ശാന്തിയും വൃത്തിയുമുള്ള സ്ഥലത്ത് മനസ്സിനെ ഏകാഗ്രമാക്കി, മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രവൃത്തികളെ നിയന്ത്രിച്ച് നിത്യവും അഭ്യാസം ചെയ്യുന്നതിലൂടെ നാം പതുക്കെ ഉയരുന്നു. ശരീരം വഴങ്ങുന്നവര്‍ക്ക് കഠിനമായ യോഗാസനങ്ങളും അല്ലാത്തവര്‍ക്ക് സാധ്യമാകുന്ന മറ്റു യോഗാസനങ്ങളും പരിശീലിക്കാവുന്നതാണ്. തീര്‍ത്തും ശാരീരിക അവശതയനുഭവിക്കുന്നവര്‍ക്ക് ”സത്യവും (നിഷ്‌കപടവും) ശുദ്ധവുമായ (ഫലനിരപേക്ഷ) ഈശ്വരാന്വേഷണമത്രെ ഭക്തിയോഗ”. ഇങ്ങനെ മാനസികമായും യോഗ അനുഭവിക്കാം. ഏതൊരു കര്‍മ്മവും ആയാസരഹിതമായി ആനന്ദത്തോടെ ഏകാഗ്രതയോടെ ഞാനെന്ന ഭാവമില്ലാതെ നിഷ്‌കാമമായി ചെയ്യുന്നത് കര്‍മയോഗമായും യുക്തിചിന്തയും സ്വാദ്ധ്യായവും ബ്രഹ്‌മസാധനയും വഴി ജ്ഞാനയോഗമായും പരിണമിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ആരോഗ്യപദ്ധതിയായിട്ടാണ് യോഗശാസ്ത്രത്തെ കൂടുതലായും ലോകം അംഗീകരിച്ചിരിക്കുന്നത്. മനസ്സിന്റെയും ശരീരത്തിന്റെയും സ്വാസ്ഥ്യം നിലനിര്‍ത്താന്‍ യോഗയിലൂടെ സാധിക്കുന്നതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
”ആഹാരം മനസ്സായി തീരുന്നു” എന്ന വേദവാക്യം മറന്ന് ഇന്ദ്രിയസുഖങ്ങള്‍ക്ക് പിന്നാലെ പോകുന്ന ജീവിതശൈലിയാല്‍ സൃഷ്ടിക്കപ്പെടുന്ന മാനസിക അസ്വസ്ഥതകള്‍ക്ക് പരിഹാരം മനസ്സിനെ ശാന്തമാക്കുകയെന്നതാണ്. ”മനഃ പ്രശമനോപായഃ യോഗ ഇത്യഭിധീയതേ” മനസ്സിനെ ശാന്തമാക്കാനുള്ള ഉപായമാണ് യോഗ എന്ന് വസിഷ്ഠമഹര്‍ഷി ശ്രീരാമചന്ദ്രനോട് ഉപദേശിക്കുന്നു.
പ്രകൃതിയുടെ ഉല്‍പന്നമായ മനുഷ്യന്റെ ജീവിതശൈലിയിലുണ്ടായ വ്യതിയാനം ശാരീരിക പ്രവര്‍ത്തനങ്ങളുടെ തുലനാവസ്ഥയുടെ താളം തെറ്റിച്ചിരിക്കുന്നു. വിശ്രമമില്ലാത്തതും വ്യായാമരഹിതവുമായ ദിനചര്യകള്‍ ഇന്ന് മനുഷ്യനെ രോഗങ്ങള്‍ക്ക് അടിമയാക്കി തീര്‍ക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഊര്‍ജ്ജ്വസ്വലമായി മുന്നോട്ടു പോകുമ്പോഴും മാനസികവും ശാരീരികവുമായി അത്രതന്നെ ക്ഷീണിതരായിത്തീരുകയാണ്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്നില്ല. സുഖലോലുപതയെ മാത്രം പിന്തുടരുന്നതിനിടയ്ക്ക് അനിവാര്യമായ പലതും വിസ്മരിക്കപ്പെടുന്നു എന്നതാണ് സത്യം.
രോഗം വരുമ്പോള്‍ മാത്രമാണ് നാം ശരീരത്തെക്കുറിച്ച് ബോധവാന്മാരാകുന്നത്. താത്കാലിക രോഗശമനത്തിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികളെ സമീപിക്കുക എന്നതായിരുന്നു ഇതുവരെ തുടര്‍ന്നുവന്നത്. എന്നാല്‍ അടുത്തകാലത്തായി ഇത്തരം ചിന്തകളില്‍ ചില മാറ്റങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു. പുതിയ വിദ്യാഭ്യാസനയങ്ങളില്‍ യോഗയെ പാഠ്യവിഷയമാക്കി പുതുതലമുറയിലേക്ക് പ്രദാനം ചെയ്യുന്നു. സര്‍വ്വസാധാരണക്കാരിലേക്കും യോഗ പ്രചരിച്ചതിന്റെ സാക്ഷ്യമാണ് അന്താരാഷ്ട്ര യോഗദിനാഘോഷങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും പങ്കാളിത്തം.
2015 ജൂണ്‍ 21 മുതല്‍ അന്താരാഷ്ട്ര യോഗാദിനമായി ലോകരാഷ്ട്രങ്ങള്‍ ആഘോഷിച്ചുവരുന്നു എന്നത് ഭാരതീയ ശാസ്ത്ര പൈതൃകത്തിന് ലോകരാഷ്ട്രങ്ങള്‍ നല്‍കുന്ന സ്വീകാര്യതയുടെ ഉത്തമ ദൃഷ്ടാന്തമാണ്.
ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ രാജ്യങ്ങളുടെ കൂടിച്ചേരലായ ജി-20യുടെ അധ്യക്ഷത വഹിക്കുന്ന ഭാരതം ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ മുന്നോട്ടുവയ്ക്കുന്നു.
ലോകത്തെ ഒരു കുടുംബമായി കാണുന്നതോടൊപ്പം ലോകാരോഗ്യവും തുല്യപ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ലോകാരോഗ്യവും സദ്ചിന്തയും പ്രദാനം ചെയ്യുന്ന യോഗശാസ്ത്രം ലോകത്തിന് ഭാരതത്തിന്റെ ശ്രേഷ്ഠമായ സംഭാവനയാണ്.