അയ്യപ്പസേവസമാജം സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച പത്തനംതിട്ട സീതത്തോട് മടയില്‍ കിഴക്കേതില്‍ എന്‍.ജി.രവീന്ദ്രനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ നാലു ദശകങ്ങളിലെ സൗഹൃദം, സഹവര്‍ത്തിത്വം എന്നിവയെല്ലാം മനസ്സിലൂടെ കടന്നുവന്നു. ആത്മാവിന്റെ തേങ്ങലുകള്‍, ഇപ്പോഴും കണ്ണീര്‍കണങ്ങളായി പൊഴിഞ്ഞുകൊണ്ടിരിക്കുന്നു.
പന്ത്രണ്ടുവര്‍ഷത്തെ പ്രചാരകജീവിതമായിരുന്നു രവിയേട്ടന്റേത്. അതില്‍ അഞ്ചുവര്‍ഷം കണ്ണൂര്‍ ജില്ലാ പ്രചാരക്. അവിടെ അന്ന് കലുഷിതമായ അന്തരീക്ഷമായിരുന്നെങ്കിലും അവയൊന്നും സംഘപ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ അശ്രാന്തപരിശ്രമം നടത്തിയ മാതൃകാപ്രചാരകനായിരുന്നു അദ്ദേഹം. ഒരു സ്വയംസേവകനെ സംബന്ധിച്ച് സംഘകാര്യത്തിന്റെ നിര്‍വ്വഹണം, ആജീവനാന്തവ്രതമാണ്. അതുകൊണ്ടുതന്നെ സംഘനിയോഗമെന്തായാലും അയാള്‍ അത് ശിരസ്സാവഹിക്കുകയും ചെയ്യും. പ്രചാരകവൃത്തിയില്‍ നിന്നും തിരിച്ചെത്തിയ രവിയേട്ടന്‍ വീണ്ടും കണ്ണൂരിലെത്തിയതും മാസങ്ങളോളം അവിടുത്തെ പ്രവര്‍ത്തനത്തില്‍ മുഴുകിയതും അതുകൊണ്ടാണ്.
നാട്ടില്‍ മടങ്ങിയെത്തിയ രവിയേട്ടന്‍ സംഘത്തിന്റെ പത്തനംതിട്ട ജില്ലാ കാര്യവാഹായും, ശബരിഗിരി വിഭാഗ്കാര്യവാഹായും വളരെക്കാലം പ്രവര്‍ത്തിച്ചു. പ്രചാരക ജീവിതത്തിലെ അനുഭവങ്ങളും അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ ശൈലിയും കൊണ്ട് ജില്ലയിലെ പ്രവര്‍ത്തക ഗണത്തെ സക്രിയമാക്കുകയും അതിലൂടെ സംഘപ്രവര്‍ത്തനം കൂടുതല്‍ മുന്നേറുകയും ചെയ്തു. കാര്യകര്‍ത്താവിന്റെ വളര്‍ച്ചയ്ക്കിടയില്‍ ഉണ്ടായേക്കാവുന്ന വ്യക്തിപരമായ അഹങ്കാരത്തെ ആത്മവിശ്വാസമാക്കി പരിവര്‍ത്തനം ചെയ്യുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. സ്‌നേഹത്തിലൂടെ, കരുതലിലൂടെ, കാര്‍ക്കശ്യത്തിലൂടെ, നര്‍മ്മസംഭാഷണങ്ങളിലൂടെയൊക്കെ അത് അദ്ദേഹം സാധ്യമാക്കി. സാധാരണക്കാരിലെ അസാധാരണക്കാരനായിരുന്നു അദ്ദേഹം. മികച്ച സംഘാടകനെന്ന നിലയില്‍, കാര്യകര്‍ത്താവെന്ന നിലയില്‍, ഓരോ പ്രവര്‍ത്തകരുടേയും കഴിവുകളനുസരിച്ച് അവരെ നിയോഗിക്കുന്നതില്‍ രവിയേട്ടന്‍ നിപുണനായിരുന്നു. കാര്യകര്‍ത്താക്കന്മാരെ കണ്ടുമുട്ടുമ്പോള്‍ കുസൃതി നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് അവരുടെ വിരല്‍ തുമ്പുപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കും. ആ നടത്തത്തിനിടയില്‍ സംഘകാര്യത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം അന്വേഷണങ്ങള്‍ നടത്തും.
സംഘം എന്താണെന്ന് പ്രസംഗിക്കുകയല്ല ജീവിച്ചു കാട്ടുകയായിരുന്നു രവിയേട്ടന്‍. തന്റെ കുടുംബത്തിലേക്കും അതു പടര്‍ത്താന്‍ അദ്ദേഹം മറന്നില്ല. ബന്ധുക്കളെ മാത്രമല്ല, ആ പ്രദേശം തന്നെയും അദ്ദേഹം സംഘമയമാക്കി. നിരന്തരമായി ശാഖായാത്രകള്‍ നടത്തിയിരുന്നു രവിയേട്ടന്‍. പോകുന്നിടത്ത് നിവാസം, പ്രവര്‍ത്തകരോടൊത്ത് അനൗപചാരിക സംഭാഷണം, ഒരോ പ്രവര്‍ത്തകനെക്കുറിച്ചും, അവരുടെ സാഹചര്യങ്ങളെ സംബന്ധിച്ചും കൃത്യമായ ധാരണവളര്‍ത്തുക, പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുമായി ആത്മബന്ധം സ്ഥാപിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. രണ്ടു മൂന്നു ദിവസം അടുപ്പിച്ചുള്ള സംഘടനായാത്ര, അതിനുശേഷം വീട്ടിലെത്തിയാല്‍ കൃഷിയിടത്തില്‍ അദ്ധ്വാനം. അടുത്ത യാത്രയ്ക്കുമുമ്പ് വീട്ടിലേക്കുള്ളത് കരുതിവയ്ക്കും. ഭര്‍ത്താവിന്റെ ഇഷ്ടങ്ങളും ആദര്‍ശവും നെഞ്ചിലേറ്റിയ സഹധര്‍മ്മിണിയും മകനും.
സ്വയംസേവകര്‍ക്ക് പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികളും, പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ കൂടെ നില്‍ക്കാന്‍ രവിയേട്ടന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു. സന്തോഷത്തിന്റെ അവസരങ്ങളില്‍ അതില്‍ പങ്കുചേര്‍ന്ന് അവരുടെ സന്തോഷം ഇരട്ടിയാക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
അയ്യപ്പ സേവാസമാജത്തിന്റെ പ്രവര്‍ത്തനത്തിലേക്കാണ് സംഘം അവസാനമായി അദ്ദേഹത്തെ നിയോഗിച്ചത്. സമാജത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുനംങ്കരയിലുള്ള ശബരിശരണാശ്രമത്തിന്റെ പ്രവര്‍ത്തനത്തിലും ഏറെ ശ്രദ്ധ നല്‍കിയിരുന്നു. വനവാസി ഊരുകളില്‍ നിന്നുള്ള കുട്ടികളുടെ രക്ഷകര്‍തൃത്വം, ശരണാശ്രമത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്കുള്ള അന്നദാനം, ചുറ്റുമുള്ള സമാജത്തിന്റെ കെട്ടുറപ്പ് ഇതിലെല്ലാം രവിയേട്ടന്‍ ശ്രദ്ധാലുവായിരുന്നു. മരണം ആകസ്മികമായി കടന്നു വരുമ്പോഴേക്കും സ്വയമേന്തിയ പതാകയേന്താന്‍ പ്രാപ്തരായവരുടെ നീണ്ടനിര തന്നെ ഉണ്ടാകണമെന്ന ചിന്ത അദ്ദേഹം പ്രാവര്‍ത്തികമാക്കിയിരുന്നു. അതിനുവേണ്ടി ആയിരക്കണക്കിന് കരങ്ങള്‍ക്കൊപ്പം ഖണ്ഡ് കാര്യകര്‍ത്താവായ മകനേയും അദ്ദേഹം തയ്യാറാക്കിയിരുന്നു.
”ഗോപുരാഗ്രത്തിരുന്നാലും കാകന്‍ ഗരുഡനാകിടാ” എന്ന് പറഞ്ഞതുപോലെ പദവികൊണ്ടോ സ്ഥാനംകൊണ്ടോ അല്ല ഔന്നത്യമുണ്ടാകുന്നത്. ചില യഥാര്‍ത്ഥ ആന്തരികമൂല്യങ്ങള്‍ ആണ് ഔന്നത്യത്തിനടിസ്ഥാനം. രവിയേട്ടന്‍ ആ ഔന്നത്യം ആര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു. ആ ആദര്‍ശജീവിതത്തിനു മുന്നില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
(ആര്‍.എസ്.എസ്. മുന്‍ ശബരിഗിരി വിഭാഗ് സഹ കാര്യവാഹാണ് ലേഖകന്‍)