Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം

സന്തോഷ് ബോബന്‍

Print Edition: 2 June 2023
ബാലരാമപുരത്തെ ആര്‍ഷവിദ്യാസമാജം ആസ്ഥാന മന്ദിരം

ബാലരാമപുരത്തെ ആര്‍ഷവിദ്യാസമാജം ആസ്ഥാന മന്ദിരം

2020 ലെ ഓണക്കാലം. ലോകം കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് സ്തംഭിച്ച് നില്‍ക്കുകയാണ്. കേരളത്തില്‍ കര്‍ഫ്യുവിന് സമാനമായ അവസ്ഥ. വാഹനങ്ങളും കടകളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുന്നു. കൊറോണ വ്യാപനത്തിന്റെ ആധിയില്‍ രാജ്യം വീര്‍പ്പുമുട്ടുമ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂരില്‍ നിന്ന് ഒരു കുടുംബം സര്‍വതും തകര്‍ന്ന് അവസാനത്തെ പ്രതീക്ഷയുമായി ആര്‍ഷ വിദ്യാ സമാജത്തിലെത്തി. പ്രായമായ അച്ഛനും അമ്മയും അവശരും വിവശരുമായിരുന്നു. കൂടെ അവിവാഹിതരായ മൂന്ന് പെണ്‍മക്കള്‍. അവരുടെ ആവശ്യം ഒന്നുമാത്രമായിരുന്നു. കന്നട തുളു ബ്രാഹ്‌മണ വിശ്വാസികളായ ഇവരുടെ രണ്ടാമത്തെ മകള്‍ ഡോ: അനഘ കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്ലാംമത വിശ്വാസിയായി ജീവിക്കുന്നു. ഇസ്ലാമിക വസ്ത്രധാരണത്തോടെ പൊതുസമൂഹത്തില്‍ പരസ്യമായി തന്റെ ഇസ്ലാം മതവിശ്വാസം പ്രഖ്യാപിക്കുകയും ചെയ്യുന്നു. അനഘയുടെ നെറ്റിയില്‍ പൊട്ടും മുടിയിലെ പൂക്കളും ഇല്ല. കൂടാതെ ഇവര്‍ വീട്ടില്‍ നിലവിളക്ക് കത്തിക്കല്‍ നിര്‍ത്തി. സന്ധ്യാ നാമം ഇല്ലാതായെന്ന് മാത്രമല്ല ഇന്നലെ വരെ പൂജിച്ചിരുന്ന ദൈവങ്ങളെ നോക്കി അറപ്പോടെ ശപിക്കുകയും ചെയ്യുന്നു. കൈയും കാലും മൂടുന്ന മുസ്ലിം വസ്ത്രങ്ങളും തലമൂടുന്ന വലിയ ഷാളുകളും വീട്ടില്‍ ധാരാളമായി കൊണ്ടു നിറക്കുന്നു. നന്നായി പാട്ടും ഡാന്‍സും ചെയ്തിരുന്ന അനഘ അതും നിര്‍ത്തി. വീട്ടില്‍ നിസ്‌കാരവും തുടങ്ങി. ഇത് കൂടാതെ മറ്റൊന്ന് കൂടി അനഘ ചെയ്യുവാന്‍ തുടങ്ങി. വീട്ടിലുള്ളവരെ കൂടി ഇസ്ലാമാക്കുവാനുള്ള ശ്രമം.

തുളു എമ്പ്രാന്തിരി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. സനാതന ധര്‍മത്തെ പരിപാലിച്ചും പരിപോഷിപ്പിച്ചും അനുഷ്ഠിച്ചും സാധന ചെയ്തും ജീവിക്കേണ്ടവര്‍. അവരുടെ ഇടയില്‍ നിന്നാണ് സനാതന ധര്‍മത്തെ തികച്ചും തെറ്റായി കാണുന്ന മറ്റൊരു വിശ്വാസധാരയിലേക്കുള്ള ഒരാളുടെ ചുവടു മാറ്റം. ഒപ്പം അനുജത്തി അമൃതയേയും തന്നോടൊപ്പം കൊണ്ടുപോകാനുള്ള ശ്രമം. അമൃതയാകട്ടെ ഒന്നാം തരം ക്ലാസിക്കല്‍ നര്‍ത്തകിയും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി ഇവയെല്ലാം അമൃതക്ക് നന്നായി വഴങ്ങും. ചേച്ചിയുടെ ഇസ്ലാം മതത്തെക്കുറിച്ചുളള ബോധവല്‍ക്കരണത്തിലൂടെ സനാതനധര്‍മം തെറ്റാണെന്നും ഇസ്ലാമാണ് ശരിയെന്നും ഒരു പരിധിവരെ വിശ്വസിക്കുവാന്‍ അമൃതക്ക് കഴിഞ്ഞുവെങ്കിലും നൃത്തം ഉപേക്ഷിക്കുവാന്‍ ആദ്യം അമൃത തയ്യാറായില്ല. എന്നാല്‍ ചേച്ചിയുടെ പഠിപ്പിക്കല്‍ മുന്നോട്ട് പോയപ്പോള്‍ അമൃത മതപഠനവും നൃത്തവും ഒരുമിച്ച് നിര്‍ത്തി. ചേച്ചിയെ പോലെ തന്നെ അനുജത്തിയേയും ഇസ്ലാമിലെ നരകവര്‍ണനകള്‍ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

ആര്‍ഷവിദ്യാസമാജത്തില്‍ എത്തിയ അനഘ വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ രോഷാകുലയായിരുന്നു. തന്നെ ഒരു കാരണവശാലും കൊണ്ടു വരരുതെന്ന് പറഞ്ഞ അതേ സ്ഥലത്തേക്കാണ് കൊണ്ടുവന്നിരിക്കുന്നത്. അന്യമത താല്‍പ്പര്യം കാണിക്കുന്ന ഹൈന്ദവരെ അതില്‍ നിന്ന് മാറ്റി സനാതന ധര്‍മ്മം പഠിപ്പിക്കുവാന്‍ ഹിന്ദുക്കള്‍ കൊണ്ടുപോകുന്ന ഒരു സ്ഥലം തൃപ്പുണിത്തുറയില്‍ ഉണ്ടെന്നും അവിടെയ്ക്ക് ഒരു കാരണവശാലും പോകരുതെന്നും തന്റെ ഇസ്ലാം മതത്തിലെ നവ സുഹൃത്തുകള്‍ തന്നോട് പല തവണ പറഞ്ഞ് ഉറപ്പിച്ചിട്ടുള്ളതാണ്. താന്‍ അവര്‍ക്ക് വാക്ക് കൊടുത്തിട്ടുള്ളതാണ് തൃപ്പുണിത്തുറയിലെ ആര്‍ഷവിദ്യാ കേന്ദ്രത്തില്‍ പോകില്ലെന്ന്. കേരളത്തിലെ ഒരു പ്രമുഖ ഇസ്ലാം പ്രഭാഷകന്റെ രണ്ടാം ഭാര്യയായ ഒരു ഹിന്ദു സ്ത്രീ തന്നെ ഇക്കാര്യം ഇടക്കിടെ ഓര്‍മ്മിപ്പിച്ചിരുന്നതാണ്. അവിടെക്കാണ് തന്നെ എത്തിച്ചിട്ടുള്ളത്. താനുമായി രണ്ടു ദിവസം സംസാരിച്ചു കഴിയുമ്പോള്‍ ആര്‍ഷ വിദ്യാ സമാജം മൊത്തമായി ഇസ്ലാമാകുന്നത് മനസില്‍ കണ്ടു കൊണ്ടാണ് അനഘ കാറില്‍ നിന്ന് ഇറങ്ങിയത്.

അനഘയുടെ ഇസ്ലാം ബന്ധത്തിന് 6 വര്‍ഷത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അത് ആഴത്തിലുള്ളതായിരുന്നു. 2013 ല്‍ ഫിസിയോ തെറാപ്പി പഠിക്കുന്നതിനായിട്ടാണ് അനഘ എറണാകുളത്ത് എത്തുന്നത്. അവിടത്തെ എസ്.എന്‍.വി.സദനം ഹോസ്റ്റലില്‍ താമസം. ഒരു മുറിയില്‍ എട്ട് പേര്‍. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍. മതം പലപ്പോഴും ചര്‍ച്ചക്ക് വരുമായിരുന്നു. മതം പഠിക്കാതെ പറഞ്ഞു കേട്ട നുറുങ്ങ് അറിവുകള്‍ വെച്ച് സംവാദങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സംഭവിക്കുന്ന സ്വഭാവിക ദുരന്തം അനഘക്കും ഉണ്ടായി. തുടക്കത്തിലേ തോല്‍ക്കും. പറയേണ്ടത് എന്താണെന്ന് അറിയില്ല. ഒന്നിനും ആധികാരികതയില്ല. കുഞ്ഞിലെ മദ്രസയില്‍ മതം പഠിച്ച് വരുന്ന മുസ്ലിം കൂട്ടുകാര്‍ സനാതന ധര്‍മത്തിന്റെ മുകളില്‍ കയറി മേയുവാന്‍ തുടങ്ങി. ലിംഗ പൂജാ, ദൈവത്തിന് നിരവധി കൈകളും തലകളും, മൃഗ ഛായയുള്ള ദൈവങ്ങള്‍ എന്നിവയുടെ കാര്യകാരണങ്ങളിലേക്കുള്ള നിരവധി ചോദ്യങ്ങള്‍ അനഘയെ പ്രതിരോധത്തിലാക്കി. വലിയ പൂജയും ഭക്തിയുമൊക്കെയുള്ള വീടാണെങ്കിലും വീട്ടില്‍ നിന്നും അനഘയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല. നിരന്തര തോല്‍വി സ്വന്തം വിശ്വാസത്തോടുള്ള പുച്ഛമായി മാറി. പതുക്കെ പതുക്കെ ഇസ്ലാമാണ് ശരി എന്ന വിശ്വാസം ഉള്ളില്‍ കയറുവാന്‍ തുടങ്ങി. ഇതോടെ മുസ്ലിം കൂട്ടുകാരുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത പ്രോത്സാഹനം ലഭിച്ചു. ഒരാളെ പുതിയതായി ഇസ്ലാമിലേക്ക് കൊണ്ടുവരുന്നത് അള്ളാഹുവില്‍ നിന്ന് വലിയ പ്രതിഫലം കിട്ടുന്ന പുണ്യ പ്രവൃത്തിയായിട്ടാണ് ഇസ്ലാം കാണുന്നത്.

ഇസ്ലാം പഠനാവശ്യത്തിനായി വലിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് തന്നെയുണ്ട്. സുഹൃത്തുക്കള്‍ ഇവയെ പരിചയപ്പെടുത്തി കൊടുത്തു. ഇതോടെ സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുവാന്‍ തുടങ്ങി. ഇസ്ലാമിക് വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ അംഗമായി. ഇസ്ലാമിനെക്കുറിച്ച് എന്ത് വേണമെങ്കിലും സോഷ്യല്‍ മീഡിയയില്‍ റെഡി. യുട്യൂബില്‍ നോക്കി 5 നേരത്തെ നിസ്‌കാരം പഠിച്ചു. 2019 ല്‍ ആയിരുന്നു ഇത്. ഇസ്ലാം ഒരു ആവേശവും ആര്‍ത്തിയുമായി മാറി. സോഷ്യല്‍ മീഡിയയില്‍ കിട്ടാവുന്നതെല്ലാം ഡൗണ്‍ലോഡ് ചെയ്ത് പരിശീലിക്കുവാന്‍ തുടങ്ങി.

ഡോ.അനഘ

2018 ല്‍ കോഴിക്കോട് ഒരു ആസ്പത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റായി ജോലിക്ക് ചേര്‍ന്നു. വസ്ത്ര ധാരണവും പെരുമാറ്റവുമെല്ലാം ഒന്നാം തരം മുസ്ലീമിനെ പോലെ. അനഘ യഥാര്‍ത്ഥത്തില്‍ മുസ്ലിം സമൂഹത്തോട് അത്രയേറെ താദാത്മ്യം പ്രാപിച്ചിരുന്നു. കോഴിക്കോട് നടക്കാവില്‍ സൈനബ എന്ന ഒരു മുസ്ലിം വീട്ടില്‍ പെയിങ് ഗസ്റ്റായി താമസം തുടങ്ങി. അനഘയുടെ മനസ്സറിഞ്ഞ ഈ വീട്ടമ്മ അനഘക്കൊരു നിസ്‌കാരപ്പായ നല്‍കി. ഒപ്പം തബ്‌സിറുകളും നല്‍കി. ജോലി ചെയ്യുന്ന ആസ്പത്രിയില്‍ പലര്‍ക്കും ഇസ്ലാമിലേക്ക് മാറാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന അനഘയെക്കുറിച്ചറിയാമായിരുന്നു. മുസ്ലിം രോഗികളും അവരുടെ ബന്ധുക്കളും നന്നായി പ്രോത്സാഹിപ്പിച്ചു. മതം മാറുന്നെങ്കില്‍ ഉടനെ മാറണമെന്നും വീട്ടില്‍ പറഞ്ഞാല്‍ അവര്‍ ആത്മഹത്യ ഭീക്ഷണി മുഴക്കുമെന്നും അതിനാല്‍ മാറിയിട്ട് അറിയിച്ചാല്‍ മതിയെന്നും മതപരിവര്‍ത്തന സ്‌പെഷലിസ്റ്റുകള്‍ ഉപദേശിച്ചു. ചിലര്‍ കല്യാണാലോചനകള്‍ തുടങ്ങി. വേറെ ചിലര്‍ നേരിട്ട് വന്നു. ഗള്‍ഫിലേക്കുള്ള വാഗ്ദാനങ്ങളുമായി വേറെ ചിലര്‍. ഓഫറുകളുടെ പ്രളയം. അനഘക്ക് ഇതിലൊന്നുമായിരുന്നില്ല താല്‍പ്പര്യം. മരണാനന്തരം അള്ളായുടെ നരകത്തില്‍പ്പെടാതെ സ്വര്‍ഗ്ഗത്തിലെത്തണം. അതിനുള്ള ദീന്‍ വേണം.

ഇങ്ങനെ മുസ്ലീമിനെ പോലെ ജീവിക്കാനല്ല മറിച്ച് മതം മാറി യഥാര്‍ത്ഥ മുസ്ലീമായി ജീവിക്കാനായിരുന്നു അനഘയുടെ തീരുമാനം. ഓടിച്ചാടി വാചകമടിച്ച് നടന്നിരുന്ന അനഘ സംസാരമില്ലാത്തവളായി. അവളുടെ പാട്ടും നൃത്തവും സംഗീതവുമെല്ലാം നിലച്ചു. തന്റെ മതംമാറ്റ തീരുമാനം അവള്‍ പല തവണ പല പല ചോദ്യങ്ങളായി വീട്ടില്‍ പ്രഖ്യാപിക്കുകയും വീട്ടുകാര്‍ അച്ഛനും അമ്മയും അവളുടെ കാല്‍ക്കല്‍ വീണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് പല തവണ യാചിക്കുകയും ചെയ്തിട്ടുള്ളതാണ്. അച്ഛനും അമ്മയ്ക്കും ഉറക്കം നഷ്ടപ്പെട്ടു. പാതിരാത്രിയിലും മറ്റും അച്ഛനുമമ്മയും മറ്റു രണ്ട് മക്കളുടെയും മുറികളില്‍ വന്നിരുന്ന് അസ്വസ്ഥതയോടെ ചോദിക്കും: ‘അവള്‍ നമ്മളെ വിട്ടൊന്നും പോകില്ലല്ലോ?’. വീട് ശ്മശാന മൂകമായി. അനഘ മതം മാറി വീട് വിട്ട് പോകില്ലെന്ന് മറ്റ് രണ്ട് കൂടെപ്പിറപ്പുകളും മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

അതിനാല്‍ മകള്‍ മതം മാറില്ലെന്ന ഒരു ഉറപ്പ് അവരുടെ ഉള്ളിന്റെയുള്ളില്‍ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ ഈ ഉറപ്പ് അനഘക്ക് വലിയ വിഘാതമായിരുന്നു. വീട്ടില്‍ നിന്ന് 150 കിലോമീറ്റര്‍ മാറി കോഴിക്കോട് കിട്ടിയ അധിക സ്വാതന്ത്യം ഈ വിഘാതം ഒഴിവാക്കാനായി ഉപയോഗിക്കുവാന്‍ അനഘ തീരുമാനിച്ചു. അങ്ങിനെ അന്വേഷിച്ചപ്പോള്‍ തര്‍ബിയത്തൂല്‍ ഇസ്ലാമിക സഭ എന്നൊരു സ്ഥാപനം ഉണ്ടെന്നും അവിടെ ചെന്നാല്‍ ഔദ്യോഗികമായി കലിമ ചൊല്ലി മതം മാറാമെന്നും അറിഞ്ഞു. അവിടത്തെ രണ്ട് മാസത്തെ ക്ലാസ് അറ്റന്റ് ചെയ്ത് യഥാര്‍ത്ഥ മുസ്ലിമായി പുറത്ത് വരണം. എന്നിട്ട് വീട്ടില്‍ ചെന്ന് കാര്യം പറയണം. അതായിരുന്നു തീരുമാനം. അവിടെക്ക് വിളിച്ചു. കൊറോണ കാരണം പുതിയ മതംമാറ്റ ക്ലാസ്സുകള്‍ നിര്‍ത്തി വെച്ച കാര്യം അവര്‍ പറഞ്ഞു. നിരാശയായി. എങ്കിലും ഇസ്ലാമിനെ തീവ്രമായി തന്നെ പിന്തുടര്‍ന്നു.

ഒരു മുസ്ലിം വനിതയായി ജീവിക്കണം. കാര്യങ്ങള്‍ വീട്ടുകാരോട് നേരിട്ട് പറഞ്ഞ് ഇറങ്ങണം. ഈ തീരുമാനത്തോടെ കോഴിക്കോട്ടെ ജോലി രാജി വെച്ച് വെള്ളാങ്കല്ലൂര്‍ വീട്ടിലെത്തി. വീടിനടുത്തുളള പുത്തന്‍ചിറ എന്ന സ്ഥലത്ത് മറ്റൊരു ക്ലിനിക്കില്‍ ജോലിക്ക് ചേര്‍ന്നു. പൂര്‍ണ മുസ്ലിം വേഷത്തിലാണ് ജോലിക്ക് പോകുന്നതും വരുന്നതും. സമയാസമയങ്ങളില്‍ വീട്ടിലെന്നപോലെ ക്ലിനിക്കിലും നിസ്‌കരിക്കും.

അനഘ മതം മാറാന്‍ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന വിവരം ആ ആസ്പത്രിയിലെ സന്ദര്‍ശകനായിരുന്ന ഒരാള്‍ അറിഞ്ഞു. അയാള്‍ ഈ വിവരം അനഘയുടെ വീട്ടുകാരില്‍ എത്തിച്ചു. അവര്‍ തകര്‍ന്നു പോയി. എന്തൊക്കെയായാലും തങ്ങളുടെ മകള്‍ തങ്ങളെ കൈവിടില്ല എന്ന അവരുടെ അവസാന പ്രതീക്ഷയും തകര്‍ന്നു. അനഘ മതം വിട്ട് പോകുന്നുവെന്നത് മാത്രമല്ല അനുജത്തി അമൃതയെ ഒരു ഹിന്ദു വിരോധി കൂടിയാക്കിയിരുന്നു. അവര്‍ വലിയൊരു രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ബന്ധുമിത്രാദികളെയെല്ലാം വിളിച്ചു കൂട്ടി.

വീട്ടില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. രണ്ടു കൂട്ടരും പറയാനുള്ളതെല്ലാം പറഞ്ഞു. വീട്ടുകാര്‍ പറഞ്ഞു. നിന്റെ എല്ലാ സംശയങ്ങളും തീര്‍ത്തു തരുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നിട്ടും നിനക്ക് തൃപ്തി വരുന്നില്ലെങ്കില്‍ നീ നിന്റെ ഇഷ്ടം പോലെ പൊയ്‌ക്കോ.

അനഘ തൃപ്പുണിത്തുറയില്‍ ഇങ്ങനെയൊരു സ്ഥാപനം ഉള്ളതായി കേട്ടിരുന്നു. ആ സ്ഥാപനം മഹാ മോശമാണെന്നും അവിടേക്ക് ഒരു കാരണവശാലും പോകരുതെന്നും നവ ഇസ്ലാമിക സുഹൃത്തുക്കള്‍ അനഘയെ ഉദ്‌ബോധിപ്പിച്ചിരുന്നു. അങ്ങോട്ടാണെങ്കില്‍ വരില്ലയെന്നും വേറെ എവിടെക്കാണെങ്കിലും വരാമെന്ന് അനഘയും പറഞ്ഞു. അനഘ ഉദ്ദേശിച്ചത് തൃപ്പുണിത്തുറയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ഷ വിദ്യാസമാജത്തെക്കുറിച്ചായിരുന്നു. ഈ സമയമായപ്പോഴെക്കും സമാജം അവിടെ നിന്ന് മാറിയിരുന്നു. അതുകൊണ്ട് തന്നെ തൃപ്പുണിത്തുറക്കല്ലായെന്ന വാക്ക് പാലിക്കുവാന്‍ മാതാപിതാക്കള്‍ക്ക് പറ്റി.
തന്റെ രണ്ട് സഹോദരിമാരെയും മാതാപിതാക്കളെയും കൊണ്ടാണ് അനഘ കുടുംബ സമേതം ആര്‍ഷവിദ്യാ സമാജത്തിലെത്തിലെത്തിയത്. അനഘയെ കൗണ്‍സിലിങ്ങിനായി കൊണ്ടു വരുന്നത് ആര്‍ഷ വിദ്യാ സമാജത്തിലേക്കാണെന്നറിഞ്ഞ മറ്റ് രണ്ട് സഹോദരിമാരും യു ട്യൂബില്‍ ആര്‍ഷ വിദ്യാസമാജത്തെ തിരഞ്ഞപ്പോള്‍ കിട്ടിയത് നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തി മതംമാറ്റം നടത്തുന്ന സ്ഥാപനമെന്നാണ്. അതോടെ പേടിയായി. അനഘയെ ഒറ്റക്ക് വിടാന്‍ പേടി. അങ്ങിനെ അനഘക്ക് സംരക്ഷകരായിട്ടാണ് സഹോദരിമാരായ അമൃതയും അനുഷയും കാറില്‍ കയറുന്നത്.
ആര്‍ഷ വിദ്യാസമാജത്തിലെത്തിയ അനഘ ആദ്യത്തെ ഒരാഴ്ച അവിടത്തെ പല കൗണ്‍സിലര്‍മാരുമായും സംസാരിച്ചിട്ടും തന്റെ നിലപാടില്‍ നിന്ന് മാറിയില്ല. ഒടുവില്‍ തിരിച്ച് പോരുന്ന ദിവസം ആചാര്യനെ ഒന്ന് കാണാനും യാത്ര പറയുവാനും വേണ്ടി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ചെന്നു. കൂടെ സഹോദരങ്ങളും. അന്നാണ് അവര്‍ ആചാര്യനെ ആദ്യമായി കാണുന്നത്. അത് അവര്‍ മൂന്ന് പേരുടെയും ജീവിതത്തെ മാറ്റി മറിച്ച കാഴ്ചയായിരുന്നു.

അനഘയും ആചാര്യനും തമ്മില്‍ മണിക്കുറുകള്‍ നീണ്ട മത സംവാദം നടന്നു. ഇസ്ലാമിനെ കുറിച്ചുള്ള അനഘയുടെ സംശയങ്ങള്‍ ഒന്നൊന്നായി തീര്‍ത്ത ആചാര്യന്‍ അതിനു ശേഷം സനാതന ധര്‍മ്മത്തിന്റെ മഹിമ അവരെ ബോധ്യപ്പെടുത്തി. അനഘയോട് ആദ്ധ്യാത്മിക ശാസ്ത്രം കോഴ്‌സ് പഠിക്കുവാന്‍ ആചാര്യന്‍ ഉപദേശിച്ചു. ഒരു മതപരിവര്‍ത്തനം വീട്ടിലുണ്ടാക്കിയ തകര്‍ച്ചയെക്കുറിച്ച് അറിയാവുന്ന രണ്ട് സഹോദരങ്ങളും കൂടി ആര്‍ഷ വിദ്യാ സമാജത്തിന്റെ പഠിതാക്കളാകുകയും പിന്നിട് ഈ ധര്‍മ്മ പാത തെരെഞ്ഞെടുത്ത് സമാജത്തിന്റെ ധര്‍മ്മ പ്രചാരകരാകുകയും ചെയ്തു. ലക്ഷ്യം ഒന്ന് മാത്രം. പരമാവധി കുടുംബങ്ങളെ മത പരിവര്‍ത്തന കെണിയില്‍ നിന്ന് രക്ഷപ്പെടുത്തുക. സനാതന സമാജം ശക്തിപ്പെടുത്തുക.

അനഘ മതപരിവര്‍ത്തന ഗ്രൂപ്പില്‍പ്പെടുന്നതിന് ദശാബ്ദങ്ങള്‍ മുമ്പേ കേരളത്തില്‍ ഇത്തരത്തിലുളള നിരവധി സംഭവങ്ങള്‍ ദിനം പ്രതിയെന്നവണ്ണം നടന്നിരുന്നു. അധികമാരും അറിഞ്ഞിരുന്നില്ല. ഒരു മാധ്യമവും വാര്‍ത്ത കൊടുത്തിരുന്നില്ല. അറിഞ്ഞവര്‍ പുറത്ത് മിണ്ടിയില്ല. പുറത്ത് പറഞ്ഞാല്‍ ഊതിവീര്‍പ്പിച്ച കേരളത്തിന്റെ മതസൗഹാര്‍ദ്ദവും മതേതരത്വവും തകരുമെന്നതിനാല്‍ ഒരു മാധ്യമവും ഇങ്ങോട്ട് നോക്കിയില്ല. ധര്‍മ്മം പ്രചരിപ്പിച്ച് തിരുത്തുവാന്‍ ഇറങ്ങിയവരൊക്കെ വര്‍ഗീയ വാദികളായി മുദ്രകുത്തപ്പെട്ടു. വേട്ടയാടപ്പെട്ടു. പുരോഗമന വിരുദ്ധരായി ചിത്രീകരിക്കപ്പെട്ടു. ആലപ്പുഴ ജില്ലയില്‍ വേമ്പനാട്ടുകായലിലെ 2000 ഏക്കര്‍ വിസ്തൃതിയുളള ദ്വീപായ പെരുമ്പളം പഞ്ചായത്തില്‍ ജനിച്ച് വളര്‍ന്ന കെ.ആര്‍. മനോജിന്റെ ശ്രദ്ധയില്‍ കൊച്ചു നാളിലെ കേരളത്തിലെ ഈ സവിശേഷ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ധര്‍മ്മം പ്രചരിപ്പിക്കുന്നവരെ നികൃഷ്ടരാക്കുന്ന രാഷ്ടീയം. ഇതിനുളള പ്രതിവിധി ഇത് പ്രചരിപ്പിച്ച് ഈ സാഹചര്യത്തെ അതിജീവിക്കുകയെന്നതാണ്. അതിന് പഠനം വേണം.

എം.എ ഫിലോസഫി കഴിഞ്ഞതിന് ശേഷം പത്രപ്രവര്‍ത്തകനായി മനോജ് ജീവിതം തുടങ്ങി. പക്ഷെ ഒരു പത്രപ്രവര്‍ത്തകന്റെയുള്ളില്‍ ഒതുങ്ങി നില്‍ക്കുവാന്‍ മനസ്സ് സമ്മതിച്ചില്ല. സനാതന ധര്‍മ്മം എന്ന ധര്‍മ്മശാസ്ത്രത്തെ കുറിച്ചുള്ള ഹിന്ദു സമൂഹത്തിന്റെ പഠനത്തിന്റെ അഭാവം സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങളും ഹിന്ദു സമൂഹത്തിന്മേല്‍ ഇതുമൂലം ഉണ്ടാകുന്ന അവഹേളനങ്ങളും കേരളത്തില്‍ എല്ലാ പരിധിക്കും അപ്പുറത്തായിരുന്നു. സനാതന ധര്‍മ്മം ഒരു ദൈവത്തെ ചുറ്റിത്തിരിയുന്ന ഒരൊറ്റ പുസ്തകം അല്ലാത്തതു കൊണ്ടും അതിന് വിവിധങ്ങളായ മേഖലകള്‍ ഉള്ളതുകൊണ്ടും കൃത്യമായ പഠന സമ്പ്രദായത്തിലൂടെ മാത്രമേ ഇത് സാദ്ധ്യമാകു. ഇതിന് സംഘടനയും സംഘടനക്ക് സിലബസും വേണം. ഈ ലക്ഷ്യത്തോടെ 1999 ജൂലായ് 8 ന് മനോജും അദ്ദേഹത്തിന്റെ അടുത്ത അയല്‍വാസികളും സുഹൃത്തുക്കളുമായ വി.ആര്‍.മധുസുദനന്‍, ടി.എം.സുജിത്ത്, പി.എം.അനില്‍കുമാര്‍ എന്നിവരും ചേര്‍ന്ന് വിവിധോദ്ദേശ്യങ്ങളോടെ നാലുവിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി. ആര്‍ഷ വിദ്യാ സമാജം, മനീഷ സംസ്‌ക്കാരിക വേദി, ശിവശക്തി യോഗവിദ്യാ കേന്ദ്രം, വിജ്ഞാന ഭാരതി വിദ്യാകേന്ദ്രം എന്നിവയായിരുന്നു അവ. ഓരോന്നിനും വ്യത്യസ്ത വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്യാനുണ്ടായിരുന്നത്. മതങ്ങളുടെ താരതമ്യ പഠനം, സനാതന ധര്‍മം, ദാര്‍ശനിക പഠനം, തര്‍ക്കശാസ്ത്രം എന്നിങ്ങനെയായിരുന്നു ആര്‍ഷ വിദ്യാ സമാജത്തിന്റെ പഠന മേഖല. ഭാരതത്തിന്റെ വളച്ചൊടിക്കപ്പെടാത്ത സാംസ്‌കാരിക ചരിത്രം, സ്വാതന്ത്ര്യ സമര നവോത്ഥാന ചരിത്രം, ഭാരതം നേരിടുന്ന പ്രശ്‌നങ്ങള്‍ – പ്രതിവിധികള്‍, എന്നിവ യ്ക്കായി മനീഷ സംസ്‌കാരിക വേദിയും യഥാര്‍ത്ഥ യോഗ വിദ്യക്കായി ശിവശക്തി യോഗ കേന്ദ്രവും വിദ്യാഭ്യാസപരമായിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നൈപുണ്യ കര്‍മ്മത്തിനുമായി വിജ്ഞാന ഭാരതിയും പ്രവര്‍ത്തനം തുടങ്ങി.

കേരളത്തില്‍ മത തിവ്രവാദം വലിയ തോതില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു ഇത്. മറ്റ് സമുദായങ്ങളില്‍ നിന്ന് പെണ്‍കുട്ടികളും പലപ്പോഴും ആണ്‍കുട്ടികളും അസാധാരണമായ രീതിയില്‍ ഇസ്ലാം മതത്തിലേക്ക് പോകാന്‍ തുടങ്ങിയിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും മൂടിവെച്ചുവെങ്കിലും വിങ്ങിപ്പൊട്ടലുകളും പൊട്ടിത്തെറികളും കേരളത്തിലെ നിരവധി മുസ്ലിം ഇതര വിഭാഗങ്ങളിലുണ്ടായി. ആര്‍.എസ്. എസ്, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഹെല്‍പ്പ് ലയിന്‍ തൊട്ട് നിരവധി ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും മുമ്പില്‍ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ വരാന്‍ തുടങ്ങി. ഇതില്‍ പലതും ആര്‍ഷ വിദ്യാസമാജത്തിന് മുന്നിലെത്തി. ഈ കേസുകളില്‍ ഹൈന്ദവ സംഘടനകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന രീതിയില്‍ സമാജം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ഇതോടെ ഈ രംഗത്ത് തിരക്കായി. 2009 മുതലാണ് മതപരിവര്‍ത്തനവുമായ ബന്ധപ്പെട്ട കേസുകള്‍ ആശ്രമം ഗൗരവമായി കൈകാര്യം ചെയ്യുവാന്‍ തുടങ്ങിയത്.

മതം മാറി പോകുന്നവരെ തിരിച്ചു കൊണ്ടുവരിക എന്ന് പറയുന്നതില്‍ വലിയൊരു അദ്ധ്വാനമുണ്ട്. ഇതിനകം ആറായിരത്തോളം പേരെ തിരിച്ചുകൊണ്ടുവന്നുവെങ്കിലും ഇതില്‍ പ്രധാനപ്പെട്ട ഒരു കേസ് തിരുവനന്തപുരത്ത് പൂജപ്പുരയിലെ ഇരുപത്തഞ്ച് വയസുള്ള ഒരു യുവ ശാസ്ത്രജ്ഞന്റെതാണ്. ജര്‍മ്മനിയിലായിരുന്നു ജോലി. പൂണൂല്‍ ധരിക്കുന്ന ഗൗഡസാരസ്വത വിഭാഗത്തില്‍പ്പെട്ടയാള്‍. സ്‌കോളര്‍ഷിപ്പോടെ ജര്‍മ്മനിയില്‍ പഠനത്തിന് പോയ ഇയാള്‍ വിദേശത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആകെ മാറിയിരുന്നു. പൂണൂല്‍ കാണാനില്ല. മുടിയിലെ ചെറിയ കുടുമ മുറിച്ചു. വീട്ടിലെ ഹൈന്ദവ ബിംബങ്ങള്‍ കാണുമ്പോള്‍ ആക്രമിക്കുക. നിലവിളക്ക് എടുത്ത് എറിയുക. ആകെ അക്രമമയം. അന്വേഷണത്തില്‍ മനസ്സിലായത് ഇയാള്‍ ജര്‍മ്മനിയില്‍ വലിയ പെന്തകോസ്ത് സുവിശേഷ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനാണ് ഇപ്പോള്‍ എന്നാണ്. സാത്താന്‍ വസിക്കുന്ന വീട്ടില്‍ താമസിക്കുവാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇദ്ദേഹം വീട്ടില്‍ കലാപമുണ്ടാക്കുന്നു. ഇപ്പോഴത്തെ ആവശ്യം വീട്ടുകാരും മതം മാറണം എന്നാണ്. വലിയൊരു കൂട്ടുകുടുംബമാണ്. പല ഹിന്ദുക്കളെയും ഇയാള്‍ ജര്‍മ്മനിയില്‍ മതം മാറ്റിയിട്ടുണ്ട് – ആഴത്തില്‍ ക്രിസ്തുമതം പഠിച്ച ഒരാള്‍. ഇയാള്‍ ഇയാളുടെ ഹിന്ദു നാമം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബൈബിള്‍ സാക്ഷ്യം പറയുവാന്‍ തീരുമാനിച്ചു.

വീട്ടുകാര്‍ ഇതറിഞ്ഞൂ. അവര്‍ ഓരോരുത്തരായി കാല് വരെ പിടിച്ച് സ്വധര്‍മ്മത്തില്‍ ഉറച്ച് നില്‍ക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവില്‍ മാതാപിതാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കി. ഇതില്‍ മകന്‍ കീഴടങ്ങുമെന്നാണ് ആ പാവങ്ങള്‍ വിചാരിച്ചത്. എന്നാല്‍ മകന്റെ മറുപടി അവരെ ഞെട്ടിച്ചു. മാതാപിതാക്കളുടെ ആത്മഹത്യ തന്റെ വിശ്വാസ ദാര്‍ഢ്യത്തിനുള്ള അംഗീകാരമായി കണക്കാക്കുമെന്നായിരുന്നു ആ മകന്റ മറുപടി. ഇതോടെ ആ കുടുംബം ആകെ തകര്‍ന്നു പോയി. ഈ സമയത്താണ് എറണാകുളത്തുളള, ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് ചുമതല വഹിക്കുന്ന രാധാകൃഷ്ണന്‍ സാര്‍ ആര്‍ഷ വിദ്യാസമാജത്തിന്റെ ആചാര്യനായി മാറിക്കഴിഞ്ഞ മനോജിനെ വിളിക്കുന്നത്. അന്ന് ആചാര്യ മനോജ് തിരുവനന്തപുരത്ത് പട്ടത്ത് വാടക വീട്ടില്‍ താമസിക്കുകയാണ്. സെന്ററും അവിടെ തന്നെ. സെന്ററിലേക്ക് ശാസ്ത്രജ്ഞന്‍ വരില്ല. അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ മറ്റൊരു സന്ദേശം വന്നു. ‘ആചാര്യന്‍ പോകണ്ട. അയാള്‍ ഏത് രീതിയില്‍ പ്രതീകരിക്കുമെന്നറിയില്ല. അക്രമാസക്തനാണ്’. അങ്ങിനെ ആ യാത്ര റദ്ദാക്കി.

ക്രിസ്തുമതത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ പരമകാഷ്ഠയിലാണ് ഇദ്ദേഹം. സംസാരിച്ചാല്‍ ആരെയും ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തിലാണ്. ഇങ്ങനെയുള്ള ഇദ്ദേഹത്തോട് വീട്ടുകാര്‍ ഒരു കാര്യം പറഞ്ഞു. നിന്നെ കാണാനും സംസാരിക്കുവാനും ഒരു യോഗാചാര്യന് താല്‍പര്യമുണ്ട്. മനോജ് എന്നാണ് പേര്. അപ്പോള്‍ അയാള്‍ പറഞ്ഞു. യോഗാചാര്യന്റെ സ്ഥാപനത്തിലേക്ക് ഞാന്‍ പോകാം. ഒരു യോഗാചാര്യനെ മതം മാറ്റണമെന്നാണ് എന്റെ ആഗ്രഹം.

അങ്ങിനെ ആചാര്യനെ മതം മാറ്റാന്‍ ശാസ്ത്രജ്ഞനെത്തി. കുറെ സി.ഡി.യും ലഘുലേഖകളും കൈയിലുണ്ട്. കൂടെ അകമ്പടിയായി വൃദ്ധരായ മുത്തച്ഛനും മുത്തശ്ശിയും അമ്മയും ചിറ്റയുമുണ്ട്. എല്ലാവരിലും എന്ത് സംഭവിക്കുമെന്ന ആകാംക്ഷയുണ്ട്. സെന്ററിലെ മുറിയില്‍ ആചാര്യനും ശാസ്ത്രജ്ഞനും മാത്രം ചര്‍ച്ചക്കിരുന്നു. ആചാര്യന്‍ തുടക്കത്തിലെ ഉപാധികള്‍ വെച്ചു. ഇതൊരു മത്സരമായിട്ട് കാണരുത്. വിജയവും പരാജയവും ഇല്ല. ബോധ്യപ്പെടുന്ന സത്യങ്ങള്‍ പരസ്പരം അംഗീകരിക്കണം.

ബൈബിള്‍ അടിസ്ഥാനപ്പെടുത്തി മാത്രമേ ചര്‍ച്ച ചെയ്യാവു എന്ന് ശാസ്ത്രജ്ഞന്‍ ഉപാധി വെച്ചു. സത്യത്തില്‍ അതുതന്നെ തെറ്റാണ്. സനാതന ധര്‍മത്തിന്റെ മേന്മകള്‍ ബോധ്യപ്പെടുത്തലാണ് തന്റെ ദൗത്യം. ബൈബിള്‍ മാത്രം വെച്ചാല്‍ അത് നടക്കില്ല. എങ്കിലും അതും സമ്മതിച്ചു. ‘ബൈബിള്‍ വിടാമെന്ന് അങ്ങ് പറയുമ്പോള്‍ എനിക്ക് ധര്‍മ്മശാസ്ത്രം പറയാമല്ലോ?’ ആചാര്യന്‍ ചോദിച്ചു. ‘അത് ഞാന്‍ പറയില്ല. ബൈബിള്‍ ദൈവിക ഗ്രന്ഥമാണ്.’ ശാസ്ത്രജ്ഞന്‍ വിടുന്നില്ല. ‘പറഞ്ഞാല്‍ മാത്രം മതി.’ ആചാര്യന്‍ ആവര്‍ത്തിച്ചു. അത് ഇദ്ദേഹം സമ്മതിച്ചു.

ആര്‍ഷവിദ്യാസമാജം സ്ഥാപകന്‍ ആചാര്യ മനോജ് ജി

രണ്ടാമത്തെ നിബന്ധന ഇതായിരുന്നു. നമ്മള്‍ രണ്ടു പേരും സംസാരിച്ച് പൊതു തീര്‍പ്പിലെത്തുന്ന കാര്യങ്ങള്‍ എഴുതി വെക്കണം. ഇതിന് വിരുദ്ധമായി ആര് പറഞ്ഞാലും അതൊരു പരാജയ സ്ഥാനമാണ്. തര്‍ക്കശാസ്ത്ര പ്രകാരം നിഗ്രഹ സ്ഥാനമാണ്. പ്രതിജ്ഞ ഹാനി. ഒരു സമയം ഒരു വിഷയമേ ചര്‍ച്ച ചെയ്യാവൂ.

ചര്‍ച്ച തുടങ്ങി. ‘മതപരിവര്‍ത്തനം മനുഷ്യാവകാശമാണ് എന്നാണ് തന്റെ അഭിപ്രായം. ശാസ്ത്രജ്ഞന്‍ യോജിക്കുന്നുണ്ടോ?’ ആദ്യ ചോദ്യം ആചാര്യന്‍ ചോദിച്ചു. യോജിക്കുന്നുവെന്ന് മറുപടി. അത് കടലാസില്‍ എഴുതി ഇരുഭാഗവും അംഗീകരിച്ചു. ഇതിനെക്കുറിച്ച് ബൈബിള്‍ എന്താണ് പറയുന്നത്? ആചാര്യന്‍ ചോദിച്ചു. ഈ വിഷയത്തെപ്പറ്റി സഹ സംവാദകന് ഒന്നും അറിയില്ലായിരുന്നു. ആചാര്യന്‍ പറഞ്ഞു. ആവര്‍ത്തന പുസ്തകം 13 -ാം അദ്ധ്യായം 5 മുതല്‍ വായിച്ചു. നിന്റെ അമ്മയുടെ പുത്രനായ സഹോദരനോ സഹോദരിയോ നിന്റെ ഭാര്യയോ ആത്മ സുഹൃത്തോ വന്നിട്ട് ഇതര ദേവന്മാരെ ആരാധിക്കണമെന്ന് പറഞ്ഞു കേട്ടാല്‍, നിന്നെ വശീകരിക്കാന്‍ ശ്രമിച്ചാല്‍ നീ അവരെ കല്ലെറിഞ്ഞ് കൊല്ലണം. പട്ടണവാതുക്കല്‍ കൊണ്ടു വരണം. അവനെ കല്ലെറിഞ്ഞ് കൊല്ലണം. ആദ്യത്തെ കല്ല് നിന്റെ കൈയില്‍ നിന്നായിരിക്കണം. ശാസ്തജ്ഞന്‍ ഈ ഭാഗം കേട്ടിട്ടില്ല. സഭ പഠിപ്പിച്ചിട്ടില്ല. യഹോവയെ ആരാധിക്കുന്ന ഒരാള്‍ മറ്റൊരാളെ വണങ്ങാന്‍ പോലും പാടില്ലെന്നും അങ്ങിനെ ചെയ്താല്‍ ലോകത്തിലെ ഏറ്റവും ക്രൂര ശിക്ഷയായ കല്ലെറിഞ്ഞു കൊല്ലല്‍ ചെയ്യണമെന്നും പറയുന്നത് ശരിയാണോ? അടുത്ത ചോദ്യം നിങ്ങളുടെ കൂട്ടത്തിലെ ഏതെങ്കിലും ചിലര്‍ യഹോവയെ അല്ലാതെ ആരെയെങ്കിലും ആരാധിച്ചുവെന്ന് കേട്ടാല്‍ അത് തിരക്കി വിസ്തരിച്ച് നല്ലവണ്ണം അറിഞ്ഞതിന് ശേഷം ആ ഗ്രാമം മുഴുവന്‍ നശിപ്പിക്കുക. കന്നുകാലികളെ വരെ കൊല്ലുക. വീടുകള്‍ കൊള്ളയടിക്കുക. ആ നഗരം വീണ്ടും പണിയുവാന്‍ പോലും സമ്മതിക്കരുത്. അതും ശാസ്ത്രജ്ഞന് അറിയില്ല, കേട്ടിട്ടില്ല. ബൈബിള്‍ ചൂണ്ടി സംസാരിച്ചതോടെ ശാസ്ത്രജ്ഞന്‍ അത് അംഗീകരിച്ചു. ആധുനിക ക്രിസ്തുമതത്തിന്റെ ഒന്നാം ദൈവ ഗ്രന്ഥമാണ് ബൈബിള്‍. പഴയ നിയമത്തിലെ ഏക ദൈവമാണ് യഹോവ. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയായിരുന്നു അത്. ബൈബിളിന്റെ പോരായ്മകളും യഹോവയുടെ ക്രൂരതകളും ഒന്നൊന്നായി നിരത്തിയതോടെ, ബൈബിള്‍ അദ്ദേഹത്തെ കൊണ്ടുതന്നെ വായിപ്പിച്ചതോടെ ശാസ്ത്രജ്ഞന്‍ ത്രിശങ്കുവിലായി. പിന്നീട് ബൈബിള്‍ പുതിയ നിയമത്തെ കുറിച്ചായി ചര്‍ച്ച. പുതിയ നിയമത്തിലെ വൈരുദ്ധ്യങ്ങളും അദ്ദേഹത്തെ ബൈബിള്‍ തൊട്ട് ബോദ്ധ്യപ്പെടുത്തി. ആദ്യ ദിവസത്തെ ചര്‍ച്ച നാല് മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലെ ചര്‍ച്ചകള്‍ സനാതന ധര്‍മ്മത്തെക്കുറിച്ചായിരുന്നു.

മതങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും താരതമ്യ പഠനങ്ങളും സമൂഹത്തില്‍ സജീവമായി നടക്കണമെന്നതാണ് ആചാര്യന്റെ പക്ഷം. അറിയാന്‍ വേണ്ടിയുളള സംവാദത്തിന് വരുന്നതിന് മൂന്ന് നിബന്ധനകളാണ് ഉള്ളത്. ഒന്ന് സമാന്യ ബുദ്ധി. രണ്ട് ചര്‍ച്ചക്ക് സന്നദ്ധമാകണം. ചര്‍ച്ചക്ക് വരുന്നവരോട് ചോദ്യങ്ങള്‍ എഴുതി കൊണ്ടുവരാന്‍ പറയാറുണ്ട്. പരസ്പരം അംഗീകരിക്കണം. അവസരോചിതമായി വാദങ്ങള്‍ മാറ്റി മാറ്റി പറയരുത്. മൂന്ന് സത്യം ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കാനുള്ള മനസ്സുണ്ടാകണം. ഇതിനോട് യോജിക്കുന്ന ആരെയും സനാതന ധര്‍മ്മധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയും. അതാണ് അനുഭവം.

ആചാര്യന്റെ അഭിപ്രായത്തില്‍ ലൗ ജിഹാദിനേക്കാളും അപകടകരമായത് ഇന്റലക്ച്വല്‍ ജിഹാദാണ്. ബുദ്ധിപരമായി മതത്തിന് കീഴ്‌പ്പെട്ട് കഴിഞ്ഞ ഇത്തരക്കാരെയാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പ്രണയം, പ്രണയനാട്യം, വിവാഹാലോചന, വിവാഹം, ബ്ലാക്‌മെയിലിംഗ്, ലൈംഗിക ചൂഷണം ഇങ്ങനെയുള്ള സ്ത്രീ പുരുഷ ബന്ധങ്ങളിലൂടെ പുരുഷനെയോ സ്ത്രീയേയോ ഇസ്ലാംമതത്തിലേക്ക് കൊണ്ടുപോകുകയോ പടിപടിയായി ഇസ്ലാമിക തീവ്രവാദത്തിന് ഉപയോഗിക്കുകയോ ചെയ്യുന്ന പ്രവൃത്തിയാണ് ലൗജിഹാദ്. ശരിയത്ത് അടിസ്ഥാനമായി ഒരു മതരാഷ്ട്രം നിര്‍മ്മിക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ജിഹാദിന് പ്രേരണ. ഒരാളെ ഇസ്ലാമിലേക്ക് കൊണ്ടുവന്നാല്‍ പത്ത് ഹജ്ജ് ചെയ്തതിന് തുല്യമായിട്ടാണ് കണക്കാക്കുക. അവരെ സംബന്ധിച്ചെടത്തോളം ജിഹാദ് അത്രയും വിശിഷ്ടമാണ്. മതനിയമപ്രകാരം ഒരു ഇസ്ലാമിന് ഒരു ഇസ്ലാമിനെ മാത്രമേ വിവാഹം കഴിക്കുവാന്‍ സാധിക്കുകയുള്ളു. അല്ലാത്തത് വ്യഭിചാരമായിട്ടാണ് മതം കണക്കാക്കുന്നത്. ജിഹാദില്‍ പെടുന്നവരെ മതത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ഒരു കെണിയാണ് ഇതിനോടനുബന്ധിച്ചുള്ള വിവാഹം. ഇതിന് ആണ്‍-പെണ്‍ വ്യത്യാസമില്ല. മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് പോയ പ്രാണേഷ് കുമാറിനെ ഒരു മുസ്ലിം യുവതിയെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടാണ് ഇസ്ലാമില്‍ ഉറപ്പിച്ച് നിര്‍ത്തിയത്. ഇയാളും ഭാര്യയുമാണ് പിന്നീട് ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിവാദ നായികയായി മാറിയ വൈക്കത്തുകാരി യുവതി ആദ്യം ചെന്നുപെട്ടത് ഇന്റലക്ച്വല്‍ ജിഹാദിലാണ്. അവള്‍ക്കന്ന് പ്രേമമോ ഒന്നുമില്ല. അവളെ ഒരു മുസ്ലിമിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചിട്ടാണ് അവളെ മതത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്. വിവാഹം ഇവരുടെ ഒരു പദ്ധതിയുടെ ഭാഗമാണ്.

ഇങ്ങനെ വിവാഹ കെണിയില്‍പ്പെടുത്തി മതപരിവര്‍ത്തനത്തിന് വിധേയരായ നിരവധി പേര്‍ ദാമ്പത്യം തകര്‍ന്ന് തിരിച്ച് വന്നിട്ടുണ്ട്. കൈക്കുഞ്ഞുമായി തിരിച്ച് വന്ന കേസുകളും ഉണ്ട്. ആര്‍ഷ വിദ്യാസമാജത്തിന്റെ മുപ്പതോളം മുഴുവന്‍ സമയ ധര്‍മ്മ പ്രചാരകരില്‍ ഭൂരിപക്ഷം പേരും ഇങ്ങനെയുളള അഗ്‌നിപഥങ്ങളിലൂടെ കയറി വന്നവരാണ്.

ഹിന്ദുസമൂഹത്തിന് തികച്ചും സുപരിചിതമല്ലാത്ത മേഖലയാണ് പരാവര്‍ത്തനം. ഹിന്ദു ധര്‍മ്മത്തില്‍ നിന്ന് അങ്ങോട്ട് ആളുകള്‍ പോയതല്ലാതെ ഇവരെ തിരിച്ച് കൊണ്ടുവരുവാനുള്ള ആസൂത്രിതമായ കര്‍മ്മപദ്ധതികളൊന്നും ഭാരതത്തില്‍ സജീവമായിരുന്നില്ല. ഉള്ളത് തന്നെ പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. ഇതിന് പ്രത്യേകിച്ച് ഒരു സിലബസും ഉണ്ടായിരുന്നില്ല. ആര്യസമാജം കുറച്ചൊക്കെ പ്രവര്‍ത്തിച്ചു. കല്‍ക്കത്ത കേന്ദ്രീകരിച്ച് ഒരു ഹിന്ദു മിഷന്‍ ട്രസ്റ്റ് ഇതിനായി പ്രവര്‍ത്തിക്കുന്നതായി കേട്ടിട്ടുണ്ട്. ഇതിനിടയിലേക്കാണ് ആര്‍ഷ വിദ്യാസമാജം കടന്നുവരുന്നത്. സമാജത്തിന്റെ പ്രവര്‍ത്തനം നിശ്ശബ്ദമായിരുന്നെങ്കിലും വിവാദങ്ങളാണ് സമാജത്തെക്കുറിച്ചുള്ള അറിവ് സമൂഹത്തിന് നല്‍കിയത്. സ്വന്തം ധര്‍മ്മത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ഇസ്ലാമിലേക്ക് പോയ ആതിര ആര്‍ഷ വിദ്യാസമാജത്തിന്റെ ഇടപെടല്‍ മൂലം സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വരികയും അത് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ആര്‍ഷ വിദ്യാസമാജം വിവാദമാകുന്നത്. ആതിര മാധ്യമങ്ങളോട് പറഞ്ഞിട്ടാണ് ഇസ്ലാമിലേക്ക് പോയത്. അതുകൊണ്ടാണ് തിരിച്ചു വന്നപ്പോഴും പത്രസമ്മേളനം നടത്തിയത്. അതും ആതിരയുടെ പിറന്നാള്‍ ദിവസം 2017 സെപ്തംബര്‍ 21 ന്. പക്ഷെ ഇതിന് പിന്നാലെ മതമൗലിക സംഘടനകളുടെ പിന്‍ബലമുളള മാധ്യമങ്ങള്‍ ആര്‍ഷ വിദ്യാസമാജത്തെ വേട്ടയാടി. സമാജം അതിനെയും അതിജീവിച്ചു.

മത താരതമ്യ പഠനത്തിലുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള റിലിജിയസ് കൗണ്‍സിലിങ്ങിലൂടെയുമാണ് സമാജം ഏറെ ശ്രദ്ധിക്കപ്പെട്ടത്. മതം മാറ്റ ചിന്താഗതിയുള്ള ആയിരങ്ങളെ ഈ കോഴ്‌സിന്റെ സഹായത്തോടെ സ്വധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്വന്തം ധര്‍മ്മത്തെ പഠിപ്പിക്കുക എന്നത് തന്നെയാണ് പ്രധാന സിലബസ്. ഈ പഠനത്തിന് ആര്‍ഷ സമാജം വിളിക്കുന്ന പേര് ആദ്ധ്യാത്മിക ശാസ്ത്രം കോഴ്‌സ് എന്നാണ്.

ഈ കോഴ്‌സ് നിലനില്‍ക്കണമെങ്കില്‍ അദ്ധ്യാപകര്‍ വേണം. ഇതിന് പരിശീലനം നല്‍കുന്ന അദ്ധ്യാപക കോഴ്‌സിന്റെ പഠന ദൈര്‍ഘ്യം 250 മണിക്കൂറാണ്. സംവാദങ്ങള്‍, കൗണ്‍സിലിംഗ്, ഭാരതീയ-പശ്ചാത്യ തര്‍ക്കശാസ്ത്രങ്ങള്‍ എന്നിവയൊക്കെ അടങ്ങുന്നതാണ് ഇതിന്റെ സിലബസ്. ഗവേഷകരെ ഉദ്ദേശിച്ചുള്ള അദ്ധ്യാത്മിക ശാസ്ത്രം പ്രവീണ്‍ കോഴ്‌സിന്റെ പഠന സമയ ദൈര്‍ഘ്യം 500 മണിക്കൂറാണ്. ഗവേഷകരെ ഉദ്ദേശിച്ചിട്ടുള്ള നാലാമത്തെ കോഴ്‌സ് ആയ അദ്ധ്യാത്മിക ശാസ്ത്രം ആചാര്യ കോഴ്‌സിന് രണ്ടു തലങ്ങളുണ്ട്. ഇതില്‍ ആദ്യത്തേത് 1000 മണിക്കൂര്‍ കോഴ്‌സാണ്. രണ്ടാമത്തേത് 5000 മണിക്കൂര്‍ കോഴ്‌സാണ്. യോഗവിദ്യയിലും ഭാരതീയ സംസ്‌കൃതിയിലും ഇതുപോലെ പ്രബോധിനി, അധ്യാപക്, പ്രവീണ്‍, ആയാര്യ എന്നിങ്ങനെ നാല് തലങ്ങളുണ്ട്. അതാത് വിഷയങ്ങളില്‍ യോഗ്യരായവരെ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. ഇതിലൂടെ ശക്തമായ ധര്‍മ്മ പ്രചാരകരെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. ലോകമെങ്ങും സനാതന ധര്‍മം എത്തിക്കുകയെന്നതാണ് അന്തിമലക്ഷ്യം. എല്ലായിടത്തും സാധനാ ശക്തികേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനും ഹിന്ദു ധര്‍മ്മ മിഷനറിമാരെന്ന സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം യഥാര്‍ത്ഥ്യമാക്കുവാനുമുളള ശ്രമത്തിലാണ് സമാജം.
(തുടരും)

Tags: കേരളാ സ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാ സമാജം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies