മധുരയിലുള്ള അമ്മാമന്റെ കാര്യം ഇടക്കു വല്ലപ്പോഴും ഓര്‍മ്മിക്കും മുത്തശ്ശി. പുറമേക്കു കാണിച്ചില്ലെങ്കിലും മകനെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ ഈറനാവാറുണ്ടെന്ന് എനിക്കറിയാം. എന്നിട്ടും, ‘അമ്മാമെ മുത്തശ്ശിക്ക് വല്യേ ഇഷ്ടാല്ലേ’’എന്നു ചോദിച്ചാല്‍ മുത്തശ്ശി സമ്മതിച്ചുതരില്ല. ഒരിക്കല്‍ മുത്തശ്ശി പറഞ്ഞു:
”അവനേം ഞാന്‍ പെറ്റു വളര്‍ത്തീതല്ലെ. അടിച്ചിട്ടും ശാസിച്ചിട്ടും തന്നേണ് അവനെ വളര്‍ത്തീത്. ‘അടക്കാവും കാലം മടീല് വെക്കാം; കവുങ്ങായാലോ?’ ”
അമ്മാമക്ക് നാടും വീടും വിട്ടു നില്‍ക്കാന്‍ സങ്കടമുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട.് അമ്മായിയേയും മക്കളേം ഉപേക്ഷിച്ച് നാട്ടിലേക്കു വരാനും വയ്യ. മകന്റെ കുട്ടികളെ മുത്തശ്ശി ചിലപ്പോള്‍ സ്വീകരിച്ചെന്നു വരാം. അന്യനാട്ടുകാരിയെ മരുമകളായി തറവാട്ടില്‍ കേറ്റലുണ്ടാവില്ല. അത് മുത്തശ്ശിക്കു കഴിയില്ല.
അമ്മാമയുടെ കാര്യാണ് കഷ്ടം. ‘അമ്മേടെ മടീലിരിക്കേം വേണം; അച്ഛന്റെ കൂടെ പോവേം വേണം.’
‘ഉത്തരത്തിലുള്ളത് എടുക്കേം വേണം. കക്ഷത്തിലുള്ളത് പോവാനും പാടില്ല.’
മക്കളെ സ്‌നേഹം വേണം. അവരെ ശാസിക്കുകയും വേണം. ഇത്രയൊക്കെ അറിവുള്ള മുത്തശ്ശിയുടെ മകനെന്തേ വഴി തെറ്റിപ്പോയത്! അതിന്റെ കാരണവും മുത്തശ്ശി പറയും:
”രാശിഫലം. ജനിച്ച സമയം നന്നായില്ല. നന്നാവില്ലാന്ന് പെറ്റു വളര്‍ത്തിയ മകന്‍ നിശ്ചയി ച്ചാപ്പിന്നെ എന്താ ചെയ്യേണ്ടത് അപ്പൂ?”
”എന്താ ചെയ്യേണ്ടത് മുത്തശ്ശീ?”
‘ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള’
”എന്നു പറഞ്ഞാലെന്താ മുത്തശ്ശീ?”
”നേരായ വഴിക്കല്ലാ മകന്‍ പോണതേച്ചാല്‍,
ആദ്യം ചൊല്ലിക്കൊടുക്കണം. എന്നിട്ടും അനുസരിക്കില്യാച്ചാലോ തല്ലിക്കൊടുക്കണം.
അതായത് അടിച്ചാ നന്നാവ്വോ നോക്ക്ാ. പിന്നേയും നന്നാവില്യാച്ചാലോ, തള്ളിക്കളയ്ാ”