തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ഒരു മദ്രസയില്‍ അസ്മിയ എന്ന പെണ്‍കുട്ടി മരണമടഞ്ഞിട്ട് ദിവസങ്ങളായി. ബാലരാമപുരത്തെ അല്‍ അമീന്‍ വനിത അറബിക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അസ്മിയ. സാധാരണ ഉത്തരേന്ത്യയിലോ ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളിലോ ഇത്തരമൊരു സാഹചര്യത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ഉടന്‍ തന്നെ അതിന്റെ ഏറ്റവും കൂടുതല്‍ അലയൊലികള്‍ ഉയരാറുള്ളത് കേരളത്തിലാണ്. സംസ്ഥാനത്തെ നഗരങ്ങളിലുടനീളം സാംസ്‌കാരിക നായകരുടെ മെഴുകുതിരി കത്തിക്കലും കൂട്ട കത്തയയ്ക്കലും പ്രസ്താവനകളും ഒക്കെയായി അരങ്ങ് തകര്‍ക്കുന്ന സ്ഥിരം പല്ലവി ഇക്കാര്യത്തില്‍ ഉണ്ടായില്ല. ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ യുവജന സംഘടനകള്‍ എല്ലാക്കാലത്തും ഹിന്ദുസ്ഥാപനങ്ങള്‍ ആണെങ്കില്‍ ഒരുപടി മുന്നിലാണ്. പണ്ട് ഇടതുപക്ഷക്കാരനായ ഒരു മുഖ്യമന്ത്രിയുടെ മകനുമായി ഉറ്റബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന, എറണാകുളത്തെ സന്തോഷ് മാധവന്‍ എന്ന വ്യാജസന്യാസി സാമ്പത്തിക തട്ടിപ്പും അനാശാസ്യവും നടത്തി എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കേരളത്തിലുടനീളം ഹിന്ദു സന്യാസാശ്രമങ്ങള്‍ക്കെതിരെ ആക്ഷേപങ്ങളും പ്രകടനങ്ങളുമായി വന്നത് ഡി.വൈ.എഫ്.ഐ ആയിരുന്നു. കേരളത്തിലുടനീളം സന്യാസാശ്രമങ്ങള്‍ തകര്‍ക്കപ്പെട്ടു. മലബാറിലെ ഒരു ആശ്രമത്തില്‍ കടന്നുകയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ അക്രമികള്‍ ആശ്രമത്തിലെ ചുമതലക്കാരനായ സന്യാസിയുടെ വര്‍ഷങ്ങളായി നീട്ടി വളര്‍ത്തിയിരുന്ന ജടയും മുടിയും വെട്ടി, താടി വടിച്ചാണ് വിട്ടയച്ചത്. ആശ്രമത്തിനകത്തെ എല്ലാ സൗകര്യങ്ങളും അവര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഇടതുപക്ഷ ഭരണമായതുകൊണ്ട് പോലീസ് പതിവുപോലെ കാഴ്ചക്കാരായിരുന്നു. കേസും ഉണ്ടായില്ല.
ഹിന്ദു സന്യാസിമാര്‍ക്കെതിരെ അക്രമം നടത്തിയാല്‍, ആശ്രമങ്ങള്‍ക്കെതിരെ കയ്യേറ്റമുണ്ടായാല്‍, അതിനെതിരെ പ്രതികരിക്കാനോ നടപടിയെടുക്കാന്‍ ഉള്ള നട്ടെല്ല് ഒരിക്കലും ഇടതുപക്ഷവും വലതുപക്ഷവും കാട്ടിയിട്ടില്ല. (സന്ദീപാനന്ദഗിരിയുടെ മസാജ് കേന്ദ്രമായ ഹോം സ്റ്റേ മാത്രമാണ് ഇതിന് ഒരപവാദം. അതുകൊണ്ടുതന്നെ സന്യാസാശ്രമങ്ങള്‍ക്കെതിരായ ആക്രമണം കാര്യമായ പ്രതികരണമില്ലാതെ പോയി. ഹിന്ദു സ്ഥാപനങ്ങള്‍ക്കും സന്യാസാശ്രമങ്ങള്‍ക്കും എതിരെ ഇത്തരം നിന്ദ്യമായ ആഭാസത്തരം നടത്തുന്ന ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അടക്കമുള്ള പ്രസ്ഥാനങ്ങള്‍ അല്‍ അമീന്‍ വനിത അറബി കോളേജില്‍ നടന്ന ഒരു പാവം പെണ്‍കുട്ടിയുടെ മരണം അറിഞ്ഞത് ഏറെ വൈകിയിട്ടാണ്!! പ്രവര്‍ത്തകര്‍ ഇറക്കിയ പോസ്റ്റര്‍ പോലും തങ്ങളുടേത് അല്ലെന്നു വരുത്താനായി പ്രസ്താവന ഇറക്കാനായിരുന്നു അവര്‍ക്ക് താല്പര്യം.
മതം പഠിപ്പിക്കാന്‍ വീട്ടുകാര്‍ കൊണ്ടുവിട്ടതാണ് ഈ പാവം പെണ്‍കുട്ടിയെ. വെറും 17 വയസ്സ്. ജീവിതത്തെ കുറിച്ചുള്ള സങ്കല്പങ്ങളും സ്വപ്‌നങ്ങളും പൂവിടുന്ന ഏതു മനുഷ്യ ജീവിയുടെയും ഏറ്റവും സുന്ദരവും സുരഭിലവുമായ ജീവിതകാലം. അവളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ കഴിയും മുമ്പേ, അവളുടെ പ്രതീക്ഷകള്‍ പൂവണിയും മുമ്പേ, ഈ ലോകം തന്നെ അവള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഉപേക്ഷിക്കേണ്ടി വന്നതാണോ ആ കുഞ്ഞിനെ കൊന്നു കെട്ടിത്തൂക്കിയതാണോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരും നീതിപീഠവും തീരുമാനിക്കട്ടെ. എന്തായാലും ഈ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയും ഇല്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയോ സാമൂഹ്യക്ഷേമ വകുപ്പിന്റെയോ അനുമതിയില്ലാതെ, ചട്ടം ലംഘിച്ച് നിയമവിരുദ്ധമായാണ് ഈ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇപ്പോള്‍ അധികൃതര്‍ പറയുന്നുണ്ട്. ഇത്രയും വര്‍ഷം ഈ ഹോസ്റ്റല്‍ പിന്നെ എങ്ങനെ അധികാരികളുടെ മൂക്കിന്റെ തുമ്പത്ത് പ്രവര്‍ത്തിച്ചു എന്നതിന് മറുപടി പറയാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലേ? ആഴ്ചയില്‍ ഒരുദിവസം മാത്രമേ വീട്ടിലേക്ക് വിളിക്കാനാകൂ. ഇത്തവണ വീട്ടില്‍ വിളിച്ചപ്പോള്‍ ദിവസങ്ങളായി കരഞ്ഞ് ശബ്ദം പോയി സംസാരിക്കാന്‍ കഴിയാത്ത രീതിയില്‍ ആയിരുന്നു അസ്മിയ എന്ന് സ്വന്തം ഉമ്മ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്നെ ഉടനെ തന്നെ വീട്ടില്‍ കൊണ്ടുപോകണമെന്ന് അസ്മിയ ഉമ്മയോട് ആവശ്യപ്പെട്ടു. ഉടന്‍തന്നെ ബീമാ പള്ളിയില്‍ നിന്ന് ഓട്ടോറിക്ഷ പിടിച്ച് കോളേജ് ഹോസ്റ്റലില്‍ എത്തിയെങ്കിലും സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ ഉമ്മയെ ഇരുത്തുകയായിരുന്നു. പലതവണ ചോദിച്ചപ്പോഴും അവള്‍ കുളിക്കുകയാണ് എന്നായിരുന്നു മറുപടി. അവസാനം ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന മകനെ വിളിച്ചുവരുത്തി അകത്തു കയറുമ്പോഴാണ് കോളേജിന്റെ ലൈബ്രറിയില്‍ അസ്മിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളേജ് ജീവനക്കാരില്‍ ഒരാള്‍ വന്ന് ഉമ്മയോട് പറഞ്ഞത് സ്വയം കരുത്ത് നേടാനായിരുന്നു. കോളേജിലെ ജീവനക്കാരോ ഉസ്താദോ ഇല്ലാതെ ഓട്ടോറിക്ഷയില്‍ തന്നെയാണ് ആ ഉമ്മ അസ്മിയയെയും കൊണ്ട് ആശുപത്രിയില്‍ പോയത്. ആശുപത്രി എവിടെയാണെന്ന് അറിയാത്ത അവര്‍ നഗരത്തിലെ തിരക്കിനിടയിലൂടെ ഓട്ടോറിക്ഷ അതിവേഗത്തില്‍ ഓടിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് അവളുടെ ജീവന്‍ പറന്നകന്ന കാര്യം ഉമ്മ അറിയുന്നത്. ആശുപത്രിയിലോ അതുകഴിഞ്ഞ് വീട്ടിലോ കോളേജിന്റെ അധികൃതരോ ഹോസ്റ്റലിന്റെ ചുമതലക്കാരോ എത്തിയില്ല. ആശ്വാസത്തിന്റെ ഒരുവാക്ക് അവരില്‍ നിന്ന് ഉണ്ടായില്ല. അസ്മിയ എന്തു കുറ്റമാണ് ചെയ്തതെന്ന ചോദ്യത്തിന് മറുപടി അവള്‍ക്ക് ഭയങ്കര വര്‍ത്തമാനം ആണെന്നതായിരുന്നു. അവള്‍ എപ്പോഴും സംസാരിക്കുകയാണെന്നും നിസ്‌കാരഹാളില്‍ പോലും ചിരിക്കുന്നു എന്നതുമായിരുന്നു ആരോപണം. മതം എന്നുപറയുന്നത് സംസാരിക്കുന്നതിനും ചിരിക്കുന്നതിനും എതിരാണോ? നൃത്തവും സംഗീതവും മതവിരുദ്ധമാണെന്ന് വിചാരിക്കുകയും ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം അരസികന്മാരായ ഭോഷ്‌കന്മാരാണോ സ്‌നേഹത്തിന്റെ മതം എന്നുപറയുന്ന, അവകാശപ്പെടുന്ന ഇസ്ലാമില്‍ ഉള്ളത്? ഒരു പെണ്‍കുട്ടിയുടെ ചിരിയോ, അവളുടെ ഉള്ളുതുറന്നുള്ള വര്‍ത്തമാനമോ സഹിക്കാന്‍ കഴിയാത്ത ഒരു ഹോസ്റ്റലും സ്ഥാപനവും പ്രചരിപ്പിക്കുന്നത് ഏതുതരം വിശ്വാസമാണ് എന്നകാര്യം പരിഷ്‌കൃത സമൂഹം ഇനിയെങ്കിലും ചിന്തിക്കണം.
ഇക്കാര്യത്തില്‍ രണ്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധേയമാണ്. ഒന്ന് ദ ഫോര്‍ത്തില്‍ അസ്മിയയുടെ ഉമ്മയുടെ അഭിമുഖം വന്നിരുന്നു. അതിനേക്കാള്‍ ശ്രദ്ധേയമായത് മീഡിയ വണ്ണില്‍ നടന്ന ഡെസ്‌കിലെ ചര്‍ച്ചയാണ്. മദ്രസ വിദ്യാഭ്യാസത്തിലെ വൈകല്യങ്ങളിലേക്കും അത് ഉയര്‍ത്തുന്ന പ്രശ്‌നങ്ങളിലേക്കും ഇനിയെങ്കിലും അത് ശാസ്ത്രീയമായി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഒക്കെ ആ ചര്‍ച്ച പോയി. ഒരിക്കലും മീഡിയ വണ്ണില്‍ നിന്ന് പ്രതീക്ഷിക്കാത്തതായിരുന്നു ആ ചര്‍ച്ച. ജബ്ബാര്‍ മാഷ്, ജാമിത ടീച്ചര്‍, ആരിഫ് ഹുസൈന്‍ തെരുവത്ത് തുടങ്ങി ഇസ്ലാമിലെ പരിഷ്‌കരണവാദികള്‍ കാലാകാലമായി ഉയര്‍ത്തുന്നതാണ് ഈ ആവശ്യം. മദ്രസകളില്‍ പഠിപ്പിക്കാന്‍ എത്തുന്നവര്‍ക്ക് സാമാന്യ വിദ്യാഭ്യാസം പോലും ഇല്ല. അവര്‍ പറയുന്ന പലതും ശാസ്ത്ര വിരുദ്ധമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും ഭൂമി പരന്നതാണെന്നും ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഒക്കെ അവര്‍ പഠിപ്പിക്കുന്നു. ഇക്കാര്യം വര്‍ഗീയതയുടെ അടിവേരുകള്‍ എന്ന പഠനത്തില്‍ ജബ്ബാര്‍ മാഷിന്റെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. മദ്രസയില്‍ ഭൂമി പരന്നതാണെന്നും, സ്‌കൂളില്‍ ഭൂമി ഉരുണ്ടതാണെന്നും പഠിപ്പിക്കുമ്പോള്‍ ഏതാണ് ശരിയെന്ന് വീട്ടിലുള്ളവരോട് ചോദിക്കുമ്പോള്‍ മുസ്‌ല്യാര്‍ പറയുന്നത് കേട്ടാല്‍ മതി എന്ന് അവര്‍ പറയുമ്പോള്‍ കുട്ടി ശാസ്ത്രത്തിന്റെ പൊതുബോധത്തില്‍ നിന്ന് വീണ്ടും പിന്നോക്കം പോകുന്നു. മദ്രസയിലെ മുക്രിമാര്‍ക്കും മുസ്‌ല്യാര്‍മാര്‍ക്കും പെന്‍ഷന്‍ കൊടുക്കാനും മറ്റും കഴിയുമെങ്കില്‍, അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കാനും കഴിയണ്ടേ? വിദേശരാജ്യങ്ങളില്‍ ഏറ്റവും ഉന്നത വിദ്യാഭ്യാസമുള്ളവരെ താഴ്ന്ന ക്ലാസുകളിലെ അധ്യാപകരായി നിയമിക്കുമ്പോള്‍ ഇവിടെ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത, മനോവൈകൃതവും രതിവൈകൃതവും ഉള്ള മുരടന്മാരെയാണ് മദ്രസയില്‍ അധ്യാപനത്തിന് നിയോഗിക്കുന്നത്.
കഴിഞ്ഞ കുറച്ച് കാലമായി സാമൂഹ്യ മാധ്യമങ്ങളിലും പൊതുവേദികളിലും മദ്രസാ അധ്യാപനത്തിന്റെ ഈ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ചിന്തകള്‍ വളരെയേറെ പ്രചാരം നേടിയിരുന്നു. മാധ്യമപ്രവര്‍ത്തകനായ ഫിറോസ് സാലി മുഹമ്മദ് എഴുതിയ ഉള്ളുപൊള്ളുന്ന അനുഭവങ്ങള്‍ മനഃസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതായിരുന്നു. ഉസ്താദുമാരുടെയും മുസ്‌ല്യാര്‍മാരുടെയും വൈകൃതങ്ങള്‍ പുറത്തുപറയാന്‍ കഴിയാത്ത അസുഖങ്ങളും പലപ്പോഴും കുഞ്ഞുങ്ങള്‍ സഹിച്ചിരുന്നത് മതത്തിന്റെ പേരിലാണ്. അലി സിനയും ജാമിദ ടീച്ചറും ജബ്ബാര്‍ മാഷും ആരിഫ് ഹുസൈന്‍ തെരുവത്തും ഒക്കെ തന്നെ പ്രശ്‌നം ഖുര്‍ആനിലാണ് എന്നാണ് ആരോപിക്കുന്നത്. 1400 വര്‍ഷം പഴക്കമുള്ള കിത്താബ്, അന്നത്തെ സാമൂഹിക ഗോത്രവര്‍ഗ്ഗ സംസ്‌കാരത്തിന്റെ ചുറ്റുപാടില്‍ നിന്നും ഏറെ മുന്നോട്ടു പോവുകയും പ്രവാചകന്‍ പിളര്‍ത്തിയെന്ന് അവകാശപ്പെടുന്ന ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടും യാതൊരു മാറ്റവും ഇല്ലാതെ തുടരുന്നതാണ് പ്രശ്‌നമെന്നും അവര്‍ പറയുന്നു. മുസ്ലിങ്ങളും എക്‌സ് മുസ്ലിങ്ങളും തമ്മിലുള്ള സംവാദത്തിലും ചര്‍ച്ചയിലും അവര്‍ ഇതിന് പരിഹാരം കാണട്ടെ. പക്ഷേ, മതത്തിന്റെ പേരില്‍ നടക്കുന്ന ഈ വിദ്യാഭ്യാസ ആഭാസത്തരം അവസാനിപ്പിച്ചേ കഴിയൂ. ഉത്തര്‍പ്രദേശിലും അസമിലും മധ്യപ്രദേശിലും ഒക്കെ തന്നെ മദ്രസാ വിദ്യാഭ്യാസത്തിന് പുതിയ മാനദണ്ഡങ്ങള്‍ വന്നു കഴിഞ്ഞു. മതപഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസവും നല്‍കുന്ന രീതിയിലേക്ക് മദ്രസ മാറിത്തുടങ്ങിയിരിക്കുന്നു. പക്ഷേ 100 ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ മദ്രസ വിദ്യാഭ്യാസം എന്നും തീവ്രവാദികളുടെ ഇന്‍ക്യൂബേറ്റര്‍ അഥവാ വിരിയിക്കല്‍ കേന്ദ്രമായി അവശേഷിക്കുന്നു. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും പ്രസ്താവന ഇറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മന്ത്രിയും സാംസ്‌കാരിക നായകരും ഇന്നുവരെ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. അസ്മിയക്കുവേണ്ടി എവിടെയും മെഴുകുതിരി കത്തിച്ചില്ല, പ്രാര്‍ത്ഥന യോഗങ്ങള്‍ നടന്നില്ല, സാംസ്‌കാരിക നായകര്‍ പ്രതികരിച്ചില്ല. ആകെ പ്രതിഷേധസമരം നടത്തിയത് എ.ബി.വി.പിയും ബി.ജെ.പി.യും അനുബന്ധസംഘടനകളും മാത്രം. കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മറ്റി ദിവസങ്ങള്‍ക്കുശേഷം നാമമാത്രമായ പ്രതിഷേധ പ്രകടനം നടത്തിയത് കാണാതിരിക്കുന്നില്ല. ഇതേ അവസ്ഥ തന്നെയാണ് മലപ്പുറത്ത് ആള്‍ക്കൂട്ട കൊലപാതകത്തിലൂടെ പട്ടികജാതിക്കാരനായ രാജേഷ് മാഞ്ചി മരിച്ച സംഭവത്തിലും. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കണ്ഠക്ഷോഭം നടത്തിയ സച്ചിദാനന്ദനും എം. മുകുന്ദനും അടക്കമുള്ള എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും പ്രതികരണമോ പ്രസ്താവനയോ കണ്ടില്ല. അട്ടപ്പാടിയിലെ മധുവിനെ കൊന്ന അതേ സമൂഹം തന്നെയാണ് രാജേഷ് മാഞ്ചിയുടെയും ജീവനെടുത്തത്. രണ്ടും ഒരേ പോലെയുള്ള ആള്‍ക്കൂട്ട കൊലപാതകം. എന്തുകൊണ്ട് കേരളം പ്രതികരിച്ചില്ല? വോട്ട് ബാങ്കിന്റെ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ തടവറയിലാണോ കേരളത്തിന്റെ സമൂഹമനസ്സാക്ഷി? അസ്മിയയുടെ കാര്യത്തില്‍ പുലര്‍ത്തിയ അതേ നിസംഗത തന്നെ രാജേഷ് മാഞ്ചിയുടെ കാര്യത്തിലും കേരളം പുലര്‍ത്തുന്നു. ഇസ്ലാമിക ഭീകരതയുടെ നീരാളി പിടുത്തത്തില്‍ അവരുടെ വോട്ട് ബാങ്കിന്റെ പ്രലോഭനത്തില്‍ കേരളത്തിന്റെ മനസ്സാക്ഷി മരണപ്പെട്ടു, ഖബറടക്കി. നമുക്കും അന്തിമോപചാരം അര്‍പ്പിക്കാം.