‘പാപത്തിന്റെ ശമ്പളം മരണമാണ്’ എന്നത് വളരെ പ്രശസ്തമായ ബൈബിള്‍ വചനമാണ്. ആദം ചെയ്ത പാപത്തിലൂടെ മനുഷ്യവംശം മുഴുവന്‍ പാപികളായെന്നും അതിനുള്ള ശിക്ഷയാണ് മരണമെന്നും ക്രിസ്തുമത വിശ്വാസികള്‍ കരുതുന്നു. ഓരോ വ്യക്തികളും അനുഷ്ഠിക്കുന്ന കര്‍മ്മത്തിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് ഹിന്ദുക്കളും കരുതുന്നു. എന്തായാലും പാപചിന്തയാല്‍ വേട്ടയാടപ്പെടുന്ന കഥാപാത്രങ്ങളെ പ്രശസ്ത എഴുത്തുകാരെല്ലാം സൃഷ്ടിച്ചിട്ടുണ്ട്. ഡോസ്‌തോവ്‌സ്‌കിയുടെ ‘റസ്‌കോള്‍ നിക്കോവ്’ തുടങ്ങി ഒ.വി. വിജയന്റെ ഖസാക്കിലെ രവി വരെ പാപബോധത്താല്‍ അസ്വസ്ഥരാണ്. ചെയ്തുപോയ കര്‍മ്മത്തില്‍ പശ്ചാത്തപിക്കുന്ന പതിനായിരക്കണക്കിന് കഥാപാത്രങ്ങള്‍ എല്ലാ സാഹിത്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആദ്യകാല കഥകളില്‍ തുടങ്ങി ഇന്നും അതു തുടരുന്നു.
ലോകത്തിലെ ആദ്യ ചെറുകഥാകൃത്ത് എന്ന് ഒരാളെ വിശേഷിപ്പിക്കുക സാധ്യമല്ല. എങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ ആധുനിക ചെറുകഥയുടെ ആദ്യകിരണങ്ങള്‍ കാണുന്നത് അമേരിക്കന്‍ എഴുത്തുകാരായ എഡ്ഗാര്‍ അലന്‍ പോയിലും നഥാനിയല്‍ ഹാവ്‌ത്തോണിലുമാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. അലന്‍പോയുടെ വളരെ പ്രശസ്തമായ ഒരു കഥയാണ് ‘The tell tale Heart’ ‘കഥപറയൂ ഹൃദയമേ’ എന്നു മലയാളത്തില്‍ പറയാം; അല്ലെങ്കില്‍ ‘കഥ പറയും ഹൃദയം’ എന്നായാലും മതി. അദ്ദേഹം ഈ പേരു സ്വീകരിച്ചത് ഹൃദയത്തിന്റെ മിടിപ്പിനെക്കൂടി സൂചിപ്പിക്കാനാണ്.
മനോരോഗജന്യമായ എഴുത്താണെന്ന് തോന്നിക്കുന്നവയാണ് അലന്‍പോയുടെ പല രചനകളും. ‘ടെല്‍ ടെയില്‍ ഹാര്‍ട്ടും’ അങ്ങനെയൊന്നു തന്നെയാണ്.”pale blue vulture like eyes’ ഉള്ളതുകൊണ്ടു മാത്രം ഇതിലെ നായകന്‍ ഒരു വൃദ്ധനെ കൊലപ്പെടുത്തുന്നു. മൃതദേഹം കഷണങ്ങളാക്കി ഫ്‌ളോര്‍ ബോര്‍ഡുകള്‍ക്കടിയില്‍ ഒളിപ്പിക്കുന്നു. കൊല്ലപ്പെടുന്ന സമയത്ത് വൃദ്ധന്‍ ഉണ്ടാക്കിയ ഒച്ച കേട്ട് അയല്‍ക്കാരന്‍ പോലീസിനെ വിവരമറിയിക്കുന്നു. പോലീസ് എത്തുമ്പോള്‍ സംശയം തോന്നിപ്പിക്കാതെ പെരുമാറുന്ന നായകന്‍ (നരേറ്റര്‍ തന്നെ) പക്ഷെ ഒടുവില്‍ അസ്വസ്ഥനാകുന്നു. വൃദ്ധന്റെ ഹൃദയമിടിപ്പ് തറയ്ക്കടിയില്‍ നിന്നും കേള്‍ക്കുന്നതായി അയാള്‍ക്കു തോന്നുന്നു. ക്രമേണ അത് ഉച്ചത്തിലാകുന്നുവെന്നു തോന്നുന്ന അയാള്‍ പോലീസിനു മുന്‍പില്‍ കുറ്റസമ്മതം നടത്തുന്നു. നിരൂപകര്‍ കഥയ്ക്ക് പല വ്യാഖ്യാനങ്ങളും നല്‍കുന്നുണ്ട്. കഥ ആരംഭിക്കുന്നത് “”It’s true, Yes I have been ill very ill. But why do you say that I have lost control of my mind. Why do you say that I am mad” എന്ന് ആഖ്യാതാവ് തന്നെ മറ്റാരോടോ പറഞ്ഞുകൊണ്ടാണ്. ആരാണെന്ന് കഥയില്‍ സൂചനയൊന്നുമില്ല.
അലന്‍പോയുടെ കഥ പോലെ സ്വയം കുറ്റസമ്മതം നടത്തുന്നതില്‍ വലിയ പ്രാധാന്യമൊന്നും ഭാഷാപോഷിണി മെയ് ലക്കത്തിലെ വര്‍ഗീസ് അങ്കമാലിയുടെ കഥയിലെ (കുഴിയാനക്കിണര്‍) ബെന്‍ഹര്‍ ചിറ്റപ്പന്റെ ഏറ്റുപറച്ചിലിനില്ല. കൊലപാതകമൊന്നും ബെന്‍ഹര്‍ ചിറ്റപ്പന്‍ ചെയ്തില്ല. എന്നാല്‍ സ്വന്തം ജ്യേഷ്ഠന്റെ മകന്റെ ജീവിതം ബോധപൂര്‍വ്വം തകര്‍ത്തത് വലിയ കുറ്റം തന്നെ.
ഒടുവില്‍ കുറ്റസമ്മതം നടത്തുന്ന ചിറ്റപ്പന്‍ പറയുന്നു. ”കുഴിയാനക്കിണര്‍പോലെയാണ് മനസ്സ്. മണ്ണുതെറിപ്പിച്ച് അത് ദുഷ്ടപ്രവൃത്തികളില്‍ ഒടുങ്ങും.” ബെന്‍ഹര്‍ ചിറ്റപ്പന്റെ പാപങ്ങള്‍ക്ക് ഒടുവില്‍ മരണശിക്ഷതന്നെ കിട്ടുന്നു. അദ്ദേഹം റമ്മില്‍ എലിപ്പാഷാണം ചേര്‍ത്തുകുടിച്ച് ആത്മഹത്യ ചെയ്യുന്നു.
‘കുഴിയാനക്കിണര്‍’ എന്ന പേരിനോടോ കഥയോടോ നീതിപുലര്‍ത്താന്‍ കാഥികന് കഴിയുന്നില്ല. കഥയില്‍ മറ്റു കഥാപാത്രങ്ങളേക്കാള്‍ വലിയ പ്രാധാന്യമൊന്നും ബെന്‍ഹര്‍ ചിറ്റപ്പനില്ല. മരണശിക്ഷ ലഭിക്കേണ്ട പാപം ചെയ്ത ഒരാളാണ് ഈ കഥാപാത്രമെന്ന് ഒരിക്കലും വായനക്കാരന് തോന്നുന്നതേയില്ല. ആഖ്യാനത്തിലെ ഒരു മധ്യതിരുവിതാംകൂര്‍ ചുവ മാത്രമാണ് കഥയുടെ മേന്മ. ഉള്ളടക്കത്തിന് തീരെ ഏകാഗ്രത ഇല്ലാത്തതിനാല്‍ കഥാന്ത്യത്തോട് അനുവാചകന് ഒരു പ്രതിപത്തിയും തോന്നാനിടയില്ല.
ആരാണ് എഴുതിയതെന്ന് കൃത്യമായി ഓര്‍മയില്ല. മഹാശ്വേതാ ദേവിയോ മറ്റോ ആണ്. ഒരു ബംഗാളി കഥയുടെ മലയാളം തര്‍ജ്ജമ വായിച്ചതാണ്. കള്ളന്‍ എന്നു കരുതി നാട്ടുകാര്‍ ജാരനെ കണക്കറ്റു മര്‍ദ്ദിക്കുന്നു. എന്നിട്ടും അയാള്‍ സത്യം തുറന്നു പറയുന്നില്ല. അയാളെ രക്ഷിക്കാന്‍ കാമുകിയും ശ്രമിക്കുന്നില്ല. ആ മനുഷ്യന്റെ ദയനീയ സ്ഥിതി അവതരിപ്പിക്കുന്ന കാര്യത്തില്‍ കഥാകൃത്ത് വലിയ രചനാവൈഭവം പ്രദര്‍ശിപ്പിക്കുന്നത് ആ കഥ വായിച്ചവര്‍ക്ക് മനസ്സിലായിട്ടുണ്ടാവും. പഴയ കാലം മുതല്‍ തന്നെ ജാരന്മാരെക്കുറിച്ച് അനേകം കഥകളുണ്ട്. ഐതിഹ്യമാലയില്‍ ഭര്‍തൃഹരിയുടെ ഭാര്യയുടെ ജാരനെക്കുറിച്ചുള്ള കഥ ഏവര്‍ക്കുമറിയാവുന്നതായതിനാല്‍ വിസ്തരിക്കുന്നില്ല. അദ്ദേഹത്തിനു കിട്ടിയ വിശിഷ്ടമായ മാമ്പഴം ഭാര്യയ്ക്കു കൊടുത്തപ്പോള്‍ അവള്‍ വിരൂപനും കുതിരക്കാരനുമായ ജാരനാണ് അതു നല്‍കിയത്. ജാരന്‍ അയാളുടെ സ്വന്തം ഭാര്യയ്ക്കും. ആ സ്ത്രീയില്‍ നിന്നു രഹസ്യം മനസ്സിലാക്കിയ ഭര്‍തൃഹരി കുതിരക്കാരനെക്കൊണ്ട് സത്യം പറയിക്കുന്നു. ഭര്‍ത്താവ് രഹസ്യമെല്ലാം അറിഞ്ഞെന്ന് മനസ്സിലാക്കിയ ഭാര്യ അദ്ദേഹത്തിന് ഓട്ടടയില്‍ വിഷം ചേര്‍ത്തു കൊടുക്കാന്‍ ശ്രമിക്കുന്നു. ഇതു മനസ്സിലാക്കിയ ഭര്‍തൃഹരി അതു കഴിക്കാതെ വീടിന്റെ വാരിയില്‍ ഓട്ടട വെച്ച ശേഷം അവിടെ നിന്നും പോകുന്നു. വീട് അഗ്നിക്ക് ഇരയാവുന്നു. ഭര്‍തൃഹരി വിരക്തനായി പണ്ഡിതനായി മാറുന്നു.
ജാരന്മാരെക്കുറിച്ച് ഇങ്ങനെ അനേകം കഥകളുണ്ട്. ഭാഷാപോഷിണിയില്‍ ഉദയശങ്കറും ”ജാരന്റെ നീലക്കുതിര” എന്നൊരു കഥ എഴുതിയിരിക്കുന്നു. മേതില്‍ രാധാകൃഷ്ണന്റെയൊക്കെ എഴുത്തുപോലെ ദുര്‍ഗ്രഹത നിറഞ്ഞ രചന. ഉദയശങ്കറിന്റെ ജാരന്‍ പക്ഷേ ചെറുകിടക്കാരനല്ല. അദ്ദേഹത്തിന് Gloomy Sunday എന്ന ഹംഗേറിയന്‍ സൂയിസയിഡ് സോങ്ങിന്റെ അകമ്പടിയുണ്ട്. ജെറോം എന്ന കഥാപാത്രം കേട്ടുകൊണ്ടിക്കുന്നതോ Back street boysന്‍റെ ”””Show me the meaning of being lonely”” എന്ന പാശ്ചാത്യ ഗാനം. കൂടാതെ ജര്‍മ്മനിയില്‍ കോടാലി, കത്തി തുടങ്ങിയ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന സോലിന്‍ഗന്‍ എന്ന സ്ഥലത്തെക്കുറിച്ചുള്ള പരാമര്‍ശവുമുണ്ട്. മൊത്തത്തില്‍ പാശ്ചാത്യനാണ് ഈ ജാരന്‍. പക്ഷെ ഒരു കാര്യം സമ്മതിക്കണം”Sunday is gloomy’എന്ന പാട്ട് യൂട്യൂബില്‍ കേട്ടാല്‍ ആര്‍ക്കും ഇഷ്ടപ്പെടും.
”മലയാളിയെ നിര്‍മ്മിച്ച ബാലകഥകള്‍ സ്വത്വനിര്‍മ്മിതിയും കഥയിലെ കോയ്മകളും” എന്ന പേരില്‍ ടി.എം സോമലാല്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട് ഭാഷാപോഷിണിയില്‍. വായിച്ചപ്പോള്‍ അദ്ദേഹത്തോട് സഹതാപമാണ് തോന്നിയത്. ലേഖനം തുടങ്ങുന്നത് ”അധീശവര്‍ഗ്ഗം ജനതയുടെ മേല്‍ പ്രത്യയശാസ്ത്ര സമ്മതിക്കായി ഫലപ്രദമായി ഉപയോഗിക്കുന്നതാണ് ബാലകഥകള്‍” എന്ന വാക്യത്തോടു കൂടിയാണ്. കേരളത്തില്‍ കുറെക്കാലമായി നടന്നുകൊണ്ടിരിക്കുന്ന നിഴല്‍യുദ്ധത്തിന്റെ ദയനീയമായ ഒരിരയാണ് ഈ എഴുത്തുകാരന്‍ എന്നത് ആദ്യവാക്യം വായിക്കുമ്പോള്‍ തന്നെ മനസ്സിലാകും. അധീശവര്‍ഗ്ഗം, പ്രത്യയശാസ്ത്രസമ്മതി ഇതൊക്കെ അത്തരം ദയനീയതകളുടെ പദപ്രയോഗങ്ങളാണ്. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നിലനിന്നുപോരുന്നവയാണ് ഈ കഥകള്‍.
നിരുപദ്രവമായ, കുട്ടികളുടെ കൗതുകത്തെയും പഠനതാല്പര്യത്തെയും ഉണര്‍ത്തുന്ന ആ കഥകളെ ‘ജന്മി’, ‘കുത്തക’, ‘മിച്ചമൂല്യം’ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്ന ഈ എഴുത്തുകാരന്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു. തുന്നല്‍ക്കാരനും ആനയും എന്ന കഥയിലെ ആന ജന്മിത്തത്തിന്റെ മിച്ചമൂല്യപ്പത്തായത്തിന്റെ പ്രതിനിധിയാണത്രേ! കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ആമയുടെയും മുയലിന്റെയും കഥയുടെ പിറകിലും ചില പ്രത്യയശാസ്ത്രമുണ്ടത്രേ! മുയല്‍ സവര്‍ണ്യത്തിന്റെയും ആമ കറുത്തിരിക്കുന്നതിനാല്‍ താഴ്ന്ന ജാതിയുടെയും പ്രതീകമാണത്രേ. ഈ കഥ ജാതിവ്യവസ്ഥയെ രൂപവല്‍ക്കരിക്കുന്നുപോലും! ഇതുപോലെ മറ്റു കഥകള്‍ക്കും ടി.എം. സോമലാല്‍ പ്രത്യയശാസ്ത്രം നിര്‍മ്മിക്കുന്നു. ‘ഒന്നുകില്‍ ഉണ്ണുന്ന കള്ളനറിയണം അല്ലെങ്കില്‍ വിളമ്പുന്ന കള്ളി അറിയണം’ സോമലാലിന്റെ അറിവില്ലായ്മ സഹിക്കാം. അതു പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ഭാഷാപോഷിണി പത്രാധിപരോടാണ് സഹതാപം തോന്നുന്നത്. ഇത്തരം അര്‍ത്ഥശൂന്യമായ എഴുത്തിനെ എന്തിനു പ്രോത്സാഹിപ്പിക്കുന്നു. പത്രാധിപര്‍ക്കു വേണ്ടപ്പെട്ട ആരെങ്കിലുമാണോ എന്നറിവില്ല. എന്തുതന്നെ ആയാലും യാതൊരു യുക്തിയുമില്ലാത്ത ഇത്തരം വങ്കത്തങ്ങളെ വായനക്കാരുടെ മുന്നില്‍ വച്ചു രചയിതാവിനെ പരിഹാസ്യ കഥാപാത്രമാക്കാന്‍ പത്രാധിപര്‍ നിന്നുകൊടുക്കാന്‍ പാടില്ലായിരുന്നു.
ലോകസഞ്ചാരിയായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും അദ്ദേഹത്തിന്റെ ചാനലും രംഗത്തുവരുന്നതിനു മുമ്പ് മലയാളികളെ യാത്രകൊണ്ട് ആനന്ദിപ്പിച്ചിരുന്നത് എസ്.കെ. പൊറ്റക്കാടെന്ന സഞ്ചാരിയായിരുന്നു. ഇന്നു കാണുന്ന പോലുള്ള സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ലോകത്തിന്റെ പല മൂലകളിലേയ്ക്കും ആ മഹാസഞ്ചാരി എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ അനന്യമായ തൂലികകൊണ്ട് അതൊക്കെ നമുക്ക് പകര്‍ന്നു തന്ന് അദ്ദേഹം നമ്മെ ആനന്ദിപ്പിക്കുകയും ചെയ്തു. പല സ്ഥലങ്ങളും നേരിട്ടു കാണുന്നതിനേക്കാള്‍ അനുപമമായ ആനന്ദം ആ തൂലിക നമുക്കു സമ്മാനിച്ചു.
ഒരുപക്ഷേ അദ്ദേഹത്തിന്റെ സഞ്ചാരകൃതികളില്‍ ഏറ്റവും മനോഹരം ‘ബാലിദ്വീപ്’ ആണെന്നു തോന്നുന്നു. ആ കൃതിവായിച്ചപ്പോഴുണ്ടായ ആനന്ദാനുഭൂതി മറ്റൊരു കൃതിവായിച്ചപ്പോഴും ലഭിച്ചിട്ടില്ല. പൊറ്റക്കാട് അവതരിപ്പിച്ച ബാലി ഇന്നില്ല. ഇന്ന് വളരെ ആധുനികവല്‍ക്കരിച്ചു കഴിഞ്ഞ ബാലിദ്വീപിന് പഴയ ഗ്രാമീണ സുഭഗതകളൊന്നുമില്ല. പൊറ്റക്കാടിന്റെ ബാലിദ്വീപില്‍ അദ്ദേഹം കണ്ടുമുട്ടിയ ശ്രീയാത്തൂണ്‍ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ചു പോയ ഡോ. എം.ജി. ശശിഭൂഷനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ശ്രീയാത്തൂണ്‍ വെറും കഥാപാത്രമല്ല ബാലിയില്‍ അക്കാലത്ത് ജീവിച്ചിരുന്ന പത്തു വയസ്സുകാരിയായ രാജകുമാരിയാണ്. 1950കളില്‍ പുറത്തിറങ്ങിയ ആ സഞ്ചാരസാഹിത്യ കൃതിയിലെ ഒരു പെണ്‍കുട്ടിയെ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുകയും അവരെ അന്വേഷിച്ചു പോകുകയും ചെയ്ത സഹൃദയത്വം അസാധാരണം തന്നെ. അക്കാലത്തെ വായനക്കാരുടെ ഗൃഹാതുരതയാണ് പൊറ്റക്കാടിന്റെ സഞ്ചാരകൃതികള്‍. അവയെ ഇപ്പോഴും നെഞ്ചിലേറ്റുന്ന ഡോക്ടര്‍ ശശിഭൂഷന്‍ വായനയെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ പുസ്തകപ്രേമിതന്നെയാണ്.
മോഹനകൃഷ്ണന്‍ കാലടിയുടെ ഭാഷാപോഷിണിക്കവിത ‘എനിക്കാവതില്ലേ’ മണ്‍മറഞ്ഞു പോയ കവികള്‍ക്കുള്ള തിലോദകമാണെന്നു പറയാം. കവിതയുടെ തലവാചകം തന്നെ അയ്യപ്പപ്പണിക്കരുടെ പ്രശസ്ത കവിത ‘പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ’യുടെ പകുതി പകുത്തതാണല്ലോ! പി. കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും അനുസ്മരിക്കപ്പെടുന്ന കവിതയില്‍ ഹരിശ്രീ അശോകനേയും ഇന്നസെന്റിന്റെ കഥാപാത്രമായ മാന്നാര്‍ മത്തായിയേയും സൂചിപ്പിക്കുന്നുണ്ട്. ”ഋതുഭേദങ്ങള്‍ ടിക്കറ്റെടുക്കാന്‍ ഭയക്കാത്ത റെയില്‍വേസ്റ്റേഷന്റെ വടക്കിനിയില്‍” എന്ന വരിയില്‍ മാത്രം കവിത പൂക്കുന്നുണ്ട്.