കുറെ കാലമായി പണിയില്ലാതെ ചൊറിയും കുത്തി ഇരിക്കുകയായിരുന്നു കോണ്‍ഗ്രസ് – ഇടത് ചരിത്ര മഹാ പണ്ഡിതന്മാര്‍. അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പണി കൊടുത്തു. ഏറ്റെടുത്ത പണി അവര്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. ദല്‍ഹിയില്‍ ഉദ്ഘാടനം കഴിഞ്ഞ സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്പീക്കറുടെ കസേരക്കു സമീപം സ്ഥാപിക്കുന്ന ജനാധിപത്യത്തിന്റെ ചെങ്കോലിന് ലോകം മുഴുവന്‍ പ്രചരണം നല്‍കുക എന്നതാണ് അവര്‍ ഏറ്റെടുത്ത പണി. നേരത്തെ അവര്‍ ഏറ്റെടുത്തതായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തിന് പരമാവധി പ്രചരണം നല്‍കുക എന്നത്. വിവാദമന്ദിരം നിന്ന സ്ഥലത്ത് കോടതി വിധിയുടെ പിന്തുണയോടെ രാമക്ഷേത്രം ഉയരാന്‍ തുടങ്ങിയതോടെ അവരുടെ ദൗത്യം തീര്‍ന്നു. ജനങ്ങളെ സാമുദായികമായി തമ്മിലടിപ്പിക്കാനും കലാപത്തിന് വഴിമരുന്നിടാനും കുറച്ചൊക്കെ അവരുടെ വ്യാജ പ്രചരണത്തിനു കഴിഞ്ഞെങ്കിലും രാമക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങി. കുറച്ചു കാലമായി ഇത്തരം വിഷയങ്ങളൊന്നുമില്ലാതെ തൊഴിലില്ലാപ്പടയായി നടക്കുകയായിരുന്നു ഈ പണ്ഡിത മന്യന്മാര്‍. അപ്പോഴിതാ വീണുകിട്ടുന്നു പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോല്‍.
ഈ ചരിത്ര മഹാപണ്ഡിതര്‍ ചെങ്കോലിനു ചുറ്റും വട്ടമിട്ടു നിന്നു. നെഹ്‌റു സാഹിത്യത്തിന്റെ എഡിറ്ററായ പണ്ഡിതന്‍ അതിന്റെ തല തൊട്ടു നോക്കി. നെഹ്റുവിന്റെ കഷണ്ടിത്തലയുടെ മിനുസത്തിനു പകരം നന്ദിയുടെ മുഖം സ്പര്‍ശിച്ചതോടെ അദ്ദേഹം വിധിച്ചു: ഇത് നെഹ്‌റുവിന്റെ ചെങ്കോലല്ല. മുസ്ലിം പ്രീണനത്തിന്റെ മതേതര ചൂര് ബഹിര്‍ഗമിക്കുന്നോ എന്നറിയാന്‍ കോണ്‍ഗ്രസ് നേതാവായ ബുജി മണം പിടിച്ചു. ചെങ്കോലില്‍ നിന്നു വ്യാപിച്ചത് ധര്‍മ്മത്തിന്റെ ചന്ദനസുഗന്ധം. അയാള്‍ മൂക്കുപൊത്തി പ്രഖ്യാപിച്ചു. ഇത് ഹിന്ദുത്വമാണ്, നെഹറുവിയന്‍ മതേതരമല്ല. മൂന്നാമന്‍ ചെങ്കോല്‍ മൊത്തമായി ഉഴിഞ്ഞശേഷം പ്രഖ്യാപിച്ചു: ഇത് ചെങ്കോലല്ല നെഹ്‌റുവിന്റെ ഊന്നുവടിയാണ്. മറ്റൊരാള്‍ ചരിത്ര പുസ്തകങ്ങള്‍ മുഴുവന്‍ പരതി ചെങ്കോല്‍ കണ്ടെത്താതെ കുഴങ്ങി. ചെങ്കോലേ ഇല്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. മലയാളത്തില്‍ ഒരു പഴഞ്ചൊല്ലില്ലേ കുരുടന്മാര്‍ ആനയെ കണ്ട പോലെ എന്ന്. അത് സ്വല്പം ഭേദഗതി ചെയ്ത് ‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ പരിശോധിച്ച പോലെ എന്നാക്കിയാല്‍ ജനത്തിന് കാര്യം പിടി കിട്ടും.