ചരിത്രം ഭാരമാണെന്ന പാശ്ചാത്യ സങ്കല്‍പ്പത്തെ റദ്ദ് ചെയ്തുകൊണ്ട് വേരുകളില്‍ നിന്ന് അപാരമായ ഊര്‍ജ്ജം ആവാഹിച്ചു കൊണ്ട്, ആധുനികത അടിച്ചേല്‍പ്പിച്ച ആഖ്യാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സെങ്കോലുകള്‍ തിരിച്ചു വരികയാണ്. അഞ്ചടി നീളമുള്ള ‘ഗോള്‍ഡന്‍ വാക്കിംഗ് സ്റ്റിക്ക് ‘ആനന്ദഭവനില്‍ നിന്ന് ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവിലില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഓരോ രാഷ്ട്രത്തിനും സംസ്‌കാരത്തിനും മുന്നേറാന്‍ അതിന്റേതായ വഴികളുണ്ടെന്ന കഴിഞ്ഞ ദശകങ്ങളിലാരംഭിച്ച ചര്‍ച്ചകള്‍ക്ക് ഭാരതീയമായ തീര്‍പ്പുകള്‍ ഉണ്ടായിരിക്കുന്നു. നാടിന്റെ മഹത്തായ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച വംശാധിപത്യത്തിന്റെ സുനാമികളെ അതിജീവിച്ച്, ഓര്‍മ്മകളെ ചിതലരിച്ച് നശിപ്പിക്കുന്ന വൈറസുകളെ പ്രതിരോധിച്ച് ഭാരതം ഉണരുകയാണെന്നതിന്റെ പ്രത്യക്ഷ ദൃശ്യങ്ങളാണ് വീര സാവര്‍ക്കര്‍ ജന്മദിനത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് ലോകത്തിന് കാണാനായത്.
രാഷ്ട്ര സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവക്കാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാര്‍ലമെന്റ് മന്ദിരം പുതിയൊരു കെട്ടിട സമുച്ചയത്തിന്റെ പിറവി മാത്രമല്ല. അത് പുതിയൊരു കാലത്തിന്റെ വിളംബരം കൂടിയാണ്. പരിവര്‍ത്തനത്തിന്റെ ദിശാ സൂചികയാണ്. ഭാരതം ഇനി എങ്ങോട്ടാണെന്നതിന്റെ സംശയരഹിതമായ മറുപടിയാണ്. രാവേറെക്കഴിയുന്നതുവരെ മദിച്ചുല്ലസിച്ച്, ഉപജാപങ്ങളും കുതന്ത്രങ്ങളും മെനഞ്ഞ്, ദല്‍ഹിയിലെ ഏറ്റവും ആര്‍ഭാടപൂര്‍ണ്ണമായ ജീവിത സൗകര്യങ്ങള്‍ അനുഭവിച്ച് ലൂട്ടിയന്‍സ് കൊട്ടാരങ്ങളില്‍ അന്തിയുറങ്ങിയ അടുക്കള ക്യാബിനറ്റുകള്‍ക്ക് ഇനി ഇവിടെ ഇടമില്ലെന്നതിന്റെ തീര്‍പ്പു കൂടിയാണത്. സെങ്കോല്‍ അതിന്റെ സൂചകമാണ്.
ഇതൊരവസാനമല്ല. തുടര്‍ച്ചയാണ്. 1905 ല്‍ ജോര്‍ജ് അഞ്ചാമന്റെ പിതാവിന്റെ ബഹുമാനാര്‍ത്ഥം ലണ്ടനില്‍ ഒരു തെരുവ് നിര്‍മ്മിച്ചിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം അതിന് പേരിട്ടത് കിംഗ്‌സ് വേ എന്നായത് സ്വാഭാവികം. ദല്‍ഹിയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് പണിത പാതയ്ക്കും കിംഗ്‌സ് വേ എന്ന് പേരിട്ടു. സ്വാതന്ത്യത്തിനുശേഷം അതിന്റെ പേര് മാറ്റിയില്ലെന്ന് വിമര്‍ശിക്കരുത്. കിംഗ്‌സ് വേയുടെ ഹിന്ദി പരിഭാഷയായി രാജ്പഥ്! എന്തൊരു രാജഭക്തി! രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള ചരിത്രപ്രധാനമായ ആ പാതയ്ക്ക് കര്‍ത്തവ്യ പഥ് എന്ന പേര് വരാന്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം 75 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. രാജവാഴ്ചക്ക് പകരം കുടുംബവാഴ്ചയില്‍ അഭിരമിച്ചവര്‍ക്ക് രാജ് പഥ് ഒരലങ്കാരമായിരുന്നിരിക്കാം. എന്നാല്‍ ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന ഒരു ഭരണവ്യവസ്ഥയില്‍ അതിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.
അസൗകര്യങ്ങളുടെ വീര്‍പ്പുമുട്ടല്‍ മാത്രമല്ല പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരാന്‍ കാരണം. കാരണങ്ങളിലൊന്ന് അതുമാകാന്‍ ഇടയുണ്ട് എന്ന് മാത്രം. മാറിയ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയുണ്ട് പുതിയ സെന്‍ട്രല്‍ വിസ്തയുടെ പിറവിക്ക് പിന്നില്‍. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തെ ചിലരുടെ എതിര്‍പ്പിന് പിന്നിലെ യഥാര്‍ത്ഥ കാരണം രാഷ്ട്രപതിയെ വിളിച്ചില്ല എന്നതല്ല. 2020ല്‍ ആരംഭിച്ച മഹത്തായ ഈ പദ്ധതിയെ പ്രതിപക്ഷം തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. കോടതി വ്യവഹാരങ്ങള്‍ മുതല്‍ പ്രത്യക്ഷ സമരങ്ങള്‍ വരെ ഏതൊക്കെ രീതിയില്‍ എതിര്‍ക്കാനാവുമോ ആ നിലകളിലെല്ലാം എതിര്‍ത്ത് പരാജയപ്പെട്ടവരാണ് നാണംകെട്ട ബഹിഷ്‌കരണ തീരുമാനവുമായി രംഗത്ത് വന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതി തന്നെ നിര്‍ത്തിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി സമരം ചെയ്തു. പത്ത് ഹരജികളാണ് പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിക്ക് മുമ്പാകെ എത്തിയത്. കോടതിയുടെ ഇടപെടലുകള്‍ പദ്ധതി നിര്‍ത്തിവെക്കലിന് കാരണമാകുമെന്ന നില വരെ എത്തിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായി. ഈ തടസങ്ങളൊക്കെ അതിജീവിച്ചാണ് കൊവിഡ് മഹാമാരിയുടെ ദുരിതകാലത്ത് പോലും നിര്‍മ്മാണം നിലക്കാതെ സെന്‍ട്രല്‍ വിസ്ത പദ്ധതി മുന്നോട്ട് പോയത്.
ദേശീയചിഹ്നങ്ങള്‍ എല്ലാം പ്രമേയമായ ഭവ്യ മന്ദിരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28ന് ഉദ്ഘാടനം ചെയ്തത്. കലാപരമായി മേന്മയേറിയ ഈ മന്ദിരത്തിന്റെ 64500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നാലുനിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗതയിലാണ്. വീര സാവര്‍ക്കറുടെ നൂറ്റി നാല്‍പ്പതാം ജന്മദിനത്തില്‍ ഇതിന്റെ ഉദ്ഘാടന ദിനമെത്തിയത് യാദൃച്ഛികമാകാനിടയില്ല. ചരിത്രത്തിന്റെ അദൃശ്യമായ ഇടപെടലുകള്‍ ഇതിന്റെ പിന്നിലുമുണ്ടെന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ നിരയിലെ ചില സംഘടനകളുടെ ബഹിഷ്‌കരണത്തിലൂടെ തെളിയുന്നത്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ സ്വാഭാവികമായി പങ്കാളികളാകുന്നതിന് പകരം തങ്ങളുടെ രാഷ്ട്രീയ അപക്വത എത്രമാത്രമുണ്ടെന്ന് സ്വയം തെളിയിക്കുകയായിരുന്നു അവര്‍. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെ സമഞ്ജസമായ സമന്വയമാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിലൂടെ നടന്നത്. അമൃതകാലത്തിന്റെ മഹനീയ മുഹൂര്‍ത്തത്തെ അടയാളപ്പെടുത്തുന്ന ചടങ്ങായിരുന്നു അത്. സെങ്കോലിന്റെ പുനരവതാരത്തിലൂടെ, സമ്പന്നമായ ഭാരത സംസ്‌കാരത്തിന്റെ ചരിത്ര വേരുകളിലേക്കുള്ള തീര്‍ത്ഥയാത്ര കൂടിയായി അത് മാറി. ഗംഗയെ അതിവര്‍ത്തിച്ച ചോള രാജവംശത്തിന്റെ മഹത്വപൂര്‍ണ്ണമായ ഭൂതകാലത്തെ വര്‍ത്തമാനവുമായി ഇണക്കിച്ചേര്‍ക്കുന്നതായിരുന്നു അത്. ഭാരതമൊട്ടാകെ വ്യാപിച്ചതായിരുന്നു ചോള രാജ വംശത്തിന്റെ മഹിമ. തെക്കിനെയും വടക്കിനെയും ഒന്നായി ഇണക്കിച്ചേര്‍ത്ത ഭൂതകാല സാംസ്‌കാരിക പാരമ്പര്യത്തെയാണത് സൂചിപ്പിക്കുന്നത്. അധികാര കൈമാറ്റത്തിനൊരുങ്ങിയ സ്വാതന്ത്ര്യ പ്രാപ്തിയുടെ നാളുകളില്‍ ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയാണ് ചോള രാജവംശത്തിന്റെ പാരമ്പര്യ പ്രതീകത്തെ നെഹ്രുവിന്റെ ശ്രദ്ധയിലെത്തിച്ചത്. ദക്ഷിണ ഭാരതത്തെ വിഘടിപ്പിക്കണമെന്ന ആവശ്യവുമായി ദ്രാവിഡ വാദം ഉയര്‍ന്ന കാലത്താണ് ദീര്‍ഘവീക്ഷണത്തിനുടമയായ രാജഗോപാലാചാരി അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സെങ്കോല്‍ എന്ന പ്രതീകത്തെ ഉയര്‍ത്തിപ്പിടിച്ചത്. ഇന്ത്യയെന്ന ആശയത്തെ മഹത്തരമായി പ്രതീകവല്‍ക്കരിച്ച സെങ്കോല്‍ കൈമാറ്റ ചടങ്ങ് നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മറച്ചുവെക്കപ്പെടുകയായിരുന്നു. ദേശീയ ചിന്തകനും തുഗ്ലക് മാഗസിന്‍ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തിയാണ് ഈ ചരിത്ര വസ്തുത പുറത്തു കൊണ്ടുവന്നത്. സെങ്കോലേന്തി നില്‍ക്കുന്ന നെഹ്രുവിന്റെ ചിത്രങ്ങള്‍ കൂടി പുറത്ത് വന്നതോടെ തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന് തെളിവുകളുമായി.
പുതിയ പാര്‍ലമെന്റില്‍ സെങ്കോല്‍ പ്രതീകാത്മകമായി സ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ ഭാരതത്തിന്റെ സമ്പന്നമായ ചരിത്രവും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യ സമര ചരിത്രവും അതില്‍ ഉള്‍ച്ചേര്‍ന്നു. തെക്കിനെ വെട്ടാന്‍ കൊതിക്കുന്നവര്‍ക്ക് ഓര്‍ക്കാപ്പുറത്തുള്ള ആഘാതവുമായി അത് മാറി.
സെങ്കോലിന്റെ മഹത്തായ തിരിച്ചുവരവ് വിവാദമാക്കിയത് ഹിന്ദുത്വത്തിന്റെ പേര് പറഞ്ഞായിരുന്നു. ഇന്ത്യന്‍ ദേശീയതയും ഹിന്ദുത്വവും രണ്ടല്ലെന്ന് പറഞ്ഞവരില്‍ ഭാരതീയ സ്വാതന്ത്ര്യ സമര സേനാനികളും ദേശീയ നവോത്ഥാന നായകരുമുണ്ടായിരുന്നു. സ്വാമി വിവേകാനന്ദനും അരവിന്ദനും ഗാന്ധിജിയും നെഹ്രുവും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുള്ളവരായിരുന്നില്ല. എന്നാല്‍ 1940 കളില്‍ ജിന്ന ഉയര്‍ത്തിയ ദ്വിരാഷ്ട്ര വാദമാണ് ഇന്ത്യന്‍ മനസ്സിനെ വിഭജിച്ചത് എന്നതില്‍ രാജഗോപാലാചാരിയെപ്പോലുള്ളവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയിലെ 19, 20 വകുപ്പുകള്‍ ഉള്ളത് കൊണ്ടല്ല ഭാരതം മതേതര ജനാധിപത്യ രാഷ്ട്രമായി നില്‍ക്കുന്നത്. ഭരണഘടന നിലവില്‍ വരുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതം അതിന്റെ മഹത്തായ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ആ പാരമ്പര്യമാണ് 29, 30 വകുപ്പുകളുടെ ഉള്ളടക്കത്തെ സൃഷ്ടിച്ചത്. രാജഗോപാലാചാരിക്ക് അതറിയാവുന്നതുകൊണ്ടാണ് സെങ്കോലിനെ ജനാധിപത്യത്തിന്റെ പ്രതീകമായി തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സെങ്കോല്‍ ജനാധിപത്യത്തെ പ്രതീകവല്‍ക്കരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയണം. എന്നാല്‍ അന്ധമായ മോദി വിദ്വേഷത്തില്‍ പ്രതിപക്ഷത്തിന് വിവേകം നഷ്ടപ്പെടുന്നു. വെറുപ്പിന്റെ വിഷം ചീറ്റുമ്പോള്‍ അവിടെ വിവേകത്തിന് സ്ഥാനമുണ്ടാകില്ല. പ്രതിപക്ഷം എത്തിപ്പെട്ടത് ഈ ദുരന്തത്തിലേക്കാണ്. ഓരോ തവണയും അവര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു. നരേന്ദ്ര മോദിയുടെ വഴികളെ അത് എളുപ്പമുള്ളതാക്കി തീര്‍ക്കുന്നു.