ചെറുപ്പത്തില്‍ വിദേശ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായുള്ള മേളകള്‍ ഒരു വലിയ ആകര്‍ഷണമായിരുന്നു. ഐസന്‍സ്റ്റീന്‍, പുഡോഫ്ക്കിന്‍, ഡിസീക്ക, ബര്‍ഗ്മാന്‍, അകിര കുറസോവ, ഫെഡറിക്കോഫെല്ലിനി, ഗൊദാര്‍ദ്, ആന്‍ദ്രേതാര്‍ക്കോവ്‌സ്‌കി തുടങ്ങി സ്പില്‍ബര്‍ഗ് വരെ ഒരു വലിയ നിര സംവിധായകരുടെ മഹത്വം പറഞ്ഞു നടക്കലായിരുന്നു അന്നത്തെ വലിയ പൊങ്ങച്ചം. സബ് ടൈറ്റിലുകളുടെ സഹായത്തോടെയും മറ്റും വളരെ പ്രയാസപ്പെട്ടാണ് അന്നു പല സിനിമകളുടെയും കഥ മനസ്സിലാക്കിയത്. കാലാന്തരത്തില്‍ സിനിമയോടു കാണിക്കുന്ന ആഭിമുഖ്യം, പ്രത്യേകിച്ചും പാശ്ചാത്യ സിനിമകളോട്, ഒരു പരിധിവരെ മേനി നടിക്കലാണെന്നു സ്വയം തിരിച്ചറിഞ്ഞു. കഴുത്തില്‍ ബാഡ്ജും തൂക്കിയിട്ടു നടക്കുന്ന ചെറുപ്പക്കാരില്‍ തൊണ്ണൂറുശതമാനവും ചലച്ചിത്രങ്ങളെ ശരിയായി മനസ്സിലാക്കിയിട്ടല്ല അവയെ വീക്ഷിക്കുന്നതും വിലയിരുത്തുന്നതും എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഈ പൊങ്ങച്ച സംസ്‌കാരം കൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവുമില്ലെന്ന് മനസ്സിലായി. കേരളം പോലെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നുവെന്ന് ഭരണാധികാരികള്‍ പറയുന്ന ഒരു സംസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? സത്യത്തില്‍ ഒരു പ്രയോജനവുമില്ല. ഇന്റര്‍നെറ്റില്‍ എല്ലാം ലഭിക്കുന്ന ഇക്കാലത്ത് അത്തരം പൊ ങ്ങച്ച മേളകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ല.
അനിതാതമ്പി എന്ന പെണ്‍കുട്ടി മാതൃഭൂമിയില്‍ എഴുതിയിരിക്കുന്ന കവിത ‘ബോലാതാറിന്റെ ഉള്ളിലിരിപ്പ്’ വായിച്ചപ്പോള്‍ ഈ ചലച്ചിത്ര മേള പൊങ്ങച്ചത്തിന്റെ ദുരന്തം ശരിക്കും മനസ്സിലായി. ഹംഗേറിയന്‍ ഭാഷ നമ്മള്‍ മലയാളികള്‍ക്ക് ആര്‍ക്കും അറിയില്ലല്ലോ. അവിടത്തെ പ്രധാന ചലച്ചിത്രകാരന്മാര്‍ ആരെന്നൊന്നും നമുക്ക് അറിയില്ല. ആ രാജ്യങ്ങളില്‍ വലിയ ഡിമന്റ് ഒന്നുമില്ലാത്ത ചിലര്‍ സിനിമയും കൊണ്ട് ചെറിയ ചില മേളകളിലെത്താറുണ്ട്. ഇവിടെ അവരെ വാനോളം പുകഴ്ത്താന്‍ ചിലര്‍ തയ്യാറെടുത്തിരിക്കുന്നു. അത്തരത്തില്‍ ഒരു പുകഴ്ത്തലാണ് കവിത. ബോലാതാറെന്ന ഹംഗേറിയന്‍ സംവിധായകനെക്കുറിച്ച്. കവിതയില്‍ നീത്‌ഷേയെക്കുറിച്ചും പരാമര്‍ശമുണ്ട്. കാരണം സിനിമയിലും അങ്ങനെയൊരു പരാമര്‍ശമുണ്ട്. നീത്‌ഷേ (Friedrich Wilhelm Nietzsche) ആധുനികതയുടെയും ഉത്തരാധുനികതയുടെയും തത്വചിന്തകനാണ്. 1900-ല്‍ അന്തരിച്ച അദ്ദേഹം Gay Science (The Joyful Science) എന്ന കൃതിയിലും മറ്റു ചില കൃതികളിലും കൂടി ‘ദൈവം മരിച്ചു’ എന്ന പ്രഖ്യാപനം നടത്തുക വഴി പാശ്ചാത്യ ലോകത്ത് വിവാദനായകനും ആരാധ്യനുമായിത്തീര്‍ന്നു. നീത്‌ഷേയുടെ”Thus Spoke Zarathushtra’ യാണ് ഏറ്റവും പ്രസിദ്ധമായ കൃതി. അതിന്റെ മലയാളം തര്‍ജ്ജമ മള്‍ബറി ബുക്‌സോ മറ്റോ പ്രസിദ്ധീകരിച്ചത് വായിച്ചു നോക്കിയിട്ടുണ്ടെങ്കിലും അതില്‍ ഗൗരവപൂര്‍ണമായ എന്തെങ്കിലും തത്വചിന്ത ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. കാവ്യാത്മകമായ ചില പ്രലപനങ്ങളായിട്ടാണ് തോന്നിയത്. കല, സംഗീതം, ചരിത്രം, മതം, ദുരന്തനാടകം, സം സ്‌കാരം, ഭാഷാശാസ്ത്രം എന്നിവയിലെല്ലാം തന്റേതായ നിലപാടുകള്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ പല കൃതികളും ഭ്രാന്തിന്റെ വക്കില്‍ നിന്നും അവതരിപ്പിച്ചവയാണെന്നു തോന്നിപ്പോകും.
1889ല്‍ നീത്‌ഷേ ഭ്രാന്താശുപത്രിയില്‍ അഡ്മിറ്റു ചെയ്യപ്പെട്ടു. അക്കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച സുഹൃത്ത് പീറ്റര്‍ ഗാസ്റ്റ് ( Peter Gast) എഴുതിയത് വിശേഷവിധിയായി അദ്ദേഹത്തില്‍ ഞാനൊന്നും കണ്ടില്ല എന്നാണ്. ഒരുപക്ഷേ അദ്ദേഹം ഭ്രാന്ത് അഭിനയിക്കുകയായിരിക്കും എന്നായിരുന്നു ഗാസ്റ്റിന്റെ അഭിപ്രായം. വിഖ്യാത മനശ്ശാസ്ത്രജ്ഞനായ ഫ്രോയ്ഡ് അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത് മറ്റാരേക്കാളും ആഴത്തിലുള്ള അറിവാണ് നീത്‌ഷേ ആര്‍ജ്ജിച്ചതെന്നാണ് (“Nietzsche developed more penetrating knowledge of himself than any other man who ever lived, or is likely to live”) എന്തായാലും 45 വയസ്സായപ്പോള്‍ അദ്ദേഹം ശരിക്കും ഭ്രാന്തനായി.
ഭ്രാന്തിനെ ഒരുരോഗം എന്ന് പൊതുവെ കണക്കാക്കപ്പെടുന്നെങ്കിലും വലിയ ജീനിയസുകളും തത്വചിന്തകരും പലപ്പോഴും ഭ്രാന്തന്മാരെപ്പോലെ പെരുമാറി സമൂഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സോക്രട്ടീസ് നാല് തരം ‘ഡിവൈന്‍ മാഡ്നെസി’നെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളതായി കാണുന്നു. ‘വ്യക്തികളില്‍ ഭ്രാന്ത് അപൂര്‍വ്വമെങ്കിലും ഒത്തുചേരലുകളിലും രാഷ്ട്രീയപ്പാര്‍ട്ടികളിലും രാഷ്ട്രങ്ങളിലും കാലഘട്ടങ്ങളിലും പലപ്പോഴും ചില ഭ്രാന്തുകള്‍ സംഭവിക്കാറുണ്ട് എന്ന് നീത്‌ഷേ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.( In individuals insanity is rare but groups, parties nations and epochs it is true) അത്തരത്തില്‍ ഒരു ഭ്രാന്ത് ജര്‍മ്മനിയെ ആവേശിച്ചപ്പോഴാണല്ലോ നാസികൂട്ടക്കൊലകള്‍ അരങ്ങേറിയത്. അഗാധമായ ചിന്തകള്‍ അവതരിപ്പിക്കുന്ന പല പ്രതിഭാശാലികളുടേയും ഏറ്റവും വലിയ പ്രശ്‌നം അവരുടെ തത്വവിചാരങ്ങളെ വേണ്ടരീതിയില്‍ തിരിച്ചറിയാന്‍ സമൂഹത്തിനു കഴിയാറില്ല എന്നതാണ്. സ്വാമി വിവേകാനന്ദന്‍ തന്നെ ശ്രീരാമകൃഷ്ണ പരമഹംസരുടെ പെരുമാറ്റങ്ങളെ ആദ്യം സംശയത്തോടെ വീക്ഷിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പിസ്വാമികളുടെ ‘പട്ടി സദ്യ’ യും മറ്റും അക്കാലത്ത് പലരിലും സംശയവും അത്ഭുതവും ഉണ്ടാക്കിയിട്ടുണ്ട്.
പഴയ ഭാരതം ഫിലോസഫേഴ്‌സി നെ വലിയ ആദരവോടെ കണ്ടിരുന്നു. അതുകൊണ്ട് ബാദരായണന്‍, കപിലന്‍, പതഞ്ജലി, ഗൗതമന്‍, കണാദന്‍, ശ്രീധരാചാര്യന്‍, ഉദയനന്‍, ചാര്‍വാകന്‍, ജൈമിനി, ശങ്കരന്‍, പ്രഭാകരന്‍, മധ്വന്‍ തുടങ്ങി തത്വചിന്തകരുടെ ഒരു വലിയ നിര നമുക്കുണ്ടായിരുന്നു. എന്നാല്‍ പുതിയകാലത്തെ സ്ഥിതിയല്ല ഇപ്പോഴുള്ളത്. ഇന്ത്യയിലും കേരളത്തില്‍ പ്രത്യേകിച്ചും കാര്യങ്ങള്‍ ശോഭനമല്ല. പഴയകാല ചിന്തകരില്‍ ഗണനീയരായിരുന്ന ശങ്കരനും പ്രഭാകരനും മലയാളികളായിരുന്നുവെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍ ആ ജ്ഞാന പാരമ്പര്യത്തെ പിന്‍തുടരാന്‍ പില്‍ക്കാലത്ത് അധികം പേരുണ്ടായില്ല. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, ഗുരുനിത്യചൈതന്യയതി തുടങ്ങിയവര്‍ ആ ജ്ഞാനപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെങ്കിലും ശങ്കര പ്രഭാകരാദികളെപ്പോലെ തത്വചിന്തയാല്‍ അടയാളപ്പെടുത്തപ്പെട്ടില്ല. ചട്ടമ്പിസ്വാമികള്‍ വേദാധികാരനിരൂപണം, അഹിംസാനിരൂപണം ആദിഭാഷ, പ്രാചീന മലയാളം എന്നിങ്ങനെയുള്ള കൃതികളിലൂടെ വിജ്ഞാനത്തിന്റെ പുതിയ ചില മേഖലകള്‍ തുറന്നിട്ടുവെങ്കിലും അതൊന്നും ഗൗരവമായെടുത്തു ചര്‍ച്ച ചെയ്യാന്‍ പില്‍ക്കാല കേരളം തയ്യാറായിട്ടില്ല.
ആധുനികകാലത്തെ യൂറോപ്പില്‍ തത്വചിന്തകരുടെ ഒരു നീണ്ട നിരയുണ്ട്, സ്പിനേസ (Spinozaportugal),, കാന്റ് (Immanuel Kant-Germany),, ദെക്കാര്‍ത്തെ (Rene Descartes – France), ഹെഗല്‍ (George Wilham Friedrich Hegel – Germany), റൂസോ (Jean – Jacques Rousseau) എന്നിവര്‍ അവരില്‍ പ്രമുഖരാണ്. ഇവരില്‍ പലരുടേയും തത്വചിന്താപദ്ധതികള്‍ കാലഹരണപ്പെട്ടു കഴിഞ്ഞു. എങ്കിലും അവര്‍ നടത്തിയ അന്വേഷണങ്ങളെ പില്‍ക്കാല ശാസ്ത്രജ്ഞര്‍ പോലും തങ്ങളുടെ ഗവേഷണത്തിന്റെ പ്രേരകശക്തിയായി കണക്കാക്കിയിട്ടുണ്ട്. തത്വചിന്തകരുടെ നിരീക്ഷണങ്ങള്‍ സൂക്ഷ്മമായ അന്വേഷണങ്ങള്‍ക്ക് സമൂഹത്തിനു മാര്‍ഗ്ഗദര്‍ശകമായിത്തീരുന്നു. ജര്‍മ്മനിയെ ‘ചിന്തകരുടെയും കവികളുടെയും രാജ്യം’ എന്നു പൊതുവെ പറഞ്ഞുവരാറുണ്ട്. കാന്റ്, ഹെഗല്‍, മാര്‍ക്‌സ്, നീത്‌ഷേ, ഹൈഡഗര്‍, ഫോയര്‍ബാക് തുടങ്ങി ഒരു ഡസനിലധികം ലോകപ്രശസ്തരായ ചിന്തകര്‍ക്ക് ജന്മം നല്‍കിയ രാജ്യമാണ് ജര്‍മ്മനി. അതിന്റെ മേന്മ ഇന്നാരാജ്യത്തിനുണ്ട്. ഭൗതികവളര്‍ച്ചയില്‍ അവര്‍ അമേരിക്കയേയും അതിശയിപ്പിക്കുന്നു.
പ്രത്യക്ഷത്തില്‍ തത്വചിന്ത നിഷ്പ്രയോജനമെന്ന് സാധാരണ ജനങ്ങള്‍ക്ക് തോന്നുമെങ്കിലും അത് മനുഷ്യവംശത്തിന് വലിയ കുതിപ്പുകള്‍ സമ്മാനിക്കുന്നതാണ്. ഉപരിപ്ലവമായ പരിസ്ഥിതി – മാനവിക ചര്‍ച്ചകളില്‍ മുഴുകി കാലം കഴിക്കുന്ന മലയാളി ആഴമേറിയ ചര്‍ച്ചകളിലേയ്ക്ക് തിരിഞ്ഞിരുന്നുവെങ്കില്‍ നമ്മുടെ പൂര്‍വ്വകാല പ്രതാപത്തിലേയ്ക്ക് നീങ്ങാന്‍ കഴിയുമായിരുന്നു. ഇടതുപക്ഷചിന്തകരെന്നു പറഞ്ഞു നടക്കുന്നവര്‍ കേരളത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ജാതിയുടെ പേരില്‍ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇന്നും തുടരുന്നതു മൂലം നമ്മള്‍ ഒരു പൊള്ളയായ വര്‍ഗ്ഗീയ സമൂഹമായി മാറിയിരിക്കുന്നു. ജാതികള്‍ക്കു തന്നെ വലിയ ജ്ഞാന പാരമ്പര്യമുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ അവര്‍ മറച്ചു പിടിക്കുന്നു. ഈഴവര്‍ക്കു വൈദ്യത്തിന്റെയും നായന്മാര്‍ക്ക് കളരി-ശാക്തേയ ചിന്തയുടെയും വിശ്വകര്‍മ്മജര്‍ക്ക് വാസ്തുവിദ്യയുടെയും നമ്പൂതിരിമാര്‍ക്ക് തന്ത്രവിദ്യയുടെയും ഒക്കെ പാരമ്പര്യമുണ്ട്. അതൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ജാതികളെ തമ്മിലടിപ്പിക്കാനാണ് ഇടതുപക്ഷക്കാരുടെ പരിശ്രമം. അത് നമ്മുടെ ചിന്താപാരമ്പര്യത്തെ ദുര്‍ബ്ബലമാക്കി. അനിതാ തമ്പിയ്ക്ക് മഹത്തായ നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും നീത്‌ഷേ എന്നവര്‍ കേട്ടിട്ടുള്ളത് ആശ്വാസം.
കണിമോളുടെ കവിത ‘ഇങ്ങനെ’ ആരംഭിക്കുന്നത് നളചരിതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്. നാട്ടുവിശേഷങ്ങളും വാഷിങ്ടന്‍ ഇര്‍വിങ്ങിന്റെ റിപ്‌വാന്‍വിങ്കിളും കവിതയിലുണ്ട്. പക്ഷെ അലക്ഷ്യമായി എഴുതുന്നതുകൊണ്ട് കവിതമാത്രം അകന്നുനില്‍ക്കുന്നു. പത്രാധിപര്‍ക്കും ഒന്നും മനസ്സിലായിട്ടുണ്ടാകാനിടയില്ല. കവിതയില്‍ എല്ലാം മനസ്സിലായിക്കൊള്ളണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. പുതിയ കാലത്തെ ചില വരികള്‍ അര്‍ത്ഥം കൊണ്ടല്ല ഭാവം കൊണ്ടാണ് ധ്വനിപ്പിക്കുന്നത്. എങ്കിലും എഴുതുന്ന ആളിനെങ്കിലും തന്റെ വരികള്‍ വിശദീകരിക്കാനാവണം. അതിനുകഴിഞ്ഞില്ലെങ്കില്‍ കവിത സ്വീകരിക്കപ്പെടില്ല. കണിമോളുടെ കവിതയും വായനക്കാര്‍ സ്വീകരിക്കണമെന്നു കവി ആഗ്രഹിക്കുന്നില്ലെന്നു തോന്നുന്നു. എങ്കിലും ‘ദൂരെദൂരെത്തൊരാകാശം ചേലുകാട്ടിച്ചിരിക്കുന്ന’തും ‘കുത്തി വച്ച നിലാക്കുമ്പിള്‍ തുടം പോലും സമുദ്രം’ എന്നതുമൊ ക്കെ കവിത നിറയുന്ന വരികളാണ്. കല്ലുരലില്‍ കാല് കെട്ടി കിടക്കുന്നതും മണ്ണടിഞ്ഞ വായകാട്ടുന്നതുമെല്ലാം വായിക്കുമ്പോള്‍ ഭാഗവത പ്രസിദ്ധനായ കൃഷ്ണനെ ഓര്‍മ്മിപ്പിക്കാനാണ് കവി ശ്രമിക്കുന്നതെന്നു തോന്നുന്നു. പുരാണ സന്ദര്‍ഭങ്ങളെ പുതിയ രീതിയില്‍ അവതരിക്കുന്നതു അനുകരണീയമാണ്.
ലെസ്ബിയന്‍ കഥകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. പല രാജ്യങ്ങളും ലെസ്ബിയന്‍ ഇണകള്‍ക്കും ഗേകള്‍ക്കും നിയമസാധുത്വം നല്‍കിക്കഴിഞ്ഞു. ഇന്ത്യയിലും അത്തരം നിയമയുദ്ധങ്ങള്‍ നടക്കുന്നു. സ്വവര്‍ഗ്ഗവിവാഹങ്ങള്‍ അനുവദിക്കണമോ എന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയിരിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗം ഒരു മനോരോഗമാണെന്ന് ഇന്നാരും കരുതുന്നില്ല. പ്രകൃതിവിരുദ്ധമെന്നും ഇപ്പോള്‍ പറയാറില്ല. പഴയകാലത്തും അത്തരം വ്യക്തിയാനങ്ങള്‍ ഉണ്ടായിരുന്നു. നിയമം കൊണ്ട് അതിനെ സാ ധൂകരിക്കണോ എന്നത് സമൂഹം കൂട്ട ായി ആലോചിക്കട്ടെ. മാതൃഭൂമിയില്‍ ശ്രീലത ഒരു തുറന്ന ലെസ്ബിയന്‍ കഥ എഴുതിയിരിക്കുന്നു; ‘എന്‍സൈക്ലോപീഡിയ’ ഇത്രയും തുറന്നെഴുതുമ്പോള്‍ അതിന്റെ കലാമൂല്യം കുറയില്ലേ എന്ന് നമുക്ക് സംശയമുണ്ടാവാം. പക്ഷേ കാഥികയ്ക്ക് അതില്ല. എങ്കിലും കഥയ്ക്ക് നല്ല പര്യവസാനമില്ല. ലെസ്ബിയന്‍ ബന്ധത്തിലും ‘തേപ്പ്’ ഉണ്ടെന്ന് കഥാകാരി സ്ഥാപിക്കുന്നു. കാഥികയും സുലുവും തമ്മിലുള്ള ബന്ധം പെട്ടെന്നു മുറിയുന്നു.
Comments