പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ഒരു നിമിഷത്തില്‍ പൊടുന്നനെ ഉണ്ടായിവരുന്നവയല്ല. നാം കാണുന്നതിനപ്പുറമുള്ള അവയുടെ കാരണവേരുകള്‍ സാംസ്കാരിക ഭൂമികയില്‍ ഏറെ ആഴത്തില്‍ നിലയുറപ്പിച്ചുകൊണ്ടായിരിക്കും പലപ്പോഴും മുന്നേറ്റത്തിനായുള്ള വെള്ളവും വളവും വലിച്ചെടുത്തുകൊണ്ടിരുന്നത്. വിശിഷ്യാ ആധുനികയുഗത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ ചരിത്രം നാം പഠിച്ചാല്‍, അതിന്റെ വേരുകള്‍ പടര്‍ന്നത്, ഹൈന്ദവധര്‍മ്മത്തിന് ബാഹ്യമായ കേവല സ്വതന്ത്രയുക്തിചിന്തകളിലായിരുന്നില്ല എന്നും ആന്തരികമായ ആധ്യാത്മിക സമത്വദര്ശനത്തിലായിരുന്നു എന്നും മനസ്സിലാകും. അതിന്റ തായ്വേരൂന്നി നില്‍ക്കുന്നതാകട്ടെ, ”ധര്‍മ്മമൂലം” എന്ന് സ്മൃതികാരന്മാര് വാഴ്ത്തിയ വേദങ്ങളിലും.
ശ്രീനാരായണഗുരുദേവനെപ്പോലെ മഹത്വം സിദ്ധിച്ച നവോത്ഥാനനായകനുണ്ടായിട്ടുണ്ടോ കേരളത്തില്‍? ”അരുമറ നാലും” (ദിവ്യജ്ഞാനമായ നാലു വേദങ്ങള്‍) ഉപദേശിക്കുകയും ആ വേദങ്ങളെ വ്യാസനു നല്‍കുകയും, പിന്നീട് അതേ വേദങ്ങളെ തിരുവള്ളുവരുടെ നാവിലൂടെ തിരുക്കുറളായി മൊഴിയുകയും ചെയ്ത സരസ്വതീദേവിയെ സ്തുതിച്ച(1) ശ്രീനാരായണഗുരുദേവന്‍ ഉപദേശിച്ചതത്രയും വേദങ്ങളിലെ സമത്വദര്ശനത്തെയായിരുന്നില്ലേ? ഗുരുദേവന് രചിച്ച അനുകമ്പാദശകത്തിലെ ഫലശ്രുതിതന്നെ പറയുന്നത് ഇതാണല്ലോ.
”അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതും മുനിയോതുമര്‍ത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.
(ദിവ്യവും ശ്രേഷ്ഠവുമായ വേദം ഉപദേശിച്ച തത്ത്വവും ഗുരു ഉപദേശിച്ചതും മുനി ഉപദേശിച്ചതും ഒരേ പ്രകാരത്തില്‍ ഉള്ളതു തന്നെയാണ്. ആലോചിച്ചാല്‍ മനസ്സിലാകും, എല്ലാ ആപ്തോപദേശങ്ങളുടെയും പൊരുള്‍ ഒന്നുതന്നെയാണ് എന്ന്).
ഋഗ്വേദം ഉപദേശിക്കുന്നത്, ”അജ്യേഷ്ഠാസോ അകനിഷ്ഠാസ ഏതേ സം ഭ്രാതരഃ” (5.60.5) എന്നാണ്. ”ആരും വലിയവനല്ല, ആരും ചെറിയവനുമല്ല, ഏവരും തുല്യസഹോദരരാണ്” എന്നാണ് ഈ വേദവാക്യത്തിന്റെ അര്‍ത്ഥം. ”എല്ലാവരുമാത്മസഹോദരരെന്നല്ലേ പറയേണ്ടത്” എന്ന് ജീവകാരുണ്യപഞ്ചകത്തില്‍ ശ്രീനാരായണഗുരുദേവന്‍ ചോദിക്കുന്നത് ഈ വേദവാക്യമല്ലാതെ മറ്റെന്താണ്? എന്നാല്‍ ഇതേ വേദവിദ്യയുടെ സംരക്ഷകവേഷം എടുത്തണിഞ്ഞ ചിലര്‍, ഹിന്ദുധര്‍മത്തില്‍ ഭേദചിന്തയുടെ വിത്തു പാകുകയും സ്വാര്‍ഥമായി വിളവെടുക്കുകയും ചെയ്തു എന്നതാണ് മധ്യകാലത്തിന്റെ ഇരുണ്ട ചരിത്രം നമ്മോട് പറയുന്നത്. ഈ ‘വൈപരീത്യ’ത്തെക്കുറിച്ച് നാരായണഗുരുദേവന്റെ അരുമശിഷ്യനായിരുന്ന മഹാകവി കുമാരനാശാന് വ്യസനപൂര്‍വം മൊഴിഞ്ഞതിങ്ങനെ:
”ഭേദങ്ങളറ്റ പൊരുളിനെക്കാഹളമൂതിവാഴ്ത്തീടുന്നു വേദം നാലും,
വൈദികമാനികള്‍ മര്‍ത്ത്യരില്‍ ഭേദവും, ഭേദത്തില്‍ ഭേദവും ജല്പിക്കുന്നു!
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നിലെന്താണിക്കാണുന്ന വൈപരീത്യം?
നിര്‍ണ്ണയം നിന്നെപ്പോല്‍ പാരിലധോഗതി വിണ്ണവര്‍ഗംഗയ്ക്കുമുണ്ടായില്ല” (ദുരവസ്ഥ).
ഈ ‘അധോഗതി’യില്‍നിന്നും വേദഗംഗയെ ഉയര്‍ത്താനായി ‘ഭഗീരഥ’പ്രയത്നം ചെയ്ത മഹാത്മാക്കളില്‍ നിന്നാണ് എക്കാലവും നവോത്ഥാനം സംഭവിച്ചിട്ടുള്ളത്. ആ വേദോദ്ധാരണത്തിന്റെ സ്വാഭാവിക പരിണാമമായി വേണം ഹൈന്ദവ സാമൂഹിക നവോത്ഥാനത്തെ കാണാന്‍. ശ്രീനാരായണഗുരുദേവനിലൂടെ ഉറവയെടുത്ത വൈദികവിചാരധാര അദ്ദേഹത്തിന്റെ ധീരശിഷ്യനായ ടി.കെ.മാധവനിലൂടെ പ്രവഹിച്ചപ്പോള്‍ അതൊരു വൈക്കം സത്യഗ്രഹമായി രൂപപ്പെട്ടു. കെ.പി. കേശവമേനോനും, കെ.കേളപ്പനും, കുറൂര്‍ നീലകണ്ഠന് നമ്പൂതിരിയും, ടി.ആര്. കൃഷ്ണസ്വാമി അയ്യരും, കെ. വേലായുധ മേനോനുമെല്ലാം നേതൃനിരയില്‍ നിന്നു. മന്നത്ത് പത്മനാഭന് അവര്‍ണരുടെ അവകാശങ്ങള്‍ക്കുവേണ്ടി സവര്‍ണജാഥ നയിച്ചത് ചരിത്രം തിരുത്തിക്കുറിച്ചു. അങ്ങനെ കല്പിതമായ ജാതിഭേദങ്ങള്‍ക്കതീതമായി സാമൂഹികപരിഷ്കര്‍ത്താക്കള്‍ ഒന്നിച്ചുനിന്ന് സംഘടിപ്പിച്ച വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ അന്നത്തെ ആ നവോത്ഥാനപ്രവാഹത്തെ ഊര്‍ജ്ജിതമാക്കിയതും, എന്നാല്‍ ഇന്ന് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നതുമായ ഒരു പോഷകനദിയെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്, വൈക്കം സത്യഗ്രഹചരിത്രത്തിലെ ആര്യപര്വ്വത്തെക്കുറിച്ച്.
1903 മുതല്ക്കുതന്നെ കേരളത്തില്‍ ആര്യസമാജത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാമി സ്വതന്ത്രാനന്ദജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. എങ്കിലും ഊര്‍ജ്ജിതമായും ഔദ്യോഗികമായും ആര്യസമാജം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് 1921ലെ മാപ്പിള ലഹള മുതല്ക്കാണ്. ലഹളക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരകളാക്കിയവരെ ഹിന്ദുധര്‍മത്തിലേക്ക് തിരിച്ചുകൊണ്ടുവരുക, വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടു വെച്ചുകൊടുക്കുക, മനോനില തെറ്റിയവരെയും രോഗികളെയും ചികിത്സിക്കുക, അതിലേറെ കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുക ഇതെല്ലാമായിരുന്നു ആര്യസമാജത്തിന്റെ പ്രവര്‍ത്തനലക്ഷ്യം. ലഹളബാധിതപ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടുപഠിച്ചിട്ട് അനുയോജ്യരീതിയിലുള്ള പ്രവര്‍ത്തനത്തിന് മലബാറില്നിന്നുകൊണ്ട് നേതൃത്വം നല്‍കാനായി ആര്യസമാജം നിയോഗിച്ചത് പണ്ഡിറ്റ് ഋഷിറാമിനെയായിരുന്നു. അദ്ദേഹത്തോടൊപ്പം ദ്വിഭാഷിയായി കേരളീയനായ, വെങ്കിടാചല അയ്യര്‍ എന്ന വേദബന്ധു ശര്‍മയും ലാഹോറില്‍നിന്നും എത്തി. ഇരുവരുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ 2500-ഓളം പേരെ തിരിച്ചുകൊണ്ടുവരികയും കല്ലായി, മായനാട്, പുതിയറ, നിലമ്പൂര്‍, തുവ്വൂര്‍, തിരൂരങ്ങാടി, നീരലമുക്ക് തുടങ്ങി അനേകം ഇടങ്ങളിലായി പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും നല്‍കിക്കൊണ്ട് ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്തു.
കുപ്രസിദ്ധമായ മാപ്പിള ലഹളയ്ക്ക് ശേഷം ഭാരതത്തിലെ എല്ലാ ജനങ്ങളുടെയും ശ്രദ്ധ വീണ്ടും കേരളത്തില്‍ പതിയുന്നത് വൈക്കം സത്യഗ്രഹസമയത്തായിരുന്നു. ഉത്തരഭാരതത്തിലേതുപോലെയുള്ള സംഘടനാബലം ഇല്ലാതിരുന്നിട്ടുകൂടി തങ്ങളാലാകുന്നവിധം കേരളത്തിലെ ആര്യസമാജപ്രവര്‍ത്തകര്‍ സത്യഗ്രഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ആ ആര്യസമാജധാരയുടെ ഉറവിടം, ”വേദങ്ങളിലേക്ക് മടങ്ങൂ” എന്ന് പ്രഖ്യാപിച്ചുകൊണ്ട് വേദങ്ങള്‍ക്കും രാഷ്ട്രത്തിനുംവേണ്ടി ജീവിച്ചുമരിച്ച മഹര്‍ഷി ദയാനന്ദ സരസ്വതിയായിരുന്നു. ഭാരതസര്‍ക്കാര്‍ നേരിട്ട് അദ്ദേഹത്തിന്റെ 200-ാം ജന്മവാര്‍ഷികം കൊണ്ടാടാന്‍ നിശ്ചയിച്ചിരിക്കുന്ന വേളയാണിത്. എങ്കിലും അദ്ദേഹത്തെപ്പോലെ ഒരു ബഹുമുഖ പ്രണേതാവിനെക്കുറിച്ച് ഇന്നത്തെ സമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല എന്നത് ദുഃഖകരംതന്നെ.
ബാലഗംഗാധര തിലകനെയും ആനി ബസന്റിനെയും സംബന്ധിച്ച് സ്വരാജ്യസങ്കല്പത്തെ ആദ്യമായി മുന്നോട്ടുവെച്ച വ്യക്തിയായിരുന്നു ദയാനന്ദന്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ അഭിപ്രായത്തില്‍ ഭാരത സ്വാതന്ത്ര്യത്തിന് അടിത്തറ പാകിയ വ്യക്തിയും അരബിന്ദോയ്ക്കും ഡോ.എസ്.രാധാകൃഷ്ണനും ആധുനിക ഭാരതശില്പിയുമാണ് അദ്ദേഹം. ലാലാ ലജ്പത് റായിക്ക് തന്റെ ധര്മപിതാവും പട്ടാഭി സീതാരാമയ്യയ്ക്ക് രാഷ്ട്രപിതാമഹനുമാണ് അദ്ദേഹം. ഭഗത്സിംഗ്, രാംപ്രസാദ് ബിസ്മില്‍, അഷ്ഫാഖുള്ളാ ഖാന്, മദന്‍ ലാല്‍ ധീംഗ്ര തുടങ്ങി രാഷ്ട്രത്തിനുവേണ്ടി തൂക്കിലേറ്റപ്പെട്ട യുവവിപ്ലവകാരികള്‍ക്ക് തങ്ങളുടെ രാഷ്ട്രഭക്തിയുടെ സ്രോതസ്സായിരുന്നു ദയാനന്ദന്. സാവര്‍ക്കര്‍ക്ക് ആധുനികയുഗത്തിലെ ഹിന്ദുസംഘാടനത്തിന്റെ ആദ്യ അപ്പോസ്തലനും, യൂവല്‍ നോഹ ഹറാറിയെ സംബന്ധിച്ച് ലോകത്തെ ആദ്യ സ്ത്രീസമത്വവാദിയുമാണ് അദ്ദേഹം. എന്നാല്‍ വൈക്കം സത്യഗ്രഹനേതാക്കളുടെ അവസാന വാക്കായിരുന്ന ഗാന്ധിജിയെ സംബന്ധിച്ച് ആരായിരുന്നു മഹര്‍ഷി ദയാനന്ദന് എന്നറിയാമോ? ഗാന്ധിജിയുടെ വാക്കുകളിങ്ങനെ:
”സ്വാമി ദയാനന്ദന് നമുക്കായി അവശേഷിപ്പിച്ച പൈതൃകസ്വത്തുക്കളില്‍, അയിത്തത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ഉറച്ചസ്വരത്തിലുള്ള ആഹ്വാനം ഏറ്റവും മുഖ്യമായ ഒന്നാണ്” (2)
തന്റെ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിജി എത്രത്തോളം മഹര്‍ഷി ദയാനന്ദനില്‍നിന്നും പ്രേരിതനായിരുന്നു എന്ന് ഈ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. ഗാന്ധിജിതന്നെ ഒരിക്കല്‍ പ്രസ്താവിച്ചത് ഇങ്ങനെയാണ്: ”ആര്യസമാജത്തിന്റെ ആദരണീയ സ്ഥാപകനായ സ്വാമി ദയാനന്ദന് അപൂര്‍വമായ വ്യക്തിയായിരുന്നു. ഞാന്‍ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് എന്ന് ഞാന്‍ തീര്‍ച്ചയായും സമ്മതിക്കേണ്ടതായുണ്ട്.” (3)
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍, ഇങ്ങ് കേരളത്തില്‍ മഹാത്മാവായ ചട്ടമ്പിസ്വാമികള്‍, വേദത്തില്‍ എല്ലാ ജാതിക്കാര്‍ക്കും അധികാരമുണ്ടെന്ന് സ്ഥാപിച്ചുകൊണ്ട് വേദാധികാരനിരൂപണമെന്ന തന്റെ ‘മാഗ്നം ഓപസ്’ രചിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഉത്തരഭാരതത്തില്‍ ദളിതര്‍ക്ക് വിധിയാംവണ്ണം പൂണുനൂല്‍ ഇട്ടുകൊടുത്ത് അവരെ വേദം പഠിപ്പിക്കുകയും അഗ്നിഹോത്രാദി വൈദികകര്‍മങ്ങള്‍ ചെയ്യാന്‍ പരിശീലിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മഹര്‍ഷി ദയാനന്ദന്. സനാതനധര്‍മം ഏറ്റവും പവിത്രമെന്ന് കരുതി മാനിച്ചുവരുന്ന വേദങ്ങള്‍ക്കു ചുറ്റും യാഥാസ്ഥിതിക ജാതിബ്രാഹ്മണ്യം കെട്ടിപ്പൊക്കിയ ഏറ്റവും കരുത്തുറ്റ ഉരുക്കുകോട്ടയെയാണ് ദയാനന്ദന് സധൈര്യം ആക്രമിച്ച് തകര്‍ത്തത്. സാമാന്യ യോദ്ധാക്കള്‍ ഏറ്റവും അവസാനത്തേക്ക് മാറ്റിവെക്കുന്ന പരമലക്ഷ്യത്തെയാണ് ദയാനന്ദന് ആദ്യം കീഴടക്കിയത് എന്ന് പറയാം. അതിന് അദ്ദേഹം ആയുധമാക്കിയതാകട്ടെ, വേദങ്ങളില്‍നിന്നും വൈദികഗ്രന്ഥങ്ങളില്നിന്നുമുള്ള പ്രമാണവചനങ്ങളെയും തന്റെ അസാമാന്യമായ താര്ക്കികബുദ്ധിയെയുമായിരുന്നു.
വൈദിക ഋഷിമാര്‍ മുന്നോട്ടുവെച്ച വര്‍ണവ്യവസ്ഥയുടെ വികലവും ഘടകവിരുദ്ധവുമായ രൂപമാണ് പില്ക്കാലത്ത് ഉണ്ടായിവന്ന ജാതിവ്യവസ്ഥ എന്ന് പ്രാമാണികമായി ദയാനന്ദന് സിദ്ധാന്തിച്ചു. വൈദിക വര്‍ണ വ്യവസ്ഥയ്ക്ക് ഗാന്ധിജി നല്കിയ വ്യാഖ്യാനം ഫലത്തില്‍ ജാതിവ്യവസ്ഥയെത്തന്നെ ആണ് പ്രകടമാക്കുന്നത് എന്ന് പറഞ്ഞ് ഗാന്ധിജിയെ വിമര്‍ശിച്ച ഡോ. ബി.ആര്. അംബേദ്കര്‍, പക്ഷേ ദയാനന്ദന് വര്‍ണവ്യവസ്ഥയ്ക്ക് നല്കിയ വ്യാഖ്യാനത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
”സ്വാമി ദയാനന്ദനും മറ്റും വര്‍ണത്തിന്റെ വൈദികസിദ്ധാന്തത്തിന് നല്കിയ വ്യാഖ്യാനം വിവേകപൂര്‍ണവും നിരുപദ്രവകരവുമാണെന്ന കാര്യം ഞാന്‍ തീര്‍ച്ചയായും അംഗീകരിക്കേണ്ടതായുണ്ട്. സമൂഹത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനം നിശ്ചയിക്കുന്ന നിര്‍ണായകഘടകമായി അത് ജന്മത്തെ സ്വീകരിക്കുന്നില്ല. മറിച്ച് യോഗ്യതയെയാണ് മാനിക്കുന്നത്”(4).
ജാതിയും വര്‍ണവും, തുടങ്ങി ഭാരതത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തില്‍ സ്വാധീനം ചെലുത്തുന്ന ഓരോ ആശയത്തെയും വ്യവസ്ഥയെയും സംബന്ധിച്ച വ്യക്തവും ആധികാരികവുമായ അറിവ് മഹര്‍ഷി ദയാനന്ദനെ അജയ്യനാക്കി. ജാതീയതയ്ക്കെതിരെ പോരാടാന്‍ ദയാനന്ദന് തന്റെ അനുയായികളെയും പ്രേരിപ്പിച്ചു. ആ പ്രേരണയെ ഹൃദയത്തില്‍ സ്വാംശീകരിച്ചുകൊണ്ട് പ്രവര്‍ത്തിച്ച മുന്നണിപ്പോരാളികളില്‍ പ്രധാനിയായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യനായ സ്വാമി ശ്രദ്ധാനന്ദന്‍.
ഒരു കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളിലൊരാളായിരുന്നു സ്വാമി ശ്രദ്ധാനന്ദന്‍. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ സജീവമായി, കോണ്‍ഗ്രസ്സിലേക്ക് എത്തുന്നതിനു മുമ്പേതന്നെ ഗാന്ധിജി അദ്ദേഹത്തെ ഏറെ ആദരിക്കുകയും എല്ലായ്പ്പോഴും ‘മഹാത്മജി’ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് ശേഷമുണ്ടായ ഭീതിദമായ അന്തരീക്ഷത്തില്‍, അമൃത്സറിലെ കോണ്‍ഗ്രസ്സ് കമ്മിറ്റി സമ്മേളനത്തിന് നേതൃത്വം നല്കാന് കോണ്‍ഗ്രസ്സിന്റെ മറ്റ് മുതിര്‍ന്ന നേതാക്കളാരും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ ശ്രദ്ധാനന്ദജി ആയിരുന്നു ധൈര്യപൂര്‍വം മുന്നോട്ടുവന്നത്. മതസൗഹാര്‍ദ്ദത്തിന്റെ കാവലാളായിരുന്ന ശ്രദ്ധാനന്ദജി ആയിരുന്നു, ദല്‍ഹിയിലെ പ്രധാന ജുമാ മസ്ജിദില്‍, രാഷ്ട്രഐക്യത്തെയും വൈദികധര്മത്തെയുംകുറിച്ച്, അതും വേദമന്ത്രങ്ങള്‍ ചൊല്ലി ആരംഭിച്ചുകൊണ്ട്, ആയിരങ്ങളെ മുന്‍നിര്‍ത്തി പ്രസംഗിച്ച ഏക ഹിന്ദുസന്ന്യാസി.
ദളിതരുടെ ഉന്നമനം തന്റെ മുഖ്യ കര്‍ത്തവ്യങ്ങളിലൊന്നായി കണ്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സാര്‍വദേശിക് ആര്യപ്രതിനിധി സഭയുടെ കീഴില്‍ ദളിതോദ്ധാരസഭ രൂപീകരിച്ച് ദളിതരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്ന ഘട്ടത്തിലാണ് ഗാന്ധിജി അയിത്തോച്ചാടനത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നത്. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി, വിവിധയിടങ്ങളിലെ പിന്നാക്കവിഭാഗ ജനങ്ങളുടെ അവസ്ഥകളും അവരുടെ ഉന്നമനത്തിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും രൂപരേഖ തയ്യാറാക്കുന്നതിനായി രൂപവല്‍ക്കരിച്ച കോണ്‍ഗ്രസ്സിന്റെ നാലംഗ പിന്നാക്കവിഭാഗ ഉപസമിതിയില്‍ ആദ്യം നിര്‍ദ്ദേശിക്കപ്പെട്ട പേര് ഈ മേഖലയില്‍ ഏറ്റവും അറിവും പ്രവൃത്തിപരിചയവുമുള്ള സ്വാമി ശ്രദ്ധാനന്ദന്റേതായിരുന്നു.
കോണ്‍ഗ്രസ്സിന്റെ തിലക് സ്വരാജ് ഫണ്ടില്‍നിന്നും അഞ്ച് ലക്ഷം രൂപ പിന്നാക്കവിഭാഗ ഉന്നമനത്തിനായി നീക്കിവെക്കാനായി ശ്രദ്ധാനന്ദന്‍ നിര്‍ദ്ദേശിച്ചതിന് പക്ഷേ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍നിന്നും പിന്തുണ ലഭിച്ചില്ല. മാത്രമല്ല, ദല്‍ഹി, ആഗ്ര തുടങ്ങിയ ഇടങ്ങളിലെ ചമാര്‍ പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരെ, പൊതു കിണറുകളില്‍നിന്നും വെള്ളം ഉപയോഗിക്കാന്‍ അവിടങ്ങളിലെ മറ്റ് ഹിന്ദുക്കളും, മുസ്ലീങ്ങളും സമ്മതിച്ചിരുന്നില്ല. ഇതിന് പരിഹാരം കാണാതിരിക്കുന്നതിനാല്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോട് ചേര്‍ന്നുപ്രവര്‍ത്തിക്കുവാനും താല്പര്യപ്പെട്ടിരുന്നില്ല. ശ്രദ്ധാനന്ദജി ഇക്കാര്യം പല തവണ ഗാന്ധിജിയുള്‍പ്പെടെയുള്ള നേതാക്കളോട് ഉന്നയിച്ചിട്ടും വേണ്ട പ്രതികരണം ഉണ്ടായിരുന്നില്ല. അധഃകൃതര്‍ വലിയ തോതിലുള്ള എതിര്‍പ്പുകള്‍ നേരിടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതെ, അധഃകൃതര്‍ക്കുവേണ്ടി പ്രത്യേകം കിണറുകളും സ്കൂളുകളും നിര്‍മ്മിക്കാം എന്നായിരുന്നു പിന്നീട് കോണ്‍ഗ്രസ്സ് ബര്‍ദോളി റെസല്യൂഷനില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ പ്രവര്‍ത്തകര്‍ സാമാന്യവല്‍ക്കരിക്കുകയും അത് അയിത്തോച്ചാടന പ്രസ്ഥാനത്തെത്തന്നെ പരാജയപ്പെടുത്തുകയും ചെയ്യും എന്നതിനാല്‍ ഈ നിര്‍ദേശത്തിനു പകരം, അധഃകൃതര്‍ക്ക് മറ്റുള്ളവരോടൊപ്പം ഇരിക്കാനും പൊതു കിണറുകളില്‍നിന്നും വെള്ളം എടുക്കാനും അവരുടെ കുട്ടികള്‍ക്ക് മറ്റു വിഭാഗങ്ങളിലെ കുട്ടികളോടൊത്ത് പഠിക്കുവാനും അവകാശമുണ്ടെന്ന കാര്യം റെസല്യൂഷനില്‍ ഉള്‍പ്പെടുത്തണമെന്ന് ശ്രദ്ധാനന്ദന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതും ഫലം കണ്ടില്ല. ഖാദിപ്രചാരംപോലുള്ള കാര്യങ്ങള്‍ക്ക് വലിയ ഫണ്ട് അനുവദിക്കുകയും എന്നാല്‍ ഈ പ്രചാരങ്ങളെല്ലാം വിജയിപ്പിക്കേണ്ടവരായ വലിയ വിഭാഗം അധഃകൃതരുടെ ഉന്നമനത്തിന്റെ കാര്യത്തില്‍ ഫണ്ട് അനുവദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ, എന്തിനേറെ അവരുടെ കുടിവെള്ളം, വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന കാര്യങ്ങളില്‍പോലും വേണ്ട ശുഷ്കാന്തി കാണിക്കുകയോ ചെയ്യാത്ത കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ഉദാസീനതയെ ശ്രദ്ധാനന്ദജി വിമര്‍ശിക്കുകയും പിന്നാക്കവിഭാഗ ഉപസമിതിയില്‍നിന്നും അദ്ദേഹം രാജിവെച്ചു പുറത്തുപോകുകയും ചെയ്തു.
‘What Congress and Gandhi have done to untouchables’ എന്ന പുസ്തകത്തില്‍ ഡോ. ബി.ആര്. അംബേദ്കര്‍ ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്നുണ്ട്. ദളിതരുടെ ഏറ്റവും മഹാനായ നേതാവായി പലരും ഇന്ന് കണക്കാക്കുന്നത് ഡോ. ബി. ആര്. അംബേദ്കറിനെയാണ്. എന്നാല്‍ അതേ അംബേദ്കര്‍ പ്രസ്തുത പുസ്തകത്തില്‍ സ്വാമി ശ്രദ്ധാനന്ദനെ വിശേഷിപ്പിക്കുന്നത് ‘ദളിതരുടെ ഏറ്റവും മഹാനും ഏറ്റവും സത്യസന്ധനുമായ പോരാളി’ എന്നാണ്.(5) മാത്രമല്ല, ശ്രദ്ധാനന്ദജിക്ക് കോണ്‍ഗ്രസ്സിന്റെ കമ്മിറ്റിയില്‍ തുടരാന്‍ സാധിച്ചിരുന്നുവെങ്കില്‍ നിശ്ചയമായും ദളിതര്‍ക്കായി വളരെ വലിയൊരു പദ്ധതി അദ്ദേഹം സൃഷ്ടിക്കുമായിരുന്നു എന്നും അംബേദ്കര്‍ പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചാല്‍ അധഃകൃതര്‍ക്കായി വലിയ ഫണ്ട് അദ്ദേഹം ആവശ്യപ്പെട്ടേക്കുമോ എന്ന് കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നുവെന്നും, അന്ത്യത്തില്‍ ദളിതരുടെ പ്രശ്നങ്ങളെ ഹിന്ദുമഹാസഭയുടെ കൈകളില്‍ ഏല്‍പ്പിച്ച് സ്വന്തം കൈ കഴുകുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അംബേദ്കര്‍ കുറ്റപ്പെടുത്തുന്നുമുണ്ട്.
ദളിതോദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ശുദ്ധിപ്രസ്ഥാനവുമായി ബന്ധപ്പെട്ടുമുണ്ടായ അസ്വാരസ്യങ്ങള്‍ സ്വാമിജിയെ ഗാന്ധിജിയില്‍നിന്നും കോണ്‍ഗ്രസ്സില്‍നിന്നും അകറ്റിക്കൊണ്ടിരുന്നു. സ്വാമിജി പക്ഷേ തന്റെ ലക്ഷ്യങ്ങളില്‍നിന്നും പിന്തിരിഞ്ഞില്ല, അദ്ദേഹം ഹിന്ദുമഹാസഭയുടെ ഭാഗമായി ശുദ്ധിപ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ആരംഭിച്ചു. അതോടൊപ്പം ആര്യസമാജത്തിനു കീഴില്‍ ദയാനന്ദ് ദളിതോദ്ധാര്‍ മണ്ഡല് രൂപീകരിച്ച് അതിലൂടെ ഫണ്ട് സ്വരൂപിച്ച് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. 250 ആര്യധര്മോപദേശകരെയും, ദളിതോദ്ധാര്‍ ഫണ്ടിലേക്ക് 25 ലക്ഷം രൂപയും സംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, തൊട്ടുകൂടായ്മയെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനുവേണ്ടി, സ്ഥിതിഗതികള്‍ നേരിട്ട് പഠിക്കുന്നതിനായി സ്വാമിജി ദക്ഷിണഭാരതം സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചു.
ഇക്കാലത്താണ് ഇങ്ങ് കേരളത്തില്‍ വൈക്കം സത്യഗ്രഹം ശക്തി പ്രാപിക്കുന്നത്. 1921 സപ്തംബറില്‍ തന്നെ ടി.കെ.മാധവന് ഗാന്ധിജിക്കു മുന്‍പാകെ ക്ഷേത്രപ്രവേശന വിഷയം അവതരിപ്പിക്കുകയും ഗാന്ധിജി അതിനെ അനുകൂലിക്കുകയും ചെയ്തിരുന്നുവെങ്കിലും 1924ലാണ് വൈക്കം സത്യഗ്രഹം ആരംഭിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും എന്തിനേറെ, പട്ടിക്കും പൂച്ചയ്ക്കുംവരെ വഴിനടക്കാന്‍ സാധിക്കുമായിരുന്ന ക്ഷേത്രമതിലിനോടു ചേര്‍ന്നുള്ള വഴിയിലൂടെ അവര്‍ണര്‍ വഴിനടക്കുന്നതിനെ അന്നത്തെ യാഥാസ്ഥിതിക ജാതിവാദികള്‍ അവിദ്യയെ അലങ്കാരമാക്കിയും അധികാരത്തെ ആയുധമാക്കിയും എതിര്‍ത്തുനിന്നു. ആരാധനാസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവുമെല്ലാം നിഷേധിക്കപ്പെടുകയും കല്പിതമായ ജാതീയവിഴുപ്പ് പേറി അവശരാകുകയും ചെയ്ത അവര്‍ണരെ കൂട്ടത്തോടെ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം വരുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും അപ്പോള്‍ നടന്നിരുന്നു.
1923 ജൂണ്‍ 15 ന് മഹാകവി കുമാരനാശാന് മിതവാദി പത്രാധിപര്‍ക്കെഴുതിയ മറുപടിയില്‍ ഇക്കാര്യങ്ങളെ ല്ലാം പരാമര്‍ശിക്കുകയും മതപരിവര്‍ത്തനശ്രമങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. ‘മതപരിവര്‍ത്തനരസവാദം’ എന്ന ലഘുപുസ്തകമായി പിന്നീട് പ്രസിദ്ധം ചെയ്ത ഈ മറുപടിയില്‍ കുമാരനാശാന് ഇങ്ങനെകൂടി എഴുതുന്നു: ”പഞ്ചമനെ അവന്റെ കുടിലില്‍ ചെന്നു പിടിച്ചുകൊണ്ടുവന്ന് ബ്രാഹ്മണനാക്കാന്‍ സഫലമായി യത്നിച്ചുവരുന്ന ദയാനന്ദമതത്തെ എന്തുകൊണ്ട് നിങ്ങള്‍ ബഹുമാനിക്കുന്നില്ല? എന്തുകൊണ്ട് തീയ്യര്‍ക്ക് ആര്യബ്രാഹ്മണനായിക്കൂടാ? മതത്തിന്റെയും സമസൃഷ്ടിസ്നേഹത്തിന്റെയും പേരില്‍ നിങ്ങളുടെ മുറ്റത്ത് നടക്കുന്ന ആര്യസമാജക്കാരുടെ അത്ഭുതകരമായ ഉദാരപ്രവൃത്തികള്‍ ലോകത്ത് ഇന്നുള്ള ഏത് ബുദ്ധസംഘത്തില്‍നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിപ്പാന്‍ കഴിയും? പൂണൂലു കെട്ടാനും ഹോമം കഴിക്കാനും ഉള്ള മടികൊണ്ടായിരിക്കാം നിങ്ങള്‍ അതിനെ സ്വീകരിക്കാത്തത്”
മഹാകവി സൂചിപ്പിച്ച ‘ആര്യസമാജക്കാരുടെ അത്ഭുതകരമായ ഉദാരപ്രവൃത്തികള്‍’ വൈക്കം കേന്ദ്രീകരിച്ചും നടന്നുപോന്നിരുന്നു. ഇതിലൂടെ ഒട്ടേറെ അവര്‍ണരെ, മതപരിവര്ത്തനത്തില്നിന്നും തടഞ്ഞ്, ആര്യബ്രാഹ്മണനാക്കി മാറ്റാന്‍ ആര്യസമാജത്തിന് സാധിച്ചു. അതോടെ അവരുടെ മുന്പില് വൈക്കത്തെ അടഞ്ഞുകിടന്ന വഴികള്‍ തുറക്കാന്‍ തുടങ്ങി. എന്നാലിത് അധികകാലം നീണ്ടുനിന്നില്ല. തങ്ങള്‍ ഉയര്‍ത്തിനിര്‍ത്തിയ തീണ്ടല്പലകകള്ക്ക് തുളവീഴുന്നതു കണ്ട് പരിഭ്രാന്തരായ യാഥാസ്ഥിതിക സവര്‍ണര്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് പുതിയ പ്രഖ്യാപനം പുറപ്പെടുവിപ്പിച്ചു. ആര്യസമാജത്തിലേക്കുള്ള പരിവര്‍ത്തനം അത്തരക്കാരെ അധഃകൃതവിഭാഗത്തില്നിന്നും പുറത്തേക്ക് കൊണ്ടുവരുന്നില്ല എന്നതായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ ശ്രദ്ധാനന്ദജിയും പണ്ഡിറ്റ് ഋഷിറാമും ചേര്‍ന്ന് ഇതിനെതിരെ പ്രതിഷേധവിജ്ഞാപനം പുറത്തിറക്കി. ”ഇതിന്റെ അര്‍ത്ഥം അധഃകൃതവര്‍ഗത്തിലെ ഒരംഗത്തിനെ സംബന്ധിച്ച് അവന് ഹിന്ദുസമാജത്തെയും മതത്തെയും ഉപേക്ഷിച്ചാലല്ലാതെ അവന്റെ സാമൂഹിക ദുര്‍ബലത ഒഴിഞ്ഞുകിട്ടില്ല എന്നാകുന്നു” എന്നാണ് അതില്‍ പറഞ്ഞിരുന്നത്.
ഭാരതത്തിലെ മുഴുവന്‍ ഹിന്ദുസമാജത്തിന്റെയും, വിശേഷിച്ചും ഹിന്ദുമഹാസഭയുടെ തലവനായിരുന്ന മദന്‍ മോഹന്‍ മാളവ്യയുടെയും ശ്രദ്ധ ആകര്‍ഷിക്കാനും നടപടിക്കായി പ്രേരിപ്പിക്കാനും ഈ വിജ്ഞാപനം കാരണമായി. ഹിന്ദുധര്‍മം അപകടത്തിലാണെന്നും ഇതിനെതിരെ സംഘടിതമായ പ്രക്ഷോഭണം അനിവാര്യമാണെന്നും പറഞ്ഞ് ഗാന്ധിജിയില്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തി.(6) വൈക്കം സത്യാഗ്രഹം ദേശീയശ്രദ്ധ ആകര്‍ഷിച്ച ഒരു മഹാപ്രക്ഷോഭമായി മാറുന്നതില്‍, ഇങ്ങനെയൊരു ആര്യസമാജനിമിത്തംകൂടി ഉണ്ടെന്നത് പലര്‍ക്കുമറിയില്ല.
(തുടരും)
ഗ്രന്ഥസൂചിക:
(1) ശ്രീനാരായണഗുരു രചിച്ച ശിവശതകം, ശ്ലോകം രണ്ട്.
Dayanand Commemoration Volume (1933): Sarda Har Bilas, p.1.
3. Speech at Arya samaj annual celebrations, surat, January 2, 1916, The collected works of Mahatma Gandhi, vol 15, p. 123.
4. A Reply to the Mahatma by Dr. B. R. Ambedkar, THE ANNIHILATION OF CASTE, 9.2.
5. Dr. Babasaheb Ambedkar Writings & Speeches Vol. 9. Dr. Ambedkar Foundation. 1991. pp. 23-24.
6. MAHAD: The Making of the First Dalit Revolt, chap.2: The Run-up to Mahad.
.