വൈക്കം സത്യഗ്രഹത്തില്‍(1924-1925) ആഗമാനന്ദസ്വാമികള്ക്കുള്ള പങ്ക് വളരെ നിര്‍ണ്ണായകവും അവിസ്മരണീയവുമാണ്. സ്വന്തം ജീവിതത്തെ മലയാളികള്‍ക്കുവേണ്ടി ഹോമിയ്ക്കുകയും കേരളനാട്ടില്‍ നടമാടിയിരുന്ന ജാതിവ്യത്യാസത്തേയും അനീതിയേയും മാറ്റിയെടുക്കാന്‍ അന്ത്യംവരെ സ്വജീവിതംകൊണ്ടു ശ്രമിയ്ക്കുകയും ചെയ്ത മഹാത്മാവായിരുന്നു ആഗമാനന്ദസ്വാമികള്‍(1896-1961). ശ്രീരാമകൃഷ്ണ-വിവേകാനന്ദസന്ദേശങ്ങള് കേരളത്തിലെങ്ങും പ്രചരിപ്പിച്ച അദ്ദേഹത്തിന്റെ സാന്നിദ്ധ്യമത്രെ ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്ക്കുംശേഷം ആദ്ധ്യാത്മികകേരളത്തിലുണ്ടായ വലിയ ഒരു വിടവു നികത്തുകയുണ്ടായത്. ഇവിടുത്തെ ജാതിവ്യവസ്ഥയ്ക്കു കാരണമായി യാഥാസ്ഥിതികര്‍ ചൂണ്ടിക്കാട്ടിയ ‘ശാങ്കരസ്മൃതി’യ്ക്ക് ആദിശങ്കരാചാര്യരുമായി പുലബന്ധം പോലുമില്ലെന്നും അതു ശങ്കരാചാര്യരുടെമേല് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയ്ക്കു മുമ്പില്‍ വെളിപ്പെടുത്തിക്കൊണ്ടു ശങ്കരനിന്ദയ്ക്കു കാരണമായ വലിയ ഒരു പ്രശ്നം പരിഹരിയ്ക്കുന്ന ദൗത്യമത്രെ ആഗമാനന്ദസ്വാമികള്‍ നിര്വ്വഹിയ്ക്കുകയുണ്ടായത്. ശങ്കരാചാര്യരുടെമേല് ആരോപിതമായ വലിയ ഒരു അപവാദം തിരുത്താന്‍ തനിയ്ക്കാണ് അവസരം കിട്ടിയത് എന്ന് ആഗമാനന്ദസ്വാമികള്‍ പിന്നീടു വെളിപ്പെടുത്തുകയുണ്ടായി. ഗുരുവായൂര്‍ സത്യഗ്രഹത്തിലുള്ള സ്വാമികളുടെ പങ്കും, ക്ഷേത്രപ്രവേശന വിളംബരം നടത്തിയതില്‍ തിരുവിതാംകൂര്‍ ദിവാന് സര് സി.പി. രാമസ്വാമി അയ്യരില്‍ ചെലുത്തിയ സ്വാധീനവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ആഗമാനന്ദസ്വാമികള്‍ വഹിച്ചതെന്നു ബോധ്യമാകും.
ശങ്കരാചാര്യരെക്കുറിച്ചുള്ള തെറ്റിദ്ധാരണയെ നീക്കുന്നു
ടി.കെ. മാധവന്റേയും കെ. കേളപ്പന്റേയും കെ.പി കേശവമേനോന്റേയും മറ്റും നേതൃത്വത്തില്‍ സാധാരണക്കാര്‍ക്കു വഴിനടക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടു നടത്തിയ വൈക്കം സത്യഗ്രഹം രൂക്ഷമാവുകയും മാസങ്ങള്‍ പിന്നിടുകയും ചെയ്ത സാഹചര്യം. ഈ അവസരത്തിലാണു മഹാത്മാ ഗാന്ധി വൈക്കത്തെത്തിയത് (1925 മാര്‍ച്ച് 9). സത്യഗ്രഹപ്പന്തലിലെത്തിയ ഗാന്ധിജി ജാതിവ്യവസ്ഥ നിലനില്‍ക്കണമെന്നാഗ്രഹിച്ച യാഥാസ്ഥിതികരുടെ നേതാവ് പ്രമാണിയായ ഇണ്ടന്തുരുത്തി ദേവന് നീലകണ്ഠന് നമ്പ്യാതിരിയുമായി ചര്‍ച്ച നടത്തി. ഈ സമയത്ത് ഗാന്ധിയുടെ കൂടെ അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവ് ദേശായിയും സി.രാജഗോപാലാചാരിയും മറ്റു സത്യഗ്രഹനേതാക്കളും സന്നിഹിതരായിരുന്നു. അബ്രാഹ്മണനായിരുന്നതിനാല് ഗാന്ധിജിയെ ഇല്ലത്തിനു വെളിയില്‍ പന്തലിട്ടിരുത്തിക്കൊണ്ടായിരുന്നു ഇണ്ടന്തുരുത്തി മനയില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നമ്പ്യാതിരി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യം ‘ശാങ്കരസ്മൃതി’ ആദിശങ്കരാചാര്യരുടേതാണെന്നും അതുകൊണ്ടാണ് ജാതിവ്യവസ്ഥയെ തങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്നതെന്നുമാണ്. ഇതുകേട്ടപ്പോള്‍ ‘ആദിശങ്കരാചാര്യരുടേതാണ് ഈ കൃതിയെങ്കില്‍ സൂക്ഷിച്ചു മാത്രമേ എതിര്‍ക്കാവൂ’ എന്നും തനിയ്ക്കു സംസ്കൃതം അറിയാത്തതിനാല്‍ തന്റെ സുഹൃത്തായ മദന്‍ മോഹന്‍ മാളവ്യയുമായി ചര്‍ച്ച ചെയ്തുകൊണ്ടു മാത്രമേ ഇക്കാര്യത്തില്‍ ഒരു മറുപടി പറയാനാവൂ എന്നും ഗാന്ധിജി നിലപാടെടുത്തു.
മാസങ്ങളായി നീണ്ടുവന്ന വൈക്കം സത്യഗ്രഹത്തിനു ഗാന്ധിജിയുടെ സന്ദര്‍ശനത്തോടുകൂടി ദേശീയ ശ്രദ്ധ കൈവരുമെന്നും സത്യഗ്രഹലക്ഷ്യം സാധിതമാകുമെന്നും കരുതിയിരുന്ന സത്യഗ്രഹികള്‍ക്ക് ഗാന്ധിജിയുടെ നിലപാട് വലിയ തിരിച്ചടിയായി. പെട്ടെന്നുതന്നെ സത്യഗ്രഹ നേതാക്കളില്‍ പ്രമുഖനായിരുന്ന കെ.കേളപ്പന്, ഇവിടെ സംസ്കൃതവും ഇംഗ്ലീഷും കൈകാര്യം ചെയ്യുന്ന കൃഷ്ണന് നമ്പ്യാതിരി എന്ന യുവാവുണ്ടെന്നും ‘ശാങ്കരസ്മൃതി’യിലെ വിഷയമെന്തെന്ന് കൃത്യമായി വിശദീകരിക്കാന്‍ കൃഷ്ണന് നമ്പ്യാതിരിയ്ക്കു കഴിയുമെന്നും ഗാന്ധിജിയോടു നിര്ദ്ദേശിയ്ക്കുകയുണ്ടായി. ‘ശാങ്കരസ്മൃതി’ പരിശോധിച്ചശേഷം കൃഷ്ണന് നമ്പ്യാതിരി ഗാന്ധിജിയെ ധരിപ്പിച്ച കാര്യം ഇതില്‍ നിരവധി വ്യാകരണപ്പിശകുകള്‍ ഉണ്ടെന്നും ശങ്കരാചാര്യരെപ്പോലുള്ള ഋഷിവര്യന്മാരുടെ കൃതികളില്‍ ഇങ്ങനെ സംഭവിയ്ക്കാന്‍ യാതൊരു സാദ്ധ്യതയും ഇല്ലെന്നാണ്. മാത്രവുമല്ല നന്നേ ചെറുപ്പംമുതല്‍ ശങ്കരകൃതികള്‍ പരിചയിച്ചുവരുന്ന ഒരാളെന്ന നിലയില്‍ ശങ്കരകൃതികളിലെ പ്രൗഢിയോ ശ്രേഷ്ഠതയോ ഇതില്‍ ഒട്ടുമേ കാണ്മാനില്ലെന്നും ‘ശാങ്കരസ്മൃതി’ യെത്തന്നെ അടിസ്ഥാനപ്പെടുത്തി വിശദീകരിച്ചുകൊടുത്തു. ”ഈ കൃതിയ്ക്ക് ജഗദ്ഗുരു ശങ്കരാചാര്യരുമായി യാതൊരു ബന്ധവുമില്ല. ഇതൊരു കള്ളപ്രമാണമാണ്”1 എന്ന നമ്പ്യാതിരിയുടെ വിശദീകരണം ഗാന്ധിജിയ്ക്കു ബോധിയ്ക്കുകയും കേവലം 29 വയസ്സു മാത്രം പ്രായമുള്ള കൃഷ്ണന് നമ്പ്യാതിരിയെ അഭിനന്ദിയ്ക്കുകയും ചെയ്തു. ഇങ്ങനെ ‘ശാങ്കരസ്മൃതി’യുടെ നിജസ്ഥിതിയെ ഗാന്ധിജിയ്ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുത്ത കൃഷ്ണന് നമ്പ്യാതിരിയുടെ പ്രവൃത്തി വൈക്കം സത്യഗ്രഹത്തിന്റെ വഴിത്തിരിവിനുതന്നെ കാരണമായിത്തീര്‍ന്നു. ദുരാചാരങ്ങളെ മഹാത്മാക്കളുടെ പേരുവെച്ചു ദുര്‍വ്യാഖ്യാനം ചെയ്ത യാഥാസ്ഥിതികരുടെ തന്ത്രങ്ങള്‍ ഗാന്ധിജിയ്ക്കു ബോദ്ധ്യപ്പെടുകയും അദ്ദേഹം സത്യഗ്രഹത്തെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു.
ഇത്തരത്തില്‍ വൈക്കം സത്യഗ്രഹത്തില്‍ തന്റെ പാണ്ഡിത്യത്താല്‍ സ്വാധീനം ചെലുത്തിയ കൃഷ്ണന് നമ്പ്യാതിരിയുടെ ഇടപെടലുകള്‍ ഗുരുവായൂര്‍ സത്യഗ്രഹസമയത്തും (1931-1932) സജീവമായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ നാട്ടുകാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുവേണ്ടി മലയാളക്കരയുടെ തെക്കോട്ടും വടക്കോട്ടും നിശ്ചയിച്ച പ്രാസംഗികരുടെ നിരയില്‍ പണ്ഡിതശ്രേഷ്ഠനായിരുന്ന കൃഷ്ണന് നമ്പ്യാതിരിയുമുണ്ടായിരുന്നു. നമ്പ്യാതിരിയുടെ പ്രഭാഷണങ്ങള്‍ കേട്ടു താന്‍ വളരെയേറെ പ്രചോദിതനായിട്ടുണ്ട് എന്ന് എകെജി വെളിപ്പെടുത്തിയിട്ടുണ്ട്.2 ആനയ്ക്കുപോലും ക്ഷേത്രത്തില്‍ കയറാമെന്നും സാധാരണ മനുഷ്യര്‍ക്കു കയറാതിരിക്കാന്‍ യഥാസ്ഥിതികര്‍ പറയുന്ന ന്യായീകരണങ്ങള്‍ ശുദ്ധ തട്ടിപ്പാണെന്നും നമ്പ്യാതിരി സാമാന്യജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ഈ കൃഷ്ണന് നമ്പ്യാതിരിയാണ് പിന്നീട് സന്ന്യാസം സ്വീകരിച്ച് ആഗമാനന്ദസ്വാമികളെന്ന പേരില്‍ ശ്രീരാമകൃഷ്ണ-വിവേകാനന്ദസന്ദേശങ്ങളുടെ പ്രചാരകനായിത്തീര്‍ന്നത്. ആഗമാനന്ദസ്വാമികളെ കാണാനായി എകെജി പിന്നീട് (കെ.ആര്. ഗൗരിയമ്മയ്ക്കൊപ്പം) കാലടി ആശ്രമത്തിലെത്തുകയുണ്ടായി.3 ഇത്തരത്തില്‍ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടു മറന്നുപോകുന്ന പല വസ്തുതകള്‍ക്കൊപ്പം ഗുരുവായൂര്‍ സത്യഗ്രഹവുമായി ബന്ധപ്പെട്ട സംഗതികളും വിസ്മരിക്കപ്പെടുകയാണെന്നു ചുരുക്കം. ശ്രീനാരായണ ഗുരുദേവനെ അയിത്തത്തിന്റെ പേരില്‍ വഴിയില്‍ തടയുന്നതറിഞ്ഞ ടി.കെ.മാധവന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇക്കാര്യം അവതരിപ്പിയ്ക്കുകയും പ്രശ്നം ജനശ്രദ്ധയിലേയ്ക്കു കൊണ്ടുവരികയും ചെയ്തതാണു വൈക്കം സത്യഗ്രഹത്തിനു തുടക്കമിട്ട കാര്യം. പിന്നീട് ഈ സമരത്തിന്റെ വിജയത്തിനായി മന്നത്തു പത്മനാഭന്റേയും ഇ.വി.രാമസ്വാമി നായ്ക്കരുടേയുമെല്ലാം ഇടപെടലുകളുണ്ടായി. ശ്രീനാരായണ ഗുരുദേവന്റെ പിന്തുണയായിരുന്നു ഏറ്റവും പ്രധാനമായിത്തീര്‍ന്നത്. ഗുരുദേവന് സത്യഗ്രഹത്തിന്റെ ആവശ്യങ്ങള്‍ക്കായി വൈക്കത്തുള്ള മഠം വിട്ടുകൊടുക്കുക കൂടി ചെയ്തു. ഗുരുദേവനുമായി ആഗമാനന്ദസ്വാമികള്ക്കു വലിയ അടുപ്പമാണുണ്ടായിരുന്നത്.
ആഗമാനന്ദസ്വാമികള്‍ മലയാളികള്‍ക്കായി ചെയ്ത കാര്യങ്ങള്‍
പാണ്ഡിത്യത്തിന്റെ ഗോപുരമായിരുന്ന ആഗമാനന്ദസ്വാമികള്‍ ചെറുപ്പത്തില്‍ ദക്ഷിണേന്ത്യന്‍ രീതിയിലും പിന്നീട് ഉത്തരേന്ത്യന്‍ രീതിയിലുമുള്ള ഭാരതീയദാര്ശനികരീതികളെ പരിചയിച്ച ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു. ‘വാദം എന്തായാലും ആഗമാനന്ദസ്വാമികളുടെ ഭാഗമാണ് വിജയിയ്ക്കുക’ എന്നൊരു ചൊല്ലുതന്നെ പണ്ഡിതന്മാര്ക്കിടയില് ഉണ്ടായിരുന്നു. ശ്രീരാമകൃഷ്ണ-വിവേകാനന്ദസന്ദേശങ്ങള് കേരളത്തിലുടനീളം പ്രചരിപ്പിയ്ക്കാന്‍ പ്രസംഗത്തേയും എഴുത്തിനേയും ഒരുപോലെ ഉപയോഗിച്ച അദ്ദേഹത്തിന്റെ പ്രധാന ആയുധം വാഗ്മിത്തം തന്നെയായിരുന്നു. കേരളത്തിലുടെനീളം ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച ആ വാഗ്ധോരണി പരിചയിക്കാത്ത ആളുകള്‍ അക്കാലത്ത് വിരളമായിരുന്നു. ക്ഷേത്രങ്ങളില്‍ മതപ്രഭാഷണങ്ങള്‍ക്ക് ഇന്ന് കാണുന്ന നിലയില്‍ പ്രചാരണം കൈവന്നത് ആഗമാനന്ദജിയിലൂടെയാണ്. സ്വാമികളാണ് കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്(1936 ഏപ്രില്‍).4 സംസ്കൃത പ്രചാരണ ത്തോടൊപ്പം ശാങ്കരകൃതികളുടെ പ്രചാരണവും ഒപ്പം അദ്ദേഹം നടത്തു കയുണ്ടായി. വേദാന്തസന്ദേശങ്ങളും ശങ്കരാചാര്യകൃതികളും ആദ്യമായി വന്‍തോതില്‍ മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതു സ്വാമികളുടെ സംഘാടകമികവുതന്നെയായിരുന്നു. ഇതിനു മുമ്പ് ശങ്കരകൃതികള്‍ സാമാന്യജന ങ്ങള്‍ക്കിടയില്‍ ഒട്ടുമേ പ്രചരിച്ചിരുന്നില്ല. പുസ്തകങ്ങള്‍ അച്ചടിക്കാന്‍ അദ്ദേഹം ഒരു പ്രസ്സ് തന്നെ ആശ്രമ ത്തില്‍ തുടങ്ങുകയുണ്ടായി. സംസ്കൃത പ്രചാരണങ്ങള്‍ക്കായി ബ്രഹ്മാനന്ദോദയം സ്കൂളുകള്‍ സ്ഥാപിയ്ക്കുകയും ശ്രീശങ്കരാ കോളേജിനു തുടക്കമിടുകയും ചെയ്തു(1954). വിരലിലെണ്ണാവുന്ന കോളേജുകള്‍ മാത്രമുണ്ടായിരുന്ന അക്കാലത്ത് ഒരു കോളേജു സ്ഥാപിയ്ക്കുക എന്നതു നന്നേ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ധനമോ ആള്‍ബലമോ ഒന്നുമില്ലാതിരുന്ന സ്വാമികള്‍ക്ക് അതിനുവേണ്ടി തന്റെ സമയവും ഊര്‍ജ്ജവും മുഴുവന്‍ നല്‍കേണ്ടതായി വന്നു.
ശങ്കരാരാചാര്യരുടെ പേരില്‍ അക്കാലത്തു കാലടിയില്‍ ഒന്നുമേ ഉണ്ടായിരുന്നില്ല. ശങ്കരജന്മസ്ഥാനത്തുണ്ടായിരുന്ന ക്ഷേത്രത്തിനു(1910) ജനങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. വൈദികസംസ്ക്കാരത്തിനു പുനരുജ്ജീവനം നല്കിയ ശങ്കരജന്മസ്ഥാനം ലോകമറിയുന്ന രീതിയില്‍ ആയിത്തീരുമെന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. സ്വാമികളുടെ ശ്രമഫലമായി കാലടി ശ്രീശങ്കരാ കോളേജ് ഉയര്‍ന്നുവന്നത് സൂചിപ്പിയ്ക്കുകയുണ്ടായി. നളന്ദയോ തക്ഷശിലയോ പോലെ ഒരു സര്‍വ്വകലാശാലയായി ഇതിനെ ഉയര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ അറിവിനായി കാലടിയിലേയ്ക്കുവരണമെന്ന ഈ സ്വപ്നമാണ് പിന്നീട് ശ്രീശങ്കര സര്‍വ്വകലാശാലയായി പ്രാവര്‍ത്തികമായത്. കാലടിയും പെരുമ്പാവൂരും തമ്മില്‍ ബന്ധിപ്പിക്കാനായി ഇന്നു കാണുന്ന പാലം നിര്‍മ്മിക്കുന്നതിലും പ്രധാന പങ്കുവഹിച്ചതും സ്വാമികളായിരുന്നു. അന്നത്തെ രാഷ്ട്രപതി ആശ്രമത്തിലെത്തിയ സമയത്ത് (1956)5 സ്വാമികളുടെ പ്രത്യേക ആവശ്യം പരിഗണിച്ചു പാലം അനുവദിയ്ക്കുകയായിരുന്നു. മാത്രമല്ല പാലത്തിനു ‘ശങ്കരപ്പാലം’ എന്നു നാമകരണം ചെയ്തതും സ്വാമികളായിരുന്നു. ഒരു ആയുര്‍വ്വേദ ആശുപത്രിയും ഒരു ഹോസ്റ്റലുംകൂടി കാലടി ആശ്രമത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിയ്ക്കുകയുണ്ടായി. അധഃകൃതരേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ഉയര്‍ത്തുക എന്നത് ഒരു വ്രതമായി കണ്ടിരുന്ന സ്വാമികള്‍ ജാതിക്കോമരങ്ങളുടെ കനത്ത വെല്ലുവിളിയ്ക്കിടയിലും ശ്രീരാമകൃഷ്ണാശ്രമത്തിലെ ക്ഷേത്രത്തില്‍ പൂജാരിയായി വാവക്കുട്ടന് എന്ന ദളിത് ബാലനെ നിയോഗിയ്ക്കുകയും ചെയ്തു. മാത്രമല്ല പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ വിദ്യാഭ്യാസത്തിനായി ആശ്രമത്തില്‍ താമസിപ്പിയ്ക്കുകയും അതു പിന്നീടു ഹോസ്റ്റലായി പരിണമിയ്ക്കുകയും ചെയ്തു. തന്നെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സ്വാമികള്‍ അഭയം നല്‍കുകയും അങ്ങനെ നൂറുകണക്കിനു നിര്‍ധനരായ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തു. ഇതിനു മുമ്പുതന്നെ സ്വാമികള്ക്കിത്തരം സേവാപ്രവര്‍ത്തനം നടത്തി പരിചയമുണ്ടായിരുന്നു. തൃശ്ശൂരിലെ പുതുക്കാട് ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപമുള്ള ക്ഷേത്രത്തില്‍ എല്ലാവര്ക്കും ക്ഷേത്രപ്രവേശനം നല്‍കിക്കൊണ്ട് അന്നത്തെ യാഥാസ്ഥിതകര്ക്കു മുമ്പില്‍ വമ്പിച്ച വെല്ലുവിളി ഉയര്‍ത്തിയതു കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു(1928). ക്ഷേത്രപ്രവേശന വിളംബരം(1936) നടക്കുന്നതിനും എത്രയോ മുമ്പായിരുന്നു ഇത്.6 ‘അവര്‍ണ്ണരെക്കൂടി സവര്ണ്ണരാക്കണം’ എന്ന ആശയമാണു സ്വാമിജി ഇത്തരം ദൗത്യങ്ങളിലൂടെ ഉയര്‍ത്തിയത്.
സ്വാമികള്‍ വളര്‍ത്തിയെടുത്ത തലമുറയാണു പിന്നീടു കേരളനാടിനെത്തന്നെ നയിച്ചതെന്നുകൂടി ഓര്‍ക്കണം. സ്വാമിജിയുടെ ശിഷ്യരായി വളര്‍ന്നുവന്ന ആളുകളത്രെ മാര്‍കിസ്റ്റ് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള, ഹൈന്ദവ ചിന്തകന്‍ പി.പരമേശ്വരന്, ഡോ.എം.എസ്. വല്ല്യത്താന് തുടങ്ങിയവര്‍. സ്വാമിജിയുടെ ആരാധകരില്‍ മഹാകവി ജി.ശങ്കരക്കുറുപ്പും സാഹിത്യകാരന് എന്‍.വി.കൃഷ്ണവാര്യരും എം.എന്‍.വിജയനും, എകെജിയും ഒക്കെ ഉള്‍പ്പെടുന്നു. സ്വാമികളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട ആളുകളാണു ഗുരു നിത്യചൈതന്യയതി, കരുണാകരഗുരു, സ്വാമി ആതുരദാസ്, വിഷ്ണു നാരായണന് നമ്പൂതിരി, എ.ടി. കോവൂര്‍ തുടങ്ങിയവര്‍. മാത്രമല്ല സ്വാമി സ്വപ്രഭാനന്ദ, സ്വാമി ഗോലോകാനന്ദ, സ്വാമി ഭജനാനന്ദ, സ്വാമി സമഗ്രാനന്ദ, സ്വാമി മൃഡാനന്ദ, സ്വാമി ത്രൈലോക്യാനന്ദ തുടങ്ങി നിരവധി സന്ന്യാസിമാരെ വാര്‍ത്തെടുക്കാനും സ്വാമികള്‍ക്കു കഴിയുകയുണ്ടായി. ഓര്മിയ്ക്കേണ്ട പ്രധാന കാര്യം കാലടിയെ കേന്ദ്രമാക്കിക്കൊണ്ട് ആഗമാനന്ദസ്വാമികള്‍ കേരളംമുഴുവന്‍ നടത്തിയ ഈ പ്രവര്‍ത്തനം മിഷനറിമാര്‍, യാഥാസ്ഥിതികര്‍, വിപ്ലവപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കനത്ത എതിര്‍പ്പുകളെ മറികടന്നുകൊണ്ടായിരുന്നു എന്നതത്രെ. സഹായം എവിടെനിന്നു വരുമെന്നറിയാതെ താനേറ്റെടുത്ത ദൗത്യത്തെ മുന്‍നിര്‍ത്തി കേരളജനതയ്ക്കായി സ്വാമികള്‍ ഉരുകിത്തീരുകയായിരുന്നുവെന്നു പറയാം. ‘ആത്മമോക്ഷത്തിനുള്ള മാര്‍ഗ്ഗം ജഗത്ഹിതങ്ങളായ കാര്യങ്ങളില്‍ സജീവമാവുക’ എന്ന വിവേകാനന്ദസന്ദേശത്തെ കേന്ദ്രമാക്കിയുള്ള തപോജീവിതമായിരുന്നു അത്.
ആഗമാനന്ദസ്വാമികളും ശ്രീരാമകൃഷ്ണപ്രസ്ഥാനവും
വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം തുടങ്ങി കേരളത്തെ രൂപപ്പെടുത്തിയ സുപ്രധാനകാര്യങ്ങളെപ്പറ്റി ചിന്തിയ്ക്കുമ്പോള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളായി പിരിഞ്ഞു കിടന്നിരുന്ന കേരളജനതയെ ഇതിനായി സജ്ജമാക്കിയ പശ്ചാത്തലമത്രെ ഓര്‍മ്മിയ്ക്കേണ്ടത്. യാഥാസ്ഥിതികരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തിയ ശ്രീരാമകൃഷ്ണപ്രസ്ഥാനം ഇത്തരത്തില്‍ സമൂഹത്തെ സജ്ജമാക്കുന്നതിലും ശാക്തീകരിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിയ്ക്കുകയുണ്ടായി. വിവേകാനന്ദസ്വാമികള്‍ ‘ഭ്രാന്താലയം’ എന്ന് വിളിച്ചുപോയ മലയാളനാടിനു കൃത്യമായി ചികിത്സ നല്കിയ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തെ കേരളത്തില്‍ ശക്തിപ്പെടുത്തിയതു ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളായിരുന്നു(1863-1938). ഈ നിര്മ്മലാനന്ദസ്വാമികളത്രെ ആഗമാനന്ദസ്വാമികളെ പ്രത്യക്ഷമായി പ്രചോദിപ്പിയ്ക്കുകയും സ്വാധീനിയ്ക്കുകയും ചെയ്തത്. മിക്കവാറും എല്ലാ ശ്രീരാമകൃഷ്ണമഠങ്ങളുംതന്നെ അക്കാലത്തു ദളിത്, അനാഥബാലരെയും മറ്റും താമസിപ്പിച്ചു പഠിപ്പിയ്ക്കുന്ന കേന്ദ്രങ്ങളായിരുന്നു. അക്കാലത്തു ശ്രീനാരായണ ഗുരുദേവന്പോലും സമൂഹത്തില്‍ തനിയ്ക്കു നല്കാനാഗ്രഹിച്ച കാര്യങ്ങള്‍ അറിയിയ്ക്കാന്‍ ഉപയോഗപ്പെടുത്തിയതു ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ മുഖപത്രമായ ‘പ്രബുദ്ധകേരളം’ മാസികയായിരുന്നു. മാത്രമല്ല, കേരളത്തില്‍ ഒരു ആദ്ധ്യാത്മികസംസ്കാരം ഊട്ടിയുറപ്പിക്കാനും പുതിയ ഒരു സന്ന്യാസസംസ്കാരം മലയാളനാട്ടില് കൊണ്ടുവരാനും ശ്രീരാമകൃഷ്ണമഠങ്ങളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടു കഴിഞ്ഞു. കേരളത്തില്‍ വേദാന്തസംസ്കാരത്തെ പുനരുജ്ജീവിപ്പിയ്ക്കാനും ശ്രീരാമകൃഷ്ണവിവേകാനന്ദാശയങ്ങള് നല്കി മലയാളജനതയെ കരുത്തരാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടു കഴിഞ്ഞുവെന്നു ചുരുക്കം.
നിര്‍മ്മലാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടുകൊണ്ടാണ് ആഗമാനന്ദസ്വാമികള്‍ കൂടുതല്‍ പ്രചോദിതനായിത്തീര്ന്നത്. വിവേകാനന്ദസന്ദേശങ്ങള്കൊണ്ടു മനസ്സിനെ ശാക്തീകരിച്ചുകൊണ്ടിരുന്ന ആഗമാനന്ദസ്വാമികള്ക്കു നിര്‍മ്മലാനന്ദസ്വാമികളുടെ സാന്നിദ്ധ്യം അനുഗ്രഹമായിത്തീര്‍ന്നു എന്നതാണു മനസ്സിലാക്കേണ്ടതായ പ്രധാന കാര്യം. ആഗമാനന്ദസ്വാമികളെ ഇത്തരത്തില്‍ പ്രചോദിപ്പിച്ച നിര്‍മ്മലാനന്ദസ്വാമികളുടെ വ്യക്തിത്വവും കരുത്തുംകൂടി മനസ്സിലാക്കിയാലേ ഈ പഠനം പൂര്‍ത്തിയാവുകയുള്ളൂ. വിവേകാനന്ദസ്വാമികള്ക്കുശേഷം അമേരിക്കയില്‍ വേദാന്തപ്രചരണം നടത്തിയശേഷമാണു നിര്‍മ്മലാനന്ദജി കേരളക്കരയെ കര്‍മ്മഭൂമിയായി തെരഞ്ഞെടുത്തത്. ജന്മംകൊണ്ടു ബംഗാളിയായ സ്വാമികളത്രെ കേരളത്തിലെ ആദ്യ ശ്രീരാമകൃഷ്ണമഠം ഹരിപ്പാട് സ്ഥാപിയ്ക്കുകയുണ്ടായത്. ആശ്രമോദ്ഘാടന സമയത്തു സമൂഹത്തിലെ എല്ലാവര്ക്കും ആശ്രമക്ഷേത്രത്തില് പ്രവേശനം നല്കിയതു(1913) വമ്പിച്ച പ്രതിഷേധത്തിനിടയാക്കിയ കാര്യമായിരുന്നു. പിറ്റേ വര്‍ഷം ആശ്രമത്തിന്റെ വാര്ഷികസമയത്താണു കേരളക്കരയെ ഞെട്ടിച്ച ‘സമൂഹ പന്തിഭോജനം’ നടക്കുകയുണ്ടായത്(1914). ‘ഭക്തന്മാര്ക്കു ജാതിയില്ല’ എന്ന ശ്രീരാമകൃഷ്ണസന്ദേശമുയര്ത്തിക്കൊണ്ടാണ് സ്വാമികള്‍ ഇത്തരത്തില്‍ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായത്. മലയാളക്കരയുടെ ചരിത്രത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ഈ സംഭവം ജാതിസംസ്കാരത്തിനേറ്റ ഏറ്റവും വലിയ അടിയായിരുന്നു.7
അക്കാലത്ത് ഇരുപതിലേറെ ശ്രീരാമകൃഷ്ണാശ്രമങ്ങള് നിര്‍മ്മലാനന്ദസ്വാമികള്‍ സ്ഥാപിക്കുകയുണ്ടായി. അങ്ങനെ ശ്രീരാമകൃഷ്ണ-വിവേകാനന്ദസന്ദേശങ്ങളും വേദാന്തസന്ദേശവും സമൂഹത്തില്‍ സാര്‍വ്വത്രികമായിത്തീര്‍ന്നു. പാണ്ഡിത്യത്തിന്റെ വലിയ ഒരു ഇടമായിരുന്ന നിര്‍മ്മലാനന്ദസ്വാമികള്‍ക്ക് ഇംഗ്ലീഷ്, സംസ്കൃതം, ബംഗാളി തുടങ്ങിയ ഭാഷയില്‍ വലിയ അവഗാഹമുണ്ടായിരുന്നു. കേരളത്തിലെ സവര്‍ണ്ണ പ്രമാണിമാരെയും വിദ്യാസമ്പന്നരേയും പണ്ഡിതരേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ഒരുപോലെ സ്വാധീനിയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്വാമികളത്രെ പ്രബുദ്ധകേരളം മാസിക സ്ഥാപിയ്ക്കുകയുണ്ടായത് (1915). മാത്രമല്ല മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ മൂന്നു നാട്ടുരാജ്യങ്ങളിലായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന മലയാളജനതയെ ഒന്നിപ്പിയ്ക്കാനും സ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടായി. കേരളത്തിലെ നമ്പൂതിരിമാര്‍ക്കിടയില്‍ വ്യാപകമായിരുന്ന അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഇല്ലാതാക്കാന്‍ സ്വാമികള്‍ ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുകയുണ്ടായി. വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു ഇതെന്നോര്‍ക്കണം. സ്വാമികളുടെ സമാധിപീഠം നിലകൊള്ളുന്നതു പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്താകുന്നു. മലയാളികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നിര്മ്മലാനന്ദസ്വാമികളുടേയും ആഗമാനന്ദസ്വാമികളുടേയും ജീവിതം നമുക്കേവര്‍ക്കും വലിയ പ്രചോദനസ്രോതസ്സാകുന്നു.
(പ്രബുദ്ധകേരളം മാസികയുടെ പത്രാധിപരാണ് ലേഖകന്‍ )
സൂചികകള്‍
1. സ്വാമി ആഗമാനന്ദസ്മാരകപ്രഭാഷണങ്ങള്‍ – പ്രൊഫ. എസ്. ഗുപ്തന്നായര്, തലനാട് ചന്ദ്രശേഖരന് നായര്‍, പേജ് – 3
2. അതേ പുസ്തകം, പേജ് – 50
3. പ്രബുദ്ധകേരളം മാസിക, വാള്യം-109, പേജ് -49
4. വീരവാണി, ഒന്നാം വാള്യം – തതകത
5. സ്വാമി ആഗമാനന്ദസ്മാരകപ്രഭാഷണങ്ങള്‍ – പ്രൊഫ. എസ്. ഗുപ്തന്നായര്, തലനാട് ചന്ദ്രശേഖരന് നായര്‍, പേജ് – 32
6. വീരവാണി, വാള്യം-2, പേജ് – തഢ
7. നിര്‍മ്മലാനന്ദസ്വാമികളും കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനവും, തുളസീതീര്‍ത്ഥന്‍, പേജ് – 87