ബീഹാര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി ക്കുപ്പായം തുന്നിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രതിപക്ഷത്ത് പ്രധാനമന്ത്രിപദം സ്വപ്‌നം കണ്ടവര്‍ പലരും അത് വെറും ദിവാസ്വപ്‌നമാണെന്നു ബോധ്യപ്പെട്ട് പിന്‍വാങ്ങിയെങ്കിലും അങ്ങനെ പെട്ടെന്ന് പിന്മാറാന്‍ നിതീഷിനെ കിട്ടില്ല. വഴിമുടക്കികളായി നില്ക്കുന്ന പ്രതിപക്ഷ വമ്പന്മാരെ ഒന്നൊന്നായി അരുക്കാക്കിക്കൊണ്ടാണ് ഈ ജനതാദള്‍ നേതാവിന്റെ മാര്‍ച്ച് പാസ്റ്റ്. സ്വന്തം മുന്നണിയിലെ ലാലുവായിരുന്നു ആദ്യ തലവേദന. ബീഹാറില്‍ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടെങ്കില്‍ അത് താനാണ് എന്നായിരുന്നു ലാലുവിന്റെ നിലപാട്. അദ്ദേഹം ജയിലില്‍ കിടന്ന് ഗോതമ്പുണ്ട തിന്ന് പ്രധാനമന്ത്രി സ്വപ്നം കൈവിടാതെ കാത്തിരുന്നു. നിതീഷ് സമയമായപ്പോള്‍ എന്‍.ഡി.എ വിട്ട് പ്രതിപക്ഷത്തിന്റെ തിളങ്ങുന്ന നേതാവായി. നിതീഷിന്റെ മുന്നിലെ പിന്നത്തെ തലവേദന രാഹുലായിരുന്നു. പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ നെഹ്‌റു കുടുംബത്തിലെ ആണ്‍ തരി. പ്രധാനമന്ത്രിയായി കോണ്‍ഗ്രസ്സുകാര്‍ തന്നെ രാഹുലിനെ അംഗീകരിക്കില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ ഐക്യത്തിനു തങ്ങള്‍ പ്രധാനമന്ത്രി സ്ഥാനം ബലി കൊടുക്കുന്നു എന്ന് രാഹുല്‍ പ്രഖ്യാപിച്ചു. നിതീഷിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിക്കണമെന്ന് സ്തുതിപാഠക സംഘം കോറസ് പാടാന്‍ തുടങ്ങി.
കളം തെളിഞ്ഞപ്പോള്‍ നിതീഷ് അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി. വി.പി.സിംഗ് മണ്ഡല്‍ മന്ത്രം പ്രയോഗിച്ചാണ് പ്രധാനമന്ത്രിയായത്. അതേ തന്ത്രം പുറത്തെടുക്കാനാണ് നിതീഷിന്റെ പദ്ധതി. ബി.ജെ.പി രാമമന്ത്രം ജപിച്ചതോടെ മണ്ഡല്‍ ഭൂതം പത്തി താഴ്ത്തി പരക്കംപാഞ്ഞു. ജാതിഭൂതത്തിന്റെ കെട്ട് വിട്ടതോടെ നാട്ടില്‍ സമാധാനം തിരിച്ചു വന്നു. ഇതേ ജാതി ഭൂതത്തെ പുനരവതരിപ്പിക്കാനുള്ള മന്ത്രതന്ത്ര പ്രയോഗത്തിലാണ് ഇപ്പോള്‍ നിതീഷ്. ബീഹാറില്‍ ജാതി സെന്‍സസ് നടത്തുമെന്ന പ്രഖ്യാപനമാണ് ഇതിന്റെ ആദ്യപടി. ജാതി സംവരണം നടപ്പാക്കുമെന്നത് രണ്ടാമത്തെ പടി. നിലവില്‍ ഒ.ബി.സി വിഭാഗത്തിലെ ഭൂരിഭാഗവും ബി.ജെ.പിയുടെ ഒപ്പമാണ്. ജാതി സെന്‍സസ് എന്ന ഭൂതത്തെ രംഗത്തിറക്കി ഈ വിഭാഗത്തിനെ കയ്യിലെടുക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് നിതീഷിന്റെ തുറുപ്പുചീട്ട്. എന്നാലത് വിചാരിച്ച പോലെ അത്ര എളുപ്പമല്ല. ജാതി സെന്‍സസ് ഭൂതത്തെ തളക്കാന്‍ ബി.ജെ.പിയുടെ കയ്യില്‍ നിരവധി ജനക്ഷേമ പദ്ധതികളുണ്ട്. അതുകൊണ്ട് തന്നെ നിതീഷ് തുന്നിച്ചു വെച്ച പ്രധാനമന്ത്രിക്കുപ്പായം പെട്ടിയില്‍ തന്നെ ഭദ്രമായി കിടക്കുകയേയുള്ളൂ.
Comments