രാഷ്ട്രീയ സ്വയംസേവക സംഘം ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ഒരു ആശയത്തിന്റെ മാത്രം അടിസ്ഥാനത്തിലും അല്ല. മറിച്ച് ഒരു ദര്‍ശനത്തിന്റെയും ആദര്‍ശത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. ഭാരതീയതയാണ് ആ ദര്‍ശനം. എന്നാല്‍ അനേകം പുസ്തകങ്ങളും ആശയങ്ങളും സംഘം പ്രതിനിധാനം ചെയ്യുന്ന ഈ ദര്‍ശനത്തിന്റെയും ആദര്‍ശത്തിന്റെയും വിവിധതലങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. അവയെ ഒന്നും സംഘം തിരസ്‌കരിക്കുന്നുമില്ല. ആ ആശയങ്ങളും അവയിലൂന്നിയ നയങ്ങളും വിവിധക്ഷേത്ര പ്രസ്ഥാനങ്ങള്‍ അഥവാ സംഘപരിവാര്‍ എന്നു വിളിക്കപ്പെടുന്ന സംഘടനകളിലൂടെ സമൂഹം ചര്‍ച്ച ചെയ്യുന്നു. ആ പുസ്തകങ്ങള്‍ സംഘസാഹിത്യം എന്ന പേരില്‍ സ്വയംസേവകരുടെയും സമൂഹത്തിന്റെയും മുന്നില്‍ പഠനാര്‍ത്ഥം പ്രചലിതവുമാണ്. ഇക്കൂട്ടത്തില്‍ വിചാരധാരയുടെ സവിശേഷത എന്താണ് എന്നതാണ് ഈ പ്രകരണത്തിന്റെ വിഷയം.
ഭാരതീയദര്‍ശനങ്ങള്‍ ചിരകാലപ്രസക്തവും സര്‍വകാലപ്രഭാവിയും ആണെന്നതിന് ലോകത്തിന്റെ വിവിധ വശങ്ങളില്‍നിന്നും തലങ്ങളില്‍നിന്നും ഉദാഹരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഈ തലമുറ കടന്നു പോകുന്നത്. ആര്‍ഷദര്‍ശനങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് യാഥാര്‍ത്ഥ്യവുമായി തുലനം ചെയ്യപ്പെട്ടത്, സങ്കല്പത്തിന്റെയോ അനുമാനത്തിന്റെയോ അടിസ്ഥാനത്തിലല്ല. ഇസങ്ങളും ദര്‍ശനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതു തന്നെയാണ്. ഒന്ന് യാഥാര്‍ത്ഥ്യവും മറ്റേത് സങ്കല്പവും അഥവാ ഊഹവും ആണെന്നതാണ് വസ്തുത. ദര്‍ശനങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലും ഇസങ്ങള്‍ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലും മനുഷ്യനോടു സംവദിക്കുന്നു. ഇത്തരത്തില്‍ തുലനം ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യവുമായി അടുത്തു നില്‍ക്കുന്നു എന്നതാണ് ഗുരുജി ഗോള്‍വല്‍ക്കറുടെ വിചാരധാരയുടെയും സവിശേഷത. വിചാരധാരയില്‍ പ്രതിപാദിക്കപ്പെട്ടത് ഒരു ദര്‍ശനമാണ്, ഇസമല്ല. ഇസങ്ങള്‍ പ്രത്യേക ലക്ഷ്യം വെച്ച് സംസാരിക്കുമ്പോള്‍ ദര്‍ശനങ്ങള്‍ അനുഭവവേദ്യങ്ങളായ ചില സത്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് സംസാരിക്കുന്നു. അതുകൊണ്ടാണ് ഇസങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ചിന്തിക്കുമ്പോഴും അതിനെ അധിഷ്ഠിതമാക്കി താരതമ്യം ചെയ്യുമ്പോഴും വിചാരധാര പലരെയും അസ്വസ്ഥരാക്കുന്നത്. പ്രസിദ്ധീകരിച്ചിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും അതിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു സാമൂഹികചര്‍ച്ച അപ്രസക്തവും അപൂര്‍ണ്ണവും ആകുന്ന വിധം ഭാരതത്തിന്റെ സാമൂഹികമേഖലയില്‍ മുദ്ര പതിപ്പിച്ച പുസ്തകമാണ് വിചാരധാര.
ഭാരതീയ സംസ്‌കാരം ഒരു ഗ്രന്ഥത്തിലോ പ്രവാചകനിലോ സമ്പ്രദായത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ല എന്ന് സകലമതക്കാരും മതേതരക്കാരും വരെ മനസ്സിലാക്കി കഴിഞ്ഞു. എന്നിട്ടും ഹൈന്ദവ സംസ്‌കാരം ഒരു ഗ്രന്ഥത്തില്‍ ഉണ്ടായിരിക്കും അല്ലെങ്കില്‍ ഉണ്ടായിരിക്കണം എന്നു കരുതി അതിനെ സമീപിക്കുന്ന ശൈലിയാണ് ഇക്കൂട്ടര്‍ സ്വീകരിച്ചിരിക്കുന്നത്. ഏതാണ്ട് ഇതേ രീതിയാണ് സംഘത്തെക്കുറിച്ചും വിചാരധാരയെക്കുറിച്ചും വിശകലനം ചെയ്യാനും ഇവര്‍ അവലംബിച്ചിരിക്കുന്നത്. സംഘത്തിന്റെ ആശയങ്ങളും സ്വയസേവകന്റെ ആദര്‍ശവും പ്രാര്‍ത്ഥനയിലും പ്രതിജ്ഞയിലും പറഞ്ഞിട്ടുണ്ട്. അത് മാത്രമാണ് ആധാരവും. എന്നാല്‍ അതിന്റെ ചരിത്രവും ദൗത്യവും കൈവഴികളും സ്വയംസേവകര്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രഥമസ്ഥാനം വിചാരധാരയ്ക്ക് തന്നെയാണ്.
വിചാരധാരയുടെ പശ്ചാത്തലം
സംഘം തുടങ്ങിയ സമയത്ത് അതിന്റെ സ്ഥാപകന്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു ആശയം പറഞ്ഞു കൊടുത്തുകൊണ്ട് അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാന്‍ പറഞ്ഞില്ല. പകരം തന്റെ ജീവിതം കൊണ്ട് അത് കാണിച്ചു കൊടുത്തു. അങ്ങനെയാണ് ആശയത്തിന് പകരമായി ആദര്‍ശം സംഘത്തിന്റെ മുഖമുദ്രയായത്. അദ്ദേഹത്തിന്റെ മരണാനന്തരം രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ ആ ജീവിതം പുസ്തകരൂപത്തിലാക്കപ്പെട്ടു. അതായിരുന്നു സ്വയംസേവകരാല്‍ പഠിക്കപ്പെടണം എന്ന ഉദ്ദേശ്യത്തില്‍ പ്രസിദ്ധീകൃതമായ ആദ്യ മുഖ്യകൃതി. അതിനു മുന്‍പും ചില ചെറിയ പുസ്തകങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ശ്രീഗുരുജിയുടെ അവതാരികയോട് കൂടി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകമായിരുന്നു അന്ന് സമഗ്രവും ആധികാരികവുമായ സംഘകൃതി. ആദ്യകാലങ്ങളില്‍ രണ്ടു ദിവസം മുതല്‍ രണ്ടു – രണ്ടര മാസങ്ങള്‍ വരെ നീണ്ടു നിന്നിരുന്ന രാജകീയ വര്‍ഗ്ഗുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശിബിരങ്ങളില്‍ കൂടിയാണ് സംഘചിന്തകള്‍ ബൗദ്ധികദൃഷ്ടിയില്‍ പരിശീലിപ്പിക്കപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും. എങ്കിലും ആദര്‍ശദൃഢതയെ പരിപോഷിപ്പിക്കാന്‍ ബൗദ്ധികവ്യായാമവും കൂടി അത്യാവശ്യമാണ് എന്നതിനാല്‍ ഒരു സംഘടന എന്ന നിലയില്‍ പുസ്തകങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സംഘത്തിനും സാധിക്കുമായിരുന്നില്ല. സംഘസ്ഥാപകന്‍ ഡോക്ടര്‍ജിയും ആദ്യപ്രചാരകന്‍ ബാബാ സാഹേബ് ആപ്‌ടെജിയും വിവേകാനന്ദ ദര്‍ശനങ്ങള്‍ വായിക്കാനാണ് അക്കാലത്ത് സ്വയംസേവകരോട് ആവശ്യപ്പെട്ടത്. കാരണം വിവേകാനന്ദസ്വാമികളും ശ്രീരാമകൃഷ്ണദേവനും പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ ഒരു ദര്‍ശനമല്ലായിരുന്നു സംഘം പിന്തുടര്‍ന്നതും. ഈ ദാര്‍ശനിക പാരമ്പര്യത്തില്‍ നിന്നുമാണ് ശ്രീഗുരുജിയുടെ സംഘപ്രവേശവും തുടര്‍ന്നുള്ള ചുമതലാ നിര്‍വഹണവും എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഗുരുജിയുടെ ഈ ദാര്‍ശനിക പാരമ്പര്യം ശരിവെക്കുന്ന സമീപനം ഡോക്ടര്‍ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

ഒരു വ്യക്തി എന്ന നിലയിലും ഒരു ദാര്‍ശനികന്‍ എന്ന നിലയിലും ഒരു സ്വയംസേവകന്‍ എന്ന നിലയിലും ഒരു സര്‍സംഘചാലകന്‍ എന്ന നിലയിലും സംഘ ആദര്‍ശത്തെക്കുറിച്ചും നയനിലപാടുകളെക്കുറിച്ചും സംവദിക്കാനുള്ള ശ്രീഗുരുജിയുടെ ക്ഷമതയും സാമര്‍ത്ഥ്യവും ഔന്നത്യവും ഡോക്ടര്‍ജിയുടെ കാലത്ത് തന്നെ അംഗീകരിക്കപ്പെട്ടതായിരുന്നുവെന്ന് സാരം.
1940 ല്‍ സംഘത്തിന്റെ സര്‍സംഘചാലകനായതിനു ശേഷം ഗുരുജി നടത്തിയ പ്രഭാഷണങ്ങളുടെയും ചര്‍ച്ചകളുടെയും ചില കുറിപ്പുകളുടെയും സമാഹരണമാണ് വിചാരധാര. 1960 ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ജിയുടെ ജീവചരിത്രത്തിലൂടെ സംഘത്തിന്റെ ആദര്‍ശത്തെ തൊട്ടറിയാന്‍ സ്വയംസേവകര്‍ക്ക് സാധിച്ചു. എന്നാല്‍ സംഘത്തിന്റെ നയനിലപാടുകളെയും സംഘത്തിന്റെ കര്‍മ്മകരണങ്ങളെയും രീതിസമ്പ്രദായങ്ങളെയും പരിചയപ്പെടാന്‍ പര്യാപ്തമായ ഒരു പുസ്തകം അന്നുണ്ടായിരുന്നില്ല. 1960 കള്‍ വൈദേശികമായ സൈനിക ആക്രമണങ്ങളുടെയും വൈദേശികമായ ഇസങ്ങളുടെ ബൗദ്ധിക ആക്രമണത്തിന്റെയും കാലഘട്ടമായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയപരമായ വഴിത്തിരിവുകളും ബാബാ സാഹേബ് അംബേദ്കര്‍ മുന്നോട്ടുവെച്ച ദളിത് സങ്കല്‍പത്തിന്റെ നൂതന വഴിത്തിരിവുകളും വീരസാവര്‍ക്കര്‍ മുന്നോട്ടു വെച്ച ഹിന്ദുത്വ ആശയത്തിന്റെ വകഭേദത്തിന്റെ ചര്‍ച്ചാകാലവും ഒക്കെ കടന്നുവന്ന ഒരു സൈദ്ധാന്തിക മരുഭൂമിയില്‍ ആയിരുന്നു ഭാരതീയന്‍. മരുപ്പച്ചയേത് മരീചികയേത് എന്ന് തിരിച്ചറിയാനാവാത്ത വിധം ദാര്‍ശനിക പ്രതിസന്ധി നിലനിന്നിരുന്ന ഒരു അക്കാദമിക സമൂഹത്തിന്റെ മുന്നിലേക്കാണ് ശ്രീഗുരുജിയുടെ വിചാരധാരയുടെ അമൃതവര്‍ഷം. ആ കാലം ഏതെന്നും അന്ന് ഭാരതം എങ്ങോട്ട് പൊയ്‌ക്കൊണ്ടിരുന്നുവെന്നും മനസ്സിലാക്കുമ്പോള്‍ ആണ് വിചാരധാരയുടെ ദേശീയപ്രാധാന്യം വെളിവാക്കുക. ഏതാണ്ട് ഇക്കാലത്തു തന്നെയാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ബഞ്ച് ഓഫ് ഓള്‍ഡ് ലെറ്റര്‍സ് പ്രചാരം നേടിയെടുത്തതും.
തന്റെ കാലശേഷം ഗുരുജി സര്‍സംഘചാലകനാവണം എന്ന തീരുമാനം ഡോക്ടര്‍ജി വെളിപ്പെടുത്തിയത് യാദവ്‌റാവു ജോഷിയോടായിരുന്നു. അക്കാലത്ത് കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ നിര്‍ണ്ണയപ്രകാരമാണ് വിചാരധാര പിറവി കൊള്ളുന്നത്. അക്കാലത്ത് ഒരു ശസ്ത്രക്രിയ കഴിഞ്ഞു മൂന്നുമാസം വിശ്രമജീവിതം നയിച്ചു കൊണ്ടിരുന്ന കര്‍ണ്ണാടകത്തിലെ തന്നെ തന്റെ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തനോട് ഗുരുജിയുടെ കൃതികള്‍ സമാഹരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ മൂന്ന് മാസക്കാലം കൊണ്ട് അദ്ദേഹം ഗുരുജിയുടെ ”ബഞ്ച് ഓഫ് തോട്ട്‌സ്” തയ്യാറാക്കി. അതിനുശേഷം കേരളത്തില്‍ ചികിത്സയിലായിരുന്ന ഗുരുജിയെ കാണാന്‍ യാദവ്‌റാവുജിയും കര്‍ണ്ണാടക പ്രാന്ത സംഘചാലകന്‍ നരസിംഹ ആചാരിജിയും എത്തി. വിചാരധാരയുടെ കരടു പ്രതി അവര്‍ ഗുരുജിക്ക് നല്‍കി. ഗുരുജിയുടെ പ്രതികരണം സഹജവും പ്രതീക്ഷിതവും ആയിരുന്നു.
അദ്ദേഹം യാദവ് റാവുജിയോട് പറഞ്ഞു, ”ഞാന്‍ സംസാരിച്ചത് സ്വയംസേവകരോട് മാത്രമാണ്. എന്നാല്‍ ആ പ്രസംഗങ്ങള്‍ പുസ്തകമാകുമ്പോള്‍ അത് സംസാരിക്കുക സ്വയംസേവകരോട് മാത്രമല്ല. മുഴുവന്‍ വായനക്കാരോടും ആയിരിക്കും. അതുകൊണ്ട് ഇതു പ്രസിദ്ധീകരിക്കണം എന്നത് ആവശ്യമാണോ എന്ന് ഒന്നുകൂടി ചിന്തിക്കണം”. ആ തീരുമാനത്തിനുള്ള അവകാശവും അധികാരവും ഗുരുജിക്ക് നല്‍കിക്കൊണ്ട് യാദവ്‌റാവുജി പുസ്തകം അദ്ദേഹത്തിന് സമര്‍പ്പിച്ചു. ഗുരുജിയാവട്ടെ അത് ഇരുപതിയെട്ട് ദിവസം കൊണ്ട് വായിച്ചു തിരുത്തി അവര്‍ക്ക് തിരിച്ചു നല്‍കി. അങ്ങനെ ഈ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ ഉണ്ടാവാന്‍ പോകുന്ന ചര്‍ച്ചകള്‍ മുന്‍കൂട്ടി കണ്ടതിനു ശേഷം തന്നെയാണ് ആ അതികായര്‍ ഈ തീരുമാനം കൈക്കൊണ്ടത് എന്നത് വ്യക്തം. ഈ തീരുമാനത്തിന് നിദാനം മറ്റൊന്നുമല്ല. ബൗദ്ധികമോ പ്രായോഗികമോ ആയ ഏതുതരം വിമര്‍ശനങ്ങളെയും നേരിടാനും അതിജീവിക്കാനുമുള്ള ആദര്‍ശശക്തി സംഘത്തിന് അന്നുണ്ടായിരുന്നു, എന്നും ഉണ്ടാകും എന്നുള്ള ഉറച്ച വിശ്വാസം ആയിരുന്നു അത്. 1966 ഫെബ്രുവരിയില്‍ ഗുരുജിയുടെ പിറന്നാള്‍ ദിവസം വിചാരധാര ഒറീസയില്‍ ഗുരുജിയുടെ കൈകളില്‍ സമര്‍പ്പിക്കപ്പെട്ടു. മൂന്ന് വര്‍ഷത്തിനുള്ളില്‍ മിക്കവാറും എല്ലാ ഇതരഭാഷകളിലും ആ പുസ്തകം ഇറങ്ങി. മലയാളത്തില്‍ വിചാരധാരയായും, കന്നടയില്‍ ചിന്തനഗംഗയായും തമിഴില്‍ ചിന്തന തുള്ളിയായും മറാത്തിയില്‍ വിചാരനവനീതമായും ബഞ്ച് ഓഫ് തോട്ട്‌സ് പ്രസിദ്ധീകരിക്കപ്പെട്ടു. 1980ല്‍ വിചാരധാര ഒന്നുകൂടി വിപുലീകരിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്നെ ഇന്നുയരും പോലുള്ള ചില ചോദ്യങ്ങള്‍ അന്നും ഉയര്‍ന്നിരുന്നു. ഗുരുജി ജീവിച്ചിരിക്കെ തന്നെ. ഇക്കാരണം കൊണ്ട് തന്നെ ഇതു ഗുരുജിയുടെ കൃതി ആണോ എന്ന സംശയവും അന്നും ചിലര്‍ക്ക് ഉണ്ടായിരുന്നു. ഇക്കാര്യം ബാബാ സാഹേബ് ആപ്‌ടെജി ഇനിയൊരു സംശയത്തിനു സാധുത ഇല്ലാത്ത വിധം അന്ന് സ്പഷ്ടമാക്കിയിരുന്നു. ഗുരുജി വായിച്ചു നോക്കി തിരുത്തിയതിനു ശേഷം പ്രസിദ്ധീകരിച്ചതിനാല്‍ ഇതു ഗുരുജിയുടെ തന്നെ കൃതിയാണ് എന്നദ്ദേഹം സംശയാലുക്കളോട് വ്യക്തമാക്കി. ഗുരുജിയുടെ ദാര്‍ശനികമായ ആധികാരികതയെ ഡോക്ടര്‍ജിയും ആപ്‌ടെജിയും യാദവ് റാവുജിയും ഉള്‍പ്പെടെയുള്ള ഒന്നാം തലമുറ സംഘപ്രവര്‍ത്തകര്‍ ശരിവെച്ചിരുന്ന കാര്യം ഇവിടെ സൂചിപ്പിച്ചുവെന്ന് മാത്രം.

ഇപ്പോഴത്തെ പൂജനീയ സര്‍സംഘചാലകന്‍ പറഞ്ഞതും ഇതു തന്നെ
2018 ല്‍ ദില്ലിയില്‍ നടന്ന ഒരു പരിപാടിയില്‍ ഇപ്പോഴത്തെ സര്‍സംഘചാലകന്‍ ഡോ.മോഹന്‍ജി ഭാഗവത് വിചാരധാരയെ തള്ളിപ്പറഞ്ഞു എന്നും, അല്ലെങ്കില്‍ അത് ആധികാരികവും ചിരകാലപ്രസക്തവുമല്ല എന്നും പറഞ്ഞുവെന്ന ഒരു പ്രചാരണം നടക്കുന്നുണ്ട്. സ്വയംസേവകരില്‍ ചിലരെങ്കിലും ഈ പ്രചരണങ്ങളില്‍ വീണു പോയിട്ടുമുണ്ട്. എന്നാല്‍ ഇതു തികച്ചും വാസ്തവവിരുദ്ധമാണ്. വിചാരധാര ഒരു കൃതി എന്ന നിലയ്ക്ക് അപ്രസക്തമാണെന്നോ അതിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നോ മോഹന്‍ജി ഭാഗവത് പറഞ്ഞിട്ടില്ല. വായിക്കുന്നവര്‍ക്ക് ആശയക്കുഴപ്പം തോന്നുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അവ അന്നത്തെ പരിതഃസ്ഥിതിക്കു അനുയോജ്യമായി എഴുതപ്പെട്ടതാണ്, അത് മനസ്സിലാക്കി വായിക്കണം എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം. കൂടാതെ ഗുരുജിയുടെ തന്നെ ”ദൃഷ്ടിയും ദര്‍ശനവും” എന്ന കൃതി വായിക്കണമെന്നും അത് ചിരകാലപ്രസക്തമായ ആശയങ്ങള്‍ മാത്രം ഉള്ളതാണെന്നും അദ്ദേഹം സംശയം ചോദിച്ച വ്യക്തിയോട് പറയുകയുണ്ടായി. അതിനര്‍ത്ഥം വിചാരധാരയിലെ ചില ഭാഗങ്ങള്‍ മാത്രം വായിച്ചു ഗുരുജിയെയോ സംഘത്തെയോ വിലയിരുത്തേണ്ടതില്ല എന്നാണ്, വിചാരധാരയെ തള്ളിക്കളയുന്നു എന്നല്ല. പോരാത്തതിന് ഈ ചോദ്യകര്‍ത്താവിനോട് സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്തെന്നാല്‍ സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ വിചാരധാര വായിക്കുമ്പോള്‍ ഇത്തരം സന്ദേഹങ്ങള്‍ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭാഷണത്തില്‍ എവിടെയും വിചാരധാരയെ തള്ളിക്കളയുന്ന സമീപനം അദ്ദേഹം സ്വീകരിച്ചിട്ടില്ല.
എന്താണ് വിചാരധാരയുടെ പ്രതിപാദ്യം
ശ്രീമദ് ഭഗവദ്ഗീതയില്‍ നിര്‍ദേശിച്ചത് പ്രകാരവും(18:14) സംഘപ്രവര്‍ത്തകന്‍ എന്ന പുസ്തകത്തില്‍ ദത്തോപന്ത് ഠേംഗ്ഡിജി വിശദീകരിച്ചത് പ്രകാരവും ഏതൊരു കാര്യത്തിനും ഒരു അധിഷ്ഠാനത്തിന്റെ ആവശ്യകതയുണ്ട്. ഈ അടിത്തറയിലാണ് കാര്യനിര്‍വഹണം നടക്കുന്നത്. കഴിഞ്ഞ ആറു ദശകങ്ങളായി സ്വയംസേവകനെ സംബന്ധിച്ച് ഈ കൃത്യമാണ് വിചാരധാര നിര്‍വ്വഹിച്ചു പോരുന്നത്. ശ്രീഗുരുജി ദൃഷ്ടിയും ദര്‍ശനവും, സമ്പൂര്‍ണ്ണകൃതികള്‍, സംഘപ്രവര്‍ത്തകന്‍ സങ്കല്‍പം കര്‍മ്മപഥത്തില്‍ എന്നീ പുസ്തകങ്ങളൊക്കെ പിറവി കൊള്ളുന്നതിനും മുമ്പ് തന്നെ വിചാരധാര ഈ ദൗത്യം ചെയ്യുന്നു. സ്വയംസേവകര്‍ക്ക് സംഘപ്രവര്‍ത്തനത്തിനിടയില്‍ ദാര്‍ശനികമായ സംശയനിവാരണത്തിനു മാത്രമുള്ള ഒരു മാന്വല്‍ അല്ല വിചാരധാര. മറിച്ച് അവനു ദൗത്യബോധം നല്‍കുന്ന ആശയങ്ങളുടെ സമീകൃതമായ വിശകലനമാണ് വിചാരധാര. സംഘ ആശയം പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യാന്‍ തക്കവിധം ഒരു പുസ്തകം സമ്പൂര്‍ണ്ണമല്ല എന്നതിനര്‍ത്ഥം ആ പുസ്തകം അപ്രസക്തമാണ് എന്നല്ല. വിചാരധാരയ്ക്ക് എന്നല്ല ഒരു പുസ്തകത്തിനും സംഘആദര്‍ശം പ്രതിനിധാനം ചെയ്യാന്‍ സാധ്യമല്ല എന്നിരിക്കെ, വിചാരധാരയ്ക്ക് നേരെ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളെ ഭയക്കുകയോ ചോദ്യങ്ങള്‍ക്ക് അനുസൃതമായി തിരുത്തുകയോ ചെയ്യുക എന്നതല്ല അഭികാമ്യമായ പ്രവൃത്തി. വിചാരധാരയില്‍ പറഞ്ഞ ആശയങ്ങളുടെ പുനര്‍ വായനയാണ് പ്രതിവിധി.
ഏതൊരു സ്വയംസേവകനും അല്ലെങ്കില്‍ ദേശസ്‌നേഹിയായ ഭാരതീയനും ഒരു ജീവിത ലക്ഷ്യവും കര്‍മ്മബോധവും പകര്‍ന്നു നല്‍കുന്ന ഗ്രന്ഥമാണ് വിചാരധാര. ഒരു ഭാരതീയന് അവന്റെ രാഷ്ട്രത്തെ സംബന്ധിക്കുന്ന വീക്ഷണവും അവനവന്റെ കഴിവിനും കാലഘട്ടത്തിനും അനുസരിച്ച് രാഷ്ട്രത്തിന് വേണ്ടി എന്തു ചെയ്യാന്‍ കഴിയും എന്നതിന്റെ മാര്‍ഗരേഖയുമാണ് വിചാരധാര. ക്രമാനുഗതമായി വികസിക്കുന്ന ഒരു സിലബസ് പോലെ ആധികാരികവും കണ്‍മുന്നില്‍ വരച്ചു കാണിക്കുന്ന ചിത്രം പോലെ ജീവസ്സുറ്റതുമായ ചരിത്രവര്‍ണ്ണനാ ശൈലിയാണ് വിചാരധാരയില്‍ അവലംബിച്ചിരിക്കുന്നത്. ഇതിനുമപ്പുറം ധൈഷണികവും ധാര്‍മ്മികവുമായ സത്യസന്ധതയും കൂടി ചേര്‍ന്നപ്പോഴാണ് കാലത്തെ കവച്ചുവെച്ച ചര്‍ച്ചകള്‍ക്ക് വിചാരധാര പാത്രമായത്.
മെല്ലെ മെല്ലെ വികസിക്കുന്ന ആശയമാണ് ഇതിന്റെ ആഖ്യാനത്തില്‍. ഒരു സംഘശിബിരത്തിന്റെ ബൗദ്ധിക് വിഷയങ്ങളില്‍ നിന്നും മനസ്സിലാക്കി എടുക്കേണ്ട ആശയങ്ങള്‍ അതേ ക്രമത്തില്‍ തന്നെ വിചാരധാരയിലും കാണാം. ഒരു രാഷ്ട്രോപാസകന്റെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ വിവരിക്കുന്ന നാലുഘട്ടങ്ങള്‍ ചേര്‍ന്നതാണ് വിചാരധാര. പൊന്നുംകുടത്തിനു പൊട്ടുചാര്‍ത്തുന്ന പോലെ മനോഹരവും അനുഗ്രഹീതവുമായ ‘എന്റെ ആദര്‍ശമൂര്‍ത്തി’ എന്ന അനുബന്ധം കൂടി ചേരുമ്പോള്‍ സ്വയംസേവകനെ സംബന്ധിച്ച് ഈ ആശയപര്യടനം പൂര്‍ണ്ണമാകുന്നു.
ഒരു രാഷ്ട്രപ്രേമിയുടെ ദൗത്യം എന്താണ്, അഥവാ എന്തു കര്‍മ്മമാണ് തന്റെ ജീവിതകാലത്ത് ഈ രാഷ്ട്രത്തിന് വേണ്ടി നമുക്ക് ചെയ്യാന്‍ ഉള്ളത് എന്ന് ഗുരുജി വിശദമാക്കുന്നു. ആദ്യത്തെ എട്ട് അദ്ധ്യായങ്ങള്‍ ഈ ആശയം വ്യക്തമാക്കുന്നു. നമ്മുടെ ആഗോള ദൗത്യം എന്ന അദ്ധ്യായം മുതല്‍ പ്രവര്‍ത്തന കാഴ്ചപ്പാട് എന്ന അധ്യായം വരെ ചിട്ടപ്പെടുത്തിയ ഒന്നാം ഭാഗത്തിലും തത്കാലീനമായ ഉദാഹരണങ്ങള്‍ ഗുരുജി നല്‍കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. താന്താങ്ങളുടെ ദൗത്യം എന്തെന്ന് മനസിലാക്കിയതിനു ശേഷം അതിന്റെ തുടര്‍ച്ച എന്നോണം വേണം മറ്റു ഭാഗങ്ങളെ വിലയിരുത്താന്‍.
ഏതു രാഷ്ട്രത്തിന്റെ ഹിതത്തിനു വേണ്ടിയാണോ താന്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും, തന്റെ പ്രവൃത്തിയുടെ വൈശിഷ്ട്യം എന്തെന്നും മനസ്സിലാക്കിയതിനു ശേഷമാണു രണ്ടാം ഭാഗത്തിലേക്കുള്ള വായനാപ്രവേശം. രാഷ്ട്രവും അതിന്റെ പ്രശ്‌നങ്ങളും എന്നതാണു രണ്ടാം ഭാഗം. 13 അദ്ധ്യായങ്ങള്‍ ഉള്ള ഈ ഭാഗത്ത് ഭാരതം അന്നു നേരിട്ട ചില പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും ഒരു ചരിത്രകാരന്റെ ദൃഷ്ടിയില്‍ ഗുരുജി എടുത്തുപറഞ്ഞിരിക്കുന്നു. പോരാത്തതിനു രാഷ്ട്രനിര്‍മ്മാണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ അമരക്കാരന്‍ എന്ന നിലയിലും കറകളഞ്ഞ ദേശഭക്തന്‍ എന്ന നിലയിലും അത്യപാരമായ ക്രാന്തദര്‍ശിത കൈമുതലാക്കിയ ധിഷണാശാലി എന്ന നിലയിലും ഗുരുജി തന്റെ വീക്ഷണങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നു. ഈ മാതൃഭൂമിയുടെ ചരിത്രപരവും ഭൂപരവുമായ സവിശേഷതകളും രാഷ്ട്രജീവിതത്തില്‍ കടന്നുകൂടിയ ന്യൂനതകളും ഗുരുജി ഈ ഭാഗത്തിലെ പത്ത് അധ്യായങ്ങളില്‍ എണ്ണിപ്പറയുന്നുണ്ട്. അവസാനത്തെ മൂന്നു അധ്യായങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ആന്തരിക ഭീഷണികള്‍.
ദൗത്യബോധമുള്ള പ്രവര്‍ത്തകന്‍ വഴിമദ്ധ്യേ നേരിടാന്‍ പോകുന്ന ഭീഷണികളെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ചൂണ്ടിക്കാണിച്ചു എന്നതാണ് ഗുരുജി ഈ ഭാഗത്ത് ചെയ്തത്. ഈ ഭീഷണികളെക്കുറിച്ച് ബോധ്യം വന്നതിനു ശേഷമാണ് സ്വയംസേവകന്റെ വഴി ഏതെന്ന് ഗുരുജി പറയുന്നത്. 15 അധ്യായങ്ങളാണ് ”വൈഭവത്തിലേക്കുള്ള മാര്‍ഗ്ഗം” എന്ന മൂന്നാം ഭാഗത്തില്‍ ഉള്ളത്.
ദൗത്യവും മാര്‍ഗ്ഗവും പ്രതിസന്ധിയും പറഞ്ഞതിനുശേഷം നാലാം ഭാഗത്തിലാണ് ഗുരുജി ഇതിനുള്ള സാധനയെ സംബന്ധിച്ച മാര്‍ഗദര്‍ശനം നല്‍കുന്നത്. ദൗത്യം അതിമഹത്തരം ആണെന്നിരിക്കെ, മാര്‍ഗ്ഗം അതികഠിനം ആണെന്നിരിക്കെ, ഭീഷണികള്‍ അത്യന്തം ശക്തമാണെന്നിരിക്കെ സാധന ഇതിനൊക്കെ പോന്നതാവണം എന്നതാണ് വ്യംഗ്യം. ഇതാണ് വിചാരധാരയുടെ നാലാം ഭാഗം ”വ്യക്തിനിര്‍മ്മാണം”. ആയിത്തീരാനും ആക്കിതീര്‍ക്കാനുമുള്ള സാധകരോടുള്ള സാധകന്റെ ആഹ്വാനം. അതിന് ആത്മവിശ്വാസം നല്‍കുന്ന ”എന്റെ ആദര്‍ശമൂര്‍ത്തി” എന്ന അനുബന്ധവും.
ഇതെല്ലാം കൂടി ചേര്‍ന്നതാണ് വിചാരധാര. ഇതിന്റെ എല്ലാത്തിന്റെയും ഒരുമിച്ചുള്ള വായനയാണ് ഇതിന്റെ വായന. നമ്മുടെ ആഗോളദൗത്യത്തില്‍ നിന്നും ലക്ഷ്യബോധമുള്ള മനുഷ്യനിലേക്കുള്ള ഒരു സ്വയംസേവകന്റെ യാത്രയില്‍ ഒരു ചെറിയ ചൂണ്ടുപലക മാത്രമാണ് ആന്തരിക ഭീഷണികള്‍.
എന്താണ് ആന്തരിക ഭീഷണികളില്‍ പറയുന്നത്?
യഥാര്‍ത്ഥത്തില്‍ ആന്തരിക ഭീഷണികളെക്കുറിച്ച് ഗുരുജി പറയുന്നത് ഈ മൂന്നു അധ്യായങ്ങളില്‍ മാത്രമല്ല. ഇതിന് തൊട്ടു മുമ്പുള്ള അധ്യായത്തിലും ഈ ഭീഷണികളെ അദ്ദേഹം വിവരിക്കുന്നു. ആ അദ്ധ്യായമാകട്ടെ 1962 ല്‍ നെഹ്റു രൂപീകരിച്ച ദേശീയോദ്ഗ്രഥന കമ്മിറ്റിക്ക് അയച്ച കത്തിന്റെ പൂര്‍ണ്ണരൂപമാണ്. ഈ ഭീഷണികള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് തടസ്സമാണെന്ന് നെഹ്റുവിനോട് പറഞ്ഞ വ്യക്തിയായിരുന്നു ഗുരുജി എന്നു ചുരുക്കം. ഈ ഗുരുജിയെ തന്നെയാണ് അടുത്തവര്‍ഷം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അതേ നെഹ്റു തന്നെ ക്ഷണിച്ചതും.

ഇനി ആന്തരിക ഭീഷണികളിലേക്ക് വരാം. ഈ കത്തിന്റെ ഒരു വികസിതരൂപമാണ് പിന്നീടുള്ള മൂന്നു അദ്ധ്യായങ്ങള്‍. ഈ മൂന്ന് അദ്ധ്യായങ്ങളും ചില ചരിത്രസത്യങ്ങളെ ഉദാഹരണസഹിതം പറയുന്ന മൂന്നു ലേഖനങ്ങള്‍ മാത്രമാണ്. ഈ മൂന്നു ഭീഷണികളുടെയും സ്വരൂപത്തെയും സ്വഭാവത്തെയും കുറിച്ച് സ്വയംസേവകര്‍ ധാരണ ഉള്ളവരായിരിക്കണം എന്ന ഉറച്ചബോധ്യത്തില്‍ നിന്നും ഉയിര്‍കൊണ്ട ശക്തമായ ആശയങ്ങള്‍ തന്നെയാണിത്.
ഇതില്‍ ഒന്നാമത്തെ ഭീഷണി എന്നത്, മുസ്ലിം മതതീവ്രവാദത്തെക്കുറിച്ചാണ്. 1946 ലെ പ്രത്യക്ഷ നടപടിയും (Direct Action) അതിനു ശേഷം ഉണ്ടായ ഭാരതവിഭജനവും അതിനു ശേഷം ഉണ്ടായ അസംഖ്യം കുട്ടി പാകിസ്ഥാന്‍ മുറവിളികളും ആര്‍ക്കും ഒരിക്കലും നിഷേധിക്കാനാവാത്ത ചരിത്രസത്യങ്ങളാണ്. ഈ ചരിത്രദുഃഖങ്ങളുടെ ആവര്‍ത്തനം ഉണ്ടാവാതിരിക്കാന്‍ സ്വയംസേവകന്‍ എങ്ങനെ ജാഗ്രത പുലര്‍ത്തണം എന്നതാണ് വിഷയം. അതിന്റെ ഉദാഹരണങ്ങള്‍ ഗുരുജി അക്കമിട്ടു നിരത്തുന്നു. അന്നത്തെ ബംഗാളിന് ശേഷം കശ്മീരിലും കേരളത്തിലും ആസാമിലും കൂടുതല്‍ ജാഗ്രത വേണം എന്ന ഗുരുജിയുടെ മുന്നറിയിപ്പുകള്‍ എത്രത്തോളം ശക്തമായിരുന്നു എന്നതിന്റെ തെളിവുകള്‍ ഇന്നത്തെ സമൂഹം കണ്ടുകൊണ്ടിരിക്കുന്നു എന്നത് കൊണ്ടാണ് ഈ അദ്ധ്യായം വായിക്കുമ്പോള്‍ ഇന്നും ചിലര്‍ക്ക് ഇപ്പോഴും രാഷ്ട്രീയഭീതി ഉണ്ടാവുന്നത്. ശ്രദ്ധിക്കേണ്ട വസ്തുത ഇതൊന്നുമല്ല. ആന്തരിക ഭീഷണികള്‍ എന്ന ഈ അധ്യായം അവസാനിക്കുന്നത് ദേശീയവാദികളായ നല്ല മുസ്ലീങ്ങള്‍ എന്ന ഉദാഹരണ സഹിതമുള്ള പരാമര്‍ശത്തോടെയാണ്. ഈ ഭാഗം മാത്രം മനസ്സിരുത്തി വായിച്ചാല്‍ സമദൃഷ്ടിയുള്ളവര്‍ക്കും സത്യദൃഷ്ടിയുള്ളവര്‍ക്കും ഗുരുജി പറയുന്ന ആശയം വ്യക്തമാവും.
ഏതാണ്ട് ഇതേ കാര്യം തന്നെയാണു മതപരിവര്‍ത്തകര്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും ഗുരുജിക്ക് പറയാനുള്ളത്. ഈ അധ്യായത്തില്‍ ലോകമാന്യ തിലകനെയും നിയോഗി കമ്മിറ്റിയെയുമാണ് ആധികാരികമായി പരാമര്‍ശിക്കുന്നത്. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ബൈബിള്‍ വായിച്ച് പഠിച്ച ഗുരുജി പറഞ്ഞത് മതപരിവര്‍ത്തകര്‍ ക്രിസ്തുദേവന്റെ അന്തസ്സിനു കളങ്കം ചാര്‍ത്തും എന്നതിനാല്‍ അതു നിര്‍ത്തണം എന്നാണ്. മതം തെറ്റാണ് എന്നല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനം തെറ്റാണ് എന്നാണ് ഗുരുജി പറഞ്ഞത്.
മൂന്നാമതായി മാര്‍ക്‌സിസ്റ്റ് നിഷേധികള്‍ ഉയര്‍ത്തിയ വെല്ലുവിളികളും ഭീഷണികളും ആണ്. ആ വിഘടനവാദ ഭീഷണികള്‍ ഈ പ്രകരണത്തില്‍ വിശദീകരിക്കേണ്ട ആവശ്യമില്ലാത്ത വിധം ഓരോ ഭാരതീയനും സ്വയം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
ഈ ഭീഷണികളെ സംബന്ധിച്ച് ഇക്കാര്യം തന്നെയാണ് സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയും ഡോക്ടര്‍ അംബേദ്കറും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവതരിപ്പിച്ചത്. ഇക്കാര്യം ഗുരുജി പറയുമ്പോള്‍ മാത്രം ചര്‍ച്ചയാവുന്നത് അദ്ദേഹം നേതൃത്വം നല്‍കിയ പ്രസ്ഥാനധാരയുടെ മുന്നേറ്റം കൊണ്ടുള്ള അസ്വസ്ഥതകള്‍ കാരണമാണ്. വിചാരധാര സംവദിക്കുന്നത് രാഷ്ട്രചിന്തയുള്ള വ്യക്തികളോടാണെങ്കില്‍ ഇക്കാര്യം വിശദീകരിക്കേണ്ട ആവശ്യമില്ല. നമുക്ക്, നാം എന്ന സംബോധനകള്‍ ഈ കൃതിയില്‍ ഉടനീളം കാണാം. അതായത് രാഷ്ട്രപ്രേമികള്‍ക്കുള്ള കൈപ്പുസ്തകമായിട്ടാണ് വിചാരധാര അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ എഴുതിയ വാക്കുകള്‍ക്കു വേണ്ടി ജിഹാദ് ഉണ്ടാക്കാനല്ല വിചാരധാര പറയുന്നത്. ഇതു വായിക്കാതെ പോയതുകൊണ്ട് ഈ രാഷ്ട്രം ഒരു കുരുതിക്കളമാവരുത് എന്ന ഉദ്ദേശ്യം കൊണ്ട് മാത്രമാണ് ആ ചരിത്രസത്യങ്ങള്‍ വിചാരധാര വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഭീഷണി എന്ന് അന്നദ്ദേഹം പറഞ്ഞ അവസ്ഥ ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നില്ല എന്നത് ഒരു വാദത്തിനു വേണ്ടി മാത്രം അംഗീകരിക്കാം (മോദി ഫോബിയ കൊണ്ടാണെങ്കില്‍ പോലും). എങ്കിലും ഈ ഭീഷണി എന്നത് ഏതു സമയത്തും വരാവുന്ന ഒരു മൗലിക സ്വഭാവത്തിന്റെ ഭാഗമാണെങ്കില്‍ ആ ഭീഷണി എക്കാലത്തും നിലനില്‍ക്കും എന്നതാണ് സത്യം. അതുതന്നെയാണ് ഗുരുജി പറഞ്ഞതും. അദ്ദേഹം അത് സധൈര്യം എഴുതി എന്നു മാത്രം. അല്ലെങ്കില്‍ എഴുതിയ ചരിത്ര സത്യങ്ങള്‍ വെട്ടിക്കളഞ്ഞില്ല എന്നു മാത്രം. ഈ സവിശേഷ ഗുണമാണ് ഗുരുജി ഗോള്‍വല്‍ക്കറെ കറകളഞ്ഞ ചരിത്രകാരന്‍, നിര്‍ഭയനായ ദേശഭക്തന്‍ എന്നീ ഗുണങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതും.