മെയ് 13 ഭാവുറാവു ദേവറസ് ചരമദിനം
മൂന്നാമത്തെ പൂജനീയ സര്‍സംഘചാലകനായ ബാളാസാഹേബ് ദേവറസ്ജി ആ ചുമതല ഏറ്റെടുത്തപ്പോള്‍ നടത്തിയ ബൗദ്ധിക് സംഘത്തിന്റെ കര്‍മ്മശാസ്ത്രപരമായ കാഴ്ചപ്പാടില്‍ അതിപ്രധാനമാണ്. ആദ്യത്തെയും രണ്ടാമത്തെയും പൂജനീയ സര്സംഘചാലകന്മാര് രണ്ടു മഹദ് വ്യക്തികളായിരുന്നു. ഞാനൊരു സാധാരണക്കാരനാണ്. എങ്കിലും ‘ദേവദുര്ലഭരായകാര്യകര്ത്താക്കള് കൂടെയുള്ളതുകൊണ്ട് ഈ ചുമതലാനിര്‍വഹണം എനിക്ക് എളുപ്പമായിരിക്കും എന്നായിരുന്നു ബാളാസാഹേബിന്റെ പ്രഭാഷണത്തിന്റെ ചുരുക്കം. വളരെ വലിയൊരു കര്‍ത്തവ്യനിര്‍വഹണം വളരെ വലിയൊരു തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ വളരെ ചെറിയ കാര്യമായി ദേവറസ്ജി അതിലളിതമായി അവതരിപ്പിക്കുകയായിരുന്നു. ഈ തത്വം അന്നുതൊട്ടിന്നേക്ക് സംഘജീവിതത്തില്‍ നമുക്ക് നേരിട്ട് കാണാനും അനുഭവിക്കാനും സാധിക്കുന്നുമുണ്ട്. ഡോക്ടര്‍ജിയുടെ കാലത്ത് അദ്ദേഹത്തെ നേരിട്ടു കണ്ടറിഞ്ഞവര് ‘മുന്നിലോ നീയുണ്ടെന്നാകില്‍ എന്തെനിക്കസാധ്യം’ എന്നു ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ക്രമേണ പടര്‍ന്നു പന്തലിച്ച് ഫലപുഷ്പാദികളണിഞ്ഞ സംഘവൃക്ഷത്തെ ഇന്നു കാണുന്നവര്‍, അതിന്റെ വിജയരഹസ്യമന്വേഷിച്ചെന്നു വരാം. ആ വിജയരഹസ്യത്തിന്റെ മന്ത്രതാക്കോലാണ് ദേവറസ്ജിയുടെ ഈ വാക്കുകളിലുള്ളത്. ദേവദുര്‍ലഭരായ കാര്യകര്തൃഗണമുണ്ടെങ്കില് എന്തു നമുക്കസാധ്യം എന്ന തലത്തിലേക്ക് ഈ തത്വം വളര്‍ന്നിരിക്കുന്നു.
ഈ മൂന്നു വാക്കുകളും വിശ്ലേഷണം ചെയ്ത് ചിന്തിച്ചതിനു ശേഷം വിഷയപ്രവേശം ചെയ്യാം. ദേവദുര്‍ലഭര്‍, കാര്യകര്‍തൃഗണം, കുടെയുണ്ടാവുക എന്നതാണ് ചെറിയ വാക്കുകള്‍. മൂന്നു വാചകങ്ങളും സ്വയം മനസ്സിലാക്കാവുന്ന തരത്തില്‍ ലളിതമാണ്. ഇതില്‍ ദേവദുര്‍ലഭര്‍ എന്നതാണ് അത്യന്തം സവിശേഷം. ഓരോ വിഷയത്തിലും സിദ്ധരാവുക, അതിന്റെ അധിപരാവുക, അതിന്റെ പൂജകരാല്‍ പൂജ്യനാവുക എന്നതാണ് ഓരോ ദേവന്റെയും കടമ. അഗ്നിക്ക് അതിന്റെയും വായുവിന് അതിന്റെയും അശ്വിനിമാര്ക്ക് അവരുടെയും വ്യതിരിക്തതകളുണ്ട്. അപ്രകാരം സിദ്ധഹസ്തതയും ശുദ്ധഹൃദ്യതയുമുള്ള മഹാന്മാരായ മനുഷ്യരെക്കുറിച്ചാണ് ദേവറസ്ജി പറഞ്ഞ ദേവദുര്‍ലഭര്‍. അക്ഷരാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ഗുണം സംഘത്തിന് അന്നുമുണ്ടായിരുന്നു, ഇന്നുമുണ്ട്. ഇങ്ങനെയുള്ള ദേവദുര്‍ലഭരായ കാര്യകര്‍തൃഗണത്തില്‍ അഗ്രഗണ്യനായി ബാളാസാഹേബിന്റെ അനുജനും മരണം വരെ കൂടെയുണ്ടായിരുന്നു എന്നതാണ് വിധിയുടെ അനുഗ്രഹം. അതിനുശേഷം അനേകം ദേവദുര്‍ലഭരെ സംഘത്തിനകത്ത് തയ്യാറാക്കി സുലഭമാക്കി എന്നതാണ് ഭാവുറാവു ദേവറസ്ജിയുടെ പ്രത്യേകത. അദ്ദേഹത്തിന്റെ കൈകളാല്‍ രാഷ്ട്രവേദിയില്‍ അര്‍ച്ചനം ചെയ്യപ്പെട്ട പുഷ്പങ്ങള്‍ പലതും ദേവലാകോദ്യാനങ്ങളില് പോലും വിടരാത്ത കല്പവൃക്ഷങ്ങളായിരുന്നു. രജുഭയ്യ, ദീനദയാല്‍ ഉപാധ്യായ, അടല്‍ബിഹാരി വാജ്പേയി, അശോക് സിംഘാള്‍, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ ഉദാഹരണങ്ങള്‍. സംഘപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ വിശേഷണങ്ങളോ വിശദീകരണങ്ങളോ ആവശ്യമില്ലാത്ത പേരുകളാണിവ. അറിയപ്പെടുന്ന കാര്യകര്‍ത്താക്കള്‍ക്കു പുറമെ അറിയപ്പെടാത്ത അനേകായിരം കാര്യകര്‍ത്താക്കളെയും ഭാവുറാവുജി വളര്‍ത്തിയെടുത്തിട്ടുണ്ട്. സുദര്‍ശന്‍ജി, ബാപ്പുറാവു മോഘെ തുടങ്ങിയ നിരവധി പേരുടെ ബൗദ്ധികമായ വളര്‍ച്ചയിലും ഭാവുറാവുജിയുടെ നിറസാന്നിധ്യം കാണാം.
ഇപ്രകാരമാണ് ദേവദുര്‍ലഭരെ പുതിയ രണ്ടാം തലമുറയില്‍ ഭാവുറാവുജി സുലഭമാക്കിയത്.
1917 നവംബര്‍ 19ന് നാഗ്പൂരിലായിരുന്നു ജനനം. മധുകര്‍ ദത്താത്രേയ എന്ന ബാളാസാഹേബ് ദേവറസിന് അനന്ദന് മുരളീധര്‍ ദത്താത്രേയ എന്ന ഭാവുറാവു ദേവറസ് ആണ് ഒരര്‍ത്ഥത്തില്‍ ദേവദുര്‍ലഭ സഹവര്‍ത്തിത്വത്തിന്റെ ആദ്യാനുഭൂതികള്‍ പകര്‍ന്നു നല്‍കിയത്. അദ്ദേഹത്തിന്റെ അനുജനായി ജനിച്ച്, സുഹൃത്തായി വളര്‍ന്ന്, സഹപ്രചാരകനായി ജീവിച്ച്, സഹസര്‍കാര്യവാഹായി സഹായിച്ച് വീണ്ടും അനുജനായി മരിച്ചു. ഇതാണ് ഭാവുറാവു ദേവറസിന്റെ സംഗ്രഹജീവിതചിത്രം. ചേട്ടന്റെ നിഴലായി തുടങ്ങി സര്‍സംഘചാലകന്റെ സഹ സര്‍കാര്യവാഹായി തീരുവാന്‍ ഭാഗ്യം സിദ്ധിച്ച സ്വയംസേവകന് കര്‍മ്മപഥത്തിലൊരിടത്തും അദ്ദേഹം ചേട്ടനാല്‍ അറിയപ്പെട്ട വ്യക്തിയായിരുന്നില്ല. തനിമയുള്ള ശൈലിയും ഗരിമയുള്ള വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റേത്.
1927 ല്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ശാഖാപ്രവേശം. ആദ്യകാലത്ത് കുശപഥക്കില്‍ പ്രവേശനം കിട്ടാതിരുന്നപ്പോള്‍ അതിലെത്താന്‍ വേണ്ടി കാത്തിരുന്ന കുശാഗ്രനായ വിദ്യാര്‍ത്ഥി. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ വലിയ കുട്ടികളോടൊപ്പം പെരുമാറാനായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. പിന്നീട് കുശപഥക്കില്‍ അംഗമായി- തുടര്‍ന്ന് നാഗ്പൂരിലെ ‘കേളിബാഗ്’ശാഖയുടെ കാര്യവാഹുമായി. അതിനുശേഷമാണ് സംഘകിരണപ്രസരണത്തിനായി ഡോക്ടര്‍ജി തെരഞ്ഞെടുത്ത പത്തു കുട്ടികളിലൊരാളായി ചരിത്രപരമായ നിയോഗമുണ്ടാകുന്നത്. 1937 ല്‍ ഉന്നതവിദ്യാഭ്യാസത്തിനും സംഘപ്രചാരണത്തിനുമായി അദ്ദേഹം മഹാരാഷ്ട്രം വിട്ട് ഉത്തര്‍പ്രദേശിലെ ലഖ്നൗവിലേക്ക് പോയി.
കുശപഥക്കുകാരനായിരുന്ന ചേട്ടന് ദേവറസ് പഠനം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ നേടിയ ഒന്നാം റാങ്കും സ്വര്‍ണ്ണപ്പതക്കവും ഗുരുദക്ഷിണ ചെയ്യുന്നത് അനിയന് ദേവറസ് കണ്ടിരുന്നു. പഠനം കഴിഞ്ഞ് ചേട്ടന് പ്രചാരകനായി പോവുമ്പോള്‍ അനിയന്റെ മനസ്സില്‍ എന്തായിരുന്നുവെന്ന് ആര്‍ക്കറിയാം. എന്തായാലും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടു മെഡലുകളുമായി അനിയനും എത്തി. ഒരു സ്വര്‍ണ്ണമെഡലും ഒരു വെള്ളിമെഡലും. ലഖ്നൗ സര്‍വ്വകലാശാലയിലെ ആ വര്‍ഷത്തെ ബി.കോമിന്റെ ഒന്നാം റാങ്കും എല്‍.എല്‍.ബി.യുടെ രണ്ടാം റാങ്കും, നാഗ്പൂര്‍ ശാഖയില്‍ പരമപവിത്ര ഭഗവധ്വജത്തിന്റെ കീഴില്‍ അര്‍പ്പിക്കപ്പെട്ടു. ചേട്ടന് ഒരു മെഡല്‍ ഗുരുദക്ഷിണ ചെയ്യുന്നത് കണ്ടുപഠിച്ച അനിയന് രണ്ടു മെഡലുകള്‍ ഗുരുദക്ഷിണ ചെയ്തു. രണ്ടുപേരും ഡോക്ടര്‍ജിയുടെ പാതയില്‍ ഭാരതരാഷ്ട്രത്തിന്റെ ചിരന്തന യാത്രയില്‍ പങ്കാളികളായി. ജ്യേഷ്ഠാനുജന്മാര് പ്രചാരകന്മാരാവുന്നത് ഇക്കാലത്ത് വലിയ അത്ഭുതമൊന്നും അല്ലെങ്കിലും, അതിന് തുടക്കം കുറിച്ച അത്ഭുത സഹോദരങ്ങള്‍ ഇവരായിരുന്നു. സൂക്ഷ്മതലത്തില്‍ അതിന്റെ യശസ്സിനവകാശി ഭാവുറാവുജിയാണ്. കാരണം, അനിയനാണല്ലോ രണ്ടാമത് തീരുമാനം എടുത്തത്. അപ്രകാരം പ്രചാരക സഹോദരന്മാര്ക്കിടയിലെ സഹോദരപ്രചാരകന്മാരുടെ പരമ്പരയാരംഭിച്ചത് ഭാവുറാവുജിയാണെന്ന് പറയാം.
പഠനത്തിലെ സാമര്‍ത്ഥ്യം റാങ്കുകള്‍ കൊണ്ട് വ്യക്തമാക്കപ്പെട്ടുവല്ലോ. പഠനത്തോടൊപ്പം തന്നെ ശാഖാപ്രവര്‍ത്തനത്തിലും അദ്ദേഹം നിപുണനായിരുന്നു. സമാജോന്മുഖമായ കാര്യശൈലിയായതിനാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും അദ്ദേഹം ശോഭിച്ചു. ലക്നൗവില്‍ കോളേജ് യൂണിയന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മുരളീധര്‍ ദേവറസ് ഏവര്‍ക്കും പ്രിയങ്കരനായ വിദ്യാര്‍ത്ഥി നേതാവായി മാറി. 1938 ല്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഗമത്തില്‍ ആരായിരിക്കണം അതിഥിയെന്ന ചര്‍ച്ച വന്നപ്പോള്‍, നേതാജിയെ വിളിക്കാമെന്ന് പറഞ്ഞത് മുരളീധറായിരുന്നു. ഇത്ര വലിയ രാഷ്ട്രനേതാവിനെ നാം വിളിച്ചാല്‍ ഇവിടെ എത്തിക്കാന്‍ സാധിക്കുമോ എന്നു പലരും ശങ്കിച്ചു. കോളേജ് വഴി നേതാജിയെ ക്ഷണിക്കുകയും അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തപ്പോള്‍ അധ്യക്ഷനായത് മുരളീധര്‍ ദേവറസായിരുന്നു. പഠനവും പോരാട്ടവും സമ്പര്‍ക്കവും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി മുരളീധര്‍ മുന്നോട്ടുപോയി. ആര്യസമാജത്തിലെയും വിപ്ലവസ്ഥാനങ്ങളിലെയും വ്യക്തികളുമായി ബന്ധപ്പെട്ടു. കഴിവുറ്റ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കത്തിലായി. കോളേജ് യൂണിയനും അനുബന്ധകാര്യക്രമങ്ങളുമായി മുന്നോട്ടുപോയി. പക്ഷെ, പ്രതീക്ഷിച്ച പോലെ പ്രതീക്ഷിച്ച നിലവാരത്തില്‍ ശാഖ മാത്രം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഒരര്‍ത്ഥത്തില്‍ യുവത്വത്തിന്റെ പ്രസരിപ്പിലും പൊതുകാര്യപ്രസക്തിയുടെ പകിട്ടിലും മുരളീധര്‍ പൂര്‍ണ്ണമായും സംഘകാര്യത്തില്‍ ബദ്ധശ്രദ്ധനായില്ല. വിദ്യാര്‍ത്ഥികളുടെ ശാഖ തുടങ്ങി ഒരു വര്‍ഷമായിട്ടും അദ്ദേഹത്തിന് സ്ഥാനീയശാഖ തുടങ്ങാന്‍ സാധിച്ചില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഡോക്ടര്‍ജിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.
ഈ കത്തിനുള്ള ഡോക്ടര്‍ജിയുടെ മറുപടിയാല്‍ അദ്ദേഹം മുഗ്ദ്ധമോഹനമായകളില്‍ നിന്നും മുക്തനായി എന്നു പറയാം. സംഘടനാശാസ്ത്രത്തില്‍ മാത്രമല്ല സംഘാടന മനഃശാസ്ത്രത്തില്‍ കൂടി നിപുണനായ ഡോക്ടര്‍ജി ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആശയം വ്യക്തമാക്കി. ഔദ്യോഗികമായി ശാഖ തുടങ്ങിയില്ലെങ്കിലും നൂറുകണക്കിന് വ്യക്തികളില്‍ സംഘാഭിമുഖ്യം വളര്‍ത്തിയതും, സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി നേതൃത്വത്തില്‍ എത്തിയതും ചെറിയ കാര്യങ്ങളല്ലെന്ന് പറഞ്ഞ് ഡോക്ടര്‍ജി അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. വരാന്‍ പോകുന്ന നാഗ്പൂര്‍ ശിബിരത്തിലെക്ക് ചിലരെ തെരഞ്ഞുപിടിച്ചു അയക്കണമെന്നും, ആത്മവിശ്വാസത്തോടെ മുമ്പോട്ടു പോയാല്‍ ഈ വര്‍ഷം ശാഖ തുടങ്ങാനാവുമെന്നും ഡോക്ടര്‍ജി പറഞ്ഞു. ഡോക്ടര്‍ജിയുടെ ആ കത്തിലെ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരിചിന്തനീയമാണ്. ഒരു പ്രശംസ, ഒരു ആശംസ, ഒരു പ്രത്യാശ. ഇതു മൂന്നിലും ഒളിഞ്ഞിരിക്കുന്ന സൂചന അഥവാ മുന്നറിയിപ്പും സംഘശാഖ നടക്കാനുള്ള അന്തരീക്ഷമുണ്ടാക്കിയതിനുള്ള പ്രശംസയും, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള ആശംസയും, ഈ വര്‍ഷം തന്നെ ശാഖ തുടങ്ങാമെന്നുള്ള പ്രത്യാശയും ഡോക്ടര്‍ജി നല്കി, പോരാത്തതിന് കാര്യനിപുണനായ ഒരു നേതാവുണ്ടായാല്‍ മാത്രം പോരാ. സംഘത്തിന്റെ പ്രശിക്ഷണം ലഭിച്ച സഹപ്രവര്‍ത്തകര്‍ കൂടി ഉണ്ടായാല്‍ മാത്രമേ സ്ഥാനീയ ശാഖകള്‍ നിത്യനിയമിതമാവൂ എന്ന സൂചനയും നല്കി. ഈ വാക്കുകള്‍ മുരളീധറില്‍ ആശ്വാസമുണ്ടാക്കി, ആവേശമുണര്‍ത്തി, ഒപ്പം അദ്ദേഹത്തിന്റെ ഉള്ളം തെളിയുകയും ചെയ്തു. ഇതിന്റെ ഫലമായി 1938 ല്‍ ലഖ്നൗവിലെ രകാബ്ഗഞ്ച് എന്നയിടത്തില്‍ ആദ്യത്തെ സ്ഥാനീയ ശാഖ ആരംഭിച്ചു.
ലഖ്നൗവിലെ പ്രചാരകജീവിതത്തിനിടയില്‍ ഒട്ടനവധി പ്രമുഖരെ കാണാനും ഇടപഴകാനും ഭാവുറാവുവിന് അവസരം ലഭിച്ചു. നേതാജി, വിപ്ലവകാരിയായ സചീന്ദ്രസന്യാല്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പെടും. ആര്യസമാജത്തിന്റെ യുവജന വിഭാഗം നേതാവായിരുന്ന തേജ് നാരായണനെ അദ്ദേഹം സമ്പര്‍ക്കം ചെയ്ത് സ്വയംസേവകനാക്കി. പില്ക്കാലത്ത് ഇദ്ദേഹം സംഘചാലകനായി പ്രവര്‍ത്തിച്ചു. രജുഭയ്യയെയും ദീനദയാല്‍ജിയെയും അശോക്ജി സിംഘാളിനെയും ബാപ്പുറാവു മോഘയെയും പോലുള്ള മഹാരഥികളെ കണ്ടെത്തി കടഞ്ഞെടുത്ത് അമൃതവാഹകരാക്കി മാറ്റണമെങ്കില്‍ എന്തുമാത്രം സൂഷ്മദൃഷ്ടിയോടെയും ദീര്‍ഘദര്‍ശിതയോടെയുമായിരിക്കാം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്ന് നമുക്കൂഹിക്കാം. ഓരോ കാര്യകര്‍ത്താവിനെയും പ്രത്യേകം ശ്രദ്ധിച്ച്, അവരുടെ കഴിവിനും തികവിനും അനുസരിച്ച് അവരോടു പെരുമാറി. അതേസമയം തന്നെ അവരിലെ കുറവുകള്‍ നികത്താനും സാധിച്ചു. ഈ ഗണത്തില്‍പ്പെട്ട ഓരോ മഹാരഥന്മാരെയും അവരുടെ വികാസഘട്ടത്തില്‍ എങ്ങനെയാണ് ഭാവുറാവുജി കൈകാര്യം ചെയ്തതെന്ന് ചിന്തിച്ചാല്‍ ഈ വസ്തുത വെളിവാകും.
അനുഗൃഹീതമായ ധിഷണാവൈഭവം കൊണ്ടും അനുശാസിതമായ ജീവിതശൈലികൊണ്ടും ആരാലും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ദീനദയാല്‍ജിയുടേത്. ഭാരതീയ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചും ദര്‍ശന പദ്ധതിയെക്കുറിച്ചും റാങ്കുകാരനായ യുവ ദീനദയാലിന് അഭിരുചിയും അഭിജ്ഞാനവുമുണ്ടായിരുന്നു. സ്വയംസേവകനായ കാലംതൊട്ട് ഇവ കണ്ടു മനസ്സിലാക്കി പരിപോഷിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഭാവുറാവുജി നടത്തിയിട്ടുണ്ടെന്ന് കാണാം. തത്വശാസ്ത്രപരമായും ധൈഷണികമായുമുള്ള വിഷയങ്ങളില്‍ മണിക്കൂറുകളോളം അദ്ദേഹത്തോട് സംസാരിക്കാനുള്ള താത്പര്യവും സമയവും ഭാവുറാവുജിക്ക് ഉണ്ടായിരുന്നു. ഇതു തന്നെയായിരുന്നു മറ്റുപലരുടെ കാര്യത്തിലും അദ്ദേഹം ചെയ്തിരുന്നത്. ദീനദയാല്‍ജി ശിക്ഷാര്‍ത്ഥിയായിരുന്ന സംഘ ശിക്ഷാവര്‍ഗ്ഗില്‍ ദീക്ഷാന്തസമാരോഹ് ബൗദ്ധിക് നടത്തേണ്ടിയിരുന്നത് ഭാവുറാവുജിയായിരുന്നു. എന്നാല്‍ ശിക്ഷാര്‍ത്ഥിയായ ദീനദയാല്‍ ഉപാധ്യായയോട് ബൗദ്ധിക് നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ഭാവുറാവു കാര്യകര്‍തൃവികാസശൈലിയുടെ ഉത്തമോദാഹരണം നമുക്കു കാണിച്ചുതന്നു. തെല്ലോരു അത്ഭുതത്തോടെ മാത്രമേ ഇത്തരം സമീപനത്തെ ഇന്നു നമുക്കു വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ദീനദയാല്‍ജിയുടെ ബൗദ്ധികവും വൈയക്തികവുമായ വികാസത്തിന് ഭാവുറാവുജി ശ്രദ്ധ ചെലുത്തി. പില്ക്കാലത്തും ഇവര്‍ തമ്മിലുള്ള ആശയസംവാദങ്ങളും ബൗദ്ധിക ചര്‍ച്ചകളും മുടങ്ങാതെ നടന്നിരുന്നു. അഖില ഭാരതീയ ബൈഠക്കുകള്‍ക്കിടയിലും അല്ലാതെയുള്ള കൂടിക്കാഴ്ചകളിലും കാര്യാലയ മുറികളില്‍ ചൂടുപിടിച്ച ബൗദ്ധികസംവാദങ്ങളില്‍ രണ്ടുപേരും പങ്കുചേരാറുണ്ടായിരുന്നു. പലപ്പോഴും പൂജനീയ സര്‍സംഘചാലകനായിരുന്ന ഗുരുജിയുടെ മുറിയിലിരുന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നിരവധി അനൗപചാരിക സംവാദങ്ങള്‍ നടന്നിരുന്നു. ഇത്തരത്തില്‍ ദീനദയാല്‍ജി ഒരു സ്വയംസേവകനെന്ന നിലവാരം മുതല്‍ അഖിലഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സമയം വരെ ഒരേ തരത്തിലും തലത്തിലും അദ്ദേഹത്തോടിടപഴകാനുള്ള ശ്രുതവും മഹാമനസ്കത്വവും ഭാവുറാവുജി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ അനുഭവം തന്നെയാണ് ബാപ്പുറാവു മോഘെയ്ക്കും ഉണ്ടായിരുന്നത്. ബൗദ്ധികമായ പുഷ്ടിപ്പെടുത്തലുകള്‍ കൂടാതെ സംഘപ്രവര്‍ത്തനത്തിനിടയിലെ അദ്ദേഹത്തിന്റെ കാര്യകര്‍തൃത്വ – പ്രചാരകത്വ വികാസത്തിനും ഭാവുറാവു ഹേതുവായി. വിദ്യാര്‍ത്ഥികാലം തൊട്ടേ ഭാവുറാവുജിയുടെ സഹപ്രവര്‍ത്തകനായിരുന്നു ബാപ്പുറാവു മോഘെ. ഒരു കാര്യക്രമം വ്യവസ്ഥ ചെയ്യുന്നതിനിടയില്‍ വ്യവസ്ഥകള്‍ക്ക് ഒരു വ്യവസ്ഥാപിത രൂപം വരണമെന്ന ചിന്ത വിഭാഗ് പ്രചാരകനായിരുന്ന ബാപ്പുറാവു മോഘെയെ സ്പര്‍ശിച്ചു.
നിരന്തരം കാര്യക്രമങ്ങള്‍ നടക്കുന്നതിനാല്‍, ഓരോ കാര്യക്രമങ്ങള്‍ക്കും ആവശ്യമായ വ്യവസ്ഥകള്‍ ക്രമമായും ചിട്ടയായും എഴുതി തയ്യാറാക്കി സൂക്ഷിച്ചാല്‍ ആര്‍ക്കും വ്യവസ്ഥ ചെയ്യാന്‍ സാധിക്കുമെന്ന ആശയം അദ്ദേഹത്തിന് തോന്നി. വളരെയധികം പണിപ്പെട്ടും കൂടിയാലോചിച്ചും അദ്ദേഹം വ്യവസ്ഥാ പുസ്തകം”തയ്യാറാക്കി. ഓരോ കാര്യക്രമവും എങ്ങനെ വ്യവസ്ഥ ചെയ്യണമെന്ന് അനുഭവാടിസ്ഥാനത്തില്‍ തയ്യാറാക്കി ഭാവുറാവുജിയ്ക്ക് പ്രസിദ്ധീകരിക്കാനായി നല്കി. ഭാവുറാവുജി ആ പുസ്തകം ആവശ്യമില്ല എന്ന നിലപാടെടുത്തു. വ്യവസ്ഥ ചെയ്യുന്ന സമയത്ത് ഓരോ സ്വയംസേവകനും അതിന്റെ അനുഭൂതി ലഭിക്കണം. അതിനായി ഓരോ കാര്യങ്ങളും അവന് തന്നത്താന്‍ ചിന്തിച്ചും ചിന്തിപ്പിച്ചും കൂടിയാലോചിച്ചും നിര്‍വഹിക്കണം. അപ്പോള്‍ വ്യവസ്ഥ ചെയ്യുന്നതിന്റെ അനുഭൂതി അയാള്‍ക്ക് ലഭിക്കും. ഇതിനിടയില്‍ വന്നുപോയേക്കാവുന്ന തെറ്റുകള്‍ കണ്ടു മനസ്സിലാക്കി തിരുത്തുന്നതിലൂടെ അയാളിലെ കാര്യകര്‍തൃത്വം ഉണരുകയും ചെയ്യും. ഇത്തരത്തില്‍ കണിശവും കാര്യയുക്തവുമായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും.
ലഖ്നൗ സര്‍വകലാശാലയിലെ പഠനം കഴിഞ്ഞപ്പോള്‍ അവിടെ തന്നെ തുടര്‍ന്നു. ദീര്‍ഘകാലം ഉത്തര്‍പ്രദേശിന്റെ പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു. ഈ സമയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി 1947 ആവുമ്പോഴേക്കും 80 പ്രചാരകന്മാര് ഉത്തര്‍പ്രദേശില്‍ കര്‍മ്മക്ഷേത്രത്തിലുണ്ടായിരുന്നു. ദീനദയാല്‍ജി പിന്നീട് സഹപ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശുപോലെ വിശാലമായ ഒരു സംസ്ഥാനത്ത് അന്നത്തെ കാലഘട്ടത്തില്‍ സംഘകാര്യവികാസം നടത്തുന്നതിനായി എണ്ണത്തിലും ഗുണവിശേഷത്തിലും ഒട്ടും പിറകിലല്ലാത്ത തരത്തിലുള്ള പ്രചാരകഗണത്തെ അദ്ദേഹം തയ്യാറാക്കി. ബാപ്പുറാവു മോഘെയും ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
അക്കാലത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രചാരകന്മാരില് ഭൂമിശാസ്ത്രപരമായ വിസ്തൃതികൊണ്ട് ഏറ്റവുമധികം വെല്ലുവിളികള്‍ ഉണ്ടായിരുന്നത് ഉത്തര്‍പ്രദേശിലായിരുന്നു. ഭാവുറാവുജി ഈ വെല്ലുവിളി തരണം ചെയ്ത രീതി മാതൃകാപരമാണ്. വസ്തുതാപരമായി ചിന്തിച്ചാല്‍ ഇക്കാര്യം നമുക്ക് മനസ്സിലാവും. സമയവും സന്ദര്‍ഭവും സംഘനിര്‍ദ്ദേശവും അനുസരിച്ച് ഇടയ്ക്കിടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന തലസ്ഥാനം മാറിക്കൊണ്ടിരുന്നു. ലഖ്നൗവില്‍ നിന്ന് കാശിയിലേക്കും അവിടെ നിന്ന് പ്രയാഗ്രാജിലേക്കും പിന്നീട് വീണ്ടും ലഖ്നൗവിലേക്കും അദ്ദേഹം മാറി. അത്ഭുതകരമാംവണ്ണം മൂന്നിടങ്ങളിലും സമതുലിതമായ രീതിയില്‍ സംഘപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതേ സമയം മഹാരാഷ്ട്ര ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും ശാഖകളുടെ എണ്ണം സംബന്ധിച്ച് ഈ അസന്തുലിതാവസ്ഥ ഉണ്ടായിരുന്നു. അതാതിടങ്ങളില്‍ നിയോഗിക്കപ്പെട്ട പ്രചാരകരുടെ കേന്ദ്രത്തിനു ചുറ്റുമായിരുന്നു വികാസം. എന്നാല്‍ ഭാവുറാവുജി വികാസമുണ്ടാവേണ്ടിടത്ത് തന്റെ കേന്ദ്രമാക്കി മാറ്റി വിജയിച്ച് അവിടെ നിന്നും അടുത്ത കേന്ദ്രത്തിലേക്ക് പോകുന്ന ശൈലിയായിരുന്നു. ഇന്ന് ആറു വ്യത്യസ്ത പ്രാന്തങ്ങളായിട്ടാണ് ഉത്തര്‍പ്രദേശ് പ്രവര്‍ത്തിക്കുന്നത്. ഈ ആറു പ്രാന്തങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ എത്തിയിരുന്നു.
ബൗദ്ധിക വ്യാപാരങ്ങളും സംഘടനാ വികാസവും കാര്യകര്‍തൃനിര്‍മ്മാണവും അദ്ദേഹം ഒരേസമയം വിജയകരമായി നിര്‍വഹിച്ചു പോന്നു. അതേ സമയം തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങളും വിജയകരമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1945 ല്‍ കാശിയില്‍ ഡിഎവി കോളേജില്‍ നടന്ന വര്‍ഗ്ഗ് അദ്ദേഹത്തിന്റെ പ്രതിസന്ധി നിവാരണക്ഷമതയ്ക്കുള്ള ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സഹപ്രവര്‍ത്തകരുടെ ഇച്ഛാശക്തിയും സ്വയംസേവകരുടെ സമര്‍പ്പണമനോഭാവവും ഒത്തുചേര്‍ന്നപ്പോള്‍ ആ വര്‍ഗ്ഗില്‍ നടന്ന ഒരു സംഭവം സുവര്ണ്ണലിപികളില് എഴുതപ്പെടേണ്ട ചരിത്രമായി മാറി. ഏതു പ്രതിസന്ധിയിലും പതറിപ്പോകില്ല (വീരവ്രതം എന്ന ഗുണം) എന്ന സംഘകാര്യശൈലിയുടെ ബീജമന്ത്രത്തിന്റെ ഫലസിദ്ധിയായിരുന്നു ഈ ചരിത്രസംഭവം. ഭാവിയില്‍ വന്നുചേര്‍ന്ന വന്‍ വിപത്തുകളെ സ്വയംസേവകര്‍ എങ്ങനെ നേരിട്ടെന്നും, ഇന്നും എങ്ങനെ നേരിടുന്നുവെന്നതിനുമുള്ള അനേകം ഉദാഹരണ ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. ആ വര്‍ഗ്ഗില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും പോലീസിന്റെയും പരിശോധന ഉണ്ടാവുമെന്ന് വിവരം ലഭിച്ചു. പരിശോധനയും അറസ്റ്റും സംഘര്‍ഷവും ചേര്‍ന്ന് വര്‍ഗ്ഗ് ഇല്ലാതാവുമോ എന്ന ആശങ്കയിലായിരുന്നു സ്വയംസേവകര്‍. എന്നാല്‍ വര്‍ഗ്ഗ് ഭംഗിയായി പൂര്‍ത്തീകരിക്കുകയും വേണം. ഈ സമയത്ത് പോലീസ് വര്‍ഗ്ഗിലെത്തുന്നതിനു മുമ്പു തന്നെ, ശിക്ഷാര്‍ത്ഥികളെ അവിടെ നിന്നു മാറ്റി. വൈകുന്നേരത്തെ കാര്യക്രമത്തിനുശേഷം നേരെ നഗരത്തിലേക്ക് തിരിച്ചു. അടുത്ത ബൈഠക് അവിടെ വെച്ചു നടത്തി. രാത്രിയായപ്പോള്‍ എല്ലാവര്ക്കും യാത്ര ചെയ്യാനായി വള്ളങ്ങള്‍ തയ്യാറാക്കി. പോലീസുകാര്‍ ക്യാമ്പില്‍ മാരാകായുധങ്ങള്ക്കായി തെരച്ചില്‍ നടത്തുമ്പോള്‍ ശിക്ഷാര്ത്ഥികള് വളളങ്ങളിലേറി ഗംഗാ നദിയിലൂടെ ഉല്ലാസയാത്ര ചെയ്യുകയായിരുന്നു. അടുത്ത ബൈഠക് അടുത്ത പട്ടണത്തിലായിരുന്നു. അവിടുന്ന് പോയത് ഒരു ഗ്രാമത്തിലേക്കായിരുന്നു. അങ്ങനെ അറസ്റ്റു ഭയന്ന് പിരിച്ചുവിടേണ്ടി വരുമായിരുന്ന ഒരു വര്‍ഗ്ഗ് ആ കര്‍മ്മനിപുണന്റെ കാര്യനിര്‍വഹണപ്രാപ്തി കാരണം വിജയകരമായി പര്യവസാനിച്ചു. ശിക്ഷകരും ശിക്ഷാര്ത്ഥികളും കാര്യകര്‍ത്താക്കളുമുള്‍പ്പെടെ 350 പേരാണ് ഈ ചരിത്ര ഉദ്യമത്തില്‍ പങ്കാളികളായത്.
കാര്യനിര്‍വഹണ ശേഷിയോളം തന്നെ പ്രധാനമായിരുന്നു അദ്ദേഹത്തിന്റെ കാര്യകര്‍തൃനിയോഗ ശൈലിയും. ഓരോ കാര്യകര്‍ത്താവിനെയും അവരുടെ ശൈലിക്കും ശേഷിക്കുമനുസരിച്ച് നിയോഗിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹം നേരിട്ടും, ചര്‍ച്ച ചെയ്തും നിരവധി കാര്യകര്‍ത്താക്കളെ വ്യത്യസ്ത സംഘടനകളിലും ചുമതലകളിലും താത്കാലിക ദൗത്യങ്ങളിലും നിയോഗിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും മാതൃകാപരവും വിജയകരവുമായിരുന്നു. എന്നാല്‍ എടുത്തുപറയേണ്ടതായ ഒരു സംഭാവന ഈ മേഖലയില്‍ അദ്ദേഹത്തിന്റേതായുണ്ട്. പ്രാരംഭദശ കഴിഞ്ഞപ്പോള്‍ സംഘവ്യാപനം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് പടര്‍ന്ന കാര്യം നമുക്കറിയാം. ഈ സാഹചര്യത്തില്‍ വിവിധക്ഷേത്രങ്ങളിലേക്ക് പ്രചാരകന്മാരെ അയക്കുന്ന ശൈലി നമുക്ക് സഹജമായി ഉള്ളതാണ്. ചില പ്രചാരകന്മാര് ദീര്‍ഘകാലം സംഘക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ച് പിന്നീട് വിവിധ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെ ദീര്‍ഘകാലം വിവിധ ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ച്, അതാതു വിവിധ ക്ഷേത്രങ്ങളുടെ കാര്യാലയങ്ങളില്‍ അന്ത്യശ്വാസം വലിക്കുന്ന നിരവധി സംഘപ്രചാരകന്മാരെ ഈ യാത്രയില്‍ നമുക്ക് കാണാം. ചിലരൊക്കെ ദീര്‍ഘകാലം വിവിധ ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചതിനു ശേഷം തിരിച്ചു വന്ന് വ്യത്യസ്ത ആയാമുകളില്‍ (ഉദാ: പ്രസിദ്ധീകരണ വിഭാഗം) പ്രവര്‍ത്തിക്കുന്നതും അന്ന് സാധാരണ രീതിയായിരുന്നു. എന്നാല്‍ ദീര്‍ഘകാലം വിവിധ ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചതിനുശേഷം ചില പ്രചാരകര്‍ തിരിച്ചുവന്ന് വീണ്ടും സംഘക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈലി പില്ക്കാലത്ത് രൂപപ്പെട്ടു വന്നു. ഈ സമ്പ്രദായത്തിന് ആശയം പകര്‍ന്നത് ഭാവുറാവുജി ആയിരുന്നു. ഇന്നിപ്പോള്‍ ഇതൊരു സഹജമായ ശൈലിയായി മാറിക്കഴിഞ്ഞു.
1970 ല്‍ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഭാരതം മുഴുവന്‍ യാത്ര ചെയ്തു. ഈ യാത്രയുടെ ആരംഭം കേരളത്തില്‍ നിന്നുമായിരുന്നു. 21 ദിവസമാണ് അദ്ദേഹം കേരളത്തില്‍ താമസിച്ചത്. കേരളത്തിലെ സാമൂഹിക പശ്ചാത്തലം ഒറ്റയാത്രകൊണ്ട് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചു. അതിനുതകുന്ന തരത്തില്‍ പ്രവാസത്തിലെ ഓരോ വ്യവസ്ഥകളും ശാസ്ത്രീയമായി നിര്‍ണ്ണയിച്ചു. ഭാസ്കര്‍റാവുജിയുടെ മേല്‍നോട്ടത്തില്‍ മാധവ്ജിയുടെ കാര്‍മികത്വത്തിലായിരുന്നു നിര്‍ണ്ണയമെങ്കില്‍, വി.പി.ജനാര്‍ദ്ദനേട്ടനെ പോലുളള പ്രചാരകന്മാരായിരുന്നു നിര്‍വഹണത്തിനു ചുക്കാന്‍ പിടിച്ചത്. ഓരോ ദിവസവും വ്യത്യസ്ത സാമൂഹിക പശ്ചാത്തലമുള്ള പ്രദേശങ്ങളിലും വീടുകളിലുമായിരുന്നു താമസം. ഇന്നു തീരപ്രദേശത്താണെങ്കില്‍ നാളെ ഇടനാട്ടിലും മറ്റന്നാള്‍ മലനാട്ടിലുമായിരുന്നു പ്രവാസം. അങ്ങനെ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ പ്രവാസം കൊണ്ട് അദ്ദേഹം കടലോരവും കായലോരവും മലയോരവുമുള്‍പ്പെടെയുള്ള കേരളത്തിന്റെ സവിശേഷ ഭൗമ പ്രകൃതം 21 ദിവസം കൊണ്ടു മനസ്സിലാക്കി. ഈ അഖിലഭാരതീയ പ്രവാസത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ചത് കേരളത്തിലായിരുന്നു.
ഇപ്രകാരം ശ്രദ്ധേയമായ മറ്റൊരു പ്രവാസം പഞ്ചാബിലേക്ക് നടത്തിയിരുന്നു. 1989 ല്‍ മോഗയിലെ ജവഹര്‍ലാല്‍ നെഹ്റു പാര്‍ക്കില്‍ ശാഖ നടന്നുകൊണ്ടിരിക്കെ ഖലിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണമുണ്ടായി. 21 സ്വയംസേവകരാണ് അന്നു വെടിയേറ്റു മരിച്ചത്. ഈ സമയത്ത് പഞ്ചാബിലെ കലുഷിതമായ അന്തരീക്ഷം സംഘര്‍ഷത്തിലേക്കു നീങ്ങുന്നതായി തോന്നി. സംഘം വെടിവെയ്പിനു പകരം വീട്ടുമെന്നും 1984 ല്‍ കോണ്‍ഗ്രസുകാര്‍ ചെയ്തതു പോലെയൊരു സിഖ് കൂട്ടക്കൊല ഉണ്ടാവുമെന്നും തീവ്രവാദികള്‍ പ്രതീക്ഷിച്ചു. എന്നാല്‍ പഞ്ചാബിലെ ഹിന്ദു-സിഖ് ഐക്യം തകരാതിരിക്കാന്‍ ആദ്യകാലം മുതല്‍തന്നെ ജാഗ്രത പുലര്‍ത്തിയിരുന്ന സംഘം സംയമനം പാലിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനം പഞ്ചാബിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ നടപ്പിലാക്കാന്‍ പൂജനീയ സര്സംഘചാലകന് നിയോഗിച്ചത് ഭാവുറാവുജിയെയാണ്. പൂജനീയ സര്‍സംഘചാലകന്റെ പ്രതിനിധിയായി അവിടെ സന്ദര്‍ശിച്ച് സംഘനിര്‍ദ്ദേശം രാഷ്ട്രഹിതാനുകൂലമായി നടപ്പിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
നവോത്ഥാനം സമൂഹത്തിന്റെ ഭാഗത്തു നിന്നും തുടങ്ങുകയും, സമൂഹത്തിലൂടെ നടപ്പില്‍ വരുത്തുകയും ചെയ്യപ്പെടുന്ന മന്ദവും സ്വച്ഛന്ദവുമായ പ്രവര്‍ത്തനമാണ്. ഭാരതീയ വിദ്യാഭ്യാസ നവോത്ഥാന ചരിത്രത്തില്‍ അത്തരത്തിലുള്ള ഒരു മഹാവിപ്ലവമായിരുന്നു ഗോരഖ്പൂരിലെ സരസ്വതീ ശിശുമന്ദിര്‍. മെക്കാളെയുടെ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്കുള്ള ലളിതവും ശാന്തവുമായി മറുപടി. ഇന്ന് ഭാരതത്തിലൂടനീളം ആയിരക്കണക്കിന് വിദ്യാലയങ്ങളുള്ള ദേശീയ വിദ്യാഭാരതി (കേരളത്തില്‍ ഭാരതീയ വിദ്യാനികേതന്‍ എന്ന പേരില്‍ അറിയപ്പെടുന്നു) മനോഹരവൃക്ഷമായി മാറിയിരിക്കുന്നു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിന് വഴിയൊരുക്കിയത് ഭാവുറാവുജിയാണ്. വിദ്യാഭാരതിയുടെ ശുഭാരംഭം മുതല്‍ ഭാവുറാവുജിയുടെ ദേഹാവസാനം വരെ അദ്ദേഹം തന്നെയായിരുന്നു ആ സംഘടനയുടെ പ്രഭാരി. വിധിവശാല്‍ ഭോപ്പാലില്‍ നടന്ന അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയും വിദ്യാഭാരതിയുടേതായിരുന്നു.
വിദ്യാഭാരതി പോലെ തന്നെ ഭാരതീയ ജനതാപാര്‍ട്ടി, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്നീ സംഘടനകളുടെയും സമാലോചകന്‍ (പ്രഭാരി) അദ്ദേഹം തന്നെയായിരുന്നു. സംഘവിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളില്‍ ചെറിയ ചെറിയ ഗണങ്ങളായി ചേര്‍ന്ന് കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന സംഘടനാ സംവിധാനത്തിന്റെ തുടക്കം. എ.ബി.വി.പി.യിലൂടെയാണ്. ‘സഞ്ചാലന്‍ സമിതികള്‍’ എന്ന പേരുതന്നെ സര്‍വസാധാരണ നിര്‍വഹണ ശൈലിയുടെ അവിഭാജ്യഘടകമാക്കി തീര്‍ത്തത് എ.ബി.വി.പി.യാണ്. വിദ്യാര്‍ത്ഥി പരിഷത്തില്‍ തുടങ്ങി പിന്നീട് മറ്റു വിവിധക്ഷേത്രങ്ങളിലും തുടര്‍ന്ന സംഘടനാസംവിധാന നവീകരണത്തിന്റെ മുന്നില്‍ മദന്‍ദാസ് ദേവിജിയും പിന്നില്‍ ഭാവുറാവുദേവറസ്ജിയുമായിരുന്നു. ഈ മാറ്റം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഭാവുറാവുജി ആരോഗ്യപരമായ കാരണങ്ങളാല്‍ എ.ബി.വി.പി.യുടെ പ്രഭാരി സ്ഥാനത്തുനിന്നും മാറി. കുറച്ചുകാലം അഞ്ചാമത്തെ പൂജനീയ സര്‍സംഘചാലകനായിരുന്ന സുദര്‍ശന്‍ജിയാണ് ഇക്കാര്യം നിര്‍വഹിച്ചത്. രോഗമുക്തി നേടിയ ശേഷം, അദ്ദേഹം സ്വമേധയാ ഈ ചുമതല ഏറ്റെടുക്കുകയും അതിന്റെ പരിപൂര്‍ണ്ണ മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് സുദര്‍ശന്‍ജി ഓര്‍ക്കുന്നു. ഏറ്റെടുത്ത പ്രവര്‍ത്തനം പൂര്‍ത്തിയാകാതെ വിരമിക്കുന്നതിനോട് അദ്ദേഹത്തിന്റെ മനസ്സ് സന്ധി ചെയ്യുന്നില്ല എന്നതാണ് കാരണമെന്ന് സുദര്‍ശന്‍ജി പറയുന്നു.
ഇപ്രകാരം ഏറ്റെടുത്ത കര്‍മ്മങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയ ദേവദുര്‍ലഭനായ വ്യക്തിയായിരുന്നു ഭാവുറാവു ദേവറസ്ജി. നേതാജി സുഭാഷ്ചന്ദ്രബോസ് മുതല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വരെയുള്ള പൊതുസമ്മതരായ നേതാക്കന്മാരുമായി ഇടപഴകിയ വ്യക്തി. ബാരിസ്റ്റര്‍ നരേന്ദ്ര സിങ്ങ് മുതല്‍ പ്രൊഫസര്‍ മുരളീ മനോഹര്‍ ജോഷി വരെയുള്ള ധൈഷണികരെ സംഘ ചുമതലയിലെത്തിച്ച വ്യക്തി. ദീനദയാല്‍ജി മുതല്‍ രജുഭയ്യ വരെയുള്ള പ്രചാരകന്മാരെ സംഘപാതയില്‍ അണിനിരത്തിയ വ്യക്തി. ഇത്തരത്തില്‍ ദേവദുര്‍ലഭരായ പുണ്യപുരുഷന്മാരോടൊപ്പം ഒരു പക്ഷെ, അവര്‍ക്കും ഒരു കൈയകലം മുന്നില്‍ ജീവിച്ച ഭാവുറാവുജിയുടെ ജീവിതം ധന്യവും കൃതാര്ത്ഥവുമായി രിക്കുമെന്ന് നമുക്ക് തോന്നാം. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കെല്ലാമപ്പുറത്തുള്ള നിത്യശാന്തിയിലും നിസ്സംഗതയിലുമായിരുന്നു അദ്ദേഹത്തിന്റെ ചാരിതാര്‍ത്ഥ്യം.
‘ദീനദയാല്‍ജിയെ പോലുള്ള മഹാമനീഷികളെ സൃഷ്ടിച്ചത് അങ്ങയുടെ കൈകള്‍ കൊണ്ടാണല്ലോ’ എന്നൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു. യാതൊരു സങ്കോചവും കൃത്രിമത്വവുമില്ലാതെ അദ്ദേഹമത് നിരസിച്ചു. ‘ദീനദയാലിനെ സൃഷ്ടിച്ചത് ഞാനല്ല. ദീനദയാല്‍ അയാളുടെതന്നെ മികവിന്റെയും പ്രയത്നത്തിന്റെയും ഫലമാണ്. അദ്ദേഹത്തെ നിര്‍മ്മിക്കുന്നതില്‍ എനിക്കൊരു പങ്കുമില്ല. എന്റെ കഴിവുകൊണ്ടാണ് ദീനദയാല്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍, കുറഞ്ഞത് 100 ദീനദയാല്മാരെയങ്കിലും ഞാന്‍ സൃഷ്ടിക്കണമായിരുന്നു. എനിക്കതു സാധിച്ചിട്ടില്ല, അതിനര്‍ത്ഥം ദീനദയാല്‍ തന്നെയാണ് ദീനദയാലിനെ വളര്‍ത്തിയത്.’ അവര്‍ക്കും അവരെക്കുറിച്ചറിയുന്നവര്‍ക്കും മാത്രം ലഭിക്കുന്ന അതിഗൂഢവും അതിസൂക്ഷ്മവുമായ ആനന്ദമാണ് വിരക്തി പൂകിയ ഇത്തരം മഹാത്മാക്കളുടെ തിരുശേഷിപ്പ്. ഭാവുറാവുജിയുടെ ചാരിതാര്‍ത്ഥ്യം പോലും ഇത്തരത്തില്‍ ഉത്കൃഷ്ടവും സമാജോന്മുഖവുമായിരുന്നു.
സംഘടനാ ജീവിതത്തിനിടയില്‍ നേടുന്ന അഥവാ നേടിയതെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്ന ഇത്തരം ചെറിയ സാഫല്യങ്ങളിലല്ല വലിയ വലിയ മഹാന്മാരുടെ ആനന്ദം കുടികൊള്ളുന്നത്.
യുഗങ്ങളെ അതിജീവിച്ച ഭാരതരാഷ്ട്രത്തിന്റെ ചിരന്തനമായ സാംസ്കാരിക പാരമ്പര്യത്തിന്റെ വെളിച്ചം കണ്ണില്‍ കയറുമ്പോഴാണ് അവര്‍ക്ക് ഭൗതികമായി ആനന്ദമുണ്ടാവുക. തങ്ങള്‍ ചെയ്തുവെന്ന് ലോകം വിശ്വസിക്കുന്ന വലിയ പ്രവര്‍ത്തനങ്ങളെല്ലാം അവര്‍ക്ക് ചെറിയ കര്‍ത്തവ്യങ്ങളോ കടമകളോ ആയിരുന്നു. നേട്ടങ്ങളായിരുന്നില്ല. എന്നാല്‍ അത്തരം ചെറിയ പ്രവര്‍ത്തനങ്ങള്‍ ഉത്തരോത്തരം നിര്‍വഹിക്കപ്പെട്ട് ലോകം അതേറ്റെടുക്കുമ്പോള്‍ അവര്‍ക്ക് ആനന്ദമുണ്ടാകും. അങ്ങനെയൊരിക്കല്‍ ഭാവുറാവുജിയും ആനന്ദക്കണ്ണീര് പൊഴിച്ചതായി ജീവചരിത്രകാരന്‍ ശ്രീരംഗ് ഗോഡ്ബോളെ (മാനനീയ പൂണ വിഭാഗ് സംഘചാലക്) രേഖപ്പെടുത്തിയിട്ടുണ്ട്. 1990 ഒക്ടോബര്‍ മാസം 30-ാം തിയ്യതി അയോധ്യയിലെ രാമജന്മഭൂമിയില്‍ ഉണ്ടായിരുന്ന അനധികൃത പള്ളിക്കു മുകളില്‍ ഭഗവദ്ധ്വജം പാറിപ്പറക്കുന്ന ദൃശ്യം കണ്ടിട്ടായിരുന്നുവത്രേ ആ മഹാരഥന് ആനന്ദാശ്രു പൊഴിച്ചത്. നൂറ്റാണ്ടുകളായി ഭാരതീയര്‍ നേരിട്ടുകൊണ്ടിരുന്ന അടിമത്തത്തിന്റെ ജീവിക്കുന്ന സ്മാരകത്തിനു മുന്നില്‍ സാംസ്കാരിക സ്വാതന്ത്ര്യത്തിന്റെ വിജയക്കൊടി പാറിയ ധന്യമുഹൂര്‍ത്തം, അതിലായിരുന്നു അദ്ദേഹത്തിന് ആനന്ദം.
1992 മെയ് 13-ാം തിയ്യതി ദല്‍ഹിയില്‍ വെച്ച് ആ ദേവജ്യോതി അസ്തമിച്ചു. സംഘത്തിലെ ആദ്യത്തെ സഹോദര പ്രചാരകന്മാരില് ഒരാളായ ഭാവുറാവു ദേവറസ്ജിയുടെ ദീപ്ത സ്മരണയ്ക്കു മുന്നില്‍ പ്രണാമങ്ങള്‍.