ദേശാഭിമാനി വാരികയില്‍ (ഏപ്രില്‍ 9) ശത്രുഘ്‌നന്‍ എഴുതിയിരിക്കുന്ന കഥ കാലിക പ്രസക്തിയുള്ളതും ആഖ്യാന മഹിമയുള്ളതുമാണ്. he Fear എന്ന പേരില്‍ ഭയത്തെ ഇതിവൃത്തമാക്കി ധാരാളം കഥകള്‍ ഇംഗ്ലീഷിലുണ്ട്. മറ്റു പല പേരുകളിലും ‘ഭയം’ എന്ന മാനസികാവസ്ഥയെ വിലയിരുത്തുന്ന, അനാവരണം ചെയ്യുന്ന കഥകള്‍ പല ലോകഭാഷകളിലും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമകള്‍ കണ്ടിട്ടുണ്ട്. കൂട്ടത്തില്‍ മലയാളികള്‍ക്കു ഏറ്റവും പരിചയം ഗീദേമോപ്പസാങ്ങിന്റെ (Guy De Moupasant) The Fear എന്ന കഥയായിരിക്കും. മോപ്പസാങ്ങിന്റെ കഥയ്ക്ക് ‘ഒരു മാസ്റ്റര്‍ ക്രിഫ്റ്റ്‌സ്മാ’ന്റെ രചനയാണെന്ന പ്രത്യേകത മാത്രമേയുള്ളൂ. എന്നാല്‍ ശത്രുഘ്‌നന്റെ രചന വലിയ അപഗ്രഥനങ്ങളുള്ളതാണ്.
മയക്കുമരുന്നിന്റെ മായികവലയത്തിലേക്ക് കുരുന്നു കൗമാരങ്ങള്‍ കൊരുക്കപ്പെടുന്നത് അവര്‍ പോലുമറിയാത്ത യാദൃച്ഛിക സംഭവങ്ങള്‍ വഴിയാണ്. പലപ്പോഴും കൗമാരകൗതുകം ഒന്നുകൊണ്ടു മാത്രമാണ് പലരും ആദ്യം അതൊക്കെ ഉപയോഗിക്കുന്നത്. ഒടുവിലൊടുവില്‍ അവ ഒഴിവാക്കാനാവാത്ത സ്ഥിതിയില്‍ എത്തിച്ചേരുന്നു. പിന്നെ മനോരോഗത്തിന്റെ പിടിയില്‍ അമരുന്നതാവും ഫലം. എത്രയോ സമര്‍ത്ഥന്മാരായ കുട്ടികള്‍ മയക്കുമരുന്നിനടിമകളായി നശിക്കുന്നതിന് നിസ്സഹായനായി സാക്ഷിയായി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ശത്രുഘ്‌നന്റെ കഥയും അത്തരത്തിലുള്ള ഒരു കുട്ടിയെ കുറിച്ചാണ്.
‘പേടി’ വലിയ മാനസിക അപഗ്രഥനങ്ങളുള്ള കഥയാണ്. Adverse Childhood Experiences (ACES) മനോരോഗങ്ങളിലേയ്ക്ക് നയിക്കും എന്നുള്ള വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് ഈ കഥ. സിഗ്മണ്ട് ഫ്രോയിഡും പിന്നീട് എറിക് എറിക്‌സണും (Erik Erikson) അന്നാഫോയ്ഡും കാള്‍ഗുസ്താവ് യുങ്ങും (Carl Gustev Jung) ഒക്കെ സംഭാവനകള്‍ നല്‍കിയ സൈക്കോ ഡയനമിക്(Psycho dynamic) ചിന്തയുടെ കണ്ടെത്തലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുട്ടിക്കാലത്തെ സംഭവങ്ങളും ഇടപെടലുകളും കുട്ടികളുടെ മാനസിക നിലയേയും വ്യക്തിത്വത്തേയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു എന്നത്. ആ ചിന്തയെ സമര്‍ത്ഥമായി ശത്രുഘ്‌നന്റെ കഥയില്‍ വികസിപ്പിച്ചിരിക്കുന്നു. കഥാകൃത്ത് സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയതോ ബോധപൂര്‍വ്വം മനഃശാസ്ത്രതത്വത്തെ സാധൂകരിക്കാന്‍ വേണ്ടി എഴുതിയതോ എന്നറിവില്ല. രണ്ടാമത്തേതാണ് യാഥാര്‍ത്ഥ്യം എന്നു തോന്നുന്നു. കാരണം കഥയില്‍ പടിപടിയായി ഒരു കുട്ടിയില്‍ സംഭവിക്കുന്ന മാനസിക പരിവര്‍ത്തനങ്ങളെ വരച്ചു കാണിക്കുന്നു.
കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒക്കെ ലഭിക്കുന്ന അനുഭവങ്ങള്‍ വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്ക് കഥയില്‍ വ്യക്തമാക്കുന്നുണ്ട്. കളിപ്പാട്ടം കള്ളന്‍കൊണ്ടുപോകുമെന്ന് പറഞ്ഞ് ആദ്യം പേടിപ്പിക്കുന്നത് അച്ഛനാണ്. പിന്നെ വേലക്കാരി രാധാമണി; കളളനെക്കുറിച്ചു തന്നെ രാധാമണിയും ഭയപ്പെടുത്തുന്നു. സ്‌കൂളിലെ മാഷ് പോലീസിനെക്കുറിച്ചു പറഞ്ഞാണു ഭയപ്പെടുത്തിയത്. അലിക്കോയ മാമന്‍ പേപ്പട്ടിയെക്കുറിച്ചു പറഞ്ഞു പേടിപ്പിക്കുന്നു. പിന്നെ അനിയത്തി നുണകൊണ്ട് അവന് തല്ലുവാങ്ങിക്കൊടുത്തപ്പോള്‍ അവളെയും അവന്‍ പേടിക്കുന്നു. ഒടുവില്‍ എല്ലാ ഭയങ്ങളും മാറ്റാന്‍ കൂട്ടുകാരന്‍ അച്യുതന്‍ പറഞ്ഞു കൊടുക്കുന്ന ആയുര്‍വേദ മരുന്നാണ് കഞ്ചാവ്.
കഥയില്‍ ഒരിടത്തും ആയുര്‍വേദ മരുന്ന് കഞ്ചാവാണെന്ന് പറയുന്നില്ല. ഒടുവില്‍ അതു കണ്ടുപിടിക്കുന്ന അനിയത്തി ആതിരയെ കൊല്ലാന്‍ വലിയ കൊടുവാളുമായി അവളെ തിരഞ്ഞു നടക്കുന്ന അര്‍ജ്ജുനന്‍ വാസുദേവനില്‍ കഥ അവസാനിക്കുന്നു. അസാധാരണമായ കൈയൊതുക്കത്തോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കഥ നമ്മളെ തീര്‍ച്ചയായും വായനയിലൂടെ ഉന്മത്തരാക്കും. എത്ര സൂക്ഷ്മമായി, ഗുപ്തമായി ഒരു കുട്ടിയിലുണ്ടാകുന്ന മനോരോഗ തുല്യമായ മാനസികാവസ്ഥയെ കഥാകൃത്ത് വരച്ചു കാണിക്കുന്നു. പുതിയതരം മയക്കുമരുന്നുകള്‍ കൊണ്ടു പൊറുതിമുട്ടുന്ന കേരളത്തിന് മരുന്നുപോലെയാ യി മാറുന്നു ഈ കഥ. കുട്ടിക്കാലാനുഭവങ്ങളെ ഹൃദയദ്രവീകരണ ക്ഷമമായ രീതിയില്‍ അവതരിപ്പിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ഓര്‍മ്മകളുടെ ഓണം’ എന്ന കവിതയാണ് പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നത്. ആ മനോഹര കവിതയിലെ വരികള്‍ ഉദ്ധരിക്കട്ടേ.
”വായമുലയില്‍ നിന്നെന്നേയ്ക്കു
മായ് ചെന്നിനായകം
തേച്ചു വിടര്‍ത്തിയൊരമ്മയെ
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകുമമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പിചൂടാക്കി
യെന്‍
കൊച്ചു തുടയിലമര്‍ത്ത ചിറ്റമ്മയെ
പന്തു ചോദിക്കവേ മൊന്ത
യെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി
യമ്മായിയെ
പുത്തന്‍ കയറാല്‍ കമുകിലെ
ന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ
മുട്ടന്‍വടികൊണ്ടടിച്ചു പുറംപൊളി
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ
പിന്നെപ്പിറന്നവനാകയാലെന്നില്‍
നി-
ന്നമ്മയെത്തട്ടിപ്പറിച്ചൊരനുജനെ
……
ഒന്നിച്ചുമുങ്ങിക്കുളിക്കുമ്പൊഴെന്‍
തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാ
തിയെ
ബഞ്ചിനുമേലേ കയറ്റി നിറുത്തി
യെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ
വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെ
ക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍
കുട്ടിയെ.”
ചുള്ളിക്കാടിന്റെ കവിതയും ശത്രുഘ്‌നന്റെ കഥയും ഒരുപോലെ ആസ്വാദ്യം. ചുള്ളിക്കാട് പക്ഷേ സമൂഹത്തിനു സന്ദേശമൊന്നും പകരുന്നില്ല. കഥാകൃത്ത് മയക്കുമരുന്നിനെതിരായ സാമൂഹ്യ ദൗത്യം കൂടി നിര്‍വ്വഹിക്കുന്നു.
ശത്രുഘ്‌നന്റെ കഥയ്ക്ക് കണ്ണുവയ്ക്കാതിരിക്കാനാവും സ്വപ്ന അലക്‌സിന്റെ ‘ശിശിരപര്‍വ്വം’ എന്ന കഥ കൂടി ദേശാഭിമാനിയില്‍ ചേര്‍ത്തിരിക്കുന്നത്. എത്രയോ കാലമായി കേട്ട ദാമ്പത്യത്തിന്റെ ചേര്‍ച്ചക്കുറവിനെപ്പറ്റിയും കുടുംബപ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെയുള്ള സ്വപ്‌നയുടെ കഥയ്ക്ക് ഒരു പുതുമയുമില്ല. വായിക്കാന്‍ തന്നെ താല്പര്യം തോന്നിപ്പിക്കുന്നില്ല. ദേശാഭിമാനിയില്‍ രണ്ടു കവിതകളുമുണ്ട്. ഒന്ന് നജാ ഹുസൈന്റെ ‘നിന്നിലേയ്ക്കുള്ള ദൂരം’, അടുത്തത് എസ്.ജോസഫിന്റെ അപരിചിതന്‍. ജോസഫിന്റെ കവിത പതിവുപോലെ തീരെ കവിത്വമില്ലാത്ത വെറും ഗദ്യഖണ്ഡമാണ്. എന്തിനാണെഴുതിയത് എന്നുപോലും കവിക്കു നിശ്ചയമുണ്ടെന്നു തോന്നുന്നില്ല. കവിതയുടെ തുടക്കത്തില്‍ ഒരു നല്ല കവിതയ്ക്കു വേണ്ടുന്ന സംഗതികളൊക്കെ സ്വരൂപിയ്ക്കുന്നുവെങ്കിലും പിന്നെ എന്തൊക്കെയോ എഴുതി അതിനെ വെറും അസംബന്ധ രചനയാക്കി അധപ്പതിപ്പിച്ചു കളഞ്ഞു.
നജാ ഹുസൈന്റെ നിന്നിലേക്കുള്ള ദൂരം പതിവ് പെണ്‍ കവിതയില്‍ നിന്നും അല്പം വ്യത്യസ്തമാണ്. വായനയെ അതു നിരുത്സാഹപ്പെടുത്തുന്നില്ല. സ്ത്രീയുടെ മഹത്വം ഘോഷിക്കുകയാണെങ്കിലും അതില്‍ ചില അന്വേഷണങ്ങളൊക്കെയുണ്ട്. ബൈബിളും ഈജിപ്തിലെ ഫറവോയും കുരുക്ഷേത്രഭൂമിയും കൈകേയിയും പാഞ്ചാലിയുമൊക്കെ കടന്നുവരുന്നുണ്ട്. സാധാരണ സ്ത്രീപക്ഷ രചനകളില്‍ ഞാനും നീയും പ്രണയവും ചുംബനവും മാത്രമേ ഉണ്ടാവാറുള്ളൂ. നജാ ഹുസൈന്‍ പെണ്‍പക്ഷത്തു നിന്നാണെഴുതുന്നതെങ്കിലും ലോകം കാണാന്‍ ശ്രമിക്കുന്നുണ്ട്. ഒട്ടകപ്പക്ഷിയെപ്പോലെ പ്രണയത്തില്‍ മാത്രം തലപൂഴ്ത്തുന്നില്ല. പൗരാണിക ബിംബങ്ങളുടെ സമൃദ്ധി കവിതയെ സമ്പന്നമാക്കുന്നു. ഒരു മോശം രചനയാകുന്നതില്‍ നിന്നും ഈ ബിംബ കല്പനകള്‍ നജാ ഹുസൈന്റെ കവിതയെ രക്ഷിക്കുന്നു.
കേസരി ബാലകൃഷ്ണപിള്ള നല്ല സഹൃദയനാണെന്ന് ഈ ലേഖകന് അഭിപ്രായമില്ല. എന്നാല്‍ അദ്ദേഹം മഹാപണ്ഡിതനാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യം സാധാരണ മനുഷ്യന് എത്തിപ്പിടിക്കാനാവുന്നതിലും മുകളിലാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പല നിഗമനങ്ങളും വെറും പ്രലപനങ്ങളെന്ന രീതിയില്‍ എഴുതിത്തള്ളുകയാണു പലരും ചെയ്തത്. എന്നാല്‍ ചരിത്രത്തില്‍ അദ്ദേഹം നടത്തിയ പല നിഗമനങ്ങളും ഇന്നു പ്രസക്തമായിവരുന്നുവെന്നത് ഏവരേയും അതിശയിപ്പിക്കുന്നു. ചൈന മുതല്‍ മധ്യ അമേരിക്ക വരെയുള്ള പ്രദേശങ്ങളില്‍ പണ്ടുണ്ടായിരുന്ന നവീന ശിലായുഗകാലത്തെയും ചരിത്രാതീതകാലത്തെയും നിര്‍മ്മിതികള്‍ ഒരേ രീതിയിലുള്ളവയാണെന്നും അവയുടെ നിര്‍മ്മാതാക്കള്‍ ഒരേ വര്‍ഗ്ഗക്കാരാണെന്നുമുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഇന്ന് ആധുനിക പുരാവസ്തു ശാസ്ത്രം ശരിവയ്ക്കുന്നു. കേസരിയുടെ പല നിഗമനങ്ങളും ഡി.എന്‍.എ പഠനത്തിലൂടെ ആധുനികശാസ്ത്രം ശരി വയ്ക്കുന്നുവെന്ന സത്യം നമ്മെ അമ്പരപ്പിക്കുന്നുവെന്ന് ഇടതുപക്ഷ ചരിത്രകാരനായ വി.കാര്‍ത്തികേയന്‍ നായര്‍ കലാകൗമുദിയിലെഴുതുന്നതു വായിക്കുമ്പോള്‍ നമ്മളും അമ്പരക്കുന്നു. (കലാകൗമുദി ഏപ്രില്‍ 16-23).
ഇടതുപക്ഷത്തോട് പ്രത്യേക താല്പര്യമൊന്നുമില്ലാതിരുന്ന കേസരിയെക്കുറിച്ചും അദ്ദേഹത്തിന്റെ കല്പഗണിത, ജ്യോതിശ്ശാസ്ത്ര നിഗമനങ്ങളെക്കുറിച്ചും ആദരവോടുകൂടി ഒരു മാര്‍ക്‌സിസ്റ്റ് പക്ഷപാതിയായ എഴുത്തുകാരന്‍ തന്നെ എഴുതുന്നതു കാണുമ്പോള്‍ കാര്യങ്ങളത്ര പന്തിയല്ലെന്നു നമുക്കും തോന്നിപ്പോകും. കേസരി ബാലകൃഷ്ണപിള്ളയെ വായിച്ചു മനസ്സിലാക്കാന്‍ തന്നെ കഴിവുള്ളവര്‍ പില്‍ക്കാല കേരളത്തിലുണ്ടായില്ല എന്നതാണു യാഥാര്‍ത്ഥ്യം. ജ്യോതിഷം, കല്പഗണിതം എന്നൊക്കെ കേട്ടാല്‍ അവയൊക്കെ എന്താണെന്നന്വേഷിക്കാതെ അന്ധവിശ്വാസം എന്ന ഒരു മുന്‍വിധിയാണ് ഇടതുപക്ഷാശയങ്ങള്‍ക്കു പ്രാമുഖ്യം ലഭിച്ച കേരളത്തില്‍ പലരും കൊണ്ടു നടന്നത്. എല്ലാ അറിവിനേയും നിഷേധിക്കുന്നതിനു മുമ്പ് അതിനെ ശരിയായി മനസ്സിലാക്കിയിരിക്കണം എന്ന പ്രാഥമിക തത്വം പോലും നമ്മള്‍ മറന്നുപോയി. കേസരിയുടെ നിഗമനങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ വീണ്ടും തയ്യാറാവും എന്ന കാര്യത്തില്‍ സംശയമേതും വേണ്ട.
ഒ.എന്‍.വിയുടെ നാട്ടുകാരനായ കവിയാണ് ചവറ കെ.എസ്.പിള്ള. കവി മരിക്കുംവരെ അദ്ദേഹത്തോട് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു ചവറക്ക്. ചവറക്കാരനാണെങ്കിലും ഓയെന്‍വി പേരിനോടൊപ്പം സ്ഥലപ്പേര് സൂക്ഷിച്ചില്ല. പകരം അതു ചെയ്തത് കെ.എസ്.പിള്ളയാണ്. കവിതയുടെ രൂപം പദ്യമാണെന്ന് ഓയെന്‍വി വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റേതായി ഗദ്യകവനങ്ങളൊന്നും മലയാളത്തിനു ലഭിച്ചിട്ടില്ല. അതുപോലെ ചവറയും പദ്യത്തില്‍ത്തന്നെ എഴുതണമെന്ന് നിര്‍ബ്ബന്ധമുള്ള കവിയാണ്. വളരെ വര്‍ഷമായി തുടര്‍ച്ചയായി അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. ഈ വാര്‍ദ്ധക്യത്തിലും ചവറ കെ.എസ്.പിള്ളതന്റെ കാവ്യ സപര്യ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഈ ലക്കം കലാകൗമുദിയില്‍ പിള്ളയുടെ മനോഹരമായ ഒരു കവിതയുണ്ട്. ‘കണിപ്പൂക്കള്‍’. വിഷുവിനെ വൈലോപ്പിള്ളിയും കക്കാടുമൊക്കെ സമീപിച്ച അതേ ശൈലിയില്‍ത്തന്നെ കെ.എസ്. പിള്ളയും വരവേല്‍ക്കുന്നു. കേകയുടെ ചടുലമായ താളത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന വിഷുക്കവിത പൂര്‍വ്വകാല സ്മൃതികളുണര്‍ത്താന്‍ കഴിവുള്ള സുന്ദരരചനതന്നെ. ”ചിന്തിക്കിലെന്തന്തരം നാമുമീപാഴ്ക്കുറ്റിയും ഒന്നാണല്ലോ ഒരു കനല്‍ കൊള്ളിയിലന്ത്യം കൊള്‍വോര്‍” എന്ന തിരിച്ചറിവ് ഈ കവിയെ കൂടുതല്‍ ഉന്നതനാക്കുന്നു.
”നമുക്കുനാമേ നിത്യകണിപ്പൂ
പൊട്ടിച്ചിരി-
ച്ചകമേ നില്‍പ്പൂകൊന്ന വേണ്ടല്ലോ
മറ്റൊന്നുമേ.”
നമുക്കു നമ്മള്‍ തന്നെ നിത്യവും കണിപ്പൂവെന്നും ഉള്ളില്‍ ഒരു കൊന്ന നില്‍ക്കുന്നുണ്ടെന്നുമുള്ള ആത്മവിശ്വാസമാണ് ഈ വാര്‍ദ്ധക്യത്തിലും സജീവമായിരിക്കാന്‍ കവിയെ പ്രാപ്തനാക്കുന്നത്.
Comments