1766-ല്‍ മലബാര്‍ കയ്യടക്കിയ ടിപ്പുസുല്‍ത്താന്‍ കോഴിക്കോട്ടെ സാമൂതിരിയുടെ കൊട്ടാരം വളഞ്ഞ് രാജാവിനോട് മതംമാറാനും കോഴിക്കോടിന്റെ പേര് ഇസ്ലാമാബാദ് എന്നാക്കാനും ആവശ്യപ്പെട്ടു. ഇതു നിരസിച്ച സാമൂതിരി രാജാവ് വെടിമരുന്നുപുരയ്ക്ക് തീക്കൊളുത്തി ആത്മാഹുതി ചെയ്തു. തുടര്‍ന്ന് ടിപ്പു കോഴിക്കോടിനെ പിടിച്ചടക്കി ഇസ്ലാമാബാദ് എന്നു പേരു നല്‍കി. എന്നാല്‍ ടിപ്പുവിന്റെ കാലത്തിനപ്പുറം ആ പേര് നിലനിന്നില്ല. ജനങ്ങളുടെ മനസ്സിലുള്ള കോഴിക്കോട് എന്ന പൈതൃക നഗരത്തെ നശിപ്പിക്കാന്‍ ഒരു ടിപ്പുവിന്റെ ആയുധമുഷ്‌കിനും ഇസ്ലാമിക സാമ്രാജ്യത്വ ചിന്തയ്ക്കും സാധിച്ചില്ല. ഈ ചരിത്രത്തില്‍ നിന്നു പാഠം പഠിക്കാതെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ടിപ്പുവിന്റെ മത കാര്‍ക്കശ്യം കോഴിക്കോട് തളിയിലെ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജയന്തി സ്മാരകമായി പണിത തളിക്ഷേത്ര പരിസരത്തുള്ള കണ്ടംകുളത്തിലെ സ്മാരകത്തിന്റെ പേര് മാറ്റിയിരിക്കയാണവര്‍. അതിനു സമീപമുള്ള വിശ്രമകേന്ദ്രം നവീകരിച്ച് അതിനും ഒരു മുസ്ലിം പേരു നല്‍കിയിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെയും ജീവകാരുണ്യപ്രവര്‍ത്തന സ്മരണയുടെയും മറവിലുള്ള ഈ കുത്സിത നീക്കത്തിന് ഇടതുപക്ഷത്തേയും യു.ഡി.എഫിലേയും എല്ലാകക്ഷികളും ഒറ്റക്കെട്ടായി പിന്തുണ നല്‍കിയിരിക്കുകയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ ജൂബിലിഹാള്‍ എന്ന് പേരിട്ട കെട്ടിടത്തിനാണ് മുഹമ്മദ് അബ്ദുറഹ്‌മാന്റെ പേര് മാറ്റി നല്‍കിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ അജണ്ടയില്‍ തിരുകിക്കയറ്റിയ ഒരു ഇനമായിരുന്നു ഇത്. അതിന്റെ കുരുട്ടുബുദ്ധി തളിയിലെ സാമുദായിക മൈത്രി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.
കോഴിക്കോട് സാമൂതിരി കോവിലകം വകയായ അമ്പാടി കോവിലകത്തിന് അവകാശപ്പെട്ട സ്ഥലമാണ് കണ്ടംകുളം എന്നറിയപ്പെടുന്ന സ്ഥലം. അത് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വന്തമാക്കുകയായിരുന്നു. അവിടെയാണ് സുവര്‍ണ ജൂബിലി ഹാള്‍ പണിതത്. ആ കെട്ടിടമാണ് ഇപ്പോള്‍ പേരുമാറ്റി മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരകമാക്കി മാറ്റിയത്. കോഴിക്കോട് മൊയ്തുമൗലവിക്ക് സ്മാരകമുണ്ട്. മുഹമ്മദ് അബ്ദുറഹ്‌മാന് സ്മാരകമില്ല. അതിനാലാണ് അദ്ദേഹത്തിന്റെ പേര് സ്മാരകത്തിന് ഇട്ടതെന്നാണ് മേയറുടെ അവകാശവാദം. മൊയ്തു മൗലവിയും മുഹമ്മദ് അബ്ദുറഹ്‌മാനും മാത്രമേ സ്വാതന്ത്ര്യസമര സേനാനികളായി ആദരിക്കപ്പെടേണ്ടവരായി കോര്‍പ്പറേഷന്‍ ഭരണ കര്‍ത്താക്കള്‍ക്കു തോന്നിയുള്ളൂ? കെ.കേളപ്പനും കെ.പി.കേശവമേനോനും കെ.മാധവന്‍നായരും ഉള്‍പ്പെടെ സ്വാതന്ത്ര്യസമരനായകരുടെ നിര രണ്ടാം തരക്കാരും അവഗണനയുടെ പരകോടിയിലേയ്ക്ക് തള്ളപ്പെടേണ്ടവരുമാണോ? അവിടെയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്ന കക്ഷിയുടെ ദുഷ്ടലാക്ക് പുറത്താകുന്നത്.
കോഴിക്കോട് നഗരത്തിന്റെ പൈതൃകപ്രദേശമാണ് തളി. തളിക്ഷേത്രത്തിന്റെ സാന്നിദ്ധ്യം അതില്‍ പ്രധാനമാണ്. വാസ്തുവിദ്യയിലും രണ്ടു കൊടിമരമുള്ള മഹാക്ഷേത്രമെന്ന നിലയിലുമൊക്കെ ഈ ക്ഷേത്രം പ്രാധാന്യമര്‍ഹിക്കുന്നു. സാമൂതിരിമാരുടെ ഭരണസിരാകേന്ദ്രമായിരുന്നു തളി. 14-ാം നൂറ്റാണ്ടില്‍ സ്വാമിതിരുമുല്‍പാട് എന്നറിയപ്പെടുന്ന സാമൂതിരി ആരംഭിച്ച രേവതി പട്ടത്താനം കേവലം വിദ്വല്‍ സദസ്സായിരുന്നില്ല. മീമാംസകരും മറ്റുമായ പണ്ഡിതന്മാര്‍ ഭരണകാര്യങ്ങളിലും ആചാരകാര്യങ്ങളിലും വേണ്ടതായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന വേദി കൂടിയായിരുന്നു. ഇത്തരത്തില്‍ രേവതി പട്ടത്താന സദസ്സിലെ ഒരു പണ്ഡിതന്‍ രചിച്ചതാണ് കേരളീയക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ സംബന്ധിച്ച അടിസ്ഥാന പ്രമാണമായ ‘തന്ത്രസമുച്ചയം’ എന്ന ഗ്രന്ഥം. പതിനെട്ടര കവികള്‍ എന്നറിയപ്പെട്ട കാവ്യകാരന്മാര്‍ ഈ സദസ്സിലെ രത്‌നങ്ങളായിരുന്നു.
സാമൂതിരി കുടുംബത്തിലെ കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കാന്‍ സ്ഥാപിച്ച സാമൂതിരി ഹൈസ്‌കൂളില്‍ പിന്നാക്കവിഭാഗക്കാരായ കുട്ടികള്‍ക്കും സാമൂതിരിമാര്‍ പ്രവേശനം നല്‍കിയിരുന്നു എന്നതിനെ മഹാകവി കുമാരനാശന്‍ പ്രശംസിച്ചിട്ടുണ്ട്. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട്ടുനിന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചിട്ടുണ്ട്. നവീന്‍ചന്ദ്ര ഈശ്വരലാല്‍ ഷറോഫ് എന്ന വിദ്യാര്‍ത്ഥി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റും കൊടിയ മര്‍ദ്ദനവും ഏറ്റുവാങ്ങി അവസാനം ആലിപുരം ജയിലില്‍ വെച്ച് വീരചരമമടഞ്ഞു. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കെയാണ് വി.എം.കൊറാത്ത് ക്വിറ്റിന്ത്യാസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചത്. ഇത്തരത്തില്‍ വിസ്മൃതിയുടെ യവനികയ്ക്ക് പുറകിലായിപ്പോയ സ്വാതന്ത്ര്യസമര സേനാനികളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള അവസരം പ്രയോജനപ്പെടുത്താതെ, സ്വന്തം ജന്മനാടായ കൊടുങ്ങല്ലൂരിലും അവസാന പ്രസംഗം നടത്തിയ കൊടിയത്തൂരിലും മുക്കത്തെ കോളേജിലും ചെത്തുകടവിലെ പാലത്തിനും വരെ പേരുള്ള മുഹമ്മദ് അബ്ദുറഹ്‌മാന്റെ പേരു തന്നെ പുതുക്കിപ്പണിയുന്ന കെട്ടിടത്തിന് ഇടണമെന്നു വാശിപിടിക്കുന്നതിനു പിന്നില്‍ സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യം മുഴച്ചുനില്‍ക്കുന്നില്ലേ?
ഇതേ ദുഷ്ടലാക്ക് പ്രകടമാകുന്നതാണ് ജൂബിലി ഹാളിനു മുമ്പിലെ വിശ്രമകേന്ദ്രത്തിന് മാന്‍ഹോള്‍ ദുരന്തത്തില്‍ മരണപ്പെട്ട നൗഷാദിന്റെ പേരിടാനുള്ള നീക്കം. മുസ്ലിം സ്വാതന്ത്ര്യസമര സേനാനിയേയും മുസ്ലിമായ ജീവകാരുണ്യപ്രവര്‍ത്തകനെയും മറയാക്കി സ്ഥലനാമങ്ങളെ ഇസ്ലാമിക വല്‍ക്കരിക്കുക, സമൂഹത്തില്‍ സംശയം ജനിപ്പിക്കുക. അതുവഴി സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് വകുപ്പുമന്ത്രിയുടെയും ഡപ്യൂട്ടി മേയറുടെയും ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സ്വാഭാവികമായും ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും ആ അവസരം മുതലെടുത്ത് ഇസ്ലാമിക തീവ്രവാദവിഭാഗങ്ങളുടെ പിന്തുണ നേടാമെന്നുമുള്ള രാഷ്ട്രീയ കുതന്ത്രം ഇതിനു പിന്നിലുണ്ടെന്നു സംശയിക്കണം. സി.പി.എം. ജില്ലാ സെക്രട്ടറി പുറത്തിറക്കിയ പത്രപ്രസ്താവന ഇതിനു തെളിവാണ്. ഹിന്ദു-മുസ്ലിം മൈത്രി തകര്‍ക്കാനും സാമൂഹ്യ സൗഹാര്‍ദ്ദത്തെ ഇല്ലാതാക്കാനും ബി.ജെപിയുടെ ഭാഗത്തു നിന്നുള്ള അജണ്ടയാണ് പേരുമാറ്റ വിവാദത്തിനു പിന്നിലുള്ളതെന്ന സി.പി.എം നിലപാട് അവര്‍ ലക്ഷ്യം വെക്കുന്നത് എന്താണെന്ന് വ്യക്തമാക്കിത്തരുന്നു. പേരുമാറ്റാന്‍ സി.പി.എം നടത്തിയ കള്ളക്കളികളാണ് യാഥാര്‍ത്ഥത്തില്‍ മതമൈത്രി തകര്‍ക്കുന്നതും സാമുദായിക സൗഹാര്‍ദ്ദം ഇല്ലാതാക്കുന്നതും. സര്‍വ്വകക്ഷിയോഗം വിളിക്കുക എന്ന പ്രഹസനം വഴി തങ്ങളുടെ തന്ത്രം അംഗീകരിപ്പിച്ചെടുക്കാനുള്ള സൃഗാല തന്ത്രം കൂടി അവര്‍ പ്രയോഗിച്ചു. കുറ്റിച്ചിറ പോലുള്ള മുസ്ലിംഭൂരിപക്ഷ സ്ഥലത്തു കേളപ്പജിക്കോ കെ.പി. കേശവമേനോനോ ഒരു സ്മാരകം പണിയാനോ പേരുമാറ്റാനോ അതു നടപ്പാക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനോ സി.പി.എമ്മോ അവര്‍ ഭരിക്കുന്ന കോര്‍പ്പറേഷനോ തയ്യാറാകുമോ? അതിനുള്ള തന്റേടം ആ പാര്‍ട്ടിയ്‌ക്കോ കോര്‍പ്പറേഷന്‍ ഭരണക്കാര്‍ക്കോ ഉണ്ടോ?
ഇത്തരത്തില്‍ ഹിന്ദു-മുസ്ലിം ഭിന്നതയും ശത്രുതയും സൃഷ്ടിക്കുക എന്നതാണ് സി.പി.എമ്മിന്റെ സ്ഥിരം തന്ത്രം. അയോദ്ധ്യപ്രശ്‌നം സങ്കീര്‍ണമാക്കി വര്‍ഗ്ഗീയകലാപത്തിനു വഴിമരുന്നിട്ടത് ഇടതുചരിത്രകാരന്മാരാണ്. അവരാണ് ബാബറി കര്‍മ്മ സമിതിയെ വഴിതെറ്റിച്ചത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്നുക്ഷേത്രചുമരില്‍ പച്ചനിറം പൂശിയത് ഇക്കൂട്ടര്‍ ഭരിക്കുന്ന ദേവസ്വം ബോര്‍ഡാണ്. പൂരക്കമ്മറ്റിയുടെ നേതൃത്വം മുസ്ലിം രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയതും അവരാണ്. പ്രതിഷേധം ശക്തമായപ്പോഴാണ് ഈ നീക്കത്തില്‍നിന്ന് അവര്‍ പിന്തിരിഞ്ഞത്. ടിപ്പു അധികാരം ഉപയോഗിച്ച് കോഴിക്കോടിനെ ഇസ്ലാമബാദാക്കാന്‍ ശ്രമിച്ചു. നടന്നില്ല. ജൂബിലിഹാളിന്റേയും അതിനു മുന്നിലെ വിശ്രമസ്ഥലത്തിന്റെയും പേരുമാറ്റി കോഴിക്കോടിനെ ഇസ്ലാമികവല്‍ക്കരിക്കാന്‍ ഭരണാധികാരം ഉപയോഗിക്കുന്ന മാര്‍ക്‌സിസ്റ്റു ഭരണകര്‍ത്താക്കള്‍ക്ക് കോഴിക്കോട്ടെ ജനങ്ങളെ തിരിച്ചറിയാനായിട്ടില്ല.