മെയ് 2 മാറാട് ദിനം
‘രാഷ്ട്രീയവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും ജനസമൂഹത്തെയോ, അതിന്റെ ഒരു വിഭാഗത്തെയോ, അവരുടെ സ്വത്തിനെയോ, ഭരണകൂടത്തെയോ, നിയമവിരുദ്ധമായ ശക്തിയും ആയുധവും ഉപയോഗിച്ച് ബലാല്‍ക്കാരമായി ഇല്ലാതാക്കുകയോ കീഴ്‌പ്പെടുത്തുകയോ വശംവദരാക്കുകയോ ചെയ്യുന്നതിനെയാണ് ഭീകരവാദം എന്ന് പറയുന്നത്’ – അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഭീകരവാദത്തിന് നല്‍കിയ നിര്‍വ്വചനമാണിത്, 2003ലെ മാറാട് ഹിന്ദു കൂട്ടക്കൊല ഈ നിര്‍വ്വചനപ്രകാരം ഭീകരവാദം തന്നെയാണ്.
നിരപരാധികളായ എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തിന് രണ്ടു പതിറ്റാണ്ട് തികയുകയാണ്. 2003 മെയ് രണ്ടിനാണ് മാപ്പിള ക്രൂരതയുടെ വികൃത മുഖം കോഴിക്കോട്ടെ മാറാട് എന്ന കൊച്ചു തീരപ്രദേശത്തെ ചോരക്കളമാക്കി മാറ്റിയത്. 1921ലെ മാപ്പിളലഹളക്ക് ശേഷം മലയാളനാട്ടില്‍ നടന്ന ലക്ഷണമൊത്ത മതഭീകരാക്രമണമായിരുന്നു മാറാട് അരങ്ങേറിയത്. കടലോര ഗ്രാമങ്ങളില്‍ നിന്നും ഹിന്ദു മത്സ്യത്തൊഴിലാളികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായിരുന്നു സമാനതകളില്ലാത്ത ഈ ഹിന്ദു കൂട്ടക്കൊല.
ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദാസന്‍, പാണിച്ചന്റകത്ത് ഗോപാലന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, ചോയിച്ചന്റകത്ത് ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പന്‍, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉറ്റവരുടെയും ഉടയവരുടെയും ചേതനയറ്റ ശരീരവുമായി എട്ട് ആംബുലന്‍സുകള്‍ വരിവരിയായി മാറാട് എന്ന കൊച്ചു തീരപ്രദേശത്തേക്ക് വരുന്ന കാഴ്ച, ആ ഗ്രാമത്തിലെ ഓരോ ഹിന്ദു ഭവനത്തില്‍ നിന്നുമുയര്‍ന്ന ആര്‍ത്തനാദങ്ങള്‍, ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. കടലിനോട് മല്ലിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന അരയ സമൂഹത്തിന് ഏത് പ്രതിസന്ധികളെയും സ്വന്തം കൈക്കരുത്തില്‍ പ്രതിരോധിക്കാനുള്ള ശക്തിയും ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഹിന്ദു കൂട്ടക്കൊലക്ക് ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അതിനെ തുടര്‍ന്ന് കോഴിക്കോട്ട് വ്യാപകമായ കലാപം നടത്താമെന്നും ആസൂത്രണം ചെയ്ത മതഭീകര ശക്തികളുടെ തോല്‍വിക്ക് തുടക്കമാകുന്നത് അരയ സമൂഹത്തിന്റെ സംയമനത്തില്‍ നിന്നാണ്. ഉറ്റവര്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്നു ദുഃഖം കടിച്ചമര്‍ത്തി അരയ സമൂഹം നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടു പോയി. കേരളത്തിലെ ഹിന്ദു സംഘടനകള്‍ അതിന് പൂര്‍ണ്ണ പിന്തുണ നല്‍കി.

സമാനതകള്‍ ഇല്ലാത്ത ജനകീയ പ്രക്ഷോഭം
മാറാട് ജനകീയ പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഭീകരവാദത്തെ നിയമം കൊണ്ടോ, അധികാരം കൊണ്ടോ, നേരിടാനാവില്ലെന്നും ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്‍പില്‍ ഭീകര പ്രവര്‍ത്തനം തുത്തെറിയപ്പെടുമെന്നും മാറാട് കാണിച്ചുതരുന്നു. മാറാട് എട്ട് പേരുടെ ചിതക്ക് മുന്നില്‍ നിലവിളിച്ച സഹോദരങ്ങളുടെ കണ്ണുനീര്‍ത്തുള്ളികളില്‍ അവരുടെ വേദന മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. നാടിനെ മഥിക്കുന്ന ഭീകരതക്ക് എതിരായ പോരാട്ടത്തിനുള്ള ആഹ്വാനവും അതിലുണ്ടായിരുന്നു. മാറാടിന്റെ വേദന മലയാള നാട്ടിലെ ഹിന്ദു സമൂഹം ഒന്നടങ്കം ഏറ്റെടുത്തപ്പോള്‍ കേരളത്തില്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ പുതുചരിത്രം പിറന്നു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടു. പ്രക്ഷോഭം വര്‍ഗീയത വളര്‍ത്തുന്നു എന്ന മുടന്തന്‍ ന്യായം പറഞ്ഞ സര്‍ക്കാര്‍ ജനകീയ പോരാട്ടത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് ചര്‍ച്ചക്ക് തയ്യാറായി. ഗാന്ധിയന്മാരുടെയും കോഴിക്കോട് പ്രസ് ക്ലബ്ബിന്റെയും ആത്മാര്‍ത്ഥമായ ഇടപെടലും ശ്രദ്ധേയമായി. മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ ഹിന്ദു ഐക്യവേദി, ബി.ജെ.പി, മുസ്ലിംലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ഒക്ടോബര്‍ ആറിന് നടന്ന യോഗം ഹിന്ദു സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് അവസാനിച്ചത്.
മെയ് 20ന് സംസ്ഥാന കണ്‍വെന്‍ഷനോടുകൂടി ആരംഭിച്ച ജനകീയ പ്രക്ഷോഭം ഒക്ടോബര്‍ ആറിന് വിജയകരമായി പര്യവസാനിച്ചപ്പോള്‍ കേരളത്തിലെ ജനകീയ പ്രക്ഷോഭ ചരിത്രത്തില്‍ മാറാട് പ്രക്ഷോഭം വേറിട്ട ഒരു അധ്യായമായി മാറി.

സി.ബി.ഐ അന്വേഷണം
കൂട്ടക്കൊലക്ക് ഇരയായവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുക, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളും മറ്റും പുനര്‍ നിര്‍മ്മിക്കുക തുടങ്ങി ഹിന്ദു സംഘടനകള്‍ മുന്നോട്ടു വെച്ച പത്ത് ആവശ്യങ്ങളും ചര്‍ച്ചയില്‍ അംഗീകരിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായത്തിന് വിധേയമായി സിബിഐ അന്വേഷണം നടത്താമെന്നും സര്‍ക്കാര്‍ അംഗീകരിച്ചു.
സംസ്ഥാനാന്തര ബന്ധമുള്ള ഭീകര പ്രസ്ഥാനങ്ങളുടെ പങ്ക്, ഭരണകക്ഷിക്ക് പങ്കുള്ള സംഭവത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം നിഷ്പക്ഷമാവില്ല എന്ന വിലയിരുത്തല്‍, വിദേശ പണത്തിന്റെയും ശക്തികളുടെയും സഹായവും ഗൂഢാലോചനയും, സാമ്പത്തിക സ്രോതസ്സും ആസൂത്രണവും പുറത്തുകൊണ്ടുവരുവാന്‍ പോലീസിന് സാധിക്കില്ല എന്ന നിഗമനം, ദീര്‍ഘകാലമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ഹിന്ദു കൂട്ടക്കൊല എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിന്ദു ഐക്യവേദി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.
മാറാട് ഹിന്ദു കൂട്ടക്കൊലക്ക് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന ഹിന്ദു സംഘടനകളുടെ നിലപാടിനെ ഇടതു വലതു മുന്നണികള്‍ അവഗണിക്കുകയായിരുന്നു. ഈ കൂട്ടക്കൊലക്ക് പിന്നിലെ ഭീകരബന്ധം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കേരളത്തില്‍ പിന്നീട് ഉണ്ടായ നിരവധി ഭീകര ആക്രമണങ്ങള്‍ തടയുവാന്‍ കഴിയുമായിരുന്നു. മാറാട് ജുഡിഷ്യല്‍ കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശവും സിബിഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു. ഇതിനെ അട്ടിമറിക്കാനായിരുന്നു ഇരു മുന്നണികളും നിരന്തരം പരിശ്രമിച്ചത്. ജുഡിഷ്യല്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2006 സപ്തംബര്‍ 12ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സി ബി ഐ അന്വേഷണം ആവശ്യമില്ല എന്നായിരുന്നു. പിന്നീട് 2016ലാണ് ഗൂഢാലോചന അന്വേഷിക്കാമെന്ന നിലപാട് സിബിഐ ഹൈക്കോടതിയെ അറിയിക്കുന്നത്.ഹൈക്കോടതി വിധിയെ തുടര്‍ന്ന് 2017 ജനുവരി 19 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു സി.ബി.ഐ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആവശ്യമായ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. രേഖകള്‍ ലഭിക്കുവാന്‍ സിബിഐക്ക് രണ്ടുവട്ടം ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു, ഒരുപക്ഷേ നിരവധി തെളിവുകള്‍ നശിച്ചു പോയിട്ടുണ്ടാകാമെങ്കിലും ലഭ്യമായ തെളിവുകള്‍ പോലും സമാഹരിക്കാന്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല എന്ന ആരോപണമാണ് ഉയരുന്നത്. കേസ്സിലെ പ്രതികളെയും അന്നത്തെ എന്‍.ഡി.എഫ് നേതാക്കളെയും ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പോലും ശേഖരിക്കുന്നതില്‍ അന്വേഷണസംഘം വീഴ്ചവരുത്തി എന്ന ആരോപണവും ശക്തമാണ്. മാറാട് അരയ സമാജം ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളുടെ ആവശ്യം നീതിന്യായക്കോടതി അംഗീകരിച്ചുവെങ്കിലും അത് അട്ടിമറിക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
ഭീകരതയോട് മൃദുസമീപനം
മത ഭീകരതയോടുളള മൃദുസമീപനത്താല്‍ 2003ലെ മാറാട് ഹിന്ദു കൂട്ടക്കൊലക്ക് ശേഷം കേരളം മതഭീകരതയുടെ ഈറ്റില്ലമായി മാറിയിരിക്കുന്നു. ഇസ്ലാമിക സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്ക് ശക്തമായ അടിവേരുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. മതഭീകരതക്ക് നേതൃത്വം നല്‍കിയ പോപ്പുലര്‍ഫ്രണ്ടും അനുബന്ധ സംഘടനകളും നിരോധിക്കപ്പെട്ടുവെങ്കിലും, മതഭീകരത വളര്‍ത്തുന്ന ആശയവും അവര്‍ക്ക് വിടുപണി ചെയ്യുന്ന സാമൂഹിക സാംസ്‌കാരിക നേതൃത്വവും, ഭീകരവാദ സഹയാത്രികരുടെ ഫണ്ടിന്റെ ബലത്തില്‍ കേരളത്തില്‍ അനുദിനം ശക്തി പ്രാപിക്കുകയാണ്. ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നതില്‍ മത്സരിക്കുകയാണെന്ന് മാറാടില്‍ നിന്നും അധികം ദൂരമില്ലാത്ത എലത്തൂര്‍ സംഭവവും തെളിയിച്ചിരിക്കുന്നു. ഷാരൂഖ് സെയ്ഫിയെ പോലുള്ള ഭീകരവാദികള്‍ക്ക് സെയ്ഫ് സോണായി കേരളം മാറ്റിയെടുക്കപ്പെട്ടതിന്റെ ഉത്തരവാദികള്‍ കേരളം മാറി മാറി ഭരിച്ച ഇരു മുന്നണികളുമല്ലാതെ മറ്റാരുമല്ല.
നമ്മുടെ നാട്ടിലെ ആനുകാലിക സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തിയ ഒരു ദേശസ്‌നേഹിയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്. കാശ്മീര്‍ ശാന്തമാകുമ്പോള്‍ – കേരളം എങ്ങോട്ട് ?
(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ ്‌ലേഖകന്‍)