ഭാഷാപോഷിണി ഏപ്രില്‍ ലക്കത്തില്‍ വി.എച്ച്. നിഷാദ് ‘ഏപ്രിലിന്റെ കഥകള്‍’ എന്ന പേരില്‍ 3 ലഘുകഥകള്‍ എഴുതിയിട്ടുണ്ട്; മുയലുകള്‍, സ്‌കൂട്ടര്‍, വായനക്കാര്‍ എന്നീ മൂന്ന് കഥകള്‍. മുയലുകള്‍ക്കും സ്‌കൂട്ടറിനും കഥയാകാനായില്ല. എന്നാല്‍ ‘വായനക്കാര്‍’ ഒരു കഥയുടെ സ്വരൂപം ആര്‍ജ്ജിച്ചിട്ടുണ്ടെന്നു പറയാം. ലഘുകഥ എന്ന നിലയില്‍ നിന്നും വളര്‍ത്തിയെടുക്കാനാവുമായിരുന്ന ഉള്ളടക്കം. വായിക്കാന്‍ മടിയന്മാരായ നാലു ചെറുപ്പക്കാര്‍. വായനശാല കാണുമ്പോഴേ മടുക്കുന്നു. അവിടെ ചെന്നാലോ ഉറക്കമാണു പണി. പക്ഷേ അറിവിന്റെ മഹത്വം അവര്‍ക്കു മനസ്സിലായി. അതുകൊണ്ട്. ഒരു കുറുക്കുവഴി കണ്ടെത്തി. പുസ്തകം വായിച്ച് ഒരുപാട് അറിവു നേടിയ ഒരാളെ തട്ടിക്കൊണ്ടുപോവുക. അങ്ങനെയവര്‍ ഒരാളെ തട്ടിക്കൊണ്ടുപോകുന്നു.
ഹണിപോട്ടുകള്‍ (honeypot) എന്നുവിളിക്കുന്ന ഉറുമ്പുകളെക്കുറിച്ചു വായിച്ചിട്ടുണ്ട്. ഉറുമ്പുകളിലെ വേലക്കാരായ ചില ഉറുമ്പുകളെ തേന്‍ കുടിപ്പിച്ചു ഭരണികളാക്കി കൂടുകള്‍ക്കുള്ളില്‍ സ്ഥിരമായി സൂക്ഷിക്കുന്നു. ജീവനുള്ള ഈ ഭരണികളില്‍ നിന്നും മറ്റുറുമ്പുകള്‍ തേന്‍ അല്പാല്പം കുടിച്ചു പഞ്ഞകാലത്തെ അതിജീവിക്കുന്നു. അത്തരത്തില്‍ അറിവുള്ള ഒരാളെ തടവുകാരനാക്കി സൂക്ഷിച്ചാല്‍ അയാളില്‍ നിന്ന് യഥേഷ്ടം അറിവ് ഊറ്റിയെടുക്കാം. ഐ.ടി. മേഖലയില്‍ നടക്കുന്നത് ഒരര്‍ത്ഥത്തില്‍ ഇത്തരം ഊറ്റിയെടുക്കല്‍ തന്നെ. പുതിയ കാലത്ത് ഇങ്ങനെ പല പ്രതിഭാസങ്ങളുമുണ്ട്. അതിലേയ്‌ക്കൊക്കെയുള്ള സൂചനയാണ് വി.എച്ച്. നിഷാദിന്റെ കഥ. എന്നാല്‍ ചുരുക്കിയെഴുതി കഥയുടെ ജീവന്‍ നശിപ്പിച്ചു കളഞ്ഞു കഥാകൃത്ത്.
ഭാഷാപോഷിണിയില്‍ സി.ഗണേഷിന്റെ കഥയാണ് ‘നിക്കൊരു ജെ.സി. ബി വേണം’. വനവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അപ്രായോഗികമായ ഭാവനകളും നമ്മുടെ സമൂഹത്തിലെ ഇതരവിഭാഗക്കാര്‍ പല രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ പോലും കാടു കണ്ടിട്ടില്ലാത്ത, അതിനുള്ളില്‍ താമസിച്ചിട്ടില്ലാത്ത, വനവാസി ജീവിതത്തെക്കുറിച്ച് ഒന്നുമറിയാത്ത കവികളും കഥാകൃത്തുക്കളും പലതും ഭാവന ചെയ്യും. പക്ഷേ അതൊന്നുമല്ല അവരുടെ ജീവിതം. അതിനെക്കുറിച്ച് ശരിക്കും അഭിപ്രായം പറയാന്‍ ഒരു വനവാസിക്കേ കഴിയൂ. അല്ലെങ്കില്‍ കുറേക്കാലമെങ്കിലും അവരോടൊപ്പം കഴിഞ്ഞിട്ടുള്ളവര്‍ക്കേ അതിനു സാധ്യമാകൂ!
വനവാസികളുടെ ജീവിത പ്രശ്‌നത്തിന് ഇന്നത്തെ സാഹചര്യത്തില്‍ ലളിതമായ പരിഹാരങ്ങളില്ല. പ്രകൃതി വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കഴിഞ്ഞ ഇക്കാലത്ത് വനവാസികളെ അവരുടെ ഏകാന്ത ജീവിതത്തിനു വിട്ടുകൊടുക്കാന്‍ പറ്റില്ല. കാരണം ആമസോണ്‍ കാട്ടിലെ ഒറ്റപ്പെട്ട ഗോത്രങ്ങളെപ്പോലും പുതിയകാലത്തെ രോഗങ്ങള്‍ കടന്നാക്രമിക്കുന്നു. അതുകൊണ്ടുതന്നെ പഴയ കാലത്തെ ചികിത്സകളും പരിഹാരങ്ങളും കൊണ്ട് അവരുടെ ജീവിതങ്ങള്‍ പിടിച്ചുനിര്‍ത്താനാവില്ല. ആധുനിക ചികിത്സയും വൈദ്യസഹായവുമൊക്കെ അവര്‍ക്കും പ്രാപ്തമാക്കിയേ കഴിയൂ. പഴയ രീതിയിലുള്ള ഊരുകളില്‍ അവര്‍ക്ക് സ്വസ്ഥമായി കഴിയാനാവില്ല. പുറത്തുള്ളവരുടെ ഇടപെടലില്ലാതെ പൂര്‍ണ്ണമായും പരമ്പരാഗതമായ രീതിയില്‍ ഉള്‍വനങ്ങളില്‍ ജീവിക്കാന്‍ അവരെ വിട്ടു കൊടുത്താല്‍ സ്വന്തം കാര്യം നോക്കിക്കഴിയാന്‍ വനവാസികള്‍ക്കു കഴിയുമെന്നു കരുതുന്നവരുണ്ട്. അങ്ങനെ കഴിയുമെന്ന് ഭൂമിയുടെ മുക്കും മൂലയും മലിനമായ ഇക്കാലത്ത് കരുതാനാവുമോ? ഇതില്‍ വലിയ ഒരു നൈതിക പ്രശ്‌നമുണ്ട്.
ആധുനികമായ ജീവിതം ആദിവാസികള്‍ക്കും സാധ്യമാക്കണമെന്നാണ് ബഹുഭൂരിപക്ഷം പേരും വാദിക്കുന്നത്. മറ്റു ചിലര്‍ അവരെ പുറംലോകത്തിന്റെ ഇടപെടലില്ലാതെ സ്വന്തംവഴിക്കു വിടുക എന്നും. സി. ഗണേഷ് അദ്ദേഹത്തിന്റെ കഥയിലൂടെ പറയാന്‍ ശ്രമിക്കുന്നതും അതാണ്. ഒരാദിവാ സി പെണ്‍കുട്ടി ഡോക്ടറാകാനല്ല പകരം ജെ.സി.ബി. ഡ്രൈവര്‍ ആകാനാണ് ആഗ്രഹിക്കുന്നത്. കാരണം കാട്ടില്‍ സര്‍ക്കാര്‍ പണിഞ്ഞു കൊടുത്ത കോണ്‍ക്രീറ്റ് വീടുകള്‍ ഇടിച്ചു കളഞ്ഞ് പരമ്പരാഗതമായ രീതിയിലുള്ള ഊരു നിര്‍മ്മിക്കാന്‍. വായിക്കാന്‍ രസമുള്ളതാണ് ഈ ആശയമെങ്കിലും പ്രായോഗികതലത്തില്‍ അതിന് വലിയ പരിമിതികളുണ്ട്.
‘ഏട്ടിലെ പശു പുല്ലുതിന്നില്ല’ എന്നു പറയുന്നതുപോലെ ഭാവനകൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ മൂടാനാവില്ല. വനവാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആധുനിക ജീവിത സൗകര്യങ്ങള്‍ അവര്‍ക്കും പ്രാപ്തമാക്കുകയാണ് വേണ്ടത്. കഥാകൃത്ത് ഭാവന ചെയ്യുന്നതു പോലെ കോണ്‍ഗ്രീറ്റ് വീടുകള്‍ തകര്‍ത്തു കളഞ്ഞ് കാട്ടുചെടികളും തെരുവപ്പുല്ലും കൊണ്ടുള്ള പഴയവീടുകള്‍ സ്ഥാപിക്കുകയല്ല വേണ്ടത്. നല്ല കെട്ടിടങ്ങളും ആധുനിക വിദ്യാഭ്യാസവും വൈദ്യ ശുശ്രൂഷയുമൊക്കെ അവര്‍ക്കും നല്‍കുകയാണു വേണ്ടത്. അവര്‍ക്ക് അവരുടെ വ്യക്തിത്വം സൂക്ഷിക്കുന്നതിനുള്ള അവസരം നല്‍കുകയും വേണം. അവരുടെ കലാരൂപങ്ങളും പാരമ്പര്യ ചികിത്സയുമൊക്കെ സംരക്ഷിക്കാനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം. എന്നാല്‍ പ്രകൃതി ക്ഷോഭങ്ങളേയും വന്യജീവികളേയും നേരിടാന്‍ തക്ക ഉറപ്പുള്ള വീടുകള്‍ അവര്‍ക്കും വേണം. കഥയെ കഥയായി മാത്രം കണ്ടാല്‍ മതി. സ്വപ്‌നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും അതിരുകള്‍ വേണ്ട. അതിനാല്‍ ഗണേഷിന്റെ കഥയ്ക്കും അതിരുകള്‍ തീര്‍ക്കേണ്ട. കഥയിലെപ്പോലെ ചിന്തിക്കുന്ന വനവാസി സുഹൃത്തുക്കളെ എനിക്കറിയാം. അവര്‍ പക്ഷേ കഥയറിയാതെ ആട്ടം കാണുന്നവരാണ്.
മോപ്പസാങ്ങിന്റെ ഒരു ചെറിയ കഥയുണ്ട്; ‘ഒരു മരിച്ച സ്ത്രീയുടെ രഹസ്യം’ (A dead woman’s secret). കഷ്ടിച്ചു നാലുപേജുമാത്രമുള്ള കഥ മനുഷ്യബന്ധങ്ങളെയും നമ്മുടെ മുന്‍വിധികളെയും വിചാരണ ചെയ്യുന്ന ഒന്നാണ്. ഏറ്റവും നല്ലവളായ അമ്മ മരിച്ചു കിടക്കുകയാണ്. രണ്ടു പേരാണ് മക്കള്‍. ഒരാള്‍ മജിസ്‌ട്രേറ്റാണ്. മറ്റേയാള്‍ നഴ്‌സും. അമ്മയാണ് അവരെ നന്മയുടെയും സദാചാരത്തിന്റെയും പാഠങ്ങള്‍ പഠിപ്പിച്ചത്. അച്ഛന്‍ അമ്മയുടെ വാക്കുകളില്‍ നീചനും അമ്മയോടു ക്രൂരതകള്‍ പ്രവര്‍ത്തിച്ചയാളുമാണ്. അതുകൊണ്ടുതന്നെ അച്ഛനോട് അവര്‍ക്കു മമതയില്ല. അമ്മയാണെല്ലാം. അന്ത്യകര്‍മ്മങ്ങള്‍ക്കു വന്ന പുരോഹിതനോട് അവര്‍ പറയുന്നത് കുറച്ചു സമയം കൂടി ഞങ്ങള്‍ രണ്ടുപേരും മാത്രമായി അമ്മയുടെ അടുത്തിരുന്നോട്ടെ എന്നാണ്.
അമ്മയുടെ സ്വകാര്യശേഖരങ്ങളൊക്കെ അമ്മയോടൊപ്പം പെട്ടിയില്‍ വയ്ക്കാന്‍ അവര്‍ തിരഞ്ഞെടുക്കുന്നു. കൂട്ടത്തില്‍ അവരുടെ പഴയ കത്തുകളും. അവയിലൂടെ അവരൊന്ന് ഓടിച്ചു നോക്കുന്നു. മിക്കവാറും എല്ലാം അച്ഛനും അമ്മയും തമ്മില്‍ എഴുതിയവയാണ്. അവരുടെ ദാമ്പത്യത്തിന്റെ ചേര്‍ച്ചക്കുറവാണ് അവയില്‍ പലതിലുമുള്ളത്. എന്നാല്‍ ഒരു കത്തിനടിയില്‍ ഒപ്പിട്ടിരിക്കുന്നത് അച്ഛനല്ല മറ്റൊരാളാണ്. ഹെന്റി എന്നാണ് അയാളുടെ പേര്. അച്ഛന്റെ പേര് റെനി എന്നാണ്. പ്രണയഭരിതമായ ആ കത്ത് എഴുതിയിരിക്കുന്നത് അമ്മയുടെ കാമുകനാണ്. അതുപോലെ കുറെ കത്തുകളുണ്ട്. ഞെട്ടലോടെ മക്കള്‍ ആ സത്യം മനസ്സിലാക്കി. അമ്മയും അച്ഛനും തമ്മില്‍ അകലാനിടയായത് ഹെന്റിയുമായി അവര്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ്. ഒരു നിമിഷം കൊണ്ടാണ് അമ്മയെക്കുറിച്ചുള്ള മക്കളുടെ ധാരണകള്‍ തകിടം മറിയുന്നത്. അച്ഛനെക്കുറിച്ചുള്ള അഭിപ്രായങ്ങളും. റൂമില്‍ നിന്നു പുറത്തേയ്ക്കു പോകുന്ന മകന്‍, നീതിമാനായ മജിസ്‌ട്രേറ്റ് അമ്മയുടെ ശവത്തില്‍ നോക്കുന്നതുപോലുമില്ല. അയാള്‍ സഹോദരിയോട് പറയുന്നു ”Now, my sister, let us leae the room” ആ വാക്യത്തിലാണ് കഥ അവസാനിക്കുന്നത്.
മോപ്പസാങ്ങിന്റെ കഥയില്‍ അന്ത്യത്തില്‍ മാത്രമാണ് അമ്മയുടെ രഹസ്യ ബന്ധം നമ്മളറിയുന്നത്. എന്നാല്‍ കെ.എസ്.രതീഷ് ഭാഷാപോഷിണിയിലെഴുതിയിരിക്കുന്ന കഥയില്‍ ആദ്യമേ നമ്മള്‍ അച്ഛന്റെ അവിഹിത ബന്ധത്തെക്കുറിച്ചറിയുന്നു. പിതാവിന്റെ രഹസ്യബന്ധത്തിലുള്ള മകനാണ് വീട്ടിലെ ജോലികളൊക്കെ ചെയ്യുന്നത് ‘ളാപ്പ്’ എന്ന മീരാനെന്ന് ആദ്യമേ അറിഞ്ഞിട്ടും കഥാകൃത്തിലോ അമ്മയിലോ ഭാവമാറ്റമൊന്നുമില്ല. അമ്മ ഭര്‍ത്താവിന്റെ അവിഹിതസന്താനത്തിന് ഭക്ഷണം വച്ചു നല്‍കുന്നു. വീട്ടിലെ ജോലിക്കാരനായി സ്വീകരിക്കുന്നു. അവന്റെ ഉമ്മയായ കിണീയുമ്മയോടും അമ്മയ്ക്ക് പരാതികളൊന്നുമില്ല.
മനുഷ്യബന്ധങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യബോധം ജനിപ്പിക്കണം. എങ്കിലും അതില്‍ അസാധാരണത്വത്തിന്റെ ഒരു മുദ്രയും ഉണ്ടായിരിക്കണം. രതീഷിന്റെ കഥയിലെ അമ്മ സാധാരണ സ്ത്രീകളുടെ പ്രതിനിധിയല്ല. ഭര്‍ത്താവിന്റെ രഹസ്യക്കാരിയായ സ്ത്രീയെ സാധാരണ ഭാര്യമാരൊന്നും പൊറുപ്പിക്കില്ല. അതിലുണ്ടാകുന്ന മക്കളോടും സഹിഷ്ണുത കാണിക്കാന്‍ സ്ത്രീകള്‍ക്കു കഴിയാറില്ല. അതിനുവിപരീതമായി ഒരു സ്ത്രീ പെരുമാറണമെങ്കില്‍ അതിനു തക്ക എന്തെങ്കിലും ഉണ്ടായിരിക്കണം. അതൊന്നും കഥയില്‍ ധ്വനിപ്പിക്കാന്‍ കഥാകാരനു കഴിയുന്നില്ല. വളരെ മനോഹരമാകേണ്ടിയിരുന്ന കഥ ഒടുവില്‍ പരാജയപ്പെട്ടു പോകുന്നു.
ഭാഷാപോഷിണിയില്‍ ഇത്തവണയും കവിതകള്‍ക്കു കുറവൊന്നുമില്ല. ഒന്‍പതെണ്ണമുണ്ട്. കവിതകള്‍ കണ്ടപ്പോള്‍ ഓര്‍മ്മ വരുന്നത് അഗ്നി പുരാണത്തില്‍ അഗ്നിഭഗവാന്‍ ധന്വന്തരിയോടു പറയുന്നതായി പറയപ്പെടുന്ന
‘നരത്വം ദുര്‍ല്ലഭം ലോകേ വിദ്യാതത്രചദുര്‍ല്ലഭ
കവിത്വം ദുര്‍ല്ലഭംതത്ര ശക്തിസ്തത്രചദുര്‍ല്ലഭ
വ്യുല്‍പ്പത്തി ദുര്‍ല്ലഭാ തത്ര വിവേകസ്തത്രദുര്‍ല്ലഭ’ എന്ന സംസ്‌കൃതപദ്യമാണ്. നരത്വവും വിദ്യയും കവിതയും ശക്തിയും അറിവും വിവേകവും ലോകത്തില്‍ ദുര്‍ല്ലഭമാണ് എന്നാണ് അഗ്നിഭഗവാന്‍ സൂചിപ്പിക്കുന്നത്. കവിത്വം വളരെ ദുര്‍ല്ലഭമാണെന്നു നമ്മളെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നവയാണ് ഇത്തവണത്തെ ഈ കവിതകളും, കവികളുടെ ഭാഷ മെച്ചപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരുപുരോഗതിയും കാണാനില്ല. പ്രതിഭാസ്പര്‍ശം ഒന്നിലും കാണാനില്ല.
സാഹിത്യത്തിലേയ്ക്കു രാഷ്ട്രീയത്തിന്റെ തിമിരം കടന്നുവന്നപ്പോള്‍ പ്രതിഭകള്‍ പലരും ചവിട്ടിത്താഴ്ത്തപ്പെട്ടു. സാഹിത്യത്തിലും വോട്ട് ബാങ്കുണ്ടായി. ചിലരെ പ്രതിഷ്ഠിച്ചാലേ കഴിയൂ എന്നായി. അങ്ങനെ അടിയിലേയ്ക്ക് അമര്‍ത്തപ്പെട്ട മഹാപ്രതിഭകളാണ് സി.വി. രാമന്‍പിള്ളയും ലളിതാംബിക അന്തര്‍ജ്ജനവും കാരൂരും മറ്റും. പക്ഷേ പ്രതിഭ ഒരിക്കലും അമര്‍ന്നു പോകില്ല. അത് കാലത്തെ വെല്ലുവിളിച്ച് മടങ്ങി വരും. ഇത്തവണത്തെ ഭാഷാപോഷിണിയില്‍ സി.വി.യെക്കുറിച്ചും ലളിതാംബിക അന്തര്‍ജ്ജനത്തെക്കുറിച്ചും രണ്ടു ലേഖനങ്ങളുണ്ട്.
സി.വി.യെക്കുറിച്ചുള്ള ലേഖനം അദ്ദേഹത്തിന്റെ എഴുത്തിന്റെ സവിശേഷതയെക്കുറിച്ചാണെങ്കില്‍ അന്തര്‍ജ്ജനത്തെക്കുറിച്ചുള്ളത് അവരുടെ ഗാന്ധി ഭക്തിയെക്കുറിച്ചാണ്. മലയാളത്തിലെ മഹത്തായ ഒരു പിടി ചെറുകഥകള്‍ എഴുതിയിട്ടുള്ള അവരുടെ നോവലായ അഗ്നിസാക്ഷി മാത്രമേ പലരും ശ്രദ്ധിക്കാറുള്ളൂ. ചെറുകഥകള്‍ ആരും പഠന വിധേയമാക്കി കണ്ടിട്ടില്ല.
സി.വിയെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. മലയാള ഗദ്യസാഹിത്യത്തിലെ അതികായനാണദ്ദേഹം. നമ്മുടെ ഗദ്യസാഹിത്യത്തിന്റെ പിതാവ് എന്നു വിളിക്കുന്നതിലും തെറ്റില്ല. ചില രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തി മലയാളത്തില്‍ സി.വിയ്ക്കുള്ള സ്ഥാനം ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിച്ചിരുന്നു. സി.വിയുടെ പ്രതിഭയ്ക്കു മുന്‍പില്‍ അത്തരക്കാര്‍ പരാജയം സമ്മതിക്കേണ്ടിവരും. മാര്‍ത്താണ്ഡവര്‍മ്മയും ധര്‍മരാജയും രാമരാജബഹദൂറും പ്രേമാമൃതവും മാത്രമല്ല അദ്ദേഹത്തിന്റെ പ്രഹസനങ്ങളും അപൂര്‍ണകൃതിയായ ‘ദിഷ്ടദംഷ്ട്ര’വുമൊക്കെ പഠനാര്‍ഹങ്ങള്‍ തന്നെ. പ്രഭു വര്‍ഗ്ഗത്തിന്റെ ജീവിതത്തെ പ്രകീര്‍ത്തിച്ചു എന്നതുകൊണ്ട് അദ്ദേഹം അത്തരക്കാരുടെ നോവലിസ്റ്റ് ആണെന്നു പറയുന്ന ഇടതുപക്ഷനിരൂപകരുടെ മൗഢ്യത്തെ പുച്ഛിച്ചു തള്ളാനേ കഴിയൂ. എന്തെഴുതി എന്നതിനേക്കാള്‍ എങ്ങനെ എഴുതി എന്നതാണു പ്രധാനം. സി.വി. നമ്മുടെ ഗദ്യസാഹിത്യത്തിലെ എക്കാലത്തും കെടാത്ത ദീപസ്തംഭം തന്നെയാണ്.