മെയ് 1
ശുഭാനന്ദഗുരു ജയന്തി
സാമാജിക സമരസതയുടെ പാതയിലൂടെ ഹൈന്ദവ സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കിയ സന്യാസി ശ്രേഷ്ഠനാണ് ശുഭാനന്ദഗുരുദേവന്‍. അവര്‍ണ്ണരിലും സവര്‍ണ്ണരിലും ആത്മബോധമില്ലാത്തതാണ് അടിമയായവന്റെയും അടിമയാക്കിയവന്റേയും പ്രശ്‌നമെന്ന് ഗുരുദേവന്‍ ചിന്തിച്ചു. കലിയുഗാവതാരമായി വന്ന് പച്ചയായ മനുഷ്യനെ ആത്മബോധത്തിലേക്കുയര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. അവരവരെ അറിയുവാന്‍ അവരവര്‍ക്ക് സാധിക്കുന്നില്ല. അവനവനെ വീണ്ടെടുക്കുവാന്‍ സ്വയമറിഞ്ഞ് കര്‍മ്മം ചെയ്യുവാന്‍ ഗുരുദേവന്‍ പ്രേരിപ്പിച്ചു. പട്ടിണിയും ദുരിതവും ഏറ്റുവാങ്ങി അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും തടവറയില്‍ വീണുപോയ സാധാരണക്കാരന്റെ ആത്മീയ അത്താണിയായി ഗുരുദേവന്‍ മാറി.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ തെക്കായി നിലകൊള്ളുന്ന വെണ്‍പാല ഗ്രാമത്തില്‍ മലയിത്തറ എന്ന പുരാതന പറയകുടുംബത്തില്‍ ഇട്ട്യാതിയുടെ മകനായി പത്മനാഭന്‍ എന്ന പാപ്പന്‍ കുട്ടി പിറന്നു. ചെങ്ങന്നൂര്‍ താലൂക്കില്‍ ബുധനൂര്‍ പടിഞ്ഞാറ് കുലായ്ക്കല്‍ കുടുംബത്തിലെ കൊച്ചുനീലിയായിരുന്നു അമ്മ. സന്താനമില്ലാത്തതിനാല്‍ 24 വര്‍ഷക്കാലം പ്രാര്‍ത്ഥനയും ഭജനയുമായി കഴിഞ്ഞു. ചങ്ങനാശ്ശേരി വാഴപ്പള്ളി ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കുടില്‍കെട്ടി ഭജനം പാര്‍ത്ത അവര്‍ നിവേദ്യം മാത്രം കഴിച്ച് പ്രാര്‍ത്ഥനയില്‍ കഴിഞ്ഞു. ഇട്ട്യാതിയുടേയും കൊച്ചുനീലിയുടേയും തപസ്സിന്റെ ഫലമായാണ് ആനന്ദസ്വരൂപനായ ശുഭാനന്ദഗുരുവിന് ജന്മം നല്‍കാനായത്.
നവോത്ഥാന ഭാരതത്തിലെ സിദ്ധപുരുഷന്മാരെല്ലാം തന്നെ ആത്മസാക്ഷാത്കാരം നേടിയത് അദ്വൈത ഏകാത്മകതയുടെ ബോധത്തിലൂടെയാണ്. ”ക്രമത്തിലാത്മാവിങ്കലഖില കര്‍മ്മങ്ങളും സമര്‍പ്പിക്കുമ്പോളുദിക്കുമാത്മജ്ഞാനം” എന്ന തത്വം പ്രാവര്‍ത്തികമാക്കിയ സിദ്ധപുരുഷനാണ് ശുഭാനന്ദഗുരുദേവന്‍. ഏഴാം വയസ്സില്‍ തന്നെ ദിവ്യാത്ഭുതങ്ങള്‍ ദൃശ്യമായി. മൂന്നു ദിവസം കുട്ടി ദിവ്യാത്മ ലഹരിയില്‍ കഴിഞ്ഞത് വീട്ടുകാരില്‍ ഭയമുളവാക്കി. വിവിധ ഡോക്ടര്‍മാരെ കാണിച്ചു. ശരീരത്തിന് യാതൊരു രോഗബാധയുമില്ല. എന്നാല്‍ പാപ്പന്‍കുട്ടി ഏകാന്തതയില്‍ നിരന്തരം ചിന്താമഗ്നനായി കഴിയുവാന്‍ ഇഷ്ടപ്പെട്ടു. ബാല്യത്തെ ദുഷ്‌ക്കരമാക്കിക്കൊണ്ട് 12-ാമത്തെ വയസ്സില്‍ അമ്മ കൊച്ചുനീലി ദിവംഗതയായി.
അച്ഛന്റെ ശ്രദ്ധയില്‍ വളരുവാനിടയായ പത്മനാഭന്‍ അച്ഛന്‍ വീട്ടിലില്ലാത്ത സമയത്ത് നാടുപേക്ഷിച്ച് അലഞ്ഞു നടന്നു. പീരുമേടിനടുത്തുള്ള ചിന്തലാര്‍ തോട്ടത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ഉപജീവനത്തിനായി ചെറിയ ജോലികള്‍ ചെയ്യുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അതിനുശേഷം ചിന്തലാറിലെ കരിന്തരുവി മലയുടെ മുകളിലെ തപോഗിരിയിലുള്ള പുന്നമരച്ചുവട്ടില്‍ തപോനിഷ്ഠയില്‍ രണ്ട് വര്‍ഷവും പതിനൊന്ന് മാസവും ഇരുപത്തിരണ്ട് ദിവസവും കഴിഞ്ഞു. അതിലൂടെ ആത്മബോധത്തിന്റെ അന്തര്‍ധാര തെളിഞ്ഞു. അയിത്തവും അനാചാരവും കൊടികുത്തിവാണിരുന്ന കാലത്ത് അക്ഷരാഭ്യാസം വേണ്ട രീതിയില്‍ ലഭിക്കാതെ പോയ പത്മനാഭന്‍ പ്രപഞ്ച ഗുരുവിനെ സാക്ഷാത്കരിച്ചു.
ശുഭം എന്നാല്‍ മംഗളമുള്ള, പാണ്ഡിത്യമുള്ള, ഉത്തമമായ, പ്രകാശം ചൊരിയുന്ന എന്നീ അര്‍ത്ഥങ്ങളാണുള്ളത്. അദ്ദേഹം ശുഭവും ആനന്ദവും നിറഞ്ഞ ശുഭാനന്ദഗുരുദേവനായി മാറി. ഭാരതത്തിന്റെ ശ്രേണീബദ്ധമായ ജാതിചിന്തയുടെ കാലത്തും, നമ്മുടെ ദാര്‍ശനിക മണ്ഡലം എന്നും മണ്ണിനോട് ചേര്‍ന്നു നിന്ന പാവങ്ങളുടേതായിരുന്നു. അരയക്കുടിലിലും കാട്ടാള ഭവനത്തിലും രൂപംകൊണ്ട ദാര്‍ശനിക ഗ്രന്ഥങ്ങള്‍ ഇക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആത്മബോധം തിരിച്ചറിഞ്ഞ ഗുരു ആത്മബോധോദയ സംഘം സ്ഥാപിച്ചുകൊണ്ട് ഹൈന്ദവ മനസ്സാക്ഷിയെ തൊട്ടുതലോടി. താന്‍ ആത്മബോധത്തിന്റെ അനുഭവകഥ പറയാന്‍ പിറന്നവനാണെന്ന് സ്വയം തെളിയിച്ചു. സ്വന്തം ജാതിയില്‍ മാത്രമല്ല സവര്‍ണ്ണ ശ്രേണികളിലും സ്വയം പ്രകാശത്തിന്റെ സന്ദേശം പരത്തി.
അടിമയിലും അടിമയാക്കാന്‍ വെമ്പുന്നവരിലും ആത്മബോധമില്ലാത്തതാണ് സമൂഹത്തിന്റെ പ്രശ്‌നമെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ഗുരുദേവനായിരുന്നു. ഓരോ ജാതിയും താഴെയുള്ള ജാതികളോട് കാണിക്കുന്ന ശ്രേണീബദ്ധമായ അവഹേളനത്തിന്റേയും അടിമത്തത്തിന്റേയും യഥാര്‍ത്ഥ കാരണം അദ്ദേഹം തിരിച്ചറിഞ്ഞു. ജാത്യതീതമായ ആത്മബോധത്തിന്റെ ബാലപാഠങ്ങള്‍ ഗുരുദേവന്‍ ജനങ്ങളെ പഠിപ്പിച്ചു. മനുഷ്യത്വവും ദേവത്വവും ചേര്‍ന്നാലേ മനുഷ്യനാകൂ എന്ന് അദ്ദേഹം ഉപദേശിച്ചു. ദേവത്വം പോയാല്‍ ജീവനുണ്ടായാലും മനുഷ്യജന്മം നിര്‍ജ്ജീവവും ശൂന്യവുമായിത്തീരും. ആത്മസ്വരൂപവും ജീവനും നരശക്തിയും ഒരേ അവസ്ഥയിലായെങ്കിലേ മനുഷ്യന്‍ പൂര്‍ണ്ണനാകൂ. തന്മതിന്മകളെ തിരിച്ചറിയുന്നതാണ് ആത്മബോധം. ഞാനെന്ന ബോധസ്വരൂപമായ മനസ്സാക്ഷിയെ ഉണര്‍ത്തി പച്ചയായ മനുഷ്യനെ പരിവര്‍ത്തനപ്പെടുത്താമെന്ന് അദ്ദേഹം തെളിയിച്ചു.
1888 നവംബര്‍ മാസം 16, അതായത് 1064 വൃശ്ചികം 3 വെള്ളിയാഴ്ച അശ്വതി നക്ഷത്രത്തിലെ ഒന്നാം യാമത്തില്‍ ഗുരുവിന് ദര്‍ശനാനുഭൂതിയുണ്ടായി. തന്നില്‍ ഉത്ഭുതമായ ശുഭാവസ്ഥയും അത്മജ്ഞാനവും ശക്തിയും ചൈതന്യവും ആനന്ദവും അദ്ദേഹത്തെ പരിവര്‍ത്തനപ്പെടുത്തി. ദര്‍ശനത്തില്‍ ചന്ദ്രന്‍, നക്ഷത്രം, ജ്ഞാനേന്ദ്രിയഗോളം, ആ ഗോളത്തിന്റെ നടുവില്‍ പാല്‍ നിറമൊത്ത ശംഖ് എല്ലാറ്റിനും മീതേ ബാലാര്‍ക്കബിംബം എന്നീ പഞ്ച ചിഹ്നം ഉള്ളില്‍ തെളിഞ്ഞുവന്നു. ആത്മബോധോദയ സംഘത്തിന്റെ അടയാളമായി ഈ പഞ്ച ചിഹ്നങ്ങളെ സ്വീകരിച്ചു. ഈ ചിഹ്നങ്ങള്‍ സര്‍വ്വജ്ഞാനം, സമ്പൂര്‍ണ്ണ ശാന്തി, സമ്പൂര്‍ണ്ണ സത്ഗുണം, തപഃശക്തി, സത്കര്‍മ്മം എന്നീ പഞ്ചഗുണങ്ങളുടെ പ്രതീകങ്ങളാണെന്ന് ഗുരു ആരാധകരെ ഉപദേശിച്ചു.
മികവുറ്റ സംഘാടകനായിമാറിയ ഗുരുദേവന്‍ മാവേലിക്കര കൊട്ടാരത്തിലെ ചിത്രകാരനായ രാമവര്‍മ്മ രാജയെ രക്ഷാധികാരിയാക്കി 1932 മെയ് മാസം 6-ാം തീയതി വെള്ളിയാഴ്ച 144-ാം നമ്പരായി ആത്മബോധോദയസംഘം രജിസ്റ്റര്‍ ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന തത്വം അദ്ദേഹം മുറുകെ പിടിച്ചു. ലോകാവസ്ഥ ഇരുട്ടും, ദൈവാവസ്ഥ പ്രകാശവുമാകുന്നു. വെളിച്ചം സത്യവും ധര്‍മ്മവുമാകുന്നു. സത്യം തന്നിലിരിക്കുന്ന നിത്യാനന്ദത്തേക്കുറിച്ചുള്ള ആത്മബോധമാണ്. സര്‍വ്വജനങ്ങള്‍ക്കും ഭേദം കൂടാതെ അത്മബോധത്തെ പകരുവാനാണ് ഗുരുദേവന്‍ അത്മബോധോദയ സംഘം തുടങ്ങിയത്.
കൊല്ലവര്‍ഷം 1111 അതായത് 1935-ല്‍ ഒരു കൂട്ടം ശിഷ്യന്മാരുമായി അദ്ദേഹം ചിത്തിരതിരുന്നാള്‍ മഹാരാജാവിനെ മുഖം കാണിയ്ക്കുവാന്‍ പോയി. സാമ്പവ സ്വാമിയായതുകൊണ്ട് കാവല്‍ക്കാര്‍ കടത്തിവിട്ടില്ല. പ്രവേശന കവാടത്തിനകലെ ഭജന പാടിക്കൊണ്ട് നിലത്തിരുന്നു. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ പ്രേരണയില്‍, പുറത്ത് വന്നിരിക്കുന്നത് സിദ്ധനായ സന്യാസിയാണ് എന്നറിയുകയും ശ്രീ ശുഭാനന്ദ ഗുരുദേവന് രാജാവിനെ കാണുവാന്‍ അവസരം കൊടുക്കുകയും ചെയ്തു. ആദ്യമായി കൊട്ടാരത്തില്‍ പ്രവേശിക്കുന്ന അവര്‍ണ്ണ സന്യാസിയായിരുന്നു ഗുരുദേവന്‍. ”അങ്ങ് രാജാധിരാജനായിത്തീരും, അങ്ങയുടെ തൃക്കരംകൊണ്ട് തുല്യം ചാര്‍ത്തണം” എന്നായിരുന്നു ഗുരുദേവന്റെ വാക്കുകള്‍. ഞാനത് ചെയ്തുകൊള്ളാം. അല്പം സാവകാശം വേണം എന്നായിരുന്നു മഹാരാജാവിന്റെ മറുപടി. 1936 നവംബര്‍ 12 ന് ശ്രീചിത്തിരതിരുന്നാള്‍ ആ വാക്കുപാലിച്ചുകൊണ്ട് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചു. അങ്ങനെ സമാജിക സമരസതയുടെ വഴികാട്ടിയായി ശുഭാനന്ദഗുരുദേവനും ശ്രീചിത്തിരതിരുന്നാളും മാറി.
കലിയുഗത്തിലെ ഖഡ്ഗി അവതാരംപോലെ അടിമകളുടെ ഇടയില്‍ പിറന്നത് ആശ്രയിപ്പാനും ആശ്വസിപ്പിക്കുവാനും ഈശ്വരനല്ലാതെ ആരുമില്ലാത്തതുകൊണ്ടാണ് എന്നദ്ദേഹം അരുളി. 1927 ജനുവരി മാസം ശിവഗിരിയില്‍ പോയി ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ചിരുന്നു. ”നമ്മുടെ രണ്ട് പേരുടെയും ലക്ഷ്യം ഒന്നുതന്നെയാണെന്നും, ‘ശുഭാനന്ദാ, നിനക്കീക്കാര്യത്തില്‍ എന്നേക്കാള്‍ വിജയിക്കാന്‍ സാധിക്കുമെന്നും’ ശ്രീനാരായണഗുരുദേവന്‍ പറഞ്ഞു. സമൂഹത്തിന്റെ ദുര്‍ഗതികള്‍ക്ക് മുകളില്‍ ആത്മാവിന്റെ സ്വയം പ്രകാശത്തെ ചൊരിഞ്ഞവരായിരുന്നു ഈ രണ്ട് മഹാത്മാക്കളും.
”വേദമെന്നത് ഭേദമറ്റബോധമാണ്. അത് നമ്മില്‍ക്കൂടി നമുക്ക് കാണുവാന്‍ കഴിയും. എന്റെ സ്വയം പ്രകാശമാണ് എന്റെ ശിഷ്യന്മാര്‍. ഞാന്‍ അവരേയും അവര്‍ എന്നേയും വഷളാക്കുകയില്ല. ഞാന്‍ നശ്വരമായ ദേഹമല്ല, വിദേഹനാണ്. എന്റെ ശരീരം വിട്ടശേഷവും അനുയോജ്യ ശരീരത്തില്‍ ഉള്‍പ്രവേശം ചെയ്ത് സകലവിധത്തിലും പൂര്‍വ്വാധികം ശക്തിയായി ലോകരക്ഷ ചെയ്യുകതന്നെ ചെയ്യും. എന്റെ ശുദ്ധീകരണത്താല്‍ നിങ്ങളെ എനിക്ക് വെടിപ്പാക്കാന്‍ സാധിക്കും. സര്‍വ്വ ജനങ്ങള്‍ക്കും ഭേദം കൂടാതെ ആത്മബോധം പ്രദാനം ചെയ്തുകൊണ്ടിരിക്കും. അത്മബോധം തന്നെ ദൈവം. അതുതന്നെയാണ് നിഷകളങ്കമായ ശാന്തിയ്ക്ക് കാരണമാകുന്നത്.” സാധാരണക്കാരിലേക്ക് ആഴ്ന്നിറങ്ങുന്ന ചിന്തകളായിരുന്നു അദ്ദേഹത്തിന്റെ വായ്‌മൊഴിയായി തീര്‍ന്നത്.
ദൈവവിശ്വാസത്തിന്റെ അടിത്തറ ഗൃഹസ്ഥനിലുണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി കുടുംബം, ശരീരം, മനസ്സ്, ചിന്ത, ആന്തരീകം എന്നിവ ശുദ്ധീകരിക്കുവാനായി വിശുദ്ധ വ്രതാനുഷ്ഠാനം ഏര്‍പ്പെടുത്തി. ഗൃഹസ്ഥന്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ സാധാരണ ഗൃഹസ്ഥ ജീവിതം നയിക്കണം. വെള്ളി, ശനി ദിവസം ബ്രഹ്‌മചര്യം അനുഷ്ഠിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം. ഞായറാഴ്ച പകല്‍ ഒന്നാം യാമത്തില്‍ മൗനവ്രതമാചരിച്ച് നാമസങ്കീര്‍ത്തനം, ആരാധന, പ്രാര്‍ത്ഥന എന്നിവയില്‍ പങ്കെടുത്ത് ധ്യാനനിമഗ്നനാകുക. നാലാം യാമത്തില്‍ ഗൃഹത്തിലേക്ക് മടങ്ങുക. രാത്രികൂടി വ്രതം തുടരണം. ഇതിലൂടെ വ്യകുലതയില്‍പ്പെട്ടുഴലുന്ന മനുഷ്യ മനസ്സുകളെ പക്വമാക്കി ഗൃഹസ്ഥ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ആഴ്ചയിലെ മൂന്ന് ദിവസത്തെ തപസ്സ് 28 വര്‍ഷക്കാലം തുടര്‍ന്നാല്‍ 12 വര്‍ഷകാലത്തെ തപസ്സിന്റെ ഫലം ഗൃഹസ്ഥന് നേടിയെടുക്കാന്‍ സാധിക്കും.
ഗുരുക്കന്മാരേ പരിശോധിച്ചറിഞ്ഞ ശേഷം സാക്ഷാലുള്ള ഗുരുവിനേയാണ് രക്ഷകനായി വരിക്കേണ്ടത്. ചരിത്ര പ്രാസംഗികരെയല്ല. ഗുരുസ്ഥാന അനുഭവമുള്ളവരും സ്വയം പ്രകാശമുള്ളവരുമാകണം. ജന്മാന്തര ജ്ഞാനമുള്ള ഗുരുക്കന്മാരില്‍ നിന്നാണ് നമുക്ക് രക്ഷകിട്ടേണ്ടത്. ബോധം സ്വയംഭൂവാണ്. അതില്‍ യാതൊന്നും കലരുന്നില്ല. സ്വയം ഉത്ഭൂതമാകുന്നതാണ് ആത്മാവും ജീവനും. ആത്മാവ് സ്വയം പ്രകാശമായ ഈശ്വരനില്‍ നിന്ന് മര്‍ത്യജന്മമെടുക്കുകയാണ്. മര്‍ത്യലോകത്തിന്റെ ജന്മവും ജന്മിയും ജന്മാന്തരവും ഈശ്വരന്‍ തന്നെയാണ്. ജന്മിയായ ഈശ്വരനില്‍ നിന്ന് ജന്മമുണ്ടാകുകയും ആത്മാവ് ആ പൂര്‍ണ്ണ വസ്തുവില്‍ ലയിക്കുകയുമാണ്. ഇതായിരുന്നു ഗുരുദേവന്റെ വേദാന്തദര്‍ശനം.

ശരിയായ കര്‍മ്മംകൊണ്ട് പ്രകാശിയ്ക്കുവാനാകാത്ത ഒരുവന് ശരിയായ ബോധം ലഭിച്ചിട്ടില്ല എന്നാണര്‍ത്ഥം. ശരിയായ ബോധമുണ്ടായാലും ശരിയായ കര്‍മ്മമനുഷ്ഠിക്കാത്തവന് ഉണ്ടായ ബോധം സ്ഥായിയായി നിലനില്‍ക്കുകയില്ല. കര്‍മ്മത്തിന് മടിയനായാല്‍ ജന്മം പാഴായി എന്നറിയണം. ബോധം മാത്രമാണ് മനുഷ്യര്‍ക്ക് നിത്യശാന്തിയ്ക്കും സമാശ്വാസത്തിനുമുള്ള ഏക മാര്‍ഗ്ഗം. ബോധം ആത്മാവിനെകൊണ്ടുള്ള അറിവാണ്. ഈ അറിവില്‍ പ്രവൃത്തി പൂര്‍ണ്ണമായാല്‍ ശുഭമായ ആനന്ദം ലഭിയ്ക്കുന്നു. ഇതിലൂടെ ആത്മബോധമെന്ന ആദ്ധ്യാത്മിക നിയമത്തിന്റെ ഗുരുവായി ശുഭാനന്ദഗുരുദേവന്‍ മാറുന്നു.
ജാതിയ്ക്കും മതത്തിനും സ്ഥാനത്തിനും ഉപരിയായി സ്വയം പ്രകാശത്തെ സാക്ഷാത്കരിച്ച ശുഭാനന്ദഗുരുദേവന്‍ ഭാരതീയ ദാര്‍ശനികതയുടെ ആത്മകുടീരത്തില്‍ വിലയം പ്രാപിച്ച യോഗീശ്വരനാണ്. 1125 കര്‍ക്കിടകം 13ന് അതായത്, 1950 ജൂലായ് 29 ന് മഹാസമാധിയാകുംവരെ മാനവികതയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ആത്മപ്രകാശമായി കണ്ട ഋഷീശ്വരനായിരുന്നു അദ്ദേഹം. പട്ടിണിക്കാരനേയും പണക്കാരനേയും പണ്ഡിതനേയും പാമരനേയും ഒരേ അളവുകോലില്‍ കണ്ട് ആത്മബോധത്തിലേക്കുയര്‍ത്താന്‍ വെമ്പല്‍കൊണ്ട ഗുരുദേവന്റെ ദര്‍ശനം കാലാതിവര്‍ത്തിയായി എന്നും നിലനില്‍ക്കും.
മാവേലിക്കര കൊറ്റാര്‍കാവ് ശുഭാനന്ദാശ്രമത്തില്‍ അദ്ദേഹത്തിന്റെ മഹാസമാധി മണ്ഡപം നിലകൊള്ളുന്നു. അവിടുത്തെ മഠാധിപതിയെ ധര്‍മ്മകര്‍ത്താവായും, മഠം സെക്രട്ടറിയെ കര്‍മ്മകര്‍ത്താവായും അറിയുന്നു. മഠാധിപതിമാരെ ആദരപൂര്‍വ്വം അംബോറ്റി എന്നാണ് സംബോധന ചെയ്യുന്നത്.
”ആത്മാവിനീഭൂവില്‍ ബന്ധമില്ല
സ്വന്തദേഹവുമായൊരു ബന്ധമില്ല
ആത്മാക്കള്‍ തമ്മിലേ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളോരാത്മബന്ധം”
ഈ ശുദ്ധവേദാന്തത്തിന്റെ ദാര്‍ശനികത ശുഭാനന്ദഗുരുദേവന്റെ ആത്മബോധോദയസംഘത്തിന്റെ ആദര്‍ശത്തെ വ്യതിരിക്തമാക്കുന്നു. അതിലൂടെ മാനവ മനസ്സുകളെ ഏകാത്മകമാക്കുന്ന ദീര്‍ഘദര്‍ശനം ശുഭാനന്ദഗുരുദേവന്റെ പ്രത്യേകതയാണ്.