മാര്‍ക്‌സിസം ഒരു മതമാണെന്നും, അതിനെ നിലനിര്‍ത്തുന്നത് വിശ്വാസത്തോടുള്ള അചഞ്ചലമായ കൂറാണെന്നും പറഞ്ഞത് ബ്രിട്ടീഷ് രാഷ്ട്രീയ ചിന്തകനും മാര്‍ക്‌സിസ്റ്റുമായിരുന്ന പ്രൊഫ. ഹാരോള്‍ഡ് ജോസഫ് ലാസ്‌കിയാണ്. കമ്യൂണിസം നിയതമായ അര്‍ത്ഥത്തില്‍ ഒരു മതമല്ലായിരിക്കാം. പക്ഷേ അനുയായികള്‍ക്ക് അതിനോടുള്ള കൂറ് എല്ലാ അര്‍ത്ഥത്തിലും മധ്യകാലത്തെ മതവിശ്വാസത്തോട് അടുത്തുനില്‍ക്കുന്നു. മാര്‍ക്‌സിസം സ്ഥാപിക്കപ്പെട്ടത് ഒരു മതമായിട്ടല്ലെങ്കിലും പിന്നീട് ക്രൈസ്തവ – ഇസ്ലാം മതങ്ങളെപ്പോലെ ആയിത്തീരുകയായിരുന്നു. സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ കരുത്ത് എന്നു പറയുന്നതും കത്തോലിക്കാ സഭയെപ്പോലെ ‘വിശ്വാസ’ത്തോടുള്ള കൂറുതന്നെയായി. വിശ്വാസവും വിമര്‍ശനവും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴൊക്കെ ഏറെക്കുറെ എല്ലാ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ വിശ്വാസത്തിനൊപ്പം നിന്നു. ”മാര്‍ക്‌സ് പറഞ്ഞതൊന്നും തെറ്റാവാന്‍ കഴിയില്ല, കാരണം മാര്‍ക്‌സാണ് അത് പറഞ്ഞത്” എന്നതായിരുന്നു ഈ വിശ്വാസത്തിന്റെ അടിത്തറ.
ഹാരോള്‍ഡ് ലാസ്‌കി റഷ്യന്‍ കമ്യൂണിസ്റ്റുകളുടെ മതവിശ്വാസത്തെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്: ”ജെസ്യൂട്ട് പാതിരിമാരെപ്പോലെ കമ്യൂണിസ്റ്റുകള്‍ അടിസ്ഥാനപരമായി സ്വന്തം ആശയങ്ങളുടെ സേവകരാണ്. വിജയിക്കാന്‍ വിധിക്കപ്പെട്ട ഒരു ദൗത്യത്തിനുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ഉറപ്പാണ് റഷ്യന്‍ കമ്യൂണിസ്റ്റുകള്‍ക്കുണ്ടായിരുന്നത്… സത്യം എല്ലായ്‌പ്പോഴും തങ്ങള്‍ക്കൊപ്പമാണെന്ന ഈ ഉറപ്പാണ് വിമര്‍ശനത്തോടും വിയോജിപ്പിനോടും ബോള്‍ഷെവിക്കുകള്‍ അക്ഷമയും അസഹിഷ്ണുതയും പുലര്‍ത്താന്‍ കാരണം. ചരിത്രത്തിലെ എല്ലാ മതഭ്രാന്തന്മാരെയുംപോലെ വിയോജിപ്പുകളെ പാപമായി മുദ്രകുത്താതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.” (176)
ഒരാളുടെ വിശ്വാസം എത്ര ശക്തമാകുന്നുവോ അത്രയ്ക്ക് അയാളുടെ വിമര്‍ശനബുദ്ധിയും അത് പ്രയോഗിക്കാനുള്ള ശേഷിയും ദുര്‍ബലമാവും. യുക്തിയില്‍ വിശ്വസിക്കുകയും പ്രശ്‌നങ്ങളെ ശരിയായി അപഗ്രഥിക്കുന്നയാളുമാണ് താനെന്ന് സ്വയം കരുതുമെങ്കിലും അത് പ്രയോഗിക്കാനുള്ള കഴിവ് വിശ്വാസസംഹിത മൂലം ക്ഷയിക്കുകയോ ഇല്ലാതാവുകയോ ചെയ്യും. ലെനിനും സ്റ്റാലിനും വളര്‍ത്തിയെടുത്ത മാര്‍ക്‌സിസം-ലെനിനിസം ഇങ്ങനെയൊരു വിശ്വാസപ്രമാണമായിരുന്നു. ഇതിനാല്‍ സോവിയറ്റ് യൂണിയനെതിരായ എല്ലാ വിമര്‍ശനങ്ങളും നിരാകരിക്കപ്പെട്ടു. ശത്രുക്കളുടെ പറച്ചിലായിരുന്നതിനാല്‍ അതൊന്നും വായിക്കുകപോലുമുണ്ടായില്ല. ശത്രുവായ ഒരാളുടെ ഉദ്ദേശ്യം തന്നെ പാപകരമായിരിക്കും. വിശദപരിശോധന കൂടാതെ അത് തള്ളിക്കളയണം. ഇങ്ങനെയൊക്കെയുള്ള വിശ്വാസം നശിക്കാന്‍ ഒരു മാര്‍ക്‌സിസ്റ്റും ഇഷ്ടപ്പെട്ടില്ല. പൊതുവെ കരുതപ്പെടുന്നതുപോലെ ആശയവും പ്രത്യയശാസ്ത്രവുമൊന്നുമല്ല, അപരിഷ്‌കൃതമായ ഈ വിശ്വാസമാണ് മാര്‍ക്‌സിസത്തെ നിലനിര്‍ത്തിയത്. ചരിത്രബോധത്തിനും ശാസ്ത്രീയ ചിന്തയ്ക്കും ആത്മീയബോധത്തിനുപോലും എതിരായിരുന്നിട്ടും ലോകാവസാന കാലത്ത് രക്ഷകനായ ദൈവം വീണ്ടും എത്തുമെന്ന് പ്രവാചക മതവിശ്വാസികള്‍ കരുതുന്നതുപോലെ, സോവിയറ്റ് യൂണിയന്റെയും മറ്റും തിരോധാനത്തോടെ മാര്‍ക്‌സിസം സൈദ്ധാന്തികമായും പ്രായോഗികമായും ചരിത്രപരമായും തെറ്റാണെന്നും അപ്രായോഗികമാണെന്നും ആപല്‍ക്കരമാണെന്നും തെളിയിക്കപ്പെട്ടു. എന്നിട്ടും അത് അജയ്യമാണെന്ന് മാര്‍ക്‌സിസ്റ്റ് വിശ്വാസികള്‍ കരുതുകയാണ്!
നൂറ്റാണ്ടിന്റെ തിരസ്‌കാരം
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ ലോകത്തിന്റെ മൂന്നിലൊന്നു രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് വാഴ്ച നിലനിന്നിരുന്നു. ലോകത്ത് വസിക്കുന്ന ഓരോ പത്തു പേരിലും നാല് പേര്‍ മാര്‍ക്‌സിസ്റ്റായിരുന്ന ഒരു കാലം. എന്നാല്‍ സോവിയറ്റ് യൂണിയന്റെ പതനം സംഭവിക്കുകയും, കമ്യൂണിസം ലോകത്തെ പ്രബല രാഷ്ട്രീയ ശക്തിയല്ലാതാവുകയും ചെയ്തതോടെ അക്കാദമിക് രംഗത്തും രാഷ്ട്രീയ വൃത്തങ്ങളിലും അതുവരെ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന മാര്‍ക്‌സിത്തിന്റെ സമസ്ത രൂപങ്ങളും ആവിയായിപ്പോയി. പതിറ്റാണ്ടുകള്‍ അതിശക്തമായി നിലനിന്ന കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ഗ്രീക്ക് ദുരന്ത നാടകംപോലെ അവസാനിച്ചത് വെറുതെ നോക്കിനില്‍ക്കാന്‍ മാത്രമേ പാര്‍ട്ടികള്‍ക്കും വിശ്വാസികള്‍ക്കും കഴിഞ്ഞുള്ളൂ. കമ്യൂണിസത്തിന്റെ പേരില്‍ ജര്‍മനിയെ വിഭജിച്ചിരുന്ന ബെര്‍ളിന്‍ മതില്‍ ആവേശത്തോടെ ഇടിച്ചുപൊളിച്ച് അതിന്റെ അവശിഷ്ടങ്ങള്‍ എടുത്തുകൊണ്ടുപോകുന്ന മനുഷ്യര്‍ വിചിത്രജീവികളായി അവര്‍ക്ക് തോന്നി. അവര്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അതിബൃഹത്തായ രാഷ്ട്രീയ ശക്തിയായി നിലനിന്ന മാര്‍ക്‌സിസത്തിന് അതിന്റെ ആകര്‍ഷകത്വം നഷ്ടപ്പെട്ടു. ഇതോടെ മാര്‍ക്‌സിസം മരിച്ചിട്ടില്ലെന്നു പറയാന്‍ വിശ്വാസികള്‍ പല ന്യായീകരണങ്ങള്‍ നിരത്തുകയും, അനുഷ്ഠാനങ്ങളിലേര്‍പ്പെടുകയും ചെയ്‌തെങ്കിലും അതൊക്കെ വിഫലമായി. എല്ലാ അര്‍ത്ഥത്തിലും മാര്‍ക്‌സിസം എടുക്കാച്ചരക്കായി. മുഖംമൂടികള്‍ അഴിഞ്ഞുവീണപ്പോള്‍ വികൃതമായ മുഖം പുറത്തുകാണിക്കാന്‍ കഴിയാതെ ലോകമെമ്പാടുമുള്ള മാര്‍ക്‌സിസ്റ്റു വിശ്വാസികള്‍ വിഷണ്ണരായി. ഒരു തിരിച്ചുവരവിനുള്ള വിദൂരസാധ്യത പോലും കാണാതെ അവര്‍ പുറന്തോടിനുള്ളിലേക്ക് വലിഞ്ഞു.
സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് അതിന്റെ ഉപഗ്രഹങ്ങളായും അല്ലാതെയും ലോകത്ത് മുപ്പത്തിയഞ്ചോളം രാജ്യങ്ങളുണ്ടായിരുന്നു. സാര്‍വദേശീയ കമ്യൂണിസത്തിന്റെ ആകാശം ഇടിഞ്ഞുവീണതോടെ ചൈന, ഉത്തരകൊറിയ, ക്യൂബ, വിയറ്റ്‌നാം, ലാവോസ് എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിലേക്ക് ഈ വിശാല സാമ്രാജ്യം ചുരുങ്ങി. എന്നാല്‍ ഈ രാജ്യങ്ങളിലൊന്നും മാര്‍ക്‌സിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലുള്ള ആദര്‍ശാത്മക വ്യവസ്ഥിതിയല്ല ഉള്ളത്. സമഗ്രാധിപത്യ ഭീകരതയും സ്വാതന്ത്ര്യ നിഷേധവും മൃഗീയമായ അടിച്ചമര്‍ത്തലുകളുംകൊണ്ടാണ് ചൈനയും ഉത്തരകൊറിയയും കമ്യൂണിസ്റ്റ് രാജ്യങ്ങളായി തുടരുന്നത്.
മാര്‍ക്‌സിസത്തിന്റെ പേരിലുള്ള റിയാലിറ്റി ഷോകളാണ് ചൈനയില്‍ അരങ്ങേറുന്നത്. മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മദിനം ‘മാര്‍ക്‌സിലേക്ക് മടങ്ങാം, ആദര്‍ശവാദികളായിരിക്കാം’ എന്നിങ്ങനെയുള്ള പ്രചാരവേലകള്‍ സംഘടിപ്പിച്ച് ചൈന ആഘോഷിച്ചു. ”ലോകത്തെ മനസ്സിലാക്കാനും അതിന്റെ സത്യം കണ്ടെത്തി ലോകത്തെ മാറ്റിമറിക്കാനുമുള്ള ശക്തമായ പ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസം” എന്നൊക്കെ മാര്‍ക്‌സിന്റെ ജന്മദിനത്തില്‍ ആവേശംകൊണ്ട ചൈന, 1970 കളില്‍ തന്നെ ഒരു പ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് മാര്‍ക്‌സിസം കയ്യൊഴിയുകയും മുതലാളിത്തത്തിന്റെ വിപണി സമ്പദ് വ്യവസ്ഥയിലേക്ക് മാറുകയും ചെയ്തതാണ്. സ്വകാര്യ സ്വത്തും അമിതോല്‍പ്പാദനവുമുള്‍പ്പെടെ മുതലാളിത്ത സമൂഹത്തിന്റെ മികവുകളെയെല്ലാം ചൈന ആവേശത്തോടെ വാരിപ്പുണരുകയായിരുന്നു.
ചൈനയിലെ വ്യവസ്ഥിതിക്ക് മാര്‍ക്‌സിസവുമായല്ല, ആ രാജ്യത്തിന്റെ സാമ്രാജ്യത്വ മോഹവുമായാണ് ബന്ധം. ചൈനീസ് മാതൃകയിലുള്ള മാര്‍ക്‌സിസം എന്നുപറയുന്നത് നിരങ്കുശമായ സ്വേച്ഛാധിപത്യവും, മറ്റു രാജ്യങ്ങളെ വരുതിയില്‍ കൊണ്ടുവരാനുള്ള സാമ്പത്തികവും സൈനികവുമായ കൗശലങ്ങളുമാണ്. ഇതുതന്നെയാണ് ലെനിന്റെയും സ്റ്റാലിന്റെയും സോവിയറ്റ് യൂണിയന്‍ ചെയ്തതും ചരിത്രം പ്രതികാരബുദ്ധിയോടെ നിരാകരിച്ചതും. മാര്‍ക്‌സിസത്തിന്റെ മടങ്ങിവരവായി ഇതിനെ കാണുന്നത് വിരോധാഭാസമായിരിക്കും.
മാര്‍ക്‌സ് സോഷ്യലിസത്തെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചുമല്ല, മുതലാളിത്തത്തെക്കുറിച്ചാണ് ആധികാരികമായി പറഞ്ഞത്. മാര്‍ക്‌സ് പഠിച്ചതും മുതലാളിത്തത്തെക്കുറിച്ചാണ്. സോഷ്യലിസവും കമ്യൂണിസവും ആദര്‍ശവ്യവസ്ഥിതികളായി മുന്നോട്ടുവച്ചെങ്കിലും ഇവ എങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്ന് മാര്‍ക്‌സിന് പറയാന്‍ കഴിഞ്ഞില്ല. ‘മൂലധന’ത്തിന്റെ നാല് വാള്യങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് മുതലാളിത്തമാണ്. ഇതിന് പ്രദര്‍ശനമൂല്യം മാത്രമാണുള്ളതെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം ആവര്‍ത്തിച്ച് തെളിയിച്ചു. മാര്‍ക്‌സ് പ്രവചിച്ചതുപോലെ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ മുതലാളിത്തത്തിന്റെ അനിവാര്യമായ നാശം സംഭവിച്ചതേയില്ല. മുതലാളിത്തത്തിന് ബദലായി മാര്‍ക്‌സ് നിര്‍ദ്ദേശിച്ച സോഷ്യലിസവും കമ്യൂണിസവുമാണ് തകര്‍ന്നത്.
സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റു ഭരണങ്ങള്‍ ഇല്ലാതായത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് ‘ചരിത്രത്തിന്റെ അവസാനം’ തന്നെയായിരുന്നു; മുതലാളിത്തത്തിന്റെ നിര്‍ണായക വിജയവും. എന്നാല്‍ ഇരുപതാം നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഇതേ മുതലാളിത്തത്തിന്റെ ചെലവില്‍ മാര്‍ക്‌സിസം അജയ്യമാണെന്ന് പ്രഖ്യാപിക്കുന്ന വിചിത്രമായ കാഴ്ചകള്‍ക്കാണ് ലോകം സാക്ഷ്യംവഹിച്ചത്. 2008 ല്‍ മുതലാളിത്ത രാജ്യങ്ങളെ ബാധിച്ച ആഗോള സാമ്പത്തിക മാന്ദ്യം മാര്‍ക്‌സിസത്തിന്റെ പ്രസക്തി പുനഃസ്ഥാപിച്ചിരിക്കുകയാണെന്ന് മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ വാദിക്കാന്‍ തുടങ്ങി. മുതലാളിത്തത്തിന്റെ ആസന്നമായ തകര്‍ച്ച പ്രവചിക്കുന്ന പല പഠനങ്ങളും പുറത്തുവന്നു.
മുതലാളിത്തത്തിന്റെ ചെലവില്‍
മാര്‍ക്‌സിന്റെ മുതലാളിത്ത വിമര്‍ശനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രസക്തമാണെന്നും, മാര്‍ക്‌സ് പ്രവചിച്ചതുപോലെ ആ വ്യവസ്ഥ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും കരുതുന്നത് ചരിത്രത്തിന്റെ നിഷേധമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയോട് താരതമ്യം ചെയ്തുകൊണ്ടാണല്ലോ മാര്‍ക്‌സിസ്റ്റ് വിശ്വാസികള്‍ മുതലാളിത്തത്തിന്റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നത്. സ്വതന്ത്ര വിപണിയും ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉല്‍പ്പന്നങ്ങളുടെ ലഭ്യതയുമൊക്കെയുള്ള ഒരു സാമ്പത്തിക സംവിധാനത്തിന് ബദലായി ഉയര്‍ന്നുവന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതി അതിനോട് ഏറ്റുമുട്ടി തകര്‍ന്നതിന്റെ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട് നല്‍കുന്നത്. മനുഷ്യരാശി എക്കാലത്തേക്കുമായി കണ്ടുപിടിച്ചിട്ടുള്ള കുറ്റമറ്റ ഒരു വ്യവസ്ഥിതിയല്ല മുതലാളിത്തം. പക്ഷേ പ്രതിന്ധികളെ അതിജീവിക്കാനുള്ള മുതലാളിത്തത്തിന്റെ ശേഷി സോഷ്യലിസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ കൂടുതലാണ്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് വാചാലരാവുന്നവര്‍ 1930 കളില്‍ ഉണ്ടായ സാമ്പത്തികക്കുഴപ്പങ്ങളെ മുതലാളിത്തം അതിജീവിച്ചതിനെക്കുറിച്ച് മൗനം പാലിക്കുകയാണ് പതിവ്.
ശുദ്ധീകരിക്കപ്പെട്ട മുതലാളിത്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിയിലെ കുഴപ്പങ്ങളാണ് പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. അമേരിക്കയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ബെര്‍ണി സാന്‍ഡേഴ്‌സും, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും മറ്റും പറഞ്ഞ ചില കാര്യങ്ങള്‍ വച്ച് സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ മുതലാളിത്തം കമ്യൂണിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണെന്ന മിഥ്യാധാരണ സൃഷ്ടിച്ചത് ബുദ്ധിശൂന്യതയാണ്. സോഷ്യലിസം എന്നത് അമേരിക്കന്‍ സമൂഹത്തില്‍ ഒരു പ്രശംസാവചനമല്ല. ബരാക് ഒബാമയുടെ ഭരണകാലത്ത് സാന്‍ഡേഴ്‌സിനെപ്പോലുള്ളവര്‍ ഇങ്ങനെയൊരു ലേബല്‍ ഉപയോഗിച്ചു എന്നുമാത്രം. കടം എഴുതിത്തള്ളലും സാമ്പത്തിക പുനഃസംഘടനയും മറ്റും ഉള്‍പ്പെടെ ആഗോള മാന്ദ്യം മറികടക്കാന്‍ അമേരിക്ക പ്രഖ്യാപിച്ച ‘ന്യൂഡീല്‍’ മാര്‍ക്‌സിസത്തെയല്ല, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ ആശയങ്ങളെയാണ് പിന്‍പറ്റിയത്.
2019 ലെ തിരഞ്ഞെടുപ്പ് കാലത്താണ് ലേബര്‍ പാര്‍ട്ടി നേതാവായ ജെറമി കോര്‍ബിന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ട്രോട്‌സ്‌കിയിസ്റ്റായ കോര്‍ബിന്‍ ബ്രിട്ടനിലെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ചെലവു ചുരുക്കല്‍ പാടില്ലെന്നും, വീണ്ടും ദേശസാല്‍ക്കരണം വേണമെന്നുമൊക്കെ പ്രചരിപ്പിച്ചെങ്കിലും ബ്രിട്ടീഷ് ജനത അത് തള്ളിക്കളയുകയായിരുന്നു. പാശ്ചാത്യ മുതലാളിത്ത വ്യവസ്ഥയെ കീഴ്‌മേല്‍ മറിക്കുന്ന വിപ്ലവത്തെക്കുറിച്ച് കോര്‍ബിന്‍ 1970 കള്‍ മുതല്‍ വാഗ്ദാനം ചെയ്യുന്നതാണ്. 2015 ലും മുതലാളിത്തം അതിന്റെ മരണശയ്യയിലാണെന്ന് കോര്‍ബിന്‍ പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ കഴിഞ്ഞെങ്കിലും വംശീയവാദിയായ കോര്‍ബിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ ബ്രിട്ടീഷ് ജനത തയ്യാറായില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ബോറിസ് ജോണ്‍സണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യാ വിരുദ്ധനായ കോര്‍ബിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ഹിന്ദു വിരുദ്ധനായ കോര്‍ബിന്‍ പരാജയപ്പെട്ടിടത്ത് ഇന്ത്യന്‍ വംശജനും ‘പ്രാക്ടീസിംഗ് ഹിന്ദു’വുമായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത് പ്രതീകാത്മകമാണ്. യഥാര്‍ത്ഥത്തില്‍ ബെര്‍ണി സാന്‍ഡേഴ്‌സിനെയും ജെറമി കോര്‍ബിനെയുമൊക്കെ ഉയര്‍ത്തിക്കാട്ടി മുതലാളിത്ത വ്യവസ്ഥ തകരുകയാണെന്നും, മാര്‍ക്‌സും കമ്യൂണിസവും തിരിച്ചുവരവിന്റെ പാതയിലാണെന്നും വാദിച്ചത് വെറും വിഡ്ഢിത്തമായിരുന്നു.
മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച അതിന്റെ യുക്തിസഹമായ പരിധിയിലെത്തിയിരിക്കുകയാണെന്നും, ഇനി അതിന് വളരാനാവില്ലെന്നും മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് അപക്വമാണ്. സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി തൊഴിലില്ലായ്മ സൃഷ്ടിച്ചു. എന്നാല്‍ ഇത് പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും മാര്‍ക്‌സിസത്തിന്റെ സാധ്യത വര്‍ധിപ്പിച്ചില്ല. ഇതുപോലെ തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മുതലാളിത്തത്തിന്റെ ആഭ്യന്തരക്കുഴപ്പങ്ങള്‍ സോഷ്യലിസ്റ്റ് വിപ്ലവം അനിവാര്യമാക്കുന്നില്ല. ഇനിയുള്ള കാലം മാര്‍ക്‌സിസം പരീക്ഷിക്കുകയല്ല, അത് പുനഃപരിശോധിക്കുകയാണ് വേണ്ടത്. തൊഴിലും സാമ്പത്തിക സ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ടുപോവുകയെന്നതാണ് രാഷ്ട്രങ്ങള്‍ക്ക് മുന്നിലുള്ള പോംവഴി. മത്സരത്തിന്റെയും പുതിയ സാങ്കേതിക വിദ്യയുടെയുമൊക്കെ സമ്മര്‍ദ്ദം കണക്കിലെടുക്കണം. ഓരോ വ്യക്തിയുടെയും ശേഷി പരമാവധി വര്‍ധിപ്പിക്കുകയും അതിനനുസരിച്ച് അവസരങ്ങളൊരുക്കുകയും വേണം. സൈദ്ധാന്തികമായി മാര്‍ക്‌സിസത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല.
മാര്‍ക്‌സിന്റെ പേരില്‍ റിയാലിറ്റി ഷോകള്‍
മാര്‍ക്‌സ് മടങ്ങിവരികയാണെന്ന് വിശ്വസിക്കുന്നവര്‍ അതിന് ഹാജരാക്കുന്ന തെളിവുകള്‍ തന്നെ ഈ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കും. പടിഞ്ഞാറന്‍ ജര്‍മനിയിലെ ട്രിയര്‍ നഗരത്തിലാണല്ലോ 1868 ല്‍ മാര്‍ക്‌സ് ജനിച്ചത്. 2018 ല്‍ ഇരുന്നൂറാം ജന്മദിനത്തില്‍ മാര്‍ക്‌സിന്റെ ഒരു പ്രതിമ ഈ നഗരത്തില്‍ സ്ഥാപിച്ചത് വലിയ ആഘോഷമാക്കി മാറ്റി. മാര്‍ക്‌സ് പതിനേഴ് വയസ്സുവരെ ജീവിച്ച വീടിന് സമീപത്തെ ഒരു കോണിലാണ് ഈ പ്രതിമ സ്ഥാപിച്ചത്. പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന്റെ ഭാഗമായി ചില പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. മാര്‍ക്‌സ് ട്രിയറിലെ മഹാനായ പൗരനാണെന്ന കാര്യം മറച്ചുവയ്ക്കാനാവില്ലെന്നും, 30 വര്‍ഷം മുന്‍പാണെങ്കില്‍ ഇങ്ങനെയൊരു പ്രതിമ സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ലെന്നും നഗരത്തിന്റെ മേയര്‍ വേള്‍ ഫ്രാം ലെയ്ബി പറഞ്ഞത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി.
മാര്‍ക്‌സിന്റെ ഈ പ്രതിമ സ്ഥാപനത്തിനും ജന്മദിനാഘോഷത്തിനും പിന്നില്‍ അധികമൊന്നും തിരിച്ചറിയപ്പെടാതെ പോയ ഒരു കാര്യമുണ്ട്. നീളന്‍ കുപ്പായവുമിട്ട് വ്യാകുലചിത്തനായി നില്‍ക്കുന്ന മാര്‍ക്‌സിന്റെ 18 അടി ഉയരവും രണ്ടര ടണ്‍ ഭാരവുമുള്ള ഈ വെങ്കല പ്രതിമ സമ്മാനിച്ചത് ചൈനയായിരുന്നു. ഇത് സ്വീകരിക്കുന്നതില്‍പോലും ട്രിയര്‍ സിറ്റി കൗണ്‍സിലില്‍ വലിയ അഭിപ്രായഭിന്നതയുണ്ടായി. പ്രതിമ സമ്മാനിക്കുക മാത്രമല്ല, ഇരുന്നൂറാം ജന്മദിനം ആഘോഷമാക്കി മാറ്റാനും ചൈന സഹായിച്ചു. പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനു മുന്‍പുതന്നെ വര്‍ഷം തോറും 1,50,000 ചൈനീസ് ടൂറിസ്റ്റുകളാണ് ട്രിയറില്‍ എത്തിക്കൊണ്ടിരുന്നത്. പ്രതിമ അനാച്ഛാദനത്തിനുശേഷം ഇവരുടെ എണ്ണം ചൈന വര്‍ദ്ധിപ്പിച്ചു.
യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍, മാര്‍ക്‌സിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതും വലിയ സംഭവമായി ചിത്രീകരിക്കപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ജങ്കര്‍ ഈ പ്രവൃത്തിയിലൂടെ ചരിത്രത്തില്‍ മാര്‍ക്‌സിസത്തിന്റെ ഇരകളായവരെ നിന്ദിച്ചു എന്ന വിമര്‍ശനം ബ്രിട്ടനില്‍ ഉയര്‍ന്നു. മുതലാളിത്തത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ തട്ടകമായാണ് ട്രിയര്‍ നഗരം അറിയപ്പെടുന്നത്. ഒരുലക്ഷത്തിലേറെ പേര്‍ വസിക്കുന്ന ഇവിടെ മാര്‍ക്‌സിന്റെ പ്രതിമ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ചൈനയുടെ സഹായത്തോടെ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. ജന്മദിനാഘോഷ പരിപാടികള്‍ ട്രിയറിലെ കച്ചവടക്കാര്‍ക്ക് കുറെയൊക്കെ ഗുണം ചെയ്തു. താടിയും മീശയുമുള്ള മാര്‍ക്‌സിന്റെ മുഖം പതിച്ച ജര്‍മന്‍ യൂറോയുടെ ഡമ്മി കറന്‍സികളും റബ്ബര്‍ താറാവുകളുമൊക്കെ വിറ്റഴിക്കാന്‍ കഴിഞ്ഞു. ഇതൊന്നും മാര്‍ക്‌സിന്റെ സ്വീകാര്യതയല്ല, മാര്‍ക്‌സ് വെറുത്ത മുതലാളിത്തത്തിന്റെ വിപണന തന്ത്രങ്ങളുടെ വിജയമാണ് കാണിക്കുന്നത്.
മാര്‍ക്‌സിന്റെ ഒരു പ്രതിമ സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍-അതും ഒരു കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യത്തിന്റെ സഹായത്തോടെ -ആഹ്ലാദിക്കുന്നവര്‍ സൗകര്യപൂര്‍വം മറന്നുപോകുന്ന ഒന്നുണ്ട്. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ മാര്‍ക്‌സിന്റെ ലക്ഷക്കണക്കിന് പ്രതിമകളാണ് ആകാശംമുട്ടെ ഉയര്‍ന്നുനിന്നത്. കമ്യൂണിസ്റ്റ് വാഴ്ച നിലനിന്നിരുന്ന കിഴക്കന്‍ ജര്‍മനിയും പടിഞ്ഞാറന്‍ ജര്‍മനിയുടെ പല ഭാഗങ്ങളും മാര്‍ക്‌സിന്റെ പ്രതിമകള്‍കൊണ്ട് നിറഞ്ഞിരുന്നു. റോഡുകള്‍ക്കും നഗരചത്വരങ്ങള്‍ക്കും സ്‌കൂളുകള്‍ക്കുമൊക്കെ മാര്‍ക്‌സിന്റെ പേരുകളാണ് നല്‍കിയിരുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതോടെ, ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ എടുത്ത സമയത്തിന്റെ ആയിരത്തിലൊരംശം വേണ്ടിവന്നില്ല ഒറ്റയടിക്ക് അപ്രത്യക്ഷമാവാന്‍. കാറല്‍ മാര്‍ക്‌സിന്റെ പേരുകള്‍ നല്‍കിയിരുന്ന പല നഗരങ്ങളും അവയുടെ പുരാതന നാമങ്ങളില്‍ വീണ്ടും അറിയപ്പെടാന്‍ തുടങ്ങി.
മാര്‍ക്‌സിസം ഒരു വ്യാമോഹം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്നത് മാര്‍ക്‌സിസമാണ് എന്ന തരത്തിലുള്ള വമ്പന്‍ അവകാശവാദങ്ങളുന്നയിക്കുന്ന ഉത്തരാധുനിക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന കലയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. മാര്‍ക്‌സിസം തിരിച്ചുവരുമെന്നല്ല, മാര്‍ക്‌സ് തിരിച്ചുവരുമെന്ന് ഇവര്‍ പറയുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കാള്‍ പോപ്പറെപ്പോലുള്ളവര്‍ ‘കപട പ്രവാചകന്‍’ എന്നു വിശേഷിപ്പിച്ച മാര്‍ക്‌സിനെ വീണ്ടും ബിംബവല്‍ക്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റു പരീക്ഷണങ്ങളുടെയും അതിഭീകരമായ ചരിത്രത്തെക്കുറിച്ച് നിശ്ശബ്ദത പാലിച്ച് മാര്‍ക്‌സിന്റെ അപദാനങ്ങള്‍ വാഴ്ത്തുകയെന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. ഇതിന് തലമുറ വിടവ് അതിവിദഗ്ധമായി ചൂഷണം ചെയ്യുന്നു. വിവര സാങ്കേതിക വിദ്യയിലുണ്ടായ വിപ്ലവവും, അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപുലമായ സാധ്യതകളും സമര്‍ത്ഥമായി ഉപയോഗിച്ച് രാഷ്ട്രീയമായും സാംസ്‌കാരികമായും മാര്‍ക്‌സിനെ വിറ്റഴിക്കുകയാണ്.
2008 ല്‍ പ്രത്യക്ഷപ്പെട്ട ആഗോള സാമ്പത്തിക മാന്ദ്യത്തെ വിശകലനം ചെയ്തുകൊണ്ട് മാര്‍ക്‌സ് തിരിച്ചുവരികയാണെന്ന് പ്രഖ്യാപിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മാര്‍ക്‌സിസവും ആഗോള ധനപ്രതിസന്ധിയും (Marxism and the Global Financial Crisis), എന്തുകൊണ്ട് മാര്‍ക്‌സ് ശരിയായിരുന്നു? (Why Marx was Right?)), കാറല്‍ മാര്‍ക്‌സ്: മഹത്വവും വ്യാമോഹവും ( (Karl Marx: Greateness and Illusion), മാര്‍ക്‌സിലേക്കു വീണ്ടും(Back to Marx) തുടങ്ങിയവ ഇവയില്‍പ്പെടുന്നു. സൈദ്ധാന്തിക ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകങ്ങളുടെ ഉള്ളടക്കത്തിന് സമാനതകളുമുണ്ട്. ആഗ്രഹചിന്തകളാണ് ഇവയില്‍ പ്രകടിപ്പിക്കുന്നത്. മുതലാളിത്തം ചുരുളഴിയുന്നത് മാര്‍ക്‌സ് പ്രവചിച്ചതുപോലെയാണെന്ന അസംബന്ധ ചിന്തയും ഈ പുസ്തകങ്ങള്‍ പങ്കുവയ്ക്കുന്നു.
മാര്‍ക്‌സിസം മടങ്ങിവരുമെന്ന് ദിവാസ്വപ്നം കാണുന്നവര്‍ മറ്റൊന്നുകൂടി ചെയ്യുന്നുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും മൂലധനത്തിന്റെയും ഒക്‌ടോബര്‍ വിപ്ലവത്തിന്റെയും നൂറാം വാര്‍ഷികവും നൂറ്റമ്പതാം വാര്‍ഷികവുമൊക്കെ കണ്ടുപിടിച്ച് വലിയ ആഘോഷമാക്കി മാറ്റുകയുണ്ടായി. കാലഹരണപ്പെട്ട ഈ പുസ്തകങ്ങളില്‍ കാലാതീതമായ ആശയങ്ങളുണ്ടെന്ന് ഉദ്‌ഘോഷിച്ച് അവയുടെ പുനര്‍വായനകളും ആകര്‍ഷകമായ പുതിയ പതിപ്പുകളും ഊതിവീര്‍പ്പിച്ച വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഏകപക്ഷീയവും ആസൂത്രിതവുമായ ഈ പ്രചാരവേലയുടെ ക്ലൈമാക്‌സ് ആയിരുന്നു മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മദിനാഘോഷം. ന്യൂയോര്‍ക്ക് ടൈംസിനെയും ഗാര്‍ഡിയനെയും പോലെ പാരമ്പര്യമുള്ള പാശ്ചാത്യ പത്രങ്ങള്‍ മാര്‍ക്‌സിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് അന്തരീക്ഷം കൊഴുപ്പിച്ചു. മാര്‍ക്‌സ് സ്വപ്‌നം കാണുകപോലും ചെയ്യാതിരുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ വിസ്മയങ്ങളാണ് ഇതെല്ലാം.
”മാര്‍ക്‌സിനെ നിങ്ങള്‍ക്ക് പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊണ്ടുപോയി നിര്‍ത്താം. പക്ഷേ അവിടെ തളച്ചിടാനാവില്ല” എന്നാണ് ആവേശഭരിതനായ ഒരു ആരാധകന്‍ പറഞ്ഞത്. പക്ഷേ മാര്‍ക്‌സിന്റെ ലോകവും കാലവും മാറിപ്പോയിരിക്കുന്നു. ഇന്ന് മാര്‍ക്‌സിന്റെ 100 വര്‍ഷം മുന്‍പത്തെ പ്രവചനശക്തി പ്രയോഗിക്കേണ്ട ആവശ്യമേയില്ല. പാശ്ചാത്യ നാടുകളിലെ ചിന്താശേഷിയുള്ള ചിലര്‍ ഇപ്പോഴും മാര്‍ക്‌സിസത്തിനു പിന്നാലെ പോകുന്നുണ്ടാവാം. സെമറ്റിക് മതങ്ങള്‍ വാഗ്ദാനം ചെയ്ത അയഥാര്‍ത്ഥമായ സ്വര്‍ഗത്തിന് സാര്‍ത്ഥകമായ ഒരു ബദല്‍ ലഭിക്കാത്തതാണ് ഇതിന് കാരണം.
പോളിഷ് തത്വചിന്തകന്‍ ലാസെക് കൊലകോവ്‌സ്‌കി പറഞ്ഞതാണ് ശരി: ”മനുഷ്യര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. അവര്‍ ചെറുപ്പക്കാരോ പ്രായമായവരോ, ആരോഗ്യമുള്ളവരോ രോഗികളോ ആയ സ്ത്രീ പുരുഷന്മാരാണെന്ന കാര്യം മാര്‍ക്‌സ് വളരെക്കുറച്ചുമാത്രം പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തു. മാര്‍ക്‌സിന്റെ കണ്ണില്‍ എല്ലാ ദുരിതങ്ങളും മോചനത്തിനുള്ള ഉപകരണങ്ങളായിരുന്നു. അവയെല്ലാം സാമൂഹ്യ വസ്തുതകള്‍ മാത്രം. എന്നാല്‍ അവ മനുഷ്യാവസ്ഥയുടെ അവശ്യഘടകങ്ങളായിരുന്നു.” (177)
മാര്‍ക്‌സിന് മടങ്ങിവരാനാവുമോ എന്ന ചോദ്യം അപ്രസക്തമാണ്. മാര്‍ക്‌സ് മടങ്ങിവരേണ്ടതുണ്ടോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. മാര്‍ക്‌സ് മടങ്ങിവരേണ്ടതില്ല എന്നുമാത്രമല്ല, അതിന് അനുവദിക്കുകയുമരുത് എന്നതാണ് ചരിത്ര പാഠം.
അടിക്കുറിപ്പുകള്‍:-
176. Communism, H.J.Laski.
177. Main Currents of Marxism: The Rise, Growth and Dissolution, Lezsek Kolakowski.
(പരമ്പര അവസാനിച്ചു)