Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ധര്‍മ്മരാജ്യ സങ്കല്പം: ഒരു പഠനം

മാ. ഗോ. വൈദ്യ

Print Edition: 21 April 2023

”സംഘത്തിന് സമാജത്തില്‍ ആദരവ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയും സംഘടനയെ തനതായ തന്റെ ചിന്തകളാല്‍ വഴികാണിക്കുകയും ചെയ്ത വ്യക്തിയാണ് മാ.ഗോ.വൈദ്യാജി” – വൈദ്യാജിയുടെ 98-ാം ജന്മദിനവേളയില്‍ നാഗപ്പൂരില്‍ അദ്ദേഹത്തെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംഘത്തിന്റെ പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞ വാക്കുകളാണിവ. വൈദ്യാജിയുടെ സംഭാവന സവിശേഷമാണെന്ന് പറയേണ്ടിവരും. കാരണം സംഘം പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരുന്ന അവസരത്തിലാണ്, 1923ല്‍ നാഗപ്പൂരിനടുത്തു തറോഡ ഗ്രാമത്തില്‍ ജനിച്ച വൈദ്യാജി തന്റെ 8-ാം വയസ്സില്‍ ശാഖയിലെത്തിയത്. സംഘ സ്ഥാപകനും ആദ്യ സര്‍സംഘചാലകനുമായ പരംപൂജനീയ ഡോക്ടര്‍ജി മുതല്‍ ആറാമത്തെ സര്‍സംഘചാലക് ആയ പരംപൂജനീയ മോഹന്‍ജി ഭാഗവത് വരെ എല്ലാ സര്‍സംഘചാലകന്മാരെയും കാണുവാനും ഇടപഴകാനും അവസരം സിദ്ധിച്ച അപൂര്‍വ്വം സ്വയംസേവകരില്‍ ഒരാളാണ് വൈദ്യാജി. നാഗപ്പൂരിലെ ഹിസ്‌ലോപ് കോളേജില്‍ സംസ്‌കൃത ലക്ചററായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം ‘തരുണ്‍ ഭാരത്’ പത്രത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. സംഘത്തില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് ബാബുറാവു വൈദ്യ എന്ന പേരിലായിരുന്നു. സംഘത്തിന്റെ അഖിലഭാരതീയ പ്രചാര്‍പ്രമുഖ്, ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, ഔദ്യോഗിക വക്താവ് എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
1978-84ല്‍ മഹാരാഷ്ട്രാ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. ധാരാളം പുസ്തകങ്ങളുടെ കര്‍ത്താവും പംക്തികാരനുമായിരുന്നു വൈദ്യാജി. 2020 ഡിസംബര്‍ 19-നാണ് അന്തരിച്ചത്.

”ധര്‍മ്മരാജ്യം” എന്ന സമാസത്തില്‍ രണ്ട് വാക്കുകളുണ്ട് – ഒന്ന്, ധര്‍മ്മം; മറ്റൊന്ന് രാജ്യം. മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാവിനോട് ചോദിച്ചു: ”രാജാവും രാജ്യവും എങ്ങനെയുണ്ടായി? സൃഷ്ടിയുടെ ആരംഭംതൊട്ട് ഉണ്ടായിരുന്നോ?” ഈ ചോദ്യത്തിന് ഭീഷ്മര്‍ നല്‍കിയ വിഖ്യാതമായ മറുപടി ഇപ്രകാരമാണ്:

”ന വൈ രാജ്യം നരാ ജാƒസീത്
ന ച ദണ്ഡ്യോ ന ദാണ്ഡികഃ
ധര്‍മ്മേണൈവ പ്രജാഃ സര്‍വ്വേ
രക്ഷന്തി സ്മ പരസ്പരം”
(ശാന്തിപര്‍വ്വം : 59-14)

ഒരു കാലത്ത് രാജാവോ രാജ്യമോ ഉണ്ടായിരുന്നില്ല; ശിക്ഷാവിധിയോ ശിക്ഷ നല്‍കുന്ന വ്യവസ്ഥയോ ഉണ്ടായിരുന്നില്ല (അതായത് ഭരണകൂടം ഉണ്ടായിരുന്നില്ല). ജനങ്ങള്‍ ധര്‍മ്മയുക്തമായി ജീവിക്കുകയും പരസ്പരം സംരക്ഷിക്കുകയുമാണ് ചെയ്തത്).

ഇതു കേട്ടപ്പോള്‍ സ്വാഭാവികമായും യുധിഷ്ഠിരന്‍ ഒരു പ്രതിപ്രശ്‌നം ഉന്നയിച്ചു: ”അങ്ങനെയെങ്കില്‍, ആ വ്യവസ്ഥ ഇല്ലാതായതെങ്ങനെ?” ”ധര്‍മ്മം ക്ഷീണിതമായി, ധര്‍മ്മത്തിന് ഗ്ലാനി സംഭവിച്ചു. അതോടെ ബലവാന്‍ ദുര്‍ബലനെ പീഡിപ്പിക്കാന്‍ തുടങ്ങി. മഹാഭാരതത്തില്‍ ‘മത്സ്യ ന്യായം’ നിലവില്‍ വന്നു എന്നാണ് ഈ സ്ഥിതിവിശേഷത്തെക്കുറിച്ചു പറഞ്ഞത്. അതായത്, വലിയ മത്സ്യങ്ങള്‍ ചെറു മത്സ്യങ്ങളെ ഭക്ഷ്യമാക്കുന്ന പ്രക്രിയ. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ബ്രഹ്‌മാവിന്റെ സമക്ഷത്തില്‍ ചെന്ന് തങ്ങള്‍ക്ക് ഭരണകര്‍ത്താവായി ഒരു രാജാവിനെ നല്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ രാജാവാകാനോ രാജാധികാരം ഏല്‍ക്കാനോ ആരും തയ്യാറായില്ല. അവസാനം, വളരെയധികം അഭ്യര്‍ത്ഥിച്ച സാഹചര്യത്തില്‍ മനു രാജാവാകാന്‍ സന്നദ്ധനായി. ”ഞങ്ങള്‍ അങ്ങയുടെ ഭരണത്തെ അംഗീകരിക്കുകയും അങ്ങുണ്ടാക്കുന്ന നിയമങ്ങളെ അനുസരിക്കുകയും പാലിക്കുകയും ചെയ്യും” ജനങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഇപ്രകാരമാണ് ആദ്യത്തെ രാജാവുണ്ടായത്. രാജാവിനോടൊപ്പം രാജ്യവും നിലവില്‍ വന്നു. രാജ്യമെന്നാല്‍ നിയമവ്യവസ്ഥ എന്നര്‍ത്ഥം. ഈ നിയമത്തിന് പിന്‍ബലമായി നില്‍ക്കുന്നത് ഭൗതികശക്തി അഥവാ ശിക്ഷാവ്യവസ്ഥ ആയിരിക്കും. ശിക്ഷാവിധിയുടെ അടിസ്ഥാനത്തില്‍, ഭൗതികശക്തിയുടെ അടിത്തറയില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥക്ക് അനുസൃതമായി നിലനില്‍ക്കുന്ന രാജനൈതികത വ്യവസ്ഥയെയാണ് രാജ്യം എന്ന് വിശേഷിപ്പിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, രാജ്യമെന്നാല്‍ നിയമവ്യവസ്ഥ എന്നര്‍ത്ഥം. ആധുനിക കാലത്തെ രാജ്യതന്ത്ര വിദഗ്ദ്ധരുടെയും മൗലിക ചിന്തകന്മാരുടെയും അഭിപ്രായം ഇതുതന്നെയാണ്. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും ചിന്തകനുമായ ഏണസ്റ്റ് ബാര്‍ക്കര്‍ രചിച്ച ”പ്രിന്‍സിപ്പല്‍സ് ഓഫ് സോഷ്യല്‍ ആന്റ് പൊളിറ്റിക്കല്‍ തിയറി” എന്ന ഗ്രന്ഥത്തില്‍ ‘സ്റ്റേറ്റ്’ എന്നാലെന്ത്? എന്ന കാര്യം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: സ്റ്റേറ്റ് എന്നാല്‍ രാജ്യം. രാജ്യമെന്നാല്‍ നിയമം അഥവാ രാജ്യനീതി. നിയമവ്യവസ്ഥയനുസരിച്ച് നടക്കുന്നത്, നിയമവ്യവസ്ഥയിലൂടെ നടക്കുന്നത്, ഏതൊന്നിന്റെ നിലനില്‍പ്പ് തന്നെ നിയമത്തില്‍ അധിഷ്ഠിതമായത് അതാണ് സ്റ്റേറ്റ്.”It (State) exists for law, it exists in and through law: we may even say it exists as law. The essence of the state is a living body of effective rules; and in that sense State is law. (Ernest Barker, Principles of Social and Political Theory ” – Page 89) അതായത്, സ്റ്റേറ്റ് എന്നാല്‍ ”ബലാല്‍ക്കാരമായി തടയുന്ന ശക്തി” എന്ന് വിശേഷിപ്പിക്കാവുന്ന, നിയമ വ്യവസ്ഥയുടെ ബലത്തില്‍ നിലകൊള്ളുന്ന ശക്തി എന്ന് പറയാം. മറ്റൊരുതരത്തില്‍ അടിച്ചമര്‍ത്താന്‍ പാകത്തിലുള്ള ശക്തിവിശേഷത്തോട് കൂടിയ വ്യവസ്ഥയാണ് രാജ്യം.

നമ്മുടെ പുരാണങ്ങളിലെ സങ്കല്പമനുസരിച്ച് ധര്‍മ്മം നാലു കാലുകളോടു കൂടിയ സത്തയാണ്. സത്യയുഗത്തില്‍ അത് നാലുകാലുകളുടെ ബലത്തിലാണ് നിന്നിരുന്നത്. ത്രേതായുഗത്തില്‍ അതിന്റെ ഒരു കാല് നഷ്ടപ്പെട്ടതോടെ അതിന്റെ സ്ഥിരത നഷ്ടപ്പെട്ടു. അതോടെ നടക്കാന്‍ അതിന് ഒരു വടിയെ ആശ്രയിക്കേണ്ടി വന്നു. ആ വടിയാണ് നിയമസംഹിത. അങ്ങനെയാണ് രാജ്യം നിലവില്‍ വന്നത്. ദ്വാപരയുഗത്തില്‍ മറ്റൊരു കാല്‍കൂടി നഷ്ടപ്പെട്ടു. അങ്ങനെ കൂടുതല്‍ നിയമങ്ങള്‍ ആവശ്യമായി വന്നു. കലിയുഗമായപ്പോഴേക്ക് മൂന്നാമത്തെ കാലും നഷ്ടപ്പെട്ടു. അതോടെ 25 ശതമാനം ധര്‍മ്മത്തിന്റെയും 75 ശതമാനം നിയമത്തിന്റെയും ബലത്തിലായി കാര്യങ്ങളുടെ നടത്തിപ്പ്. ഭീഷണി, നിയമവ്യവസ്ഥയോടുള്ള വിധേയത്വം എന്നിവയുടെ പേരിലായി കാര്യങ്ങള്‍. നിയമം എന്നാല്‍ വിധേയത്വമെന്നാണ് അര്‍ത്ഥം. ഇതില്‍ നിന്നും നിയമസംഹിതക്കു പിന്നില്‍ രാജ്യശക്തി അഥവാ ദണ്ഡശക്തിയുണ്ടെന്ന ബോധ്യമാണ്, അതിനെ അംഗീകരിക്കുവാന്‍ നമ്മെ ബാധ്യസ്ഥരാക്കുന്നത് എന്ന് വ്യക്തമാണ്. അതുകൊണ്ടാണ് മെലിഞ്ഞ്, ക്ഷീണിതനെന്ന് തോന്നുന്ന ന്യായാധിപന്‍ കൊടും ക്രൂരനായ ഗുണ്ടയ്ക്ക് മരണശിക്ഷ വിധിക്കുമ്പോള്‍ അയാള്‍ അതംഗീകരിക്കുന്നത്. ഒന്നോ രണ്ടോ കൊലപാതകങ്ങള്‍ നടത്തിയ ഗുണ്ടയെ സംബന്ധിച്ച് വൃദ്ധനായ ന്യായാധിപനെ വധിക്കാനാണോ പ്രയാസം? എന്നിട്ടുപോലും ശിക്ഷ സ്വീകരിക്കുവാന്‍ അയാള്‍ സന്നദ്ധനാകുന്നത് ന്യായാധിപന്റെ വിധിക്ക് പിന്നില്‍ ഭരണകൂടത്തിന്റെ, സൈന്യത്തിന്റെ, പോലീസിന്റെ, ശിക്ഷാനിയമത്തിന്റെ ബലമുണ്ടെന്നതിനാലാണ്. അതാണ് രാജ്യം.

ഇനി ‘ധര്‍മ്മ’ ത്തെക്കുറിച്ച് ചിന്തിക്കാം. ‘ധര്‍മ്മം’ എന്നത് നമ്മുടെ ഭാരതവര്‍ഷത്തിന്റെ, ഹിന്ദുക്കളുടെ സവിശേഷതയാര്‍ന്ന വാക്കാണ്. ‘ധര്‍മ്മ’മെന്ന വാക്കിന് ഇംഗ്ലീഷ് ഭാഷയില്‍ യോഗ്യമായ പര്യായപദമില്ല. കാരണം, ‘ധര്‍മ്മ’മെന്ന വാക്ക് വ്യക്തമാക്കുന്ന ആശയം, ‘ധര്‍മ്മ’മെന്ന സങ്കല്പം ആ ഭാഷക്ക് അന്യമാണ്. ഇപ്പോള്‍ ‘ധര്‍മ്മ’ത്തെ ആളുകള്‍ മത (Religion) മെന്ന് വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു അര്‍ത്ഥം നല്‍കുന്നത് ഒരിക്കലും ശരിയല്ല. ‘ധര്‍മ്മശാല’ മതപള്ളിക്കൂടമാണെന്ന് പറയാനാവില്ല. ധര്‍മ്മാശുപത്രി എന്നാല്‍ മതചികിത്സ നല്‍കുന്ന സ്ഥാപനമെന്ന് അര്‍ത്ഥം പറയാനാവില്ല. ‘പുത്രധര്‍മ്മ’മെന്നാല്‍ മകന്റെ മതമെന്നല്ല അര്‍ത്ഥം. ‘രാജധര്‍മ്മം’ രാജാവിന്റെ മതമല്ല. ‘ധര്‍മ്മ’മെന്ന വാക്കിന്റെ അര്‍ത്ഥം അതിന്റെ പൂര്‍ണതയില്‍ അഭിവ്യക്തമാക്കാന്‍ ‘റിലിജ്യണ്‍’ എന്ന വാക്ക് അപര്യാപ്തമാണെന്ന് വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. റിലിജ്യണ്‍ അഥവാ മതം ധര്‍മ്മത്തിന്റെ ഒരു ഭാഗമാണെന്നോ അംശമാണെന്നോ പറയാം; ധര്‍മ്മമെന്ന വാക്കിന്റെ അര്‍ത്ഥം അതിന്റെ പൂര്‍ണതയില്‍ വ്യക്തമാക്കാന്‍ റിലിജ്യണ്‍ എന്ന വാക്കിനാവില്ല.

റിലിജ്യണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം മതസമ്പ്രദായം എന്നാണ്. മതസമ്പ്രദായം തെറ്റായ ഒരു കാര്യമൊന്നുമല്ല. മതസമ്പ്രദായത്തിന് ഒരു സ്ഥാപകനുണ്ടാവും. അതിന് സവിശേഷമായ ഒരു ഗ്രന്ഥം ഉണ്ടാകും. അതിന് തനതായ ചില നിയമങ്ങള്‍ ഉണ്ടാകും. ഒരു ആരാധനാ കേന്ദ്രമുണ്ടാകും. അതായത്, മതത്തിന് മഹാനായ ഒരു സ്ഥാപകന്‍, അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ രേഖപ്പെടുത്തിവെച്ച പവിത്രമായ ഒരു ഗ്രന്ഥം, സവിശേഷമായ ആരാധനാക്രമം, അനുയായികള്‍ക്ക് ഒന്നിച്ച് ചേര്‍ന്ന് ആരാധന നടത്താന്‍ ആവശ്യമായ പവിത്രമായ ഒരു സ്ഥലം എന്നിവ ആവശ്യമാണ്. എന്നാല്‍ ധര്‍മ്മം അതിനെക്കാള്‍ വളരെ വലുതും വ്യാപകവുമാണ്.

ധര്‍മ്മത്തെ മനസ്സിലാക്കുക എളുപ്പമല്ല, അത്യന്തം ക്ലേശകരമാണ്. ‘ധര്‍മ്മസ്യ തത്ത്വം നിഹിതം ഗുഹായാം’ എന്നാണ് പറഞ്ഞിരിക്കുന്നത്. ധര്‍മ്മത്തിന്റെ തത്ത്വം ഗുഹയില്‍ ഒളിച്ചിരിക്കുകയാണ് എന്നു പറഞ്ഞതിന്റെ അര്‍ത്ഥം അതത്രമാത്രം അഗാധമാണെന്നാണ്. എന്നാല്‍ അതിനെ സംബന്ധിച്ച് സരളമായ ചില വ്യാഖ്യാനങ്ങള്‍ ഉണ്ട്. നമുക്ക് അവയെക്കുറിച്ച് ചിന്തിക്കാം.

ഏതെങ്കിലും വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച് അവ്യക്തതയുണ്ടെങ്കില്‍ ആ വാക്കിന്റെ മൂലത്തിലേക്ക് പോകണമെന്നാണ് ഭാഷാശാസ്ത്രം പറയുന്നത്. ധര്‍മ്മമെന്ന വാക്ക് ‘ധൃ’ എന്ന ധാതുവില്‍ നിന്നാണ് ഉണ്ടായത്. ‘ധൃ’ എന്നതിന്റെ അര്‍ത്ഥം യോജിപ്പിച്ചു നിര്‍ത്തുക, ബന്ധിപ്പിച്ചു നിര്‍ത്തുക, പിടിച്ചുനിര്‍ത്തുക എന്നെല്ലാമാണ്. ബന്ധിപ്പിച്ചു നിര്‍ത്തണമെങ്കില്‍ കുറഞ്ഞപക്ഷം രണ്ടു വസ്തുക്കളെങ്കിലും ഉണ്ടാകേണ്ടത് ആവശ്യമാണ്. ഏതൊരു വസ്തുവിനെയാണോ ബന്ധിപ്പിച്ചു നിര്‍ത്തേണ്ടത്, അതും, ഏതൊന്നിനോടാണോ ബന്ധിപ്പിച്ചു നിര്‍ത്തേണ്ടത്, അതും. ആകെ ഒരു വസ്തു മാത്രമേ ഉള്ളൂ എങ്കില്‍, അതിനെ ഇല്ലാത്ത മറ്റൊന്നിനോട് എങ്ങനെ ബന്ധിപ്പിക്കാനാകും? അങ്ങനെ നോക്കുമ്പോള്‍ ധര്‍മ്മം സാപേക്ഷമാണെന്ന് വരുന്നു.

‘ധര്‍മ്മരാജ്യം’ എന്നു പറയുമ്പോള്‍ രാജാവിനോടൊപ്പം പ്രജയും ഉണ്ടാകേണ്ടത് ആവശ്യമാണ്. രാജധര്‍മ്മമെന്ന് പറഞ്ഞാല്‍ രാജാവിനെ സ്വയം പ്രജയുമായി ബന്ധിപ്പിക്കുന്ന രാജാവിന്റെ പ്രജയോടുള്ള കര്‍ത്തവ്യം. പുത്രധര്‍മ്മമെന്നാല്‍ സ്വന്തം മാതാപിതാക്കളെ പുത്രനുമായി ബന്ധിപ്പിക്കുന്ന മാതാപിതാക്കളോടുള്ള പുത്രന്റെ കര്‍ത്തവ്യം. ബ്രഹ്‌മാണ്ഡത്തെ ബന്ധിപ്പിച്ചു നിര്‍ത്താന്‍ ഏതൊന്നിനാണോ സാധിക്കുക, അതാണ് ധര്‍മ്മമെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. ”താനി ധര്‍മ്മാണി, പ്രഥമാനി ആസന്‍.” സൃഷ്ടികര്‍മ്മം നിര്‍വഹിച്ച് അതിന്റെ എല്ലാ ധര്‍മ്മവും ഉണ്ടാക്കി. ബ്രഹ്‌മാണ്ഡമെന്നാല്‍ പ്രപഞ്ചം. അതില്‍ കേവലം മനുഷ്യനെ മാത്രമല്ല പ്രാണികള്‍, പ്രകൃതി, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിങ്ങനെ എല്ലാറ്റിനേയും ബന്ധിപ്പിച്ചു നിര്‍ത്തുന്നതാണ് ധര്‍മ്മം.

ബ്രഹ്‌മാണ്ഡത്തിലെന്താണുള്ളത്? പൊതുവായി പറഞ്ഞാല്‍ അത് നാല് അസ്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതില്‍ നാല് സത്തകളാണുള്ളത്. താന്‍ സ്വയം ഇല്ലെന്ന് ആര്‍ക്കും പറയാനാവില്ല. അതായത്, ഞാനെന്ന വ്യക്തിയുണ്ട്. എന്നാല്‍ ഞാന്‍ മാത്രമാണോ ഉള്ളത്? അല്ല. എനിക്ക് വീടുണ്ട്. വീട്ടില്‍ എന്റെ മാതാപിതാക്കളും സഹോദരന്മാര്‍, സഹോദരിമാര്‍, പത്‌നി, കുട്ടികള്‍ എന്നിവരുമുണ്ട്. എന്റെ അയല്‍പക്കക്കാരുണ്ട്. നമ്മുടെ ഗ്രാമമുണ്ട്; ജില്ലയുണ്ട്; സമ്പൂര്‍ണ ദേശമുണ്ട്. കൂടാതെ അന്യദേശങ്ങളും അവിടങ്ങളിലെല്ലാം താമസിക്കുന്ന ജനങ്ങളുണ്ട്. ഈ മനുഷ്യരെല്ലാം ഒരുമിച്ച് സമഷ്ടിയുണ്ടാകുന്നു.

അപ്രകാരം വൃഷ്ടി, സമഷ്ടി എന്നിങ്ങനെ രണ്ട് അസ്തിത്വങ്ങള്‍ കാണാനാകുന്നു. എന്നാല്‍ ബ്രഹ്‌മാണ്ഡത്തില്‍ മനുഷ്യര്‍ മാത്രമല്ല ഉള്ളത്. മൃഗങ്ങള്‍, പക്ഷികള്‍, സസ്യജാലങ്ങള്‍, വൃക്ഷങ്ങള്‍, മലകള്‍, നദികള്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിങ്ങനെ പലതുമുണ്ട്. അതായത്, സമഷ്ടിക്കപ്പുറവും സൃഷ്ടിയുണ്ടെന്നര്‍ത്ഥം. അതാണ് മൂന്നാമത്തെ അസ്തിത്വം. വ്യക്തി അഥവാ മനുഷ്യന്‍ സമഷ്ടിയുടെ അംഗമാണ്. എന്നാല്‍ സമഷ്ടി അതിനപ്പുറവുമുണ്ട്. മനുഷ്യന്‍ സമഷ്ടിയുടെ അംഗമാണെന്നത് പോലെ സമഷ്ടി സൃഷ്ടിയുടെ അംഗമാണ്. മാത്രമല്ല, സൃഷ്ടി സമഷ്ടിയെ അതിക്രമിക്കുന്നു. സൃഷ്ടി സമഷ്ടിയെയപേക്ഷിച്ച് വളരെ വലുതാണ്. സൃഷ്ടിയാണ് മൂന്നാമത്തെ അസ്തിത്വം. നാലാമത്തെ അസ്തിത്വം പരമേഷ്ടി എന്നറിയപ്പെടുന്ന ചൈതന്യമാണ്.

ചൈതന്യത്തിന്റെ അഭാവത്തില്‍ നാമൊന്നുമല്ല. എന്റെ ഗ്രാമത്തില്‍ ഒരു മതപ്രഭാഷകന്‍ വരാറുണ്ടായിരുന്നു. ആത്മാവിന്റെ അസ്തിത്വത്തെക്കുറിച്ച് ഗ്രാമത്തിലെ ജനങ്ങള്‍ക്ക് വളരെ നല്ല രീതിയില്‍ അദ്ദേഹം വിവരിച്ചു കൊടുക്കുമായിരുന്നു. സ്വന്തം പേരെടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കുമായിരുന്നു: ”എനിക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടായി ഞാനിവിടെ വീണ് മരിച്ചെന്ന് കരുതുക. നിങ്ങളെല്ലാം എന്റെ മരണത്തില്‍ ശോകം വ്യക്തമാക്കുകയും ചിലരെങ്കിലും കരഞ്ഞെന്നും വരാം. ‘നല്ലൊരു മനുഷ്യനായിരുന്നു! അവിചാരിതമായി ഇങ്ങനെയൊരു മരണമോ! ഇതില്‍ രസകരമായ കാര്യം ഞാന്‍ എവിടെയും പോയിട്ടില്ല. അവിടെതന്നെ എല്ലാവരുടെയും മുമ്പില്‍ വീണുകിടക്കുന്നുവെങ്കിലും ഞാന്‍ എല്ലാവരെയും വിട്ടുപോയെന്ന പേരില്‍ അവര്‍ ദുഃഖിക്കുന്നു എന്നതാണ്! എന്റെ ശരീരം പൂര്‍ണമായും ഇവിടെ തന്നെയുണ്ട്. ശരീരത്തിലെ ചൈതന്യം അഥവാ ആത്മാവ് മാത്രമാണ് അവിടെ വിട്ടുപോയത്. അതായത്, ആത്മാവാണ് എല്ലാം. അതില്ലെങ്കില്‍ പിന്നെയൊന്നുമില്ല! ആത്മാവ് നഷ്ടപ്പെട്ട ശരീരം, ചൈതന്യം ഇല്ലാത്ത അവസ്ഥയില്‍ വ്യക്തിയുടെ ശരീരം വീടിനകത്തുപോലും വെയ്ക്കാന്‍ കൊള്ളില്ല. ഒന്നുകില്‍ അത് ഭൂമിയില്‍ മറവ് ചെയ്യണം, അല്ലെങ്കില്‍ കത്തിച്ച് ചാമ്പലാക്കണം. വ്യഷ്ടി, സമഷ്ടി, സൃഷ്ടി, പരമേഷ്ടി എന്നിങ്ങനെ മേല്‍പ്പറഞ്ഞ നാല് തത്വങ്ങളെയും ബന്ധിപ്പിച്ചു നിര്‍ത്തുന്നതേതോ, അതാണ് ധര്‍മ്മം. ഈ നാലു തത്ത്വങ്ങളില്‍ ക്രമപ്രകാരം ഓരോന്നിനെയും അപേക്ഷിച്ച് മറ്റേത് കൂടുതല്‍ വ്യാപകമാണ്. അതായത്, വ്യഷ്ടിയെ അപേക്ഷിച്ച് സമഷ്ടിയും, സമഷ്ടിയെ അപേക്ഷിച്ച് സൃഷ്ടിയും, സൃഷ്ടിയെ അപേക്ഷിച്ച് പരമേഷ്ടിയും കൂടുതല്‍ വ്യാപ്തമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വ്യക്തിയെന്ന നിലക്ക് ഞാന്‍ സമാജത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അതേസമയം, സമാജം എന്നില്‍ ഒതുങ്ങുന്ന ഒന്നല്ല. സമാജത്തിന്റെ ഒരംശം എന്നിലുണ്ടുതാനും. സമുദ്രത്തിലെ ജലകണികയില്‍ സമുദ്രമുണ്ട്. എന്നാല്‍ സമുദ്രത്തിന്റെ അസ്തിത്വം ആ ജലകണത്തില്‍ ഒതുങ്ങുന്നില്ല. ഇതുപോലെ, മാനവസമൂഹം സൃഷ്ടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിനാല്‍ മാനവസമൂഹത്തില്‍ സൃഷ്ടിയുടെ ഒരംശം അടങ്ങിയിരിക്കുന്നു. പക്ഷെ സൃഷ്ടി കേവലം മാനവസമൂഹത്തില്‍ പരിമിതപ്പെട്ടു കിടക്കുന്നില്ല, അതിന്റെ വ്യാപ്തി അതിനപ്പുറവുമുണ്ട്. എന്നാല്‍ ആത്മതത്വം വ്യഷ്ടിയിലും സമഷ്ടിയിലും സൃഷ്ടിയിലും വ്യാപൃതമാണെന്നതോടൊപ്പം അവയ്‌ക്കെല്ലാം അപ്പുറവും വ്യാപിച്ചിരിക്കുന്നു. ഇവയ്ക്ക് നാലിനും അസ്തിത്വമുണ്ട്. ഇവ നാലിനും, വ്യക്തിക്ക് വ്യഷ്ടിയെന്നും സമാജത്തിന് സമഷ്ടിയെന്നും, സൃഷ്ടിക്ക് സൃഷ്ടിയെന്നും, ചൈതന്യത്തിന് പരമേഷ്ടിയെന്നും ശാസ്ത്രീയനാമങ്ങളുണ്ട്. വ്യഷ്ടി, സമഷ്ടി, സൃഷ്ടി, പരമേഷ്ടി എന്നിവയെ ബന്ധിപ്പിച്ച് നിര്‍ത്തുന്നതേതോ അതാണ് ധര്‍മ്മം.

വിവ: യു.ഗോപാല്‍ മല്ലര്‍

 

Tags: ധര്‍മ്മരാജ്യ സങ്കല്പം: ഒരു പഠനം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies