പണിക്കാരാ…….
എനിക്കൊരു
വീട് വെയ്ക്കണം
ജീവിതത്തിന്റെ
ഏറിയ പങ്കും നല്‍കി
ശമ്പളത്തില്‍ നിന്ന് പിശുക്കിയും
ബാങ്ക് ലോണും കൂട്ടിവെച്ച്
ഒരു തുകയായിട്ടുണ്ട്
നാല് മുറിയും
ഇരുനിലയുമായി പണിതെടുക്കണം.
വീടിന് അകവും
പുറവുമുണ്ടാകണം
ആതിഥേയത്വത്തിനും
സ്വകാര്യതയ്ക്കും
വ്യത്യസ്തതയുണ്ടാകണം
അകത്തു ജീവിക്കുന്നവര്‍
അന്തേവാസികളാകുന്നില്ല
പുറത്തു നില്‍ക്കുന്നവര്‍
അതിഥികളും.
കാണുന്നവര്‍ പറയണം
ഇത്ര വലിയ വീടോ?
മൂന്ന്‌പേര്‍ക്ക് താമസിക്കാന്‍
ഇത്രയും സ്ഥലമോ?
ഇതൊക്കെ വൃത്തിയായി വെക്കുന്നതെങ്ങനെ
കാണുന്നവര്‍ അന്ധാളിക്കണം.
ഉച്ചത്തില്‍ ചിരിക്കാനും
ദീര്‍ഘമായൊന്ന് നിശ്വസിക്കാനും. മൗനത്തില്‍ വീഴാനും
മുങ്ങി നിവരാനും
കഴിയുന്നവിധം കുഴിച്ചെടുക്കണം.
നടന്നാലും നടന്നാലും തീരാത്ത
ഒരു രാജ്യമാകണം അടുക്കള,
കരിപുരണ്ട കൈക്കലത്തുണി
പാതി താഴ്ത്തിക്കെട്ടി
ഇടയ്ക്കിടയ്ക്ക് അടിയന്തരാവസ്ഥ
പ്രഖ്യാപിക്കാന്‍ പാകത്തിനുമാകണം.
പുസ്തകങ്ങളും വാരികകളും
അടുക്കി വെയ്ക്കാന്‍
ചിതലു കയറാത്ത
ഒരു വായനമുറി
എപ്പോഴുമെരിയാന്‍
അവിടെയൊരു വിളക്കും.
അകസ്സാമാനങ്ങള്‍ കമ്മിയായ
ഒരു മുറി വേണം
പല ഭാഷകളിലായി ചിതറിക്കിടക്കുന്ന
നിറങ്ങളേയും
മുറിവുകളില്‍ നിന്ന്
വാര്‍ന്നൊലിക്കുന്ന സ്വപ്‌നങ്ങളേയും
അതില്‍ മറവു ചെയ്യാന്‍.
അപ്പോള്‍
കണക്കുകൂട്ടലുകള്‍
തെറ്റിയെന്ന മട്ടില്‍
പണിക്കാരന്‍ എന്നോട് ചോദിച്ചു,
വായനമുറിയും അടുക്കളയും
മാത്രം മതിയോ നിങ്ങള്‍ക്ക്
അയാള്‍ എന്റെ ഉത്തരത്തിനായി
കാതോര്‍ത്തു നില്‍ക്കേ
ഞാന്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്നുണര്‍ന്നു.
സ്വപ്‌നത്തിലല്ലാതെ ഈ വീട്
എനിക്ക് പണിതെടുക്കണം.