രാഷ്ട്രീയ സേവാസംഗമം ജയ്പൂര്‍ 2023
രാഷ്ട്രീയ സേവാഭാരതിയുടെ നേതൃത്വത്തില്‍ 2023 ഏപ്രില്‍ 7 മുതല്‍ 9 വരെ നടന്ന മൂന്നാമത് അഖില ഭാരതീയ സേവാസംഗമത്തിന് രാജസ്ഥാനിലെ ജയ്പൂര്‍ ജാംഡോളിയിലെ കേശവ് വിദ്യാപീഠം വേദിയായി. 2010ല്‍ ബംഗളൂരിലും 2015ല്‍ ദല്‍ഹിയിലുമാണ് ഇതിനു മുന്‍പ് രാഷ്ട്രീയ സേവാസംഗമങ്ങള്‍ നടന്നിട്ടുള്ളത്. ‘സ്വാവലംബി ഭാരത് സമൃദ്ധ ഭാരത്’ എന്ന ആശയമാണ് ഇത്തവണത്തെ സേവാസംഗമം മുന്നോട്ട് വെക്കുന്ന സന്ദേശം. ഏപ്രില്‍ 7 ന് രാഷ്ട്രീയ സ്വയംസേവകസംഘം സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് സേവാസംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മുംബൈ ആസ്ഥാനമായ പിരമല്‍ ഗ്രൂപ്പ് പ്രസിഡന്റ് അജയ് പിരമല്‍, ഉജ്ജയിനി വാല്‍മീകി ധാം മഠാധിപതിയായ പരം പൂജനീയ ബാലയോഗി ഉമേശാനന്ദജി മഹാരാജ്, ആചാര്യ സുധാംശുജി മഹാരാജ് രാഷ്ട്രീയ സ്വയം സേവക് സംഘം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ നര്‍സിദാസ് കുല്‍റിയ, രാഷ്ട്രീയ സ്വയം സേവക സംഘം അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ഭയ്യാജി ജോഷി, സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ്ജി, രാഷ്ട്രീയ സേവാഭാരതി പ്രസിഡന്റ് പന്നാലാല്‍ ബന്‍സാലി, ജനറല്‍ സെക്രട്ടറി രേണു പാഥക്, നിരവധി സന്യാസി ശ്രേഷ്ഠര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ സേവാസംഗമം പ്രത്യേക പ്രസിദ്ധീകരണമായ സേവാ സാധനയുടെ പ്രകാശനവും സര്‍സംഘചാലക് നിര്‍വ്വഹിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, സാമാജികം, സ്വാവലംബനം, ആപത് സേവ എന്നീ വിഭാഗങ്ങളിലായി പ്രശിക്ഷണം നടന്നു. കൂടാതെ കാര്യകര്‍ത്താക്കളുടെ ചുമതല അനുസരിച്ചുള്ള വിവിധ ശ്രേണീബൈഠക്കുകളും നടന്നു. പന്നാലാല്‍ ബന്‍സാലി, ചന്ദ്രശേഖര്‍ജി, സുന്ദര്‍ ലക്ഷ്മണ്‍, വിജയ് പുരാണിക്, പരാഗ് അഭ്യങ്കര്‍, ശ്രവണ്‍ കുമാര്‍, സുനില്‍ സപ്രേ എന്നിവര്‍ പ്രശിക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സേവാസംഗമം സമാപന പരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തി. അഖില ഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാര്‍ മഠാലെ, രേണുകാ പാഥക്, പന്നാലാല്‍ ബന്‍സാലി എന്നിവര്‍ സംസാരിച്ചു.
ജയ്പൂര്‍ നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് ജാംഡോലി. നഗരത്തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുന്ന ഈ ചെറു ഗ്രാമത്തിലെ കേശവ് വിദ്യാപീഠം ആണ് മൂന്നാമത് അഖില ഭാരതീയ സേവാസംഗമ വേദിയായത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ക്കായി ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ആറ് നഗരങ്ങളിലെ 19 കേന്ദ്രങ്ങളിലായാണ് പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. ആകെയുള്ള 2756 പ്രതിനിധികളില്‍ 515 പേര്‍ വനിതകളായിരുന്നു. മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പടെ 820 പ്രബന്ധകന്മാര്‍ സേവാസംഗമത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. വനിതാ പ്രതിനിധികള്‍ക്കായി പ്രധാന വേദിയുടെ സമീപത്തായാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തില്‍ നിന്ന് 37വനിതകള്‍ ഉള്‍പ്പെടെ ആകെ 198 പ്രതിനിധികളാണ് പങ്കെടുത്തത്.
സ്വാവലംബി ഭാരതത്തിലേയ്ക്കുള്ള പ്രയാണത്തിന് ചുക്കാന്‍ പിടിക്കുന്ന വിവിധ സംഘടനകളുടെ നൂറിലധികം വിജയ കഥകളെ പ്രതിപാദിക്കുന്ന പ്രദര്‍ശിനി ആസ്വാദക പ്രശംസ നേടി. ഏപ്രില്‍ 6 ന് വൈകീട്ട് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വിശ്വ ജാഗ്രതി മിഷന്‍ സ്ഥാപകാചാര്യന്‍ സുധാംശു മഹാരാജ് പ്രദര്‍ശിനിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന പ്രതിനിധികള്‍ക്കായി രാജസ്ഥാന്റെ തനതു കലാരൂപങ്ങള്‍, പരമ്പരാഗത രീതിയിലള്ള കുതിര – ഒട്ടകവണ്ടി സവാരി എന്നിവ ഒരുക്കിയിരുന്നു. ഗോസേവ, പര്യാവരണ്‍, ഗ്രാമസേവ, ആദര്‍ശ കുടുംബ സങ്കല്‍പം എന്നിവയെ ആസ്പദമാക്കി ഒരുക്കിയ പ്രദര്‍ശിനി, വിവിധ സന്നദ്ധ സംഘടനകളുടെ ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍ എന്നിവ സംഗമത്തിന്റെ മാറ്റ് കൂട്ടി. സംഗമ സ്ഥലത്ത് പ്രതിനിധികള്‍ക്ക് സഞ്ചരിക്കാനായി തയ്യാറാക്കിയ ഇ-റിക്ഷകള്‍ (വൈദ്യുത ബാറ്ററി റീചാര്‍ജ്ജ് ചെയ്യുന്നവ) പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമായി. പ്രതിനിധികള്‍ക്ക് രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രത്യേക ടൂറിസ്റ്റ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചിരുന്നു. മിതമായ നിരക്കില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിനിധികള്‍ക്കായി. രാജസ്ഥാനി ആതിഥ്യ മര്യാദകളും നാട്ടുരുചിയും സേവാസംഗമ അനുഭവങ്ങളെ അവിസ്മരണീയമാക്കി.
റിപ്പോര്‍ട്ട്: സി.ശ്രീകുമാര്‍ (സേവാഭാരതി സംസ്ഥാന ഓഫീസ് സെക്രട്ടറി)