”ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകമാണ്. അവസാനത്തേതും ആയിരിക്കട്ടെ” – കേരളത്തെ ലോകത്തിനു മുമ്പില്‍ ലജ്ജിതരാക്കിയ അട്ടപ്പാടി മധു കൊലക്കേസില്‍ വിധി പറഞ്ഞ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രത്യേക കോടതിയിലെ ജഡ്ജി കെ.എം.രതീഷ് കുമാറിന്റെ വിധി ന്യായത്തിലെ വാക്കുകളാണിത്.
2018 ഫെബ്രുവരി 22-ന് അട്ടപ്പാടി മുക്കാലിയില്‍ കേവലം 27 വയസ്സ് മാത്രം പ്രായമുള്ള വനവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ചുകൊണ്ടു പ്രദേശവാസികളായ ചിലര്‍ കാട്ടിനകത്തു നിന്നും ഒരു കാട്ടുമൃഗത്തെ വേട്ടയാടി പിടിച്ചുകൊണ്ട് വരുന്നതുപോലെ പിടിച്ചു കെട്ടി പൊതുജനമധ്യത്തില്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അഞ്ചു വര്‍ഷം കഴിഞ്ഞു വിധി വരുമ്പോള്‍ സ്വയം ലോകത്തിലെ ഏറ്റവും പരിഷ്‌കൃത സമൂഹമെന്നു മേനി നടിക്കുന്ന കേരളസമൂഹം ലജ്ജിച്ചു തലതാഴ്ത്തണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തില്‍ നിന്നുള്ള മധു കൊല്ലപ്പെട്ടത് ഒരു നേരത്തെ ആഹാരം മോഷ്ടിച്ചു എന്ന് ആരോപിച്ചു കൊണ്ടായിരുന്നു എന്ന മുറിപ്പാട് കേരളവും, മലയാളിയും നിലനില്‍ക്കുന്ന കാലത്തോളം ഒരു വ്രണമായി അവശേഷിക്കും.
അഴുക്കുപുരണ്ട മലീമസമായ വസ്ത്രങ്ങളും, എണ്ണ പുരളാത്ത ചീകിയൊതുക്കാത്ത മുടിയും, കുണ്ടിലാണ്ട കണ്ണുകളും, വിശന്നൊട്ടിയ വയറുമുള്ള അഗതികളായ ആരെക്കണ്ടാലും പ്രത്യക്ഷത്തില്‍ മോഷ്ടാവെന്നു കരുതി സാമൂഹികദ്രോഹികളായ സദാചാര പോലീസുകാര്‍ ആള്‍ക്കൂട്ട വിചാരണ നടത്തി കയ്യേറ്റം ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ മുമ്പും നിരവധി തവണ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രാദേശികമായി ചില വാര്‍ത്തകളും, പ്രതികരണങ്ങളും ഉണ്ടായതൊഴികെ ഇത്തരം വിഷയങ്ങളില്‍ ഒരു നിരന്തര ഇടപെടല്‍ പോലീസിന്റെ ഭാഗത്തു നിന്നോ, സാമൂഹികനീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉണ്ടാകാത്തതിന്റെ പരിണത ഫലമാണ് മധു കൊലപാതകം.
വിഷയം നിസ്സാരമെന്നു വിലയിരുത്തി പോലീസ് അവഗണിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിനു സദാചാര പോലീസ് ചമയാനും, വിചാരണ നടത്താനും, ശിക്ഷ നടപ്പാക്കാനും പ്രേരണയും ആവേശവും ഉണ്ടാകുന്നു. ന്യായാധിപന്‍ തന്റെ വിധിന്യായത്തില്‍ പോലീസിനൊരു പാഠമായിരിക്കണം ഈ മധു കേസ് എന്ന് സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് മുക്കാലിയില്‍ നടന്ന ചെറു മോഷണങ്ങളില്‍ പൊലീസിന് കിട്ടിയ പരാതി അന്വേഷിച്ചു പോലീസ് മധുവിനെ കണ്ടെത്തി മനോരോഗിയെന്ന് മനസ്സിലാക്കി മാനസികാരോഗ്യ കേന്ദ്രത്തില്‍ അയച്ചു ചികിത്സ നടത്തിയിരുന്നെങ്കില്‍ കേരളത്തിന്റെ മനസ്സിലെ മായാത്ത മുറിപ്പാടായ ദൗര്‍ഭാഗ്യകരമായ ഈ സംഭവങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല എന്നാണ്. മധു കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു എന്ന് കേട്ടതും കേസ് അന്വേഷിച്ച പോലീസിനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്ന സുമനസ്സുകള്‍ കാണാതെ പോകരുത് ഈ സംഭവങ്ങള്‍ക്ക് സാഹചര്യമൊരുക്കിയ പോലീസിന്റെ നിഷ്‌ക്രിയത്വം സൂചിപ്പിക്കുന്ന ന്യായാധിപന്റെ വാക്കുകള്‍.
മധു കേസില്‍ സ്തുത്യര്‍ഹമായ ഇടപെടല്‍ നടത്തിയത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇത്തരമൊരു പര്യവസാനം മധു കേസിലുണ്ടാകുമായിരുന്നില്ല എന്നാണ് ബഹുമാനപ്പെട്ട കോടതി വിലയിരുത്തിയത്. മധു കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം മുഖ്യധാരാമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ദേഹാസ്വാസ്ഥ്യംമൂലം പോലീസ് ജീപ്പില്‍ മോഷണക്കേസ് പ്രതി മരിച്ചു എന്ന രീതിയിലായിരുന്നു. എന്നാല്‍ സമൂഹ മാധ്യങ്ങളില്‍ സജീവമായ മലയാളികളുടെ പ്രതികരണങ്ങള്‍ മുഖ്യധാരാമാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ ചിത്രം മാറി. പ്രതികള്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കളാണെന്നതും, സര്‍ക്കാരില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍ ആണെന്നതും പ്രാഥമിക ഘട്ടത്തില്‍ ഈ കേസിനെ ഒരുപാടു പിന്നിലേയ്ക്ക് തള്ളി. എന്നാല്‍ മലയാളിമനസ്സ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഫലിച്ചപ്പോള്‍ മധു കേസില്‍ കൃത്യമായ അന്വേഷണം നടത്താനും, കുറ്റക്കാരെ കണ്ടെത്താനും പോലീസും നിര്‍ബന്ധിതരായി. കോടതിയില്‍ എത്തിയ കേസില്‍ പ്രതികളെ രക്ഷപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ തന്നെ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ സംവിധാനത്തെ മറികടന്നു പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍ ന്യായാധിപന്‍ ‘Fiat justitia, ruat coelum” (സ്വര്‍ഗ്ഗം ഇടിഞ്ഞു താഴെ വീണാലും, ന്യായം നടപ്പാക്കണം) എന്ന തത്വം നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കിയപ്പോള്‍ വിജയിച്ചത് രാജ്യത്തെ നീതിന്യായ സംവിധാനത്തോടുള്ള സാധാരണക്കാരന്റെ വിശ്വാസമാണ്. എന്നിരുന്നാലും മധു കേസിലെ പോരായ്മകള്‍ നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.
മധു കേസില്‍ ഏറ്റവും വലിയ പോരായ്മയായി കാണുന്നത് കൊലപാതകമാണ് എന്നറിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ കോടതിയ്ക്ക് കഴിഞ്ഞില്ല എന്നതാണ്. നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പല കൊലപാതകക്കേസുകളിലും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല സംഘര്‍ഷവും സംഘട്ടനവും നടക്കുന്നത്. എന്നാല്‍ സംഘട്ടനത്തില്‍ ഒരാള്‍ അടിയേറ്റു മരിച്ചാല്‍ കൊലപാതകക്കേസ് ചുമത്താന്‍ രണ്ടാമത് ചിന്തിക്കേണ്ട ആവശ്യമില്ല. മോട്ടോര്‍ വാഹന അപകടങ്ങളില്‍ ബോധപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്താറുണ്ട്. എന്നാല്‍ ഒരു നിരുപദ്രവകാരിയായ മാനസിക നില തെറ്റിയ യുവാവിനെ അക്രമാസക്തമായ ഒരു ജനക്കൂട്ടം വളഞ്ഞിട്ടു മര്‍ദ്ദിച്ചപ്പോള്‍ അയാളുടെ മരണത്തില്‍ കോടതിയ്ക്ക് കൊലപാതകം കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ട് എന്നൊരു ചോദ്യം അവശേഷിക്കുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ലെങ്കിലും ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതി മരിച്ചാല്‍ നാളെ പോലീസുകാര്‍ക്കെതിരെയും ബോധപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തുമോ അതോ കൊലപാതകക്കുറ്റം ചുമത്തുമോ?
ബഹുമാനപ്പെട്ട ന്യായാധിപന്റെ ഒരു നിരീക്ഷണം ഇപ്രകാരമാണ് v ‘I find that they are also to be attributed with the knowledge that their act is likely to cause death to Madhu, but without intention to cause death” പ്രതികളില്‍ ആരോപിക്കപ്പെട്ടത് പ്രകാരം പ്രതികള്‍ക്ക് അവരുടെ പ്രവൃത്തികള്‍ മൂലം മധുവിന് മരണം സംഭവിക്കുമെന്ന് അറിയാമായിരുന്നു, എന്നിരുന്നാലും മധുവിനെ കൊല്ലണമെന്ന ഉദ്ദേശ്യം അവര്‍ക്കില്ലായിരുന്നു. തുടര്‍ന്ന് 302, 304 part(ii) വകുപ്പുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടെത്തി പ്രതികളെ കൊലപാതകത്തില്‍ നിന്നും ഒഴിവാക്കി നരഹത്യയിലെത്തിച്ച 8 വിധിന്യായങ്ങള്‍ ഉദ്ധരിച്ചു മധു കേസിലെ പ്രതികളെ കൊലപാതകക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഇവിടെ നാം ഓര്‍മ്മിക്കേണ്ട കാര്യം കേരളത്തിലെ പ്രബലരായ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ പ്രവര്‍ത്തകരാണ് ഇപ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത് എന്നിരിക്കട്ടെ എന്താകുമായിരുന്നു വിധി? അവര്‍ക്കെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കുമോ അതോ ബോധപൂര്‍വ്വമല്ലാത്ത നരഹത്യ നിലനില്‍ക്കുമോ? മറ്റൊരു പ്രസക്തമായ നിരീക്ഷണം മധുവിനെ ആക്രമിച്ച പ്രതികള്‍ക്ക് ആര്‍ക്കും മധു ആദിവാസിയാണെന്നു അറിവില്ലായിരുന്നു അല്ലെങ്കില്‍ ആദിവാസി ആയതുകൊണ്ടല്ല മധു ആക്രമിക്കപ്പെട്ടത് എന്നാണ്. ഇതിനായി ആധാരമാക്കിയത് മധുവിന്റെ അടുത്ത ബന്ധുക്കളടക്കം 104 സാക്ഷികളെ വിസ്തരിച്ചെങ്കിലും, ഒരാള്‍ പോലും വനത്തില്‍നിന്നും മധുവിനെ ആക്രമിച്ച, പിടികൂടിയ പ്രതികള്‍ മധു ആദിവാസിയാണെന്നു അറിഞ്ഞുകൊണ്ടാണ് അപ്രകാരം ആക്രമിച്ചത് അല്ലെങ്കില്‍ പിടികൂടിയത് എന്ന് പറഞ്ഞില്ല എന്നാണ്. ഇവിടെ നാം ചിന്തിക്കേണ്ടത് മധുവിന് പകരം ഒരു സംഘടിത സമുദായത്തില്‍പ്പെട്ട ആളായിരുന്നു എങ്കില്‍ അയാളെ ഇപ്രകാരം ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തുമായിരുന്നോ? മധു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ആദിവാസിയായതുകൊണ്ടല്ലേ ഇപ്രകാരം കാട്ടുമൃഗത്തെ വേട്ടയാടുന്നതുപോലെ വേട്ടയാടിപ്പിടിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്? എന്നിട്ടും കോടതി ഇപ്രകാരം ഒരു നിരീക്ഷണം നടത്തിയത് ദൗര്‍ഭാഗ്യകരമായിപ്പോയി. കാരണം വ്യക്തമാണ്, മധുവിനായി ശബ്ദമുയര്‍ത്താന്‍ ഒരു വന്‍ ജനസമൂഹം ഇവിടെ ഇല്ലാതെപോയി.
മധുവിന്റെ കൊലപാതകവും, അതില്‍ പോലീസിന്റെ അന്വേഷണവും, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും, അവസാനം പുറത്തുവന്ന കോടതി വിധിയും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എണ്ണിയാലൊടുങ്ങാത്ത പരശ്ശതം കോടികള്‍ ആദിവാസികള്‍ക്കായി ചെലവഴിച്ച ഒരു സംസ്ഥാനത്തിലാണ് ഒരു ആദിവാസി ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെടുന്നത്. ഈയൊരു സാഹചര്യത്തിലേക്ക് ആദിവാസിയെ നയിച്ച സര്‍ക്കാര്‍ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ആര്‍ക്കും ഒരു ആക്ഷേപവുമില്ല. സര്‍ക്കാരിന്റെ ദരിദ്രരെയും, അതിദരിദ്രരേയും കണ്ടെത്തുന്നവരും, ആദിവാസി മേഖലയില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി സേവനം നടത്തുന്ന ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചെയ്യുന്ന ജോലിയോട് ഒരല്പം ആത്മാര്‍ത്ഥത കാണിച്ചിരുന്നെങ്കില്‍ ഒരു ആദിവാസിയ്ക്ക് ഇപ്രകാരം ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് ജീവന്‍ വെടിയേണ്ടി വരുമായിരുന്നോ? അങ്ങാടികളില്‍ പുറത്തേയ്ക്ക് തൂക്കിയിട്ടിരിക്കുന്ന പഴക്കുലകള്‍ കണ്ടു വിശക്കുന്ന കാലികളും കുരങ്ങന്മാരും പലപ്പോഴും കടയുടമയുടെ കണ്ണ് വെട്ടിച്ചു അത് തിന്നാറുണ്ട്. നമ്മുടെ വീടുകളില്‍ മൃഗങ്ങള്‍ വിശക്കുമ്പോള്‍ കഞ്ഞിക്കലത്തില്‍ തലയിടാറുണ്ട്. എന്നാല്‍ ആരെങ്കിലും ഈ മൃഗങ്ങളെ പിടികൂടി മര്‍ദ്ദിച്ചു കൊന്നതായി അറിവില്ല. മൃഗങ്ങളെപ്പോലും ഇപ്രകാരം പീഡിപ്പിക്കാത്ത നാട്ടിലാണ് ഒരു മനുഷ്യനെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരില്‍ പച്ചയ്ക്ക് തല്ലിക്കൊന്നത്. എന്നിട്ട് ആ സമൂഹം അഭിമാനിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രബുദ്ധരായ വികസിതസമൂഹം എന്നാണ്. മലയാളിയുടെ ഈ ഊതിവീര്‍പ്പിച്ച പ്രബുദ്ധതയ്ക്ക് മേലുള്ള സൂചിക്കുത്താണ് മധുവിന്റെ ചരിത്രം. കേരളം നമ്പര്‍ വണ്‍ എന്ന് പറഞ്ഞു അഹങ്കരിക്കുന്ന പൊങ്ങച്ചക്കാരനായ മലയാളി മറക്കാന്‍ ആഗ്രഹിക്കുന്തോറും അവന്റെ മനസ്സിലേയ്ക്ക് തികട്ടിയെത്തുന്ന ഒരു നീറുന്ന ഓര്‍മ്മയായി മധുവിന്റെ മുഖം മലയാളിയുടെ ചരിത്രപുസ്തകത്തില്‍ എന്നും ഒരു വേദനിക്കുന്ന താളായി അവശേഷിക്കും. അങ്ങനെ അവശേഷിച്ചെങ്കില്‍ മാത്രമേ ഭാവിയില്‍ ഇനിയൊരു മധു കേസ് ഉണ്ടാകാതിരിക്കുകയുള്ളൂ. അതിനായി മധു കേസില്‍ വിധി പറഞ്ഞ ന്യായാധിപനെപ്പോലെ നമുക്കും പ്രത്യാശിക്കാം ”ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസാനത്തെ ആള്‍ക്കൂട്ട കൊലപാതകമായിരിക്കട്ടെ.”