ഭരതേട്ടന്‍ എന്ന് അടുത്ത സുഹൃത്തുക്കളാല്‍ വിളിക്കപ്പെട്ടിരുന്ന അഡ്വ. ഗോവിന്ദ് കെ. ഭരതന്‍ ഓര്‍മ്മയായി. കഴിഞ്ഞ അരനൂറ്റാണ്ട് കാലം കൊച്ചി മഹാനഗരത്തിലെ സാംസ്‌കാരിക, ആധ്യാത്മിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
മലബാറില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ വേരോട്ടമുള്ള തറവാട്. വിദ്യാഭ്യാസത്തിന് ശേഷം പല സ്ഥാപനങ്ങളിലും ഉദ്യോഗം വഹിച്ചിരുന്നെങ്കിലും 70 കളോടെ ആരംഭിച്ച അഭിഭാഷക വൃത്തിയും ഒപ്പം വഹിച്ചുപോന്ന വിവിധ സാംസ്‌കാരിക ഉത്തരവാദിത്തങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഹൈക്കോടതിയിലെ പ്രാക്ടീസില്‍ വ്യാപൃതനായതോടെ എറണാകുളത്തെ സ്ഥിരതാമസക്കാരനായി.
സായിഭക്തനായിരുന്ന അദ്ദേഹത്തിന്റെ വീടും ഓഫീസും സായി സ്മരണകളുടെ കലവറ തന്നെയായിരുന്നു. വ്യാഴാഴ്ച തോറും നടന്നുവന്ന ഭജന കൂട്ടായ്മയും അതിലദ്ദേഹം പുലര്‍ത്തിപ്പോന്ന നിഷ്‌ക്കര്‍ഷയും ശ്രദ്ധയും എടുത്ത്പറയേണ്ടതാണ്. അമൃതാനന്ദമയി മഠവും പ്രവര്‍ത്തനങ്ങളുമായി ആദരപൂര്‍വ്വം ഇടപഴകിയിരുന്നു. 1985 ല്‍ എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള കല്യാണമണ്ഡപത്തില്‍ നടന്ന ഒരു ഹിന്ദുപ്രവര്‍ത്തക സമ്മേളനത്തില്‍, മാതാ അമൃതാനന്ദമയിയെക്കുറിച്ച് (അമ്മ അക്കാലത്ത് അറിയപ്പെട്ടുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ) ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു. അതേസമയത്ത് തന്നെ, ചിന്മയാ മിഷനുമായും മറ്റ് ഹൈന്ദവ സാംസ്‌കാരിക കൂട്ടായ്മകളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചുപോന്നു.
ആധ്യാത്മിക മേഖലയിലൂടെയും തന്റെ പ്രൊഫഷനായ നിയമവൃത്തിയിലൂടെയും സഞ്ചരിച്ച അഡ്വ. ഗോവിന്ദ് കെ. ഭരതനെ സംഘപ്രസ്ഥാനങ്ങളുമായി ബന്ധിപ്പിച്ചതിലെ നിര്‍ണായക കാലം 1982 ലെ വിശാല ഹിന്ദു സമ്മേളനമായിരുന്നു എന്ന് പറയാം.
വിശാല ഹിന്ദുസമ്മേളനത്തില്‍ നിര്‍ണായകമായ ഉത്തരവാദിത്തം വഹിച്ചിരുന്നു. സ്വര്‍ഗീയ മാധവ്ജി ആയിരുന്നു ഭരതേട്ടനെ സംഘടനാ പ്രവര്‍ത്തനത്തില്‍ സക്രിയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. മാധവ്ജിയുടെ അസാമാന്യമായ വ്യക്തിത്വത്തെ ആദരിച്ച ഒട്ടനവധി പേര്‍ എറണാകുളത്ത് ഉണ്ടായിരുന്നു. പ്രശസ്ത ന്യൂറോ സര്‍ജനായ ഡോ. പി. ശ്രീകുമാര്‍, പ്രശസ്ത ഗായികയായിരുന്ന സ്വര്‍ഗീയ രാധികാ തിലകിന്റെ അച്ഛന്‍ തിലകന്‍, യശഃശരീരരായ കെ.സി. മേനോന്‍ (ഭാരത് വികാസ് പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു), കൊച്ചി ടൗണ്‍ പ്ലാനറായിരുന്ന ടി.എം. നാരായണന്‍ നായര്‍ (വി.എച്ച്.പിയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം ചുമതല നോക്കി), ഡോ. നന്ദകുമാര്‍, ഡോ. വി.പി.എന്‍. നമ്പൂതിരി (കുസാറ്റ്), കൊച്ചിന്‍ കോളേജിലെ പ്രൊഫസര്‍ പി.എസ്. രാധാകൃഷ്ണന്‍ അങ്ങനെ പ്രമുഖരുടെ നീണ്ട നിര നമുക്ക് കാണാന്‍ കഴിയും. മാധവ്ജിയുടെ വ്യക്തിപ്രഭാവം പോലെ തന്നെ നിരന്തരമായ സമ്പര്‍ക്കവും തുടര്‍ പ്രവര്‍ത്തനവും ചെയ്തുപോന്ന സി.എസ്. മുരളീധരന്റെ പങ്കും (കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ സെക്രട്ടറിയാണ് മുരളീധരന്‍) ഇവിടെ ശ്രദ്ധേയമാണ്.
വിശാല ഹിന്ദുസമ്മേളന ശേഷം അതിന്റെ ആവേശത്തില്‍ ഒട്ടനവധി മേഖലകളിലായി മേല്‍ പറഞ്ഞ പലരും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി. ഭരതേട്ടന്റേത് സ്ഥായിയായ പ്രവര്‍ത്തനമായിരുന്നു. മാധവ്ജിയാല്‍ സ്ഥാപിതമായ തന്ത്രവിദ്യാപീഠത്തിലും ഒരു കാലത്ത് സജീവമായിരുന്നു. അതിലേറെ എടുത്ത് പറയേണ്ടത് ക്ഷേത്രസംരക്ഷണ സമിതിയുടെ നിയമവിഷയങ്ങളില്‍ അദ്ദേഹം നല്‍കിയ ദിശാബോധവും സഹായങ്ങളും സ്തുത്യര്‍ഹം തന്നെയായിരുന്നു എന്നതാണ്. ഭാരതീയ അഭിഭാഷക പരിഷത്ത് എന്ന ദേശീയ സംഘടനയ്ക്ക് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയ പ്രമുഖരില്‍ ഒരാളായിരുന്നു ഭരതേട്ടന്‍. ഏറെ വര്‍ഷങ്ങള്‍, എറണാകുളം ജില്ലാ അധ്യക്ഷനുമായിരുന്നു.
തപസ്യ കലാ-സാംസ്‌കാരിക വേദിയ്ക്ക് എറണാകുളത്ത് ആരംഭം കുറിക്കണമെന്ന ഉദ്ദേശ്യത്തോടെ 1987 ല്‍ ഒരു പരിപാടി ആലോചിച്ചു. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ദാസ് പ്രിന്റേഴ്‌സില്‍ ചേര്‍ന്ന യോഗത്തില്‍ ഭരതേട്ടനും ഉണ്ടായിരുന്നു (ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ സ്വദേശി നാരായണന്‍കുട്ടിയായിരുന്നു പ്രധാനി). തപസ്യക്ക് ഒരു മുഖവുരയെന്നോണം, മലബാറിന്റെ തനത് അനുഷ്ഠാനകലയായ തെയ്യം എറണാകുളത്തുകാര്‍ക്ക് പരിചയപ്പെടുത്താമെന്ന അഭിപ്രായവും തുടര്‍ന്നുണ്ടായ പ്രവര്‍ത്തനത്തിന്റെ നേതൃത്വവും ഇന്നും ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്നു.
കൊറോണ രോഗം മൂര്‍ച്ഛിച്ച സമയത്ത് മനുഷ്യജീവിതം ദുഷ്‌ക്കരമായതും പൊതുസ്ഥാപനങ്ങള്‍ അടച്ചിട്ടതും ദുഃസ്വപ്‌നമായി ഇന്നും നമ്മെ വേട്ടയാടുന്നുണ്ടല്ലൊ. കേരളത്തിലെ ഹൈന്ദവ ദേവാലയങ്ങളെ സംബന്ധിച്ചും കഷ്ടകാലം തന്നെ. ‘ദേവനൊരു കിഴി’ എന്ന പദ്ധതിയിലൂടെ അനേകം ഗ്രാമക്ഷേത്രങ്ങള്‍ക്ക് സഹായമായി ക്ഷേത്രസംരക്ഷണ സമിതി ഒരുക്കിയ സംരംഭം മാധവ്ജിയുടെ ജന്മദിനത്തിന് തുടക്കം കുറിച്ചു. അതിന്റെ സംസ്ഥാനതല കമ്മറ്റിയില്‍ പേര് ചേര്‍ത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ ഒരുമടിയും കൂടാതെ മുഴുവന്‍ കേള്‍ക്കുന്നതിന് മുന്‍പേ ഉത്തരം വന്നു. ‘മാധവ്ജിയുടെ പേരിലല്ലേ, ആയിക്കോട്ടേ. ഞാനെന്ത് ചെയ്യണമെന്ന് പറഞ്ഞാല്‍ മതി.’ എന്നവാക്കുകള്‍ ചെറിയ ആത്മവിശ്വാസമല്ല പകര്‍ന്നത്.
കാപട്യങ്ങളില്ലാതെ, അന്തര്‍മുഖത്വം ഇഷ്ടപ്പെട്ട, എന്നാല്‍ പൊതുസമൂഹത്തോടൊപ്പം മുന്‍നിരയില്‍ തന്നെ നടന്ന് നീങ്ങിയ ഗോവിന്ദ് കെ. ഭരതന്‍ എന്ന ഭരതേട്ടന്റെ അഭാവം കൊച്ചിയുടെ സാംസ്‌കാരിക അന്തരീക്ഷത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ്. പ്രത്യേകിച്ച് സംഘപരിവാര്‍ മേഖലയില്‍. ആ ആത്മാവ് വിഷ്ണുപദത്തില്‍ എത്തട്ടേ എന്ന് പ്രാര്‍ത്ഥിക്കാം.
(ലേഖകന്‍ ലക്ഷ്മിബായ് ധര്‍മ്മപ്രകാശന്റെ മാനേജിങ്ങ് ട്രസ്റ്റിയാണ്)
Comments