ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ എന്തിന്? ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കിക്കൂടെ? എന്നീ സുപ്രീംകോടതിയുടെ സുപ്രധാനമായ ചോദ്യങ്ങളോടെ ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന ആറു പതിറ്റാണ്ട് നീണ്ട ഹൈന്ദവ സമൂഹത്തിന്റെ ആവശ്യം സംസ്ഥാനത്ത് വീണ്ടും സജീവ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ക്ഷേത്രഭരണസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ വിലക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് എന്നത് ഭക്തജന സമൂഹം വളരെ ആശാവഹമായിട്ടാണ് കാണുന്നത്.
ആന്ധ്രപ്രദേശിലെ അഹോബിലം മഠത്തിന്റെ ശ്രീ നരസിംഹ സ്വാമി ദേവസ്ഥാനം ക്ഷേത്ര ഭരണം സംബന്ധിച്ച് ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതിയുടെ ഈ ചോദ്യവും സുപ്രധാനമായ നിരീക്ഷണവും എന്നതിനാലാണ് ഈചോദ്യത്തിന് പ്രസക്തിയേറുന്നത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പൂക്കോട്ടു കാളികാവ് ക്ഷേത്ര ഭരണസമിതിയെ നിയമാനുസൃതമല്ലാതെ നിയമിച്ചതില്‍ ഭക്തജനപ്രതിനിധികള്‍ നല്‍കിയ കേസില്‍ ബഹുമാനപ്പെട്ട ജസ്റ്റിസ് അനില്‍ കെ.രവീന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവ് ദീര്‍ഘകാലമായി ഹിന്ദുസമൂഹം ഉന്നയിക്കുന്ന ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം എന്ന് ആവശ്യത്തെ ശരിവെക്കുന്നതാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പൂക്കോട്ടു കാളികാവ് ദേവി ക്ഷേത്ര ഭരണസമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളും യുവജനപ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ നേതാക്കളുമായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരെ ഉള്‍പ്പെടുത്തിയതിനെതിരെ ഹിന്ദു ഐക്യ വേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പി.എന്‍.ശ്രീരാമന്‍, പി.അനന്തനാരായണന്‍ എന്നിവര്‍ അഡ്വ.മോഹനകണ്ണന്‍ മുഖാന്തിരം നല്‍കിയ കേസിലാണ് ഏറെ പ്രാധാന്യമുള്ളതും ഭക്തജനങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നതുമായ വിധി ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്.
ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം എന്ന ആവശ്യം ഉന്നയിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ ഹൈന്ദവ സംഘടനകളെയും സാമുദായിക സംഘടനകളെയും കക്ഷികളാക്കി ടി.ജി.മോഹന്‍ദാസ് സുബ്രഹ്‌മണ്യന്‍സ്വാമി മുഖാന്തിരം ഫയല്‍ചെയ്ത കേസ് നടന്നുവരവേയാണ് കേരള ഹൈക്കോടതിയില്‍ നിന്ന് സമാനമായ കേസില്‍ വിധി ഉണ്ടായത് എന്നതും സന്തോഷകരമാണ്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളില്‍ പെടുന്ന സജീവ പ്രവര്‍ത്തകരെ ഇനിമേല്‍ നിയമിക്കരുതെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ ഉണ്ട്. ഡിവൈഎഫ്‌ഐ രാഷ്ട്രീയ പാര്‍ട്ടി അല്ല എന്ന എതിര്‍കക്ഷികളുടെ അടിസ്ഥാന രഹിതമായ വാദം കോടതി തള്ളിക്കളഞ്ഞു.
ഒന്നാം പേരുകാരന്‍ അശോക് കുമാര്‍ പൂക്കോട്ടുകാവ് സിപിഎം ലോക്കല്‍ സെക്രട്ടറിയും, രണ്ടാം പേരുകാരന്‍ രതീഷ് സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയും, പങ്കജാക്ഷന്‍ സിപിഎം പ്രവര്‍ത്തകനുമാണ്. ഇവര്‍ മൂന്നുപേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മേല്‍ കാര്യങ്ങള്‍ മറച്ചുവെച്ചാണ് അപേക്ഷയും സത്യവാങ്മൂലവും നല്‍കിയത്. ഭരണകക്ഷി സ്വാധീനവും, ദേവസ്വം ബോര്‍ഡ് അധികാരികളുടെ നിര്‍ദ്ദേശത്തിന്റെ പിന്‍ബലവും ഉപയോഗിച്ചാണ് ഇവര്‍ ട്രസ്റ്റ് ബോര്‍ഡില്‍ നിയമിക്കപ്പെട്ടത്.
പൂക്കോട്ടു കാളികാവ് ക്ഷേത്ര ഭരണസമിതി, മലബാര്‍ ദേവസ്വം ബോര്‍ഡ്, സിപിഎം ജില്ലാ നേതൃത്വം, പോലീസ് എന്നിവരുടെ സഹായത്തോടെ രാഷ്ട്രീയ നേതൃത്വം ഭരണസാരഥ്യം പിടിച്ചെടുത്തതിനെതിരെയായിരുന്നു ഭക്തജന പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 2022 സപ്തംബറില്‍ പൂക്കോട്ടു കാളികാവ് ക്ഷേത്രത്തിലെ സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവും നല്‍കിയിരുന്നു.
തങ്ങള്‍ക്ക് ദൈവത്തിലും ഭഗവതിയിലും വിശ്വാസമില്ല എന്നും, തങ്ങള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് എന്നുമാണ് ഭരണം കയ്യാളിയ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ക്ഷേത്ര വിശ്വാസികള്‍ അല്ലാത്തവരും നിരീശ്വരവാദികളും ട്രസ്റ്റിബോര്‍ഡ് സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ല എന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. ഈ വാദത്തെയാണ് ഹൈക്കോടതി ഉത്തരവിലൂടെ അംഗീകരിച്ചത്.
ഈ വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്ഷേത്ര ഭരണം സര്‍ക്കാര്‍ അധീനതയിലാക്കിയ ചരിത്രം നേരായ ദിശയില്‍ കേരളം ചര്‍ച്ച ചെയ്യണം.
ഭാരതത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനശിലകളില്‍ ഒന്നാണ് മതേതരത്വം. രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും ദൈനംദിന ജീവിതത്തിനും അത്യന്താപേക്ഷിതമായ ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ച് മറ്റു കാര്യങ്ങളില്‍ ഭരണകൂടം ഇടപെടാതിരിക്കുക എന്നതാണ് മതനിരപേക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. ഗാന്ധിജി നിര്‍ദ്ദേശിച്ച സര്‍വ്വമത സമഭാവനയാണ് ഭാരതം സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷതയുടെ കാതല്‍. ഇന്ന് മതനിരപേക്ഷത എന്നാല്‍ മതനിഷേധം എന്നാണ് രാഷ്ട്രീയ കക്ഷികളാല്‍ കണക്കാക്കപ്പെടുന്നത്. ഭാരതത്തിലെയും, സംസ്ഥാനങ്ങളിലെയും നിയമങ്ങളും നമ്മുടെ ഭരണഘടനയ്ക്ക് അനുസൃതം ആയിരിക്കണം. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ മതേതര ഭരണകൂടമാണ്. മതേതര സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടുന്നത് ഏതടിസ്ഥാനത്തിലാണ് എന്ന് ഭരണാധികാരികള്‍ ഇന്നുവരെവ്യക്തമാക്കിയിട്ടില്ല.
സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നത് കേരളം ഭരിച്ചിരുന്ന ഹിന്ദു രാജാക്കന്മാരായിരുന്നു. ഹിന്ദുവിന്റെ ക്ഷേത്രം ഹിന്ദു ഭരിച്ചിരുന്നത് കൊണ്ട് താത്വികമായ ഒരു പ്രശ്‌നവും ഇവിടെ ഉത്ഭവിച്ചിരുന്നില്ല. മണ്‍ട്രോ സായിപ്പ് ക്ഷേത്രങ്ങള്‍ ഏറ്റെടുത്തതും, ദേവസ്വം ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടായതും, പിന്നീട് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നത് വരെ അങ്ങനെ തന്നെ ഭരിക്കപ്പെട്ടതും ഇവിടെ ഓര്‍മ്മിക്കുന്നത് പ്രസക്തമാണ്.
തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദേവസ്വംബോര്‍ഡ്അംഗങ്ങളെ തെരഞ്ഞെടുത്തിരുന്ന നിയമസഭയുടെയും, മന്ത്രിസഭയുടെയും തുടര്‍ച്ചയായിരുന്നില്ല, 1950 നു ശേഷമുള്ള നമ്മുടെ നിയമസഭകളും, മന്ത്രിസഭകളും. ഹിന്ദു രാജാവിന്റെ കീഴില്‍ നിലനിന്നിരുന്ന ദേവസ്വം നിയമം അതേപടി മതേതര രാജ്യത്ത് തുടര്‍ന്നും നിലനിര്‍ത്തി എന്ന വിരോധാഭാസമാണ് ഇവിടെ നടന്നത്.
ദേവസ്വം നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് ഹിന്ദുമന്ത്രിമാരും, ഹിന്ദു എംഎല്‍എമാരും തെരഞ്ഞെടുക്കണമെന്ന് മാത്രമേ വ്യവസ്ഥയില്‍ ചേര്‍ത്തിട്ടുള്ളൂ. നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും മുന്നണികളും രാഷ്ട്രീയ നേതാക്കളുമാണ് എന്നതാണല്ലോ കേരളത്തിലെ ഭരണ വ്യവസ്ഥ. ദേവസ്വം ഭരണം, ദേവസ്വം സ്വത്ത് നിയന്ത്രണം, ദേവസ്വം പണം ചെലവഴിക്കല്‍ ഇതെല്ലാം നിരീശ്വരവാദ- മതേതരവാദ സര്‍ക്കാര്‍ പ്രതിനിധികളാണ് ഇന്ന് തീരുമാനിക്കുന്നത്. ക്ഷേത്ര വിശ്വാസി അല്ലാത്തയാള്‍ ദേവസ്വം മന്ത്രിയും, ബോര്‍ഡ് പ്രസിഡണ്ടും, പ്രതിനിധികളുമായി വരുന്ന കേരളത്തില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനും കഴിയില്ല.
ഇതര മതസമൂഹങ്ങളുടെ സ്വത്തുക്കളും, ആരാധനാലയങ്ങളും ഭരിക്കുന്നതിനുള്ള അവകാശ അധികാരങ്ങള്‍ അവരില്‍ തന്നെ നിക്ഷിപ്തമാക്കുന്ന സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്ര ഭരണം മാത്രം സര്‍ക്കാരില്‍ തന്നെ കേന്ദ്രീകരിപ്പിക്കുന്നു എന്ന വിരോധാഭാസം ആണ് സംസ്ഥാനത്ത് തുടരുന്നത്.
ദേവസ്വം നിയമം രൂപീകരിച്ച് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്ന നാള്‍ മുതല്‍ സര്‍ക്കാര്‍ പ്രതിനിധികളാണ് ക്ഷേത്രം ഭരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര ബോഡി ആണെങ്കിലും ദേവസ്വം ഭരണാധികാരികളായി വരുന്നവര്‍ സ്വതന്ത്രരല്ല. സത്യസന്ധരും, ഭരണ നൈപുണ്യമുള്ളവരും, ഈശ്വര വിശ്വാസികളുമായ വ്യക്തികളെ ദേവസ്വം ബോര്‍ഡുകളുടെ ഭരണസാരഥ്യം ഏല്‍പ്പിക്കാന്‍ മന്നത്തിനും, ആര്‍.ശങ്കറിനും ശേഷം ഇതുവരെ ആരും തയ്യാറായിട്ടില്ല. രാഷ്ട്രീയ വിമുക്തമായ, ഭക്തജന പ്രാതിനിധ്യമുള്ള ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച ജസ്റ്റിസ് ശങ്കരന്‍ നായര്‍ കമ്മീഷന്‍, ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍, വിവിധ വിധികള്‍ പ്രസ്താവിച്ച ഹൈക്കോടതി ജസ്റ്റിസുമാര്‍ ഇവരുടെയെല്ലാം നിര്‍ദ്ദേശങ്ങളെ ഇക്കാലമത്രയും അവഗണിച്ചത് കേരളം ഭരിച്ച ഇടത്, വലത് സര്‍ക്കാരുകളാണ്.
ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ചയിലൂടെ ഉയര്‍ന്നു വരാനുള്ള സാഹചര്യവും, ഭക്തിയും, വിശ്വാസവുമില്ലാത്ത നിരീശ്വരവാദ സിദ്ധാന്തക്കാര്‍ ക്ഷേത്ര ഭരണത്തില്‍ വരുന്നു എന്ന വൈരുധ്യവും ചര്‍ച്ച ചെയ്യപ്പെടും എന്നതും വിധിയിലൂടെ കൈവരുന്ന തുടര്‍ കാര്യങ്ങളാണ്.
വിശ്വാസപൂര്‍വ്വം കാണിക്കയും വഴിപാടും അര്‍പ്പിച്ച് ക്ഷേത്രങ്ങളെ കാത്തുസൂക്ഷിച്ച് വേതനം പറ്റാതെ ത്യാഗ സന്നദ്ധരായി ക്ഷേത്രഭരണ നിര്‍വഹണം നടത്തിവന്നിരുന്ന ഭക്തജനങ്ങളെ ക്ഷേത്രങ്ങളില്‍ നിന്ന് ആട്ടിയകറ്റി ഭരണം സര്‍ക്കാരിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ത്താനാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാലമത്രയും പരിശ്രമിച്ചത്. ഈ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ വിരോധവും, ആശയ വൈരുദ്ധ്യവും മാറ്റിവെച്ച് ഇടതു വലതുമുന്നണികള്‍ ഒന്നിക്കുന്നു.
ക്ഷേത്രഭരണം സര്‍ക്കാര്‍ അല്ല നടത്തുന്നത് എന്ന് വാദിക്കുന്നവര്‍ പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നത് പോലെയാണ്. ഞാനല്ല ഭരണം നടത്തുന്നത് എന്റെ മാനേജരാണ് എന്ന് പറയുന്ന കമ്പനി ഉടമയെ പോലെയാണ് സര്‍ക്കാരിന്റെ വാദത്തെ ഹിന്ദു സമൂഹത്തിന് കാണാന്‍ കഴിയുന്നത്. ബോര്‍ഡുകളിലെ ഭരണ നിയന്ത്രണാധികാരമുള്ള ഒരംഗത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, അധികാരവും പോലും ഭക്തജനങ്ങള്‍ക്ക് ഇല്ല. രാഷ്ട്രീയ പ്രതിനിധികളായ ഹിന്ദു മന്ത്രിമാരും, ഹിന്ദു എംഎല്‍എമാരും ആണ് ഇവരെ തിരഞ്ഞെടുക്കുന്നത്. ഏക അവകാശം കാണിക്കയില്‍ പണം നിക്ഷേപിക്കുക എന്നത് മാത്രം.
ദേവസ്വംബോര്‍ഡുകള്‍ സര്‍ക്കാര്‍ ഭരണ നിയന്ത്രണത്തില്‍ കൊണ്ടുവന്നതിലൂടെ ഭരണ നിര്‍വഹണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥ, ഭരണ സംവിധാനങ്ങള്‍ക്ക് സഹസ്രകോടികളാണ് ചെലവഴിക്കപ്പെടുന്നത്. ശമ്പളം, ആനുകൂല്യം, യാത്ര, ഓഫീസ്, വീട്, കാറ്, മറ്റ് ഉപയോഗങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ മേജര്‍ ക്ഷേത്രങ്ങളില്‍ പോലും വരവില്‍ ചെലവ് കഴിച്ചാല്‍ മിച്ചം ഇല്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ശബരിമല വരുമാനം ഈ വര്‍ഷം റെക്കോര്‍ഡില്‍ എത്തിയിട്ടും ജീവനക്കാര്‍ക്ക്ശമ്പളംകൊടുക്കാന്‍പോലുംപണമില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്.
ക്ഷേത്ര വിരുദ്ധവും,ആചാരവിരുദ്ധവും ഭക്തജന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവുമായ നടപടികള്‍ നിരീശ്വരവാദ സര്‍ക്കാരുകള്‍ തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഭക്തജന സമൂഹം തയ്യാറാവണം.
ക്ഷേത്ര സ്വത്ത് വിവിധ മാര്‍ഗങ്ങളിലൂടെ കൊള്ളയടിക്കുകയും, ക്ഷേത്രഭൂമി അന്യാധീനപ്പെടുത്തുകയും, ക്ഷേത്ര ഭരണം കുല്‍സിത മാര്‍ഗത്തിലൂടെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ തങ്ങളാണ് ക്ഷേത്രങ്ങളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ഭക്തജനസമൂഹത്തിന് സാധിക്കണം.
ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം. ക്ഷേത്ര ഭരണം ഭക്തജന സമൂഹത്തെ ഏല്‍പ്പിക്കണം എന്നതാവണം നാളെയുടെ ആവശ്യം.
ക്ഷേത്ര വിമോചന പ്രക്ഷോഭം അതിനായി ഉയര്‍ന്നു വരണം’ഈ വിധി അതിനുള്ള തുടക്കം ആകണം, ഭക്തജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രേരണയും നല്‍കുന്നതാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി എന്ന കാര്യത്തില്‍ സംശയമില്ല.
(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍)