മലയടിപ്പാതയിലെ ടാറിടാത്ത റോഡിലൂടെ പാഷൻ പ്ലസ് ബൈക്കില് ബിജുക്കുട്ടന്റെ പുറത്തൊട്ടിക്കൊണ്ട് അണ്ണാച്ചിക്കുന്നിലേക്കുള്ള യാത്രയിൽ താനൊരു സിനിമയിൽ അഭിനയിച്ചോണ്ടിരിക്കുകയാണെന്നാണ് ജമന്തിക്ക് തോന്നിയത്.
മീനച്ചൂട് പുകഞ്ഞ് കത്തുന്ന നേരത്താണ് പോക്കെങ്കിലും ടൂറിന് കോട്ട് മസ്റ്റാണല്ലോന്ന് വിചാരിച്ചിട്ട് സാരിയുടെ മുകളിൽ കൂടി ഒരു ഹാഫ് കോട്ട് ധരിച്ചാണ് ജമന്തിയിരുന്നത്. മേലങ്ങാടിയിലെ വാസുവണ്ണന്റെ പൂക്കടയുടെ മുന്നിലെത്തിയപ്പോൾ കെട്ടിയവന് മാത്രം മനസ്സിലാകുന്ന ഭാഷയിൽ ജമന്തി രണ്ടു വിരൽ കൊണ്ട് ബിജുക്കുട്ടന്റെ വയറ്റിലൊന്ന് നുള്ളി.
ബിജുക്കുട്ടൻ ബൈക്ക് സൈഡിലേക്ക് നിർത്തി മുഖം തിരിച്ചു ചോദിച്ചു.
എന്നാ ?
അഞ്ച് തവണ ബിജുക്കുട്ടനോടൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് കഴിഞ്ഞെങ്കിലും ജമന്തിക്ക് പെട്ടെന്ന് എവിടെ നിന്നോ നാണം പൂത്ത് പൊട്ടി. അവൾ കൺമുനയാൽ വാസുവണ്ണന്റെ കടയിലേക്ക് ബിജുക്കുട്ടന്റെ ദൃഷ്ടിയെ പായിച്ചു.
പൂ വേണോ ?
ഉം.
മുല്ലപ്പൂവാ ….?
ഉം.
എത്ര മുഴം ?
രണ്ട് . ജമന്തി കൈവിരലുകൾ വി ആകൃതിയിൽ ഉയർത്തി.
ബിജുക്കുട്ടൻ വാസുവണ്ണന്റെ കടേലോട്ട് പോയ സമയത്ത് ബൈക്കിന്റെ സൈഡ് മിററില് നോക്കി ജമന്തി സാരിത്തുമ്പ് കൊണ്ട് മുഖത്തെ വിയർപ്പും പൊടീം ഒപ്പം കണ്ണീന്ന് പെരങ്ങിയ കൺമഷീം തൊടച്ചു.
ബിജുക്കുട്ടൻ തിരികെ വന്നു.
ഞാൻ തലേമ്മല് ചൂടി തരട്ടെ .
ബിജുക്കുട്ടൻ വാഴനാര് പൊട്ടിച്ച് മുല്ലപ്പൂ പൊറത്തെടുത്തു.
ഉം .
കല്ല്യാണത്തിന് തലകുനിച്ച് നിന്നപ്പോ ഉണ്ടായിരുന്ന അതേ മുഖഭാവത്തോടെ
ജമന്തി ബിജുക്കുട്ടന്റെ മുന്നിൽ പിൻ തിരിഞ്ഞ് നിന്നു.
ബൈക്ക് വീണ്ടും ചലിച്ചു.
നീളൻ മരങ്ങളും, പുഴയോരവും, കൈതക്കുന്നുകളും കഴിഞ്ഞ് അണ്ണാച്ചിക്കുന്നിന്റെ ചോട്ടിലെത്തുമ്പോൾ ജമന്തിയുടെ മുഖം വെയിലത്ത് ചുവന്ന് മൂത്തിരുന്നു.
“ഇനി വെയിലില്ല. തണൽ മാത്രം. നീയിവിടെ നിൽക്ക് . “ഞാനൊന്ന് രണ്ട് സാധനങ്ങൾ വാങ്ങി വരാന്ന് പറഞ്ഞ് ബിജുക്കുട്ടൻ പോയപ്പോ വെള്ളപ്പുകപിടിച്ച തണുത്ത കാറ്റ് ജമന്തിയെ തൊട്ടോടി.
ഒരു പായ്ക്കറ്റ് മസാലകടല .
ഒരു മൺകലം.
ഒരു കിലോ കപ്പ.
ഉപ്പ്.
മഞ്ഞൾ പൊടി .
മുളക് പൊടി .
ഒരു സിന്തോൾ സോപ്പ് .
ബിജുക്കുട്ടൻ പാലാ പള്ളി തിരുപ്പള്ളി എന്ന പാട്ടും പാടി തിരികെ വന്നു.
“ഇനീം കൊറെയൊണ്ടോ ? ജമന്തി ചോദിച്ചു”
ഇല്ല. ദേ ആ കാണുന്ന മലേടെ തുമ്പത്താണ് നമ്മുടെ ഡെസ്റ്റിനേഷൻ .
നീ കേറ്.
ക്യാമറാമാന്റെ ക്യാമറ തന്നെ പിൻതുടരുന്നു എന്ന് വിചാരിച്ചോണ്ട് തന്നെ ജമന്തി ഒരു വശത്തേക്ക് മാത്രം കാലുകൾ താഴ്ത്തിയിട്ട് നീണ്ട് മെടഞ്ഞ് മുല്ലപ്പൂ കുത്തിയ തലമുടി മുന്നിലേക്കിട്ടിരുന്നു.വലത് കൈ അപ്പോഴും ബിജുക്കുട്ടന്റെ അരയ്ക്കും ചുറ്റും പിടിച്ച് പൂർണ്ണാവകാശ പ്രഖ്യാപനം നടത്തിക്കൊണ്ടിരുന്നു.
അണ്ണാച്ചിക്കുന്നിലേക്ക് എത്തുമ്പോഴേയ്ക്കും സൂര്യൻ നെറുകേന്ന് മാറി പടിഞ്ഞാറിറങ്ങാൻ തുടങ്ങിയിരുന്നു. തന്നെ കടന്ന് പോകുന്ന തണുത്ത കാറ്റിനെ മുഴുവൻ ജമന്തിടെ സാരിത്തുമ്പും, തലമുടീം യാത്രയയച്ച് പോന്നു.
അണ്ണാച്ചിക്കുന്നിന്റെ അറ്റത്ത് ബൈക്ക് നിന്നു.ബൈക്കീന്ന് ഇറങ്ങിയ ജമന്തിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. മതിമറന്ന്പാടുന്ന ഒരു പറ്റം കിളികളുടെ പാട്ടിൽ മഞ്ഞിലേക്കമരാൻ പോകുന്ന അണ്ണാച്ചിക്കുന്ന്. ഒഴുകുന്ന കാട്ടാറ്. പുഴയെ ഉമ്മ വച്ച് കൊണ്ടു മാത്രം നനഞ്ഞ് നിവരുന്ന കാട്ടുമരങ്ങൾ. തൊട്ടു മുകളിലായ് നിലത്ത് കരിമ്പടം വിരിച്ച പോലെ നിരന്ന പാറ. കാറ്റ് തൊട്ടതിനാൽ മാത്രം കുറ്റിക്കാടുകളുടെ ഇടയിൽ നിന്നും തല പുറത്തേക്കിട്ട് ചിരിക്കുന്ന കാട്ടുമുല്ലത്തലപ്പുകൾ .
ജമന്തി ഓടിച്ചെന്ന് ഒരു മൊട്ടപ്പാറയിൽ കയറി നിന്നു .
“ഞാനൊന്ന് കൂവട്ടോ ”
ജമന്തി ചോദിച്ചു.
“ഞാനും കൂടട്ടെ ”
ബിജുക്കുട്ടൻ ചോദിച്ചു.
രണ്ടാളും നീട്ടിക്കൂവി. കാറ്റിനൊപ്പം അതിര് വിട്ട് അതിര് കാണാൻ പോയ കൂവലുകൾ അര നിമിഷത്തിൽ പ്രതിധ്വനിയായ് തിരിച്ചെത്തിയപ്പോൾ ബിജുക്കുട്ടനും ജമന്തിയും പൊട്ടിച്ചിരിച്ചു.
നെനക്ക് സെൽഫി എടുക്കണ്ടെ.?
വേണം.
അസ്തമിച്ചിറങ്ങുന്ന സൂര്യനഭിമുഖമായ് ബിജുക്കുട്ടൻ ജമന്തിയെ നിർത്തി.അന്ന് രാത്രി ബിജുക്കുട്ടനും , ജമന്തിയും ഒന്നിച്ച് പുഴ വെള്ളത്തിന്റെ കുളിരറിഞ്ഞു. സ്വാതന്ത്ര്യം കിട്ടിയ പെണ്ണൊച്ച അണ്ണാച്ചിക്കുന്നിന്റെ അതിർത്തികൾ വിട്ട് ആകാശത്തേയ്ക്കും ഭൂമിയിലേയ്ക്കും മിന്നൽ പോലെ കയറിച്ചെന്നു. വിശന്നപ്പോ വളഞ്ഞ പുളഞ്ഞ കൂരി മീനൊന്നിനെപ്പിടിച്ച് വെട്ടി മുളക് പുരട്ടി ബിജുക്കുട്ടൻ മൺചട്ടിയിൽ വറുത്തു. കപ്പ വേവിച്ചുടച്ചു. കാട്ടുമുളക് എണ്ണയും ഉപ്പും കൂട്ടി ഞെരടി കപ്പയ്ക്ക് കൂടെ കൂട്ടി. എല്ലാം കഴിഞ്ഞ് പുഴ വെള്ളത്തിൽ കയ്യും മുഖവും കഴുകി ആകാശം നോക്കി കെട്ടിയവന്റെ നെഞ്ചത്ത് തല വെച്ച് കിടന്നപ്പോ , ഇത്തരം ഘട്ടങ്ങളിൽ ഏത് പുരുഷനും ചോദിക്കുന്ന ഒരു ചോദ്യം ജമന്തിയുടെ തലയിൽ തഴുകിക്കൊണ്ട് ബിജുക്കുട്ടനും ചോദിച്ചു.
നീ ഹാപ്പിയല്ലെ ?
“ഉം.
പക്ഷെ ഫോട്ടോ കൂടി സ്റ്റാറ്റസ് ഇടണം “.
ഒരോ ഫോട്ടോയും ദേശം പ്രകാശനം ചെയ്ത അടയാളമായി ഫേസ്ബുക്കിലേക്കും, വാട്ട്സപ്പിലേക്കും
എറിഞ്ഞപ്പോ വരാനിരിക്കുന്ന വലിയ വെടിക്കെട്ടിന്റെ കൊടിയേറ്റമാണ് താനിവിടെ പോസ്റ്റ് ചെയ്തതെന്ന് ജമന്തി ഓർത്തതേയില്ല.
………………………………………………………………
വലതു കൈയ്യിൽ നേർത്ത പാലൊഴിച്ച ചായയും , ഇടത് കൈയ്യിൽ കുട്ടി രാമേട്ടന്റെ മകനോട് തവണ വ്യവസ്‌ഥയിൽ വാങ്ങിച്ചെടുത്ത സാംസങ്ങിന്റെ സെക്കന്റ് ഹാൻഡ് മൊബൈലിൽ തലേന്ന് നടന്ന മാരക പെർഫോമൻസ് കാഴ്ചവെച്ച കുടുമ്മ ശ്രീ ടൂറിന്റെ വ്യക്തമല്ലാത്ത ചില ഫോട്ടോകളും തോണ്ടിക്കൊണ്ടിരുന്ന പുലർച്ചേലാണ് രമണിക്ക് എല്ലിനിടയിൽ കൈക്കോട്ട് കൊണ്ട് കുത്തിയ ഒരനുഭവം ഉണ്ടായത്. അതു വരെം മിച്ചറിലെ വെളുത്ത പരിപ്പ് മാത്രം തെരഞ്ഞുപിടിച്ച് തിന്നോണ്ടിരുന്ന രമണിയുടെ കണ്ണ് പെട്ടെന്നാണ് ഒരു ഫോട്ടോയിലേക്കും, അതിന്റെ താഴെ വന്ന കമന്റിലേക്കും നൂറു മീറ്റർ വേഗതയിലിറങ്ങിച്ചെന്നത് . അതിനു ശേഷം മിച്ചറ് തീറ്റയിലെ താളമെല്ലാം തെറ്റി കയ്യിൽ കിട്ടിയത് ഏതെന്ന് കണക്കാക്കാതെ രമണി എരിവിനെ മുഴുവൻ വാരിത്തിന്നു. ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന ചായ വെളുമ്പിയാടിന്റെ മൺകലത്തിലേക്കൊഴിച്ച് ശേഷം ഇട്ടിരുന്ന നൈറ്റി ഒന്നേച്ച് കുത്തി വേലിക്കലെ ചുക്ക്റു മണി ചീരയുടെ വിളുമ്പത്ത് രമണി ചെന്ന് നിന്നു. കയ്യിലുണ്ടായിരുന്ന മൊബൈൽ തൊണ്ടി മുതലാണെന്ന ഭാവേന രമണി നൈറ്റിയുടെ ഏച്ചു കുത്തിയിരുന്ന വയറോട് ചേർത്ത് പിടിച്ചു.
“എടീ വനജെ എന്ന് രമണി വിളിച്ച് കൂവിയ നേരത്ത് വനജ ആ ആഴ്ച ഇറങ്ങിയ മനോരമ വാരികയിലെ
“വിട പറയും നേരം “എന്ന നോവലിലേക്ക് ബോധം കെട്ടിറങ്ങിയിരുന്നു.
വനജെ എന്ന് രമണി അഞ്ച് പ്രാവശ്യം ആവർത്തിച്ച് വിളിച്ചപ്പോ മാത്രമാണ് വനജ നോവലിനോട് വിട പറഞ്ഞ് രമണിയുടെ അടുത്തേക്ക് ഓടിയെത്തിയത്.
“എന്തോന്നാടീ ”
നീ കണ്ടോ ?
എന്ത്?
“നമ്മുടെ ജമന്തി സൂര്യന്റെ ചോട്ടില് നിക്കണ ഫോട്ടം”
ഏടെ?
“ഓടെ ഫെയ്സ്ബുക്കിലും വാട്ട് സാപ്പിലും ”
“അയിനിപ്പോ നെനക്കെന്നാ?
എന്നാന്നോ ?
“ഓളല്ലെ കുടുമ്മത്ത് ബിജുക്കുട്ടന്റമ്മ തന്ന്യാന്നും പറഞ്ഞ് മ്മടെ കൂടെ ടൂറിന് പോരാണ്ടിരുന്നെയ് ” .
അയിന്?
നോവലിൽ നിന്നും പൂർണമായും വിട പറയാതിരുന്ന വനജ വീണ്ടും ഒരു കൈ എളിക്ക് കുത്തി ചോദിച്ചു.
“എന്നെക്കൊണ്ട് പറയിപ്പിക്കല്ല് വനജെ.
നെന്റെ കെട്ട്യോന്റെയടക്കം നൂറ് കണക്കിന് കമന്റാ അതിന് താഴെ വന്നേക്കുന്നത് ” .
കേട്ടു നിന്ന വനജയുടെ മുഖം പെട്ടെന്ന് കലിപ്പ് മോഡിലായി. തൊണ്ടി മുതൽ പരിശോധിച്ച് രമണീടെ ഭർത്താവിന്റേതടക്കം , തന്റെ കെട്ട്യോന്റേം , മരുമോന്റേം കമന്റുകൾ കണ്ടപ്പോ വനജയുടെ മുഖഭാവം ഓറഞ്ച് കലിപ്പ് മോഡിൽ നിന്നും റെഡ് കലിപ്പ് മോഡിലേക്ക് അതിവേഗം മാറി.
ആദ്യമായ് ഒരു ഗോൾ എതിർ ടീമിന്റെ വലയിലേക്ക് അടിച്ചു കയറ്റിയതിന്റെ ആവേശത്തോടെ രമണി തുടർന്നു.
“അഹമ്മതിയല്ലെ ഓള് കാണിച്ചത്?
ഇമ്മളെ കൂടെ ബയനാട്ടില്ക്ക് വരാൻ പറഞ്ഞപ്പോ ഓക്ക് കുടുമ്മണ്ടേയ്ന്. ഈനെതിരെ എന്തേലും ഒരു നടപടി വേണ്ടെ?
നിമിഷങ്ങൾക്കൊണ്ട് രമണിയുടെ വീടതിര് കുടുമ്മശ്രീയുടെ യോഗമിരിപ്പ് കേന്ദ്രം ആയി മാറി.
ഇതേതാ സ്ഥലം? കോയിക്കോടാ..?
മീത്തൽതൊടികയിലെ പങ്കജം ഫോട്ടോ
സൂം ചെയ്ത് കൊണ്ട് ചോദിച്ചു.
കോയിക്കോടൊന്നുവല്ല.
ഇത് കന്യാകുമാരി തന്ന്യാന്ന് . മോന്ത്യേരത്തെ സൂര്യനെ ഇത്ര ബങ്ങീല് ആട്യാ കാണുവാ. സുജനയുടെ സൂക്ഷ്മ ദൃഷ്ടികൾ ദേശത്തെ സൂര്യനെ വിട്ട് കന്യാകുമാരിയിലേക്ക് പറന്നു.
അത് മാത്രല്ല ഈ പാറേം തെളിവന്ന്യാ.
“അപ്പോ ഓള് നാരാണീച്ചേനും തനിയെ വിട്ടിറ്റാലെ പോയത്.ന്നാലും ജമന്തിക്ക് ഇമ്മളോടിത് ബേണ്ടീല്ലായ് നു. ”
വീട്ടുവേലിക്കൽ നിന്നിരുന്ന ഇരുമ്പൻ പുളിമരത്തിലെ മുതിരാൻ നിന്നിരുന്ന കുഞ്ഞിരുമ്പങ്കായകൾ മുഴുവൻ കുടുമ്മ ശ്രീ പ്രജകൾ ജമന്തിയെ കൂട്ടിത്തിന്നു.
ഇനീപ്പോ എന്താ ?
ഇനീപ്പം അദ് തന്നെ. കുടുമ്മ ശ്രീയുടെ നെയമങ്ങള് അനുസരിക്കാത്തോര് ഇദീ തൊടരേണ്ട. മ്മക്ക് മെമ്പറാടെ
പൂവ്വാം. ഓര് പറേട്ട് .
കടുത്ത അസന്തുലിതാവസ്‌ഥ നിറഞ്ഞു നിൽക്കുന്ന കുടുമ്മശ്രീയുടെ സ്ത്രീ താരകങ്ങൾക്കിടയിൽ മെമ്പർ ഗുണശേഖരൻ ഡയറി വീശിക്കൊണ്ടിരുന്നു. മറ്റേത് പ്രശ്നങ്ങളെക്കാളുപരിയായ് ഇത്തരം പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ദുരവസ്ഥയെ നേരിടാൻ ഗുണശേഖരൻ തന്റെ പഴയ കേസുകൾ അടങ്ങുന്ന ഡയറിയുമായാണ് വന്നത്. എന്നാൽ ഇപ്പോൾ നേരിടേണ്ടി വന്ന കേസ് സമീപകാലത്തൊന്നും താനിടപെട്ട് പരിഹരിച്ചതായ് ഡയറി സാക്ഷ്യപ്പെടുത്തിയില്ല.
പത്തിരുപത് വലിയ കണ്ണുകൾ ഗുണശേഖരന്റെ മുഖത്തേക്ക് നോട്ടമിട്ട് താടിക്ക് കൈയ്യും കൊടുത്തിരുന്നു.
ഓരിട്ട ഫോട്ടോയുടെയും കമന്റിന്റേം പ്രശ്നവാണെങ്കി ഇങ്ങളും ടൂറ് പോയ ഫോട്ടം ഇട്. ഞാൻ കമന്റും ലൈക്കും ഇടാം. വേണോങ്കി പതിനാലിലേം, പതിനഞ്ചിലേം മെമ്പർമാരെക്കൊണ്ടൂടി ലൈക്കിടിപ്പിക്കാം. ഓര് ഇമ്മടെ കൂട്ടരാണ്.
അയില് ഇങ്ങട പ്രശ്നം തീരുവാ.?
ഗുണശേഖരൻ ആദ്യത്തെ പോയിന്റെറിഞ്ഞു.
ഫോട്ടോയുടെ കാര്യം കേട്ടപ്പോ തന്നെ ഫ്ളാഷ് ബാക്ക് പോലെ ചില അടി,ഇടി
സീനുകൾ രമണിക്ക് ഓർമ വന്നു. രമണി ഇടങ്കണ്ണിട്ട് സരോജത്തിനെ നോക്കി. ലോണെടുത്തതിന് വനജയ്ക്ക് ജാമ്യം നിന്നു എന്ന ഒരൊറ്റക്കാരണത്താൽ മാത്രംമരുമോന്റെ പെങ്ങടെ കൊച്ചിന്റെ കല്ല്യാണത്തിന് കൊടുക്കാൻ വച്ചിരുന്ന ഒരു ഗ്രാമിന്റെ മോതിരം പണയം വെച്ച് വനജയുടെ അടവ് തെറ്റിയ ലോൺ സരോജം തിരിച്ചടച്ചതും അതിനേ തുടർന്നുണ്ടായ പ്രശ്നങ്ങളും ടൂറിന് സംസാരിക്കരുത് എന്ന കുടുമ്മശ്രീ സെക്രട്ടറിയുടെ കടുത്ത നിർദ്ദേശത്തെപ്പോലും അവഗണിച്ച് വനജയും , സരോജവും ടൂർ തൊടങ്ങിയപ്പോഴെ കൊമ്പ് കോർക്കൽ തുടങ്ങി.അതേറ്റ് പിടിച്ച് ഡ്രൈവറൊഴികെ ബാക്കീള്ളോര് മുഴുവൻ പൊളിറ്റിക്കൽ കറക്റ്റ് നെസ് ഇല്ലാത്ത വാക് പോരിൽ കൈ മെയ് മറന്ന് ഏർപ്പെട്ടു. അതിന്റിടേൽ എങ്ങനേലും ബസ്സിന്റെ നടൂല് “യോ ” വെച്ച ഒരു ഫോട്ടോ എടുക്കാൻ തൊടങ്ങിയ സുസ്മിതയുടെ മൊബൈൽ വനജ തട്ടിതെറിപ്പിച്ചതടക്കമുള്ള ഡാർക്ക് സീനുകൾ രമണിയുടെ ഇടങ്കണ്ണിൽ കൂടി എല്ലാവരിലേക്കും പാഞ്ഞു. “എൻ ഊര് ” പോയിട്ട് സ്വന്തം ഊരിലേക്ക് എങ്ങനെയാ തിരിച്ചെത്തിയേന്ന് സെക്രട്ടറി വിലാസിനിയേച്ചിക്ക് മാത്രെ അറിയൂ. ചാണകമല്ലാതെ മറ്റൊന്നും മണക്കില്ല എന്നറിയാവുന്നത് കൊണ്ട് ആരുമത് കോരാനോ , എടുത്തിടാനോ നിന്നില്ല.
അപ്പോഴേയ്ക്കും ഗുണശേഖരന്റെ മുന്നില് കട്ടൻ ചായേം മിച്ചറും വന്നു.
വെളുത്ത പരിപ്പ് പെറുക്കി തിന്നാൻ കൈ തരിച്ചെങ്കിലും രമണി കയ്യിലിരുന്ന തൊണ്ടി മുതലിനെ വെറുതെ മുറുക്കിപ്പിടിച്ചു.
മെമ്പറെ ,ഞാടെ ഫോട്ടോയൊന്നും ഏടേം ഞാളിടലില്ല. ഫോട്ടോ അല്ല ഞാടെ പ്രശ്നം.
ഓള് അമ്മനെ നോക്കാന്ന് പറഞ്ഞിറ്റാന്ന് ടൂറിന് വരാണ്ടിരുന്നയ്. എന്നിറ്റ് ഓള് കന്യാകുമാരീല് പോയിരിക്ക്ണ്. ഒപ്പരം ഓനും . ബിജുക്കുട്ടനും.ഞാടെ കൂടെ വരാൻ കയ്യാത്തോര് കുടുമ്മശ്രീല് തുടരണ്ട. അല്ലേല് ഓള് കാരണം ബോധിപ്പിക്കണം.ഇതിന് തീരുമാനമാവാണ്ട് പുതിയ യൂണിഫോംസാരിപോലും ഓക്ക് ഞാള് കൊടുക്കൂല്ല. രമണി കലമ്പി.
കന്യാകുമാരീലാ പോയെന്നുള്ളയിന്
തെളിവുണ്ടോ?
ഒണ്ട് മെമ്പറേ . രണ്ട് തെളിവുണ്ട്.
ഒന്ന് സൂര്യനും. ഒന്ന് പാറേം.
സരോജം തൊണ്ടി മുതൽ കാണിച്ചു.
……………………………………………………………………..
കുടുമ്മശ്രീയിൽ ഇത്തരം ദേശചർച്ചകൾ
കാട്ടുതീ പോലെ കത്തി കൊണ്ടിരിക്കുമ്പോൾ
ബിജുക്കുട്ടനും ജമന്തിയും തലേന്ന്
നടത്തിയ യാത്രയുടെ ഹാങ്ങോവറിലായിരുന്നു. കല്യാണം കഴിഞ്ഞ് അഞ്ച് വർഷമായെങ്കിലും നാടിന്റെ കാണാത്ത ഭൂപ്രദേശങ്ങൾ പോലെ തന്നെ ജമന്തിയുടെ ശരീരത്തിലും
അങ്ങനെ ചിലത് ഉണ്ടായിരുന്നൂന്ന് അന്ന് പാറ പരപ്പിൽ കിടന്നപ്പോഴാണ് ബിജുക്കുട്ടന് മനസ്സിലായത്.
ഇൻസ്റ്റ ഫോട്ടോഗ്രാഫർ ആയിരുന്ന ബിജുക്കുട്ടൻ ആഴ്ചേല് ഒരിക്കലാണ് കുടുംബത്ത് വരുന്നത്. ഞായറാഴ്ച വൈകീട്ട് വന്ന് ചൊവ്വ രാവിലെ പോകും. പ്രസ്തുത ദിവസം ലീവില് വന്ന ബിജുക്കുട്ടനെ ജമന്തിയുടെ നീലിച്ച മുഖമാണ് വരവേറ്റത്. എത്ര ചോദിച്ചിട്ടും കാരണം പറയാതിരുന്ന ജമന്തി അയലോക്കത്തെ പുരകളിലേക്ക് തന്നെ നോട്ടം നട്ടിരിക്കുന്നത് കണ്ടപ്പോഴാണ് ബിജുക്കുട്ടൻ കാരണമറിയാൻ വേണ്ടി “രമണിയേച്ചീയ് ” എന്നുറക്കെ വിളിച്ചത്.
“ഇങ്ങള് ആടേം , ഈടേം ഒന്ന് വിളിച്ച് കൂവണ്ട. ഓരൊക്കെ ടൂറിന് പോയതാന്ന് പറഞ്ഞപ്പോഴാണ് ബിജുക്കുട്ടന് കാര്യം മനസ്സിലായത്. ലീവിന് കിട്ടിയ രാത്രി കോഞ്ഞാട്ട ആകുമോന്ന് ഭയന്ന് ബിജുക്കുട്ടൻ തന്നെയാന്ന് “നെന്നെ ഞാൻ ഒരിടത്ത് കൊണ്ടോവാം ” എന്ന് പറഞ്ഞ് പുറപ്പെട്ടത്. അമ്മയെ നാത്തൂനേ ഏൽപ്പിച്ച് ബൈക്കില് കേറുമ്പോൾ ജമന്തി ബിജുക്കുട്ടന്റെ ക്യാമറ വളരെ ശുഷ്ക്കാന്തിയോടെ ബാഗിൽ കരുതി.
നാടിന്റെ ഉച്ചിയിലേക്ക് കയറുമ്പോൾ ജമന്തിക്ക് ഒറ്റ നിർബന്ധവെ ഉണ്ടായിരുന്നുള്ളൂ.
“ആരും ഇതുവരെ കാണാത്ത മോഡലില് ഫോട്ടോ എടുക്കണം ” സഹവനിതകള് ടൂറിന്റെ ഫോട്ടം സ്‌റ്റാറ്റസ് ആക്കും മുൻപ് തനിക്കിടണം. ”
“ജമന്തീ,
ബിജുക്കുട്ടൻ വിളിച്ചു.
മച്ചിലേക്ക് നോക്കി എന്തെല്ലാമോ ഓർത്ത് കിടന്നിരുന്ന ജമന്തി വളരെ വിനീതയായ് വിളി കേട്ടു.
ഓ?
“എനക്ക് പോണം” ചായേം ചോറും വേണം.
“ഇങ്ങളെന്ത്യേ ഇത്രേം നാളായിറ്റും എന്നെ ആടെ കൊണ്ടാവാതിരുന്നെയ് ?
ബിജുക്കുട്ടൻ ചിരിച്ചു.
“അണ്ണാച്ചിക്കുന്നില് പൂവ്വാന്ന് ഞാനെത്ര വട്ടം നെന്നോട് പറഞ്ഞിനി ”
” പേര് കേട്ടപ്പോ ഞാങ്കരുതി ഇന്റെ നാട്ടിലെ പ്പോലെ വല്ല കശുവണ്ടിക്കുന്നുമായിരിക്കൂന്ന് . ”
സംഭാഷണങ്ങൾ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് മുറ്റത്ത് രണ്ട് കാറുകളും ബൈക്കും വന്ന് നിന്നത്.
ബൈക്കില് വന്നത് സതീശനാണ്. നാട്ടിലെ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സെക്രട്ടറി ആണ്.
മറ്റ് ആൾക്കാരെ ബിജുക്കുട്ടൻ അന്ധാളിപ്പോടെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് സതീശൻ ഫിനിഷിങ്ങ് പോയിന്റിലെത്തിയ താരത്തെ പോലെ തന്നെ കെട്ടിപ്പിടിച്ചത്.
“ബിജുക്കുട്ടാ .
നീയിപ്പം ആരായെടാ. മ്മടെ അണ്ണാച്ചിക്കുന്നിനെ നീ ലോകം മുഴുവൻ എത്തിച്ചില്ലേ ? എമ്മായിരി ഫോട്ടായാ ഇയ്യ് പോസ്റ്റ് ചെയ്തത്. വൈറൽ അല്ലെ വൈറൽ . ഇത് ടൗണീന്ന് വരുന്നോരാ . ഭാഗ്യത്തിന് എന്റെ മുന്നിലാ വന്ന് പെട്ടെത്.
ഇവർക്ക് രണ്ട് നിശ്ചയം, രണ്ട് പാല് കുടി .
രണ്ട് ഇരുപത്തെട്ട് കെട്ട് ആടെ വെച്ച് തന്നെ നടത്തണം. മ്മടെ അണ്ണാച്ചിക്കുന്നില് .
അന്ധാളിപ്പ് അതിന്റെ ഉച്ചസ്ഥായീല് എത്തുംമുമ്പേ സതീശനും കാറീന്നെറങ്ങിയ പുരോഗമന വാദികളും
ബിജുക്കുട്ടനെ ഹാരമണിയിച്ചു. ഹാരം കഴുത്തിലേക്ക് വീണതും, മെമ്പറും സന്നാഹങ്ങളും ബിജുക്കുട്ടന്റെ പുരയിലേക്ക് കാലെടുത്ത് വച്ചതും ഒരേ മൂഹൂർത്തത്തിലായിരുന്നു.
“വാ മെമ്പറെ ..ഇങ്ങള് എത്തുംമുമ്പേ
എത്തണംന്ന് കരുതീറ്റ് ഞാൻ ചായ പോലും കുടിക്കാണ്ടാ വന്നിന് ” .
എന്താ രമണിയേച്ചീയ് വന്ന കാലുമ്മ തന്നെ നിക്കണത്. വരീ … സെൽഫിക്ക്
നിന്നോളീ . കുറച്ചു കഴിഞ്ഞാപ്പിന്നെ ബിജുക്കുട്ടനെ പിടിച്ചാ കിട്ടൂലാട്ടോ ”
ക്ലബ് സെക്രട്ടറി സതീശന്റെ പുറകില് പ്രബുദ്ധഗണത്തോടൊപ്പം ഒരേ വരിയില് ജിറാഫിന്റെ തല പോലെ ലേശം ഏച്ച് പിടിച്ച് മെമ്പറും അൽപ്പം സ്വത പ്രതിസന്ധി നേരിട്ട് കൊണ്ട് രമണിയും കൂട്ടരും ചിരിച്ച് കൊണ്ട് സെൽഫിക്കായ് അണിനിരന്നു.
തിരിച്ചിറങ്ങുമ്പോൾ രമണി വനജയോട്
പറഞ്ഞു.
“സാരി ചുറ്റിറ്റ് ബരായ് നു ലെ ” .
Comments