പ്രാചീനകാലം മുതല്‍ക്കേ പ്രകൃതിയെ ആരാധനാ ഭാവത്തില്‍ കണ്ടിരുന്നവരാണ് ഭാരതീയര്‍. ഭൂമിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ഇഴയടുപ്പത്തെ ഭാരതം എക്കാലവും ആശ്ലേഷിച്ചു പോന്നിട്ടുണ്ട്. ഭാരതത്തിന്റെ ദര്‍ശനങ്ങളും, കവിതകളും കലകളും ആചാരാനുഷ്ഠാനങ്ങളുമെല്ലാം പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ളവയായിരുന്നു. വേദങ്ങളിലും ഇതിഹാസങ്ങളിലും സാഹിത്യകൃതികളിലുമെല്ലാം തന്നെ അതിന്റെ അനുരണനങ്ങള്‍ കാണാം. ഭൂമിയെ മാതാവായി കാണുന്ന സങ്കല്പം വൈദിക ദര്‍ശനത്തില്‍ തന്നെ ദര്‍ശിക്കാം.
അഥര്‍വവേദത്തിലെ ഋഷി ഭൂമിയോട് പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാണ്:
യത്തേ ഭൂമേ വിഖനാമി
ക്ഷിപ്രം തദപി രോഹതു
മാതേ മര്‍മ്മ വിമൃഗ്വരി
മാതേ ഹൃദയമര്‍പ്പിപം.
(ഹേ ഭൂമി! നിന്നില്‍ നിന്ന് ഞാന്‍ എടുക്കുന്നതെന്തോ അത് വേഗം മുളച്ചു വരട്ടെ, പാവനയായവളെ ഞാനൊരിക്കലും നിന്റെ മര്‍മ്മങ്ങളേ, നിന്റെ ഹൃദയങ്ങളെ പിളര്‍ക്കാതിരിക്കട്ടെ).
വേദകാലത്ത് ഭാരതം പുലര്‍ത്തിപ്പോന്ന ഉദാത്തമായ പരിസ്ഥിതി ദര്‍ശനത്തിന്റെ ദൃഷ്ടാന്തമാണിത്. ‘ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ട് രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്‍കിലോ’ (അയോധ്യാകാണ്ഡം) എന്ന് അദ്ധ്യാത്മരാമായണം പറയുന്നു. കാളിദാസകൃതികളിലെല്ലാം തന്നെ അതിമനോഹരമായ പ്രകൃതിവര്‍ണ്ണനകളുണ്ട്. കാശ്യപന് ശകുന്തളയേക്കാളിഷ്ടം ആശ്രമത്തിലെ മരങ്ങളോടാണെന്ന് അനസൂയ ശകുന്തളയോട് പറയുന്നതായി അഭിജ്ഞാനശാകുന്തളത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മാത്രമല്ല ശകുന്തള വനജ്യോത്സ്‌നയെ സ്വന്തം കൊച്ചനുജത്തിയായി കരുതുന്നതായും കാളിദാസകവി വര്‍ണ്ണിക്കുന്നു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ വാഴ്ത്തുമ്പോള്‍ തന്നെ പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് നേരെ ആധുനിക കാലത്തും ഭാരതീയ കവികള്‍ പ്രതിഷേധിക്കുന്നത് കാണാം.
‘മര്‍ത്ത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നില്‍ കോര്‍ക്കപ്പെട്ടിട്ടുള്ള മണികളാം
ക്ഷിപ്രമിച്ചരാചരമൊന്നായിത്തളര്‍ന്നു പോ-
മി പ്രപഞ്ചത്തിന്‍ ചോര ഞരമ്പൊന്നറുക്കുകില്‍’- എന്ന് പി.കുഞ്ഞിരാമന്‍ നായര്‍ എഴുതി.
ഭാരതീയ പരിസ്ഥിതി ദര്‍ശനത്തിന്റെ ദൃഷ്ടാന്തങ്ങളാണ് മേല്‍പ്പറഞ്ഞവയെല്ലാം. എന്നാല്‍ പാശ്ചാത്യ പരിസ്ഥിതി വീക്ഷണം ഇതില്‍ നിന്ന് തികച്ചും വിഭിന്നമായിരുന്നു. പാശ്ചാത്യര്‍ ഭൂമിയെയും പ്രകൃതിയെയും ഉപഭോഗ വസ്തുവായും ചൂഷണോപാധിയായുമാണ് കണ്ടത്. പാശ്ചാത്യ ചിന്തകനായ ഫ്രാന്‍സിസ് ബേക്കണിന്റെ ‘പ്രപഞ്ചത്തിന് മേല്‍ മനുഷ്യാധികാരം’ എന്ന പ്രയോഗം തന്നെ വിശ്വപ്രസിദ്ധമാണ്.
പ്രകൃതിയോടുള്ള പാശ്ചാത്യ സമീപനം എന്നും കീഴടക്കലിന്റേതായിരുന്നു. അതിന്റെ ഫലം പ്രകൃതിദുരന്തങ്ങളായും മാറാരോഗങ്ങളായും ലോകം മുഴുവന്‍ പെയ്തിറങ്ങി. ഇതേത്തുടര്‍ന്ന് പ്രകൃതിയെ കീഴടക്കുക എന്ന മുദ്രാവാക്യത്തില്‍ നിന്ന് പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സിദ്ധാന്തത്തിലേക്ക് പതുക്കെ പാശ്ചാത്യ ലോകത്തിനും മാറി സഞ്ചരിക്കേണ്ടി വന്നു. ‘മടങ്ങാം പ്രകൃതിയിലേക്ക്’ എന്ന മുദ്രാവാക്യം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ജാപ്പാനീസ് ചിന്തകനായ ഫുക്കുവോക മുന്നോട്ടു വെച്ചു. അദ്ദേഹം പറഞ്ഞു ‘യാത്ര കഠിനമാണെങ്കില്‍ പോലും മനോഹരമായ ഈ ഭൂമിയില്‍ നമ്മുടെ കുട്ടികള്‍ക്കും പേരക്കിടാങ്ങള്‍ക്കും തുടര്‍ന്ന് ജീവിക്കാനാവുന്ന പാത നാം നിശ്ചയമായും ഒരുക്കണം. ഈശ്വരന്‍ മനുഷ്യനെ നിസ്സഹായാവസ്ഥയില്‍ വിട്ടിരിക്കുകയാണ്, മനുഷ്യനെ അവന്റെ വഴിക്കു വിട്ടിരിക്കുന്നു. മനുഷ്യന്‍ സ്വയം രക്ഷിച്ചില്ലെങ്കില്‍ മറ്റാരും അവനു വേണ്ടി അത് ചെയ്യില്ല.’
പ്രകൃതി സംരക്ഷണത്തിന്റെയും ഭൂപോഷണത്തിന്റെയും ഉദാത്തമായ മാതൃക എന്നും ഭാരതത്തിലുണ്ടായിരുന്നു. വൃക്ഷാരാധനയുടെ വ്യത്യസ്ത രീതികള്‍ ഭാരതമെമ്പാടും കാണാം. വൃക്ഷാരാധനയുടെ പ്രാധാന്യത്തെക്കുറിച്ച് മഹാത്മാഗാന്ധി പറയുന്നത് ഇങ്ങനെയാണ്. ‘വൃക്ഷാരാധനയില്‍ നിറഞ്ഞു നില്‍ക്കുന്നത് കരുണാര്‍ദ്രതയും കാവ്യ സൗന്ദര്യബോധവുമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒന്നൊഴിയാതെ മുഴുവന്‍ സസ്യജാലങ്ങളോടുമുള്ള അകളങ്കമായ ആദരവിന്റെ പ്രതീകമാണ് വൃക്ഷാരാധന.’
വൃക്ഷാരാധനയും നാഗാരാധനയും കാവും കുളവുമെല്ലാം ജീവിതത്തിന്റെ ഭാഗമായി തന്നെ സംരക്ഷിച്ചുപോരാന്‍ നമ്മുടെ പൂര്‍വ്വികര്‍ ശ്രദ്ധിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തിന് പകരം പാരസ്പര്യത്തിന്റെ മഹത്തായ സന്ദേശം അവര്‍ മുന്നോട്ടു വെച്ചു. ചൂഷണത്തിന് പകരം ദോഹനം എന്ന തത്വം കാത്തുസൂക്ഷിച്ചു. എന്നാല്‍ അന്ധമായ പാശ്ചാത്യാനുകരണവും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ തെറ്റായ സ്വാധീനവും കാരണം പ്രകൃതി സംരക്ഷണമെന്ന ജീവിതധര്‍മ്മം കുറച്ചെങ്കിലും നമുക്ക് കൈമോശം വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭൂപോഷണ പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങള്‍ പ്രസക്തമാകുന്നത്. ഏതൊന്നിനെയും സംരക്ഷിക്കാനുള്ള വഴി അതിനെ പവിത്രമായി കണ്ട് പൂജിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതാണ്. നമ്മുടെ പൂര്‍വ്വികര്‍ മുന്നോട്ടു വെച്ച ഭൂമിപൂജയും പ്രകൃതിപൂജയും ഉള്‍പ്പെടെയുള്ള പൈതൃകങ്ങളെ കൈവിടാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യവും കടമയുമാണ്…..
ഭൂപോഷണ-സംരക്ഷണ അനവരത ജനഅഭിയാന്‍ മാര്‍ച്ച് 22 മുതല്‍ 26 വരെ
ഭൂപോഷണ യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ 26 വരെ ഭൂപോഷണ- സംരക്ഷണ അനവരത ജനഅഭിയാന്‍ സംഘടിപ്പിക്കുന്നു. സാധിക്കുന്നത്ര സ്ഥലങ്ങളില്‍, ക്ഷേത്രങ്ങളില്‍, കൃഷിയിടങ്ങളില്‍, ഗോശാലകളില്‍, തീര്‍ത്ഥസ്ഥാനുകളില്‍, വിദ്യാലയങ്ങളില്‍, സദനങ്ങളില്‍, പുരയിടങ്ങളില്‍ ആബാലവൃദ്ധം പൊതു സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് ഭൂമിപൂജ, വൃക്ഷപൂജ, ഗോപൂജ, തീര്‍ത്ഥപൂജ, എന്നിവ സംഘടിപ്പിക്കുക, ബോധവല്‍ക്കരണ ചര്‍ച്ചകള്‍ നടത്തുക, പ്രതിജ്ഞ എടുക്കുക, ശ്രമസേവ ചെയ്യുക എന്നിവയൊക്കെയാണ് ഇതിന്റെ ഭാഗമായി വരുന്ന കാര്യക്രമങ്ങള്‍.
നിലവില്‍ കൃഷിയോഗ്യമായ ഭൂമി ശോഷിച്ചിരിക്കുകയാണെന്നും തുടര്‍ച്ചയായ കൃഷിക്ക് ഭൂമി പോഷിപ്പിക്കേണ്ടിവരുമെന്നും ഉറപ്പാണ്. പൃഥ്വി, ധര, വസുന്ധര, വസുധ, ഭൂദേവി, രത്‌നഗര്‍ഭ, ക്ഷമ തുടങ്ങിയ പേരുകളില്‍ ഭൂമി അറിയപ്പെടുന്നു. അഥര്‍വ്വവേദത്തില്‍ അമ്മയായും മനുഷ്യരെ അതിന്റെ മക്കളായും വിശേഷിപ്പിക്കപ്പെടുന്നു. ഭക്ഷണം കഴിക്കുന്ന ഒരോ വ്യക്തിക്കും ഭൂമിയോട് ബഹുമാനവും ആദരവും തോന്നണം. ഭൂമിപൂജയുടെ പവിത്രമായ പാരമ്പര്യം നിസ്വാര്‍ത്ഥമായി പരഹിതത്തിനും രാഷ്ട്രഹിതത്തിനുമായി പുന:സ്ഥാപിക്കുന്നതിന് നാമെല്ലാവരും തയ്യാറാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായി ഭൂപോഷണ സംരക്ഷണ ജന അഭിയാനൊപ്പം അണിചേരാം….