ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധിസഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ പ്രഭാത ഗ്രാമമായ കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവള്ളൂര്‍ ഗ്രാമത്തെ അഭിനന്ദിക്കുകയുണ്ടായി. ഭാരതത്തിലെ മുഴുവന്‍ പ്രഭാത ഗ്രാമങ്ങളുടെയും സംഗമം ഫെബ്രുവരി മാസത്തില്‍ രാജസ്ഥാനിലെ ഭേമയി ഗ്രാമത്തില്‍ വെച്ചു നടന്നിരുന്നു. സമഗ്ര വികാസം പ്രാപിച്ച ഗ്രാമങ്ങള്‍ എന്ന സംഘത്തിന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാനുതകുന്നതായിരുന്നു ഫെബ്രുവരി 24, 25, 26 തീയതികളില്‍ രാജസ്ഥാനിലെ ചിത്തോസ് പ്രാന്തത്തിലെ ഭേമയി ഗ്രാമത്തില്‍ വെച്ചു നടന്ന അഖില ഭാരതീയ പ്രഭാതഗ്രാമമിലന്‍.
ഭാരതത്തിലെ സമഗ്ര വികാസം പ്രാപിച്ച പ്രഭാത ഗ്രാമങ്ങള്‍ എന്ന നിലയില്‍ ലക്ഷ്യം വെച്ച്, പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുള്ള നിരവധി പ്രഭാത ഗ്രാമങ്ങളിലെ ഗ്രാമ സംയോജകന്മാരും മുതിര്‍ന്ന കാര്യകര്‍ത്താക്കളുമാണ് ഈ മിലനില്‍ പങ്കെടുത്തത്. 135 പ്രഭാത ഗ്രാമങ്ങളില്‍ നിന്ന് 48 മാതൃസമിതി അംഗങ്ങളുള്‍പ്പെടെ 459 പേര്‍ മിലനില്‍ പങ്കെടുത്തു. കേരളത്തിലെ 24 ഗ്രാമങ്ങളില്‍ നിന്ന് 57 പേരാണ് പോകാന്‍ തയ്യാറായതെങ്കിലും യാത്ര ചെയ്യേണ്ട തീവണ്ടി പെട്ടെന്ന് റദ്ദ് ചെയ്തതിനാല്‍ 11 ഗ്രാമങ്ങളില്‍ നിന്ന് 12 പേര്‍ക്കാണ് പങ്കെടുക്കാന്‍ കഴിഞ്ഞത്.
കേരളത്തിലെ ഗ്രാമവികാസ പ്രവര്‍ത്തനങ്ങളുടെ വൃത്തം പ്രാന്ത സംയോജക് ശശീന്ദര്‍ജി അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഖണ്ഡിലെ തിരുവള്ളൂര്‍ ഗ്രാമത്തിന്റെ ഗ്രാമവികാസ പ്രവര്‍ത്തനങ്ങള്‍ സഭയില്‍ പ്രത്യേക വൃത്തമായി തിരുവള്ളൂര്‍ ഗ്രാമസംയോജക് ഒ.എസ്. ശ്യാം അവതരിപ്പിച്ചു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി സമഗ്ര ഗ്രാമവികാസത്തിന്റെ ദൃഷ്ടിയില്‍, ഗ്രാമവികാസ സമിതിയുടെയും മഹിളാ സേവാ സമര്‍പ്പണ സമിതിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍, അതിലൂടെ നേടാന്‍ കഴിഞ്ഞ സമാജ പരിവര്‍ത്തനത്തിന്റെ നേര്‍ സാക്ഷ്യങ്ങള്‍ പ്രത്യേക വൃത്താവതരണത്തിലൂടെ സദസ്സിനു മുന്നില്‍ വയ്ക്കാന്‍ കഴിഞ്ഞു.
പ്രഭാതഗ്രാമ മിലനുകളില്‍ പങ്കെടുത്തവര്‍ക്ക് ഈ മൂന്നു ദിവസങ്ങളിലെ അനുഭവങ്ങള്‍ അഭിമാനകരമായി അനുഭവപ്പെട്ടു. ഇല്ലായ്മകളെ വകഞ്ഞു മാറ്റി പരസ്പര സഹകരണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വളര്‍ന്ന ഒരു മാതൃകാഗ്രാമത്തില്‍ മൂന്നു ദിവസം താമസിക്കാനായത് അവാച്യമായ അനുഭൂതിയാണ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ എല്ലാവരും താമസിച്ചത് ഭേമയി ഗ്രാമത്തിലെ വീടുകളിലായിരുന്നു. വീടുകളില്‍ എത്തിച്ചേര്‍ന്നവരെ വളരെ ഹൃദ്യമായാണ് അവര്‍ സ്വീകരിച്ചത്.
ഭാഷകള്‍ വ്യത്യസ്തമാണെങ്കിലും ആശയവിനിമയത്തിന് യാതൊരു പ്രയാസവുമുണ്ടായില്ല. ഓരോ ഗ്രാമവാസിയും തങ്ങളേര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പര്യാപ്തമാണോ എന്നന്വേഷിക്കുന്നു. ഇഷ്ടഭക്ഷണമൊരുക്കി അതിഥികളെ സല്‍ക്കരിക്കുന്നു. ഭാരതത്തിലെ എല്ലാ പ്രാന്തങ്ങളില്‍ നിന്നും സ്വന്തം ഗ്രാമത്തിലെത്തിയിട്ടുള്ള സഹോദരങ്ങള്‍ക്ക് അവര്‍ ഒരുക്കിയ സംവിധാനങ്ങള്‍, തൃപ്തികരമാണോ എന്നറിയാന്‍ അവരുടെ മനസ്സ് കൊതിക്കുന്നത് അവരുടെ ഓരോ ചലനങ്ങളില്‍ നിന്നും മനസ്സിലാക്കാമായിരുന്നു.
ആദ്യ ദിവസം മിലനില്‍ പങ്കെടുക്കാനെത്തിയവര്‍ 3 ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്ന് പ്രഭാതഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി. ഗ്രാമീണര്‍ നല്‍കിയ സ്വീകരണം അവിസ്മരണീയമായിരുന്നു. അവരുടെ ആചാരാനുസൃതമായ സ്വീകരണം, കലാപ്രകടനങ്ങള്‍, ഗ്രാമീണ സംസ്‌കൃതിയുടെയും സ്വാവലംബനത്തിന്റെയും ചരിത്രമാവിഷ്‌കരിച്ച പ്രദര്‍ശനങ്ങള്‍, സര്‍വ്വോപരി എല്ലാ ഗ്രാമീണരും, ആബാലവൃദ്ധം ഒന്നു ചേര്‍ന്നുള്ള ഉച്ചഭക്ഷണം എന്നിവയെല്ലാം അതീവ ഹൃദ്യമായിരുന്നു.
അന്നു വൈകീട്ട് ജനജാതിവിഭാഗങ്ങളുടെ ആചാര്യനും സുഞ്‌ജേലി ധാം അധിപനുമായ ഡോ. ബാപ്പുദല്‍ സുഖ്ദാസ് മിലന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമവികാസത്തിന്റെ ചുവടുവയ്പില്‍ വികസിതഗ്രാമങ്ങളുടെ മാതൃകയാണ് പ്രഭാത ഗ്രാമങ്ങള്‍. ഭൗതിക വികസനത്തിനപ്പുറം മാനസികമായ ഏകതയാണ് ഇത്തരം ഗ്രാമങ്ങളുടെ മുഖമുദ്ര. സനാതനധര്‍മം സൃഷ്ടിയുടെ കാലം മുതലുള്ളതാണ്. മുപ്പത്തിമുക്കോടി ദേവതകളുണ്ട്. ആരാധിക്കാന്‍ ആഗ്രഹിക്കുന്നവരെ ആരാധിക്കാം. വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവരെ വിശ്വസിക്കാം. എന്നാല്‍ എല്ലാവരും ഒരമ്മയുടെ മക്കളാണെന്നും ഹിന്ദുക്കളാണെന്നുമുള്ള ഭാവത്തോടെ ഗ്രാമജീവിതം നയിക്കാനാകണം. പ്രഭാത ഗ്രാമങ്ങള്‍ സമത്വത്തിന്റെ ദേവാലയങ്ങളാണെന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തില്‍ പറഞ്ഞു.
തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ സാന്നിദ്ധ്യവും മാര്‍ഗ്ഗദര്‍ശനവും ഓരോ പ്രവര്‍ത്തകര്‍ക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് വഴികാട്ടിയായിരുന്നു. ഗ്രാമവികാസത്തിലൂടെ സുസ്ഥിര സംഘടിത സമാജത്തിന്റെ സൃഷ്ടിയാണ് ലക്ഷ്യം വെക്കുന്നതെന്നും ഗ്രാമവികാസം എന്നത് സമാജത്തിന്റെയാകെ പ്രവര്‍ത്തനമാണെന്നും സര്‍സംഘചാലക് സമാപന സഭയില്‍ പറഞ്ഞു. ഒരു വിവേചനവുമില്ലാതെ എല്ലാവരും നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നതാണ് പ്രഭാതഗ്രാമം. ദൃഢനിശ്ചയത്തിലൂടെ മണ്ണില്‍ നിന്ന് അമൃത് സൃഷ്ടിക്കാം. മറ്റുള്ളവരെ ദ്രോഹിക്കാതെ, സ്വാര്‍ത്ഥത വെടിഞ്ഞ്, ഭിന്നതകളകറ്റി പ്രവര്‍ത്തിക്കുന്നതാണ് ഗ്രാമവികസനം. സദ്ഗുണമുള്ള വ്യക്തിയോടൊപ്പം കുടുംബവും ഗ്രാമവും ജില്ലയും നാടും സദ്ഗുണ സമ്പന്നമാകണം. നമ്മുടെ കാഴ്ചപ്പാടിന്റെ ഈ വൃത്തം മുഴുവന്‍ ലോകത്തേക്കും വ്യാപിപ്പിക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസന പ്രവര്‍ത്തനത്തിലൂടെയാണ് രാജ്യം പുരോഗമിക്കുന്നത്. ഗ്രാമങ്ങളുടെ വികസനം സര്‍ക്കാരുകളെ ആശ്രയിച്ചല്ല, സാധാരണ ഗ്രാമീണരുടെ പ്രയത്‌നത്തെ ആശ്രയിച്ചാണ് നടക്കുന്നത്. കൂട്ടായ തീരുമാനത്തിലൂടെ ഗ്രാമത്തെ അതിനൊരുക്കണം. ഒരുമിച്ച് ചിന്തിക്കണം. ഉടന്‍ ഫലം കിട്ടണമെന്നില്ല. ക്ഷമയോടെ പ്രവര്‍ത്തിക്കണം. കാഴ്ചപ്പാടും കാര്യക്ഷമതയും വികാസത്തിലേക്ക് പ്രവര്‍ത്തനത്തെ എത്തിക്കുമെന്നും. സര്‍സംഘചാലക് പറഞ്ഞു. മുതിര്‍ന്ന സംഘ അധികാരികളായ ഭാഗയ്യാജി, ദിനേശ്ജി, ഗുരുരാജ്ജി തുടങ്ങിയവരും മാര്‍ഗ്ഗദര്‍ശനം നല്‍കിയ ഈ അഖില ഭാരതീയ പ്രഭാതഗ്രാമമിലന്‍, സംഘത്തിന്റെ ശതാബ്ദി വര്‍ഷക്കാലമാവുമ്പോഴേക്കും ഒട്ടനേകം ഗ്രാമങ്ങളെ അഭിലഷണീയമായ സാമാജിക പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കി പ്രഭാതഗ്രാമങ്ങളാക്കുവാനുള്ള പദ്ധതിക്കു രൂപം നല്‍കി.
(ആര്‍.എസ്.എസ്. പ്രാന്തസഹ ഗ്രാമവികാസ് പ്രമുഖാണ് ലേഖകന്‍)്യൂ