2023 മാര്‍ച്ച് 12 മുതല്‍ 14 വരെ പാനിപ്പത്തില്‍ നടന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം
ലോകക്ഷേമം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള തനിമയിലൂന്നിയ ഭാരതത്തിന്റെ സുദീര്‍ഘമായ യാത്ര എപ്പോഴും നമുക്കേവര്‍ക്കും പ്രേരണാ സ്രോതസ്സാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ പ്രതിനിധി സഭ കരുതുന്നു. വൈദേശിക അധിനിവേശങ്ങളുടെയും അതിനെതിരായ പോരാട്ടങ്ങളുടെയും കാലഘട്ടത്തില്‍, ഭാരതത്തിന്റെ ജനജീവിതം താറുമാറാവുകയും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ധാര്‍മ്മികവുമായ സാമാജിക സംവിധാനങ്ങള്‍ ഗുരുതരമായി വികൃതമാക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍, പൂജ്യരായ സന്യാസിമാരുടെയും മഹത് വ്യക്തികളുടെയും നേതൃത്വത്തില്‍, മുഴുവന്‍ സമാജവും നിരന്തരമായ പോരാട്ടത്തിലൂടെ അതിന്റെ തനിമയെ(സ്വ) കാത്തുസൂക്ഷിച്ചു. ഈ സമരത്തിന്റെ പ്രേരണ സ്വധര്‍മ്മം, സ്വദേശി, സ്വരാജ് എന്നിങ്ങനെ സ്വ-ത്രയത്തില്‍ അധിഷ്ഠിതമായിരുന്നു. അതില്‍ സമാജം മുഴുവന്‍ പങ്കെടുത്തു. ഈ പോരാട്ടത്തില്‍ പങ്കെടുത്ത ജനനേതാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും മനീഷികളെയും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ പവിത്രമായ അവസരത്തില്‍, രാഷ്ട്രം കൃതജ്ഞതാപൂര്‍വം ഓര്‍ത്തു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പല മേഖലകളിലും നാം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. ഇന്ന്, ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ലോകത്തെ മുന്‍നിര സമ്പദ് വ്യവസ്ഥകളിലൊന്നായി ഉയര്‍ന്നുവരുന്നു. ഭാരതീയ ശാശ്വത മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലോകം അംഗീകരിക്കുകയാണ്. ‘വസുധൈവ കുടുംബകം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി ലോക സമാധാനവും സാര്‍വത്രിക സാഹോദര്യവും മനുഷ്യ ക്ഷേമവും ഉറപ്പാക്കുന്ന ദൗത്യപൂര്‍ത്തീ കരണത്തിലേക്കാണ് ഭാരതം നീങ്ങുന്നത്. സുസംഘടിതവും മഹത്വപൂര്‍ണവും സമൃദ്ധവുമായ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍, സമാജത്തിലെ എല്ലാ വിഭാഗങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, സമഗ്ര വികസനത്തിനുള്ള അവസരങ്ങള്‍, സാങ്കേതികവിദ്യയുടെ വിവേകപൂര്‍വമായ ഉപയോഗം, പരിസ്ഥിതിസൗഹൃദ വികസനം, ആധുനികവത്കരണം എന്നീ വെല്ലുവിളികളെ ഭാരതീയ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ പുതിയ മാതൃകകള്‍ കെട്ടിപ്പടുത്തുകൊണ്ട് അതിജീവിക്കേണ്ടതുണ്ടെന്ന് പ്രതിനിധി സഭ അഭിപ്രായപ്പെടുന്നു. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനായി, കുടുംബസംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സാഹോദര്യത്തിലധിഷ്ഠിതമായി സാമാജിക സമരസത സൃഷ്ടിക്കുക, സ്വദേശിഭാവത്തോടെയുള്ള സംരംഭകത്വം വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രത്യേകം പരിശ്രമിക്കേണ്ടതുണ്ട്. സമൂഹമൊന്നാകെ, പ്രത്യേകിച്ച് യുവജനങ്ങള്‍ ഇക്കാര്യത്തില്‍ യോജിച്ച ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ നാളുകളില്‍ വൈദേശിക ഭരണത്തില്‍ നിന്നുള്ള മോചനത്തിന് ത്യാഗവും ബലിദാനവും ഏത് തരത്തില്‍ അനിവാര്യമായിരുന്നുവോ അത്തരത്തിലുള്ള സമര്‍പ്പണഭാവം മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും അനിവാര്യമാണ്. അടിമത്ത മനസ്ഥിതിയില്‍ നിന്ന് മുക്തമായ ഒരു സാമൂഹിക ജീവിതം സ്ഥാപിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടില്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ നല്‍കിയ ‘പഞ്ച് പ്രണ്‍’ (അഞ്ച് ദൃഢനിശ്ചയങ്ങള്‍) മഹത്വപൂര്‍ണമാണ്. അനേകം രാജ്യങ്ങള്‍ ഭാരതത്തോട് ആദരവും സദ്ഭാവവും പുലര്‍ത്തുമ്പോള്‍ തന്നെ ലോകത്തിലെ ചില ശക്തികള്‍ തനിമയിലൂന്നിയ ഭാരതത്തിന്റെ പുനരുത്ഥാനത്തെ അംഗീകരിക്കുന്നില്ല എന്ന വസ്തുത അടിവരയിട്ട് ചൂണ്ടിക്കാട്ടാന്‍ പ്രതിനിധിസഭ ആഗ്രഹിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഹിന്ദുത്വ വിരുദ്ധ ശക്തികള്‍ സമൂഹത്തില്‍ അവിശ്വാസവും അരാജകത്വവും രാജ്യത്തിന്റെ സംവിധാനങ്ങളോട് അവമതിപ്പും അരാജകത്വവും സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകള്‍ ആവിഷ്‌കരിക്കുന്നു. ഇവയെ ജാഗ്രതയോടെ കാണുകയും അവരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും വേണം. ഈ ‘അമൃതകാലം’ ഭാരതത്തെ വിശ്വനേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിന് കൂട്ടായ പ്രയത്‌നങ്ങള്‍ നടത്താന്‍ നമുക്ക് അവസരങ്ങള്‍ നല്‍കുന്നു. ഭാരതീയചിന്തയുടെ വെളിച്ചത്തില്‍ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക, ജനാധിപത്യ, നിയമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സാമാജിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാലാനുസൃതമായ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഈ ഉദ്യമത്തില്‍ പ്രബുദ്ധരായ മുഴുവന്‍ ജനതയും സമ്പൂര്‍ണ ശക്തിയോടെ പങ്കാളികളാകണമെന്ന് അഖില ഭാരതീയ പ്രതിനിധി സഭ ആഹ്വാനം ചെയ്യുന്നു. ഇതിലൂടെ സമര്‍ത്ഥമായ, വൈഭവശാലിയായ, വിശ്വമംഗളകാരിയായ രാഷ്ട്രമെന്ന നിലയില്‍ ആഗോള വേദിയില്‍ ഭാരതം സമുചിതമായ സ്ഥാനം നേടിയെടുക്കും.’
തൊട്ടുകൂടായ്മ സമാജത്തില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാവണം-ദത്താത്രേയ ഹൊസബാളെ
പാനിപ്പത്ത് (ഹരിയാന): സമാജത്തില്‍ നിന്ന് തൊട്ടുകൂടായ്മ എന്നന്നേക്കുമായി ഇല്ലാതാവണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സമല്‍ഖയിലെ സേവാസാധനാകേന്ദ്രത്തില്‍ അഖില ഭാരതീയ പ്രതിനിധിസഭാ ബൈഠക്കിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘം ദേശീയ ഐക്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജാതി ഉണ്ടാക്കിയത് ദൈവമല്ല, മനുഷ്യരാണ്. ജനസംഖ്യാ അസന്തുലിതാവസ്ഥ രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണ്. സുപ്രീംകോടതിയും ഗാന്ധിജിയും വരെ ഇതെപ്പറ്റി ആശങ്കപ്പെട്ടിട്ടുണ്ട്. ജാതി സെന്‍സസ് മുമ്പ് സര്‍ക്കാര്‍ നടത്തിയെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. രാജ്യത്ത് ഭിന്നതകള്‍ വളര്‍ത്തുന്നവരെ അംഗീകരിക്കാനാവില്ല. ഭാഷയുടെ പേരില്‍ ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നവര്‍ നിരവധിയുണ്ട്. ഇത്തരത്തില്‍ പ്രാദേശിക ഭാഷാ ഭിന്നതകള്‍ വളര്‍ത്തുന്നവരെ അംഗീകരിക്കാനാവില്ല. നാഗാലാന്റില്‍ അടക്കം ഹിന്ദി ട്യൂഷന്‍ സെന്ററുകള്‍ വര്‍ദ്ധിക്കുകയാണെന്നും പല പല ഭാഷകള്‍ പഠിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2025 വിജയദശമി മുതല്‍ ഒരു വര്‍ഷം ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ നടക്കും. ശതാബ്ദി പരിപാടികള്‍ സംബന്ധിച്ച അന്തിമ രൂപം അടുത്ത വര്‍ഷത്തെ അഖിലഭാരതീയ പ്രതിനിധിസഭ തയ്യാറാക്കും. അതിന് മുന്നോടിയായി സംഘപ്രവര്‍ത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തില്‍ പൗരന്മാരുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. കോളനിവല്‍ക്കരണ മാനസികാവസ്ഥ പൂര്‍ണ്ണമായും മാറ്റണം. നമ്മുടെ ആത്മീയവും സാംസ്‌ക്കാരികവുമായ അസ്തിത്വം തിരിച്ചറിയുക എന്നത് പ്രധാനമാണ്. കുടുംബ പ്രബോധനം, സാമൂഹ്യ സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി ആചരണം, പൗരബോധം എന്നീ അഞ്ച് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുമെന്നും സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തെപ്പറ്റി സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തധികാരമാണുള്ളതെന്ന് ദത്താത്രേയ ഹൊസബാളെ ചോദിച്ചു. പൗരന്റെ മൗലികാവകാശങ്ങള്‍ മുഴുവന്‍ നിഷേധിച്ച് രാജ്യത്തെ പൂര്‍ണ്ണമായും ജയിലിലടച്ച് അടിയന്തരാവസ്ഥ നടപ്പാക്കിയതില്‍ മാപ്പു പറയാന്‍ ഇനിയും തയ്യാറാവാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപമാനിക്കുന്നത് ചിലരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കോണ്‍ഗ്രസ് എംപിയായ രാഹുല്‍ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. രാഹുലിന്റെ പൂര്‍വ്വികര്‍ ആര്‍എസ്എസ്സിനോട് എന്താണ് ചെയ്തതെന്ന് രാജ്യം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ചകള്‍ പുതിയ കാര്യമല്ല. ഈ ലോകത്തെ തന്നെ ഒന്നായി കണ്ടു പ്രവര്‍ത്തിക്കുന്ന സംഘം ആരുമായും കൂടിക്കാഴ്ചകള്‍ നടത്താന്‍ തയ്യാറാണ്. ഇത്തരം കൂടിക്കാഴ്ചകളില്‍ സ്വാഭാവികമായും പല കാര്യങ്ങളും ചര്‍ച്ചയാവുമെന്നും ചോദ്യത്തിന് ഉത്തരമായി സര്‍കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, സഹപ്രചാര്‍ പ്രമുഖന്മാരായ നരേന്ദ്ര ഠാക്കൂര്‍, അലോക് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ശതാബ്ദിയില്‍ ഒരുലക്ഷം ശാഖകള്‍ ലക്ഷ്യം
പാനിപ്പത്ത്(ഹരിയാന): 2025 ല്‍ ശതാബ്ദിയിലെത്തുന്ന ആര്‍എസ്എസ് രാജ്യത്ത് ഒരു ലക്ഷം സ്ഥാനങ്ങളില്‍ നിത്യശാഖ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സഹസര്‍കാര്യവാഹ് ഡോ.മന്‍മോഹന്‍ വൈദ്യ. ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ ബൈഠക്കിന്റെ ഭാഗമായി സമാല്‍ഖയിലെ സേവാസാധനാ കേന്ദ്രത്തില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ശാഖകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയാണുള്ളത്. രാജ്യത്ത് നിലവില്‍ 42613 സ്ഥാനുകളിലായി 68651 നിത്യശാഖകളുണ്ട്. 2020നെ അപേക്ഷിച്ച് 3700 സ്ഥാനുകളും 6160 ശാഖകളും വര്‍ധിച്ചു. ആഴ്ചയിലൊരിക്കല്‍ ചേരുന്ന മിലന്‍ പ്രവര്‍ത്തനം 6540 വര്‍ധിച്ച് 26877 ആയി. മാസത്തില്‍ ഒരിക്കല്‍ കൂടുന്ന സംഘമണ്ഡലികളും 1680 കൂടി 10412 ആയി. ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് സൗകര്യാര്‍ത്ഥം രാജ്യത്തെ 911 ജില്ലകളും 6663 ഖണ്ഡുകളും 59326 മണ്ഡലങ്ങളുമായാണ് വിഭജിച്ചിട്ടുള്ളത്. 99 ശതമാനം ജില്ലകളിലും 88 ശതമാനം ഖണ്ഡുകളിലും 45 ശതമാനം മണ്ഡലങ്ങളിലും പ്രവര്‍ത്തനമെത്തിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും എത്തുക എന്നതാണ് ശതാബ്ദിയില്‍ മുന്നോട്ടുവച്ചിട്ടുള്ള ലക്ഷ്യം. ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം കൂട്ടുന്നതിനായി പൂര്‍ണസമയ പ്രവര്‍ത്തകരായി നിലവില്‍ 1300 ശതാബ്ദി വിസ്താരകര്‍ എത്തിയിട്ടുണ്ട്. 1500 പേര്‍ കൂടി ഇത്തരത്തില്‍ പ്രവര്‍ത്തനസജ്ജരായി രംഗത്തിറങ്ങും. വരുന്ന മാസങ്ങളിലായി രാജ്യത്ത് 109 കേന്ദ്രങ്ങളില്‍ നടക്കുന്ന സംഘ പരിശീലന ശിബിരങ്ങളില്‍ 20000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഏഴേകാല്‍ ലക്ഷം പേരാണ് ജോയിന്‍ ആര്‍എസ്എസ് പ്ലാറ്റ് ഫോമിലൂടെ സംഘത്തെ അറിയാനും പ്രവര്‍ത്തിക്കാനും തയ്യാറായി അഭ്യര്‍ത്ഥന അയച്ചത്. ഇവരില്‍ ഭൂരിഭാഗവും 22നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. എഴുപത് ശതമാനം യുവാക്കളും സമാജത്തെ സേവിക്കാന്‍ സംഘത്തില്‍ ചേരണം എന്ന ആശയമാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. തനിമയിലൂന്നിയ രാഷ്ട്രവികസനത്തില്‍ സമാജത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് ഊന്നല്‍ നല്‍കും. സ്വദേശി, സ്വാവലംബനം, സ്വാധീനത, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ ‘സ്വ’യുടെ അടിസ്ഥാനത്തില്‍ സമാജമൊന്നാകെ ഉയരണമെന്ന ആഹ്വാനം പ്രതിനിധി സഭ മുന്നോട്ടുവെച്ചു. ഭഗവാന്‍ വര്‍ദ്ധമാന മഹാവീരന്റെ 2550-ാം മഹാനിര്‍വാണ വാര്‍ഷികം, ആര്യസമാജ സ്ഥാപകന്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഇരുന്നൂറാം ജയന്തി വാര്‍ഷികം, ഛത്രപതി ശിവാജി മഹാരാജിന്റെ സ്ഥാനാരോഹണത്തിന്റെ 350-ാം വാര്‍ഷികം എന്നിവയെ മുന്‍നിര്‍ത്തി പ്രതിനിധി സഭയില്‍ പ്രസ്താവനകളുണ്ടായി. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ള 51 പ്രതിനിധികളടക്കം 1400 പേര്‍ ബൈഠക്കില്‍ പങ്കെടുത്തു.
തിരുവള്ളൂര്‍ ഗ്രാമത്തെ അഭിനന്ദിച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ട്
പാനിപ്പത്ത് (ഹരിയാന): കൊടുങ്ങല്ലൂര്‍ എരിയാട് പഞ്ചായത്തിലെ തിരുവള്ളൂര്‍ ഗ്രാമത്തെ ലഹരിയില്‍ നിന്നും കടത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മുക്തമായ മാതൃകാ ഗ്രാമമാക്കി മാറ്റാനുള്ള പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ അഖില ഭാരതീയ പ്രതിനിധിസഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അഭിനന്ദിച്ചു.