കേരളവും കേന്ദ്രവും ഭരിക്കുന്നത് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ്. സംസ്ഥാനത്തെ ജനങ്ങളുടെ വികസനവും രാജ്യതാല്പര്യങ്ങളും കണക്കിലെടുത്തുള്ള ഭരണമാണ് കേന്ദ്ര – കേരള സര്‍ക്കാരുകളുടെ പ്രധാന ചുമതല. എന്നാല്‍ ഈയിടെയായി വന സംരക്ഷണത്തിന് വേണ്ടി സുപ്രീം കോടതി വിധി വന്നപ്പോഴും വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി കേന്ദ്ര – കേരള സര്‍ക്കാരുകള്‍ മുന്നോട്ടു പോയപ്പോഴും അതിനെതിരെ പോര്‍വിളി നടത്തി അരാജക അന്തരീക്ഷം സൃഷ്ടിച്ചത് ഒരു പ്രത്യേക ന്യുനപക്ഷ വിഭാഗമാണ്. നാടിന്റെ വികസനവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര – കേരള സര്‍ക്കാരുകളെ പുറകോട്ടടിക്കുന്ന സമരം നയിക്കുവാന്‍ പ്രത്യേക വിശ്വാസത്തിന്റെ പേരില്‍ സ്ഥാപിതമായ മത ന്യുനപക്ഷങ്ങള്‍ക്ക് എങ്ങിനെ കഴിയുന്നു എന്നത് കേരളം ചിന്തിക്കേണ്ട വസ്തുതയാണ്. ഭൂരിപക്ഷങ്ങള്‍ക്ക് ഇല്ലാത്ത ഒട്ടനവധി അവകാശങ്ങള്‍ ഭരണഘടന വഴി നേടിയ ശേഷമാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെയും പൊതു താല്പര്യത്തിനും നാടിന്റെ നിലനില്‍പ്പിനുമെതിരെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിയുന്നത് എന്നത് വെറും മനുഷ്യാവകാശ സമരങ്ങളായി കാണുന്നതിനു കഴിയില്ല. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പേരില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ സാധാരണക്കാരെ ഇളക്കി വിട്ട് സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കുന്നത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണത്തിനെതിരെയോ, ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെയോ അല്ല എന്ന് ഓര്‍ക്കണം. ആരാധനാലയങ്ങളുടെ മറപറ്റി മത ന്യൂനപക്ഷങ്ങള്‍ കെട്ടിപ്പൊക്കിയ സമാന്തര ഭരണ സംവിധാനങ്ങളുടെ ശക്തി കാണിക്കുവാനും ഇവിടത്തെ ദൈനംദിന ഭരണ സംവിധാനത്തില്‍ പ്രത്യക്ഷ കൈകടത്തലുമാണിതെല്ലാം. നാടിന്റെ വികസന താല്പര്യത്തെക്കാള്‍ പ്രാദേശിക വിഘടനവാദമായി മാത്രമേ ഇതിനെ കാണാനാകൂ.
വിഴിഞ്ഞം പദ്ധതി
ഉദ്ദേശം 7500 കോടി രൂപ ചിലവില്‍ 2015 ലാണ് വിഴിഞ്ഞം പദ്ധതി ആരംഭിക്കുന്നത്. 2014 ല്‍ പരിസ്ഥിതി ക്ലിയറന്‍സ് ലഭിച്ച പദ്ധതിക്കെതിരെ ലഭിച്ച പരാതികള്‍, കേസുകള്‍ എന്നിവയെല്ലാം ദേശീയ ഹരിത ട്രിബൂണല്‍ പരിഗണിക്കുകയും പ്രത്യേക പഠനസംഘത്തെ വച്ചു പഠിക്കുകയും പദ്ധതി നാടിന് ആവശ്യമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടാണ് പദ്ധതിയുമായി കേരള – കേന്ദ്ര സര്‍ക്കാരുകള്‍ മുന്നോട്ടു പോയത്. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി 22 കി. മീ ആഴക്കടലുണ്ടെന്നും വെറും 18 കി.മീ അകലെ മാത്രമാണ് അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ കടന്നു പോകുന്നതെന്നും തുറമുഖം മൂലം തീര ശോഷണം ഉണ്ടാകില്ലെന്നും പഠനത്തില്‍ കണ്ടെത്തി. പദ്ധതിയുടെ ഏകദേശം 60 ശതമാനം പണി തീര്‍ന്ന ഘട്ടത്തിലാണ് ലെത്തീന്‍ രൂപത പദ്ധതിക്കെതിരെ സമരത്തിനിറങ്ങിയത്. അവര്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടും പദ്ധതി നിര്‍ത്തിെവക്കുക എന്ന ലക്ഷ്യത്തില്‍ സമരക്കാര്‍ ഉറച്ചു നിന്നു. പിന്നീട് സമരം അക്രമാസക്തമായി പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ക്കുന്ന നിലയിലെത്തുകയും പൊടുന്നനെ സമരം നിര്‍ത്തുകയും ചെയ്തു. എന്തായിരുന്നു സമരത്തിന്റെ ഉദ്ദേശം?
ഇക്കോ സെന്‍സിറ്റീവ് സോണ്‍
ദേശീയ ഉദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, സംരക്ഷിത വനങ്ങള്‍, ബിയോസ്ഫിയര്‍ റിസേര്‍വുകള്‍, പക്ഷിസങ്കേതങ്ങള്‍, മറ്റു സംരക്ഷിത മേഖലകള്‍ എന്നിവ മനുഷ്യന്റെ ഇടപെടല്‍ മൂലം നശിക്കാതിരിക്കാനും, മനുഷ്യന്‍-വന്യമൃഗ സംഘര്‍ഷം കുറക്കാനും, വനനശീകരണം മൂലമുള്ള മണ്ണൊലിപ്പ് തടയാനും, ഉരുള്‍ പൊട്ടല്‍ ഒരു പരിധിവരെ ഒഴിവാക്കുവാനും, ജൈവവൈവിധ്യനാശം കുറക്കുവാനും, ദേശീയ വന്യജീവി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ആഘാത ആഗിരണ മേഖലയായി ഒരു കിലോമീറ്റര്‍ സംക്രമണ ഏരിയ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി 2022 ജൂണ്‍ മൂന്നാം തീയതി വിധി പ്രഖ്യാപിച്ചത്.
നിലവിലുള്ള വനത്തിന്റെ വിസ്തീര്‍ണം കുറക്കാതെ ഭൂമുഖത്തു നിലനിര്‍ത്തേണ്ടത് അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കേരള – കേന്ദ്ര സര്‍ക്കാരുകളുടെ ചുമതലയാണ്. സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഇല്ലെങ്കില്‍ കാട് നാടാകാന്‍ അധികം കാലം വേണ്ടിവരില്ല എന്ന തിരിച്ചറിവാണ് വിധിക്ക് ആധാരം. മനുഷ്യ നിര്‍മിത കാട്ടുതീ, കയ്യേറ്റം, വനംകൊള്ള, മരംമുറി, വന്യജീവി കടത്ത്, അനധികൃത പാറ ഘനനം, മണല്‍ കടത്ത്, മലിനീകരണം എന്നിവയെല്ലാം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
കേരളത്തിലെ മലയോര മേഖലകളില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സമര ആഭാസങ്ങളും ഹര്‍ത്താലുകളും പൊതുമുതല്‍ നശീകരണവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫോറസ്റ്റ് ഓഫീസിന്റെ ബോര്‍ഡ് വരെ നശിപ്പിക്കുന്നു. ജനങ്ങളെയും അധികാരകേന്ദ്രങ്ങളേയും ഭീതിയിലാക്കുകയാണ് ലക്ഷ്യം. ഹൈറേഞ്ച് ആകെ അരക്ഷിതമാണ് എന്നാക്കി തീര്‍ക്കണം. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളുവാന്‍ ഈ പ്രയോഗങ്ങള്‍ ഗുണം ചെയ്തു. മലയോര സമരത്തിന്റെ പ്രത്യേകത അന്നത്തെ അതേ ക്രിസ്ത്യന്‍ വിഭാഗം തന്നെയാണ് ഇപ്പോഴും സമരം നയിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. അന്ന് ഫോറസ്റ്റ് ഓഫീസ് കത്തിക്കുകയും പ്രമാണങ്ങള്‍ നശിപ്പിക്കുകയും നക്‌സല്‍ പ്രസംഗം നടത്തുകയും ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കിട്ടുകയും ചെയ്തു. ജനങ്ങളെ സംഘടിപ്പിച്ചുള്ള സമ്മര്‍ദ്ദ തന്ത്രം വിജയിക്കും എന്ന വിശ്വാസമാണ് മതമേലധ്യക്ഷന്മാര്‍ക്ക്. സമരങ്ങള്‍ നിയന്ത്രിക്കുന്ന ഈ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭാരതത്തിന്റെ തുറമുഖ, വന നിയമങ്ങളും കോടതി വിധികളും അട്ടിമറിക്കുവാനും നേരിട്ട് പ്രവര്‍ത്തിച്ചുതുടങ്ങിയത് അടുത്ത കാലത്താണ്. ഈ സമരത്തിനനുകൂലമായി പള്ളികളില്‍ നടത്തുന്ന പല പ്രസംഗങ്ങളും വായിക്കുന്ന ഇടയലേഖനങ്ങളും കേട്ടാല്‍ ഭരണകൂടത്തിനെതിരെയുള്ള കലാപ ആഹ്വാനങ്ങളാണെന്ന് തോന്നിപ്പോകും. സമരങ്ങളില്‍ ഒന്ന് മലയോര കര്‍ഷകര്‍ക്ക് വേണ്ടിയും മറ്റേത് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയും എന്നാണ് പ്രചരിപ്പിക്കുന്നത്. മതവിശ്വാസത്തിന്റെ പേരില്‍ പള്ളികളില്‍ ഭരണം നടത്തുന്ന പാതിരിമാരും മതമേലധ്യക്ഷന്മാരും എന്നു മുതലാണ് കര്‍ഷക – മത്സ്യത്തൊഴിലാളി സംഘാടകരായത്? സമരങ്ങള്‍ വര്‍ഗീയമാക്കുന്നത് ആര്‍ക്കും നന്നല്ല. ജനാധിപത്യ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി പ്രസ്ഥാനങ്ങളും മതാടിസ്ഥാനത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയത് മുതല്‍ മതമേലധ്യക്ഷന്മാര്‍ക്ക് അടിമകളായതാണ് പാതിരിമാരുടെ ഇത്തരം ഇടപെടലുകള്‍ക്ക് പ്രധാന കാരണം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും.
സുപ്രീം കോടതി വിധി പ്രകാരം ഇക്കോ സെന്‍സിറ്റീവ് സോണില്‍ കൃഷിക്ക് നിയന്ത്രണമോ, വിലക്കോ ഇല്ല. നിലവിലുള്ള കെട്ടിടങ്ങള്‍ക്കോ, താമസത്തിനോ, ഭൂമി വില്പനക്കോ, ഒരു വിലക്കുമില്ല, ആരെയും കുടിയൊഴുപ്പിക്കുന്നില്ല, ബാക്കി പ്രചാരണങ്ങള്‍ സത്യവിരുദ്ധമാണ്. ജനവാസ കേന്ദ്രങ്ങള്‍ കാടാക്കി മാറ്റുവാനുള്ള ഒരു നിര്‍ദ്ദേശവും സുപ്രീം കോടതി നല്‍കിയിട്ടില്ല. വിധി മറികടക്കാന്‍ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കുന്നതും, മലയോര മേഖലകളില്‍ ഭീകരതയും, അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതും ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ദോഷകരമാകുകയും ചെയ്യും. കലാപങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പ്രഖ്യാപനങ്ങള്‍ ആരു നടത്തിയാലും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നാടിന്റെ പുരോഗതിയും വികസനവും നിയമങ്ങളും തീരുമാനിക്കേണ്ടത് ജനാധിപത്യ സര്‍ക്കാരുകളാണ് മത ന്യൂനപക്ഷങ്ങളല്ല. കാടിന്റെ വിസ്തൃതിയും, സംരക്ഷണവും നിയമങ്ങളും, വിഴിഞ്ഞം തുറമുഖം പോലുള്ള വികസനവും വിദേശ മത തീരുമാനങ്ങള്‍ക്കും വിലപേശലുകള്‍ക്കും വിട്ടുകൊടുത്തുകൂടാ.