ലോകം നിരാകരിച്ച പ്രത്യയശാസ്ത്രമായ കമ്മ്യൂണിസം ഭാരതത്തില്‍നിന്നും പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ദരിദ്ര ജനതയെ മായികവലയത്തില്‍ അകപ്പെടുത്തി മോഹനവാഗ്ദാനങ്ങള്‍ നല്‍കി കാലങ്ങളായി വഞ്ചിച്ച് അധികാരസോപാനങ്ങളില്‍ വിരാജിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ ജനത വലിച്ചു തള്ളി ചവിട്ടിമെതിക്കുന്ന കാഴ്ചതന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും.
കമ്മ്യൂണിസം അതിന്റെ പ്രതാപ ബിംബങ്ങളണിഞ്ഞ് തകര്‍ത്താടിയ ബംഗാളിലും, ബംഗാളില്‍ നിന്നുള്ള കുടിയേറ്റത്തിലൂടെ കമ്മ്യൂണിസം വ്യാപിച്ച ത്രിപുരയിലും പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗരീതി പൂര്‍ണ്ണമായും പരാജയപ്പെട്ടതോടെ അവശേഷിക്കുന്നത് പേരിനെങ്കിലും കേരളത്തില്‍ മാത്രമായി. എന്നാല്‍ കോര്‍പ്പറേറ്റ് സംവിധാനത്താല്‍ തീര്‍ക്കപ്പെട്ട സുരക്ഷിത വലയത്തിനുള്ളിലമര്‍ന്ന് ആഢംബര ജീവിതവും നിരുത്തരവാദ ഭരണനിര്‍വ്വഹണവും നടത്തിപോരുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം അഭിനവ കമ്മ്യൂണിസ്റ്റുകള്‍ മാത്രമായതിനാല്‍ ത്രിപുരയ്ക്കും ബംഗാളിനുമൊപ്പം താരതമ്യം ചെയ്യപ്പെടേണ്ടതുമല്ല. എല്ലാവരേയും കുറച്ചുകാലത്തേക്ക് പറ്റിക്കാന്‍ സാധിച്ചേക്കാം; എന്നാല്‍ എല്ലാവരേയും എല്ലാ കാലത്തും പറ്റിക്കാനാവില്ലെന്ന തത്വത്തിന്റെ പൂരണമായി ബംഗാളിലേയും ത്രിപുരയിലേയും തിരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയെ വിലയിരുത്താന്‍ സാധിക്കും.
ദാരിദ്ര്യത്തിന്റെ പടുകുഴിയിലായ ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ട പുത്തന്‍ പ്രത്യയശാസ്ത്രമായി കമ്മ്യൂണിസം സ്വയം വിശേഷിപ്പിക്കുകയും ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. പുരോഗമന സിദ്ധാന്തങ്ങളുടെ പുറംമോടിയില്‍ ഇടറിവീണ ജനത പ്രത്യാശയോടെ കമ്മ്യൂണിസത്തെ പുല്‍കിയെങ്കിലും പതിറ്റാണ്ടുകളുടെ ജീവിതകാലത്തിനിടയില്‍ ദാരിദ്ര്യം കൂടുതല്‍ രൂക്ഷമാവുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ലെന്ന് ജനത തിരിച്ചറിഞ്ഞു. എല്ലാ കാലത്തും ദാരിദ്ര്യത്തെ കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്നല്ലാതെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും വികസനത്തിനും യാതൊരുവിധ പദ്ധതിയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ഇല്ലെന്ന തിരിച്ചറിവിലാണ് ബംഗാളിലും ത്രിപുരയിലും ജനത ആ പാര്‍ട്ടിയെ പടിയടച്ചു പിണ്ഡംവെച്ചത്.
ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും വികസനത്തിന്റെ പുത്തന്‍ മാതൃകകളിലൂടെ ഭാരതത്തെ വികസന കുതിപ്പിലേക്ക് ആനയിക്കുകയും ചെയ്തതോടെ, വികസനം അന്യംനിന്ന ത്രിപുരയടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനത്തെ പ്രതീക്ഷയോടെ വരവേല്‍ക്കുകയായിരുന്നു. 2018ല്‍ ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പി. നടപ്പാക്കിയ വികസന അജണ്ടയിലൂന്നിയ പദ്ധതികള്‍ ഗ്രാമീണ- ഗോത്രവര്‍ഗ – മേഖലകളിലെ ജീവിതനിലവാര ഗ്രാഫില്‍ വരുത്തിയ മുന്നേറ്റം തന്നെയാണ് തുടര്‍ ഭരണത്തിനും കാരണമായതെന്ന് വ്യക്തം. മികച്ച റോഡ് പേരിനു പോലുമില്ലാത്ത ത്രിപുരയില്‍ ആദിവാസി വിഭാഗങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റപ്പെട്ട് രണ്ടര പതിറ്റാണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തടവറയില്‍ ഹോമിക്കപ്പെട്ടത്. വികസനം സാധ്യമാകുന്നിടങ്ങളില്‍ കമ്മ്യൂണിസത്തിന് നിലനില്‍പ്പില്ലെന്ന തിരിച്ചറിവില്‍ കൂരിരുട്ടിന്റെയും അവികസിത സങ്കല്‍പ്പങ്ങളുടേയും ഇരുട്ടറയില്‍ ജനതയെ എന്നെന്നേക്കുമായി തളച്ചിടാന്‍ തുനിഞ്ഞ ഭരണാധികാരിയെ, മണിക്‌സര്‍ക്കാര്‍ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ, ലാളിത്യത്തിന്റെ മേലങ്കി ചാര്‍ത്തിയാണ് ഇടതുപക്ഷ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയത്. എന്നാല്‍ വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറത്ത് ജീവിതാനുഭവങ്ങളുടെ തെളിച്ചത്തില്‍, വഞ്ചിക്കപ്പെടലിന്റെ വേദനയില്‍, രണ്ടര പതിറ്റാണ്ടിന് ശേഷം ജനത സമ്മതിദാനാവകാശംവഴി തിരിച്ചടിച്ചതോടെ തകര്‍ന്നടിഞ്ഞത് കമ്മ്യൂണിസമെന്ന ചീട്ടുകൊട്ടാരമാണ്.
2018ല്‍ ബി.ജെ.പി. സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരമേല്‍ക്കുന്നതിന് മുമ്പും പിമ്പുമെന്ന നിലയിലേക്ക് സാമൂഹ്യ- സാമ്പത്തിക മേഖലയെ വിലയിരുത്തുമ്പോഴാണ് കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ വ്യക്തമാവുക. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആദിവാസി മേഖലയില്‍ ആതുരാലയങ്ങളോ ഗോത്രമേഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗതാഗത സൗകര്യങ്ങളോ ഇല്ലാതിരുന്ന ത്രിപുരയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇതെല്ലാം സാധ്യമായി. ആദിവാസി ജീവിതങ്ങളുള്‍പ്പെടെ ത്രിപുരയിലെ സാധാരണക്കാരുടെ ജീവിത നിലവാരം കുതിച്ചുയര്‍ന്നു. അഞ്ചാണ്ടിനുശേഷം ബദ്ധവൈരികളായ കോണ്‍ഗ്രസ്സിന്റെ കൈകോര്‍ത്ത്പിടിച്ച് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ വീണ്ടും വന്നെങ്കിലും ജനം അവരെ തൂത്തെറിഞ്ഞു. രണ്ടര പതിറ്റാണ്ടുകാലം തുടര്‍ച്ചയായി ഭരിച്ച് ആധിപത്യം നിലനിര്‍ത്തിയ ത്രിപുരയില്‍, പ്രതിപക്ഷ നേതൃസ്ഥാനം പോലും ഈ തിരഞ്ഞെടുപ്പോടെ സി.പി.എമ്മിന് നഷ്ടമായെന്ന് വ്യക്തമാകുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനേറ്റ തിരിച്ചടി എത്ര ആഴമുള്ളതും ശക്തവുമാണെന്ന് തിരിച്ചറിയുക.
കണക്കിലെ തിരിച്ചറിവ്
എതിര്‍പക്ഷത്തെ നിഷ്‌ക്കരുണം വേട്ടയാടിയും മൃഗീയമായി കൊന്നൊടുക്കിയും ലോകമെങ്ങും രൂപപ്പെടുത്തിയ കമ്മ്യൂണിസത്തിന്റെ ആധിപത്യ വ്യാപന തന്ത്രങ്ങള്‍ തന്നെയാണ് കേരളത്തിലേതുപോലെ ത്രിപുരയിലും നേതൃത്വം സ്വീകരിച്ചിരുന്നത്. പട്ടിണിയും ദാരിദ്ര്യവും നടമാടിയപ്പോഴും പ്രതിഷേധത്തിന്റെ ചെറുവിരല്‍ ഉയര്‍ത്താന്‍ പോലും അനുവദിക്കാതെ കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരത അഴിഞ്ഞാടിയ ത്രിപുരയായിരുന്നു പതിറ്റാണ്ട് മുമ്പുവരെ ലോകം ദര്‍ശിച്ചത്. മറ്റെല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതുമെന്നപോലെ ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കൊടിയ യാതനകള്‍ സഹിച്ച് രൂപപ്പെടുത്തിയെടുത്ത മാറ്റമാണ് ഇന്ന് ത്രിപുര നല്‍കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം.
ദേശീയ ധാരയോട് സന്ധിചേരാന്‍ കൂട്ടാക്കാതെ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളിലേക്ക് ജനതയെ വഴിതെറ്റി നടത്തിച്ച കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തിരുത്താന്‍ പ്രാദേശിക കൂട്ടായ്മകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടത് തന്നെ ദേശീയ പ്രസ്ഥാനങ്ങളുടെ അക്ഷീണ പ്രയത്‌നങ്ങളിലൂടെയാണ്. സമാജത്തിനായി ജീവിതം സമര്‍പ്പിച്ച ആയിരക്കണക്കിന് ത്യാഗനിര്‍ഭര ജീവിതങ്ങളുടെ തെളിച്ചമാണ് ഇന്ന് ത്രിപുരയില്‍ പ്രകടമാകുന്ന ദേശീയതയുടെ വെളിച്ചം. രണ്ടരപ്പതിറ്റാണ്ടുകാലത്തെ ഭരണത്തിനിടയില്‍ വികസനം എത്തിനോക്കാത്ത ത്രിപുരയില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കല്ലാതെ മറ്റൊന്നിനേയും വേരോടാന്‍ ഭരണകൂടം അനുവദിച്ചില്ല. 2008 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യ്ക്ക് ത്രിപുരയില്‍ നേടാന്‍ സാധിച്ചത് കേവലം 1.49 ശതമാനം വോട്ട് മാത്രം. 2013 ലാകട്ടെ 1.54 ശതമാനമായി നേരിയ വര്‍ദ്ധനവ് മാത്രമാണ് പ്രകടമായത്.
ഒട്ടും ദാക്ഷിണ്യമില്ലാത്ത കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ തളരാതെ നാളെയുടെ പൊന്‍പുലരി ലക്ഷ്യമാക്കി ആത്മവിശ്വാസത്തോടെ പൊരുതി മുന്നേറിയതോടെ 2018ല്‍ സ്വന്തമായി നേടിയെടുത്തത് 43.59 ശതമാനം വോട്ട് വിഹിതം..! സഖ്യകക്ഷിയുടേത് കൂടെ ചേര്‍ത്ത്‌വച്ചപ്പോഴാകട്ടെ അമ്പത് ശതമാനം തികയുകയും ചെയ്തു. കേരളത്തിന് സമാനമായ, അല്ലെങ്കില്‍ ഇതിനെക്കാള്‍ തീവ്രമായ അടിച്ചമര്‍ത്തലിന്റെ രാഷ്ട്രീയ സാഹചര്യം നിലനിന്ന ത്രിപുരയില്‍ നിന്ന് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത വിജയം ഓര്‍മിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളവും ദേശീയ പ്രസ്ഥാനങ്ങളുടെ ഭരണമികവിലേക്ക് ഉയരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതും. ഇത്തവണ പാരമ്പര്യ വൈരികളായ കോണ്‍ഗ്രസ്സിന്റെ കൈകോര്‍ത്ത് സി.പി.എം. കമ്മ്യൂണിസത്തിന്റെ സത്തയിലാകെ വെള്ളം ചേര്‍ത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയെങ്കിലും ജനം നിഷ്‌ക്കരുണം തള്ളി. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ പഴയ ത്രിപുരയിലേക്കൊരു തിരിച്ചുപോക്കിനില്ലെന്ന് ജനം കട്ടായം പറഞ്ഞു. ഇരുപാര്‍ട്ടികളും ചേര്‍ന്നു നിന്നിട്ടും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി.യ്ക്ക് ലഭിച്ച വോട്ട് വിഹിതത്തില്‍ കാര്യമായ ചോര്‍ച്ചയുണ്ടാക്കാന്‍ പോലും സാധിച്ചില്ല. ബി.ജെ.പി. ഭരണതുടര്‍ച്ച നേടിയപ്പോഴാകട്ടെ സി.പി.എമ്മിന് പ്രതിപക്ഷ സ്ഥാനവും നഷ്ടമായി. 32 സീറ്റില്‍ വിജയിച്ച ബി.ജെ.പി. 21 സീറ്റില്‍ രണ്ടാമതാണ്. പലയിടത്തും നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്നതും ഓര്‍ക്കേണ്ടതുണ്ട്.
മാറ്റത്തിന് പിറകെ കേരളവും
ത്രിപുരയിലെ ഈയൊരു രാഷ്ട്രീയ മാറ്റം കേരളത്തിലും താമസിയാതെ പ്രകടമാകുമെന്ന് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഈയൊരു രാഷ്ട്രീയ മാറ്റത്തെ സംജാതമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്. ബംഗാളിലും ത്രിപുരയിലും നടമാടിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമല്ല കേരളത്തിലേതെന്നതും ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. പുരോഗമനത്തിന്റെ വക്താക്കളെന്ന് മേനി നടിക്കുമ്പോഴും പാരമ്പര്യ തനിമയിലൂന്നിയ വിശ്വാസ സംഹിതകളിലും സാമൂഹ്യ നിര്‍മ്മിതിയിലും ഭാഗഭാക്കായി സുരക്ഷിത ഇടങ്ങളിലൂടെ സഞ്ചരിക്കാന്‍ മാത്രം ശ്രദ്ധയൂന്നുന്ന ഒരു കൂട്ടമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിക്കുന്നത്.
കോര്‍പ്പറേറ്റ് ഭീമന്മാരുടെ ആശ്രിതവത്സരായി, അവര്‍ക്ക് താങ്ങും തണലുമായി ഒരുമിച്ച് വളരാന്‍ മാത്രം ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ഇന്ന് കേരളത്തില്‍ ഭരണ നേതൃതലങ്ങളിലുള്ളത്. കേരളത്തിലെ വികസന ബിംബങ്ങളും ഉയര്‍ന്ന ജീവിത നിലവാരവുമൊന്നും ഒരു സര്‍ക്കാരിന്റേയും നേട്ടമല്ല. തൊഴിലും ഭക്ഷണവും വിദ്യാഭ്യാസവും സര്‍ക്കാര്‍ ജനതയ്ക്ക് നല്‍കുകയല്ല, ജനത സ്വന്തം നിലയ്ക്ക് ഇവയെല്ലാം കണ്ടെത്തുന്ന സംസ്ഥാനമാണ് കേരളം. വരുമാനത്തിന് മദ്യവും ലോട്ടറിയും പിന്നെ കടംവാങ്ങലും മാത്രം ആശ്രയമാകുന്ന കേരളത്തെ സംരക്ഷിക്കുന്നത് ഈ ജനതതന്നെയാണ്. ജനതയെ തീറ്റിപ്പോറ്റുന്നത് സര്‍ക്കാരല്ല, മറിച്ച് സര്‍ക്കാരിനെ തീറ്റിപോറ്റുന്ന ജനതയാണെന്ന ലോകത്തില്‍ മറ്റെങ്ങുമില്ലാത്ത പ്രത്യേകതയാണ് കേരളത്തിലുള്ളത്. ഈ സംരക്ഷിത വലയത്തിനുള്ളില്‍ നിന്നാണ് കേരളീയ കമ്മ്യൂണിസത്തിന്റെ ട്രിപ്പീസു കളി.
കോര്‍പ്പറേറ്റു ചങ്ങാത്തത്തിലൂടെ അധികാര സുഖലോലുപതയില്‍ വിരാജിക്കുന്ന കേരളീയ കമ്മ്യൂണിസ്റ്റുകള്‍ ചക്കരകുടത്തില്‍ കൈയിട്ടുവാരലിനായി തിക്കിത്തിരക്കി തമ്മില്‍ തല്ലി നശിക്കുന്ന അനിവാര്യമായ പതനത്തിനാണ് സമകാലികതയുടെ സാക്ഷ്യം. തന്റെ കാലഘട്ടം അവസാനിക്കാറായെന്ന തിരിച്ചറിവില്‍ മരുമകനെ അന്തരാവകാശിയായി വാഴിക്കാനുള്ള കിണഞ്ഞ ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ വിജയനും പുതിയ വിജയനും തമ്മിലുള്ള താരതമ്യത്തിലൂടെ കണ്ണൂരിലെ ലോക്കല്‍ ഗുണ്ടയെ ഇടയ്ക്കിടെ ദേഹത്തേക്ക് ആവാഹിക്കാന്‍ ശ്രമം നടത്തി നോക്കുകയും അതില്‍ അമ്പേ പരാജയപ്പെടുകയും ചെയ്യുന്ന ദയനീയ രാഷ്ട്രീയ ചിത്രമായി പിണറായി വിജയന്‍ അധ:പതിച്ചു കഴിഞ്ഞു.
സുഖലോലുപതയുടെ അങ്ങേയറ്റത്ത് വിരാജിക്കാനുള്ള തത്രപ്പാടില്‍ പിണറായി വിജയന് സഹ കമ്മ്യൂണിസ്റ്റ് നേതാക്കളുടേയും പ്രാദേശിക നേതൃനിരയുടേയും കൊള്ളരുതായ്മകള്‍ക്ക് മുന്നില്‍ കണ്ണടയ്‌ക്കേണ്ടിവരുന്നു. അസംഖ്യംവരുന്ന ഉപദേശികള്‍ വിളമ്പുന്ന മുഖസ്തുതിയിലും മണ്ടത്തരങ്ങളിലും വീണ് നടപ്പാക്കുന്ന പദ്ധതികളും തീരുമാനങ്ങളും പിണറായി വിജയനെ കോമാളി മുഖ്യനാക്കി മാറ്റികഴിഞ്ഞു. അപ്പോഴൊക്കെയും മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ അനന്തരവകാശിയായി വാഴിക്കാനുള്ള വഴികള്‍ തേടിയാണ് പിണറായി രാപ്പകല്‍ കരുക്കള്‍ നീക്കുന്നതും. റിയാസിന് മുഖ്യമന്ത്രി പദത്തിലേക്കുള്ള പകര്‍ന്നാട്ടത്തില്‍ തടസം തീര്‍ക്കാന്‍ ഇന്ന് മന്ത്രിസഭയിലുള്ളത് രണ്ടു പേര്‍ മാത്രമാണ്. ധനമന്ത്രി കെ.എന്‍. ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും. ഇരുവരുടേയും വകുപ്പുകളുമായി ബന്ധപ്പെട്ട നെഗറ്റീവ് പ്രചാരണങ്ങള്‍ക്കും ട്രോളുകള്‍ക്കും പിന്നില്‍ ഒരു കേന്ദ്രമാണെന്നും ഈ കേന്ദ്രത്തിന്റെ പ്രധാന ജോലി, മുഖ്യമന്ത്രി കസേരയിലേക്ക് റിയാസിന് വഴിയൊരുക്കലാണെന്നുമുള്ള വിലയിരുത്തലുകളും പാര്‍ട്ടിയില്‍ ശക്തമാണ്.
ഭരണത്തണലില്‍ ഒപ്പംനില്‍ക്കുന്നവരെ സംരക്ഷിക്കുകയും എതിര്‍നിരയെ അരിഞ്ഞുവീഴ്ത്തുകയും ചെയ്തു മുന്നേറുന്ന കമ്മ്യൂണിസ്റ്റ് നേതൃനിരയുടെ വാഴ്ത്താരി പട്ടിണി പാവങ്ങള്‍ക്ക് നേരെയുള്ള തെറിപ്പാട്ടായാണ് പരിണമിക്കുന്നത്. അനന്തപുരിയിലെ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്താന്‍ കുട്ടി മേയറെ അവരോധിച്ച് സി.പി.എമ്മിലെ ഔദ്യോഗിക പക്ഷം വിജയംവരിച്ചപ്പോഴാകട്ടെ തോറ്റത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാവം ജനതയാണ്. കുട്ടിമേയറുടെ പരിചയമില്ലായ്മയും അപക്വ സമീപനവും മൂലം അഴിമതിയും പിന്നാമ്പുറ നാടകങ്ങളും അരങ്ങുതകര്‍ത്തു മുന്നേറുന്നു. പിണറായി വിജയനെതിരെ വിരലനക്കി തുടങ്ങിയ എം.എ. ബേബിയെ നാടുകടത്തി പകരം കൊല്ലത്ത് വാഴിച്ച ചിന്താജെറോം, ബുദ്ധിജീവി ചമഞ്ഞ് നടത്തുന്ന വാഗ്‌ധോരണി ജനങ്ങള്‍ക്ക് അസഹ്യവും പരിഹാസ്യവുമായി മാറി. ഗവേഷണ പ്രബന്ധങ്ങളിലെ വന്‍തെറ്റുകളത്രയും നാടുനീളെ പരന്നിട്ടും നാണമില്ലാതെ യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ തന്നെയാണ് നേതൃത്വം ചിന്തയ്ക്ക് അനുമതി നല്‍കിയതും. ആലപ്പുഴയിലും കാസര്‍കോടും പരന്നൊഴുകുന്ന അശ്ലീലകഥകളും കുന്നുതുരന്ന് മണ്ണെടുത്താലും കിട്ടേണ്ടത് കിട്ടണമെന്ന് ഭീഷണി മുഴക്കുന്ന ബ്രാഞ്ച് സെക്രട്ടറിമാരുടെ വീര കഥകളുമെന്നുവേണ്ട കമ്മ്യൂണിസം എത്രമേല്‍ അധഃപതിച്ചുവെന്നതിന് കേരളത്തിലങ്ങോളമിങ്ങോളം ഉദാഹരണങ്ങളേറെ.
ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തില്‍ കാലിടറിയ കമ്മ്യൂണിസ്റ്റുകള്‍ കൊന്നുതള്ളിയ ബലിദാനികളുടെ ചുടുചോരയാല്‍ എഴുതിചേര്‍ക്കപ്പെട്ട ചരിത്രത്തെ മായ്ച്ചുകളയാന്‍ പലവട്ടം ഒരുമ്പെട്ട ജയരാജന്മാര്‍ ഇപ്പോള്‍ പരസ്പരം ചോരയ്ക്കായി ദാഹിക്കുന്ന വിചിത്ര രാഷ്ട്രീയ സാഹചര്യമാണ് കണ്ണൂരില്‍ സംജാതമായത്. പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന്‍ കൂട്ടത്തിലൊരു ജയരാജനെ, പി.ജയരാജനെ ഒപ്പം ചേര്‍ത്ത് മറ്റൊരു ജയരാജനെ, ഇ.പി. ജയരാജനെ വെട്ടാനുള്ള നിതാന്ത ജാഗ്രതയിലുമാണ്. കമ്മ്യൂണിസത്തിന്റെ അങ്കത്തട്ടില്‍ ചതിപ്രയോഗങ്ങളാല്‍ പരസ്പരം വെട്ടിച്ചാകാന്‍ ഒരുമ്പെട്ട നേതൃനിരയുടെ ചുരികമുനകളില്‍ തിളങ്ങുന്നത് അഴിമതിക്കഥകളുടെ ചളിയും ദുര്‍ഗന്ധവും. കട്ടുമുടിച്ചതിന്റേതും കുതികാല്‍വെട്ടിന്റേയും അശ്ലീല കഥകള്‍ കമ്മ്യൂണിസത്തിന്റെ ഉള്ളറകളില്‍ നിന്ന് പുറത്തേക്ക് പ്രവഹിച്ചുതുടങ്ങി. ഇതോടെ നാശത്തിന്റെ വക്കിലാണെന്ന തിരിച്ചറിവില്‍, നാട്ടിലുടനീളമുള്ള കുട്ടിസഖാക്കള്‍ കിട്ടുന്ന ചക്കരകുടങ്ങളിലെല്ലാം കൈയിട്ടുവാരി നക്കിതുടയ്ക്കാനും തുടങ്ങി. കമ്മ്യൂണിസ്റ്റുകളെന്ന് മേനി നടിക്കുന്നവരുടെ അഴിമതി കഥകള്‍ ഒരു വാര്‍ത്തയല്ലാതായി മാറിയ രാഷ്ട്രീയ സാഹചര്യം.
പതിറ്റാണ്ടുകളുടെ ദുരിതം പേറി ഒടുവില്‍ കമ്മ്യൂണിസത്തെ എഴുതിത്തള്ളി ചവിട്ടിക്കൂട്ടിയ ത്രിപുരയിലെ ജനതയെ പോലെ കേരളവും സഹിക്കെട്ട് തുടങ്ങി. ദേശീയ പ്രസ്ഥാനങ്ങളുടെ ചോരയില്‍ നീന്തിത്തുടിച്ച ശവംതീനികളായ കമ്മ്യൂണിസ്റ്റുകള്‍ നാവുനീട്ടി പരസ്പരം കൊന്നൊടുക്കാന്‍ തക്കം പാര്‍ക്കുന്ന സാഹചര്യത്തില്‍ ജനത ബദല്‍ തേടിത്തുടങ്ങി. വികസന മന്ത്രങ്ങളാല്‍ ഭാരതത്തെ ലോകത്തിന്റെ നെറുകയിലേക്ക് ആനയിച്ച നരേന്ദ്രമോദിയെന്ന മഹാനായ ഭാരത പുത്രന്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികളില്‍ കേരളവും ഉള്‍പ്പുളകമണിയുകയാണ്. അതെ, കേരളവും മാറ്റത്തിന്റെ പാതയിലാണ്. ബംഗാളിനും ത്രിപുരയ്ക്കും സമാനമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയപ്പെടുന്ന കേരളമെന്നത് വിദൂര സ്വപ്‌നമല്ല, രൂപപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്.