ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ക്കും റീജണല്‍ എഡിറ്റര്‍ക്കും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്കും എതിരെ കേസ് എടുത്തതും അതിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതും കേരളത്തിലെ പൊതുസമൂഹം വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ പതിവുപോലെ ചേരിതിരിഞ്ഞിട്ടുണ്ട്. പത്രപ്രവര്‍ത്തകന്റെ തൊഴില്‍പരമായ അവകാശവും സത്യം ജനങ്ങളെ അറിയിക്കാനുള്ള അധികാരവും ഹനിക്കപ്പെടാന്‍ ശ്രമം ഉണ്ടാകുമ്പോള്‍ അതിനെതിരെ നിലപാട് എടുക്കാനും ശക്തമായി രംഗത്ത് വരാനും ഉള്ള ബാധ്യത സഹജീവികള്‍ക്കുണ്ട്. അത് അവര്‍ വേണ്ട രീതിയില്‍ നന്നായി ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ശങ്കയുണ്ട്.
ഏഷ്യാനെറ്റ് 2022 നവംബര്‍ രണ്ടിന് ആരംഭിച്ച നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് – അഥവാ മയക്കുമരുന്ന് എന്ന മോശമായ വ്യാപാരം എന്ന പരമ്പര സമൂഹത്തെ നേരായ വഴിക്ക് നടത്താനുള്ള ഉദാത്തമായ പത്ര- മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആ രീതിയില്‍ ഈ സംഭവം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എവിടെ നിന്നാണ് പ്രശ്‌നം വിവാദത്തിലേക്ക് വഴി തിരിഞ്ഞത്? വളരെ സ്വതന്ത്രവും നിഷ്പക്ഷവുമായി ഈ സംഭവം വിലയിരുത്തപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട ചിലരെയൊക്കെ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് സ്ഥലം മാറ്റുക കൂടി ചെയ്തതോടെ ഇതിന് പത്രപ്രവര്‍ത്തനത്തില്‍ ഉപരി രാഷ്ട്രീയ മാനം കൈവരികയും വളരെ മോശമായ സാഹചര്യങ്ങളിലേക്ക് ചര്‍ച്ച വഴി തിരിയുകയും ചെയ്തു. കേന്ദ്ര മന്ത്രിസഭയില്‍ അംഗമായ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍ എങ്കിലും അദ്ദേഹം അതിന്റെ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ ഇടപെടുകയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്യുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആ തരത്തില്‍ എന്തെങ്കിലും ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ കൈരളി ചാനല്‍ പോലും നല്‍കാത്ത രീതിയില്‍ മോദി വിരുദ്ധതയും ബിജെപി വിരുദ്ധതയും ഏഷ്യാനെറ്റില്‍ നിന്ന് ഉണ്ടാവില്ലായിരുന്നു. നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ മാധ്യമപ്രവര്‍ത്തനത്തില്‍ എല്ലാ രാഷ്ട്രീയക്കാരെയും വിമര്‍ശിക്കേണ്ടി വരും. അതില്‍ തെറ്റില്ല. പക്ഷേ ഏഷ്യാനെറ്റ് കഴിഞ്ഞ കുറെ കാലമായി സൗകര്യമോ സാഹചര്യമോ ഒത്താല്‍ ഉടന്‍ നരേന്ദ്രമോദിയെ വ്യക്തിപരമായി തന്നെ കഴിയാവുന്ന രീതിയില്‍ ആക്ഷേപിക്കാനുള്ള ഒരു അവസരവും വിട്ടുകളയാറില്ല.അതേസമയം ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം അതിന്റെ മാധ്യമപ്രവര്‍ത്തകരും മറ്റും മറച്ചുവെക്കാറുമില്ല. ഏഷ്യാനെറ്റ് തുടങ്ങിയ കാലത്ത് തന്നെ ശശികുമാര്‍ അടക്കമുള്ളവര്‍ ഇടതുപക്ഷാഭിമുഖ്യം പരസ്യമായി പ്രകടിപ്പിക്കുമ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ കഴിയുന്നതും വെള്ളം ചേര്‍ക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും ഉണ്ട്. പക്ഷേ അന്നു തുടങ്ങിയ ജനിതക വൈകല്യം ഇന്നും കാര്യമായ വ്യത്യാസം ഇല്ലാതെ തുടരുന്നു എന്നതാണ് ഇപ്പോഴത്തെ പുതിയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവയ്ക്ക് കാരണം.
മയക്കുമരുന്ന് മാഫിയയെ കുറിച്ച് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ ആയ നൗഫല്‍ ബിന്‍ യൂസഫ് ചെയ്ത വാര്‍ത്ത അതിനുമുമ്പ് തന്നെ കോഴിക്കോട് റിപ്പോര്‍ട്ടര്‍ ആയിരുന്ന സാനിയോ മനോമി ചെയ്തതാണ്. സാനിയ മനോമിയുടെ വാര്‍ത്ത എടുത്തിട്ട് ദൃശ്യങ്ങള്‍ മാറ്റി ശബ്ദം കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ വ്യതിയാനം വരുത്തി സ്വന്തം വാര്‍ത്തയില്‍ ഉപയോഗിക്കുകയാണ് നൗഫല്‍ ചെയ്തത്. ഒരു പുതിയ പരമ്പര തുടങ്ങുമ്പോള്‍ ഇത്രയും വലിയ സാമൂഹിക പ്രശ്‌നത്തില്‍ യഥാര്‍ത്ഥ ആളുകളുടെ ബൈറ്റ് അഥവാ ശബ്ദത്തോടെയുള്ള ദൃശ്യം കിട്ടാന്‍ വിഷമം ഉണ്ടെങ്കില്‍ പഴയത് ഉപയോഗിക്കാറുള്ളത് സര്‍വ്വസാധാരണമാണ്. പക്ഷേ പഴയത് ഉപയോഗിക്കുമ്പോള്‍ അത് ഫയല്‍ വിഷ്വല്‍ ആണ്, അല്ലെങ്കില്‍ നേരത്തെ ചിത്രീകരിച്ചതാണ് എന്ന് രേഖപ്പെടുത്താനും സംപ്രേഷണം ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ എഴുതി കാണിക്കുകയും ചെയ്യുന്നതാണ് പ്രൊഫഷണല്‍ മര്യാദ. സ്വന്തം സഹപ്രവര്‍ത്തകയായ സാനിയോ ചെയ്ത ഒരു സ്റ്റോറി ഇങ്ങനെയുള്ള ഒരു പരമ്പരയില്‍ ഉപയോഗിക്കുമ്പോള്‍ അവരോട് പറയുകയും അവരുടെ പേരു കൂടി ക്രെഡിറ്റില്‍ കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്തരം വിനാശകരമായ സാഹചര്യത്തിലേക്ക് ചാനല്‍ പോവില്ലായിരുന്നു.അതിനു പകരം സാനിയോയുടെ വാര്‍ത്തയിലെ ശബ്ദം ഉപയോഗിക്കുകയും ദൃശ്യത്തിന് സ്വന്തം ഓഫീസിലെ സ്റ്റാഫിന്റെ മകളെ മുഖം കാണാത്ത രീതിയില്‍ ചിത്രീകരിക്കുകയും ആണ് ചെയ്തത്. പോക്‌സോ നിയമമനുസരിച്ച് കേസ് ഉണ്ടാകും എന്ന സംശയത്തിലാണ് ദൃശ്യം മാറ്റിയതെന്ന വാദം പ്രഥമദൃഷ്ട്യാ തന്നെ വാസ്തവരഹിതമാണ്. ആദ്യത്തെ യഥാര്‍ത്ഥ വാര്‍ത്തയില്‍ ഉപയോഗിച്ചിരുന്ന ദൃശ്യവും ശബ്ദവും അതേപടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. ആ വാര്‍ത്ത ചെയ്ത റിപ്പോര്‍ട്ടര്‍ക്ക് ക്രെഡിറ്റ് കൊടുക്കാതിരിക്കാന്‍ വേണ്ടി ഇത് തന്റെ സൃഷ്ടിയാണെന്ന് വരുത്താന്‍ വേണ്ടി അത്യാഗ്രഹിയായ, കരിയറിസ്റ്റായ, അപക്വ മനസ്സ് കാട്ടിക്കൂട്ടിയതാണ് ഈ വിക്രിയ. തീര്‍ച്ചയായും വാര്‍ത്ത ഫില്‍റ്റര്‍ ചെയ്ത റീജിയണല്‍ മേധാവിക്കും ഡെസ്‌കിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു സഹപ്രവര്‍ത്തക ചെയ്ത വാര്‍ത്ത അതേപടി ദൃശ്യങ്ങള്‍ മാറ്റി സ്വന്തം ചാനലില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അത് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍ സംവിധാനത്തില്‍ എവിടെയോ പിഴവുണ്ട് എന്നത് വ്യക്തമാണ്. ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററേയോ ചാനല്‍ മേധാവിയെയോ കുറ്റം പറയാനോ കേസെടുക്കാനോ ഉള്ള നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല. പക്ഷേ സ്വന്തം സ്റ്റോറി തന്റെ അറിവില്ലാതെ ദൃശ്യങ്ങള്‍ തെറ്റായ രീതിയില്‍ ചിത്രീകരിച്ച് കൊടുത്തതില്‍ പ്രതിഷേധിച്ച് സാനിയോ മനോമി ഭര്‍ത്താവ് വഴി വിവരം പി.വി. അന്‍വര്‍ എംഎല്‍എക്ക് എത്തിച്ചു, ഏഷ്യാനെറ്റിനെ വെട്ടിലാക്കി എന്ന് ആരോപണം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. അതിന്റെ ശരി തെറ്റുകള്‍ പോലീസ് അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. അവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സിപിഎം നേതാക്കള്‍ ആണോ തുടങ്ങിയ കാര്യങ്ങളും ഈ വിഷയത്തില്‍ പ്രസക്തമല്ല. ഒരു പത്രപ്രവര്‍ത്തകന്റെ മര്യാദയ്ക്കും ധാര്‍മികതക്കും നിരക്കുന്ന കാര്യമല്ല നൗഫല്‍ ചെയ്തത്. സഹപ്രവര്‍ത്തകയോട് ഒരു വാക്ക് പറഞ്ഞ് ഒരു കടപ്പാട് കൊടുത്തിട്ട് അവസാനിപ്പിക്കാമായിരുന്ന ഒരു വിഷയത്തില്‍ സ്വന്തം സ്ഥാപനത്തെയും മുകളിലുള്ളവരെയും ഒരു കാര്യവുമില്ലാതെ പ്രതിക്കൂട്ടില്‍ ആക്കി എന്നത് അക്ഷന്തവ്യമായ കുറ്റം തന്നെയാണ്.
പത്രപ്രവര്‍ത്തനത്തോടുള്ള അദമ്യമായ ത്വര മാത്രമാണ് നൗഫലിനെ നയിക്കുന്നതെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന്റെ പൂര്‍വ്വകാല വാര്‍ത്തകളില്‍ പലതും ഈ തരത്തില്‍ പേരെടുക്കാന്‍ വേണ്ടി പടച്ചു കൂട്ടിയതും സൃഷ്ടിച്ചതും മാത്രമല്ല രാഷ്ട്രീയത്തിനപ്പുറം സാമുദായിക വിരോധം കൂടി തീര്‍ക്കുന്ന രീതിയിലേക്ക് വളര്‍ന്നിരുന്നു എന്നാണ് പാലത്തായി പത്മരാജന്‍ മാസ്റ്ററുടെ കേസില്‍ ആരോപണം ഉയര്‍ന്നത്. ഒരു പിഞ്ചു പെണ്‍കുട്ടിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചു എന്ന് ആരോപണം ഉയര്‍ത്തി ആ അധ്യാപകനെ എങ്ങനെയും കുറ്റക്കാരന്‍ ആക്കാന്‍ ഇതേ പോലെ തന്നെ വ്യാജ സാക്ഷികളെയും തെളിവുകളെയും പൊതുജന മധ്യത്തില്‍ കൊണ്ടുവരാന്‍ നൗഫല്‍ ശ്രമിച്ചിരുന്നു എന്നാണ് ആരോപണം. പത്മരാജന്‍ മാസ്റ്റര്‍ ക്കെതിരെ ആരോപണം ഉയര്‍ത്തിയ ദിവസം അദ്ദേഹം ഏതോ രോഗിയെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നുവെന്നും അവിടുത്തെ ദൃശ്യങ്ങളും മറ്റും ഇത് സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ വീണ്ടും അടുത്ത കളവുമായി രംഗത്തുവരികയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്. വാര്‍ത്തകള്‍ സൃഷ്ടിക്കാനും വ്യാജ തെളിവുകള്‍ ഉണ്ടാക്കാനും ഒരു ഫോണും കമ്പ്യൂട്ടറും മാത്രം ഉണ്ടായാല്‍ മതി എന്ന രീതിയിലേക്ക് ശാസ്ത്രം വളര്‍ന്നത് ധര്‍മാനുസൃതമായി സത്യത്തിനു വേണ്ടിയാണ് ഉപയോഗിക്കപ്പെടേണ്ടത്. അന്ന് ഐജിയായിരുന്ന ശ്രീജിത്ത് ഈ കേസ് അന്വേഷിച്ചിരുന്നില്ലെങ്കില്‍ രാഷ്ട്രീയ ലക്ഷ്യം കൂടി ഉപയോഗപ്പെടുത്തി പത്മരാജന്‍ മാസ്റ്ററെ കുടുക്കാന്‍ എളുപ്പമായിരുന്നു. എന്നിട്ടും ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി പുതിയ ആളെ അന്വേഷണത്തിന് വച്ചു. ഇത്തരത്തില്‍ പല വാര്‍ത്തകളും നൗഫല്‍ ചെയ്തിട്ടുണ്ട് എന്നാണ് മലബാറില്‍ മാധ്യമ രംഗത്തുള്ളവര്‍ തന്നെ വ്യക്തമാക്കുന്നത്. പത്രപ്രവര്‍ത്തനത്തില്‍ അന്വേഷണാത്മകതയും മികച്ച വാര്‍ത്തകള്‍ കണ്ടെത്താനുള്ള കഠിനാധ്വാനവും ഒക്കെ സമൂഹത്തിന്റെ അംഗീകാരം കിട്ടുന്നതാണ്. പക്ഷേ അതില്‍ ഒരിക്കലും അസത്യം ഉണ്ടാകാന്‍ പാടില്ല.സത്യം മാത്രം പറഞ്ഞ് പത്രപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനം നടത്താന്‍ ആകുമോ എന്ന ചോദ്യമാണ് ഒരു വിഭാഗം പലപ്പോഴും ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ കേരളം കണ്ട ഏറ്റവും മികച്ച പത്രപ്രവര്‍ത്തകര്‍ ഏതാണ്ട് എല്ലാവരും ഒരേ അഭിപ്രായക്കാരാണെന്ന് കരുതുന്നു. സത്യം മാത്രമേ പറയാവൂ സത്യം മാത്രമേ വാര്‍ത്തയാകുന്നുള്ളൂ. പത്രപ്രവര്‍ത്തനം പൂര്‍ണമായും സത്യാന്വേഷണമാണ്. അതില്‍ വെള്ളം ചേര്‍ത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇനിയുമുണ്ട് ഏഷ്യാനെറ്റില്‍ പൂച്ചകള്‍. പകല്‍ സിപിഎമ്മും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആയി നടക്കുന്ന ചിലര്‍.
ഒരു എഡിറ്റര്‍ പ്രത്യേക സമുദായക്കാര്‍ കൂടുതല്‍ വേണം എന്നു പറഞ്ഞ് ഭീകര സംഘടനകളും ആയി ബന്ധമുള്ളവരെ പ്രത്യേക അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തു എന്ന് മാധ്യമ രംഗത്ത് ചര്‍ച്ച സജീവമായിരുന്നു. അവരില്‍ പലരും തന്നെയാണ് ഇപ്പോള്‍ വിവാദങ്ങളില്‍ പെടുന്നതെന്ന് കാണുമ്പോള്‍ ഏഷ്യാനെറ്റിന്റെ അകത്തളങ്ങളില്‍ അരുതാത്തത് എന്തോ നിലനില്‍ക്കുന്നു എന്ന ശങ്ക വളരെ ശക്തമാണ്. പക്ഷേ ഏഷ്യാനെറ്റ് ഈ പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ മാതൃഭൂമി നല്‍കിയ പരസ്യം മൂന്നാംകിടയായി പോയി എന്ന് പറയാതിരിക്കാനാവില്ല. ശബ്ദത്തിനും ദൃശ്യത്തിനും മാറ്റമില്ല എന്നു പറഞ്ഞ് ഏഷ്യാനെറ്റിനെ കുത്താനുള്ള അവസരമായി മാതൃഭൂമി ഇത് ഉപയോഗപ്പെടുത്തി. അതും ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ മാന്യതയ്ക്ക് നിരക്കുന്നതാണോ എന്ന് ആലോചിക്കേണ്ടതാണ്. ഏഷ്യാനെറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അസുഖകരമായ സാഹചര്യം സംജാതമായത് വിനു വി ജോണിന് എതിരായ കേസിനെ തുടര്‍ന്നാണ്. ജീവിക്കാന്‍ വേണ്ടി ഓട്ടോ ഓടിച്ച ഒരാളിനെ ഹര്‍ത്താല്‍ ദിവസം ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിക്കുമ്പോള്‍ ഇതുപോലെ തന്നെ സമര നേതാവായ എളമരം കരീമിന് അനുഭവം ഉണ്ടായാലേ പഠിക്കൂ എന്ന ഒരു കമന്റ് ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞതാണ് കരീമിനെ പ്രകോപിപ്പിച്ചത്. ഒരു ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞ ഒരു വാചകം അടര്‍ത്തിയെടുത്ത് അതിന്റെ പേരില്‍ എഫ്‌ഐആര്‍ ഇടുകയും കേസെടുക്കുകയും ഒക്കെ ചെയ്യുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്? അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയില്‍ കുടപിടിക്കും എന്ന പഴഞ്ചൊല്ലാണ് ഈ കേസിന്റെ കാര്യം കേട്ടപ്പോള്‍ തോന്നിയത്. നേരത്തെ ഒരു ആക്രമണ കേസുമായി ബന്ധപ്പെട്ട് എളമരം കരീമിനെ ഞാനും വിളിച്ചിട്ടുണ്ട്. ജനം ടിവിയുടെ റിപ്പോര്‍ട്ടര്‍ ഒരു റിപ്പോര്‍ട്ട് സ്വന്തം ജോലി ചെയ്യുന്നതിനിടെ സിഐടിയു തൊഴിലാളികള്‍ തല്ലിയത് ആയിരുന്നു സംഭവം. അന്വേഷിച്ചിട്ട് വേണ്ടത് ചെയ്യാമെന്നും അറിയിക്കാം എന്നും പറഞ്ഞ് ഫോണ്‍ വെച്ച എളമരം പിന്നെ ഇതുവരെ വിളിച്ചിട്ടില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് എന്തുമാകാം എന്ന നിലപാട് ധാര്‍ഷ്ട്യമാണ്. ആ ധാര്‍ഷ്ട്യമാണ് എളമരം കരീമിനെയും പിണറായി വിജയനെയും ഒക്കെ നയിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഏഷ്യാനെറ്റ് പോക്‌സോ സംഭവത്തില്‍തെറ്റായ വാര്‍ത്ത കൊടുത്തു എന്നു പറഞ്ഞ് ഏഷ്യാനെറ്റ് ഓഫീസില്‍ കടന്നുകയറാനും അക്രമം നടത്താനും എസ്എഫ്‌ഐക്ക് എന്താണ് അധികാരം? ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനും നേര്‍വഴിക്കു നടത്താനുമുള്ള ചുമതല എസ്എഫ്‌ഐയെ ആരെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോ? കേരളത്തിന്റെ പോലീസ് എസ്എഫ്‌ഐ അക്രമികളോട് കാട്ടുന്ന മൃദു സമീപനം, സിഐടിയു അക്രമികളോട് കാട്ടുന്ന അമിത വാത്സല്യവും ലാളനയും, കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനം. അതൊക്കെ തുറന്നുകാട്ടപ്പെട്ടാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ആവുകയുള്ളൂ.
കേരളത്തിലെമാധ്യമങ്ങള്‍ രാഷ്ട്രീയത്തിന്റെയും മറ്റും പേരില്‍ ചേരിതിരിഞ്ഞ് നടത്തുന്ന പരസ്പര ആക്രമണവും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഏഷ്യാനെറ്റിനെതിരെ അക്രമം നടത്തുന്നവര്‍ ഒരിക്കല്‍ ഏഷ്യാനെറ്റിനെയും ഒപ്പം കൂട്ടി ജനം ടിവിയെ അടക്കം ആക്രമിച്ച കാര്യം കൂടി ഓര്‍മിക്കാതിരിക്കാന്‍ ആവില്ല. മംഗലാപുരത്ത് സാമുദായിക അസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്ന പേരില്‍ അവിടേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏതാനും പേരെ അറസ്റ്റ് ചെയ്ത കാര്യം ജനം ടിവി റിപ്പോര്‍ട്ട് ചെയ്തു. മംഗലാപുരത്തുനിന്ന് കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് കേരളത്തില്‍നിന്ന് എത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ച സംഭവവും അന്ന് തന്നെ ഉണ്ടായിരുന്നു. രണ്ടും ഒന്നാണെന്ന് പറഞ്ഞാണ് മീഡിയ വണ്ണിന്റെയും 24 ന്റേയും ഏഷ്യാനെറ്റിന്റെയും നേതൃത്വത്തില്‍ അന്ന് ജനം ടിവിക്കെതിരെ അക്രമം നടത്തിയത്. മംഗലാപുരം പോലീസ് കമ്മീഷണര്‍ ഹര്‍ഷയുടെ വാക്കുകളടക്കം കൊടുത്ത് ജനം ടിവി അതില്‍ വ്യക്തത വരുത്തുമ്പോള്‍ ഈ ചാനലുകളുടെ മേധാവിമാര്‍ ജനം ടിവിക്കെതിരെ മീഡിയവണ്‍ നടത്തിയ ചര്‍ച്ച സംപ്രേഷണം ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക തത്വത്തിനു പോലും എതിരായിരുന്നു അന്ന് ഇവര്‍ അനുവര്‍ത്തിച്ച നിലപാട്. ഇന്ന് ശ്രീകണ്ഠന്‍ നായരും മീഡിയ വണ്ണും ഒക്കെ ഏഷ്യാനെറ്റിനെതിരെ തിരിയുമ്പോള്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി അവരെ ഓര്‍മ്മിപ്പിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. ഒരു നൗഫല്‍ കാട്ടിയ അല്‍പ്പത്തത്തിന് ഏഷ്യാനെറ്റിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിലപാടിനോട് പിണറായി വിജയന്‍ അനുവര്‍ത്തിക്കുന്ന പോലീസ് നയത്തോട് ഒരു കാരണവശാലും യോജിക്കാനാവില്ല. പോലീസിന്റെ നിലപാടിലും ധാര്‍മികത വേണ്ടേ? സിപിഎമ്മിന് അനുകൂലമായി നിലപാടെടുക്കുന്നവര്‍ക്ക് മാത്രമേ മാധ്യമപ്രവര്‍ത്തനം നടത്താനാകൂ എന്നുപറഞ്ഞാല്‍ അതിനെതിരെ പോരാട്ടം നടത്താന്‍ പൊതുസമൂഹം ഉണ്ടാവും. അത് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി ആയതുകൊണ്ടല്ല. സ്വപ്‌ന അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പിണറായി ഏഷ്യാനെറ്റിനെതിരെ തിരിയുന്നതെന്ന് സംശയിക്കാതിരിക്കാന്‍ ആവില്ല. അതുപോലെ കെ.എന്‍.എ. ഖാദര്‍ കേസരിയുടെ വേദിയില്‍ വന്നത് അനാവശ്യ വിവാദമാക്കിയതും മാധ്യമങ്ങളാണ്. ‘ഒരു സാംസ്‌കാരിക പരിപാടിയില്‍, വിവാഹത്തില്‍, മരണത്തില്‍ പങ്കെടുത്താല്‍ വിവാദം സൃഷ്ടിക്കുന്നതെന്തിനാണ്? ഒട്ടകപക്ഷികളെപ്പോലെ പൊരി മണലില്‍ ഇനിയും തല പൂഴ്ത്തണോ? ഒരു പുതിയ സംസ്‌കാരത്തിലേക്ക് മാധ്യമങ്ങളും മാറേണ്ട കാലം അനിവാര്യമായിരിക്കുന്നു.