മുഖ്യമന്ത്രി പിണറായി വിജയന് എന്താണ് പറ്റിയത്? നിയമസഭയിലും പുറത്തും നടത്തുന്ന പ്രസംഗങ്ങളും തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലും മുഖ്യമന്ത്രിയുടെ പേരില്‍ വരുന്ന സന്ദേശങ്ങളും ഒക്കെ കൂടി വിലയിരുത്തുമ്പോള്‍ എന്തോ ഒരു പിശക് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നു. മുഖ്യമന്ത്രിയുടെ ഇത്തരം വാക്കുകളെല്ലാം തന്നെ പല ചലച്ചിത്രങ്ങളിലായി കോഴിക്കോടിന്റെ ഹാസ്യ സാമ്രാട്ടായിരുന്ന കുതിരവട്ടം പപ്പുവിന്റെ പല കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കുകയും അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. നൂറു ശതമാനം സാക്ഷരതയും ഉന്നത വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന ജീവിത നിലവാരവും ഒക്കെയുള്ള കേരളം പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പറയാവുന്നതും പെരുമാറാവുന്നതും ആയ രീതിയില്‍ ആണോ മുഖ്യമന്ത്രി പിണറായി വിജയന്റെ പോക്ക് എന്ന കാര്യത്തില്‍ സംശയമുണ്ട്.
നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അവിടെ സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും സഭ്യതയുടെയും മാന്യതയുടെയും അതിര്‍വരമ്പുകള്‍ പാലിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും സഭാ നാഥനെന്ന നിലയില്‍ മുഖ്യമന്ത്രിയും ബാധ്യസ്ഥനാണ്. തെരുവിലെ കവല ചട്ടമ്പികളെ പോലെ പദപ്രയോഗങ്ങള്‍ നടത്താനും ശരീരഭാഷ പ്രയോഗിക്കാനും അതിനേക്കാള്‍ മോശമായ രീതിയില്‍ പെരുമാറാനും ആണെങ്കില്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന പേര് മാറ്റേണ്ടിവരും. മാത്രമല്ല പണ്ട് കൗമുദി പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണന്‍ എഴുതിയത് പോലെ ഈ കെട്ടിടം ഇടിച്ചു തകര്‍ത്തു ചൊറികണം നടുന്നതാണ് ഭേദം എന്ന വാക്കുകള്‍ക്ക് ജനങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കും. മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തത് മാമുക്കോയയുടെ തെരുവു ഗുണ്ടയായ പേടിത്തൊണ്ടന്‍ കീലേരി അച്ചുവിനെ താരതമ്യപ്പെടുത്തിയാണ്.
അതിനിടെയാണ് കേരളത്തിലെ റോഡ് വികസനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. ന്യൂയോര്‍ക്കില്‍ കഴിയുന്ന മലയാളികള്‍ അടുത്തയിടെ കേരളം വന്ന് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യു.എസില്‍ എംഡിക്ക് പഠിക്കുന്ന മകനോടൊപ്പം ആണ് ന്യൂയോര്‍ക്കില്‍ ഉള്ള മലയാളി കാണാന്‍ എത്തിയത്.മെഡിസിന് പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീട് തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീട് പാലക്കാട്ടും. എല്ലാവരും ചേര്‍ന്ന് തൃശ്ശൂരില്‍ നിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്തപ്പോള്‍ ഭയങ്കര ആശ്ചര്യം. ന്യൂയോര്‍ക്കിലെക്കാളും നല്ല റോഡ് ആണല്ലോ ഇതെന്ന് അവര്‍ പരസ്പരം പറഞ്ഞു. ടണലിനുള്ളില്‍ കൂടി പോയപ്പോള്‍ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത.മുന്‍പ് അവര്‍ ഇതുവഴി പോയപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി.നാടിനുണ്ടായ മാറ്റം ആളുകള്‍ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ആണ്. ന്യൂയോര്‍ക്കിലുള്ള മലയാളിയുടെ പേര് വെളിപ്പെടുത്തന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു അനശ്വരമാക്കിയ സുലൈമാന്‍ എന്ന കഥാപാത്രം താമരശ്ശേരി ചുരത്തെക്കുറിച്ച് പറയുന്ന ഡയലോഗ് ആണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്. ഈ റോഡ് പണിതതിലോ ടണല്‍ പണിതതിലോ എന്തെങ്കിലും പങ്ക് സംസ്ഥാന സര്‍ക്കാരിന് ഉണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ഉറക്കമിളച്ചും അധ്വാനിച്ചും ഉണ്ടാക്കുന്ന നേട്ടങ്ങളുടെ അവകാശം കൈക്കില പോലും ഇല്ലാതെ സ്വന്തമാക്കുന്ന പഴയതോ പുതിയതോ ആയ പിണറായിയുടെ അഭ്യാസം കാണ്ടാമൃഗങ്ങളെയും ലജ്ജിപ്പിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ അവര്‍ മാനനഷ്ടത്തിന് കേസ് കൊടുത്തേക്കും. ഏറ്റവും കുറഞ്ഞത് ഇത്രയുമൊക്കെ പറഞ്ഞ ആ മലയാളിയുടെ പേരുവിവരം എങ്കിലും പുറത്തുവിട്ടിരുന്നെങ്കില്‍ കുറച്ചെങ്കിലും വിശ്വാസ്യത ഉണ്ടായേനെ. യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിക്കുമ്പോള്‍ ആലപ്പുഴ ബൈപ്പാസും കൊല്ലം ബൈപ്പാസും ദശാബ്ദങ്ങള്‍ പൂര്‍ത്തീകരിക്കാതെ കിടന്നതും ഇപ്പോഴും കേരളത്തിലെ തകര്‍ന്നടിഞ്ഞ റോഡുകളുടെ ചിത്രങ്ങളും വിവരണങ്ങളും ആയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും എതിരേറ്റത്.
ലൈഫ് മിഷന്‍ കോഴ ആരോപണം നിയമസഭയില്‍ അടിയന്തരപ്രമേയമായി വന്നതായിരുന്നു അടുത്ത സംഭവം. ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ ആണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് എതിരായ ആരോപണം വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഉണ്ടെന്നും അത് നീക്കാന്‍ കോടതിയെ സമീപിക്കുമോ എന്നും കുഴല്‍നാടന്‍ ചോദിച്ചു. അതിന് നിങ്ങളുടെ ഉപദേശം ആവശ്യമില്ല എന്നും മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് അതിനുള്ള സംവിധാനം ഉണ്ടെന്നും പിണറായി പറഞ്ഞു. ചോദ്യോത്തരങ്ങളിലോ സഭാ നടപടികളിലോ ഇല്ലാത്ത ക്ഷോഭത്തോടെയാണ് പിണറായി ഈ പരാമര്‍ശം നടത്തിയത.് അതേസമയം നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രതിപക്ഷ എംഎല്‍എയുടെ പ്രസംഗം നിര്‍ത്താന്‍ ഭരണപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങുന്ന സാഹചര്യവും ഉണ്ടായി. സഭയുടെ അന്തസ്സ് പാലിക്കണമെന്നും ഭരണകക്ഷി അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്നും ഉള്ള സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ കാര്യമായി പരിഗണിക്കപ്പെട്ടില്ല. കുഴല്‍നാടനുമായുള്ള വാദപ്രതിവാദം 15 മിനിറ്റോളം നീണ്ടു.ഈ സംഭവത്തിലും മുഖ്യമന്ത്രിയുടെ പരാമര്‍ശം മുഖ്യമന്ത്രിക്കോ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനോ അനുസൃതമായിരുന്നില്ല. സംഭവം രാഷ്ട്രീയമാണെങ്കിലും നിയമസഭ കൊണ്ട് എന്ത് പ്രയോജനമാണ് സാധാരണക്കാര്‍ക്ക് ഉള്ളത് എന്ന ഒരു ചോദ്യം പൊതുസമൂഹത്തില്‍ ഉയര്‍ന്നു വരുന്നത് കാണാതിരിക്കാനാവില്ല. ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലും മുഖ്യമന്ത്രിയുമായുള്ള ഈ ഏറ്റുമുട്ടല്‍ തുടര്‍ന്നു. പ്രതിപക്ഷ ഇറങ്ങിപ്പോക്കിലാണ് ഇതും അവസാനിച്ചത്.
കേരളത്തെ ജീവിക്കാന്‍ പറ്റുന്ന ഒരു ഇടമാക്കി സര്‍ക്കാര്‍ മാറ്റിയെടുത്തു എന്ന അവകാശവാദവും ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉയര്‍ത്തി. ലോക്കപ്പ് മര്‍ദ്ദനവും ഗുണ്ടാ രാജും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. പോലീസ് സേനയില്‍ പോലും ഗുണ്ടകളും മതഭീകരവാദികളും നിറയുകയും പച്ചവെളിച്ചം പോലുള്ള ഭീകര സാന്നിധ്യം ശക്തമാവുകയും ചെയ്തിട്ടും കേരളത്തിലെ ക്രമസമാധാന നിലയെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം 2023ലെ ഏറ്റവും മികച്ച തമാശയായേ കാണാന്‍ കഴിയൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമത്തില്‍ കൂടി അടുത്തിടെ വന്ന ഏതാനും പ്രതികരണങ്ങള്‍ കൂടി വിലയിരുത്തുമ്പോഴേ മുഖ്യമന്ത്രിയുടെ മാനസികാവസ്ഥയെ കുറിച്ച് വ്യക്തമാകു. ഫെബ്രുവരി 28ന് ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇസ്രഹാന്‍ ജെഫ്രിയുടെ ഓര്‍മ്മദിനമാണെന്ന പേരില്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് ഇട്ടു. കോണ്‍ഗ്രസ് പോലും ഓര്‍മ്മിക്കാത്ത അനുസ്മരിക്കാത്ത ജെഫ്രി അനുസ്മരണം പിണറായി നടത്തിയത് ഇസ്ലാമിക ഭീകരവാദികളെ പ്രീണിപ്പിക്കാന്‍ ആണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സംഘപരിവാറിന്റെ എതിരെയും പേരെടുത്തു പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആരോപണം ഉന്നയിക്കാനാണ് പിണറായി ശ്രമിച്ചത്.ഇരട്ടചങ്കന്‍ ആണെന്നും പഴയ പിണറായി ആണെങ്കില്‍ കാണിച്ചു തരുമായിരുന്നു എന്നുമൊക്കെ പറയുന്ന പിണറായി വിജയന്‍ എന്ന ഭീരു നരേന്ദ്രമോദിയുടെ പേരുപോലും പറയാതെയാണ് ആരോപണം ഉന്നയിച്ചത്.
സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പൂര്‍ണമായും കുറ്റവിമുക്തനാക്കിയ പ്രധാനമന്ത്രിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് സാമാന്യ മര്യാദയുടെ ലംഘനമാണെന്നത് പോകട്ടെ കോടതിയെ നിന്ദിക്കല്‍ ആണെന്നും നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും ബോധം ഉണ്ടാകണ്ടേ? നട്ടെല്ലിന് ബലം ഉണ്ടായിരുന്നെങ്കില്‍, ഇരട്ടചങ്കുണ്ടായിരുന്നെങ്കില്‍ പേരുപറഞ്ഞ് ആരോപണമുന്നയിച്ച് നിയമ നടപടി നേരിടാനുള്ള ധൈര്യമാണ് പിണറായി കാണിക്കേണ്ടിയിരുന്നത്. മാത്രമല്ല ജഫ്രിയുടെ മരണത്തിന് രണ്ട് ദിവസം മുമ്പാണ് ഗുജറാത്ത് കലാപത്തിന് കാരണമായ ഗോധ്ര തീവെയ്പ് കേസ് നടന്നത്. അന്ന് മരിച്ചു വീണ 59 ഹിന്ദുക്കളെ കുറിച്ച് ഒരു വാക്കുപോലും പിണറായി വിജയന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഇസ്ലാമിക ഭീകരരുടെ മാത്രം മുഖ്യമന്ത്രി ആണോ. ഭീകരര്‍ നടത്തിയ തീവെപ്പിനെ തുടര്‍ന്ന് ആണല്ലോ കലാപം ഉണ്ടായത്. ഒരു പക്ഷത്തിനു വേണ്ടി മാത്രം വായ തുറക്കുന്ന, ഇസ്ലാമിക ഭീകരതയ്ക്ക് വേണ്ടി മാത്രം സംസാരിക്കുന്ന പിണറായി വിജയന്റെ നീതിബോധം എന്താണെന്ന് പറയാനുള്ള ഉത്തരവാദിത്തം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമത്തില്‍ കൂടി അടുത്തിടെ വന്ന ഏതാനും പ്രതികരണങ്ങള്‍ കൂടി വിലയിരുത്തുമ്പോഴേ മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ വ്യക്തമാകൂ. മദ്യ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ സംവിധാനങ്ങളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നായിരുന്നു പരാമര്‍ശം. രേഖകള്‍ പരിശോധിച്ച സുപ്രീം കോടതി പോലും നടപടികളില്‍ ഇടപെടാന്‍ തയ്യാറായപ്പോള്‍, സര്‍ക്കാര്‍ നാറും എന്നുറപ്പായപ്പോള്‍ കേജരിവാള്‍ തന്നെ രണ്ടു മന്ത്രിമാരെയും രാജിവെപ്പിച്ചു. രാജാവിന് ഇല്ലാത്ത രാജഭക്തിയാണ് ഇക്കാര്യത്തിലും പിണറായി വിജയന്‍ പ്രകടിപ്പിച്ചത്. പ്രസാര്‍ ഭാരതി ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഒപ്പിട്ടതിനും മുസ്ലിംസഘടനകളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയതിന് എതിരെയും മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ് വന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പ്രസാര്‍ ഭാരതി കരാര്‍ ഒപ്പുവെച്ചത്. ലൈഫ് മിഷന്റെ കരാര്‍ അങ്ങനെയല്ല എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് പിണറായി ഇങ്ങനെയുള്ള പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. മുസ്ലിം സംഘടനകളും ആര്‍എസ്എസും തമ്മില്‍ നടത്തിയ ചര്‍ച്ച അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തി.
പറ്റാവുന്ന എല്ലായിടത്തും അഴിമതി നടത്തി സ്വന്തം കുടുംബക്കാരെ മാത്രം സേവിക്കാന്‍ സമയം കണ്ടെത്തുന്ന പിണറായിക്ക് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെടാനോ നേരാംവണ്ണം മനസ്സിലാക്കാനോ സമയമില്ല. ഇല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ന്യൂനപക്ഷത്തിലെ തീവ്രവാദ വിഭാഗങ്ങളെ പിന്തുണയ്ക്കാനും തന്റെ പദവിയും സ്ഥാനവും മറന്ന് പിണറായി നടത്തുന്ന ഇപ്പോഴത്തെ ശ്രമങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടുള്ളതാണ്. ഒരു ശക്തിക്കും രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം മുന്നണിയും സര്‍ക്കാരും നാറിക്കഴിഞ്ഞു എന്ന സത്യം തിരിച്ചറിയുന്നത് കൊണ്ടാണ് പിണറായിയുടെ സമനില തെറ്റുന്നതും അദ്ദേഹം ക്ഷോഭിക്കുന്നതും കീലേരി അച്ചുവിനെയും കുതിരവട്ടം പപ്പുവിന്റെ സുലൈമാനെയും ഒക്കെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പെരുമാറുന്നതും. ഇപ്പോള്‍ ഭേദപ്പെട്ട ഡോക്ടര്‍മാരെ കണ്ടാല്‍ ഈ പെരുമാറ്റ വൈകല്യം മാറ്റാനാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അമേരിക്കയില്‍ പോകാന്‍ പണം വേറെ കണ്ടെത്തേണ്ടിവരും എന്ന കാര്യമെങ്കിലും പിണറായി ഓര്‍മ്മിക്കണം.