പാരമ്പര്യ നെല്‍വിത്തുകളുടെ സംരക്ഷണത്തിന് പത്മശ്രീ നേടിയ വയനാട്ടിലെ നെല്‍കര്‍ഷകന്‍ ചെറുവയല്‍ രാമനുമായി കേസരി സബ് എഡിറ്റര്‍ ടി.സുധീഷ് സംസാരിക്കുന്നു.
പാരമ്പര്യ നെല്‍വിത്തുകളുടെ സംരക്ഷകന്‍ എന്ന നിലയിലാണ് താങ്കള്‍ക്ക് പത്മശ്രീ ലഭിച്ചിരിക്കുന്നത്. എന്താണ് അങ്ങയുടെ ചേതോവികാരം. എങ്ങനെയാണ് ഇങ്ങനെയൊരു പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
♠ഞങ്ങള്‍ വയനാട്ടിലെ കുറിച്യ വിഭാഗമാണ്. പരമ്പരാഗതമായി ഞങ്ങളുടെ തൊഴില്‍ കൃഷിയാണ്. കൃഷി ഒരു ഉപജീവനമാര്‍ഗ്ഗമാണ്. കച്ചവടമല്ല. പണ്ടു മുതല്‍ തന്നെ കാടുകള്‍ വെട്ടിത്തെളിച്ച് കരയില്‍ കൃഷി ചെയ്യുമായിരുന്നു. പാടത്തും കൃഷി ഉണ്ട്. വയനാട്ടിലെ കുറുച്യ വിഭാഗം കൂട്ടുകുടുംബാടിസ്ഥാനത്തിലായിരുന്നു ജീവിച്ചു പോന്നത്. നൂറ്റാണ്ടുകള്‍ക്കപ്പുറം തുടങ്ങിയതാണ് ഞങ്ങള്‍ കൃഷിപ്പണി. കുലത്തൊഴില്‍ എന്നുതന്നെ പറയാം.
ഞങ്ങള്‍ മരുമക്കത്തായക്കാര്‍ ആണ്. ഞാന്‍ ഇന്ന് നില്‍ക്കുന്ന വീട് അമ്മാവന്റേതായിരുന്നു.
കൂടാതെ ഞങ്ങള്‍ വീര പഴശ്ശിയുടെ വലംകയ്യായിരുന്ന തലക്കര ചന്തുവിന്റെ പിന്‍മുറക്കാര്‍ ആണ്. എനിക്ക് അഞ്ചാം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. 10 വയസ്സു മുതല്‍ അമ്മാവന്റെ കൂടെ കൃഷിപ്പണിക്ക് ഇറങ്ങിയതാണ്. അമ്മാവന് 40 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു. 22 ഏക്കര്‍ നെല്‍പ്പാടവും 18 ഏക്കര്‍ കരഭൂമിയും. വലിയൊരു കൂട്ടുകുടുംബം. ഈ വീടിന് 152 വര്‍ഷം പഴക്കമുണ്ട്. ഇതിന്റെ തന്നെ ഭാഗമായി മൂന്ന് നാലു വീടുകള്‍ വേറെ ഉണ്ട്. അങ്ങനെയിരിക്കെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും 1968 ല്‍ കണ്ണൂര്‍ ഡിഎംഒ ഓഫീസില്‍ എനിക്ക് ഒരു ജോലി ലഭിക്കുകയും ചെയ്തു. ജോലിയില്‍ ജോയിന്‍ ചേരാനായി അമ്മാവനോട് അനുമതിക്കായി ചോദിച്ചു. അമ്മാവന്‍ പറഞ്ഞു: ”നീയല്ലേ ഈ സ്വത്തിന്റെയൊക്കെ അവകാശി. പാടവും കരയുമായി ഇവിടെ 40 ഏക്കര്‍ ഇല്ലേ. അവിടെ പോയാല്‍ നിനക്ക് കിട്ടുന്ന ശമ്പളം വെറും 150 രൂപയല്ലേ. ഇവിടെ നിനക്ക് അധ്വാനിച്ചാല്‍ 5000 രൂപ ഉണ്ടാക്കാന്‍ സാധിക്കില്ലേ? പിന്നെ എന്തിന് ഇത് ഉപേക്ഷിച്ച് നീ ആ ജോലിക്ക് പോകണം?”. അമ്മാവന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. തുടര്‍ന്ന് കൃഷിയിലേക്ക് പൂര്‍ണ്ണമായും ഇറങ്ങി. 1989 ല്‍ അമ്മാവന്റെ മരണത്തോടെ കൃഷിയും കുടുംബവുമൊക്കെ താറുമാറായി. എല്ലാവരും പിരിഞ്ഞു പോയി. ഞങ്ങളുടേത് അണുകുടുംബമായി മാറി. എനിക്ക് ഒരു 3 ഏക്കര്‍ പാടവും 3 ഏക്കര്‍ കരഭൂമിയും ലഭിച്ചു. അതില്‍ സ്വന്തമായി കൃഷി ആരംഭിച്ചു. അങ്ങനെയാണ് 2000 മുതല്‍ നാടന്‍ നെല്‍വിത്തുകള്‍ ശേഖരിക്കാനും ഇങ്ങനെയൊരു പ്രവര്‍ത്തനം ആരംഭിക്കാനും ഇടയായത്. എല്ലാ തരത്തിലുമുള്ള നാടന്‍ വിത്തുകള്‍ ശേഖരിക്കുകയും ഇങ്ങനെയൊരു വീട് നിലനിര്‍ത്തുകയും ചെയ്തു. വിത്ത് സംരക്ഷണം മാത്രമല്ല സാമൂഹ്യമായും സാംസ്‌കാരികമായും രാഷ്ട്രീയമായും തൊഴില്‍പരമായുമുള്ള അറിവുകള്‍ ഞാന്‍ ശേഖരിച്ചു. ഒട്ടനവധി കുട്ടികളും നാട്ടുകാരും പൊതുജനങ്ങളും കൃഷിപരമായും പ്രകൃതിസംബന്ധമായും മാത്രമല്ല നാട്ടറിവുകളും കാട്ടറിവുകളും പങ്കുവെയ്ക്കാന്‍ ഇവിടെ വരുന്നു. ഞാന്‍ ഇവിടെ കുറേ പഴമകള്‍ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. സന്ദര്‍ശകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തിയ അഞ്ചോളം സന്ദര്‍ശക ബുക്കുകള്‍ ഇവിടെ ഉണ്ട്. എന്റെ പ്രവര്‍ത്തനം മുഴുവന്‍ ലോകം അറിയും. ഒരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബ്രസീലില്‍ പോയി. എഴുപതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഞാന്‍ തനി നാടന്‍ വേഷത്തില്‍ തന്നെയാണ് അവിടെ ഇരുന്നത്. നിരവധി പേര്‍ എന്നോട് താങ്കള്‍ ഇന്ത്യയില്‍ നിന്നുള്ള ആളല്ലേ എന്ന് ചോദിച്ചു. നിങ്ങളല്ലേ വിത്ത് സംരഷിക്കുന്നത്. പേര് രാമന്‍ എന്നല്ലേ എന്നൊക്കെ ചോദിച്ചു. എന്നെ ലോകം അറിയുന്നതില്‍ എനിക്ക് അഭിമാനം തോന്നി. എനിക്കു വേണ്ടി പത്മശ്രീക്കായി നിരവധി പേര്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതായി അറിയാന്‍ സാധിച്ചു. ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റും അയച്ചതായി അറിഞ്ഞു. ഇതാണ് പത്മശ്രീ ലഭിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നത്. എത്ര വലിയ അവാര്‍ഡ് കിട്ടിയാലും ഞാനൊരു സാധാരണക്കാരനാണ്. ഇന്ന് പത്മശ്രീയൊക്കെ സാധാരണക്കാരിലെത്തിച്ചേര്‍ന്നത് നല്ല കാര്യമാണ്.
പഴമക്കാര്‍ ഉപയോഗിച്ച പല സാധനങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി കാണുന്നുണ്ടല്ലോ.
♠ഞാന്‍ ഇവിടെ ഒരുപാട് പുരാവസ്തു സാമഗ്രികള്‍ സൂക്ഷിക്കുന്നുണ്ട്. പഴമക്കാര്‍ ഉപയോഗിച്ച എല്ലാ സാമഗ്രികളും ഇവിടെ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇതൊക്കെ മ്യൂസിയത്തിലേക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞാന്‍ ഇവിടെ സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി നിരവധി പേര്‍ ഇത് കാണാനും പഠിക്കാനും ഇവിടെ വരാറുണ്ട്. പല വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെ എത്താറുണ്ട്.
നിരവധി കാര്‍ഷിക കോളേജുകള്‍ ഇവിടെയുണ്ട്. കൃഷിയിലുള്ള അങ്ങയുടെ വിജ്ഞാനം ഇവര്‍ ഉപയോഗപ്പെടുത്താറുണ്ടോ.
♠ഉണ്ട്. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള അറിവുകള്‍ ഇല്ല. പ്രായോഗിക അറിവുകള്‍ താരതമ്യേന കുറവാണ്. ഇവിടെ വരുന്ന വിദ്യാര്‍ത്ഥികളോട് ഒരു ചെടിക്ക് എത്ര വേരുകള്‍ ഉണ്ടെന്ന് ചോദിച്ചാല്‍ അവരില്‍ പലര്‍ക്കും അറിയില്ല. ഓരോ വേരിന്റേയും പ്രവര്‍ത്തനം പഠിക്കണം. അതിന് പ്രായോഗിക പരിശീലനം വേണം. അവരുടെ ഗവേഷണം ലാബിലാണ്. എന്റെ ഗവേഷണം ലാന്റിലാണ്. അവരുടെ ഗവേഷണത്തിന്റെ ഫലമറിയാന്‍ കാലതാമസമെടുക്കും. എന്റെ ഗവേഷണത്തിന്റെ ഫലം അറിയാന്‍ എനിക്ക് ഏതാനും നിമിഷങ്ങളോ മിനിറ്റുകളോ മതിയാകും. അതുകൊണ്ട് അവര്‍ ലാബുകളില്‍ നിന്ന് കൃഷിക്കാരുടെ ഇടയിലേക്ക് ഇറങ്ങണം. കോളേജില്‍ നിന്ന് കിട്ടുന്ന അറിവ് മാത്രം നേടിയാല്‍ പോരാ. പഴമക്കാരുമായി ഇടപഴകണം. അവരോട് ചോദിച്ചറിയണം. ആര്‍ക്കിടെക്ച്ചറിന് പഠിക്കുന്ന കുട്ടികള്‍ ഇവിടെ വരാറുണ്ട്. അവരില്‍ ചിലര്‍ ചോദിക്കും ഈ പുല്ലുമേഞ്ഞ വീട് എന്തിനാണ് ഇങ്ങനെ നിലനിര്‍ത്തുന്നത് എന്ന്. അവരോട് ഞാന്‍ പറയും നല്ല പ്രതിരോധ ശേഷിയുള്ള വീടാണ് ഇതെന്ന്. കൊറോണ ഇവിടെ വരില്ല. ചാണകം തളിച്ചും ചാണകം കൊണ്ട് മെഴുകിയ നിലവുമൊക്കെയുള്ള വീടായതു കൊണ്ട് അണുക്കള്‍ നിലനില്‍ക്കില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മാരക രോഗം പിടിപെട്ടതായി ഓര്‍ക്കുന്നുമില്ല.
73 വയസ്സായി. ഇത്രയും കാലത്തെ ജീവിതത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
♠ആത്മസംതൃപ്തിയോടെ തന്നെയാണ് ഞാന്‍ ഇത്രയും കാലത്തെ ജീവിതത്തെ നോക്കിക്കാണുന്നത്. ഇന്ന് ഇപ്പോള്‍ ഇവിടെ ഇരിക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും ഊര്‍ജ്ജവും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. പ്രകൃതിയോടും പരിസ്ഥിതിയോടും സമരസപ്പെട്ടുകൊണ്ടുള്ള ജീവിതം. ഞാന്‍ താമസിക്കുന്ന വീട് തന്നെ നോക്കൂ. ഫാന്‍ വേണ്ട, എ.സി വേണ്ട. ഇന്ന് സാധാരണ ജനങ്ങള്‍ കാണിക്കുന്നത് പണം കൊടുത്ത് വലിയ വീടുണ്ടാക്കുക. എന്നിട്ട് അതിനുള്ളില്‍ കിടന്ന് നരകിക്കുക. ലക്ഷങ്ങള്‍ മുടക്കി ദുരിതം ഏറ്റുവാങ്ങുക. ഇവിടെ എനിക്ക് അഞ്ച് പൈസ മുടക്കില്ല. സുഖമായി അകത്ത് കിടന്നുറങ്ങാം. ബാങ്ക് ലോണില്ല, കൈവായ്പയില്ല അങ്ങനെ ഒന്നുമില്ല. പണ്ടൊക്കെ എല്ലാവരുടേതും പോലെ ഞങ്ങളുടേതും കൂട്ടുകുടുംബമായിരുന്നു. അവിടെ എല്ലാ പ്രശ്‌നങ്ങളും പങ്കുവെയ്ക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു. ഇന്ന് അണുകുടുംബമാണ്. ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ കുട്ടികളും മാത്രം. ഇവരുടെ ഇടയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ പങ്കുവെയ്ക്കാന്‍ ആളുകളില്ല. ഭാര്യ ഒരു വഴിയ്ക്ക് പോകും, ഭര്‍ത്താവ് വേറൊരു വഴിക്ക് പോകും. ഭാര്യ ഒരിടത്ത് പോയി തൂങ്ങും ഭര്‍ത്താവ് മറ്റൊരിടത്ത് തൂങ്ങും. കുട്ടികള്‍ അനാഥമാകും. ഇവരൊന്നും ജീവിക്കാന്‍ പഠിച്ചിട്ടില്ല. ജീവിത ചിലവുകള്‍ നിയന്ത്രിക്കാനോ ആസൂത്രണം ചെയ്യാനോ അറിയില്ല. ഗാന്ധിജി പറഞ്ഞത് കുറഞ്ഞ ഭക്ഷണം കൂടുതല്‍ അധ്വാനം എന്നാണ്. എന്നാല്‍ നമ്മള്‍ അത് കുറഞ്ഞ അധ്വാനവും കൂടുതല്‍ ഭക്ഷണവും എന്നാക്കി മാറ്റി. വസ്ത്രമാണെങ്കില്‍ ആവശ്യത്തിലേറെ. അതിനിടയില്‍ ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ വേറെയും. ഫ്രിഡ്‌ജൊക്കെ മോര്‍ച്ചറി പോലെയാണ്. ചത്തത് കൊണ്ടു സൂക്ഷിക്കുന്ന സ്ഥലം. ദിവസങ്ങളോളം ഉപയോഗിക്കും. പിന്നെ എങ്ങനെ ഓരോ അസുഖങ്ങള്‍ വരാതിരിക്കും. ചത്ത ശവവും വെന്ത ചോറും വെക്കാന്‍ പാടില്ല എന്നാണ് പറയാറ്.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കുറച്ച് ഉയര്‍ന്ന പോസ്റ്റില്‍നിന്ന് പിരിയാമായിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അത് ഒഴിവാക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ.
♠ഒരിക്കലും തോന്നിയിട്ടില്ല. കാരണം എന്നെ ഇന്ന് ലോകം അറിയുന്നത് കൃഷി മേഖലയില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ്. കൃഷിക്കുവേണ്ടി ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിച്ചതിനാലാണ്. അല്ലെങ്കില്‍ ഏതെങ്കിലും ക്വാര്‍ട്ടേഴ്‌സില്‍ അന്തിയുറങ്ങിക്കൊണ്ട് ഞാനും എന്റെ ഭാര്യയും ജീവിതം കഴിച്ചേനേ. എന്നെ ആരറിയാനാണ്. അടുത്ത വീട്ടുകാരന്‍ പോലും അറിയില്ല. പത്മശ്രീ ലഭിച്ചതോടെ ലോകം മുഴുവന്‍ അറിയുന്ന ഒരാളായി മാറി. ഇത് കോടികള്‍ മുടക്കിയാല്‍ കിട്ടുന്ന അംഗീകാരമാണോ ? ഒരിക്കലുമല്ല. ഇതിന് വിലമതിക്കാനാകില്ല.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തില്‍നിന്ന് എത്രമാത്രം പിന്തുണ ലഭിച്ചിട്ടുണ്ട്.
♠കുടുംബത്തിന് ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ ഗൗരവം വേണ്ട രീതിയില്‍ മനസ്സിലായിരുന്നില്ല. ഒരു കാലത്ത് കുടുംബവും ഭാര്യയും മക്കളും അയല്‍ക്കാരുമെല്ലാം വല്ലാതെ വിമര്‍ശിച്ചിരുന്നു. എനിക്ക് ഭ്രാന്താണെന്ന് പോലും പറഞ്ഞിട്ടുണ്ട്. നാറാണത്ത് ഭ്രാന്തന്റെ പണിയെടുക്കുന്നു എന്ന് പറഞ്ഞവരുണ്ട്. പഴയനെല്ല് ശേഖരിക്കുന്നു. ആര്‍ക്കും കൊടുക്കുന്നില്ല, വില്‍ക്കുന്നുമില്ല. എന്തിന്റെ ആവശ്യമാണ് എന്ന്് തുടങ്ങിയുള്ള ആക്ഷേപങ്ങള്‍. ഞാന്‍ എല്ലാം കേട്ടുകൊണ്ട് ഒന്നും പ്രതികരിക്കാതെ നില്‍ക്കുകയായിരുന്നു പതിവ്. ചില ഭ്രാന്തുകളൊക്കെ വേണമല്ലോ. അങ്ങനെയുള്ള ഭ്രാന്തന്മാരുണ്ടായിരുന്നതു കൊണ്ടാണല്ലോ ഈ ലോകം നിലനില്‍ക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ.
♠അതാണ് ഒരു സങ്കടം. ഒരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇനിയെങ്കിലും ഏതെങ്കിലും തരത്തിലുള്ള സഹായമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നെല്‍കൃഷി ഒരു നഷ്ടക്കച്ചവടമാണെന്ന് പറയാറുണ്ട്. പണിയെടുക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന നഷ്ടം എന്നിങ്ങനെ. എന്താണ് അനുഭവം.
♠കൃഷി അത്രയൊന്നും നഷ്ടമാണെന്ന് പറയാന്‍ കഴിയില്ല. താന്‍ കൂടി ഇറങ്ങി പണിയെടുക്കണം എന്നു മാത്രം. വരമ്പത്ത് നിന്നുകൊണ്ടോ റോഡില്‍ നിന്നുകൊണ്ടോ നിര്‍ദ്ദേശം കൊടുക്കുന്ന രീതിയില്‍ ആകരുത്. അങ്ങനെ വന്നാല്‍ നഷ്ടക്കച്ചവടം തന്നെയായിരിക്കും. നെല്ലിനും അരിക്കും വൈക്കോലിനുമെല്ലാം ഇന്ന് നല്ല വിലയുണ്ട്. ജൈവ കൃഷിയാണെങ്കില്‍ നല്ല വില തന്നെ കിട്ടും. പരിശ്രമിച്ചാല്‍ ലാഭം കിട്ടും. കിടക്കയില്‍ കിടന്ന് മൊബൈലില്‍ വിത്തിട്ടോ, വളമിട്ടോ, ഞാറ് വിരിച്ചോ, പണിക്കാര്‍ എത്രയുണ്ട് എന്നൊക്കെ ചോദിച്ചാല്‍ നഷ്ടമായിരിക്കും. കുടുംബ സമേതം കൃഷിയിലേക്ക് ഇറങ്ങണം എന്നാണ് ഞാന്‍ പറയുക. ഇപ്പോഴത്തെ സ്ഥിതിയെന്താ ? ആന്ധ്രയില്‍ നിന്ന് അരി വരണം. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയും പൂവും വരണം ഒരു കല്യാണം നടക്കണമെങ്കില്‍. മരിച്ചാല്‍ നെഞ്ചത്ത് റീത്തു വെക്കണമെങ്കിലും പൂവും മറ്റും അവിടുന്നു വരണം.
കൃഷി ഉപജീവനം എന്നതിലുപരി ഒരു സംസ്‌കാരമാണ്. അതിന്റെ സംരക്ഷകന്‍ എന്ന നിലയിലുള്ള സംതൃപ്തി കൂടി അങ്ങേയ്ക്കുണ്ടാകില്ലേ.
♠ശരിയാണ്. കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നാണ് നമ്മുടെ ദൈവ സങ്കല്പം പോലും ഉയര്‍ന്നുവന്നത് എന്ന് ഞാന്‍ പറയും. ഞാന്‍ ഒരു പ്രകൃതി സ്‌നേഹിയാണ്. പ്രകൃതി പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്. ഈ പഞ്ചഭൂതങ്ങളെത്തന്നെയാണ് നാം ദൈവമായി ആരാധിക്കുന്നതും. അതുകൊണ്ട് ഈ പ്രകൃതിയുടെ ഉപാസകന്‍ കൂടിയാണ് ഞാന്‍.
പത്മശ്രീ പോലുള്ള അംഗീകാരങ്ങള്‍ ഒരു കാലത്ത് വരേണ്യവര്‍ഗ്ഗത്തിന് മാത്രം മാറ്റിവച്ചതായിരുന്നു. ഇന്ന് അത് സാധാരണക്കാരുടേയും അര്‍ഹതയുള്ളവരുടേയും കൈകളില്‍ എത്തിച്ചേര്‍ന്നു. എന്തു തോന്നുന്നു.
♠ശരിയാണ്. വലിയൊരു മാറ്റം തന്നെയാണ് അത്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ പുനര്‍ചിന്തനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിട്ടുണ്ടാവുക. ഏറ്റവും പിന്നാക്ക പ്രദേശമായ വയനാട്ടിലെ ഒരു ഗോത്രവര്‍ഗ്ഗ അംഗത്തിന് പത്മശ്രീ നല്‍കുക എന്നത് ഭരിക്കുന്നവരില്‍ ഉണ്ടായ മാറ്റത്തെയാണ് മനസ്സിലാക്കിത്തരുന്നത്. ഇന്ന് നമ്മുടെ രാഷ്ട്രപതിയും ഒരു ഗോത്രവര്‍ഗ്ഗ അംഗമാണെന്ന് തിരിച്ചറിയുമ്പോഴാണ് സമത്വത്തിന്റെ ലോകത്തിലേക്കാണ് നാം നടന്നു നീങ്ങുന്നതെന്ന് മനസ്സിലാകുക.
നെല്‍ വിത്തിന്റെ സംരക്ഷണത്തിന് എന്ത് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
♠പരമ്പരാഗതമായുള്ള സംവിധാനമാണ് ഉള്ളത്. വിത്ത് കൊണ്ടുവന്ന് ഉണക്കുക, അതിന്റെ പക്കം നോക്കുക, 14 ദിവസം മഞ്ഞും വെയിലും കൊണ്ട് വിത്ത് ഉണക്കുക പിന്നെ അത് സൂക്ഷിക്കുക. അങ്ങനെയൊക്കെയാണ് രീതി.
വയനാട് വയല്‍നാട് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് അതിന്റെ തനിമ നഷ്ടപ്പെട്ടു എന്നൊക്കെ പറയുന്നു. എന്താണ് യാഥാര്‍ത്ഥ്യം.
♠വയനാടില്‍ വയലിന്റെ നനവ് മാത്രമല്ല നഷ്ടപ്പെട്ടുപോയത്. അതിന്റെ സ്വത്വം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അത് മരുഭൂമിയായിക്കൊണ്ടിരിക്കുകയാണ്. കാടു പോയി, മരം പോയി, പുല്ല് പോയി. 22 തരം പുല്ല് ഇവിടെ ഉണ്ടായിരുന്നു. കന്നുകാലികള്‍ക്കും കാട്ടുപോത്തുകള്‍ക്കും മുയലുകള്‍ക്കും ഒക്കെ തിന്നാന്‍ പറ്റുന്നവ. ഏതെല്ലാം മൃഗങ്ങള്‍ ഉണ്ടായിരുന്നു. എത്രതരം പക്ഷികള്‍ ഉണ്ടായിരുന്നു. എന്തിനേറെ പറയുന്നു വയലില്‍ എന്തെല്ലാം പ്രാണികള്‍ ഉണ്ടായിരുന്നു. ഞണ്ടുണ്ടായിരുന്നു, ചെറിയ മീനുകളുണ്ടായിരുന്നു. ആരാണ് ഇതെല്ലാം നശിപ്പിച്ചത്? മനുഷ്യര്‍ തന്നെ. അവരുടെ അത്യാര്‍ത്തിയാണ് ഈ നാശത്തിനെല്ലാം കാരണം. അമിതമായ പ്രകൃതി ചൂഷണമാണ് ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തത്. ഇതുകാരണം കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചു. 73 വര്‍ഷമായി വയനാട്ടില്‍ ജീവിക്കുന്നു. എല്ലാ മാറ്റവും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 6 തരം മഴ ഉണ്ടായിരുന്നു ഇവിടെ. 5 തരം കാറ്റുണ്ടായിരുന്നു. ഇന്ന് അതൊന്നും ഇല്ല. എല്ലാം തെറ്റിച്ചു. പ്രകൃതിയിലെ കോടാനുകോടി ജീവികളില്‍ ഒന്ന് മാത്രമാണ് നമ്മള്‍. എന്നാല്‍ മനുഷ്യര്‍ സ്വന്തം താല്പര്യത്തിനു വേണ്ടി മറ്റെല്ലാറ്റിനേയും നശിപ്പിച്ചു.
ഗ്രോത്രവിഭാഗക്കാര്‍ മാത്രം ഉപയോഗിക്കുന്ന ചില നെല്ലുകള്‍ ഉണ്ടല്ലോ. അത് ഏതൊക്കെയാണെന്ന് പറയാമോ.
♠അങ്ങനെ പറയാന്‍ സാധിക്കില്ല. 14 ജില്ലകളില്‍ 14 ഇനം വിത്തുകളുണ്ട്. അതെല്ലാം അവിടുത്തെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായി രൂപപ്പെട്ടതാണ്. മണ്ണിനും പ്രകൃതിക്കും യോജിച്ച രീതിയില്‍ ഉണ്ടായതാണ്. വയനാട്ടില്‍ നിന്ന് വയനാടന്‍ നെല്ലുണ്ടായി. വെളിയന്‍, തൊണ്ടി, ചെന്നെല്ല്, കണ്ണിചെന്നെല്ല്, ഗന്ധകശാല, ജീരകശാല, അടുക്കന്‍, പാല്‍ വെളിയന്‍, മുള്ളന്‍ കയമ, ഉരുളി കയമ തുടങ്ങി നിരവധി തരത്തിലുള്ളതുണ്ട്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമൊക്കെ ആരോഗ്യ സംവര്‍ദ്ധനത്തിന് കൊടുക്കുന്ന പലതരം അരികള്‍ ഉണ്ട്. ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ചൊക്കെ ശാസ്ത്രീയമായി ലാബില്‍ ടെസ്റ്റ് ചെയ്ത് പുറത്തു പറയണം. ഇന്ന് ഭക്ഷണം കഴിച്ച് പലരും രോഗിയായി മാറുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കേണ്ടേ. ഇന്നത്തെ ഭക്ഷണശീലം മാറിയില്ലേ. കുഴിമന്തി, ഷവര്‍മ, അല്‍ഫാം തുടങ്ങി എന്തൊക്കെ തരത്തിലുള്ള ഭക്ഷണങളാണ്. നമ്മുടെ ഭക്ഷണ സംസ്‌കാരം മാറ്റുന്നത് നമ്മള്‍ തന്നെയാണ്. രുചിക്കൂട്ട് മാറ്റുന്നു. എന്തെല്ലാം രുചിക്കൂട്ടുകളാണ് ഇപ്പോള്‍. ടി.വി യിലെ പരസ്യം നോക്കി തീരുമാനിക്കുന്നു.
പാരമ്പര്യ കാര്‍ഷിക വിജ്ഞാനത്തെ സംരക്ഷിക്കാന്‍, വരുന്ന തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ രാമേട്ടന്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്.
♠ഞാന്‍ ഒറ്റയ്ക്ക് എന്ത് ചെയ്യാനാണ്. കുടിലു മുതല്‍ കൊട്ടാരം വരെ എല്ലാവരും ഒത്തുചേര്‍ന്ന് ജയ് ജവാന്‍, ജയ് കിസാന്‍ എന്നു പറയണം. സമൂഹത്തിലെ എല്ലാവരും ഒരുമിച്ചു വരണം. ഇന്ത്യന്‍ പ്രസിഡന്റ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടക്കം ഇതിന് നേതൃത്വം കൊടുക്കണം.