യൂറോപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 1871 ലെ പാരീസ് കമ്യൂണ്‍ മുതല്‍ 1991 ലെ സോവിയറ്റ് യൂണിയന്റെ പതനം വരെ പരാജയത്തിന്റെ ഒരു പരമ്പരയാണ് കാറല്‍ മാര്‍ക്‌സ്. മാര്‍ക്‌സിന്റെ മരണാനന്തര ജീവിതവും ഈ പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടു എന്നുവേണം പറയാന്‍. പക്ഷേ മൗലികവും പരിഹാസ്യവും ചിലപ്പോഴൊക്കെ ജുഗുപ്‌സാവഹവുമായ ഓരോ പരാജയങ്ങള്‍ക്കുശേഷവും അനുയായികള്‍ മാര്‍ക്‌സിനെ വിജയിയായി പ്രഖ്യാപിക്കും! ഓരോ കുരിശുമരണത്തിനുശേഷവും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കല്‍! ഇങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന അനേകം മാര്‍ക്‌സുമാരില്‍ ഒരാളാണ് കള്‍ച്ചറല്‍ മാര്‍ക്‌സ്.
തത്വചിന്തകന്മാര്‍ ലോകത്തെ വ്യാഖ്യാനിക്കുകയായിരുന്നു. അതിനെ മാറ്റിമറിക്കുകയാണ്് വേണ്ടത് എന്നു പറഞ്ഞ മാര്‍ക്‌സും ലോകത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നല്ലോ. മറ്റാരെക്കാളും എന്നുകൂടി പറയുന്നത് തെറ്റായിരിക്കില്ല. സ്വാഭാവികമായും മാര്‍ക്‌സിന്റെ അനുയായികളും ഇതുതന്നെ ചെയ്തു. ഇവരില്‍ ബഹുഭൂരിപക്ഷവും ലോകത്തെ കൈവിട്ട് മാര്‍ക്‌സിസത്തെയാണ് വ്യാഖ്യാനിച്ചതെന്നു മാത്രം. പാരമ്പര്യ മാര്‍ക്‌സിസം, നവ മാര്‍ക്‌സിസം, ആധുനിക മാര്‍ക്‌സിസം എന്നൊക്കെ വിഭജിച്ച് യഥാര്‍ത്ഥ മാര്‍ക്‌സിസത്തിന്റെ പരാജയങ്ങളെ മൂടിവയ്ക്കുകയും, മാര്‍ക്‌സിനെ തെറ്റാവരം ലഭിച്ച പ്രവാചകനാക്കി മാറ്റുകയും ചെയ്യുന്ന ഈ രീതിയുടെ ഉല്‍പ്പന്നമാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസവും.
കള്‍ച്ചറല്‍ മാര്‍ക്‌സിസം അഥവാ സാംസ്‌കാരിക മാര്‍ക്‌സിസം എന്ന വിശേഷണത്തില്‍തന്നെ പൊരുത്തക്കേടുണ്ട്. മാര്‍ക്‌സ് ഗൗരവത്തോടെ പരിഗണിച്ച ഒന്നല്ല സാംസ്‌കാരിക മേഖല. സംസ്‌കാരത്തെക്കുറിച്ച് സവിശേഷമായ പഠനങ്ങളും മാര്‍ക്‌സ് നടത്തിയിട്ടില്ല. സമൂഹനിര്‍മിതിയില്‍ സംസ്‌കാരത്തിന് വലിയ പങ്കുള്ളതായി കരുതാതിരുന്നതാണ് ഇതിന് കാരണം. സമൂഹത്തിന്റെ വര്‍ഗസ്വഭാവം നിര്‍ണയിക്കുന്നത് സാമ്പത്തികാടിത്തറയാണെന്നും, കലയും സാഹിത്യവുമൊക്കെ ഉള്‍ക്കൊള്ളുന്ന സംസ്‌കാരം ഉപരിഘടനയിലെ പ്രതിഫലനമാണെന്നുമുള്ളത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്. വ്യക്തികളുടെപോലും സ്വഭാവത്തെ നിര്‍ണയിക്കുന്നത് ഭൗതിക സാഹചര്യമാണെന്നു തന്നെ മാര്‍ക്‌സ് പറയുന്നുണ്ട്.(144)”for notion of individual depends in the material condition determining their production” എന്നാണ് മാര്‍ക്‌സിന്റെ വാക്കുകള്‍. കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ചിലപ്പോഴൊക്കെ മാര്‍ക്‌സ് വാചാലനായിട്ടുണ്ടെങ്കിലും സംസ്‌കാരത്തെ ഉപരിഘടനയായി മാത്രം കാണുന്ന നിലപാടിന് മാറ്റം വരുത്തിയില്ല.
നിരന്തരം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്ന് മാര്‍ക്‌സിന്റെ സാമ്പത്തിക നിര്‍ണയ വാദത്തിന് വിശ്വാസ്യത നഷ്ടമായതാണ് സംസ്‌കാരത്തിന്റെ മേഖലയിലേക്ക് തിരിയാന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകന്മാരെ പ്രേരിപ്പിച്ചത്. ഇതോടെ മാര്‍ക്‌സ് അവഗണിച്ചിരുന്ന ഉപരിഘടനയ്ക്ക് പ്രാമുഖ്യം ലഭിക്കാന്‍ തുടങ്ങി. എന്നുമാത്രമല്ല, സാമ്പത്തികാടിത്തറയ്ക്കും സാംസ്‌കാരിക ഉപരിഘടനയ്ക്കും ഒരേ പ്രാധാന്യമാണുള്ളതെന്ന നിലവന്നു. കലാപരവും സാഹിത്യപരവുമായ സാംസ്‌കാരിക ഉപലബ്ധികള്‍ വെറും പ്രതിഫലനങ്ങള്‍ മാത്രമല്ലെന്നും, അടിത്തറയെ ആശ്രയിക്കാതെതന്നെ ഇതിന് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്നും അംഗീകരിക്കപ്പെട്ടു. ഫ്യൂഡല്‍ സമൂഹത്തിന്റെ പ്രതിനിധികളായ ബല്‍സാക്ക്, ദാന്തെ, ഗെയ്‌ദെ മുതലായ സാഹിത്യകാരന്മാരെ വായിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്ന മാര്‍ക്‌സിനെക്കുറിച്ച് അനുയായികളും വിമര്‍ശകരും ആവേശംകൊള്ളാന്‍ തുടങ്ങി. അതുവരെ സാമ്പത്തികമാത്ര കാഴ്ചപ്പാടില്‍ കലയെയും സാഹിത്യത്തെയുമൊക്കെ വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്തവരും അവരുടെ പിന്‍മുറക്കാരും സമര്‍ത്ഥമായി മറുകണ്ടം ചാടി. വേദങ്ങള്‍ ആട്ടിടയന്മാരുടെ പാട്ടുകളായി കണ്ട ഡി.ഡി. കൊസാംബിയെപ്പോലുള്ളവരും, കാളിദാസനെ കാലത്തിന്റെ ദാസനായി കണ്ട ജോസഫ് മുണ്ടശ്ശേരിയും മലയാളികള്‍ക്ക് സുപരിചിതരാണല്ലോ.
മാര്‍ക്‌സിനെ ഉടച്ചുവാര്‍ത്ത് ഗ്രാംഷിയുടെ രംഗപ്രവേശം
മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തില്‍ സംസ്‌കാരം സംബന്ധിച്ച ഈ ന്യൂനത അല്ലെങ്കില്‍ വിടവ് മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാരില്‍ ചിലര്‍ക്ക് നേരത്തെ ബോധ്യപ്പെട്ടതാണെങ്കിലും ആചാര്യന്റെ പ്രഭാവലയത്തിന് മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ ഇവരാരും അതിനെക്കുറിച്ച് പറഞ്ഞില്ല. സോവിയറ്റ് യൂണിയനില്‍ ലെനിന്‍ രാഷ്ട്രീയമായി മാര്‍ക്‌സിനെ തള്ളി പുതിയ സാമ്പത്തിക നയവും (എന്‍ഇപി) മറ്റും കൊണ്ടുവന്നതുപോലെ മാര്‍ക്‌സിന്റെ ‘സാംസ്‌കാരിക ദാരിദ്ര്യം’ പരിശോധിക്കാനും പരിഹരിക്കാനും ആളുണ്ടായില്ല. ഇവിടെയാണ് ഇറ്റാലിയന്‍ കമ്യൂണിസ്റ്റായ ആന്റോണിയോ ഗ്രാംഷിയുടെ ശരിയായ രംഗപ്രവേശം. കാറല്‍ മാര്‍ക്‌സിനെ ഉടച്ചുവാര്‍ത്ത് സാംസ്‌കാരിക മാര്‍ക്‌സിനെ നിര്‍മിക്കുകയായിരുന്നു ഗ്രാംഷി എന്ന് ഒറ്റവാചകത്തില്‍ പറയാം.
ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു ഗ്രാംഷി (1897-1937). ആ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം 1927 മുതല്‍ 1935 വരെ ഗ്രാംഷിയെ ജയിലിലടച്ചു. തടവുമുറിയിലെ വിരസതയകറ്റാനായിക്കൂടി പേന കയ്യിലെടുത്ത ഗ്രാംഷി രാഷ്ട്രീയം, സംസ്‌കാരം, ഇറ്റലിയുടെ ചരിത്രം, ഭരണകൂടവും പൗരസമൂഹവും തമ്മിലെ ബന്ധം എന്നിവയെക്കുറിച്ച് എഴുതാന്‍ തുടങ്ങി. ജയിലിലെ പതിവ് സന്ദര്‍ശകയായിരുന്നു ഗ്രാംഷിയുടെ ഭാര്യാ സഹോദരി. അവര്‍ ഈ എഴുത്തുകള്‍ മുഴുവന്‍ ശേഖരിച്ചു. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ ചിന്തകള്‍ ഗ്രാംഷി മരിച്ച് വളരെക്കാലം കഴിഞ്ഞ് 1970 കളില്‍ ‘പ്രിസണ്‍ നോട്ട്ബുക്‌സ്’ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. ഭരണകൂടവും സംസ്‌കാരവും ധാര്‍മിക മൂല്യങ്ങളും ഉള്‍പ്പെടുന്ന നൈതികതയും, ഉല്‍പ്പാദന ശക്തികളും തമ്മില്‍ ബന്ധമുണ്ടെന്ന് ഗ്രാംഷി കണ്ടെത്തി. ”ഓരോ ഭരണകൂടവും സാംസ്‌കാരികമാണ്. ജനസാമാന്യത്തെ സാംസ്‌കാരികവും ധാര്‍മികവുമായ ഒരു പ്രത്യേക തലത്തിലേക്ക് ഉയര്‍ത്തുകയെന്നത് ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ്. ഈ സാംസ്‌കാരിക തലം ഉല്‍പ്പാദന ശക്തികളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായിരിക്കും. ഭരണവര്‍ഗങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടിയായിരിക്കും ഇത്.” (145) ഉല്‍പ്പാദന ശക്തികള്‍ ഭരണവര്‍ഗങ്ങള്‍ക്കു മാത്രമാണ് നേട്ടമുണ്ടാക്കുന്നത്. ഭരണകൂടം പൊതുസമൂഹത്തെ സംസ്‌കാരികമായി കീഴ്‌പ്പെടുത്തുമ്പോള്‍ മാത്രമേ ഈ നേട്ടം പൂര്‍ണമായി കൈവരിക്കാനാവൂ. ഉല്‍പ്പാദന ശക്തികളുടെയും അവയുടെ ഉടമകളായ ഭരണവര്‍ഗങ്ങളുടെയും താല്‍പ്പര്യത്തിനുവേണ്ടിയുള്ള ഉപകരണങ്ങളായി ഭരണകൂടത്തിന്റെ കയ്യില്‍ കലയും സാന്മാര്‍ഗികതയുമൊക്കെ മാറുന്നു. സ്‌കൂളുകള്‍, നീതിപീഠങ്ങള്‍ തുടങ്ങിയവയിലൂടെയും ഭരണകൂടം ജനങ്ങളെ ഇതിന് പരുവപ്പെടുത്തുന്നു എന്നിങ്ങനെയാണ് ഗ്രാംഷി ചിന്തിച്ചത്.
മാര്‍ക്‌സിസ്റ്റായി ഘോഷിക്കപ്പെടുന്ന ഗ്രാംഷി യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിനെ തിരുത്തുകയായിരുന്നു. ക്ലാസിക്കല്‍ മാര്‍ക്‌സിസത്തോട് കലഹിച്ച് തൊഴിലാളി വര്‍ഗ വിപ്ലവത്തില്‍ സംസ്‌കാരത്തിനുള്ള പങ്കിനെ വരച്ചുകാട്ടുകയാണ് ഗ്രാംഷി ചെയ്യുന്നതെന്നും, അത് മാര്‍ക്‌സിസത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റിയെന്നുമൊക്കെ അവകാശപ്പെടുന്ന മാര്‍ക്‌സിസ്റ്റ് ചിന്തകരുണ്ടെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. മാര്‍ക്‌സ് അവതരിപ്പിച്ച അടിത്തറയും ഉപരിഘടനയും തമ്മിലെ ബന്ധത്തെ പൊളിച്ചെഴുതുകയായിരുന്നു ഗ്രാംഷി. ഉപരിഘടനയെ രാഷ്ട്രീയ സമൂഹം, പൗരസമൂഹം എന്നിങ്ങനെ വിഭജിച്ച ഗ്രാംഷി, ഭരണവര്‍ഗം എങ്ങനെയാണ് സാംസ്‌കാരിക മേല്‍ക്കോയ്മ (Cultural hegemony) സ്ഥാപിക്കുന്നതെന്നും വരച്ചുകാട്ടി. മുതലാളിത്ത വ്യവസ്ഥ പൗരസമൂഹത്തില്‍ സാംസ്‌കാരിക അധീശത്വം സ്ഥാപിക്കുകയാണെന്നു പറഞ്ഞ ഗ്രാംഷി, സാമ്പത്തിക മേല്‍ക്കോയ്മയിലൂടെ മാത്രമല്ല ഭരണവര്‍ഗം സമൂഹത്തെ കീഴ്‌പ്പെടുത്തുന്നതെന്നും വാദിച്ചു. പൗരസമൂഹത്തിന്റെ ആശയങ്ങളും വിശ്വാസങ്ങളും തങ്ങള്‍ക്ക് ഹിതകരമാക്കിത്തീര്‍ക്കുകയാണ് ഭരണവര്‍ഗം ചെയ്യുന്നത്. കാലത്തെ അതിജീവിക്കുകയും അനശ്വരമൂല്യങ്ങള്‍ പേറുകയും ചെയ്യുന്ന സാംസ്‌കാരിക പ്രക്രിയകളെ മാര്‍ക്‌സ് അവഗണിക്കുക മാത്രമായിരുന്നില്ല, അതേക്കുറിച്ച് മാര്‍ക്‌സ് അജ്ഞനുമായിരുന്നു. മാര്‍ക്‌സ് ഊഹിക്കുകപോലും ചെയ്യാതിരുന്ന പരികല്‍പ്പനകളാണ് ഗ്രാംഷി അവതരിപ്പിച്ചത്. എന്നിട്ടും കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ഗ്രാംഷിയെ മാര്‍ക്‌സിന്റെ പിന്മുറക്കാരനായി പ്രതിഷ്ഠിക്കുന്ന പൊളിറ്റിക്കല്‍ ലെഫ്റ്റിന്റെയും ന്യൂ ലെഫ്റ്റിന്റെയും രീതികളില്‍ പൊരുത്തക്കേടുകളും ആശയക്കുഴപ്പങ്ങളുമുണ്ട്.
ഫ്രങ്ക് ഫര്‍ട്ട് ചിന്തകരുടെ ആശയനിര്‍മിതികള്‍
ഗ്രാംഷി ജയിലില്‍ കിടക്കുമ്പോഴാണ് 1937 ല്‍ മാക്‌സ് ഹോക്‌ഹൈമര്‍ എന്ന ജര്‍മന്‍ തത്വചിന്തകന്‍ ഫ്രങ്ക് ഫര്‍ട്ട് സ്‌കൂള്‍ എന്നു പൊതുവായി അറിയപ്പെടുന്ന, 1923 ല്‍ ജര്‍മനിയില്‍ സ്ഥാപിതമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്റെ ഡയറക്ടറാവുന്നത്. ഗ്രാംഷി മരിച്ച 1937 ല്‍ ഹോക്‌ഹൈമര്‍ ‘ക്രിട്ടിക്കല്‍ തിയറി’ എന്ന ആശയം മുന്നോട്ടുവച്ചു. കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ രൂപീകരണത്തിലെ പ്രധാന സംഭവമാണിത്. വിജ്ഞാനത്തിന്റെ രൂപീകരണവും പ്രയോഗവുമായാണ് ഹോക്‌ഹൈമര്‍ ‘തിയറി’യെ കണ്ടത്. ഇത് നിഷ്പക്ഷമാവാനുള്ള സാധ്യതയുണ്ടെന്ന മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തെ ഹോക്‌ഹൈമര്‍ തള്ളിക്കളഞ്ഞു. കാരണം ‘ആശയരൂപീകരണ’ത്തിനുള്ള സന്ദര്‍ഭം ഒരുക്കുന്നത് ‘സാമൂഹ്യപ്രക്രിയകള്‍’ ആണ്. സമൂഹത്തിലെ അംഗങ്ങള്‍ക്കായി ഉണ്ടാക്കിയിട്ടുള്ള പെരുമാറ്റ നിയമങ്ങള്‍ക്ക് ഹാനികരമായിരിക്കും ഈ ക്രിട്ടിക്കല്‍ തിയറിയെന്നും, സാമൂഹ്യ വൈരുദ്ധ്യങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്ന സൈദ്ധാന്തികന്‍ സമൂഹത്തെ മാറ്റത്തിന് പ്രേരിപ്പിക്കുമെന്നും ഹോക്‌ഹൈമര്‍ പറഞ്ഞു. സാമൂഹ്യ വഴക്കങ്ങളെ സന്ദേഹിക്കുന്നതും, ഒരു ആക്ടിവിസ്റ്റിന്റെ പങ്ക് നിര്‍വഹിക്കുന്നതുമായ വിജ്ഞാന രൂപത്തെയാണ് ഹോക്‌ഹൈമര്‍ സങ്കല്‍പ്പിച്ചത്.
ഹോക്‌ഹൈമറുടെ സഹപ്രവര്‍ത്തകനായ തിയോഡര്‍ അഡോണോ ഒരു പടികൂടി കടന്ന് ‘സംഗീതത്തിലെ ആരാധനാ സ്വഭാവത്തെക്കുറിച്ചും കേള്‍വിയുടെ അധഃപതനത്തെക്കുറിച്ചും'(On the Fetish Character in Music and the Regression of Listening)എന്ന പ്രബന്ധം അവതരിപ്പിച്ചു. സംസ്‌കാരത്തെയും സാന്മാര്‍ഗികതയെയുമൊക്കെ ഉല്‍പ്പാദന സംവിധാനവുമായി ബന്ധപ്പെടുത്തി അപനിര്‍മിക്കുകയാണ് ഗ്രാംഷിയും ഹോക്‌ഹൈമറും ചെയ്തതെങ്കില്‍, പാശ്ചാത്യ സമൂഹത്തിലെ പ്രധാനപ്പെട്ട സൗന്ദര്യാത്മക ഉപലബ്ധിയായ സംഗീതത്തിന്റെ അവതരണത്തെയും സ്വീകാര്യതയെയും മുതലാളിത്തം മാറ്റിമറിക്കുന്നതിനെക്കുറിച്ചാണ് അഡോണോ ചിന്തിച്ചത്. അമേരിക്കയിലെ ദിവ്യവും പ്രൗഢവുമായ സമകാലീന സംഗീതം ചരക്കുകളുടെ പരസ്യപ്രചാരണമാണ് നിര്‍വഹിക്കുന്നതെന്നും അഡോണോ വാദിച്ചു. കേള്‍വിക്കാരെ ആകര്‍ഷിക്കാന്‍ ക്ലാസിക്കല്‍ സംഗീതത്തെ അശ്ലീലമാക്കുകയാണ്. കേള്‍വിയെ അധഃപതനമാക്കിയിരിക്കുന്നു. കുട്ടികള്‍, അവര്‍ ഒരിക്കല്‍ ഭക്ഷിച്ച ആഹാരംപോലെയാണ് കേള്‍വിക്കാര്‍ സംഗീതം ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളെപ്പോലെയാണ് അവര്‍ സംഗീതത്തോട് പ്രതികരിക്കുന്നത്. എല്ലാ ഉപഭോക്താക്കളെയും പോലെ ഉല്‍പ്പന്നം പരീക്ഷിച്ചുനോക്കാനും രുചിച്ചുനോക്കാനും ആസ്വാദകര്‍ സന്നദ്ധരാവുന്നു. ഇങ്ങനെയൊക്കെ ചിന്തിച്ച അഡോര്‍ണോ 1948 ല്‍ ഹോക്‌ഹൈമറുമായി ചേര്‍ന്ന് ‘ഡയലറ്റിക് ഓഫ് എന്‍ലൈറ്റ്‌മെന്റ്’ എന്ന പുസ്തകം രചിച്ചു. പരസ്യ വ്യവസായവും വാണിജ്യപരമായ അനിവാര്യതകളും ചലച്ചിത്രങ്ങള്‍, റേഡിയോ പരിപാടികള്‍, വര്‍ത്തമാന പത്രങ്ങള്‍ എന്നിവയിലൂടെ സാംസ്‌കാരികോല്‍പ്പാദനത്തെ നിയന്ത്രിക്കുന്നു, ഇത് കണ്‍സ്യൂമര്‍ ക്യാപ്പിറ്റലിസത്തിലേക്ക് നയിക്കുന്നുവെന്നുമാണ് ഈ പുസ്തകം പറയുന്നത്.
യൂറോപ്പിലെ ജ്ഞാനോദയത്തിന്റെയും, അമേരിക്കന്‍-ഫ്രഞ്ച് വിപ്ലവങ്ങളുടെയും ഫലമായി ഉണ്ടായി വന്ന ‘ലിബറല്‍ പൊതുവിടം’ പിന്നീട് ‘മാധ്യമ കേന്ദ്രിതമായ പൊതുവിടം’ ആയി മാറിയതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് മറ്റൊരു ഫ്രങ്ക്ഫര്‍ട്ട് സ്‌കൂള്‍ പണ്ഡിതനായ ജര്‍ഗന്‍ ഹാബെര്‍മാസ് 1962 ല്‍ രംഗത്തുവന്നു. പൊതുവിടത്തിനു വന്ന മാറ്റത്തിന്റെ ഫലമായി യുക്തിപരമായ സംവാദമേഖല കൗശല പൂര്‍ണമായ ഉപഭോഗത്തിന്റെയും നിഷ്‌ക്രിയതയുടെയും മേഖലയായി മാറിയെന്ന് ഹാബെര്‍മാസ് വാദിച്ചു. 1960 കളുടെ മധ്യത്തില്‍ ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ സ്ഥാപിക്കപ്പെട്ട സെന്റര്‍ ഫോര്‍ കണ്ടംപററി കള്‍ച്ചറല്‍ സ്റ്റഡീസ് (സിസിസിഎസ്) എന്ന സ്ഥാപനത്തിലൂടെ ബ്രിട്ടനിലും ഫ്രങ്ക്ഫര്‍ട്ട് സ്‌കൂള്‍ പണ്ഡിതന്മാര്‍ ഉണ്ടാവാന്‍ തുടങ്ങി. ഇതിലെ പണ്ഡിതന്മാര്‍ ‘ബെര്‍മിംഗ്ഹാം സ്‌കൂള്‍’ എന്നറിയപ്പെട്ടു. പുതിയ ഉപഭോക്തൃ-മാധ്യമ സംസ്‌കാരം പുതിയൊരു മുതലാളിത്ത മേധാവിത്വത്തിന് രൂപം നല്‍കുകയാണെന്ന് ഇവര്‍ വാദിച്ചു. സംസ്‌കാരം എങ്ങനെയാണ് സ്വത്വത്തിന്റെ വ്യതിരിക്തമായ രൂപങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്നും, സ്വന്തം രീതികളും തനിമകളും ഉപയോഗിച്ച് ഇവ എങ്ങനെയാണ് സാംസ്‌കാരിക മേല്‍ക്കോയ്മകളെ ചെറുക്കുന്നതെന്നുമൊക്കെ സിദ്ധാന്തിച്ച ഇക്കൂട്ടര്‍ ‘സ്വത്വ’ങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന പണിയാണെടുത്തത്. ഇപ്രകാരം കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന് അക്കാദമിക രംഗത്ത് വേരോട്ടം ലഭിച്ചു.
ന്യൂ ലെഫ്റ്റിലെ തമ്മിലടികള്‍
ഇതിന് കുറച്ചു വര്‍ഷം മുന്‍പ് ലോക കമ്യൂണിസത്തിന് വലിയൊരു ദുരന്തം സംഭവിച്ചു. 1956 ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നികിത ക്രൂഷ്‌ചേവ് അടിച്ചമര്‍ത്തലുകളും പീഡനങ്ങളും കൊലപാതക പരമ്പരകളും എണ്ണിപ്പറഞ്ഞ് സ്റ്റാലിനിസത്തിന്റെ ബീഭത്സമായ ചിത്രം മാനവരാശിക്കു മുന്നില്‍ വരച്ചുകാട്ടി. കമ്യൂണിസ്റ്റ് ലോകത്തിനു നേര്‍ക്കുള്ള ബോംബാക്രമണമായിരുന്നു ഇത്. അയല്‍രാജ്യമായ ഹംഗറിയില്‍ ഏകപാര്‍ട്ടി സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ച ഇമ്രിനാഗിയെ സോവിയറ്റ് സൈന്യം കടന്നുകയറി സ്ഥാനഭ്രഷ്ടനാക്കി വധിച്ചു. 1968 ല്‍ ചെക്കൊസ്ലാവാക്യയില്‍ ജനാധിപത്യവല്‍ക്കരണത്തിനു ശ്രമിച്ച അലക്‌സാണ്ടര്‍ ഡ്യൂബ് ചെക്കിനെയും സോവിയറ്റ് യൂണിയന്‍ അടിച്ചമര്‍ത്തി.
ക്രൂഷ്‌ചേവിന്റെ പ്രസംഗവും സോവിയറ്റ് യൂണിയന്റെ ഹംഗറി ആക്രമണവും നടന്നതോടെ സ്റ്റാലിനിസത്തെ വിമര്‍ശിച്ച് മാര്‍ക്‌സിസത്തിന്റെ വിശുദ്ധി നിലനിര്‍ത്താനും മാര്‍ക്‌സിനോട് കൂറു പ്രഖ്യാപിക്കാനുമായി ന്യൂ ലെഫ്റ്റ് എന്നൊരു വിഭാഗം ഉയര്‍ന്നുവന്നു. മുതലാളിത്ത വിരുദ്ധ വിപ്ലവത്തിന്റെ പദാവലികള്‍ ഉപയോഗിച്ചും, അതേസമയം സോവിയറ്റ് യൂണിയനെ തള്ളിപ്പറഞ്ഞും നിലവിലുള്ള പാര്‍ട്ടികള്‍ക്ക് പുറത്ത് ‘ശരിയായ കമ്യൂണിസം’ കണ്ടെത്താനായിരുന്നു ഇവരുടെ ശ്രമം. ഫ്രാന്‍സിലെ പാരീസിലും ചെക്കൊസ്ലോവാക്യയിലെ പ്രേഗിലുള്‍പ്പെടെ 1968 ല്‍ യൂറോപ്പിലാകെ പടര്‍ന്നുപിടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം ഇതിന്റെ പാരമ്യതയായിരുന്നു. അണുകുടുംബം, പരമ്പരാഗത ലിംഗനീതി, സാന്മാര്‍ഗിക സമീകരണം എന്നിവയെ കടന്നാക്രമിച്ചുകൊണ്ട് കമ്യൂണ്‍ ജീവിതം, ലൈംഗിക വിമോചനം, വനിതാ വിമോചനം, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടി ഇവര്‍ വാദിക്കാന്‍ തുടങ്ങി. മനുഷ്യത്വവിരുദ്ധമായ സോവിയറ്റ് വ്യവസ്ഥിതിയില്‍നിന്ന് അകലം പാലിക്കുന്നവരാണ് തങ്ങളെന്ന് ലോകത്തെ ബോധ്യപ്പെടുത്താനായിരുന്നു ഇങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ന്യൂലെഫ്റ്റ് ഏറ്റെടുത്തത്. ഇതോടെ ‘കള്‍ച്ചറല്‍ മാര്‍ക്‌സിസം’ ഒന്നുകൂടി ശക്തിയാര്‍ജിക്കുകയും, പ്രായോഗിക പ്രസക്തി നേടുകയും ചെയ്തു. സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ പരമ്പരാഗത പാശ്ചാത്യ സമൂഹങ്ങളിലെ ഇരകളുടെ ആശങ്കകള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ പല ബുദ്ധിജീവികളും കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിലേക്ക് തിരിഞ്ഞു. ഇതോടെ ‘ഇരവാദവ്യവസായം’ എന്നു പേരിട്ടു വിളിക്കാവുന്ന ഒന്ന് ഉയര്‍ന്നുവന്നു.
ന്യൂ ലെഫ്റ്റിന്റെ വരവോടെ അക്കാദമിക് സ്ഥാപനങ്ങളിലെ ദന്തഗോപുരവാസികള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടനിലെ ഇക്കൂട്ടര്‍ ‘ന്യൂലെഫ്റ്റ് റിവ്യൂ’ എന്ന ഒരു പ്രസിദ്ധീകരണം തുടങ്ങി. എന്നാല്‍ ഇതിന്റെ പത്രാധിപസമിതി രണ്ട് വ്യത്യസ്ത സമീപനങ്ങളെച്ചൊല്ലി തമ്മിലടിച്ചു. ഒരു വിഭാഗം സ്ട്രക്ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളും, എതിര്‍വിഭാഗം കീഴാള ചരിത്രത്തിന്റെ വക്താക്കളുമായി. ഈ ഭിന്നത പരിഹരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബ്രിട്ടീഷ് ചരിത്രകാരനായ ഇ.പി. തോംസണ്‍ പത്രാധിപസമിതിയില്‍നിന്ന് രാജിവച്ചു. മാര്‍ക്‌സിസ്റ്റ് ആയിരുന്നെങ്കിലും കീഴാളരുടെ ജീവിതത്തിനും സമരത്തിനും(ഒശേെീൃ്യ ളൃീാ യലഹീം) പ്രാധാന്യം നല്‍കണമെന്ന് തോംസണ്‍ വാദിച്ചു. സ്ട്രക്ച്ചറല്‍ മാര്‍ക്‌സിസത്തിനുവേണ്ടി വാദിച്ച ഫ്രഞ്ച് മാര്‍ക്‌സിസ്റ്റ് ലൂയി അല്‍ത്തൂസര്‍, തോംസണിന്റെ ആജന്മശത്രുവായി. ‘വിഷയമില്ലാത്ത പ്രക്രിയയാണ്’ ചരിത്രം എന്ന പക്ഷക്കാരനായിരുന്നു അല്‍ത്തൂസര്‍. ചരിത്രത്തിന്റെ വികാസത്തില്‍ മനുഷ്യ ഭാഗധേയം വളരെയൊന്നും പരിഗണിക്കപ്പെടുന്ന ഒന്നല്ലെന്നും, മനുഷ്യര്‍-അവര്‍ അധിവസിക്കുന്ന സാമൂഹ്യ സാമ്പത്തിക രൂപഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അല്‍ത്തൂസര്‍ വാദിച്ചു. അല്‍ത്തൂസറിന്റെ ഈ ഘടനാവാദത്തിന് തോംസണ്‍ ഭ്രഷ്ട് കല്‍പ്പിച്ചു. മനുഷ്യര്‍ക്കും അവരുടെ സാംസ്‌കാരിക രൂപങ്ങള്‍ക്കുമാണ് തോംസണ്‍ പ്രാമുഖ്യം നല്‍കിയത്. ‘ദ മേക്കിങ് ഓഫ് ഇംഗ്ലീഷ് വര്‍ക്കിംഗ് ക്ലാസ്’ എന്ന പുസ്തകത്തില്‍ തൊഴിലാളി വര്‍ഗ രൂപീകരണത്തിന്റെ മുഖ്യഘടകമാണ് സംസ്‌കാരം എന്നുതന്നെ തോംസണ്‍ വാദിച്ചു. അല്‍ത്തൂസറിനെ ‘സ്റ്റാലിനിസ്റ്റ്’ എന്നു വിശേഷിപ്പിച്ച തോംസണ്‍, മനുഷ്യരെ ഘടനകളുടെ പരിചാരകന്മാരാകുന്ന അല്‍ത്തൂസറിസം സ്റ്റാലിനിസ്റ്റ് മാര്‍ക്‌സിസത്തില്‍നിന്നും ഭാഷാ ശാസ്ത്രത്തില്‍നിന്നും കടംകൊണ്ടതാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
മനുഷ്യമുഖമുള്ള മാര്‍ക്‌സിനെയും, സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും പ്രാമുഖ്യമുള്ള ഭൗതികവാദത്തെയും അവതരിപ്പിക്കാനാണ് ഇ.പി.തോംസണ്‍ ശ്രമിച്ചത്. ഭൗതിക ജീവിതത്തില്‍നിന്നും മനുഷ്യബന്ധങ്ങളില്‍നിന്നുമാണ് മൂല്യങ്ങള്‍ ആവിര്‍ഭവിക്കുന്നതെന്നും, ജനജീവിതത്തിന്റെ രൂപത്തില്‍ സംസ്‌കാരത്തിന് ഭൗതിക ഗേഹം സാധ്യമാണെന്നും തോംസണ്‍ സമര്‍ത്ഥിച്ചു. 1980 കള്‍ ആയപ്പോള്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ അക്കാദമിക് മാര്‍ക്‌സിസം ഏതാണ്ട് പൂര്‍ണമായി തന്നെ ഏറ്റെടുത്തു. എന്നാല്‍ മനുഷ്യരുടെ സംസ്‌കാരത്തിനും മാനുഷിക മൂല്യങ്ങള്‍ക്കുമുള്ള പ്രാധാന്യത്തെ അവഗണിക്കുന്നതായിരുന്നു ഇത്. ഭൗതികജീവിതവും ഐഹിക ബന്ധങ്ങളും തമ്മിലെ കെട്ടുപാട് മനസ്സിലാക്കാന്‍ മാത്രമാണ് ഇവര്‍ സംസ്‌കാരത്തെ സമീപിക്കുന്നത്. ഭാരതീയമായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ആത്മീയവും വിശുദ്ധവുമായതിനെ മനസ്സിലാക്കാനുള്ള ശേഷിയെ നശിപ്പിക്കുന്നതായിരുന്നു ഈ സമീപനം.
ഹിംസാത്മക വായാടിത്തം
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാര്‍ക്‌സിസത്തിന്റെ ഗുരുശിഷ്യന്മാര്‍ ചേര്‍ന്ന് രൂപംകൊടുത്ത കടലാസു പുലിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രാഷ്ട്രീയ ഇടതുപക്ഷം കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ പൂര്‍ണമായിത്തന്നെ ഏറ്റെടുത്തു. പിന്നീട് ഇവരായി അതിന്റെ വക്താക്കള്‍. യഥാര്‍ത്ഥത്തില്‍ അവര്‍ക്കു മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. പാശ്ചാത്യരാജ്യങ്ങളിലും മറ്റിടങ്ങളിലും വ്യവസായ തൊഴിലാളി വര്‍ഗത്തിന്റെ ദയാവായ്പ്പ് നഷ്ടപ്പെടുകയും, രാഷ്ട്രീയ ഇടതുപക്ഷം എന്ന ആശയം തന്നെ ചോദ്യംചെയ്യപ്പെടുകയും ചെയ്തതോടെയാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിനു പിന്നില്‍ ഒളിക്കാന്‍ പൊളിറ്റിക്കല്‍ ലെഫ്റ്റിനെ പ്രേരിപ്പിച്ചത്.
കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ പേരില്‍ വിധ്വംസകമായ ആശയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. എന്തിലും അടിച്ചമര്‍ത്തല്‍ ദര്‍ശിക്കുന്ന, എല്ലാവരെയും ഇരകളാക്കുന്ന ഹിംസാത്മകമായ വായാടിത്തം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒന്നിലും വിശ്വസിക്കാതിരിക്കുകയും ഒന്നും സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും ശിഥിലമാക്കാനാണ് ശ്രമിക്കുന്നത്. ഇവര്‍ പറയുന്നതിലൊന്നും യുക്തിയില്ല. കാരണം യുക്തി എന്നതുതന്നെ ‘ഒപ്രസീവ്’ അഥവാ മര്‍ദ്ദകമാണ്. ഓരോരുത്തരും മറ്റുള്ളവരില്‍ ഒരു മര്‍ദ്ദകനെ കണ്ടുപിടിക്കുകയും, ഇരകളുടെ മകുടം തലയിലേറ്റുകയും ചെയ്യുന്നു. കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ ആഘോഷമാക്കിയ പാശ്ചാത്യ നാടുകളിലെ ആക്ടിവിസ്റ്റുകളും അക്കാദമിക് ലെഫ്റ്റ് ലിബറലുകളും ഓരോ ദിവസവും പുതിയ പുതിയ ഇരകളെ കണ്ടെത്തിക്കൊണ്ടിരുന്നു. ‘വ്യക്തിപരമായത് രാഷ്ട്രീയവുമാണ്’ ((the personal is political) എന്നൊരു മുദ്രാവാക്യവും ഇതിനായി ന്യൂ ലെഫ്റ്റുകള്‍ ഉയര്‍ത്തി. ഒരാളുടെ വ്യക്തിജീവിതമെന്നത് വംശം, ലിംഗം, ലൈംഗിക മുന്‍ഗണന എന്നിവയുടെ വിപുലീകരണം മാത്രമാണെന്നും വ്യാഖ്യാനിച്ചു.
ന്യൂ ലെഫ്റ്റിന് പ്രസക്തി നഷ്ടപ്പെട്ട 1970 കളിലാണ് ശിഥിലീകരണ രാഷ്ട്രീയത്തിന്റെ അനന്തസാധ്യതകള്‍ പേറുന്ന ഈ വാദഗതികള്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടത്. പതിവുപോലെ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍, 1980 കളില്‍ അത് ഇന്ത്യയിലുമെത്തി. ജെഎന്‍യുവിലെയും കൊല്‍ക്കത്ത സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസിലെയും മാര്‍ക്‌സിസ്റ്റ് പണ്ഡിതമാര്‍ ഈ ഇറക്കുമതി ചരക്ക് സഹര്‍ഷം ഏറ്റെടുത്തു. ഇരവാദവ്യവസായത്തിലൂടെ സ്വന്തം സമൂഹത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുകയാണ് തങ്ങളെന്ന കാര്യം ഇവര്‍ കാര്യമാക്കിയില്ല. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും പുനരുജ്ജീവിപ്പിക്കാന്‍ ഇങ്ങനെയൊരു പ്രത്യയശാസ്ത്ര പ്രഹസനം ആവശ്യമാണെന്ന് അവര്‍ കരുതി. ബുദ്ധിജീവിയെന്ന നിലയ്ക്കുള്ള സ്വന്തം പ്രസക്തി നിലനിര്‍ത്താനും ഇത് വേണമായിരുന്നു. കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ കൂട്ടാളികളായ ഉത്തരാധുനിക തീവ്ര ചിന്താഗതിക്കാര്‍ യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടവരും പരാജിതരുമായ മുന്‍കാല ഇടതുപക്ഷക്കാരാണെന്ന ബ്രിട്ടീഷ് സാഹിത്യചിന്തകന്‍ ടെറി ഈഗിള്‍ട്ടന്റെ വാക്കുകള്‍ ഇവര്‍ സൗകര്യപൂര്‍വം വിസ്മരിച്ചു.
(തുടരും)
അടിക്കുറിപ്പുകള്‍:-
144. German Ideology, Karl Marx
145. Selections from the Prison Notebooks of Antonio Gramsci, Quintin Hoare and Geoffrey Nowell Smith