മരണത്തെക്കുറിച്ച് പതിനായിരക്കണക്കിനു കവിതകള്‍ ലോകമെങ്ങും എഴുതിക്കഴിഞ്ഞിരിക്കുന്നു. ”വിവിധ രീതിയിലൊറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍” എന്നു സ്വയം പ്രകാശിപ്പിച്ചുകൊണ്ട് ”മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം വരുന്നു ഞാന്‍” എന്ന് ഇടപ്പള്ളി മരണത്തെ മധുരീകരിച്ചു. ”ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍” എന്നു വൈലോപ്പിള്ളി മരണത്തെ വെല്ലുവിളിച്ചു.”When with proud joy we lift Life’s red wine. To drink deep of the mystic shining cup. And ecstasy through all of being leaps Death bows his head and weeps” ഈ വരികളിലൂ ടെ ലോകപ്രശസ്തനായ റില്‍ക്കെയും(Rainer Maria Rilke) മരണത്തെ പുച്ഛിച്ചുതള്ളി. മരണത്തെ പുച്ഛിക്കുന്നതും മധുരീകരിക്കുന്നതുമെല്ലാം മനുഷ്യന്റെ നിസ്സഹായതയുടെ വിവിധ രൂപത്തിലുള്ള ആവിഷ്‌കാരങ്ങള്‍ തന്നെ. ”വിശസനം സുഖികളെ വിജ്ഞരാക്കുന്നു” എന്ന് ആശാന്‍ കരുണയിലും നോവലിസ്റ്റായ ദസ്തയോവ്‌സ്‌കി ‘വേദനയും കഷ്ടപ്പാടും വലിയ ഹൃദയത്തിനും വിശാലമായ ബുദ്ധിയ്ക്കും അനിവാര്യമെന്ന്’ ക്രൈം ആന്റ് പണിഷ്‌മെന്റിലും സൂചിപ്പിക്കുന്നു. മരണം എന്ന ‘വിശസനം’ കവികളെ വിജ്ഞരാക്കിയതിന്റെ ഫലമാണ് മഹത്തായ പല കവിതകളും.
ഒരേ വിഷയത്തെത്തന്നെ എത്രയോ വ്യത്യസ്ത തലങ്ങളിലൂടെ കവികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടേയിരിക്കുന്നു. ഭാഷാപോഷിണി ഫെബ്രുവരി ലക്കത്തില്‍ കെ.വി.രാമകൃഷ്ണനും മരണം തന്നെയാണ് വിഷയമാക്കിയിരിക്കുന്നത്; കവിത ‘മകന്റെ മൗഢ്യം’. എന്നാല്‍ പുതിയകാലത്ത് എല്ലാം മാറുന്നതുപോലെ മരണവും മാറുന്നു. മരണം അതനുഭവിക്കുന്നവന്റെ മാത്രം പ്രശ്‌നമാണ്. മരിക്കുന്നയാളിനെ മറ്റൊരാള്‍ക്കു സഹായിക്കാനാവില്ല. എന്നാല്‍ ആ നിമിഷത്തിലും ഒപ്പം നിന്ന് ആശ്വസിപ്പിക്കാന്‍ ഒരു പക്ഷേ കഴിഞ്ഞേക്കും. പണ്ടുകാലത്ത് അതൊക്കെ പതിവായിരുന്നു. പുതിയകാലത്ത് അമ്മയുടെ മരണം മകന്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണ് ചെറുകവിതയിലൂടെ കവി അവതരിപ്പിക്കുന്നത്.
‘പാരിടമാകെ പൊലിക്കും വായുവും പോരാ തനിയ്‌ക്കെന്ന മട്ടില്‍’ ഊര്‍ദ്ധ്വന്‍ വലിക്കുന്ന അമ്മയെയാണ് മകന്‍ വീഡിയോയിലാക്കുന്നത്. അത്രമാത്രം കെട്ടതാണോ പുതിയകാലം? നമ്മള്‍ കരുതുന്നതുപോലെ ശ്രേഷ്ഠമായിരുന്നോ പഴയകാലം? പഴയകാല മൂല്യങ്ങള്‍ പുതുകാലത്ത് തകരുകയും പുതിയ മൂല്യസങ്കല്പങ്ങള്‍ ഉയരുകയും ചെയ്യുന്നുവെന്നതു ശരിയെങ്കിലും തിന്മകളും ക്രൂരതകളും പോയ കാലത്തും ഒട്ടും കുറവായിരുന്നില്ല എന്നു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അഹിംസയുടെ മൂര്‍ത്തിമദ്ഭാവമായി അറിയപ്പെടുന്ന ബൗദ്ധ ചക്രവര്‍ത്തി അശോകന്‍ അധികാരത്തിലേറാനായി തന്റെ 99 സഹോദരന്മാരെ വധിച്ചതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു. അതിനു അദ്ദേഹത്തിനു സഹായിയായി നിന്നത് പിതാവായ ബിന്ദുസാരന്റെ മന്ത്രി രാധഗുപ്തനായിരുന്നുവത്രേ! മുഗള്‍ രാജാക്കന്മാരുടെ കാലഘട്ടത്തില്‍ നടന്ന സഹോദരപ്പോരും കൊലപാതകങ്ങളും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നവയായിരുന്നു. കൊലപാതകങ്ങള്‍ കൂടാതെ കണ്ണുകുത്തിപ്പൊട്ടിക്കലും അക്കാലത്തെ പ്രധാന വിനോദമായിരുന്നു. ഹുമയൂണ്‍ തന്റെ അര്‍ദ്ധസഹോദരനായിരുന്ന കമ്‌റാന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചുകളഞ്ഞു. പില്‍ക്കാല മുഗള്‍രാജാക്കന്മാരായിരുന്ന അഹമ്മദ് ഷാ(Ahmad Shah), ഷാ ആലം II (Shah alam II) എന്നിവരും ഇത്തരത്തില്‍ ബന്ധുക്കളാല്‍ അന്ധരാക്കപ്പെട്ടവരാണ്. അക്ബറും തന്റെ സഹോദരനായിരുന്ന ആദം ഖാനെ വധിച്ചു. കൂടാതെ ചരിത്രത്തില്‍ മഹാനായി വാഴ്ത്തപ്പെടുന്ന അക്ബര്‍ നടത്തിയ കൂട്ടക്കുരുതികള്‍ക്കു കണക്കില്ല. മകനായ സലിം രാജകുമാരനെ (ജഹാംഗീര്‍ പ്രണയിച്ച കുറ്റത്തിന് ഷര്‍ഫ് ഉന്‍-നിസയെ (അനാര്‍ക്കലി) അദ്ദേഹം ജീവനോടെ കുഴിച്ചിട്ട കഥ ഏവര്‍ക്കുമറിയാം. ഷാജഹാന്‍ സഹോദരന്മാരെ വധിച്ചതു കൂടാതെ പിതാവിന്റെ രണ്ടാം ഭാര്യയ്‌ക്കെതിരെ പടനയിച്ചു. ഒടുവില്‍ മകനായ ഔറംഗസീബിനാല്‍ തടവില്‍ അടയ്ക്കപ്പെട്ടു. ഔറംഗസീബിന്റെ കാലത്തു നടന്ന കൊലപാതകങ്ങള്‍ക്കു കണക്കില്ല. ഇങ്ങനെ എത്രയോ കഥകള്‍! പഴയകാലത്ത് ഇന്നത്തേതിനേക്കാള്‍ ക്രൂരതകള്‍ കൂടുതലായിരുന്നുവെന്നതാണു സത്യം. പുതുകാലത്തെ സ്‌നേഹരാഹിത്യത്തെ ശപിക്കുമ്പോള്‍ കവികളും ആസ്വാദകരും പഴയകാലത്തെ പ്രാകൃത രീതികളും മറക്കാന്‍ പാടില്ല. ചെറുതെങ്കിലും കെ.വി.രാമകൃഷ്ണന്റെ കവിത മനോഹരം തന്നെ.
ചെറുകവിതകളിലൂടെ ശ്രദ്ധനേടുന്ന കവിയാണു മണമ്പൂര്‍ രാജന്‍ ബാബു. ഇത്തവണത്തെ ഭാഷാപോഷിണിയിലെ അദ്ദേഹത്തിന്റെ കവിതയും ദീര്‍ഘമല്ല. ‘തനിച്ച്’ എന്നു പേരിട്ടിരിക്കുന്ന കവിത സോഷ്യല്‍ മീഡിയ എന്ന യാഥാര്‍ത്ഥ്യത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നു. ‘വെള്ളത്തിലെഴുതും പോലെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തെന്ന് അദ്ദേഹം പരിതപിക്കുന്നു. സാമൂഹ്യമാധ്യമം കവികളുടെ മലവെള്ളപ്പാച്ചിലിന് ഇടയാക്കിയിരിക്കുന്നു. അക്ഷരം കൂട്ടിയെഴുതാന്‍ കഴിയുന്നവരെല്ലാം കവിതയെഴുതുന്നു. അവരില്‍ ചിലര്‍ തങ്ങളാണു കേമന്മാരെന്നു കരുതി കേണുകൊണ്ടിരിക്കുന്നു. കൂടുതല്‍ ലൈക്കും കമന്റും കിട്ടാന്‍ വളഞ്ഞ വഴികള്‍ നോക്കുന്നു. എന്നിട്ടും ‘മഹാവ്യാജന്‍ തന്‍പുരപ്പുറത്താണു’ തങ്ങളുടെ പണിയെന്ന് വൈകിയേ മനസ്സിലാക്കുന്നുള്ളൂ. ഇപ്പോഴും ധ്യാനനിമഗ്നമായ എഴുത്ത് ഉണ്ടെന്ന് കവി സമാധാനിക്കുന്നു. നമുക്കും സമാധാനിക്കാം.
ദിവാകരന്‍ വിഷ്ണുമംഗലം നല്ല കവിയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ നല്ല കവിതകള്‍ വായിക്കാനിടയായിട്ടുണ്ട്. ഭാഷാപോഷിണിയിലെ ഇത്തവണത്തെ കവിത ‘സംവേദന’ വും നല്ലതുതന്നെ. തുടക്കം തന്നെ നമ്മളെ വായനയിലേയ്ക്ക് പിടിച്ചു വലിക്കുന്നു. ”കാറ്റിനോടിലയെന്തോ പറയുന്നുണ്ടാവുമോ വാക്കിനെക്കാളും വിശ്വ മായികമാകും ഭാഷ”? എന്ന സന്ദേഹം തന്നെ അദ്ദേഹത്തിലെ കവിയെ നമുക്ക് വെളിവാക്കിത്തരുന്നു. ”നിന്നിലെന്നിലുമെല്ലാം ഉണ്മയായ് നിലനില്‍ക്കും സര്‍വ്വവ്യാപിയാമേക ചൈതന്യ പ്രഭാവത്തില്‍” വിലയിക്കുന്ന വിഷ്ണു മംഗലത്തിന്റെ കവിത ഒരാസ്വാദകനേയും മടുപ്പിക്കാനിടയില്ല. അര്‍ദ്ധകേകയില്‍ അദ്ദേഹം പകര്‍ന്നു നല്‍കുന്ന വരികളില്‍ ചിലതിനു വേണ്ടത്ര പുതുമയില്ലെങ്കിലും കാവ്യാസ്വാദകര്‍ക്ക് തീര്‍ച്ചയായും ആനന്ദം പകരാന്‍ ഈ വരികള്‍ക്ക് കഴിയുന്നുണ്ട്. കവിയെ അഭിനന്ദിക്കാന്‍ മടിക്കേണ്ടതില്ല.
പ്രണയം എത്രയെഴുതിയാലും തീരാത്ത കവിതയാണ്. പെണ്‍കവികള്‍ക്ക് അതില്ലാതെ കവിതയെഴുതാന്‍ തന്നെ വയ്യ എന്നതാണു സ്ഥിതി. കേരളത്തില്‍ ഏതു പെണ്‍കവി പേനയെടുത്താലും അതില്‍ പ്രണയസ്വരൂപനായ ഒരു ‘അവന്‍’ ഉണ്ടാകും. ഒരുപക്ഷേ അതു പെണ്‍മനസ്സിന്റെ പ്രത്യേകതയാകാം. പാശ്ചാത്യരായ പെണ്‍കവികളില്‍ ഈ പ്രണയാഭിമുഖ്യം അധികം കണ്ടിട്ടില്ല. എമിലി ഡിക്കിന്‍സണ്‍, സില്‍വിയാപ്ലാത്ത് തുടങ്ങിയ വലിയ പെണ്‍ കവികള്‍ പ്രണയേതരമായ അനേകം കവിതകള്‍ എഴുതിയിരിക്കുന്നു. പ്ലാത്തിന്റെ ഡാഡി, ലേഡി ലസാറസ് ( Daddy, Lady Lazarus) എന്നിവയൊന്നും പ്രണയകവിതകളല്ല. ഡിക്കിന്‍സന്റെ നല്ല കവിതകള്‍ പലതും മരണത്തെയും ഏകാന്തതയേയും കുറിച്ചുള്ളവയാണ്. ഇംഗ്ലീഷ് വഴി പരിചയപ്പെട്ട ചില ഫ്രഞ്ച് എഴുത്തുകാരികള്‍ക്കും കവിതയ്ക്കായി മറ്റു വിഷയങ്ങളുണ്ട്. ഉദാഹരണത്തിന് മാര്‍ഗിരിറ്റ് യൂസീനൗ (Marguerite yourcenar) എന്ന പ്രശസ്ത ഫ്രഞ്ച് കവയിത്രിക്ക് പറയാനുള്ളത് Hermophrodite, The Garden of Chimeras തുടങ്ങിയ തലക്കെട്ടുകളുള്ള കവിതകളാണ്. ഒരു കവിതയില്‍ യൂസിനൗ എഴുതുന്നത്. “I am not sure that the discovery of love is necessarily more exquisite than the discovery of poetry’ എന്നാണ്. പ്രണയത്തിന് കവിതയെക്കാള്‍ മേന്മയുണ്ടെന്ന് ആ കവി കരുതുന്നില്ല.
മലയാളത്തിലാണെങ്കിലോ പെണ്‍കവികള്‍ പ്രണയ കവിതകള്‍ മാത്രം തുടര്‍ച്ചയായി എഴുതി നമ്മളെ മടുപ്പിക്കുന്നു. പ്രണയം തീര്‍ച്ചയായും അനാകര്‍ഷകമായ ഒരു വിഷയമല്ല. എങ്കിലും അതിനുപിറകിലെ ജീവശാസ്ത്രപരമായ യാഥാര്‍ത്ഥ്യങ്ങളും കൂടി തിരിച്ചറിയുന്ന രചനകളുണ്ടാകേണ്ടതല്ലേ? സ്‌നേഹഗായകനായ ആശാന് പോലും ”പ്രേമമേ നിന്‍ പേരുകേട്ടാല്‍ പേടിയാം വഴിപിഴച്ച കാമകിങ്കരന്‍ ചെയ്യുന്ന കടുംകൈകളാല്‍” എന്ന് എഴുതേണ്ടി വന്നിട്ടുണ്ട്. സന്ധ്യ. ഇയുടെ കവിത ‘അവനെകാത്ത് നില്‍ക്കുമ്പോള്‍’ പ്രണയകവിത എന്ന നിലയ്ക്ക് മോശം രചനയല്ല. പക്ഷേ ആവര്‍ത്തന വിരസതയില്‍ നമ്മള്‍ മുങ്ങിപ്പോകുന്നു. കവിതയിലെ ‘അവന്‍’ ഭാഗ്യവാന്‍ തന്നെ. അത്രയ്ക്കു പ്രണയമുഗ്ദ്ധയാണിതിലെ കാമുകി.
രാജശേഖര്‍ പി.വൈക്കം എഴുതിയിരിക്കുന്ന ‘മേഘസാരം’ പാരമ്പര്യത്തിന്റെ മുഴക്കമുള്ള മഹത്തായ രചനയാണ്. മേഘസന്ദേശത്തിന്റെ സാരമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കൂട്ടത്തില്‍ കവിതയുടെ പ്രൗഢസങ്കേതങ്ങളില്‍ പലതും പരീക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. കാളിദാസന്‍ ആരംഭിക്കുന്നതു പോലെതന്നെ രാജശേഖരനുമാരംഭിക്കുന്നു. വാക്കുകള്‍ സൂക്ഷ്മമായി പ്രയോഗിച്ചു കവിതയെ കൂടുതല്‍ ഗഹനമാക്കാന്‍ ശ്രമിക്കുന്നു.
”ആനക്കരിമുകിലാഷാഢസംക്രമം
മാനത്തുകൊണ്ടാടുമാഘോഷവേളയില്‍
രമ്യമാം രാമഗിരിയിലേകാന്തനാം
സൗമ്യനാം യക്ഷനപേക്ഷിച്ചസൗഹൃദം”
എന്നെഴുതുമ്പോള്‍ കവിതയുടെ പാരമ്പര്യസങ്കേതങ്ങള്‍ പലതുമുണ്ട്. മിക്കവാറും എല്ലാവരികളിലും ദ്വിതീയാക്ഷരപ്രാസം ദീക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ‘സൗമ്യന്‍’ എന്ന പദത്തിന് ഇരട്ട അര്‍ത്ഥം നല്‍കി ‘ശ്ലേഷം’ സൃഷ്ടിക്കാനും കവിക്കുകഴിയുന്നു (സൗമ്യനെന്ന പദത്തിന് മൃദുസ്വഭാവക്കാരനെന്നും കുബേരന്റെ നാട്ടുകാരനെന്നുമര്‍ത്ഥമുണ്ടല്ലോ). കാകളിയിലാണ് കവിത എഴുതിയിരിക്കുന്നത്. സന്ദേശകാവ്യങ്ങള്‍ സാധാരണ എഴുതാറുള്ള വൃത്തം മന്ദാക്രാന്ത ആയതിനാല്‍ അവസാനത്തെ നാലുവരികള്‍ ആ വൃത്തത്തില്‍ നിബന്ധിച്ച് തന്റെ വൃത്തജ്ഞാനവും കവി പ്രകടമാക്കുന്നു. കാളിദാസന്‍ പറയുന്നതിനപ്പുറം അധികമൊന്നും പറയുന്നില്ല. എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്.
‘കാളിദാസനും കാലത്തിന്റെ ദാസന്‍’ എന്നു പറഞ്ഞത് ജോസഫ് മുണ്ടശ്ശേരിയാണ്. പക്ഷെ പ്രതിഭാശാലികളെ സംബന്ധിച്ചിടത്തോളം മുണ്ടശ്ശേരിയുടെ വാദം ശരിയാണെന്നു തോന്നുന്നില്ല. പ്രതിഭകള്‍ പലപ്പോഴും കാലത്തെതന്നെ അട്ടിമറിക്കുന്നവരാണ്. അത്തരം വ്യക്തികള്‍ തങ്ങള്‍ ജീവിച്ച കാലഘട്ടത്തിന്റെ സവിശേഷതകളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടു പുതിയ കാലഘട്ടത്തെത്തന്നെ സൃഷ്ടിക്കും. അത്തരം മഹാപ്രതിഭകള്‍ ചരിത്രത്തില്‍ പലരുമുണ്ട്. അവരുടെ സംഭാവനകള്‍ അവര്‍ക്കു മുന്‍പുള്ള ചിലരുടെ കര്‍മഫലത്തിന്റെ തുടര്‍ച്ചയാണെങ്കിലും അവരുടേതു മാത്രമായ ചില സംഭാവനകള്‍ കൂടി ഉണ്ടാവും. കാളിദാസന്‍ അത്തരത്തില്‍ കാലത്തെ അതിവര്‍ത്തിച്ച സവിശേഷ വ്യക്തിത്വമാണ്. ജനിച്ച് ഏകദേശം രണ്ടായിരം വര്‍ഷമായിട്ടും അദ്ദേഹത്തിന്റെ രചനകളുടെ സ്വാധീനം ഇന്നും ഭാരതത്തില്‍ മുഴുവന്‍ നിലനില്‍ക്കുന്നു. കാളിദാസന്‍ ഇന്ത്യന്‍ സാഹിത്യത്തെ മുഴുവന്‍ സ്വാധീനിക്കുന്നുവെങ്കില്‍ മലയാളത്തില്‍ അങ്ങനെ പ്രചോദനമായി വര്‍ത്തിക്കുന്ന മഹാപ്രതിഭ എഴുത്തച്ഛനാണ്. ലോകത്ത് എല്ലാഭാഷകളിലും പിതൃസ്ഥാനത്തു നില്‍ക്കുന്ന ഒരു വലിയ ബിംബമുണ്ടാകും. 1936ല്‍ അന്തരിച്ച ല്യൂഷനെ (Luxun)-ചൈനക്കാര്‍ ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായി കാണുന്നു. അലക്‌സാണ്ടര്‍ ഡ്യൂമയെ (Alexandre Dumas, pere)ഫ്രഞ്ചുകാര്‍ അവരുടെ സാഹിത്യത്തിന്റെ പിതാവായും റോബര്‍ട്ട് എസ്റ്റിയനെ (Rober Estiaenne or Robert Stephanus) ഭാഷയുടെ പിതാവായും കാണക്കാക്കുന്നു; ഇംഗ്ലീഷുകാര്‍ ജെഫ്രി ചോസറിനെ ഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായി പ്രതിഷ്ഠിച്ചിരിക്കുന്നു. ഇംഗ്ലീഷുകാരെപ്പോലെ മലയാളിക്കും മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായി ഒരാളേയുള്ളൂ. അതു തുഞ്ചത്തെഴുത്തച്ഛനല്ലാതെ മറ്റൊരാളാവന്‍ തരമില്ല.
മലയാളിയുടെ സാഹിത്യത്തെ മാത്രമല്ല അവന്റെ ധാര്‍മ്മിക ചിന്തയേയും എഴുത്തച്ഛനെപ്പോലെ സ്വാധീനിച്ച മറ്റൊരു കവിയില്ല. ”കോപമാകുന്നതു വിത്തെന്നറിയണം പാപമാകുന്ന മാമരത്തിന്നെടോ”, ”താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്താനനൂഭവിച്ചീടുകെന്നേവരൂ” ”കണ്ണാടി കാണ്‍മോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാര്‍”, ”നിത്യവും സ്വച്ഛജലം തന്നിലേകുളിച്ചാലും മത്തേഭന്‍ പാംസുസ്‌നാനം കൊണ്ടല്ലോ സന്തോഷിപ്പു”. ഇതുപോലെ എത്രയോ വരികള്‍ എഴുത്തച്ഛന്റേതായി മലയാളിയുടെയിടയില്‍ പ്രചരിച്ചിരിക്കുന്നു. ഭാഷാപോഷിണിയില്‍ ഷീല എന്‍.കെ. എഴുതിയിരിക്കുന്ന ലേഖനം മലയാള സാഹിത്യത്തില്‍ എഴുത്തച്ഛന്റെ സ്വാധീനത്തെക്കുറിച്ചാണ്. വളരെ സമഗ്രമായി പഠിച്ചു തയ്യാറാക്കിയിരിക്കുന്ന ലേഖനം വിജ്ഞാനപ്രദമാണ്.
Comments