ലോകം വളരെ ആകാംക്ഷയോടെ വീക്ഷിച്ച ഒരു സംഭവമായിരുന്നു മഹാബലിപുരത്തെ മോദി – ഷി കൂടിക്കാഴ്ച. പരസ്പരം മത്സരിച്ചു വളരുകയും ഇടയ്ക്കിടെ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്ത അയല്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ നടത്തുന്ന സൗഹൃദ കൂടിക്കാഴ്ച എന്ന കൗതുകമാണ് മോദി – ഷി സംഗമത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിച്ചത്. ഒരു ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നെങ്കില്‍ ഇത്രയും ആശ്ചര്യം തോന്നുകയില്ലായിരുന്നു. രണ്ട് ദിവസത്തിനിടെ ആറ് മണിക്കൂര്‍ ചര്‍ച്ചനടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യമെന്താണെന്നും ഇന്ത്യയ്ക്കും ചൈനയ്ക്കും സഹകരിക്കാനാവുന്ന മേഖലകള്‍ ഉണ്ടെന്ന സന്ദേശവും നല്‍കിയാണ് ഇരുനേതാക്കന്മാരും പിരിഞ്ഞത്. സമീപഭാവിയിലെ രണ്ട് പ്രധാന സാമ്പത്തിക -സൈനിക ശക്തികള്‍ അതിര്‍ത്തി പങ്കിടുന്നു എന്നതായിരിക്കും ഇന്ത്യ- ചൈന ബന്ധത്തിന്റെ പ്രധാന സവിശേഷത. അടുത്ത ആഗോള ശക്തികളായി ഇന്ത്യയും ചൈനയും മാറും എന്ന് പ്രവചിക്കപ്പെടുന്നതിനാല്‍ ബീയ്ജിങ്ങിനും-ദില്ലിക്കുമിടയില്‍ സമാധാനപരമായ ബന്ധം നിലനിര്‍ത്തി കൊണ്ടു പോവുക എന്നതായിരിക്കും ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്.
1962-ലെ യുദ്ധമുണ്ടാക്കിയ മുറിവിന് പുറമെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളും അയല്‍ രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ നടത്തിവരുന്ന മത്സരങ്ങളും ഇന്ത്യ ചൈന ബന്ധത്തില്‍ ആഴത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങള്‍ക്കിടയിലും സുസ്ഥിരമായൊരു ബന്ധം നിലനിര്‍ത്താന്‍ പരസ്പര വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് അനിവാര്യമായിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ മഹാബലിപുരം ഇന്ത്യ – ചൈന ബന്ധത്തില്‍ മഞ്ഞുരുകുവാനുള്ള ഹേതുവായി മാറുമെന്ന് പ്രതീക്ഷിക്കാം. പ്രധാനമായും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം, ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മ(എന്‍.എസ്.ജി) യിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം, ഭീകരവാദം, നീതിയുക്തമായ വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും നിലപാടുകളായിരിക്കും ഭാവിയിലെ ഇന്ത്യ ചൈന ബന്ധത്തിന്റെ ദിശ നിര്‍ണയിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ അടക്കമുള്ള സുരക്ഷ സമിതിയിലെ മറ്റ് അംഗങ്ങളുമായി ഇപ്പോള്‍ ഇന്ത്യയ്ക്ക് മികച്ച ബന്ധമുണ്ട്. വൈകാതെ തന്നെ ഈ വിഷയത്തില്‍ ചൈനയുടെ പിന്തുണ നേടിയെടുക്കുക മാത്രമാണ് ഇന്ത്യയ്ക്ക് ആവശ്യമായുള്ളത്. മഹാബലിപുരത്തെ കൂടിക്കാഴ്ച ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതും ഇതുകൊണ്ടു തന്നെയാണ്. ഈ വിഷയത്തില്‍ ചൈന അനുകൂലമായ നിലപാടെടുത്താല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ അതൊരു പുതിയ കാല്‍വെയ്പ്പായിരിക്കും. വലിയ വ്യാപാരകമ്മിയാണ് ചൈനയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്കുള്ളത്. ഇരു രാജ്യങ്ങളുടെയും ആകെ വ്യാപാരം 95.54 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തി നില്‍ക്കുമ്പോഴും ഇന്ത്യയുടെ കയറ്റുമതി 18.84 ബില്യണ്‍ യുഎസ് ഡോളറിന്റേത് മാത്രമാണ്. ഇന്ത്യയുടെ വ്യാപകമായ ഈ വ്യാപാരക്കമ്മിക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇന്ത്യന്‍ ചരക്കുകളുടെയും സേവനങ്ങളുടെയും വിപണി പ്രവേശനത്തിന് ചൈനയുടെ ഭാഗത്തുനിന്നുമുള്ള സഹകരണം ആവശ്യമാണ്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തില്‍ ചൈനയ്ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടുകയും ഇന്ത്യ അമേരിക്കയുമായി കൂടുതല്‍ അടുക്കുകയും ചെയ്ത സമയത്തുതന്നെ ചൈനയുമായി ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നടത്തിയത് ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്യും.
ഇന്ത്യയും ചൈനയും പരസ്പരം വ്യാപാര ഇളവുകള്‍ പ്രഖ്യാപിക്കുവാന്‍ മഹാബലിപുരം കാരണമായേക്കാം. വ്യാപാര സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും ധനകാര്യ മന്ത്രിമാര്‍ അടങ്ങിയ ഒരു സമിതിയ്ക്കും രൂപം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് വിസ ഫീസില്‍ ഇന്ത്യ ഇളവ് വരുത്തിയതുതന്നെ ചര്‍ച്ച ഫലം കാണുന്നു എന്നുള്ള സൂചനയാണ്. ഈ വിഷയത്തില്‍ ചൈനയുടെ പ്രതികരണത്തിനായാണ് ഇന്ത്യ കാത്തിരിക്കുന്നത്. ഇപ്പോള്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യ, പാകിസ്ഥാന്‍ വിഷയം ഉയര്‍ത്തിയെന്നാണ് വിവരം. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദത്തിന് ചൈനീസ് പിന്തുണയുണ്ടെന്ന് ഇന്ത്യ സംശയിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന് പ്രാധാന്യമുണ്ട്.
ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍ പ്രമേയത്തെ ചൈന തടഞ്ഞത് ആ സംശയത്തിന് ബലമേകിയിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ അത്തരത്തിലുള്ളൊരു സൂചനയുമുണ്ടായിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തങ്ങളില്‍ ഇന്ത്യയും ചൈനയും പരസ്പരം സഹകരിച്ചു നീങ്ങിയാല്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഭാവിയില്‍ വിശ്വാസം വളരുന്നതിന് അത് കാരണമായിത്തീരും.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യയും ചൈനയും സൈനിക-വ്യാപാര ശൃംഖലകള്‍ സൃഷ്ടിക്കാന്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും പരസ്പര സംശയം വളര്‍ത്തുകയും വലിയൊരു വിള്ളല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ ഇതുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ ചെറിയ രാജ്യങ്ങളെ തങ്ങളുടെ സ്വാധീന വലയത്തിലെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനു കാരണമാവുന്നു. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയും ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും ഒപ്പം മേഖലയില്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളും ഇരു രാജ്യങ്ങളുടെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമാവില്ലെന്നു തെളിയിക്കേണ്ടതായിട്ടുമുണ്ട്. അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവെച്ചു വളരെ സൗഹാര്‍ദ്ദപരമായൊരു ശരീരഭാഷയാണ് മഹാബലിപുരത്തു ഇരു നേതാക്കന്മാരിലും ദൃശ്യമായത്. അതിര്‍ത്തിയിലടക്കം ഇരു സൈന്യങ്ങള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ പ്രവണത കൂടി വരുന്ന സാഹചര്യത്തില്‍ അവര്‍ക്കിടയിലെ ശത്രുതാ മനോഭാവം കുറയ്ക്കാന്‍ ഇത് സഹായകരമാവും.
പരസ്പരം ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് ഇരു രാജ്യങ്ങളുടെയും നല്ലൊരു ഭാവി ബന്ധത്തിന് ഭൂഷണമല്ല. മോദി-ഷി കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയായില്ലെന്നത് വളരെ ക്രിയാന്മകമായൊരു നീക്കമാണ്. യു.എന്‍ തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ പാകിസ്ഥാന്‍ വാദത്തെ ചൈന പിന്തുണച്ചതില്‍ ഇന്ത്യയ്ക്ക് നേരത്തെ അതൃപ്തിയുണ്ടായിരുന്നു. ടിബറ്റ് അടക്കമുള്ള വിഷയങ്ങളില്‍ ചൈനീസ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ സംഭവിക്കാതിരിക്കുവാന്‍ ഇന്ത്യയും ശ്രദ്ധിക്കണം. പ്രത്യേകിച്ചു ഒന്നര ലക്ഷത്തോളം വരുന്ന ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പംതന്നെ ഇന്ത്യന്‍ മണ്ണിലെ അവരുടെ പ്രവര്‍ത്തങ്ങള്‍ ചൈനീസ് വിരുദ്ധമാവാതെയിരിക്കേണ്ടത് ഇന്ത്യ-ചൈന സഹകരണത്തിന് ആവശ്യമാണ്.
ഏറ്റുമുട്ടലിന്റെ പാത പിന്തുടര്‍ന്നിട്ട് ഇരുരാജ്യങ്ങളും ഇതുവരെ ഒന്നും നേടിയിട്ടില്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാനപരമായ ബന്ധം ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങളിലൊന്നാണെന്ന് ഇരുപക്ഷവും തിരിച്ചറിഞ്ഞിട്ടുണ്ട്. സമാധാനപരമായ സഹവര്‍ത്തിത്വം, അതിര്‍ത്തി തര്‍ക്കങ്ങളുടെ ന്യായമായ ഒത്തുതീര്‍പ്പ്, സുരക്ഷാ ആശങ്കകള്‍ ഇല്ലാതാക്കുക, ആണവ സുരക്ഷ ഉറപ്പുവരുത്തുക, സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളിലുള്ള വിപുലീകരണം എന്നിവയിലൂടെ മാത്രമേ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ഭാവിയില്‍ ഇരുരാജ്യങ്ങളുടെയും സഹകരണത്തിന് പരസ്പര വിശ്വാസം ഒരു മുഖ്യ ഘടകമാവുകയാല്‍ അതിനുവേണ്ട നടപടികളാണ് ഇരു നേതൃത്വവും സ്വീകരിക്കേണ്ടത്. മൂന്നാമത്തെ അനൗദ്യോഗിക ചര്‍ച്ചയ്ക്കായി ഭാരത പ്രധാനമന്ത്രിയെ ചൈനയിലേക്ക് ക്ഷണിച്ചത് ഇപ്പോഴത്തെ ചര്‍ച്ച വിജയവും ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുവാന്‍ ചൈന ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയുമാണ്. വരും നാളുകളില്‍ ഈ ബന്ധം ഊഷ്മളമായി നിലനിര്‍ത്തേണ്ടത് മേഖലയില്‍ മുഴുവന്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാനാവശ്യമാണ്. ഇവകൂടാതെ ഭാവിയില്‍ കൂടുതല്‍ വിഷയങ്ങളിലേക്ക് ഇന്ത്യ- ചൈന ബന്ധം വളര്‍ത്തുകയും വേണം. അതിര്‍ത്തി തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുക എന്നതാണ് ഇരു രാജ്യങ്ങളുടെയും ബന്ധം സാധാരണ നിലയിലെത്തിക്കാനുള്ള ആദ്യ പടി.
അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങള്‍ക്കിടയിലും ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ രാജ്യ തലസ്ഥാനങ്ങള്‍ ബന്ധപ്പെടുത്തി ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിക്കണം. എഴുപത്തിമൂന്ന് ദിവസം ഭൂട്ടാനിലെ ദോഖ്‌ലാമില്‍ ഇരു സൈന്യങ്ങള്‍ക്കിടയിലും നിലനിന്നിരുന്ന അനിശ്ചിതത്വം ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകരമാവും. അതിര്‍ത്തി തര്‍ക്കപ്രദേശങ്ങളില്‍ സായുധ സേനയുടെ എണ്ണം ഇരു രാജ്യങ്ങളും കുറയ്ക്കുകയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നിരന്തര സമ്പര്‍ക്കം നിലനിര്‍ത്തുകയും ഒപ്പം അതിര്‍ത്തിയില്‍ പ്രകോപനപരമായ സൈനിക അഭ്യാസങ്ങള്‍ ഒഴിവാക്കുകയും വേണം.
വരും കാലഘട്ടത്തില്‍ ആഗോള തലത്തില്‍ ഭീകരതയ്‌ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ധാരണയുണ്ടാക്കണം. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശ വിഷയങ്ങളിലടക്കം അന്താരാഷ്ട്ര വേദികളില്‍ ഇരു ശക്തികളുടെയും യോജിച്ച വാക്കുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.
ബഹിരാകാശം, കൃഷി, ശാസ്ത്രം തുടങ്ങി മറ്റ് സാങ്കേതിക രംഗത്ത് ഇരു രാജ്യങ്ങള്‍ക്കും ഒന്നിച്ചു മുന്നേറാന്‍ സാധിക്കും വിധത്തിലുള്ള സഹകരണം വിപുലപ്പെടുത്തണം. വളരുന്ന ശക്തികള്‍ എന്ന നിലയില്‍ ഒരു പുതിയ ലോകക്രമം രൂപപ്പെടുത്താന്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പര സഹകരണത്തിലൂടെ സാധിക്കും. അത്തരത്തിലുള്ളൊരു സാമ്പത്തിക-സാംസ്‌കാരിക അടിത്തറ ഇരു രാജ്യങ്ങള്‍ക്കും അവകാശപ്പെടാനുണ്ട്. ഇരു രാജ്യങ്ങളുടെയും പരമ്പരാഗത സാംസ്‌കാരിക ബന്ധം വിളിച്ചോതുന്ന മഹാബലിപുരം തന്നെ ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത് ഇത്തരത്തിലുള്ള ഒരു ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ഇപ്പോള്‍ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയും ചൈനയും സംയുക്ത പരിശീലനം നല്‍കുന്നുണ്ട്, ഇരു രാജ്യങ്ങളും ഭാവി പദ്ധതികളെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നുമുണ്ട്. സാംസ്‌കാരിക മൂല്യങ്ങളുടെ കൈമാറ്റം, സിനിമ, വ്യവസായം, കായികം, ടൂറിസം, പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ സഹകരണം, യോഗ, വിദ്യാഭ്യാസം, യുവജനങ്ങളുടെ പരസ്പര സമ്പര്‍ക്കം തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും അടുത്തിടെ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് അസ്വാരസ്യങ്ങളില്ലാതെ ഒരു വിജയകരമായ സഹകരണം ഇന്ത്യയ്ക്കും ചൈനയ്ക്കും നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഇരു നേതാക്കന്മാരും മഹാബലിപുരത്തു തെളിയിച്ചത്. ഇരു രാജ്യങ്ങളുടെയും ദേശീയ താല്‍പ്പര്യങ്ങളല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നത് വിസ്മരിക്കാനാവില്ല. ഇന്ത്യയും ചൈനയും ആഗോള ശക്തികളാവാന്‍ ശ്രമിക്കുന്നത് കൊണ്ടുതന്നെ ഈ ദേശീയ താല്പര്യങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് ഇന്ത്യ- ചൈന സഹകരണത്തിന്റെ ആയുസ്സ് ഇത്തരത്തിലുള്ള മഞ്ഞുരുകല്‍ ചര്‍ച്ചകളിലൂടെ മാത്രമേ നീട്ടിക്കൊണ്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. ഇരു രാജ്യത്തും സുസ്ഥിരമായ ഭരണം നിലനില്‍ക്കുന്ന ഈ സമയത്ത് ഇരു രാഷ്ട്ര തലവന്മാരുടെയും കൂടിക്കാഴ്ചകളിലൂടെ ഇന്ത്യ-ചൈന ബന്ധത്തില്‍ സഹകരണത്തിന്റെയൊരു പുതിയ പാത ഉരുത്തിരിഞ്ഞു വരട്ടെയെന്നു പ്രത്യാശിക്കാം.