മലനിര്‍മ്മോചനം പുംസാം
ജലസ്‌നാനം ദിനേദിനേ
സകൃത് ഗീതാംഭസിസ്‌നാനം
സംസാര മലമോചനം
ഭഗവദ്ഗീതയുടെ മഹത്വം വിവരിക്കുന്ന ശ്ലോകങ്ങളില്‍ ഒന്നാണിത്. ശരീരത്തെ അഴുക്കു കളഞ്ഞു നിര്‍മ്മലമാക്കുന്നതിനുവേണ്ടി നാം ദിവസവും ജലസ്‌നാനം നടത്തുന്നു. അതുപോലെ നിത്യവും ഗീതാനദിയില്‍ സ്‌നാനം ചെയ്യുന്നുവെങ്കില്‍ മനസ്സിനെക്കൂടി സംസാരച്ചളിയില്‍ നിന്നു മുക്തമാക്കാന്‍ കഴിയും എന്നാണ് സാരം.
ഭഗവദ്ഗീത ഒരു തീര്‍ത്ഥജല പ്രവാഹമാണ്. അതില്‍ മുങ്ങിക്കുളിക്കുന്ന മനസ്സിനെ സംസാരദുഃഖങ്ങള്‍ ബാധിക്കുകയില്ല. ആത്മാനന്ദത്തിനുള്ള ജീവന്റെ ജ്ഞാനസ്‌നാനമാണത്. ജ്ഞാന സ്‌നാനം എന്ന വാക്ക് ഇപ്പോള്‍ ക്രിസ്തീയമായ ഒരു ആചാരവുമായി ബന്ധപ്പെട്ടാണ് കൂടുതലും അറിയപ്പെടുന്നത്. വലിയ ഒരര്‍ത്ഥം അതിനുണ്ട്. പരമമായ ജ്ഞാനത്തില്‍ മനസ്സിനേയും ബുദ്ധിയേയും കുളിപ്പിച്ചെടുക്കല്‍ തന്നെയാണത്.
സകലവേദങ്ങളുടേയും ഉപനിഷത്തുകളുടേയും സാരസര്‍വ്വസ്വമാണ് ഭഗവദ്ഗീത എന്നു കീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. കഠിന സംസ്‌കൃതമാണ് എന്നു കരുതി പലരും ഭഗവദ്ഗീത വായിക്കാറില്ല. എന്നാല്‍ ഉത്തമ ഗ്രന്ഥങ്ങള്‍ പലതിന്റേയും സാരാംശം ഉള്‍ച്ചേര്‍ന്ന, മലയാളത്തിലെ ഭഗവദ്ഗീതയെന്നു പറയാവുന്ന ഒരു ചെറിയ പുസ്തകമുണ്ട്. നാലു നൂറ്റാണ്ടുകള്‍ക്കുമുമ്പു ഒരു സാധു ബ്രാഹ്‌മണന്‍ രചിച്ചതാണത്. പൂന്താനം എന്നാണ് അദ്ദേഹത്തിന്റെ പേര്. സ്വാനുഭവങ്ങളുടെ പൂണൂലില്‍ കോര്‍ത്ത മുന്നൂറ്റിയറുപത്തിനാലു വരികളുള്ള ഒരു ഗാനമാല അദ്ദേഹം ഗുരുവായൂരപ്പനെ അണിയിച്ചു. അതിന്റെ പേരാണ് ”ജ്ഞാനപ്പാന”.
വിവിധ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളില്‍ ചേര്‍ക്കാന്‍ ഒട്ടും സംശയിക്കാതെ സ്വീകരിക്കാവുന്ന ഒരു പുസ്തകമാണ് പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’. ആകെയുള്ളത് 364 വരികള്‍. (പാഠഭേദങ്ങളോടെ പലരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റേതില്‍ 358 വരികളേയുള്ളൂ.) ഓരോ വരിക്കും ഓരോ ബൃഹദ്ഗ്രന്ഥത്തിന്റെ കനമുണ്ടെന്നു പറയാം. മനുഷ്യ ജീവിതത്തിന്റെ സമസ്തമേഖലകളേയും സ്പര്‍ശിക്കുന്നവയാണ്, ലാളിത്യംകൊണ്ടു വായനക്കാരന്റെ ഹൃദയത്തോടൊപ്പം സ്പന്ദിക്കുന്നവയാണ് ജ്ഞാനപ്പാനയിലെ വരികള്‍.
മതപരമായ സങ്കുചിത ചിന്തകളും തര്‍ക്കങ്ങളും ‘ജ്ഞാനപ്പാന’യ്‌ക്കെതിരെ ചിലര്‍ ഉന്നയിക്കാറുണ്ട്. അതിലൊന്നും കഴമ്പില്ല. കാവ്യഗതിക്കു ചേര്‍ന്നവിധം ചിലേടങ്ങളില്‍ കൃഷ്ണ! കൃഷ്ണ! ശിവ! ശിവ! എന്നൊക്കെ ഉപയോഗിച്ചു കാണാമെങ്കിലും മൊത്തത്തില്‍ ഒരു വിശ്വമാനവന്റെ തലത്തില്‍ നിന്നുകൊണ്ടുള്ളതാണ് ജ്ഞാനപ്പാനയിലെ പൂന്താന ചിന്തകള്‍. അതിനു മകുടോദാഹരണമായി അവസാനഭാഗത്തുനിന്നുള്ള ആറുവരികള്‍ നോക്കൂ:
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ളനാളൊക്കെയും.
ഈ ഭൂമിയിലുള്ളതൊക്കെയും നമുക്കുള്ളതാണ്. നമ്മുടെ ഭവനമാണിത്. അച്ഛന്‍ ജഗത് പാലകനായ ദൈവവും, അമ്മ സകലചരാചരങ്ങളുടേയും അമ്മയായ ഭൂമിദേവിയുമത്രെ. ജീവിതകാലം മുഴുവന്‍ നമ്മെ രക്ഷിക്കാന്‍ അച്ഛനും അമ്മയുമുണ്ട് എന്നു പൂന്താനം ഉറപ്പിച്ചുപറയുന്നതു വെറുതെയല്ല. ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള ലളിതമായ മലയാള ആവിഷ്‌കാരമാണത്. മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം കടല്‍കടന്നുപോയ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലെത്തി ”അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരേ!” എന്നു അഭിസംബോധന ചെയ്തപ്പോള്‍ ഇംഗ്ലീഷിലൂടെയും അതു ശംഖനാദമായി മുഴങ്ങിയല്ലോ!
കേവലം നാലോ ആറോ വരികളില്‍ ഒതുങ്ങുന്നതല്ല പൂന്താനത്തിന്റെ വിശ്വസാഹോദര്യം എന്നു ആറുവരികള്‍ കൂടി മുന്നോട്ടുപോയാല്‍ വ്യക്തമാകും. ”കാണാകുന്ന ചരാചരജാതിയെ നാണം കൈവിട്ടു കൂപ്പി സ്തുതിക്കണം” എന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നത്. ഒരമ്മയുടെ – ചരാചരമാതാവായ ഭൂമിയുടെ – മക്കളാണു; എല്ലാവരും ഒരു കുടുംബക്കാരാണ് എന്ന ചിന്തയോടെയും സ്‌നേഹത്തോടെയും വേണം ജീവിക്കാന്‍.
”ലോകമേ തറവാട് തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍”
എന്ന് മഹാകവി വള്ളത്തോള്‍ മഹാത്മാഗാന്ധിയെ സ്വന്തം ഗുരുനാഥനായി അവതരിപ്പിക്കുന്ന കവിതയിലും ഈ പൂന്താനചിന്തയുടെ സ്ഫുരണം കാണാം. പൂന്താനത്തെക്കുറിച്ചു ആരാധനയോടെ കവിതകള്‍ എഴുതിയിട്ടുള്ള ആളാണ് വള്ളത്തോള്‍. ആ നിലയ്ക്കു പൂന്താനത്തെയും തന്റെ ഗുരുനാഥനായാണ് വള്ളത്തോള്‍ കരുതുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല.
മറ്റൊരു പ്രശ്‌നം മനുഷ്യര്‍ തന്നെ സൃഷ്ടിച്ച ജാതിവ്യവസ്ഥയുടേതാണ്. ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും തൊട്ടുകൂടാത്തവനെന്നുമുള്ള വേര്‍തിരിവിനെ പൂന്താനം നിരാകരിക്കുന്നുണ്ട്. ബ്രാഹ്‌മണര്‍ക്കിടയില്‍ അക്കാലത്തുണ്ടായിരുന്ന മേധാവിത്വത്തെയും അഹന്തയെയും അദ്ദേഹം കളിയാക്കുകയുണ്ടായി. ”ജാതി പാര്‍ക്കിലൊരന്ത്യജനാകിലും, വേദവാദി മഹീസുരനാകിലും” ഈശ്വരന്റെ മുന്നില്‍ തുല്യരാണെന്നു അദ്ദേഹം എടുത്തു പറയുന്നു.
വിശ്വദര്‍ശനത്തിന്റെ കവിയാണ് പൂന്താനം. കര്‍മ്മങ്ങളുടെ വിളനിലമാണീ ഭൂമി. ഒമ്പതു ഖണ്ഡങ്ങളുള്ള ഭൂമിയില്‍ എത്രയും മഹത്വമാര്‍ന്നതായി ഒരു ഖണ്ഡമുണ്ട്. അത് ഭാരതദേശമാണ്. കൂട്ടത്തില്‍ ഇങ്ങനെയും അദ്ദേഹം എഴുതി:
ഭക്തന്മാര്‍ക്കും മുമുക്ഷുജനങ്ങള്‍ക്കും
സക്തരായ വിഷയീജനങ്ങള്‍ക്കും
ഇച്ഛിച്ചീടുന്നതൊക്കെ കൊടുത്തിടും
വിശ്വമാതാവ് ഭൂമി ശിവ ശിവ!
വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്
അവനീതല പാലനത്തിന്നല്ലോ
അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.
ഗൃഹസ്ഥരായ ഭക്തജനങ്ങള്‍ക്കായാലും, മോക്ഷകാമികളായ സന്ന്യാസിമാര്‍ക്കായാലും, ഭൗതികസുഖങ്ങളില്‍ ആസക്തി പൂണ്ടവര്‍ക്കായാലും ലോകമാതാവായ ഭൂമി വേണ്ടതൊക്കെയും നല്‍കാന്‍, ആവശ്യമുള്ളതൊക്കെയും നല്‍കാന്‍ മനസ്സുള്ളവളാണ്. ഏതു ‘മത’ത്തില്‍ പെട്ടവരായാലും അമ്മയ്ക്കു മക്കളെല്ലാവരും തുല്യരാണ്. പക്ഷെ, മക്കള്‍ അത്യാഗ്രഹികളായാലോ? അവര്‍ അസുരകര്‍മ്മികളാകുന്നു; അമ്മയ്ക്കു വേദനയുളവാക്കുന്നു. ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇത്തരം ദുരവസ്ഥകളുണ്ടാകുമ്പോള്‍ ഭൂമീദേവി, തന്റെ ഭര്‍ത്താവായ, വിശ്വനാഥനായ വിഷ്ണുവിനോടു സങ്കടമുണര്‍ത്തിക്കും. വിശ്വനാഥന്റെ മൂലപ്രകൃതിയാണ് ഭൂമി. പ്രകൃതി അപകടപ്പെടുമ്പോള്‍ പുരുഷന്‍ രക്ഷയ്‌ക്കെത്തും. അതിനുവേണ്ടിയാണ് പല പല അവതാരങ്ങളുണ്ടായത്. പുരാണപ്രസിദ്ധരായ ശ്രീരാമനും ശ്രീകൃഷ്ണനും വരെയുള്ള അവതാരങ്ങളില്‍ അതു തീരുന്നില്ല. ശ്രീബുദ്ധനും യേശുക്രിസ്തുവും മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും ഉള്‍പ്പെടെ ആയിരക്കണക്കിനു അവതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അധികം അറിയപ്പെടാത്ത എത്രയോ അവതാരങ്ങള്‍ എവിടെയൊക്കെയോ കാണും. ഈ ഭൂമി ഇങ്ങനെ നിലനില്‍ക്കുന്നതു അതിനാലത്രെ. അല്ലാതെ ”നമ്മുടെ സംസാരം കൊണ്ടത്രെ” എന്നു ചിലര്‍ അഹങ്കരിക്കുന്നുവല്ലോ. കഷ്ടം!
ഭൂമി നമ്മുടെ അമ്മയാണ്! ഭൂമിക്കും നാഥനായി ഒരു ചൈതന്യമുണ്ട്. അച്ഛനാണത്. ഒരേ അച്ഛനമ്മമാരുടെ മക്കളായി ഇവിടെ കാണപ്പെടുന്ന സകല ചരാചരങ്ങളും നമ്മളും തമ്മില്‍ സഹോദരത്വമാണുള്ളത്. ഉച്ചനീചത്വങ്ങളോ വലിപ്പച്ചെറുപ്പമോ നോക്കാതെ പരസ്പരം സ്‌നേഹിച്ചും സഹായിച്ചും കഴിയേണ്ടവരാണ് നാം. അത്യാഗ്രഹത്തിനും അസൂയക്കും അഹങ്കാരത്തിനും വശംവദരാകരുത്!
”ഒരച്ഛന്‍, ഒരമ്മ, ഒരു കുടുംബം” എന്ന നിലയില്‍ വേണം സകലരും ജീവിക്കാന്‍ എന്നു പൂന്താനം ആഹ്വാനം ചെയ്യുന്നു. കൂടാതെ മൂന്നൂറിലധികം വരികളിലായി മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങളും അദ്ദേഹം ആറ്റിക്കുറുക്കി പറയുന്നുണ്ട്. ഇത്രയും മഹത്തായ ജ്ഞാനം ലളിതമധുരമായ മലയാളത്തില്‍ ആദ്യമായി ചൊല്ലിക്കേള്‍പ്പിച്ച പൂന്താനത്തെ മഹാകവിയെന്നല്ലാതെ എങ്ങനെയാണ് നാം വിശേഷിപ്പിക്കുക?
മലയാളം ചെറിയ ഒരു ഭാഷയാണ്; ജ്ഞാനപ്പാന ചെറിയ ഒരു കാവ്യകൃതിയും. പക്ഷെ, അതിലെ ആശയങ്ങള്‍ ഉദാത്തവും വിശ്വത്തോളം വലുതുമാണ്. എങ്കില്‍ അതിന്റെ കര്‍ത്താവായ പൂന്താനമോ? സംശയിക്കാതെ പറയാം നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പേ മലയാളത്തില്‍ നിന്നുള്ള വിശ്വമഹാകവിയും!
Comments